സ്വതന്ത്ര തമിഴ് ഈഴത്തിനായി എല്‍.ടി.ടി.ഇ യുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സായുധ പോരാട്ടങ്ങള്‍ക്ക് ഈഴത്തിന്റെ തകര്‍ച്ചയോടെ അറുതിയായതില്‍ പിന്നെ സമാധാന പൂര്‍ണമായിരുന്ന ഒരു ലങ്കയായിരുന്നു പ്രതീക്ഷകളില്‍ നിറയെ. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധവേളയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവരായിരുന്നു ശ്രീലങ്കന്‍ മുസ്‌ലിംകള്‍. സിംഹള സൈന്യത്തിന്റെ ഒറ്റുകാരായി ചിത്രീകരിക്കപ്പെട്ട അവരെ പുലികള്‍ വ്യാപകമായി വേട്ടയാടി. സമാനതകളില്ലാത്ത ഈ ക്രൂരതകള്‍ ലോകശ്രദ്ധയില്‍ പെടാതെ പോവുകയായിരുന്നു പലപ്പോഴും. ആഭ്യന്തര യുദ്ധാനന്തരം പൂര്‍ണമായും സിംഹള നിയന്ത്രണത്തിലുള്ള ശ്രീലങ്ക നിലവില്‍ വന്നതോടെ മുസ്‌ലിം കെടുതികള്‍ക്കും വിരാമമാവുമെന്ന പ്രതീക്ഷകളെയാണ് മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള സിംഹള ഭൂരിപക്ഷത്തിന്റെ വര്‍ഗീയാതിക്രമങ്ങള്‍ അസ്ഥാനത്താക്കിക്കൊണ്ടിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ് സാന്നിധ്യം
ജല ഗതാഗത സംവിധാനങ്ങള്‍ നില നിന്നിരുന്ന കാലഘട്ടം മുതല്‍ ശ്രീലങ്കയിലേക്കുള്ള തമിഴ് കുടിയേറ്റം ആരംഭിച്ചിരുന്നതായി കാണാം. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് കീഴില്‍ തുറന്നുകിട്ടിയ വിവിധ ജോലി സാധ്യതകള്‍ തേടി വന്‍ തോതിലുള്ള കുടിയേറ്റവും നടന്നിട്ടുണ്ട്. പ്രാദേശികവാസികളായ സിംഹള വംശജരുമായി അകലം പ്രാപിച്ചുകൊണ്ടുള്ള സാംസ്‌കാരിക വിനിമയങ്ങളിലായിരുന്നു അവര്‍ ഏര്‍പ്പെട്ടിരുന്നത്. തമിഴ്‌നാടിനോട് അടുത്തു കിടക്കുന്ന തീരപ്രദേശമായ ജാഫ്‌നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് താമസിച്ചിരുന്നത് കൊണ്ട് തന്നെ തമിഴ് സംസ്‌കാരത്തിന്റെ കലര്‍പ്പില്ലാത്ത പരിഛേദമാണ് അവര്‍ക്കിടയില്‍ രൂപപ്പെട്ടുവന്നത്. മാതൃദേശവുമായി എളുപ്പത്തില്‍ വിനിമയം സാധ്യമാക്കാവുന്ന ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളാവാം ഇതിനു കാരണം. ഗോത്രസമാനമായ വംശീയ സ്വഭാവം വെച്ചു പുലര്‍ത്തുന്ന സിംഹളരുടെ നരവംശ ശാസ്ത്രപരമായ പ്രത്യേകതകളും ഇതിനെ സ്വാധീനിച്ചു.ബ്രിട്ടീഷ് അധിനിവേശ ഘട്ടത്തില്‍ സര്‍വ്വോന്മുഖമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചത് തമിഴര്‍ക്കാണ്. വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രീലങ്കന്‍ സമൂഹത്തിലെ എലൈറ്റ് വിഭാഗമായി അവരെ വളര്‍ത്തി. കഠിനാധ്വാനികളും പരിശ്രമ ശീലരുമായിരുന്ന അവരാണ് ആധുനിക ശ്രീലങ്കയുടെ ശില്‍പികള്‍ എന്നു പറയാം. രാജ്യത്ത് എഴുപത് ശതമാനത്തിലേറെ വരുന്ന സിംഹള ബുദ്ധിസ്റ്റുകള്‍ നിരക്ഷരരും അധികാര മേഖലകളില്‍ വലിയ തോതില്‍ അപ്രത്യക്ഷരുമായിരുന്നു. എന്നാല്‍ 1950-ല്‍ ശ്രീലങ്ക സ്വതന്ത്രമായതോടെ സിംഹള ഭൂരിപക്ഷത്തിന്റെ കൈകളിലെത്തിയ അധികാരം അവര്‍ക്കിടയില്‍ സമൂലമായ മാറ്റങ്ങളുണ്ടാക്കി. വൈജ്ഞാനികമായി ശാക്തീകരിക്കപ്പെട്ട അവര്‍ തമിഴരെ പിന്തള്ളി അധികാര കേന്ദ്രങ്ങളില്‍ ഇരിപ്പിടമുറപ്പിച്ചു. തമിഴ് വംശജരെ വിദേശികളും രണ്ടാം കിട പൗരന്മാരുമായി കണ്ടുള്ള നടപടിക്രമങ്ങള്‍ക്ക് സിംഹള ഭൂരിപക്ഷമുള്ള ഗവണ്‍മെന്റുകളും തുനിഞ്ഞിറങ്ങിയതോടെ തമിഴ് വംശജര്‍ക്കിടയില്‍ അമര്‍ഷം രൂപപ്പെട്ടുതുടങ്ങി. തമിഴരുടെ സാംസ്‌കാരികവും ബൗദ്ധികവുമായ അഭിവൃദ്ധി തകര്‍ക്കുകയായിരുന്നു സിംഹളരുടെ ലക്ഷ്യം എന്നതിന് ഏറ്റവും വലിയ തെളിവാണ് 1981-ല്‍ സിംഹള സൈന്യം അഗ്നിക്കിരയാക്കിയ ജാഫ്‌നയിലെ ‘യാഴന്തകം’ ലൈബ്രറി. തമിഴ് സാസ്‌കാരിക പൈതൃകത്തിന് കനത്ത നഷ്ടമാണ് ഇതുമൂലമുണ്ടായത്. അമൂല്യമായ 95,000 ത്തോളം ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയായതായി ചരിത്രം പറയുന്നു. മുസ്‌ലിം-അമുസ്‌ലിം വ്യത്യാസങ്ങളിലാതെയായിരുന്നു തമിഴര്‍ക്കെതിരെയുള്ള ആദ്യകാല ഗവണ്‍മെന്റ് നടപടിക്രമങ്ങളും അതിനോടുള്ള തമിഴ് മക്കളുടെ പ്രതികരണങ്ങളും എന്ന വസ്തുത ഇവിടെ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
തമിഴ്-മുസ്‌ലിം വിഭജനം
രാഷ്ട്രീയമായും സാമ്പത്തികമായും അനുഭവിച്ചു പോന്നിരുന്ന സൗകര്യങ്ങളില്‍ നിന്ന് അന്യായമായി പുറന്തള്ളപ്പെട്ടതോടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള നിരവധി പ്രസ്ഥാനങ്ങള്‍ തമിഴര്‍ക്കിടയില്‍ രൂപപ്പെട്ടുതുടങ്ങി. തമിഴ് ഭൂരിപക്ഷമുള്ള തീരപ്രദേശങ്ങളും തരിശ്‌നിലങ്ങളുമായിരുന്ന ജാഫ്‌നയും തമിഴ് മുസ്‌ലിം ഭൂരിപക്ഷമുള്ള കിഴക്കന്‍ പ്രദേശങ്ങളുമുള്‍ക്കൊള്ളുന്ന സ്വതന്ത്ര്യ ഈഴ(ദേശം) ത്തിനായി സായുധമായി സംഘടിച്ചിരുന്ന എല്‍.ടി.ടി.ഇ/ തമിഴ് പുലികള്‍ തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ ആദ്യപടിയായി ചെയ്തത് ഇതര തമിഴ് വിമോചന സംഘടനകളുടെ സമ്പൂര്‍ണ സംഹാരമായിരുന്നു. തമിഴര്‍ക്കിടയില്‍ തന്നെയുള്ള വിയോജിക്കുന്ന ശബ്ദങ്ങളെ സായുധമായി നേരിടുക വഴി അവര്‍ ജാഫ്‌നയില്‍ അപ്രമാദിത്വം ഉറപ്പു വരുത്തി. ‘സ്വതന്ത്ര ഈഴം’ എന്ന ആശയത്തോട് വിയോജിക്കുന്നവര്‍ മുഴുവന്‍ നിശ്ശബ്ദരാക്കപ്പെട്ടു. എല്‍.ടി.ടി.ഇയുടെ നിര്‍ദ്ദിഷ്ട ഈഴത്തിലെ കിഴക്കു ഭാഗത്തായാണ് തമിഴ് മുസ്‌ലിം സെറ്റില്‍മെന്റുകള്‍ നിലനിന്നിരുന്നത്. തമിഴ് പുലികളുടെ സായുധ രീതികളോടും സ്വതന്ത്ര ഈഴമെന്ന ആശയത്തോടും വിമുഖത പുലര്‍ത്തുന്നവരായിരുന്നു അവരെന്നതിനാല്‍ തന്നെ ആഭ്യന്തര കലഹങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്താനാണ് പൊതുവെ മുസ്‌ലിംകള്‍ താല്‍പര്യപ്പെട്ടിരുന്നത്. എങ്കിലും അന്‍പു എന്ന അന്‍വര്‍, മയൂര എന്ന് വിളിക്കപ്പെടുന്ന സ്ത്രീ രത്‌നം ഇബ്രാഹീം നിസ്മിയാ തുടങ്ങി ഒറ്റപ്പെട്ട ചിലര്‍ ആദ്യകാലത്ത് പുലികള്‍ക്കൊപ്പം പോരാടി വീരമൃത്യു വരിച്ചതായി പറയപ്പെടുന്നു. എങ്കിലും തമിഴ് പുലികള്‍ക്കുണ്ടായിരുന്ന വംശീയമായ താത്പര്യങ്ങളും കടുത്ത ഏകാധിപത്യ പ്രവണതകളും മുസ്‌ലിംകള്‍ക്കിടയില്‍ വലിയ തോതിലുള്ള സ്വീകാര്യത നേടിയെടുക്കുന്നതിന് വിഘ്‌നം സൃഷ്ടിച്ചു. മുസ്‌ലിംകളല്ലാത്ത മറ്റനേകം തമിഴര്‍ എല്‍.ടി.ടി.ഇയോട് രഹസ്യമായെങ്കിലും പുലര്‍ത്തിയിരുന്ന വിയോജിപ്പില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല മുസ്‌ലിംകളുടെ വിയോജിപ്പും.
ഇതുകാരണമായി മുഴുവന്‍ മുസ്‌ലിംകളെയും ഒറ്റുകാരും ഈഴ വഞ്ചകരുമായി എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ച് നിഷ്ഠൂരമായ അക്രമപദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു
തമിഴര്‍ക്കിടയില്‍ അത്ര ദൃശ്യമല്ലായിരുന്നെങ്കിലും മുസ്‌ലിം-അമുസ്‌ലിം എന്ന വിഭജനം നിലനിന്നിരുന്നതോടു കൂടെ ഈ പൊതുനിലപാട് കൂടിയായപ്പോള്‍ സിംഹള ഗവണ്‍മെന്റുകള്‍ രാജ്യത്തെ മുസ്‌ലിംകളുമായി രമ്യതയിലെത്താനുള്ള ശ്രമങ്ങളിലായി. അധികാര കേന്ദ്രങ്ങളിലെ ഉന്നത തസ്തികകളില്‍ തമിഴ് മുസ്‌ലിംകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതുകാരണമായി മുഴുവന്‍ മുസ്‌ലിംകളെയും ഒറ്റുകാരും ഈഴ വഞ്ചകരുമായി എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ച് നിഷ്ഠൂരമായ അക്രമപദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു.
തമിഴ് പുലിക്കാലത്തെ മുസ്‌ലിം സഹനങ്ങള്‍
സമാനതകളില്ലാത്ത പീഡനങ്ങള്‍ തമിഴ് പുലികളില്‍ നിന്ന് അനുഭവിച്ചവരാണ് മുസ്‌ലിംകള്‍. സിംഹള ഗവണ്‍മെന്റിന്റെ തമിഴ് പുലികള്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ ഇന്ത്യയിലെ തമിഴ് രാഷ്ട്രീയത്തിലടക്കം വലിയ കോലഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ലങ്കന്‍ ഗവണ്‍മെന്റിന്റെ സൈനിക നീക്കത്തില്‍ മരിച്ച എല്‍.ടി.ടി.ഇ തമിഴരെക്കാള്‍ മൂന്നിരട്ടിയിലേറെ മുസ്‌ലിംകള്‍ എല്‍.ടി.ടി.ഇ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
1990 ഒക്ടോബര്‍ 30-ന് ജാഫ്‌ന നഗരത്തില്‍ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം വരുന്ന മുസ്‌ലിംകളെ 24 മണിക്കൂറിനകം നാടുകടത്തിയ കുപ്രസിദ്ധ സംഭവം പുലികളുടെ മുസ്‌ലിം വിരുദ്ധതയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്. ഉടുമുണ്ടൊഴിച്ചുള്ളതെല്ലാം ഉപേക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനകം ജാഫ്‌ന വിട്ടുകൊള്ളണമെന്നായിരുന്നു പ്രഭാകരന്റെ ഉത്തരവ്. പ്രാണരക്ഷാര്‍ഥം ജന്മനാട് വിട്ടോടിയ അവര്‍ സഹിച്ച യാതനകള്‍ വിവരണാതീതമാണ്. വൃദ്ധരും കുട്ടികളുമടക്കം പലരും വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഈ സംഭവത്തെ തുടര്‍ന്ന് പുത്തളത്തെ അഗതി ക്യാമ്പുകളില്‍ മാത്രം 65,000 ത്തോളം പേര്‍ എത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശത്തേക്ക് പിന്നീടൊരിക്കലും തിരിച്ചു ചെല്ലാന്‍ സാധിക്കാതിരുന്ന ജാഫ്‌നാ മുസ്‌ലിംകള്‍ വിവിധ അഗതി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പുതിയ ജീവിത വ്യവസ്ഥ രൂപപ്പെടുത്തിക്കഴിഞ്ഞു.
കത്താന്‍ കുടി കൂട്ടക്കൊലയില്‍ 103 പേര്‍, ഏറാവൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 121 പേര്‍, കിരാന്‍ കുളത്തില്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 65 ഹാജിമാര്‍, അഴിഞ്ചി പൊത്താന്‍, അക്രമപുരാ, പള്ളിക്കെടാ തുടങ്ങിയ ഗ്രാമങ്ങളില്‍ രണ്ടു തവണയായി 311 പേര്‍, തമിഴ് പുലികളുടെ മുസ്‌ലിം വേട്ടക്കിരയായി ജീവന്‍ നഷ്ടമായവര്‍ ഇനിയുമനേകമുണ്ട്. ഗര്‍ഭിണികളുടെ വയറ് പിളര്‍ക്കുക, ഗര്‍ഭസ്ഥ ശിശുക്കളെ ശൂലത്തില്‍ കോര്‍ക്കുക, ഓരോ വീട്ടിലെയും ഒരാളെ കൊല്ലുക, നമസ്‌കാരത്തിനിടക്ക് വെടിയുതിര്‍ക്കുക തുടങ്ങി മുസ്‌ലിംകളുടെ മനോവീര്യം തകര്‍ക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ അവര്‍ അവലംബിച്ചിരുന്നു.
2001-ലെ ഗുജറാത്ത് കലാപവേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ പലതിന്റെയും മുന്‍മാതൃക ആഭ്യന്തര യുദ്ധക്കാലത്തെ എല്‍.ടി.ടി.ഇ അക്രമങ്ങളായിരുന്നു. ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ സഹായവും പരിശീനവും മുസ്‌ലിം ഉന്മൂലനത്തിന് ലഭിച്ചിരുന്നുവെന്ന് എല്‍.ടി.ടി.ഇ യുടെ കിഴക്കന്‍ മേഖലാ കമാന്ററായിരുന്ന കേണല്‍ കരുണ 2012-ല്‍ എനിക്കനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ സൈന്യത്തെ നേരിടാന്‍ ആയുധങ്ങളും വിദഗ്ദ പരിശീലനവും നല്‍കുന്ന കൂട്ടത്തില്‍ തദ്ദേശീയരായ മുസ്‌ലിംകള്‍ക്ക് ഉന്മൂലനാശം വരുത്താന്‍ കൂടെ അവര്‍ പ്രേരണ നല്‍കി.
വ്യവസ്ഥാപിതവും സമ്പൂര്‍ണ ഉന്മൂലനം ലക്ഷീകരിച്ചുമുള്ളതായിരുന്നു തമിഴ് പുലികളുടെ മുസ്‌ലി വിരുദ്ധ നീക്കങ്ങള്‍ എന്നതിന് പുറം ലോകമറിയാത്ത തെളിവുകള്‍ ഇനിയുമേറെയുണ്ട്.
സിംഹളാധിപത്യത്തിനു കീഴിലെ മുസ്‌ലിം പീഡനങ്ങള്‍
കഴിഞ്ഞ മാസം ശ്രീലങ്കയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ സിംഹള കലാപത്തില്‍ ഇരുപത്തിനാലോളം പള്ളികള്‍ അക്രമിക്കപ്പെട്ടതായി പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011 ലെ ആഭ്യന്തര കലാപങ്ങള്‍ക്ക് ശേഷം ആദ്യമായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. തമിഴ് ഭീഷണിയൊഴിഞ്ഞതില്‍ പിന്നെ രാജ്യത്തെ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നടന്ന വന്‍ തോതിലുള്ള വംശീയ പ്രചാരണങ്ങളുടെ ഭാഗമായാണ് ഈ സംഭവവും വിലയിരുത്തപ്പെട്ടത്.
രാജ്പക്‌സെ ഭരണകാലത്ത് ശക്തമായ സൈനിക നടപടികളിലൂടെ എല്‍.ടി.ടി.ഇയെ നിലംപരിശാക്കി സിംഹളാധിപത്യം ഉറപ്പുവരുത്തിയതില്‍ പിന്നെ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ ഭീഷണികളുടെ സ്വഭാവത്തെ അനാവരണം ചെയ്യുന്നുണ്ട് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. തമിഴര്‍ക്കെതിരെ ശ്രീലങ്കന്‍ ഗവണ്‍മെന്റിനോടു കൂടെ നിലകൊണ്ടു എന്ന ആരോപണത്തിന് തമിഴ് പുലികളുടെ ബുള്ളറ്റുകള്‍ക്കിരയായ മുസ്‌ലിംകള്‍ തന്നെ ആഭ്യന്തര യുദ്ധാനന്തര ശ്രീലങ്കയില്‍ സിംഹള ഫാസിസത്തിനുമിരയാവുന്നു!
അഹിംസ മുഖ്യപ്രമാണമായി ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ് ബുദ്ധിസം. എന്നാല്‍ സമീപ കാലത്തായി ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷ വേട്ടയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് അഹിംസ പ്രമാണവും ഹിംസ ജീവിത വ്രതവുമാക്കിയവരാണ് ബുദ്ധിസ്റ്റുകള്‍ എന്നാണ്. ശ്രീലങ്കയിലും മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബുദ്ധ ഭിക്ഷുക്കളാണ്. ‘സംഘ എന്ന പേരിലറിയപ്പെടുന്ന പരമ്പരാഗത ബുദ്ധിസ്റ്റ് സന്യാസ ശ്രേണിയില്‍ പെട്ട പലരും മുസ്‌ലിം വിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധരാണ്.
ന്യൂനപക്ഷ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് പ്രകോപനമഴിച്ചുവിടാനുള്ള സ്ഥായിയായ കാരണങ്ങളില്ല എന്നതിനാല്‍ തന്നെ വിദ്വേഷം ജനിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കുന്നില്ല എന്നതാണ് സമീപകാലസ്ഥിതിഗതി
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന കാമ്പയിനുകള്‍ക്ക് സമാനമായ പ്രചാരണങ്ങളാണ് ശ്രീലങ്കയിലും അരങ്ങേറുന്നത്. 2012-ല്‍ സ്ഥാപിതമായ ബോഡു ബാല സേന (ബി.ബി.എസ്) എന്ന സംഘ ഭിക്ഷുക്കളുടെ പരോക്ഷ നിയന്ത്രണത്തിലുള്ള സംഘടനയാണ് വര്‍ഗീയ പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ക്രമാതീതമായി വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യ, ഇസ്‌ലാമികവത്കരിക്കപ്പെടാന്‍ പോവുന്ന ശ്രീലങ്ക, ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ആഗോള മുസ്‌ലിം പ്രതിനിധാനങ്ങള്‍ തുടങ്ങിയ ആഗോള മിത്തുകളെ ഫലപ്രദമായി സമൂഹമധ്യത്തിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയും ശാഖാ പ്രവര്‍ത്തനങ്ങളിലൂടെയും ഇവര്‍ സിംഹള യുവാക്കള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
അടുത്തിടെ നടന്ന ഒരു പ്രാദേശിക കലാപത്തിന് കാരണമായത് മുസ്‌ലിം വ്യാപാരികള്‍ സിംഹള സ്ത്രീകള്‍ക്കുള്ള ഭക്ഷണ സാമഗ്രികളില്‍ ഷണ്ഡീകരിക്കാനുള്ള മരുന്നുകള്‍ ഇട്ടുനല്‍കുന്നു എന്ന ഫേസ്ബുക്ക് പ്രചാരണമായിരുന്നു. അടിസ്ഥാന രഹിതമായിരുന്നു ഈ ആരോപണമെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഈ കഴിഞ്ഞ മാര്‍ച്ചില്‍ കാന്‍ഡി പ്രദേശത്തെ ഡിഗാന, തെല്‍മെനിയ പ്രവിശ്യകളില്‍ അരങ്ങേറിയ കലാപത്തില്‍ നിരവധി മുസ്‌ലിം കച്ചവട സ്ഥാപനങ്ങളാണ് അഗ്നിക്കിരയാക്കപ്പെട്ടത്. മുസ്‌ലിംകളുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഒരു സിംഹളന്‍ കൊല്ലപ്പെട്ടതായിരുന്നു ഈ കലാപത്തിനുള്ള കാരണം. ന്യൂനപക്ഷ മുസ്‌ലിംകളെ ലക്ഷ്യം വെച്ച് പ്രകോപനമഴിച്ചുവിടാനുള്ള സ്ഥായിയായ കാരണങ്ങളില്ല എന്നതിനാല്‍ തന്നെ വിദ്വേഷം ജനിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കുന്നില്ല എന്നതാണ് സമീപകാലസ്ഥിതിഗതി.
സമീപ കാലങ്ങളില്‍ അരങ്ങേറിയ ചെറുതും വലുതുമായ കലാപങ്ങളെല്ലാം ലക്ഷ്യം വെച്ചത് മുസ്‌ലിം പള്ളികളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് എന്ന് കാണാം. ജീവഹാനി വളരെ കുറച്ചു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം തകര്‍ത്ത് രാജ്യത്തെ മുസ്‌ലിംകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ഈ കലാപങ്ങളുടെ പൊതുലക്ഷ്യമെന്ന് ഇത് ബോധ്യപ്പെടുത്തുന്നു.
പതിറ്റാണ്ടുകളായി നിലനില്‍ക്കുകയായിരുന്ന സൗഹൃദ ബാന്ധവങ്ങളെ വിദ്വേഷത്തിലേക്കും ശത്രുതയിലേക്കും പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്: സമഗ്ര സിംഹളാധിപത്യം എന്ന തീവ്ര ബുദ്ധിസ്റ്റ് സ്വപ്‌നത്തോടൊപ്പം നാളിതുവരെയായി മുസ്‌ലിം സമൂഹം ആര്‍ജ്ജിച്ചെടുത്ത സാമ്പത്തിക അഭിവൃദ്ധിയോടുള്ള അമര്‍ശം കൂടെ ശത്രുതക്ക് കാരണമാവുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയുടെ നല്ലൊു ഭാഗം വരുന്ന കച്ചവട സ്ഥാപനങ്ങളിലധികവും മുസ്‌ലിം വര്‍ത്തകരുടെ അധീനതയിലാണ്. രാജ്യത്തെ ‘സമ്പന്ന ന്യൂനപക്ഷം’ എന്ന ലേബല്‍ ഭൂരിപക്ഷ സിംഹള വികാരങ്ങളെ എളുപ്പം വ്രണപ്പെടുത്തുന്ന രാസത്വരകമായി വര്‍ത്തിക്കുന്നു. മ്യാന്‍മറിലും തായ്‌ലാന്‍ഡിലുമൊക്കെ പ്രവര്‍ത്തിച്ചു വരുന്ന തീവ്ര സ്വഭാവമുള്ള ആഗോള ബുദ്ധിസ്റ്റ് സംഘടനകളുമായി ശ്രീലങ്കന്‍ ബുദ്ധിസ്റ്റുകളുടെ ബന്ധമാണ് മുസ്‌ലിം വിരോധത്തിന്റെ കാരണമെന്ന് നിരീക്ഷിച്ചവരുമുണ്ട്.
ശ്രീലങ്കയിലെ ഭരണകൂടവും നിയമ സംവിധാനങ്ങളും പ്രത്യക്ഷത്തില്‍ കലാപകാരികളെ എതിര്‍ക്കുന്നുണ്ട്. കടുത്ത നടപടിക്രമങ്ങളിലൂടെയാണെങ്കിലും മുസ്‌ലിം വിരുദ്ധ കലാപങ്ങളെ അമര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ നയം. ചില ബുദ്ധിസ്റ്റ് സന്യാസി വിഭാഗങ്ങളും മുസ്‌ലിം വിരുദ്ധ മനോഭാവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാന്‍ഡിയിലെ കലാപത്തെ തുടര്‍ന്ന് മുസ്‌ലിം പള്ളികള്‍ സന്ദര്‍ശിച്ചുകൊണ്ട് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. പക്ഷെ, പലപ്പോഴും ഭരണത്തിലിരിക്കുന്നവരുടെ പരോക്ഷമായ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.