[box type=”shadow” align=”” class=”” width=””]കലയിലൂടെയും സംഗീതത്തിലൂടെയും ചെറുത്തുനില്‍പ്പ് സാധ്യമാക്കാമെന്ന് വിശ്വസിച്ച ഫലസ്തീന്‍ സംഗീതജ്ഞയായിരുന്നു റീം ബെന്ന. 2018 മാര്‍ച്ച് 24 ന് അന്തരിച്ച ബെന്ന ഫലസ്തീന്‍ ദേശീയതയുടെ വക്താവായിരുന്നു. [/box]ഇസ്രയേലിയന്‍ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ തന്റെ മധുരതരമായ ശബ്ദം കൊണ്ട് പ്രതികരിച്ച് കയ്യടി നേടിയ വനിതയായിരുന്നു ഈയടുത്ത് വിടപറഞ്ഞ റീം ബന്ന. ഫലസ്തീനിലും ഇതര അറേബ്യന്‍ സമൂഹങ്ങളിലും സാമ്രാജ്യത്വ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയാവുന്ന ഹതാശരെ ചെറുത്തുനില്‍പിന്റെ സംഗീതം പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു തന്റെ ജീവിതമത്രെയും ഈ ഗായിക.
ചെറുത്തുനില്‍പിന്റെ പ്രധാന ആയുധം ഒളിമങ്ങാത്ത ഉജ്ജ്വല പാരമ്പര്യത്തിന്റെ ഓര്‍മകളാണെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ടായിരിക്കാം അവരുടെ പാട്ടുകള്‍ ഫലസ്തീനിയന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള നിരന്തര ഓര്‍മപ്പെടുത്തലുകളായത്. ഫലസ്തീനിയന്‍ സംസ്‌കാരത്തിന്റെ പുനഃപ്രതിഷ്ഠയാണ് തന്റെ ഗാനങ്ങളെന്ന് അവര്‍ തന്നെ ഒരിക്കല്‍ പറഞ്ഞത് ആ അര്‍ത്ഥത്തിലായിരിക്കാം. പാരമ്പര്യത്തെയും ആധുനികതയെയും ഇരു ധ്രുവങ്ങളില്‍ പ്രതിഷ്ഠിച്ചില്ല എന്നതാണ് അവരെ സമകാലിക ഗായകരില്‍ നിന്നും വ്യതിരിക്തയാക്കുന്നത്. ഫലസ്തീന്‍ ജനതക്ക് കൈമോശം വരുമായിരുന്ന പാരമ്പര്യ ബാലകാവ്യങ്ങളെ ആധുനിക കാവ്യശാസ്ത്ര സൗന്ദര്യബോധത്തോട് ചേര്‍ത്തു വെക്കാന്‍ റീം ബന്ന ശ്രമിച്ചു.
1966 ഡിസംബര്‍ എട്ടിന് നസ്‌റത്തിലാണ് ബന്ന ജനിക്കുന്നത്. കവിയും സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരിയുമായിരുന്ന മാതാവ് സഫീറ ബാഗില്‍ നിന്നായിരിക്കണം അവര്‍ കല ചെറുത്തുനില്‍പിന്റെ ആയുധമാണെന്ന് തിരിച്ചറിയുന്നത്. ചെറുപ്രായത്തില്‍ തന്നെ ഗാനങ്ങളോടുള്ള തന്റെ പ്രണയം പ്രകടമായിരുന്നു. അങ്ങനെയാണ് മോസ്‌കോയിലെ വേള്‍ഡ് മ്യൂസിക് അക്കാദമിയിലെത്തുന്നത്. അവിടെ വെച്ച് പരിചയപ്പെട്ട ഗിറ്റാറിസ്റ്റ് ലിയോനിഡ് അലോക്‌സോ യംഗോയുമായി 1991 ല്‍ അവര്‍ വിവാഹിതയായി. ആ ദാമ്പത്യ വല്ലരിയില്‍ മൂന്ന് കുസുമങ്ങള്‍ വിരിഞ്ഞെങ്കിലും 2010 ല്‍ അത് വിവാഹ മോചനത്തില്‍ കലാശിച്ചു. തിരക്കുപിടിച്ച തന്റെ കലാജീവിതത്തില്‍ വിധി അവരെ പല തരത്തില്‍ പരീക്ഷിച്ചു. രണ്ട് തവണ സ്തനാബുര്‍ദം ബാധിച്ചു. 2016 ല്‍ ശാന്തമായ തന്റെ ശബ്ദ വിസ്മയത്തിന് തിരശ്ശീലയിട്ടു കൊണ്ട് അവര്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ‘ഇന്ന് ഞാനെന്റെ ഗായക ജീവിതത്തോട് തത്കാലത്തേക്ക് വിടപറയുന്നു, സുഹൃത്തുക്കളേ……. അത് ചിലപ്പോള്‍ എന്നെന്നേക്കുള്ള വിടയാവാം’. പിന്നീടവര്‍ പാടിയിട്ടില്ല. അപ്പോഴും ആ ഹൃദയത്തിലെ തളരാത്ത പോരാളി മൂര്‍ച്ചയേറിയ ഗാന രചനകളിലൂടെ സാമ്രാജ്യത്വത്തെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു.
ബന്ന തന്റെ പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയത് ദൈനം ദിന ഫലസ്തീനിയന്‍ ജീവിതത്തില്‍ നിന്നാണ്. ഇസ്രായേല്‍ സേന ഫലസ്തീന്‍ യുവതിയെയും മക്കളെയും അക്രമിച്ച് ആത്മനിര്‍വൃതിയടയുന്ന രംഗം അവര്‍ പലപ്പോഴും വേദനയോടെ ഓര്‍ക്കാറുണ്ടായിരുന്നു
ബന്ന തന്റെ പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയത് ദൈനം ദിന ഫലസ്തീനിയന്‍ ജീവിതത്തില്‍ നിന്നാണ്. ഇസ്രായേല്‍ സേന ഫലസ്തീന്‍ യുവതിയെയും മക്കളെയും അക്രമിച്ച് ആത്മനിര്‍വൃതിയടയുന്ന രംഗം അവര്‍ പലപ്പോഴും വേദനയോടെ ഓര്‍ക്കാറുണ്ടായിരുന്നു. 1985 ല്‍ ബന്നയുടെ ആദ്യ ആല്‍ബം ‘ജഫ്ര’ പുറത്തിറങ്ങി. ഫലസ്തീനിയന്‍ പരമ്പരാഗത ഗാന രൂപത്തില്‍ നിന്നാണ് അവര്‍ ഈ പേര് സ്വീകരിച്ചത്. 1986 ല്‍ ഫലസ്തീനിന്റെ രോദനത്തെ ചിത്രീകരിക്കുന്ന ‘അമ്മയുടെ കണ്ണുനീര്‍’ (യുവര്‍ ടിയേഴ്‌സ് മൈ മദര്‍) പുറത്തിറങ്ങി. ഫലസ്തീനെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും പുതുപിറവിയെ കുറിച്ചുള്ള ആശകളും ചിന്തകളും അവരുടെ പാട്ടുകളില്‍ നിറഞ്ഞ് നിന്നു. ഫലസ്തീനിന്റെ പാരമ്പര്യ സാംസ്‌കാരിക സ്വത്വത്തെ ആധുനിക ഗാനശാസ്ത്രത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ അവര്‍ക്കായി.
തന്റെ കലാജീവിതത്തില്‍ വിവിധങ്ങളായ ശൈലികള്‍ സ്വീകരിക്കാനും അവയെ ധീരതയോടെ എന്നാല്‍ തന്മയത്വം ഒട്ടും ചോരാതെ അവതരിപ്പിക്കാനും ബന്ന ശ്രമിച്ചിട്ടുണ്ട്. മധ്യേഷ്യന്‍ ഗാന സങ്കല്പങ്ങളെയും പാശ്ചാത്യന്‍ ഗാന രൂപങ്ങളെയും കൂട്ടിയിണക്കിയാണ് ബന്ന ആത്മാവിന്റെ ദര്‍പണങ്ങള്‍ (ദി മിറര്‍സ് ഓഫ് മൈ സോള്‍, 2005) എന്ന ആല്‍ബം ചെയ്യുന്നത്. അറേബ്യന്‍ ഗാന സങ്കല്പങ്ങളില്‍ പുതിയ ഒരു മുന്നേറ്റമാണ് അവരിതിലൂടെ സാധ്യമാക്കിയത്. ഇസ്രായേലിയന്‍ ജയിലറകളില്‍ കഴിയുന്ന തന്റെ സഹോദരങ്ങള്‍ തന്റെ ഹൃദയത്തിന്റെ ഭാഗമാണെന്ന് ബന്ന വിളിച്ച് പറയുന്നുണ്ട് ഈ ആല്‍ബത്തില്‍. പാട്ടിന്റെ വരികള്‍ക്കും രീതികള്‍ക്കും ചുവടു മാറ്റം സംഭവിച്ചെങ്കിലും അവയുടെ ഉള്ളടക്കം എപ്പോഴും ഫലസ്തീന്‍ തന്നെയായിരുന്നു. ‘ആശകളും പ്രത്യാശകളും’, ‘പോരാട്ട വീഥിയിലെ മനുഷ്യ ജന്മങ്ങള്‍’ തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം ഫലസ്തീനിയന്‍ ചെറുത്തു നില്‍പിന്റെ പ്രതീകമായിരുന്ന യാസിര്‍ അറഫാത്തിനെ ഓര്‍ക്കുന്നു. 2006 ലെ ‘ഇത് ഞാനല്ല’ (ദിസ് വാസ് നോട്ട് മൈ സ്‌റ്റോറി) ഫലസ്തീനികള്‍ക്കും ലബനാനികള്‍ക്കും വേണ്ടിയുള്ളതായിരുന്നു.
ചെകുത്താന്‍ കോട്ടയിലെ താരാട്ടുകള്‍
നോര്‍വീജിയന്‍ മ്യൂസിക് പ്രൊഡ്യൂസര്‍ എറിക് ഹിലെസ്റ്റാഡ് നിര്‍മിച്ച ചെകുത്താന്‍ കോട്ടയിലെ താരാട്ടുകള്‍ (ലുലബൈസ് ഫ്രം ആക്‌സിസ് ഓഫ് എവില്‍, 2003) എന്ന ആല്‍ബത്തിലെ ഗാനത്തോടെയാണ് ബന്നയുടെ ശബ്ദം ഫലസ്തീനിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ലോക ശ്രദ്ധയിലേക്ക് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനെ ഉന്നം വെച്ചാണ് പ്രസ്തുത യുദ്ധവിരുദ്ധ ആല്‍ബം പുറത്തിറങ്ങുന്നത്. ഫലസ്തീന്‍, ഇറാഖ്, ഇറാന്‍, നോര്‍വേ എന്നിവിടങ്ങളിലെ പരമ്പരാഗത താരാട്ടു പാട്ടുകളിലൂടെ അതിതീവ്രമായ യുദ്ധക്കെടുതികള്‍ വരച്ച് കാണിക്കുകയായിരുന്നു അവര്‍. ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകയായിരുന്ന കാരി ബ്രംനസ് ബന്നയെ തന്റെ കൂടെ വേദി പങ്കിടാന്‍ ക്ഷണിച്ചതോടെ പാശ്ചാത്യ സംഗീത പ്രേമികള്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ഫലസ്തീനിയന്‍ ചെറുത്തു നില്‍പിന്റെ പരമ്പരാഗത കഥകള്‍ ശ്രവണ സുന്ദരമായ ബന്നയുടെ ശബ്ദത്തില്‍ ലോകമാകെ മുഴങ്ങി.
ജീവിതം ഫലസ്തീനിന്റെ സാംസ്‌കാരിക നിലനില്‍പിനായി ഉഴിഞ്ഞ് വെക്കുകയും വൈവിധ്യങ്ങളായ വഴികളിലൂടെ സഞ്ചരിച്ച് വിജയം വരിക്കുകയും ചെയ്ത അവരെ 2016 ലെ കള്‍ച്ചറല്‍ പേഴ്‌സണായി ഫലസ്തീന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. 1996 ല്‍ പീസ് അംബാസഡറായി ഇറ്റലിയിലേക്ക് പോയതും അവര്‍ തന്നെ. തന്റെ പ്രവര്‍ത്തനങ്ങള്‍ പാട്ടുകളില്‍ മാത്രം ഒതുക്കാതെ ഫലസ്തീന്‍ ജനതയുടെ സാംസ്‌കാരികാസ്ഥിത്വത്തിന്റെ അഭിമാനകരമായ നിലനില്‍പിന് വേണ്ടി അവര്‍ തന്റേതായ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. അറബി കവികളായ സമീഹ് അല്‍-ഖാസിം, മഹ്മൂദ് ദര്‍വേശ്, തൗഫീഖ് സിയാദ് തുടങ്ങിയവരുടെ അനുഗ്രഹീത കവിതകള്‍ അവരിലൂടെ അനശ്വരമായി.
2018 മാര്‍ച്ച് 24 ന് സ്തനാര്‍ബുദത്തിന്റെ രൂപത്തില്‍ മരണം അവരെ കീഴടക്കി. തന്റെ ശ്രുതി മനോഹരമായ ശബ്ദത്തിലൂടെ, ഫലസ്തീന്‍ മക്കളുടെ അധരങ്ങളില്‍ അവരിനിയും ഒരുപാടു കാലം ജീവിക്കും.