Thelicham

മമൂസൈന്‍: പ്രണയാഖ്യാനത്തിന്റെ കുര്‍ദിഷ് ആദ്ധ്യാത്മിക തലങ്ങള്‍

സൂഫിയും തത്വചിന്തകനുമായ കുര്‍ദിഷ് കവി അഹ്മദ് ഖാനിയുടെ സൂഫീ ദാര്‍ശനിക പ്രണയ ട്രാജഡിയാണ് മമൂസൈന്‍. ഇസ്‌ലാമിക ആദ്ധ്യാത്മികതയിലൂന്നിയ റോമിയോ ആന്‍ഡ് ജൂലിയറ്റാണ് മമുസൈനെന്നാണ് സഈദ് റമദാന്‍ ബൂത്വി നിരീക്ഷിക്കുന്നത്. ആദ്ധ്യാത്മികവും അതിഭൗതികവുമായ പ്രണയത്തെയും മൂല്യങ്ങളെയുമാണ് മം, സൈന്‍ എന്നീ സങ്കല്‍പ പാത്രങ്ങളായി ഖാനി അവതരിപ്പിക്കുന്നത്. ഷേക്‌സ്പീരിയന്‍ ട്രാജഡികളോട് കിടപിടിക്കുന്ന ആഖ്യാനവും ഇതിവൃത്തവുമുള്ള ഈ സൂഫീ ക്ലാസിക് നോവല്‍ പക്ഷെ, അര്‍ഹിക്കുന്ന പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിഷയീഭവിച്ചിട്ടില്ല. തദ്വിഷയകമായി നടന്ന പഠനങ്ങളില്‍ ഖാദ്‌രി യില്‍ദ്രിമിന്റെയും യൂസുഫ് റസൂലിന്റെയും പഠനങ്ങളൊഴിച്ചുള്ളവയെല്ലാം ഈ കൃതിയുടെ തിയോസഫിയെയോ മിസ്റ്റിക് ഭാവനകളോ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്ത, കേവലം ഫോക്‌ലോര്‍ എന്ന നിലയില്‍ വില കുറച്ചുകണ്ട പഠനങ്ങളാണ്. ജാമി, നിസാമി, റൂമി തുടങ്ങിയവരുടെ മഥ്‌നവികളോടൊപ്പം നില്‍ക്കുകയും അവയോട് താദാത്മ്യം പുലര്‍ത്തുകയും ചെയ്യുന്നതായിട്ടു കൂടി, കുര്‍ദിഷ് ഭാഷയിലായത് കൊണ്ട് മാത്രം ഇസ്‌ലാമിക അക്കാദമിക വ്യവഹാരങ്ങളില്‍ നിന്ന് പോലും പലപ്പോഴും അത് തഴയപ്പെട്ടിട്ടുണ്ട്. മമൂസൈനിനെ അറബിയിലേക്ക് പുനരാവിഷ്‌കരിക്കുകയും മനോഹരമായ നോവല്‍ രൂപത്തിലുള്ള ആഖ്യാനം ചമച്ച് അറബി വായനക്കാര്‍ക്കിടയില്‍ ജനകീയമാക്കുകയും ചെയ്തത് സഈദ് റമദാന്‍ ബൂത്വിയാണ്.

അഹ്മദ് ഖാനി
ക്രിസ്തുവര്‍ഷം 1650-ല്‍ ഇന്നത്തെ തുര്‍ക്കിയിലെ ഹക്കാരി പ്രവിശ്യയിലാണ് അഹ്മദ് ഖാനിയുടെ ജനനം. കിര്‍മാഞ്ചി (കുര്‍ദിഷ്) ഭാഷാധ്യാപകനായി മദ്രസയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം, കുര്‍ദിഷ് ഭാഷയെ പ്രോത്സാഹിപ്പിക്കാനും അവയെ അറബ് പേര്‍ഷ്യന്‍ സംസ്‌കാരത്തിലേക്ക് സന്നിവേശിപ്പിക്കാനും ശ്രമിച്ചിരുന്നു. ‘നുബിഹാറെ ബിച്ചുക്കാന്‍’ (കുട്ടികളുടെ വസന്തം) എന്ന പേരില്‍ അറബിക് കുര്‍ദിഷ് ഡിക്ഷനറി ഈ ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹം രചിച്ചതാണ്. സൂഫി വിശാരദനും ഫിലോസഫറും ഇസ്‌ലാമിക തിയോളജിയില്‍ അഗാധജ്ഞാനിയുമായിരുന്നു ഖാനി. കവിതയും ഗദ്യവും സമിശ്രമാക്കി ‘അഖീദയെ ഈമാന്‍’ എന്ന വിശ്വാസ ശാസ്ത്ര ഗ്രന്ഥം അദ്ദേഹത്തിന്റേതായുണ്ട്. ബായസീദ് പട്ടണത്തില്‍ നിന്ന് തുടങ്ങി അസ്താനയിലേക്കും മിസ്‌റിലേക്കും സിറിയയിലേക്കും വ്യാപിച്ച അദ്ദേഹത്തിന്റെ വൈജ്ഞാനിക പലായനം ആസ്‌ട്രോണമി, ജിയോഗ്രഫി, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ അദ്ദേഹത്തെ അഗ്രഗണ്യനാക്കി എന്ന് മീര്‍ നാമയില്‍ ജാന്‍ ദോസ്ത് പറയുന്നുണ്ട്. ഇസ്‌ലാമിക ലോകത്തും കുര്‍ദുകള്‍ക്കിടയിലും അഹ്മദ് ഖാനി സ്വീകാര്യനായി തീര്‍ന്നത് അദ്ദേഹത്തിന്റെ ഇതിഹാസ മഥ്‌നവിയായ ‘മമൂസൈനി’ലുടെയാണ്. ഒരേസമയം സൂഫീ-ദാര്‍ശനിക പ്രകാശനവും കുര്‍ദ് ഭാഷാ ഉദ്ഗ്രഥനവുമായിരുന്നു ഈ മഥ്‌നവിയുടെ താത്പര്യം. 1706 ല്‍ അദ്ദേഹം ബായസീദില്‍ അന്തരിക്കുകയും ഇസ്ഹാഖ് പാഷാ കൊട്ടാരത്തിനടുത്ത് മറമാടപ്പെടുകയും ചെയ്തു.

മമൂസൈന്‍
കുര്‍ദിഷ് ഫോക്‌ലോറുകള്‍ വൈവിധ്യമാര്‍ന്ന വാമൊഴി പാരമ്പര്യങ്ങളുടെ സമ്പന്നമായ സാഹിത്യ മേഖലയാണ്. മമൂസൈന്‍, ഖെജ്ഗ സിയാബന്ദ്, ഭിംദിമു സെംബില്‍ഫിറോഷ് എന്നിങ്ങനെ കഥ പറച്ചിലുകളുടെ നിരവധി വാമൊഴി പാരമ്പര്യങ്ങള്‍ കുര്‍ദുകള്‍ക്കിടയില്‍ നിലനിന്നുപോരുന്നുണ്ട്. അതിലേറ്റവും ജനകീയവും പ്രസിദ്ധവുമാണ് മമൂസൈന്‍. കുര്‍ദിഷ് സംസ്‌കാരിക ഗാനരൂപമായ ദങ്ങ്ബജുകൡലൂടെ അത് ഇന്നും ഭാവനാതലങ്ങളിലും സംസ്‌കാരികതലങ്ങളിലും നിലനില്‍ക്കുന്നു. ഏകദേശം 14-ാം നൂറ്റാണ്ടു മുതലാണ് മമു അലാനിന്റെയും സൈനിന്റെയും ഇതിഹാസം കുര്‍ദിഷ് ഫോക്‌ലോറായി രൂപപ്പെടുന്നതെന്നാണ് ഫ്രഞ്ച് ഒറിയന്റലിസ്റ്റായ റോഗര്‍ ലെസ്‌കോട്ട് കണക്കാക്കുന്നത്.
1692 ലാണ് അഹ്മദ് ഖാനി കുര്‍ദിഷ്-യസീദി പാരമ്പര്യത്തില്‍ രൂപപ്പെട്ട പ്രണയദുരന്തത്തെ തസവ്വുഫീ ദര്‍ശനങ്ങളിലൂടെ പുനരാഖ്യാനം നടത്തുന്നത്. പേര്‍ഷ്യന്‍ കാവ്യശാഖയിലെ പ്രഥമ ഗണനീയമായ കാവ്യാഖ്യാനരീതി മഥ്‌നവിയിലാണ് മമൂസൈനിന്റെ രചന. അതില്‍പിന്നെ, നാടോടിക്കഥകളില്‍ നിന്ന് ഖാനിയുടെ മഥ്‌നവിയിലേക്ക് മമു അലാന്‍, സൈന്‍ എന്നീ കുര്‍ദിഷ് ഇതിഹാസങ്ങള്‍ പരകായപ്രവേശം നേടി
ഏകദേശം 2655 ബൈത്തുകളിലായി ഉത്തര കുര്‍ദിഷ് ഭാഷയായ കിര്‍മാഞ്ചിയിലാണ് ഖാനി ദീവാന്‍ എഴുതിയത്. ‘കുര്‍ദിഷ്’ ദേശീയ ബോധത്തിന്റെയും കുര്‍ദ് വികാരത്തിന്റെയും ഏറ്റവും ആദ്യ ശബ്ദമായാണ് ഇന്നതിനെ മനസ്സിലാക്കപ്പെടുന്നത്. അഹ്മദ് ഖാനിയെ കുര്‍ദിസ്ഥാന്റെ ദേശീയ കവിയായും മമുസൈന്‍ കുര്‍ദ് ദേശീയതയുടെ ജീവല്‍ പ്രതീകമായും 1919-ല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഖാനിയും മഥ്‌നവികളും
‘മഹബ്ബ’ എന്ന കേന്ദ്ര സങ്കല്‍പമാണ് മഥ്‌നവികളുടെ പൊതുസവിശേഷത. ദൈവികപ്രണയത്തെ മെറ്റഫറുകള്‍ ഉപയോഗിച്ച്, പ്രണയിനികള്‍ തമ്മിലുള്ള കാത്തിരിപ്പുകളും അതിന്റെ വ്യഥകളുമായി അവതരിപ്പിക്കുന്ന ദ്വയാര്‍ഥ രചനകളാണ് (അല്ലീഗറി) അവയെപ്പോഴും. ദൈവവും ദൈവദാസനുമിടയിലെ ദിവ്യപ്രണയത്തിന്റെ തന്നെ മനോഹരാവിഷ്‌കാരങ്ങളാണ് നിസാമി ഗജ്‌നവിയുടെ ലൈലാമജ്‌നൂനും അബ്ദുറഹ്മാന്‍ ജാമിയുടെ ഫര്‍ഹദ്-ഷിറിനും ഉല്‍സുരിയുടെ വാമിക്-അസ്ച്ചയുമൊക്കെ.
മാംസനിബദ്ധമായ കേവലാനുരാഗമല്ല മമുവിനും സൈനിനുമിടയില്‍. അല്ലാഹുവിനോടുള്ള ദിവ്യാനുരാഗത്തിന്റെ (വജ്ദ്) കല്‍പിത ബിംബങ്ങള്‍ മാത്രമാണവര്‍. ആത്മജ്ഞാനികളുടെ പദപ്രയോഗങ്ങളുടെ അര്‍ത്ഥവിന്യാസങ്ങളറിയാത്തവര്‍ക്ക് അവിടെ വഴി തെറ്റും. പ്രാണപ്രേയസിയുടെ അംഗവര്‍ണനകള്‍ കൊണ്ട് കാവ്യശീലുകള്‍ തീര്‍ക്കുന്ന അനുരാഗിയെ അവര്‍ കാമാര്‍ത്തരെന്ന് ധരിച്ചേക്കും. സൂഫികള്‍ക്കറിയാവുന്ന ഇത്തരം ചുഴികള്‍ അനേകമുണ്ട് മമൂസൈനിലും. സൗന്ദര്യമാര്‍ന്നു നില്‍ക്കുന്ന ശീലവതിയുടെ അംഗലാവണ്യങ്ങളില്‍ അവര്‍ ജമീലായ അല്ലാഹുവിനെ കാണും. ഭാഷയുടെ പ്രയോഗതലങ്ങള്‍ക്കിടയിലെ ഈ ഭാവവ്യത്യാസങ്ങളിലാണ് സൂഫീ രചനകളുടെ അന്തസാരം കിടക്കുന്നത്.
അഹ്മദ് ഖാനി എഴുതുന്നുണ്ട്: ‘ജാമിയോളം പ്രഗത്ഭനാവാനാര്‍ക്ക് കഴിയും?/ നിസാമിയെക്കാള്‍ ശോഭിക്കാന്‍ ആര്‍ക്ക് സാധിക്കും?’
ഖാനി തന്നെ സ്വയം സ്ഥാനപ്പെടുത്തുന്നത് ഈ സൂഫീ മിസ്റ്റിക് കവികള്‍ക്കൊപ്പമാണെന്ന് ചുരുക്കം.

ഭൗതികവും അഭൗതികവുമായി പ്രിയപ്പെട്ടവന്‍
‘പ്രണയമെന്ന മനോഹാരിതയുടെ മുഖവുരയായ അങ്ങ്
ഭൗതികവും അഭൗതികവുമായ എന്റെ പ്രിയപ്പെട്ടവനാകുന്നു’
ഖാനിയുടെ ദീവാനിന്റെ തുടക്കം അല്ലാഹുവിനെ ഇങ്ങനെ വര്‍ണ്ണിച്ചുകൊണ്ടാണ്. ഭൗതികം-അഭൗതികം എന്ന വേര്‍തിരിവും അവയുടെ കൂടിച്ചേരലുകളും അവ അവതരിപ്പിക്കുന്ന വ്യത്യസ്തമായ പ്രണയ തലങ്ങളുമാണ് മമൂസൈനിന്റെ മൗലികമായ ആലോചന. തുടര്‍ന്നുള്ള വരികള്‍ ഇങ്ങനെയാണ്.
‘പ്രണയത്തിന്റെ പേരെഴുതേണ്ട പലകയുടെ (ലൗഹ്) പേരാകുന്നു അങ്ങ്
പ്രണയത്തിന്റെ പേനയെ (ഖലം) വര്‍ണിക്കുന്ന നാമമാകുന്നു അങ്ങ്’
പ്രണയത്തെ തന്റെ മുന്നിലിരിക്കുന്ന ഭൗതിക പലകയില്‍ ആവാഹിച്ച ദിവ്യത്വമായും അല്ലാഹുവിന്റെ അതിഭൗതികമായ ആകാശലോകത്തെ ലൗഹായും അദ്ദേഹം അവതരിപ്പിക്കുന്നു. അല്ലാഹുവിനോടുള്ള പ്രണയത്തിന് മൂര്‍ത്തവും അമൂര്‍ത്തവുമായ അര്‍ഥങ്ങള്‍ ഒരേ സമയം തന്നെ നല്‍കപ്പെടുന്നു.
എന്താണ് പ്രണയത്തിന്റെ ഭൗതികവും ഭൗതികാനന്തരവുമായ മാനങ്ങള്‍ എന്ന ചോദ്യത്തിന് ഖാനിയുടെ മറുപടി ഇങ്ങനെയാണ്: നിന്നോടുള്ള പ്രണയത്തില്‍ പരസ്പരം തര്‍ക്കിക്കുന്ന സഹകളത്രിമാരാണവര്‍. അതില്‍ ഒന്നിനെ നീ തിരസ്‌കരിക്കുകയും തിരസ്‌കാരത്തിന്റെ വേദന സഹിക്കുകയും ചെയ്യുമ്പോള്‍ മറ്റൊന്ന് സന്തോഷവതിയായിത്തീരുന്നു. മമൂവിന്റെയും സൈനിന്റെയും ഭൗതികലോകത്തെ പ്രണയം ദുരന്തപര്യവസായിയാവുകയാണെങ്കിലും രത്‌നഖചിതമായ ഏഴു തട്ടുകളുള്ള കൊട്ടാരങ്ങള്‍ അവരുടെ പ്രണയ സാഫല്യത്തിനായി സ്വര്‍ഗലോകത്ത് നിര്‍മിക്കപ്പെടുന്നുണ്ട് കഥയില്‍. ദൈവത്തോടുള്ള മൂര്‍ത്തമായ പ്രണയത്തിന് ഭൗതികാസക്തികളെ നിരസിക്കുകയും നിരാകരിക്കുകയുമാണ് വേണ്ടതെന്ന് ഖാനി പറയുന്നുണ്ട്. ഈ നൈരാശ്യവും ഭൗതികപ്രമത്തമായ പ്രണയനഷ്ടവും ജീവിതത്തെ സുഖോഷ്മളമാക്കുന്നുവെന്ന് കാവ്യത്തിലൊരിടത്ത് സൈന്‍ വിശദീകരിക്കുന്നത് കാണാം. ആദ്ധ്യാത്മികതയുടെ ഉന്നതമായ മഖാമാണത്. സുഹ്‌റവര്‍ദിയും ഇമാം ഗസാലിയും അടക്കമുള്ള പരമജ്ഞാനികള്‍ വ്യക്തമാക്കിയത് പോലെ ദുന്‍യയോടുള്ള വിരസതയും ക്ഷണിക സുഖങ്ങളില്‍ നിന്നുള്ള വിദൂരവാസവും സആദ എന്ന എറ്റണല്‍ ഹാപ്പിനസ്സിലേക്ക്, പരമാനന്ദത്തിന്റെ സാഫല്യത്തിലേക്ക് ഒരാളെ നയിക്കുന്ന ഘട്ടം.
തന്റെ പ്രണയ സാഫല്യത്തിനായി തുറങ്കിലടക്കപ്പെടുന്നതാണ് മം നേരിടുന്ന ഏറ്റവും ദുര്‍ഘടമായ പരീക്ഷണം. ‘ഭൗതികലോകം വിശ്വാസിയുടെ തുറങ്കാണ്’ (ഹദീസ്) എന്ന ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രതീകമാണിത്. പ്രവാചകത്വത്തിനായി യൂസുഫ് നബിക്ക് ലഭിച്ച പരിശീലനമായിരുന്നു ജയില്‍ വാസം. അല്ലാഹുവിലേക്ക് അടുക്കാനുള്ള പ്രണയ വഴിയാണ് ‘തടവ്’ എന്ന സങ്കല്‍പം അബൂയസീദില്‍ ബിസ്താമിയെ പോലുള്ള സൂഫികളില്‍ നിന്ന് വായിക്കാന്‍ സാധിക്കുന്നു.

ഇബ്‌ലീസും മാപ്പും
ഇബ്‌ലീസിനെ കുറിച്ചുള്ള സൂഫീ വായനകള്‍ വ്യത്യസ്തമാണ്. ആലങ്കാരികമായും പ്രതീകാത്മമകമായും തിന്മയെ പ്രതിനിധീകരിക്കുന്ന ഒരു ഇബ്‌ലീസിനെ (കഥയില്‍ ബാകിര്‍ എന്ന കഥാപാത്രം ഇബ്‌ലീസിന്റെ പ്രതിരൂപമാണ്) ഖാനി അവതരിപ്പിക്കുന്നുണ്ട്. ദിവ്യമായ പ്രണയത്തില്‍ ലയിക്കുന്ന മനുഷ്യന്‍ മാപ്പ് നല്‍കുന്നതോടെ ദൈവം അവന് മാപ്പ് നല്‍കി സ്വര്‍ഗത്തിലേക്ക് തിരിച്ചു വിളിക്കുന്നു. അല്ലാഹുവിന്റെ അനന്തമായ കരുണയെയും സ്‌നേഹത്തെയും ചിത്രീകരിക്കാനാണ് ഖാനിയുടെ ശ്രമം. അദ്ദേഹം ആ കരുണാപ്രപഞ്ചത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നു. ഗണിത ശാസ്ത്രജ്ഞരോടും എഞ്ചിനിയര്‍മാരോടും ധൈര്യമുണ്ടെങ്കില്‍ അത് അളന്നു നോക്കാന്‍ വെല്ലുവിളിക്കുന്നു.
അല്ലാഹുവിന്റെ അനന്തമായ കരുണയെയും അതുല്യമായ ക്ഷമയെയും കുറിച്ച് സൂഫികളെ മുന്‍നിര്‍ത്തി, ‘അല്ലാഹുവിന്റെ കാരുണ്യത്തിന്റെ തെളിവ്’ എന്ന ഗ്രന്ഥത്തില്‍ തര്‍താരി തിയോളജിയനായ മൂസ ബിഗേവ് ആലോചനകള്‍ നടത്തുന്നുണ്ട്. ശൈത്വാന് മാപ്പ് കൊടുക്കുന്നതിലെ സാധ്യതകളെ കുറിച്ച ആലോചനകള്‍ സൂഫികള്‍ക്കിടയില്‍ നിലനിന്നിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്. വിഷാദത്തിലും ഖേദത്തിലും കരയുന്ന ഇബ്‌ലീസിനെ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ദുന്നൂനുല്‍ മിസ്വ്‌രി പറഞ്ഞിട്ടുണ്ട്. ശൈത്വാനുമായി സഹ്ല്‍ തുസ്താരി സംസാരിച്ചപ്പോള്‍ അല്ലാഹു മാപ്പു നല്‍കുമെന്ന തന്റെ പ്രത്യാശ പിശാച് പങ്ക് വെച്ചത്രെ. തുസ്താരിയുടെ ശിഷ്യരായ ‘സല്‍മിയ്യ’ ത്വരീഖതുകാര്‍ രണ്ട് നൂറ്റാണ്ട് കാലത്തോളം ഇബ്ലീസിന് അല്ലാഹു മാപ്പ് നല്‍കുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് മാസിഗ്‌നന്‍ പറയുന്നു. അല്ലാഹുവിന്റെ കാരുണാവര്‍ഷത്തിന്റെ നിസ്സീമ സാധ്യതകളെ കുറിച്ചുള്ള സൂഫികളുടെ മനോവ്യാപാരങ്ങളാവാം. അവരുടെ ലോകവും പദാവലികളും അജ്ഞമോ ദുര്‍ഗ്രാഹ്യമോ ആയ നമുക്കെന്തറിയാം!

നന്മയും തിന്മയും
ഖാനി മുന്നോട്ട് വെക്കുന്ന മറ്റൊരു ആലോചന നന്മ-തിന്മ എന്നീ ദ്വന്ദങ്ങളെ കുറിച്ചാണ്. തിന്മയുടെ പ്രതീകമായ ബകീര്‍ സ്വര്‍ഗത്തിലെത്തിയതിന്റെ രഹസ്യം ഇങ്ങനെ പങ്കുവെക്കുന്നുണ്ട്, എന്റെ ക്രൂരതകളായിരുന്നു അവരുടെ പ്രണയത്തെ ദിവ്യമാക്കി നിലനിര്‍ത്തിയത്. ഞാനില്ലായിരുന്നെങ്കില്‍ ഭൗതികമായ പ്രണയത്തില്‍ ലയിച്ച് അവര്‍ക്ക് ഭൗതികാനന്തര അനുരാഗം വിനഷ്ടമായേനെ. നോക്കൂ, അവരുടെ വിജയത്തിന്റെ യഥാര്‍ത്ഥഹേതു ഞാനാകുന്നു.
നന്മയും തിന്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഈ സങ്കല്‍പത്തിന് ഹെഗലിയന്‍ ഡയലറ്റിക്‌സിനോട് സമാനതകളുണ്ട്. സുസ്ഥിരമായ ലോകത്തിന്റെ നിലനിലല്‍പിന് നന്മയുടെ മാത്രം ഇടപെടലല്ല, മറിച്ച് നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണ് അനിവാര്യമാണെന്നാണ് സൗരാഷ്ട്ര സങ്കല്‍പം. ഇതിനെ പുനരാലോചിക്കുകയാണ് അഹ്മദ് ഖാനി. സംഘട്ടനത്തെക്കാള്‍, അധര്‍മകാരികള്‍ പ്രവര്‍ത്തിക്കുന്ന തിന്മകള്‍ പോലും സ്വയമറിയാതെയാണെങ്കിലും നന്മകള്‍ക്ക് കാരണമാവുന്നുവെന്നാണ് ഖാനിയുടെ സങ്കല്‍പം.

കുര്‍ദിഷ് ബോധവും ദേശീയതയും
കുര്‍ദിഷ് സൂഫിസത്തെ പുനരുദ്ധരിപ്പിക്കുക എന്നതായിരുന്നു മമൂസൈനിലൂടെ ഖാനിയുടെ മുഖ്യ ലക്ഷ്യം. അദ്ദേഹം എഴുതുന്നു:
മെലായെ സെസീരിയുടെ ആത്മാവിനെ ഞാന്‍ പുനരുത്ഥരിപ്പിക്കുന്നു
എലി ഹരീരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു
ഫഖിയെ തെയ്‌റാനിന് ഞാന്‍ സന്തോഷം സമ്മാനിച്ചിരിക്കുന്നു
കുര്‍ദ് ഭാഷയോടും സ്വത്വത്തോടും കാല്‍പനികമായ പ്രണയമായിരുന്നു അദ്ദേഹത്തിന്. കുര്‍ദ് ഉത്ഭവവുമായി ബന്ധപ്പെട്ട ഇതിഹാസമായ കൊല്ലന്‍ കെവെയെ ഫിര്‍ദൗസിയുടെ ഷാഹ്‌നാമയില്‍ നിന്നും ഇടക്കിടെ ഖാനി ഉദ്ധരിക്കുന്നതിന്റെയും താത്പര്യം മറ്റൊന്നല്ല. ഇസ്‌ലാമിന് മുമ്പും ശേഷവും കുര്‍ദുകള്‍ക്കിടയില്‍ നിലനിന്നിരുന്ന സൊരാഷ്ട്രിയ ദര്‍ശനങ്ങളെ ഇസ്‌ലാമികമായി പുനരാഖ്യാനം ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. അന്ന് നിലനിന്നിരുന്ന പേര്‍ഷ്യന്‍ അറബ് സംസ്‌കാരിക പ്രമാണിത്വത്തോട് കുര്‍ദിഷിനെയും ചേര്‍ത്തു വെക്കാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം.
കുര്‍ദ് ദേശീയവാദികള്‍ മമൂസൈനിനെ കാണുന്നത് കുര്‍ദ് ദേശത്തിന് വേണ്ടി ഉയര്‍ന്ന ആദ്യത്തെ ശബ്ദമായാണ്. കവിത മുഴുവന്‍ കുര്‍ദ് രാജ്യത്തോടുള്ള പ്രണയം പറയുന്ന അലിഗറിയാണെന്ന് അവര്‍ വാദിക്കുന്നു. ദീവാനിന്റെ അഞ്ചും ആറും അധ്യായങ്ങളാണ് കുര്‍ദ് ദേശീയവാദികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. അതില്‍ ഖാനി ഇങ്ങനെ എഴുതുന്നു:
നമുക്കൊരു നേതാവുണ്ടായിരുന്നെങ്കില്‍
സ്വന്തമായ കറന്‍സികള്‍ ഉണ്ടാകുമായിരുന്നു
നമ്മുടെ ഭാവി തിളക്കമാര്‍ന്നതുമാകുമായിരുന്നു.
യൂറോപ്യന്‍ ദേശീയവാദമുയരുന്നതിനും ഉദ്ദേശം ഒരു നൂറ്റാണ്ട് മുമ്പായിരുന്നു ഇത്.
രണ്ടു തരത്തിലുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളാണ് മമൂസൈനില്‍ ഖാനി നടത്തുന്നത്. ഒന്ന്, മാനുഷിക പരിമിതികളില്‍ നിന്ന് കൊണ്ട് അന്ന് നിലനിന്നിരുന്നതും സാധ്യവുമായിരുന്ന രാഷ്ട്രീയത്തെ സംബന്ധിച്ചുള്ളത്, അത് മാക്യവല്ലിയുടെ നിരീക്ഷണങ്ങളോട് സാമീപ്യം പുലര്‍ത്തുന്നതാണ്. തിന്മയുടെ പ്രതീകമായ ബകീറിനെ തന്റെ മന്ത്രിയാക്കുന്നതിലെ അമീറിന്റെ യുക്തിയെ ഖാനി ഇങ്ങനെ വിവരിക്കുന്നു: വലിയ തിന്മകളെ നേരിടേണ്ടത് ചെറിയ തിന്മകളെ കൊണ്ടാണ്, തിന്മയുടെ കൂടി ഉപയോഗവുമുണ്ടാകുമ്പോഴേ അധികാരത്തെ നിലനിര്‍ത്താനാകൂ. എന്നാല്‍ ഖാനി ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതുമായ രാഷ്ട്ര സങ്കല്‍പമാണ് രണ്ടാമത്തെത്, പ്രണയം കൊണ്ട് ഭരണം നിര്‍വ്വഹിക്കപ്പെടുന്ന, കൂടുതല്‍ അറിവന്വേഷിക്കുന്ന, തസവ്വുഫിനെ ഉള്‍ക്കൊള്ളുന്ന സിവില്‍ ഭരണകൂടത്തെയാണ്. മെഹ്മെത് ബായസീദിയാണ് ആദ്യമായി മമൂസൈനിന് ദേശീയതയുടെ മുഖം നല്‍കുന്നത്. മമൂസൈനിനെ പരാവര്‍ത്തനം ചെയ്ത അദ്ദേഹം അതിലെ ആധ്യാത്മിക ചിഹ്നങ്ങളെ മാറ്റി ദേശീയതയെ ഉദ്ദീപിപ്പിക്കുകയായിരുന്നു. പിന്നീട് സൊറാനി കവിയായ ഹാജി ഖാദിര്‍ കോയിയാണ് ഖാനിയെ കുര്‍ദിഷ് സ്വത്വത്തില്‍ നിന്ന് അവതരിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഓട്ടോമന്‍ ഭരണ പ്രദേശങ്ങളില്‍ വ്യത്യസ്തങ്ങളായ ദേശീയതാ ബോധം ആളിക്കത്തിയിരുന്നു. 1919-ല്‍ ഹംസെ മുക്‌സിയുടെ കീഴില്‍ ‘കുര്‍ദിസ്താന്‍ തആലി സിമിയെതി’ (സൊസൈറ്റി ഫോര്‍ റൈസ് ഓഫ് കുര്‍ദിസ്താന്‍) എന്ന ദേശീയ സംഘടന രൂപപ്പെട്ടിരുന്നു. ദേശീയസ്വത്വത്തിന്റെ സുപ്രധാനമായ അടിത്തറ ഭാഷയും സാഹിത്യവുമാണെന്നായിരുന്നു ഹംസെയുടെ മൗലികമായ ആലോചന. അദ്ദേഹം അഹ്മദ് ഖാനിയെ ദേശത്തിന്റെ കവിയായി ഉയര്‍ത്തി പിടിച്ചു. ഇതേ കാലത്താണ് ‘മെമെ അലാന്‍’ എന്ന പേരില്‍ റെഹ്മി ഹകാരി മമൂസൈനിന്റെ പ്രഥമ നാടക രൂപം അവതരിപ്പിച്ചത്.
ആധുനിക തുര്‍ക്കിയുടെ വരവോടെ അതാതുര്‍ക് കുര്‍ദ് ഭാഷയെ നിരോധിക്കുകയും തുടച്ചു മാറ്റുകയും ചെയ്തു. അര നൂറ്റാണ്ടോളം കുര്‍ദിഷ് സാഹിത്യങ്ങള്‍ നിശ്ചലമായിത്തീര്‍ന്നു. 1968-ല്‍ എമിന്‍ ബൊസര്‍സലാല്‍ മമൂസൈനിനെ ലാറ്റിന്‍ ലിപിയില്‍ പുറത്തിറക്കിയെങ്കിലും പകുതിയിലധികം കോപ്പികളും തുര്‍ക്കിഷ് പോലീസ് കത്തിച്ചുകളഞ്ഞു. 1990 കളോടെ വന്ന മാറ്റങ്ങള്‍ക്ക് ശേഷം മമൂസൈന്‍ പ്രിന്റിംഗ് പുനരാരംഭിക്കുകയും ഇപ്പോഴും ആളുകള്‍ക്കിടയില്‍ പാരായണം ചെയ്യപ്പെടുകയും ചെയ്യുന്നു. റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് തുടങ്ങി അനേകം ഭാഷകളിലേക്ക് മമൂസൈന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ബൂത്വിയുടെ പുനരാഖ്യാനം
കുര്‍ദ് വംശജരായ രണ്ട് പേരാണ് മമൂസൈനിനെ അറബിയിലേക്ക് കൊണ്ടുവന്നത്. കൂട്ടത്തില്‍ പുതിയത് പ്രശസ്ത കുര്‍ദിഷ് കവിയും വിവര്‍ത്തകനുമായ ജാന്‍ ദാസ്തിന്റെ വിവര്‍ത്തനമാണ്. ആദ്യത്തേത് മധ്യമസമീപനം കൊണ്ട് മധ്യപൗരസ്ത്യ രാഷ്ടീയത്തിലും ഗാഢമായ വിജ്ഞാനം കൊണ്ട് മുസ്‌ലിം പണ്ഡിതര്‍ക്കിടയും പ്രശസ്തനായ ഡോ. മുഹമ്മദ് സഈദ് റമദാന്‍ ബൂത്വിയുടെ പരാവര്‍ത്തനവും. മമൂസൈന്‍ അനാവരണം ചെയ്യുന്ന ദൈവിക പ്രണയവും ഇഷ്ഖുമാണ് ഈ ഉദ്യമത്തിന് പ്രേരകമെന്ന് അദ്ദേഹം തന്നെ ആമുഖമായി കുറിക്കുന്നു.

മുഹമ്മദ് കോമത്ത്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.