Thelicham

ആര്‍ത്രോ എസ്‌കൊബാര്‍: മൂന്നാം ലോക ക്രമത്തിന്റെ ഉത്ഭവവും വികസന വ്യവഹാരത്തിന്റെ രാഷ്ട്രീയവും

വികസനത്തെ സംബന്ധിച്ച നിലവിലെ നയതന്ത്ര രൂപീകരണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും കാര്യതാല്‍പര്യാധിഷ്ഠിതവുമാണെന്നും അത്തരത്തിലുള്ള വികസനം മനുഷ്യസമൂഹത്തിന് ഭീഷണിയാണെന്നുമുള്ള വാദത്തെയാണ് എസ്‌കോബാര്‍ സൈദ്ധാന്തികമായി സ്ഥാപിക്കുന്നത്‌

വികസനം എന്ന പദം തന്നെ മൗലികമായ ഒരു സാമൂഹിക പ്രശ്‌നമാണ് എന്ന് ഉന്നയിക്കുന്ന ഉത്തരാധുനിക അക്കാദമിക ചര്‍ച്ചകള്‍ ഇന്ന്് സജീവമാണ്. അടുത്തു വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലും നാം നിരന്തരം കേള്‍ക്കാന്‍ പോകുന്നതും ഡിവെലെപ്‌മെന്റ് എന്ന പദമാണ്. വാസ്തവത്തില്‍ ആഗോളതലത്തില്‍ പരിചയപ്പെടുത്തപ്പെട്ട വികസനം എന്ന സങ്കല്‍പ്പം എന്താണ്? അതിന്റെ ഉള്ളടക്കവും മാനദണ്ഡങ്ങളും എന്താണ്? ഏത് ചരിത്ര സന്ദര്‍ഭത്തിന്റെ സൃഷ്ടിയാണത്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരമാണ് പോസ്റ്റ് ഡിവെലെപ്‌മെന്റ് അഥവാ വികസനാനന്തര വ്യവഹാരം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നത്. വികസനത്തിന്റെ ഉത്തരാധുനിക സൈദ്ധാന്തിക വിമര്‍ശനത്തില്‍(ക്രിട്ടിസിസം) എഡ്വേര്‍ഡ് സൈദ്, മിഷേല്‍ ഫൂക്കോ തുടങ്ങിയ പരിചിത നാമങ്ങള്‍ക്ക് പുറമെ പോള്‍ ബാരന്‍, എജി ഫ്രാങ്ക്, ഇമ്മാനുവല്‍ വാലര്‍സ്റ്റീന്‍, സമീര്‍ അമീന്‍, ആര്‍ത്രോ എസ്‌കൊബാര്‍ മുതലായവരുടെ ഇടപെടലുകളും ഏറെ സവിശേഷ പ്രാധാന്യമുള്ളതാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപപ്പെട്ടുവന്ന ഒന്നാം ലോക രാഷ്ട്രങ്ങള്‍ക്കകത്തുള്ള അധികാര ശ്രേണിയുടെ ജ്ഞാന ശാസ്ത്രപരമായ വംശാവലിയെ സൂക്ഷ്മാര്‍ഥത്തില്‍ പരിശോധനക്ക് വിധേയമാക്കിയാണ് പ്രസ്തുത വ്യവഹാര മണ്ഡലം സജീവമാകുന്നത്. യൂറോ കേന്ദ്രീകൃത അധികാര വ്യവസ്ഥ ആധുനികതയുടെ ജ്ഞാനവ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്ന അദൃശ്യമായ ലോകക്രമത്തെ പൊളിച്ചെഴുതുന്നതാണ്. മേല്‍സൂചിപ്പിച്ച വൈജ്ഞാനിക വിമര്‍ശനങ്ങളില്‍ വളരെ മൂര്‍ച്ചയുള്ളതാണ് അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ആര്‍ത്രോ എസ്‌കൊബാറിന്റെ വികസനാനന്തര ചിന്തകള്‍. ദീര്‍ഘകാലം നോര്‍ത്ത് കരോലിന ചാപ്പല്‍ഹില്ലിലെ അധ്യാപകനായിരുന്ന അദ്ദേഹം, രാഷ്ട്രീയ പരിസ്ഥിതിശാസ്ത്രം, വികസനത്തിന്റെ നരവംശശാസ്ത്രം, സാമൂഹിക മുന്നേറ്റങ്ങള്‍, ആഗോള വിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങിയ ബൗദ്ധിക വ്യവഹാരമണ്ഡലങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. വികസനാനന്തര ചര്‍ച്ചകളില്‍ എസ്‌കൊബാറിന്റെ മൗലിക രചനയായി വിശേഷിപ്പിക്കപ്പെടുന്നത്് ‘എന്‍കൗണ്ടറിംഗ് ഡിവെലെപ്‌മെന്റ്്: ദ മൈക്കിംഗ് ആന്റ് അണ്‍മൈക്കിംഗ് ഓഫ് തേര്‍ഡ് വേള്‍ഡ്’ എന്ന ഗ്രന്ഥമാണ്.

വികസനം എന്ന പ്രശ്‌നവും ബദല്‍ ആലോചനകളും

കാലക്രമേണയുള്ള മനുഷ്യന്റെ ജീവിത വികാസത്തില്‍ ‘വികസനം’ എന്ന പേര് സാമൂഹികമായും സാംസ്‌കാരികമായും ഇടപെടുന്നുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കികൊണ്ടുതന്നെയാണ് എസ്‌കോബോര്‍ വികസനത്തിന്റെ ഭൂത വര്‍ത്തമാനങ്ങളെ ആലോചനക്ക് വിധേയമാക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വികസനാനന്തര യുഗത്തിന്റെ സാധ്യതയെക്കുറിച്ച് അഭിപ്രായപ്പെടുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കും. വികസനത്തെ സംബന്ധിച്ച നിലവിലെ നയതന്ത്ര രൂപീകരണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും കാര്യതാല്‍പര്യാധിഷ്ഠിതവുമാണെന്നും അത്തരത്തിലുള്ള വികസനം മനുഷ്യസമൂഹത്തിന് ഭീഷണിയാണെന്നുമുള്ള വാദത്തെയാണ് എസ്‌കോബാര്‍ സൈദ്ധാന്തികമായി സ്ഥാപിക്കുന്നത്.

വികസനത്തിന്റെ നരവംശശാസ്ത്ര പരിപ്രേക്ഷ്യം എന്ന ഗണത്തിലാണ് എസ്‌കൊബാറിന്റെ സമീപനങ്ങള്‍ പ്രസിദ്ധമാവുന്നത്. ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തില്‍ വികസനത്തിന്റെ സമകാലിക അവസ്ഥയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക നിലയും അവയടിസ്ഥാനമാക്കി പ്രത്യക്ഷപ്പെടുന്ന കര്‍ത്താക്കളും കര്‍മ്മങ്ങളും ഏത് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. രണ്ടാം ഭാഗത്തില്‍ പോസ്റ്റ് ഡിവെലെപ്‌മെന്റ്് എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കുന്നു. 1990-കളില്‍ മാത്രം രൂപം നല്‍കപ്പെട്ട സങ്കല്‍പ്പമായി ഇതിനെ കാണാതെ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവയെക്കുറിച്ചുള്ള പുതിയ വികസന ഭാവനകള്‍ നിര്‍മിക്കുന്ന ചിന്താപദ്ധതിയായി മാറാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. മൂന്നാം ഭാഗത്തില്‍, പട്ടിണി, ഊര്‍ജ്ജം, അന്തരീക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിര ആലോചനകളോടൊപ്പം പ്രകൃതി, സംസ്‌കാരം, ആത്മീയത എന്നിവയെ വികസനാനന്തര സങ്കല്‍പ്പങ്ങളുടെ അടയാളമായി കൂട്ടിച്ചേര്‍ത്ത് എങ്ങനെ നിരീക്ഷിക്കാം എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, യൂണിവേര്‍സ്, ഗ്ലോബലൈസേഷന്‍ എന്നീ പദക്കൂട്ടുകള്‍ക്കപ്പുറം, പ്ലൂറിവേര്‍സ് എന്ന പദത്തിലൂടെ എല്ലാവര്‍ക്കും (ജാതി, ലിംഗ, മൃഗ ഭേദമന്യേ) വാസയോഗ്യമായ ബഹുലോകങ്ങളുടെ ഉദ്ഗ്രഥനം നമുക്ക് സാധിക്കണമെന്ന് എസ്‌കൊബാര്‍ വാദിക്കുന്നു.

1949 ജനുവരി ഇരുപതിന് ഹാരി ട്രൂമാന്‍ അമേരിക്കയില്‍ നടത്തിയ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍, യുഎസും ഇതര രാജ്യങ്ങളും കൈകൊള്ളേണ്ട ജനാധിപത്യപരമായ മെച്ചപ്പെട്ട ഇടപാടിനെ(ഡെമൊക്രാറ്റിക് ഫെയര്‍ ഡീല്‍)ക്കുറിച്ച് പറയുന്നുണ്ട്. അവികസിത രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ദുരിതവും അസുഖവും പേറുന്ന സമൂഹത്തിന് സമാധാന ജീവിതം നയിക്കാന്‍ ആധുനിക ടെക്‌നോളജി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സമാധാനത്തിനും സമൃദ്ധിക്കും അടിസ്ഥാനം ഭേദപ്പെട്ട ഉല്‍പാദനക്ഷമതയാണെന്നും, അതിന് ആധുനിക ശാസ്ത്രീയ സാങ്കേതിക വിവരത്തിന്റെ പ്രായോഗികവത്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ദുരിത രാജ്യങ്ങള്‍ക്ക് എങ്ങനെ വികസനം നല്‍കാം എന്ന ചിന്ത ഉടലെടുക്കുന്നത്. മൂലധനവും ശാസ്ത്രവും സാങ്കേതികതയും ഈ ജനകീയ വികസനത്തിന്റെ ആണിക്കല്ലായി കരുതണമെന്ന ആലോചനകള്‍ വരുന്നത് രണ്ടാം ലോകമഹായുദ്ധാനന്തര ഘട്ടത്തിലാണെന്നതാണ് പ്രധാന വസ്തുത. എങ്കിലും 1950കള്‍ക്ക് ശേഷം ഇത് ഏകപക്ഷീയമായ അധീശത്വമായി മാറി. വികസനത്തിന്റെ സൈദ്ധാന്തിക ചര്‍ച്ചകളൊക്കെ പിന്നീട് അതിന്റെ തന്നെ വിരുദ്ധ ചേരിയില്‍ തമ്പടിക്കുകയാണ് ചെയ്തതെന്ന് എസ്‌കൊബാര്‍ ചൂണ്ടിക്കാണിക്കുന്നു.

വികസനത്തിന്റെ വ്യവഹാരങ്ങളില്‍ വിഭിന്നമായ ആശയങ്ങളും അഭിപ്രായങ്ങളും 1950-കള്‍ മുതല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേവല സാമ്പത്തിക വളര്‍ച്ച എന്നതിനപ്പുറം, പ്രശ്‌നപരിഹാരത്തിനുതകുന്ന വികസന മാതൃകകളും അവതരിപ്പിച്ചിരുന്നതായി കാണാം. എന്നാല്‍, വിമര്‍ശനങ്ങളും പുനര്‍സൈദ്ധാന്തീകരണവും ഒക്കെ നടക്കുന്നുണ്ടെങ്കിലും വികസനം ഫലത്തില്‍ ഏകശിലാത്മകത പ്രയോഗിക്കുന്നുവെന്നതാണ് ഏറെ പ്രശ്‌നവത്കരിക്കേണ്ടത്. അഥവാ, വികസനം എന്ന സത്യം നിലവിലെ വികസന വ്യവഹാര ചര്‍ച്ചകളാല്‍ അധീനപ്പെട്ടതാണെന്നും അത് കൊണ്ട് വികസനത്തിന്റെ മറ്റൊരു റിയാലിറ്റി സ്ഥാപിക്കാന്‍ എറെ പാടുപെടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. അത് കൊണ്ട് ഫൂക്കോ സൂചിപ്പിക്കുന്ന ഡിസ്‌കോര്‍സ്് ആന്റ് പവര്‍ അനാലിസിസ് ഇവിടെ ഏറെ പ്രസക്തമാണ്. സാമൂഹിക വസ്തുതയെ അടയാളപ്പെടുത്തുന്നതില്‍ അധികാരവും വ്യവഹാരവും ഗണനീയ സ്വാധീനം ചെലുത്തുന്നുവെന്നതാണ് ഫൂക്കോയുടെ വാദം. അധികാരമുള്ളവന്‍ സവിശേഷമായ സാമൂഹിക/വികസന ക്രമം നിര്‍മിക്കുകയും അത് മറ്റൊരു വികസന ക്രമത്തെ റദ്ദാക്കുകയും ചെയ്യുന്നുവെന്ന വാദമാണ് ഫൂക്കോയുടെ നിലപാടിലൂന്നിയ വികസനത്തിന്റെ വിമര്‍ശനം. പ്രസ്തുത വിമര്‍ശനങ്ങളുടേത് പോലെ എഡ്വേര്‍ഡ് സൈദും മുദിംബയും ചന്ദ്ര മോഹന്ദിയും ഹോമി ബാബയും മൂന്നാം ലോക അടയാളപ്പെടുത്തലുകള്‍ക്ക് വേണ്ടി നിരന്തരം ശ്രമിച്ചവരാണ്.

വികസന വ്യവഹാര ചര്‍ച്ചകള്‍ ചരിത്രപരമായി നിര്‍മിക്കപ്പെട്ട വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ തുടങ്ങിയപ്പോഴാണ് ഏറെ പ്രശ്‌നവല്‍കൃതമായത്. എഡ്വേര്‍ഡ് സൈദ് ‘ഒറിയന്റലിസം’ എന്ന പുസ്തകത്തില്‍ പൗരസ്ത്യവാദത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്: ‘ഒരു വ്യവഹാരമായി കാണാതെ എനിക്ക് അതിനെ മനസ്സിലാക്കല്‍ അസാധ്യമാണ്. പൗരസ്ത്യ ദേശത്തെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും സാമൂഹികമായും നിര്‍മിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത അധികാര ചട്ടക്കൂട് എന്ന നിലക്ക് പടിഞ്ഞാറ് നിര്‍മിച്ചതാണ് ഒറിയന്റിലിസം’. ഇത് പോലെയാണ് വികസന ചര്‍ച്ചകളും എന്ന് എസ്‌കൊബാര്‍ പറയുന്നു. പടിഞ്ഞാറന്‍ സാമൂഹിക നിരീക്ഷകര്‍ ഏഷ്യയിലാണ് പ്രശ്‌നമുള്ളത് എന്ന് ചൂണ്ടികാണിക്കുന്നതും നമുക്കുള്ള വികസനം അവര്‍ക്ക് ഇല്ലാതെ പോയെന്ന് പരിതപിക്കുന്നതും അവര്‍ മനസ്സിലാക്കി വെച്ച വികസന വിചാരങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു. സമാനമായ ചിന്താധാരയാണ് വിവൈ മുദിംബയുടെ ‘ദ ഇന്‍വെന്‍ഷന്‍ ഓഫ് ആഫ്രിക്ക’ എന്ന ഗ്രന്ഥവും പങ്കുവെക്കുന്നത്. പാശ്ചാത്യ ജ്ഞാനമീമാംസക്ക് ബദലായി ആഫ്രിക്കയില്‍ ജ്ഞാനമുണ്ടെന്നും അവരുടേതായ സ്വത്വം അവര്‍ തന്നെ നിര്‍മിച്ചിരുന്നുവെന്നും മുദിംബ പറയുന്നു.

ഈ ആശയം മൂന്നാം ലോകം എന്ന സങ്കല്‍പ്പത്തിലേക്കും വികസിപ്പിക്കാം എന്ന് എസ്‌കൊബാര്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘ആധുനിക പടിഞ്ഞാറിന്റെ ചരിത്രത്തില്‍, യൂറോപ്പേതര പ്രദേശങ്ങള്‍ യൂറോ നിര്‍മിതികള്‍ക്കനുസൃതമായി നിര്‍മിച്ചതും രൂപകല്‍പന ചെയ്യപ്പെട്ടതുമാണ്. അത് കൊണ്ട് ആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും മൂന്നാം ലോകമാണെന്നും അവികസിതമാണെന്നുമുള്ള ബോധം അത്തരം പ്രദേശങ്ങളെക്കുറിച്ച്് പടിഞ്ഞാറ് നിര്‍മിച്ച ജ്ഞാന വംശാവലിയുടെ മിഥ്യാധാരണയായിട്ടാണ് കാണേണ്ടത്’. ക്ലിഫോര്‍ഡിന്റെ ഭാഷ കടമെടുത്താല്‍, അധിനിവിഷ്ട സമൂഹത്തെ അദൃശ്യമായ വസ്തുവെന്ന നിലയില്‍ വേര്‍തിരിച്ചുകാണലാണ് യൂറോപ്യന്‍ നിരീക്ഷകരുടെ ദൗത്യമെന്ന് മനസ്സിലാക്കപ്പെടുന്നു. പ്രസ്തുത പ്രശ്‌നത്തില്‍ ലോകത്തിന്റെ പ്രദര്‍ശനശാലയില്‍ പ്രവേശിച്ച സന്ദര്‍ശകന്റെ സ്ഥാനമാണ് യൂറോപ്പിനുള്ളതെന്ന് തിമോതി മിച്ചല്‍ സൂചിപ്പിക്കുന്നുണ്ട്. യൂറോ ആധുനികത എങ്ങനെ ഈജിപ്തിനെ ബാധിച്ചുവെന്ന ചര്‍ച്ചയിലാണ് മിച്ചല്‍ ഈ സംശയം ഉന്നയിക്കുന്നത്.

ചന്ദ്ര മോഹന്തി ഉന്നയിക്കുന്ന ആധുനിക വിമര്‍ശനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മൂന്നാം ലോക സ്ത്രീ ആര്? എങ്ങനെ എന്നത് നിര്‍വചിക്കപ്പെടുന്നത് ആരിലൂടെ? എന്നതാണ് മോഹന്തിയുടെ ചോദ്യം. മിക്ക സ്ത്രീപക്ഷ സാഹിത്യത്തിലും അവള്‍ ഒത്തിരി ആവശ്യങ്ങളുള്ളവളും പ്രശ്‌നക്കാരിയുമാണ് എന്ന ഇമേജാണ് പ്രക്ഷേപണം ചെയ്യപ്പെടുന്നത്. അഥവാ, ലിംഗപരമായ അസ്തിത്വം മൂന്നാം ലോക സ്ത്രീയില്‍ ബലഹീനവും പടിഞ്ഞാറന്‍ സ്ത്രീയില്‍ പ്രബലവുമാണ് എന്നതാണ് പൊതു വാദം. വിവരദോഷിയായ, പാവം മനസ്സുള്ള, വിദ്യാഹീനയായ, കുടുംബ-പാരമ്പര്യ ചട്ടക്കൂട്ടില്‍ ബന്ധിതയായ, ഇരയാക്കപ്പെട്ട മൂന്നാം ലോക സ്ത്രീയാണ് ഒരു ഭാഗത്ത് എങ്കില്‍, മറുഭാഗത്ത് വിവരമുള്ള, സ്വന്തം ശരീരത്തിലും ലൈംഗികതയിലും അധികാരവും നിയന്ത്രണവുമുള്ള, സ്വകീയതയെ നിര്‍മിച്ചവളാണ് ആധുനിക പടിഞ്ഞാറന്‍ സ്ത്രീ എന്ന ധാരണയും സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ പടിഞ്ഞാറന്‍ സ്ത്രീപക്ഷ വ്യവഹാരങ്ങളില്‍ അധീശത്വം പ്രബലമാണെന്നും ആ അധീശത്വം പുനരാലോചനക്ക് വിധേയമാക്കണമെന്നും മോഹന്തി ആവശ്യപ്പെടുന്നുണ്ട്. ഇവിടെ പട്ടിണിയും വിവരമില്ലായ്മയും അധികാരരാഹിത്യവും ദൃശ്യമായാല്‍ അവര്‍ക്ക് കര്‍തൃത്വം ഇല്ലെന്ന് വിധിതീര്‍പ്പാക്കുന്ന വികസന സാഹിത്യമാണ് പടിഞ്ഞാറിന്റേത് എന്ന് എസ്‌കൊബാര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഏതായാലും പ്രസ്തുത കൊളോണിയല്‍ വ്യവഹാരത്തെ പരിഹാസപൂര്‍വ്വം ഹോമി ബാബ വിളിക്കുന്നത് ‘വ്യവഹാരങ്ങളിലെ അവികസിതമായ സൈദ്ധാന്തികവല്‍ക്കരണം’ എന്നാണ്. ബാബ കൊളോണിയല്‍ വ്യവഹാരത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ‘ജ്ഞാനോല്‍പാദനത്തിലൂടെ സര്‍വ്വ നിരീക്ഷണ പദവിയുള്ള കര്‍തൃസമൂഹത്തിന് ഒരിടം ഒരുക്കലായിരുന്നു അവരുടെ പദ്ധതി. അധിനിവിഷ്ട സമൂഹത്തെ വംശീയമായി തരംതാണവരാണെന്ന് വിധിച്ചപ്പോള്‍ തദ്ഫലമെന്നോണം അവര്‍ നേടിയ വിജയങ്ങളെയും ഭരണസംവിധാനങ്ങളെയും ന്യായീകരിക്കാനുള്ള ഉപാധിയായി അവരുടെ ചിന്താപദ്ധതി മാറി. അത് കൊണ്ട് ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത് ബഹുമുഖ പ്രവര്‍ത്തനങ്ങളെ നിര്‍ദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കര്‍തൃരാഷ്ട്രത്തെ അടയാളപ്പെടുത്തുന്ന ഭരണബോധമാണ് അവരുടേത് എന്നാണ്’.

യൂറോപ്പ് നിര്‍മിച്ച മൂന്നാം ലോക ഭാവനകളെ ഇമാജിനേറ്റീവ് ജിയോഗ്രഫീസ് എന്ന പേരിലാണ് എഡ്വേര്‍ഡ് സൈദ് പരിചയപ്പെടുത്തുന്നത്. പ്രസ്തുത ഭാവനകള്‍ അധികാരത്തിലൂന്നിയത് കൊണ്ട് തന്നെ ഒന്നാം ലോകം, മൂന്നാം ലോകം, വടക്ക്, തെക്ക്, മധ്യം, പുറമ്പോക്ക് എന്നീ നാമങ്ങളില്‍ തന്നെ അധികാരഭാഷയുടെ ശ്രേണീകരണം കാണാം. അതുകൊണ്ട് വികസനം എന്നത് ചരിത്രപരമായി ഉണ്ടായ ഏകശിലാത്മക അനുഭവമാണെന്നാണ് എസ്‌കൊബാര്‍ നിരീക്ഷിക്കുന്നത്. സങ്കല്‍പ്പനങ്ങളിലൂടെയും അതിന്റെ സൈദ്ധാന്തികവല്‍ക്കരണത്തിലൂടെയും ജ്ഞാനം ഉല്‍പാദിപ്പിക്കുകയും അവയെ അധികാരവുമായി കൂട്ടിയിണക്കി പൊതുബോധത്തിന്റെ വ്യവഹാര മണ്ഡലം സൃഷ്ടിക്കുകയും ചെയ്ത വികസന അനുഭവത്തെയാണ് എസ്‌കൊബാര്‍ പൊളിച്ചെഴുതുന്നത്. എസ്‌കൊബാര്‍ തന്റെ കൃതി സൈദിന്റെ ഒറിയന്റലിസത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിന് സമാനമാണെന്ന് വിചാരിക്കരുതെന്ന് ആവശ്യപ്പെടുന്നത് കാണാം. രണ്ടും വ്യവഹാര മണ്ഡലങ്ങളാണെങ്കിലും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് പ്രായോഗികതയിലൂന്നിയതാണെന്നാണ് കാരണമായി വിശദീകരിക്കുന്നത്. മൂന്നാം ലോകം എങ്ങനെ ഉണ്ടായി എന്നതിലേക്ക് വഴിവെക്കുന്ന ആലോചനകളുടെയും സ്വത്വനിര്‍മാണനീക്കങ്ങളെയും പരിശോധിക്കുന്നതാണ് ഈ വ്യവഹാരം.

ഉദാഹരണമായി, 1970-1980കളില്‍ ഗ്രാമീണ വികസനം, ആരോഗ്യം, പോഷകാഹാര വര്‍ധനവ് എന്നിവ ആസൂത്രിതമായി നടപ്പാക്കേണ്ട രീതികളെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതായി കാണാം. കൂടാതെ, സൈദിന്റെ സമീപനത്തില്‍ നിന്ന്് മറ്റൊരു വ്യത്യാസവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. നിര്‍ബാധം അധിനിവേശ ശക്തിയില്‍ നിക്ഷിപ്തമാണ് അധിനിവിഷ്ട സമൂഹത്തിന്റെ അധികാരം എന്ന കാഴ്ച്ചപ്പാട് സൈദിന്റെതാണെങ്കില്‍ താന്‍ വീക്ഷിക്കുന്നത് നേരെ മറിച്ചാണത്രെ. വികസന വ്യവഹാര മണ്ഡലത്തില്‍ പൂര്‍ണമായും അധികാരം അധിനിവേശശക്തിയിലല്ലെന്നും പകരം നിലവിലെ വികസനസങ്കല്‍പ്പങ്ങള്‍ക്കെതിരെയായി മൂന്നാം ലോക സമൂഹം ബദല്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ ചെറുത്തുനില്‍പ് നടത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏതായാലും യൂറോ ആധുനികതയെ ഇഴപിരിച്ച് അപഗ്രഥിക്കുന്ന എസ്‌കൊബാര്‍ തന്റെ രീതിശാസ്ത്രത്തെ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ ആധുനികതയുടെ നരവംശശാസ്ത്രപഠനമെന്നും വികസനത്തിന്റെ എത്‌നോഗ്രഫിയെന്നുമാണ്.

ഗ്ലോബല്‍ സൗത്ത്, നോര്‍ത്ത് എന്നീ തരംതിരിവുകളെ എസ്‌കൊബാര്‍ ശക്തിയായി വിമര്‍ശിക്കുന്നത് കാണാം. അദ്ദേഹം പറയുന്നു: ‘എന്റെ യുവത്വകാലത്ത്, ലാറ്റിന്‍ അമേരിക്ക തീര്‍ച്ചയായും വടക്കേ അമേരിക്കയുടെ വികസന മാതൃകള്‍ പിന്തുടരണമെന്ന നിര്‍ദേശത്തെ വെറുത്തിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ ലാറ്റിന്‍ അമേരിക്കന്‍ ഡിപ്പന്റന്‍സി തിയറി വശമുള്ളത് കൊണ്ട് കൂടുതല്‍ വായിച്ചിരുന്നത് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെയും ഹെര്‍ബര്‍ട്ട് മാര്‍കേസിന്റെയും ജീന്‍ പോള്‍ സാര്‍ത്രിന്റെയും കൃതികളായിരുന്നു. അങ്ങനെയാണ് ആധുനികവത്കരണം, വ്യാവസായവത്കരണം എന്നീ വികസന സങ്കല്‍പങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് 1992ല്‍ ഡിവെലെപ്‌മെന്റ് ഡിക്ഷണറി രചിച്ചതും ഇനി പോസ്റ്റ് ഡിവെലെപ്‌മെന്റ് ഡിക്ഷണറി രചിക്കാനിരിക്കുന്നതും.

നിലവിലെ ഡിവെലെപ്‌മെന്റ് എന്ന പദപ്രയോഗത്തിന് പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് എസ്‌കൊബാര്‍ വളരെ സൂക്ഷ്മമായാണ് മറുപടി പറയുന്നത്. വികസന ബദലുകള്‍ എന്നര്‍ഥത്തില്‍ ‘ഡിവെലെപ്‌മെന്റ് ആള്‍ടെര്‍നേറ്റീവ്‌സ്’ എന്ന് ഉപയോഗിക്കുന്നതിന് പകരം വികസനത്തിന് ബദലുകള്‍ എന്നര്‍ഥത്തില്‍ ‘ആള്‍ടെര്‍നേറ്റീവ്‌സ് റ്റു ഡിവെലെപ്‌മെന്റ്’ എന്ന പദപ്രയോഗമായിരിക്കും ഏറെ ഉചിതം എന്നദ്ദേഹം അഭിപ്രായപ്പെടുന്നത്. പ്ലൂറിവേര്‍സ് എന്ന പദവും പ്രസ്തുത അര്‍ഥത്തെ കൂടുതല്‍ ഫലപ്രദമായി ആവിഷ്‌കരിക്കുന്നതായി കാണാം. എല്ലാ ലോകര്‍ക്കും ഒന്നിച്ചിരിക്കാന്‍ ഉതകുന്ന ലോകത്തിന്റെ ഭാവനയാണത്. പടിഞ്ഞാറന്‍ പുരുഷ കോയ്മയുടെ ഫലമായി ഉരുവം കൊണ്ട ഏക വികസന ലോക സങ്കല്‍പ്പത്തെ ലംഘിക്കാന്‍ പ്രാപ്തമായ ഒന്നായാണ് പ്ലൂറിവേര്‍സ് അവതരിക്കപ്പെടുന്നത്. മുറിയാതെ ഒഴുകുന്ന ജീവിതാവസ്ഥയെ അത് അടയാളപ്പെടുത്തുന്നുണ്ട്. ഡച്ച് കലാകാരനായ എം.സി എസ്ചര്‍ സൂചിപ്പിക്കുന്നത് നിമ്‌നോന്നതികളിലൂടെ പരസ്പരാശ്രിതത്വം നടത്തി ഒടുക്കമോ തുടക്കമോ കെണ്ടത്താനാവാത്ത സങ്കല്‍പ്പമാണ് പ്ലൂറിവേര്‍സിന്റേത് എന്നാണ്.

പട്ടിണി നിര്‍ണയവാദങ്ങളും വികസന വ്യവഹാരത്തിന്റെ കണ്ടെത്തലുകളും

ഗ്ലോബല്‍ പോവര്‍ട്ടി എന്ന പോപറൈസിംഗ് മിത്തിനെ കുറിച്ച് ‘1991’ എന്ന പുസ്തകത്തില്‍ മാജിദ് റഹ്നമ പറയുന്ന ചില വാചകങ്ങള്‍ ഉദ്ധരിച്ച് കൊണ്ടാണ് എസ്‌കൊബാര്‍ പട്ടിണി എന്ന സാമൂഹിക പ്രതിഭാസത്തെ പ്രശ്‌നവല്‍കരിക്കരിക്കുന്നത്. അവര്‍ പറയുന്നത് ഇങ്ങനെയാണ:് ‘പട്ടിണി എന്ന പദം തീര്‍ച്ചയായും നമ്മുടെ കാലഘട്ടത്തിലെ സവിശേഷ പദവും വ്യാപകമായി പലരും ആക്ഷേപരൂപേണ ഉപയോഗിക്കുന്ന ഒന്നുമാണ്. എന്താണ് ആവശ്യകത, അത് ആര്‍ക്കാണ് വേണ്ടത് എന്നതൊക്കെ തീരുമാനിക്കാന്‍ യോഗ്യത ആര്‍ക്കാണ് ഉള്ളത്’. യുഎസ് മോഡല്‍ പട്ടിണി നിശ്ചയിക്കലിന്റെ അടിസ്ഥാനത്തിലാണ് ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ‘വാര്‍ ഓണ്‍ പോവര്‍ട്ടി’ എന്ന മുദ്രവാക്യം ഉയരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ വാദം ഏറെ സജീവമാവുന്നത്. അതിനു മുമ്പേ തദ്ദേശീയരായ ജനത പരിഷ്‌കരിക്കപ്പെടേണ്ടത് അധിനിവേശ ശക്തികളുടെ ബുദ്ധികൊണ്ടാണ് എന്ന ധാരണ നിലവിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ പട്ടിണിയെ പരിഹരിക്കാനുള്ള ഉപാധികള്‍ അവര്‍ തേടിയിരുന്നില്ല. അത് അപ്രധാനമാണെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.

എന്നാല്‍, അതേ സമയം ഏഷ്യയിലും ആഫ്രിക്കയിലും ജീവിക്കുന്ന പ്രാദേശിക സമൂഹങ്ങള്‍ പട്ടിണിയെ കൃത്യമായി നിര്‍വചിക്കാനും വിശദീകരിക്കാനും ആരംഭിച്ചിരുന്നു. എങ്കിലും, മാസീവ് പോവര്‍ട്ടി എന്നത് പ്രത്യക്ഷപ്പെടുന്നത് മാര്‍കറ്റ് എക്കോണമി സാമൂഹിക ബന്ധങ്ങളെയും മനുഷ്യനെയും അവന്റെ വിഭവ ലഭ്യതയില്‍ നിന്ന് അകറ്റുമ്പോഴാണ് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.

റഹ്നാമ പറയുന്നു: ‘പട്ടിണിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൂന്നാംലോക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആതുര സേവന സംരംഭങ്ങള്‍ പുവര്‍ എന്ന നാമത്തെ സഹായിക്കപ്പെട്ടവന്‍ എന്ന നാമത്തിലേക്ക് രൂപം മാറ്റി എന്നതാണ് വസ്തുത’. ഇതിനെ എസ്‌കൊബാര്‍ വിളിക്കുന്നത് പട്ടിണിയുടെ ആധുനീകരണം എന്നാണ്. കാരണം ആതുര സേവനം എന്ന മുദ്രയുമായി കടന്നുവരുന്നത് സ്വതാല്‍പര്യങ്ങളുള്ള സ്ഥാപനങ്ങളാണെന്നതായിരുന്നു വസ്തുത. അത് കൊണ്ട് പട്ടിണി എന്ന നഗ്ന യാഥാര്‍ഥ്യം മൂന്നാം ലോകത്തിന്റെ ഇന്‍ഹെറന്റ് സവിശേഷതയാണെന്നും അതിനെ ഇല്ലാതാക്കല്‍ നവ വികസന നയങ്ങളുടെ ഭാഗമാണെന്നും വിശ്വസിക്കുന്ന, ഒരു ചിന്താധാര രൂപീകരിക്കുകയായിരുന്നു ഒന്നാം ലോക രാഷ്ട്രങ്ങള്‍. അതിന്റെ ഭാഗമായി, ‘ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡിവെലെപ്‌മെന്റ്’ 1949 ജൂലൈ 11 മുതല്‍ നവംബര്‍ അഞ്ച് വരെ പുതിയ സാമ്പത്തിക നയം കൊണ്ടുവന്നിരുന്നു. കൊളംബിയയില്‍ ഒരുമിച്ച് കൂടി അവികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടി ഒരു ബാങ്കിംഗ് ശൃഖല തുടങ്ങലായിരുന്നു അവരുടെ പദ്ധതി. കൊളംബിയ മാതൃകയാക്കി അവികസിത രാജ്യങ്ങളില്‍ വിദേശ വ്യാപാരം, ആരോഗ്യം, എണ്ണ, സമ്പത്ത് തുടങ്ങിയ ഭിന്ന മേഖലകളില്‍ വികസനം സ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനെ യൂറോ അമേരിക്കന്‍ അടയാളപ്പെടുത്തല്‍ എന്ന രീതിയിലാണ് എസ്‌കൊബാര്‍ വീക്ഷിക്കുന്നത്.

അത് കൊണ്ട് രക്ഷാകര്‍തൃത്വത്തിന്റെ ചിത്രം (സാല്‍വേഷന്‍ ഇമേജ്) കൂടുതല്‍ ഭദ്രതയോടെ അവതരിപ്പിക്കാനാണ് ഒന്നാം ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചതെങ്കിലും, പിന്നീട്, അവ അപകോളനീകരണം എന്ന സിദ്ധാന്തത്തിലൂടെ രൂപമാറ്റം സംഭവിച്ചതായാണ് അദ്ദേഹം പറയുന്നത്. ചുരുക്കത്തില്‍ ആധുനിക വികസനസങ്കല്‍പ്പങ്ങളെ കോളനി മുക്തമാക്കുക എന്ന എസ്‌കൊബാറിന്റെ ധാരണയാണ് പിന്നീട് ഡീകൊളോണിയല്‍ ബദല്‍വികസന ചിന്തകളുടെ വ്യവഹാരങ്ങളെ പ്രബലമാക്കുന്നത്. വികസനം ഗണാത്മകമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കപ്പുറം, സ്വാതന്ത്ര്യവും സഹജവാസനയും പ്രാപ്തിയും ഉള്‍ക്കൊള്ളുന്ന പദത്തിന്റെ സമുച്ചയമാണെന്നാണ് ‘ഡിവെലെപ്‌മെന്റ്് ആസ് ഫ്രീഡം’ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യ സെന്‍ അഭിപ്രായപ്പെടുന്നത്. ഈ അഭിപ്രായത്തിന്റെ പ്രാഥമികവും മൗലികവുമായ വിപുലീകരണമായിട്ടാണ് എസ്‌കൊബാറിന്റെ ചിന്തകള്‍ കരുത്താര്‍ജിക്കുന്നത്.

ജോര്‍ജ് റിറ്‌സര്‍ തന്റെ ‘വാട്ട് ഈസ് സോഷ്യോളജി’ എന്ന പുസ്തകത്തില്‍ ഡീബങ്കിംഗ് എന്ന ആശയത്തെ മുന്‍നിര്‍ത്തി സംസാരിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഒരു സംഭവമെന്ന് തോന്നിക്കുന്നതിനെ സൂക്ഷ്മാര്‍ഥത്തില്‍ അതിന്റെ അപ്പുറവും പിന്നാമ്പുറവും അവലോകനം ചെയ്ത് വിശകലനം നടത്തുന്നതിനെയാണ് ആ പദം സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ ആ പദം കൃത്യമായി ഓര്‍മിപ്പിക്കുന്നത് വികസന വ്യവഹാരങ്ങളെ പൊളിച്ചെഴുതി എസ്‌കൊബാര്‍ നടത്തിയ ഇടപെടലുകളെയാണ്. പ്രമേയത്തിലും ഘടനയിലും മൗലികമായി പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കാന്‍ ധൈര്യം കാണിക്കുകയും അവയെ സൈദ്ധാന്തികമായും ഗണാത്മകമായും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നിടത്താണ് ഉത്തരാധുനിക വികസനചര്‍ച്ചകളില്‍ എസ്‌കൊബാര്‍ എന്ന നാമം ഇടം പിടിക്കുന്നത്.

അവലംബ ഗ്രന്ഥങ്ങള്‍

Escobar, Arturo. 1995. Encountering Devolopment. US: Princeton Press.

Escobar, Arturo. Escobar’s response. Social Analysis The Internationala Journal of Cultural and Social Practice. Vol 58. No. 2 (2014) p 97-104.

Autumn, Suzanne. Anthropologists, Devolopment, and Situated truth. Human organization. Vol.55. No 4 (1996) p 480-484

 

 

 

 

സ്വാലിഹ് അമ്മിനിക്കാട്

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.