Thelicham
theli

മള്‍ട്ടി മോഡല്‍ എത്‌നോഗ്രഫി-2

ഒരു സമ്പൂര്‍ണമായ നിര്‍വചനം എത്‌നോഗ്രഫിക്ക് നല്‍കുക എന്നത് പല കാരണങ്ങളാല്‍ ദുഷ്‌കരമാണ്. അതിലൊന്ന് ഈ ജ്ഞാനപദ്ധതി വ്യവസ്ഥാപിതമായി വ്യവഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ആന്ത്രോപോളജിയിലേക്ക് പോലും അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു ഉപശാഖയായി കൊണ്ട് വരാന്‍ സാധിക്കുകയില്ല. അമേരിക്കന്‍ അകാദമി പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഞങ്ങള്‍ നിര്‍ദേശിക്കാറുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശാഖയുടെ സൈദ്ധാന്തികമായ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ച് കൊടുത്തതിന് ശേഷം തങ്ങളുടെ അഭിരുചിക്കനുസരിച്ച് വികസിപ്പിച്ചെടുക്കാനാണ്. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നതും ഒരു കാരണമാണ്. കാരണം ഒരു എത്‌നോഗ്രഫര്‍ തന്റെ ഗവേഷണസമയത്ത് എന്തൊക്കെയാണ് അഭിമുഖീകരിക്കുകയെന്നത് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. ചില പ്രത്യേക സ്വഭാവത്തിലുള്ള മനുഷ്യരെ അതിന്റെ ഭാഗമായി കണ്ടു മുട്ടാം. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. അത് കൊണ്ട് തന്നെ ഇതിന് കൃത്യമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കില്ല. എങ്കിലും പഠനത്തിന്റെ ഭാഗമായി സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റു പലരുമായി ചര്‍ച്ച ചെയ്യാനും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനും അവസരമുണ്ട്. ഏറ്റവും പ്രാഥമികമായി മനസ്സിലാക്കേണ്ടത് നാം ഗവേഷണം നടത്തുന്ന സ്ഥലത്ത് പോയി അവിടെ കുറച്ച് സമയം ചിലവഴിക്കുകയെന്നതാണ്. അത് നമ്മുടെ തന്നെ പാശ്ചാത്തലത്തിലുള്ള മേഖലയാണെങ്കിലും നമുക്കന്യമായതാണെങ്കിലും നമ്മുടെ ഗവേഷണത്തിന്റെ മികവ് നാം അവിടെ ചിലവഴിക്കുന്ന സമയ കാലവധിയെ ആശ്രയിച്ചിരിക്കും. ഒന്നോ രണ്ടോ വര്‍ഷമൊക്കെ ചിലവഴിക്കുകയാണെങ്കില്‍ അവരുടെ ചരിത്രത്തെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഗ്രഹിച്ചെടുക്കാന്‍ സാധിക്കും. അവരുടെ പ്രാദേശിക ഭാഷ, ഭാഷാ പ്രയോഗങ്ങളുടെ സാംസ്‌കാരികമായ സ്വാധീനം തുടങ്ങിയ സൂക്ഷമമായ വിവരങ്ങള്‍ വരെ ഇതിന്റെ ഭാഗമായി എത്‌നോഗ്രഫറിന് ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരേ സമയം പ്രസ്തുത ജ്ഞാനോല്‍പാദനത്തിന്റെ ഭാഗഭാക്കാവുകയും അതിനെ നിരീക്ഷിക്കുകയും (പാര്‍ട്ടിസിപന്റ് ഒബ്‌സര്‍വേഷന്‍) ചെയ്യുന്നു. പ്രഥമദൃഷ്ട്യാ ഈ പ്രക്രിയ വൈരുദ്ധ്യാത്മകമായി തോന്നിയേക്കാം. എന്നാല്‍ ഈ വൈരുദ്ധ്യ സ്വഭാവമാണ് എത്‌നോഗ്രഫിയെ വ്യതിരക്തമാക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഒരു ക്ലാസിനെ അധികരിച്ചാണ് എത്‌നോഗ്രഫി ചെയ്യുന്നതെങ്കില്‍, ഒന്നുകില്‍ എനിക്ക് ആ ക്ലാസിന്റെ ഭാഗമാവുകയും വിദ്യാര്‍ത്ഥികളോട് കൂടെ പഠിക്കുകയും ചെയ്യാം, അല്ലെങ്കില്‍ അതില്‍ നിന്ന് മാറിനിന്ന് ഒരു നിരീക്ഷണസ്വഭാവത്തിലുള്ള പഠനം തയ്യാറാക്കുകയും ചെയ്യാം. എന്നാല്‍ തന്റെ പഠനമേഖലയില്‍ ഒരു ഫീല്‍ഡ് വര്‍ക്കറായി രംഗപ്രവേശം ചെയ്യാനുള്ള, മറ്റു പല ബാഹ്യമായ ഘടകങ്ങളും സ്വാധിനിക്കാനിടയുമുള്ള തീരുമാനമെടുക്കലാണ് ഒരു എത്‌നോഗ്രഫര്‍ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഉദാഹരണത്തിന് ഞാന്‍ കലയെക്കുറിച്ച് നടത്തിയ എത്‌നോഗ്രഫിയെക്കുറിച്ച് പറയാം. അതില്‍ ചിലര്‍ തിയേറ്റര്‍ കമ്പനിയിലാണെങ്കില്‍ ബാക്കിയുള്ളവര്‍ ഓഡിയന്‍സായിരിക്കും. ഇതില്‍ ഏത് ഭാഗമാണ് സ്വീകരിക്കേണ്ടതെന്നത് തീര്‍ത്തും എന്നില്‍ അര്‍പിതമായിട്ടുള്ള ദുഷ്‌കരമായ കര്‍തവ്യമാണ്.

എതനോഗ്രഫിയുടെ വ്യതിരക്തതയും വെല്ലുവിളികളും

സമൂഹം, സംസ്‌കാരം, സാഹിത്യം തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ ഇതില്‍ വിഷയീഭവിക്കുമെങ്കിലും, ആഖ്യാനത്തിലെ വ്യതിരക്തതയാണ് കൊണ്ടു വരുന്നതിലാണ് എത്‌നോഗ്രഫിയെവയ്ത്യസ്തമാക്കുന്നത്. നമ്മുടെ സമൂഹത്തിനുള്ളില്‍ തന്നെ വ്യക്തികള്‍ക്കിടയില്‍ ഈ സ്വഭാവ വൈവിധ്യങ്ങള്‍ കാണാന്‍ സാധിക്കും. ചരിത്രപരമായി ആന്ത്രോപോളജി തന്നെ വികസിക്കുന്നത് സമൂഹങ്ങളില്‍ നിലനിന്ന ഇത്തരം വൈവിധ്യങ്ങളില്‍ ഊന്നിക്കൊണ്ടാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങളുടെ സങ്കലനം, അല്ലെങ്കില്‍ അമേരിക്കക്കാരും ഇന്ത്യക്കാരുടെയും ഒരുമിച്ച് കൂടുമ്പോള്‍ അവിടെ സംഭവിക്കുന്ന സമ്മിശ്ര പ്രതിഭാസം, മാനവ സമൂഹം എന്ന നിലയില്‍ അവരെ ഒരുമിപ്പിക്കുന്ന പലതരം സാമ്യതകള്‍ തുടങ്ങിയവ എത്‌നോഗ്രഫിയിലൂടെ കണ്ടെത്താം.
പ്രസ്തുത ഉദ്യമം രീതിശാസ്ത്രപരവും പ്രാതിനിധ്യപരവും ധാര്‍മികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. മുമ്പ് നാം ചര്‍ച്ച ചെയ്ത, ഇവിടെ കേരളത്തിലുള്ള സമുദായങ്ങളുടെ കൊളോണിയല്‍ എത്‌നോഗ്രഫിയുടെ പ്രാതിനിധ്യസ്വഭാവം തന്നെ ഉദാഹരണമായി എടുക്കുക. കൊളോണിയല്‍ കാലഘട്ടത്തില്‍ പ്രസ്തുത സമുദായങ്ങള്‍ അവരുടെ സംസ്‌കാരത്തെ ഹിംസാത്മകവും പോരാട്ടവീര്യമുറ്റി നില്‍ക്കുന്നതുമായ ജീവിതശൈലിയായി, സന്ദര്‍ഭത്തിനനുസൃതമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമകാലികരായ അവരുടെ പിന്‍തലമുറക്കാര്‍ക്ക് ഒരു പക്ഷേ പ്രസ്തുത ജീവിതശൈലിയുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. അത് കൊണ്ട് തന്നെ ഒരു എത്‌നോഗ്രഫര്‍ ചരിത്രത്തിലുണ്ടായിരുന്ന ബഹുമുഖങ്ങളായ ഭാവഭേദങ്ങളില്‍ നിന്നും മറയിടുന്ന ഇത്തരം വെല്ലുവിളികളെ കുറിച്ച് പൂര്‍ണാര്‍ത്ഥത്തില്‍ ബോധവാനായിരിക്കണം.
ഞാന്‍ നേരത്തെ സൂചിപ്പിച്ച എത്‌നോഗ്രഫിയുടെ വ്യതിരക്തസ്വഭാവവും കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റി അബൂദാബിയില്‍ തന്നെ ഓരോരുത്തരും വ്യതിരക്തമായ സ്വഭാവം പുലര്‍ത്തുന്നവരാണ്. അവര്‍ യൂനിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്യുന്ന സമയം മുതല്‍ തന്നെ അതിനെക്കുറിച്ച് പൂര്‍ണമായി ബോധവാന്‍മാരുമാണ്. കോസ്‌മോപോളിറ്റന്‍ സിറ്റിയായ അബൂദാബി സന്ദര്‍ശിച്ചവര്‍ക്ക് അറിയാം. അവിടെയുള്ള സ്ട്രീറ്റുകളില്‍ ഒരാള്‍ക്കും സിറ്റിയോട് പൂര്‍ണമായ വിധേയത്വമുണ്ടാവുകയില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന് കുടിയേറിയവരായിരിക്കും അവര്‍. ഓരോരുത്തരും അപരന്റെ വേരുകള്‍ അന്വേഷിക്കുകയാണ് ചെയ്യുക. ഇത്തരം നഗര പ്രദേശങ്ങള്‍ ഹൈപര്‍ എത്‌നോഗ്രഫിക് ഡിഫറന്‍സുള്ള ഏരിയകളാണ്. ഇത് വര്‍ദ്ധിച്ച അളവില്‍ കണ്ടു വരാറുള്ളത് ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്.

എത്‌നോഗ്രഫി അനുഭവസിദ്ധമായ നിരീക്ഷണങ്ങളെ അഭിപ്രായം, സാങ്കല്‍പികമായ പരികല്‍പനകള്‍, വ്യാഖ്യാനങ്ങള്‍ എന്നീ വ്യവഹാരങ്ങളില്‍ നിന്നും എളുപ്പത്തില്‍ വേര്‍തിരിക്കാന്‍ സഹായിക്കുന്നു. യഥാര്‍ഥത്തില്‍ എത്‌നോഗ്രഫിയിലൂടെ നാം ശ്രമിക്കുന്നത് ഒരു വ്യാഖ്യാനപ്രക്രിയ ആണെങ്കില്‍ കൂടി ഈയൊരു വേര്‍തിരിവ് സാധ്യമാക്കല്‍ അനിവാര്യമാണ്. മുംബൈയിലെ ഡോബി ഗാട്ട് എന്ന സ്ഥലത്ത് അവധി ചിലവഴിച്ച എന്റെ സ്റ്റുഡന്റ് തയ്യാറാക്കിയ പ്രബന്ധത്തില്‍ അവിടെ താമസിക്കുന്നവരുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് അവന്‍ വാചാലനാവുന്നതായി കാണാനിടയായി. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത് തനിക്ക് ലഭിച്ച അനുഭവ സിദ്ധമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, അവര്‍ യഥാര്‍ത്ഥത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ തന്നെയാണോ, അതല്ല അത്തരത്തിലുള്ള ഒരു കേവല പരികല്‍പന (സപ്പോസിഷന്‍) തന്റെ ജ്ഞാനപശ്ചാത്തലം കൂടി അടിസ്ഥാനമാക്കി അവരുടെ മേല്‍ കെട്ടിവെച്ചതാണോ എന്നാണ്. നമ്മുടെ വ്യത്യസ്തമായ ഇന്ദ്രിയങ്ങള്‍ പോലും ജ്ഞാനസമ്പാദനത്തിന് വേണ്ടി നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. നാം സമൂഹത്തില്‍ കാണുന്ന നേര്‍ചിത്രങ്ങള്‍, ശ്രവിക്കുന്ന ശബ്ദവിന്യാസങ്ങള്‍, ശ്വസിക്കുന്ന വാസനയും രുചിക്കുന്ന രുചി പോലും നമുക്ക് ഡാറ്റയായി ഉപയോഗിക്കാവുന്നതാണ്.
എത്‌നോഗ്രഫിയുടെ വ്യതിരക്തമായ സ്വഭാവത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചത് ഓറല്‍ എത്‌നോഗ്രഫിയെക്കൂടി സൂചിപ്പിക്കാനാണ്. ഓറല്‍ എത്‌നോഗ്രഫി നമ്മുടെ സ്വന്തം സംസ്‌കാരത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ആഖ്യാനങ്ങളാണ്. അപ്പോഴും നാം ഈ വ്യതിരക്തസ്വഭാവത്തെക്കുറിച്ച് പൂര്‍ണബോധവാന്മാരാണ്. അത് നമ്മില്‍ നിന്നും വിഭിന്നരായ ഓഡിയന്‍സിന് കൈമാറ്റം ചെയ്യുമ്പോഴും നാം ചിന്തിക്കുന്നത് ഈ വ്യതിരക്ത സ്വഭാവത്തെക്കുറിച്ചായിരിക്കും.
ജേര്‍ണലിസം, ഓറല്‍ ഹിസ്റ്ററി, ഇന്റര്‍വ്യു പോലെയുള്ള സമാനമായ വ്യവഹാരശാഖകള്‍ ഒരുപക്ഷേ എതനോഗ്രഫിയുടെ ഭാഗമായി വന്നേക്കാം. എന്നാലും ഇവയും എത്‌നോഗ്രഫിയും തമ്മിലുള്ള പ്രകടമായ അന്തരം ഫീല്‍ഡ് വര്‍ക്കിന്റെ കാലപരിധിക്ക് അനുസരിച്ച് ബോധ്യപ്പെടും. ഇന്നത്തെ ഒരു ജേണലിസ്റ്റ് കേവലം ഒരു ദിവസം കൊണ്ട്, അവര്‍ക്ക് പ്രധാനപ്പെട്ടവരെന്ന് തോന്നുന്ന ഒന്നോ രണ്ടോ വ്യക്തികളുമായി അഭിമുഖം നടത്തുകയും, പിന്നെ വീട്ടില്‍ പോയി ആര്‍ട്ടിക്ള്‍ തയ്യാറാക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഒരു എത്‌നോഗ്രഫറിന് താന്‍ വ്യാപൃതനായിരിക്കുന്ന സമൂഹത്തോട് കുറച്ച് കൂടി പ്രതിബദ്ധത കാണിക്കേണ്ടി വരും.
ഇനി ഓറല്‍ ഹിസ്റ്ററിയും എത്‌നോഗ്രഫിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകണമെങ്കില്‍ വിഭജനകാലത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ മതി. സ്ത്രീകള്‍, കുട്ടികള്‍, താഴ്ന്ന ജാതിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ അടിയന്തരശ്രദ്ധ ലഭിക്കാതെ പോയവരുടെ ദൈനംദിന ജീവിതാനുഭവങ്ങള്‍ ഓറല്‍ ഹിസ്റ്ററിയിലൂടെ അനാവരണം ചെയ്യാനാകും. എന്നാല്‍ ഒരു എത്‌നോഗ്രഫറിന് അതിനെക്കാള്‍ ഒരുപടി കൂടി മുന്നോട്ട് പോകാന്‍ സാധിക്കും. ഉദാഹരണത്തിന്, തൊണ്ണൂറുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആന്ത്രോപോളജിസ്റ്റ് വീണ ദാസിന്റെ ലൈഫ് ആന്റ് വേര്‍ഡ്‌സ്: വയലന്‍സ് ആന്‍ഡ് ദി ഡിസന്റ് ഇന്‍ റ്റു ദി ഓഡിനറി എന്ന, ഈ ഫീല്‍ഡിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം ഒന്ന് പരിശോധിക്കുക. ഡല്‍ഹിയിലായിരിക്കെ വിഭജനാന്തരസമൂഹത്തില്‍ ജീവിച്ച് കൊണ്ട് പ്രഫ. ദാസ് രചിച്ച ഈ ഗ്രന്ഥത്തില്‍, വിഭജനകാലഘട്ടത്തിലെ കലാപകെടുതികളും അസ്വാസ്ഥ്യങ്ങളും വിഭജനാനന്തരം അവരുടെ ഇന്നത്തെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇഴചേര്‍ന്നു കിടക്കുന്നുവെന്ന് അനാവൃതമാകുന്നു. ഇത് കേവലം ഒരു ദിവസം അവരുടെ അടുത്ത് പോയിട്ട് അവര്‍ക്ക് വിഭജനകാലത്തെക്കുറിച്ചു ഓര്‍മയുള്ള മുഴുവന്‍ കാര്യങ്ങളും ശേഖരിക്കുന്ന തരത്തിലുള്ള സാമ്പ്രദായികമായ ഓറല്‍ ഹിസ്റ്ററിയേക്കാള്‍ (അത് വളരെ നിര്‍ണായകമായ വിവരമാണെങ്കില്‍ കൂടി) ഒരു പടി മികച്ചു നില്‍ക്കുമെന്നതാണ് വസ്തുത.
അവര്‍ ഇന്ന് തങ്ങളുടെ സ്ത്രീകളെ സംരക്ഷിക്കുന്ന രീതി, അവര്‍ക്കിടയില്‍ അപവാദങ്ങള്‍ പ്രചരിക്കുന്ന സ്വഭാവം തുടങ്ങിയ സാമൂഹിക ശീലങ്ങളില്‍ വിഭജനാനുഭവങ്ങള്‍ സൃഷ്ടിച്ച ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള വിലയേറിയ നിരീക്ഷണങ്ങള്‍ ഒരുപക്ഷേ വീണഭാസ് അവര്‍ക്കിടയില്‍ സമയം ചിലവഴിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരിക്കലും നമുക്ക് ലഭിക്കുമായിരുന്നില്ല. കാരണം വിഭജനകാലം നേരിട്ടനുഭവിച്ചവര്‍ക്ക് പോലും ഇത്തരം സൂക്ഷമമായ നിരീക്ഷണങ്ങള്‍ നടത്താനോ അത് പ്രസക്തമാണെന്ന് പോലും ആലോചിക്കാനോ സാധിച്ചു കൊള്ളണമെന്നില്ല.

എത്‌നോഗ്രഫിയുടെ ഇന്റര്‍ഡിസിപ്ലിനറി സ്വഭാവം

ഇനി ആന്ത്രോപോളജിയുടെ ഒരു പ്രമുഖശാഖയായ എത്‌നോഗ്രഫിയെ ഒരു ഇന്റര്‍ഡിസിപഌനറി തലത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിക്കാം. അത് പോലെ അകാദമിക രചനാശൈലി മെച്ചപ്പെടുത്തുന്നതില്‍ എത്‌നോഗ്രഫി ഏതൊക്കെ രീതിയില്‍ സഹായകമാവുന്നു എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എത്‌നോഗ്രഫി പഠിക്കുന്ന എന്റെ സ്റ്റുഡന്റ്‌സ് ഒരിക്കലും ആന്ത്രോപോളജിസ്റ്റുകളായി കൊള്ളണമെന്നില്ല. അവര്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചരിത്രകാരന്‍മാരോ, ഡോക്ടറോ, എന്‍ജിനീയറോ ആരുമാകാം.
ഞാന്‍ മനസ്സിലാക്കുന്നത് ആന്ത്രോപോളജിയിലും എത്‌നോഗ്രഫിയിലും ഏത് വിഷയങ്ങളിലേക്കും വ്യാപിക്കാനുള്ള ഇന്റര്‍-ഡിസിപ്ലിനറി സ്വഭാവം നിലനില്‍കുന്നുണ്ട് എന്നാണ്. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കിടയിലുള്ള ചെറിയ അകലം പോലും ആന്ത്രോപോളജി ഇല്ലായ്മ ചെയ്യുന്നു. ആന്ത്രോപോളജിസ്റ്റുകള്‍ തന്നെ ചിലപ്പോള്‍ സ്വയം ഹ്യൂമനിസ്റ്റുകളായും സോഷ്യല്‍ സയന്റിസ്റ്റുകളായും അവരോധിക്കാനുള്ള അവരുടെ പ്രവണത ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. എന്ന് മാത്രമല്ല ആന്ത്രോപോളജി മറ്റു പല ഡിസിപ്ലിനുകളുടെയും ഉപശാഖയായും പരിചയപ്പെടുത്തപ്പെടുന്നുണ്ട്. രാഷ്ട്രീയ മീമാംസയില്‍ പൊളിറ്റികല്‍ ആന്ത്രോപോളജി, വൈദ്യശാസ്ത്രത്തില്‍ മെഡിക്കല്‍ ആന്ത്രോപോളജി, മതശാസ്ത്രത്തില്‍ റിലീജിയസ് ആന്ത്രോപോളജിയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. അതേ സ്വഭാവത്തില്‍ എത്‌നോഗ്രഫിയും സോഷ്യോളജി, പൊളിറ്റികല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ് തുടങ്ങി വ്യത്യസ്ത ഡിസിപ്ലിനുകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഐ ടി തുടങ്ങിയ ഫീല്‍ഡുകളിലും എത്‌നോഗ്രഫിക് പ്രൊജക്റ്റുകള്‍ നടത്തപ്പെടുന്നുണ്ട്. ഇപ്പോള്‍ പല സോഫ്റ്റ് വെയര്‍ കമ്പനികളും ഉപയോക്താക്കളുടെ ആവശ്യം യഥാവിധം മനസ്സിലാക്കാന്‍ ആന്ത്രോപോളജിസ്റ്റുകളുടെ സേവനം തേടുന്നുണ്ട്. കമ്പനി നിയമിക്കുന്ന ഇത്തരം ആന്ത്രോപോളജിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി സോഫ്റ്റ് വെയര്‍ നിര്‍മാണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു.
ഈയൊരു പ്രക്രിയയില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അനുഭവത്തെ ഡാറ്റയിലേക്കും അതിനെ പിന്നീട് ആര്‍ഗ്യുമന്റിലേക്കും രൂപപ്പടുത്തിയെടുക്കാനുള്ള അതിന്റെ സാധ്യതയെയാണ്. ഈയൊരു പ്രക്രിയയാണ് എന്റെ സ്റ്റുഡന്റ്‌സ് പരിശീലിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ എത്‌നോഗ്രഫിയുടെ ഇത്രയും സുതാര്യമായ സ്വഭാവഗുണത്തെ മറ്റേതു അകാദമിക് ഡിസിപ്ലിനിലേക്കും വികസിപ്പിച്ചെടുക്കാനാവും. നൂതനമായ ഐഡിയകള്‍ കൊണ്ട് വരാനും അവരെ സാഹിത്യചോരണത്തില്‍ (പ്ലേജിയറിസം) നിന്ന് തടയിടാനും ഇത് സഹായകമാകുന്നു.

ഇന്റര്‍ സബ്ജക്ടിവിറ്റി

എത്‌നോഗ്രഫിയിലെ മറ്റൊരു പ്രധാന വിഷയം ഒബ്ജക്ടിവിറ്റിസബ്ജക്ടിവിറ്റി ട്രൂത്തിനെ അധികരിച്ചാണ്. എത്‌നോഗ്രഫിയിലേക്ക് വരുമ്പോള്‍ അതിനെ ഒരു ഇന്റര്‍ സബ്ജക്ടിവിറ്റിയെന്ന പുതിയ തലത്തിലേക്ക് കൊണ്ടു പോകാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. കാരണം എത്‌നോഗ്രഫര്‍ മറ്റൊരു വ്യക്തിയുമായി സംവദിക്കുമ്പോള്‍ രണ്ട് സബ്ജക്ടിവായിട്ടുള്ള സ്ഥാനങ്ങളില്‍ നിന്നാണ് ട്രൂത്ത് രൂപപ്പെടുന്നത്. അവിടെ തീര്‍ത്തും ബാഹ്യമായ ഒബ്ജക്ടിവിറ്റിക്ക് യാതൊരു സാധ്യതയും കല്‍പിച്ചു നല്‍കാനാവില്ല. നേരെ മറിച്ച് പരസ്പരം ആശയകൈമാറ്റം നടത്തി നമുക്ക് ലഭിക്കുന്ന റിസല്‍ട്ട് തന്നെ പര്യപ്തമായതാണ്. എത്‌നോഗ്രഫിക് പ്രാക്ടീസില്‍ സബ്ജക്ടിവിറ്റിയുടെ റോള്‍ എന്താണെന്ന വിഷയത്തില്‍ എന്റെ അഭിപ്രായം ഇതാണ്.
ഇതിനോടനുബന്ധിച്ച് എത്‌നോഗ്രഫിയിലെ കറസ്‌പോണ്ടന്‍സ് എന്ന പ്രമേയം ഉയര്‍ത്തുന്ന വിഭാഗത്തെക്കുറിച്ച് ഇപ്പോള്‍ സൂചിപ്പിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു. ഇത് കൊണ്ട് ഇവര്‍ പ്രധാമായും ഉദ്ദേശിക്കുന്നത് പ്രസ്തുത പ്രമേയത്തില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയക്കു പകരമായി അത് ഒരു നിരന്തര നിര്‍മാണത്തിന് വിധേയമാവുന്നുവെന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ നിര്‍മാണപ്രക്രിയയില്‍ നാം ഒരിക്കലും പരിപൂര്‍ണമായും വിജയിക്കുന്നില്ലെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അതായത് ക്ലാസിക് എത്‌നോഗ്രഫിയില്‍ സംഭവിക്കുന്നത്, തന്റെ ഗവേഷണ മേഖലയില്‍ പോയി ഡാറ്റ ശേഖരിച്ച ശേഷം തിരിച്ചു വരുന്നു. അവരുടെ അഭിപ്രായത്തില്‍ എത്തിക്കലായിട്ടുള്ള ഒരു പ്രശ്‌നവും വരുന്നില്ല. കാരണം ഗവേഷണത്തിന്റെ ഭാഗമായി സംസാരിച്ച വ്യക്തിക്ക് ശേഷം രചിക്കപ്പെടുന്ന രചനയിലേക്ക് യാതൊരു വിധ സ്വാധീനവും കൊണ്ടു വരാന്‍ സാധിക്കുന്നില്ല.
കറസ്‌പോണ്ടന്‍സ് എന്ന പ്രമേയം ഒരര്‍ത്ഥത്തില്‍ തന്റെ ഗവേഷണവിഷയവുമായുള്ള നിരന്തര സമ്പര്‍ക്കമാണ്. ടിം ഇംഗോള്‍ഡ് ഇതിനെക്കുറിച്ച് പറയുന്നതിപ്രകാരമാണ്. യഥാര്‍ത്ഥത്തില്‍ ഇന്റര്‍ സബ്ജക്ടിവിറ്റിയെന്ന പേരിലുള്ള ഇന്റര്‍ എന്ന പരിപ്രേക്ഷ്യം ദ്യോതിപ്പിക്കുന്നത് പോലെ ആന്ത്രോപോളജിസ്റ്റും തന്റെ സംബോധിതന്റെയും ഇടയിലുള്ള കേവല ബന്ധമല്ല. പ്രത്യുത, നിരന്തരമായുണ്ടാകുന്ന സഹവാസങ്ങള്‍ക്കിടയില്‍ വികസിച്ചു കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. സബ്ജക്ടിന്റെ പ്രത്യയം (സഫിക്‌സ്) ജക്ട് സൂചിപ്പിക്കന്നത് പോലെ സമ്പര്‍ക്കത്തില്‍ പങ്കെടുത്ത വ്യക്തികള്‍/വസ്തുക്കള്‍ പൂര്‍ണമായി പരസ്പരം ചിതറിയ ഘടകങ്ങളല്ല. മറിച്ച് നിരന്തരമായ നിക്ഷേപത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മൂലകങ്ങളാണ്. അത് കത്തിടപാടുകാര്‍ തങ്ങളുടെ ചിന്തകളും അനുഭവങ്ങളും അയച്ചു കൊടുത്തതിന് ശേഷം മറുപടിക്ക് ആകാംഷപൂര്‍വം കാത്തിരിക്കുന്നത് പോലെ, അനന്തമായ രീതിയില്‍ പരസ്പരം പിണഞ്ഞ് കിടക്കുന്ന, ജീവിതങ്ങളെ തുന്നിച്ചേര്‍ക്കുന്ന അറ്റമില്ലാത്ത വാക്കുകള്‍ പോലെയാണ്. അപ്പോള്‍ പാര്‍ട്ടിസിപ്പന്റ് ഒബ്‌സര്‍വേഷന്‍ പ്രാക്ടീസ് ചെയ്യുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആത്യന്തികമായി നാം പഠനം നടത്തുന്നവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പെടുകയും ചരിത്രത്തിലേക്ക് തിരിഞ്ഞ് നടക്കുന്നതിന് പകരം മുന്നോട്ടുള്ള ഗമനം സാക്ഷാല്‍കൃതമാവുകയുമാണുണ്ടാവുക. ഇതിലൂടെ നാം ചരിത്രത്തെ തന്നെ ചോദ്യം ചെയ്യുകയും അതിന്റെ സാമ്പ്രദായികമായ ഭൂതകാലത്തേക്കുള്ള തിരിച്ചു നടത്തത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നാണ് ടിം ഇംഗോള്‍ഡിന്റെ പക്ഷം.

എതനോഗ്രഫിയുടെ പ്രായോഗികത

പതിമൂന്ന് ഹവറുകളായിട്ടുള്ള ഒരു ഹൃസ്വമായ എത്‌നോഗ്രഫി കോഴ്‌സാണ് നമ്മുടെ യുനിവേഴ്‌സിറ്റി നല്‍കി വരുന്നത്. ഞാന്‍, അവര്‍ക്ക് തൃപ്തികരമായ രീതിയില്‍ പ്രോജക്ടിന്റെ ആഖ്യാനഭാഷയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം നല്‍കാറുണ്ട്. അത് ഒരു പക്ഷെ പൂര്‍ണമായി അകാദമിക് ആയിക്കൊള്ളണമെന്നില്ല. പക്ഷേ അവരുടെ ഭാഷാ പ്രയോഗങ്ങളിലെ തെരഞ്ഞെടുപ്പുകള്‍, അതില്‍ പ്രയോഗിക്കുന്ന ശബ്ദവിന്യാസങ്ങള്‍ പ്രത്യേകിച്ച് വിവര്‍ത്തനരീതിയെക്കുറിച്ചുമൊക്കെ അവരുമായി ഒരു ദിവസത്തോളമൊക്കെ നീണ്ടു നില്‍ക്കുന്ന ചര്‍ച്ച നടത്തും. എത്‌നോഗ്രഫി ഇത്രയും സ്വതന്ത്രമായ വ്യവഹാരങ്ങളെയൊക്കെ പ്രയോഗിക്കാനുള്ള അനല്‍പമായ സ്വാതന്ത്ര്യം നല്‍കുന്നു. ഫിക്ഷന്‍, പോയട്രി, ഹിസ്റ്ററി തുടങ്ങിയ ഏത് മേഖലകളില്‍ നിന്നും നമുക്ക് ആവശ്യമായ തത്വങ്ങള്‍ കടമെടുക്കാം.
എത്‌നോഗ്രഫിയെക്കുറിച്ച് ഒരു വ്യക്തത കിട്ടാന്‍ സഹായകമാവുന്നതാണ് ഗിട്ടസിന്റെ പ്രബന്ധം. സാമാന്യമായ ഓഡിയന്‍സിന് എത്‌നോഗ്രഫിയെക്കുറിച്ചുള്ള വീക്ഷണങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നുണ്ട് ഈ പ്രബന്ധം. അദ്ദേഹം അതില്‍ എത്‌നോഗ്രഫറുടെ തുടര്‍ച്ചയായ വ്യാഖ്യാന ഉദ്ദ്യമങ്ങളെക്കുറിച്ച് അഥവാ ഒരു ഡാറ്റാ നേരിട്ട് കണ്ടതിന് ശേഷം തന്റെ ദര്‍ശനാസ്വഭാവത്തിന്റെയും അതിന്റെ സരളമായ വ്യാഖ്യാന സാധ്യതകളുടെയും എല്ലാ മാനങ്ങളും ആഴത്തിലുളള പുനരാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നതിനെ പ്രദിപാതിക്കുന്നുണ്ട്. എന്റെ വിദ്യാര്‍ഥികളുടെ അനുഭവം ഇവയെല്ലാമാണ്. അവര്‍ ഈ തിയറിയുടെ പരിമിധിയെക്കുറിച്ചും താല്‍കാലിക സ്വഭാവത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കാറുണ്ടെങ്കിലും അതൊരിക്കലും എത്‌നോഗ്രഫിയുടെ സാധുതയെ ചോദ്യം ചെയ്യുന്നില്ല, കാരണം ഇതിലൂടെയെല്ലാം ലക്ഷീകരിക്കുന്നത് നൂതനമായതും അനന്തവുമായ വിവരങ്ങളുടെ നിര്‍മിതിയാണല്ലോ.
അടുത്തതായി ഈ വിഷയവുമായി ബന്ധപ്പെട്ട് ചില പുസ്തകങ്ങള്‍ പരിചയപ്പെടുത്താം. 1980കളില്‍ സംഘടിക്കപ്പെട്ട ഒരു സിമ്പോസിയത്തെ അധികരിച്ച് പ്രസിദ്ധീകൃതമായ റൈറ്റിങ് കള്‍ച്ചര്‍ എന്ന ഗ്രന്ഥമാണ് ഒന്നാമത്തേത്. അന്നത്തെ പ്രമുഖ ആന്ത്രോപോളജിസ്റ്റുകള്‍ സംഗമിച്ച ചര്‍ച്ചയില്‍ വിവിധരചനാശൈലി എങ്ങനെയാണ് എത്‌നോഗ്രഫി എന്ന ജ്ഞാനപദ്ധതിയെ രൂപപ്പെടുത്തുന്നതെന്ന് വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട്. എത്‌നോഗ്രഫര്‍ എങ്ങനെയാണ് തങ്ങളുടെ രചനാവൈഭവം കൊണ്ട് ഗവേഷണവിഷയങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്നു തുടങ്ങുന്ന വളരെ അടിസ്ഥാനപരമായ പല ചോദ്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഹിമാലയന്‍ മലമ്പ്രദേശങ്ങളിലെ ഫോക്‌ലോര്‍, മ്യൂസിക് എന്നീ വിഷയങ്ങളില്‍ എത്‌നോഗ്രഫി ചെയ്തു കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റായ കിരണ്‍ നാരായണിന്റെ അലൈവ് ഇന്‍ ദി റൈറ്റിങ് എന്ന ഗ്രന്ഥമാണ് മറ്റൊന്ന്. ഈ പുസ്തകത്തില്‍ ഗ്രന്ഥകാരി അവലംബിച്ച രീതിശാസ്ത്രം പ്രമുഖ നാടകാകൃത്തും എഴുത്തുകാരനുമായ ആന്റണ്‍ ചെക്കോവിന്റെ ചില രചനാശൈലി കൂട്ടുപിടിച്ച് കൊണ്ട് വികസിപ്പിച്ചെടുത്തതാണ്. സമാനമായ എഴുത്ത് പരിശീലനങ്ങള്‍ ഞാന്‍ എന്റെ സ്റ്റുഡന്‍സിന് നല്‍കാറുണ്ട്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് പോയിരുന്ന് അവിടെ അവന് അനുഭവിക്കാന്‍ സാധ്യമായ മുഴുവന്‍ ഇന്ദ്രിയാനുഭവങ്ങളെയും പകര്‍ത്തിയെഴുതാന്‍ ഞാന്‍ നിര്‍ദേശം നല്‍കും. സമാനമായ രചനാശൈലി അവരുടെ ഓര്‍മയിലുള്ള വ്യക്തികളെക്കുറിച്ചും ഞാന്‍ ചെയ്യിപ്പിക്കാറുണ്ട്. അവരുടെ ആകാരസൗഷ്ടവം, സംസാരരീതി, അവര്‍ വ്യാപൃതരായിട്ടുള്ള രാഷ്ട്രീയം, അവരുടെ സാമീപ്യത്തിലുള്ള സ്വാധീനങ്ങള്‍, തുടങ്ങിയ സമഗ്രമായ ഡാറ്റ അവര്‍ തയ്യാറാക്കാറുണ്ട്.
സ്ഥലം, വ്യക്തി, സാമൂഹിക ക്രമങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും നാം ശേഖരിക്കുന്ന ഡാറ്റ എങ്ങനെയാണ് ഓരോന്നോരോന്നായി അടര്‍ത്തിയെടുത്ത് ഒരു എത്‌നോഗ്രഫിക് വര്‍ക്കായി രൂപാന്തരപ്പെടുത്തുന്നതെന്നാണ.് ഇതില്‍ നിര്‍ണായകമായ കാര്യം നമ്മുടെ വാദഗതികളെ നിയമബദ്ധമായി സമര്‍ത്ഥിക്കാന്‍ സാധിക്കുന്നണ്ടോ എന്നാണ്. ഉദാഹരണത്തിന്, എന്റെ സുഹൃത്ത് ഒരു മഹാനായ വ്യക്തിയാണ് എന്ന കേവല പ്രസ്താവന കൊണ്ട് ഓഡിയന്‍സിന് കാര്യമായൊന്നും ലഭിക്കാനില്ല. ഞാന്‍ പറഞ്ഞ നിയമബദ്ധ സ്വഭാവം കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത വാദഗതിയെ സമര്‍ത്ഥിക്കുന്ന ആഖ്യാനശൈലിയെയാണ്. അവിടെയാണ് ഓഡിയന്‍സിന് ഡാറ്റ കൈമാറാന്‍ സാധിക്കുന്നത്. അതാണ് വായനക്കാരെന്ന നിലയില്‍ ഓഡിയന്‍സ് പ്രോത്സാഹിപ്പിക്കുന്നതും പ്രസ്തുത സുഹൃത്ത് എന്ത് കൊണ്ടാണ് മഹത്വമര്‍ഹിക്കുന്നത് എന്ന് നമ്മുടെ ധിഷണയെ ബോധ്യപ്പെടുത്തുന്നതും.

ഓഡിയന്‍സും ആര്‍ഗ്യുമെന്റും

പ്രബന്ധം തയാറാക്കുമ്പോള്‍ ഓഡിയന്‍സിനെക്കുറിച്ച് നാം പൂര്‍ണമായി ബോധവാന്‍മാരാകേണ്ടതുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് നിങ്ങള്‍ക്ക് വേണമെങ്കില്‍ എഴുതാവുന്നതാണ്. അത് നിങ്ങള്‍ക്ക് ആത്മസംതൃപ്തിയും സമ്മാനിച്ചേക്കാം. എന്നാല്‍ എത്‌നോഗ്രഫിയിലേക്ക് വരികയാണെങ്കില്‍ നിങ്ങളുടെ ഓഡിയന്‍സ് ആരാണെന്നും എന്താണ് നിങ്ങളുടെ പ്രമാണമായ ആര്‍ഗ്യുമെന്റ് എന്നും, അവരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സുഹൃത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്നും നിങ്ങള്‍ വ്യക്തമായി സമര്‍ത്ഥിക്കേണ്ടതുണ്ട്. ഇനി നിങ്ങളുടെ ഓഡിയന്‍സ് സൗത്തേഷ്യന്‍ സ്‌കോളേഴ്‌സാവുകയും, പ്രസ്തുത സുഹൃത്ത് ഒരു സൗത്തേഷ്യന്‍ ആവുകയും ചെയ്താല്‍, നിങ്ങള്‍ സൗത്തേഷ്യയിലെ മറ്റു പല അവസ്ഥകളെക്കുറിച്ചും പരാമര്‍ശിക്കാന്‍ നിര്‍ബന്ധിതരാവും.
എത്‌നോഗ്രഫിയെ കേവല ആഖ്യാനശാഖയില്‍ നിന്നും അകാദമിക തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്ന മറ്റൊരു ഘടകം നിലവിലുള്ള ടെക്‌സ്റ്റുകളുമായുള്ള നിരന്തര സമ്പര്‍ക്കമാണ്. നിങ്ങളുടെ ആര്‍ട്ടികഌല്‍ കൊണ്ടു വരുന്ന ഉദ്ധരണികളുടെ സ്വഭാവം, ഏതൊക്കെ ടെക്‌സ്റ്റുകളാണ് നിങ്ങളുടെ ഗവേഷണമേഖലയെ നിര്‍ണയിച്ചു തരുന്നത്, നിങ്ങളുടെ ഗവേഷണമേഖലയോട് സമാനരൂപത്തിലുള്ള, ഉദാഹരണത്തിന്, കേരളം, സിയേറ ലിയോണ്‍ പോലുള്ള മറ്റു പ്രദേശങ്ങള്‍, അവിടങ്ങളിലെ സമാന വിഷയങ്ങളിലുള്ള രചനകളിലെ പരാമര്‍ശങ്ങള്‍ പോലും നിങ്ങളുടെ പ്രബന്ധത്തെ സമ്പുഷ്ടമാക്കും. നിങ്ങളുടെ ആര്‍ട്ടികഌല്‍ അകാദമിക തലത്തില്‍ നിങ്ങള്‍ ഉയര്‍ത്തുന്ന വലിയ ചോദ്യങ്ങള്‍, അത് പോലെ നിങ്ങളുടെ മെത്തഡോളജി കടമെടുത്തിട്ടുള്ള മറ്റു ടെക്‌സ്റ്റുകള്‍, മറ്റു വ്യക്തികളുടെ അഭിപ്രായങ്ങള്‍ ഒക്കെ ഇതിന് സഹായകമാകും.

എത്‌നോഗ്രഫിയുടെ പോരായ്മകള്‍

എത്‌നോഗ്രഫിക്ക് പഠനങ്ങള്‍ക്ക് സ്വാഭാവികതകള്‍ക്കപ്പുറം ചില പരിമിതകളുണ്ട്. പോസ്റ്റ് കൊളോണിയല്‍ പാശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ എത്‌നോഗ്രഫിക്ക് ഒരു ഇരുണ്ട ചരിത്രമാണുള്ളതെന്ന് നമുക്കറിയാം. ഒഴിവാക്കാനാകാത്ത വിധത്തില്‍ കൊളോണിയല്‍ ആന്ത്രോപോളജിയുടെ പ്രേതം എത്‌നോഗ്രഫിക് പ്രൊജക്ടുകളെയൊക്കെയും വിടാതെ പിന്തുടരുന്നുണ്ട്. ഈ കൊളോണിയല്‍ പൊതുബോധത്തെ പ്രതിരോധിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ പൊതുവേ സ്വീകരിക്കാറുണ്ട്. ടിം ഇംഗോള്‍ഡ് പല മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്. എത്‌നോഗ്രഫിയുടെ നിര്‍വചനം വളരെ ദുഷ്‌കരവും നിര്‍ണായകവുമാണെന്ന് നാം പറഞ്ഞു കഴിഞ്ഞു. സ്വന്തത്തെക്കുറിച്ച് നാം എത്‌നോഗ്രഫി ചെയ്യുകയാണെങ്കില്‍ വ്യക്തിയെ സെല്‍ഫായും മറ്റുള്ളവരെ അപരനായും ചിത്രീകരിക്കും. ഇത് തീര്‍ച്ചയായും അപരവല്‍കരണവും അനാവശ്യമായ അകലം പാലിക്കലും സൃഷ്ടിക്കുന്നുണ്ട്.
മറ്റൊന്ന് എത്‌നോഗ്രഫി യഥാര്‍ത്ഥത്തില്‍ ഭൂതകാലത്തിന്റെ പഠനമാണ്. ടിം ഇംഗോള്‍ഡ് ധരിച്ചുവശായിരിക്കുന്നത് പോലെ അത് ചരിത്രത്തില്‍ നിന്ന് മുന്നോട്ടുള്ള ഗമനമല്ല. അഥവാ, എത്‌നോഗ്രഫിക് പഠനത്തില്‍, ഗവേഷണമേഖലയില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം വീട്ടില്‍ പോയി ആ സ്ഥലത്തെക്കുറിച്ചുള്ള ഓര്‍മകളെ അധികരിച്ചായിരിക്കും നാം രചന നടത്തുക. അല്ലാതെ മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ സങ്കീര്‍ണതകളെ അതേപടി പ്രബന്ധത്തിലേക്ക് പകര്‍ത്തുകയെന്ന ദൗത്യമൊന്നും സാക്ഷാല്‍കൃതമാകാറില്ല. എത്‌നോഗ്രാഫിക് പ്രസന്റി(വര്‍ത്തമാനം) നെ കുറിച്ച് നാം വാചാലമാവാറുണ്ടെങ്കിലും പലപ്പോഴും അത് കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള കേവലാഖ്യാനമായി പരിണമിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് സിയേറ ലിയോണിലെ മെന്റെ എന്ന പ്രദേശത്ത് വസിക്കുന്ന സമൂഹത്തിന്റെ മാട്രീലിനിയല്‍ സ്വഭാവത്തെ കുറിച്ച് ഗവേഷകന്‍ പ്രസന്റ് മോഡ് എന്ന ശീര്‍ഷകത്തില്‍ എഴുതിത്തീരുമ്പോഴേക്കും അവര്‍ ചിലപ്പോള്‍ ആ സമൂഹഘടനയിലൊക്കെ മാറ്റം വരുത്തിയേക്കാം. പക്ഷേ, പ്രസ്തുത രചനയുടെ വര്‍ത്തമാനകാല സ്വഭാവം എന്നും നിലനില്‍ക്കും. ഫലത്തില്‍, വായനക്കാര്‍ക്ക് സിയേറ ലിയോണിലെ സമൂഹം പിന്നോക്ക സമൂഹമായി തോന്നിയേക്കാം. ഈ പ്രവണത തീര്‍ച്ചയായും നാം മറികടക്കേണ്ടതുണ്ട്.
എത്‌നോഗ്രഫിയുടെ മറ്റൊരു പോരായ്മ, റിസര്‍ച്ച് സ്റ്റുഡന്‍സിന്റെ ഭാഗത്തു നിന്നു അത് പ്രയോഗവല്‍കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന വിമുഖതയാണ്. ഇത് എന്റെ അധ്യാപന അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്. അത് പോലെ നമ്മുടെ സബ്ജക്ടിവ് എക്‌സ്പീരിയന്‍സിനെക്കൂടി പഠനത്തില്‍ ഉള്‍പെടുത്തുകയെന്ന ആശയം ഒരു വിരോധാഭാസമായി തോന്നുന്നു. ഒബ്ജക്ടിവ് ട്രുത് കണ്ടെത്താന്‍ നിരന്തരം പരിശീലനം നല്‍കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്വാഭാവികമായും സബ്ജക്ടിവിറ്റിയെ തങ്ങളുടെ എത്‌നോഗ്രഫിക് വര്‍ക്കില്‍ ഉള്‍പെടുത്താന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിക്കുന്നു.
പല വിജ്ഞാനശാഖകളില്‍ നിന്നും വ്യത്യസ്തവും വിപുലവുമായ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുന്നു. എനിക്ക് എതനോഗ്രഫിയില്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് വ്യതിരക്തമായി ആന്ത്രോപോളജിയാണ് പുതുമയേറിയതായി തോന്നുന്നത്. വായനക്കാര്‍ക്ക് ഒരു പക്ഷേ അതില്‍ ആകര്‍ഷകമായ ഘടകം ചരിത്രമായിരിക്കാം, പൊളിറ്റികല്‍ സയന്‍സായിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ആന്ത്രോപോളജിയിലെ സ്‌റ്റോറി ആണ് പരമപ്രധാനമായ ആര്‍ഗ്യുമെന്റ്. ഹിസ്റ്ററിയിലുള്ളത് പോലെത്തന്നെ നല്ല ആഖ്യാനങ്ങളും എപ്പോഴും സ്വാഗതാര്‍ഹമാണ്. എന്നാല്‍ എക്കണോമിക്‌സില്‍ എത്തുമ്പോള്‍ ഇതായിരിക്കില്ല അവസ്ഥ. അത് കൊണ്ട് തന്നെ അത്തരം സ്‌റ്റോറികളെ തങ്ങളുടെ ആര്‍ഗ്യുമെന്റുമായി ബന്ധപ്പെടുത്താന്‍ നാം ശ്രമിക്കണം.
അത് പോലെ ഇത്തരം സ്‌റ്റോറികള്‍ നിരൂപണങ്ങള്‍ക്കിടമില്ലാത്ത വിധം വൈയക്തികമായ വിഷയമാണോ എന്നുള്ളതും നാം ആലോചിക്കേണ്ടതുണ്ട്. ഞാന്‍ എന്റെ സ്റ്റുഡന്‍സിന്റെ പേഴ്‌സണല്‍ രചനകളെ നിരൂപണ വിധേയമാക്കുന്നത് തീര്‍ത്തും അരോചകവും വിഷമകരവുമാണ്. അത് പോലെ ദീര്‍ഘ കാല സമ്പര്‍ക്കങ്ങളുടെ അഭാവം മറ്റൊരു പ്രശ്‌നമാണ്. ഹൃസ്വമായ കാലയളവിനുള്ളില്‍ തന്നെ ശക്തമായ ധാര്‍മികാടിത്തറയുള്ള (എതികലി ഗ്രൗണ്ടിട്) ഒരു എത്‌നോഗ്രഫിക് രചന ഒരര്‍ത്ഥത്തില്‍ അസാധ്യം തന്നെയാണ്. അത്‌കൊണ്ട് തന്നെ മിക്ക അവസരങ്ങളിലും എന്റെ വര്‍ക്കുകള്‍ സമൂഹത്തിന്റെ ഭൂതകാലത്തെ അനുഭവങ്ങളും ആഖ്യാനങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഓറല്‍ എത്‌നോഗ്രഫിക് പഠനമായി പരിണമിക്കാറാണ് പതിവ്. ഇതൊക്കെയാണ് എത്‌നോഗ്രഫിയില്‍ എനിക്ക് കാണാനായ ചില പ്രശ്‌നങ്ങള്‍.

എത്തിക്‌സ്

ഞാന്‍ മനസ്സിലാക്കിയത് എത്‌നോഗ്രഫി ഒരു ധാര്‍മികമായ സംഘട്ടനം കൂടി അഭിമുഖീകരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നാം ഒരോ സമയം വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് ഈ സംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ അതിലൂടെ നവീനമായ ആഖ്യാനങ്ങളെ രൂപപ്പെടുത്തിയെടുക്കാനാകുന്നു. അഥവാ, ഇത്തരം സങ്കട്ടനത്തിലേര്‍പെടുക വഴി ബൗദ്ധികമായ തിരിച്ചറിവ് നേടിയെടുക്കുന്നതാവണം നമ്മുടെ ആത്യന്തിക ലക്ഷ്യം. ഇതൊക്കെയാണ് എത്തിക്‌സിനെക്കുറിച്ച് പറയാനുള്ളത്. ഇപ്പോള്‍ ചില മാറ്റങ്ങള്‍ കാണാനിടയായെങ്കിലും കഴിഞ്ഞ എഴുപത് വര്‍ഷത്തോളം കാലം ആന്ത്രോപോളജി മറ്റേത് ഡിസിപ്ലിനേക്കാളും ശ്രദ്ധ പതിപ്പിച്ചത് എത്തിക്‌സിലാണ്. എന്റെ അഭിപ്രായത്തില്‍ ആന്ത്രോപോളജിയുടെ ഈ സ്വഭാവഗുണത്തെ നാം മറ്റു ഡിസിപ്ലിനുകളില്‍ കൂടി കൊണ്ടുവരേണ്ടതുണ്ട്. ഉദാഹരണത്തിന് പൊളിറ്റികല്‍ സയന്‍സ്, എക്കണോമിക്‌സ് തുടങ്ങിയ ഡിസിപ്ലിനുകളിലൊന്നും തന്നെ എത്തിക്‌സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നില്ല. ആന്ത്രോപോളജിയില്‍ അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള കൃത്യമായ മറുപടികളില്ലെന്നത് സത്യമാണ്. എങ്കിലം ചോദ്യം ചെയ്യാനുള്ള അവസരമെങ്കിലും മറ്റു ഡിസിപ്ലിനുകളില്‍ കൊണ്ടു വരേണ്ടതുണ്ട്.
എല്ലാ വ്യാഖ്യാന സന്ദര്‍ഭങ്ങള്‍ എന്നല്ല കേവല വിവരണങ്ങള്‍ പോലും ഒരു തലത്തിലുള്ള തെരഞ്ഞടുപ്പിനുള്ള അവസരം നല്‍കുന്നുവെന്നും അത് വഴി പൊളിറ്റിക്‌സിന്റെയും എത്തിക്‌സിന്റെയും തലങ്ങള്‍ പ്രധാനമാവുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ നാം കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അവയുടെ എത്തിക്‌സിനെക്കുറിച്ചും പൊളിറ്റിക്‌സിനെക്കുറിച്ചും ബോധവാനായിരിക്കണം. കാലിഫോര്‍ണിയയില്‍ സേവനമനുഷ്ഠിക്കുന്ന ആന്ത്രോപോളജിസ്റ്റായ ഫിലിപ്പ് ബോഷുവയുടെ ഒരു ആര്‍ട്ടിക്ള്‍ ഞാന്‍ വായിക്കുകയുണ്ടായി. ലാറ്റിനമേരിക്കന്‍ ജീവിതപരിസരങ്ങളെ അധികരിച്ച് ചെയ്ത പഠനത്തില്‍, അദ്ദേഹം, എത്തിക്‌സ് ഉയര്‍ത്തുന്ന വെല്ലുവിളികളെയും സങ്കീര്‍ണതകളെയും കൃത്യമായി അനാവരണം ചെയ്യുന്നുണ്ട്. അദ്ദേഹം ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നത് കഴിഞ്ഞ ദശകങ്ങളിലായി നാം എത്‌നോഗ്രഫിക്ക് ചുറ്റും നിര്‍മിച്ചു വെച്ചിട്ടുള്ള എത്തിക്‌സിന്റെ മതില്‍കെട്ടുകളെ പറ്റിയാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവര്‍ നമ്മുടെ ഗവേഷണ വാദത്തെ ക്കുറിച്ച് അജ്ഞരായിരിക്കുക, നമ്മുടെ ആര്‍ട്ടിക്ള്‍ അതിന്റെ പ്രസാധനത്തിന് ശേഷം മാത്രം അവര്‍ക്ക് ലഭ്യമാക്കുക, അപകടം വരാനിടയുള്ള രാഷ്ട്രീയവിഷയങ്ങളുടെ അജ്ഞാതാവസ്ഥ അവസാന ചാപ്റ്ററില്‍ പോലും ഉറപ്പ് വരുത്തുക, തുടങ്ങിയ മാര്‍ഗങ്ങള്‍ വളരെ വ്യവസ്ഥാപിതമായ രീതിയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.
എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ എത്തിക്കല്‍ ആവുക എന്നതു തന്നെ പൂര്‍ണമായി നിരാകരിക്കേണ്ട അവസ്ഥയും വന്നേക്കാം. ഉദാഹരണമായി അദ്ദേഹം നിക്കരാഗ്വയിലെ തൊഴിലാളികളുമായി നടത്തുന്ന ഒരു ഇന്റര്‍വ്യൂവിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യാതൊരു വിധ സ്വാതന്ത്ര്യവുമില്ലാതെ അടിമ സേവനം ചെയ്യുന്ന തൊഴിലാളികളോട് അനുഭാവപൂര്‍ണ സ്വഭാവം കാണിക്കുന്ന ഗവേഷണത്തില്‍ അദ്ദേഹത്തിന് ഇന്റര്‍വ്യു ചെയ്യാനുണ്ടായിരുന്നത് തോട്ടത്തിന്റെ ഉടമകളെയായിരുന്നു. എന്നാല്‍ ഗവേഷണത്തിന്റെ സ്വഭാവം കേട്ട മാത്രയില്‍ മുതലാളിമാരുടെ മട്ട് മാറുകയും അദ്ദേഹത്തെ അവിടെ നിന്നും പറഞ്ഞയക്കുകയുമാണ് ചെയ്തത്. ഇവിടെ അദ്ദേഹം എത്തിക്കലായിരുന്നു. പക്ഷേ, തോട്ട ഉടമകളെ എത്തിക്കലായി സമീപിക്കുമ്പോള്‍ തൊഴിലാളികളോട് നീതി പൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ സാധിക്കില്ല. തൊഴിലാളികളുടെ രാഷ്ട്രീയമായ ഉന്നമനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍ മൊതലാളിമാരോട് സ്വാഭാവികമായും നുണ പറയേണ്ടി വരും.
വേറെയും ഒരൂപാട് എത്തികല്‍ പ്രതിസന്ധികള്‍ നിലവിലുണ്ട്. വിശാലാര്‍ത്ഥത്തിലുള്ള മറ്റു ചോദ്യങ്ങളും നാം അഭിമുഖീകരിക്കേണ്ടി വരുന്നു. അഥവാ ഗവേഷണം ചെയ്യപ്പെടുന്ന സമൂഹത്തിനോടുള്ള ബാധ്യതയും ട്രൂത്തിനോടുള്ള നമ്മുടെ ആടിസ്ഥാനികമായ പ്രതിപത്തിയും ഇവിടെ സംഘട്ടനത്തിലേര്‍പ്പെടുന്നു. മോറോക്കയിലെ ടുഹാമി എന്ന വ്യക്തിയെക്കുറിച്ച് നടന്ന എത്‌നോഗ്രഫി ഈയര്‍ത്ഥത്തില്‍ വളരെ ശ്രദ്ധേയമാണ്. അദ്ധേഹം തന്റെ മുഴുവന്‍ കഥകളും എത്‌നോഗ്രഫറോട് പങ്ക് വെക്കുകയുണ്ടായി. അദ്ധേഹം ഒരു ജി്ന്നുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അയാള്‍ വിവാഹം ചെയ്തത് തന്നെ ഈ അമാനുഷിക സ്ത്രീയെയാണ്. ഇത് തീര്‍ത്തും യുക്തി നിബദ്ധമായ അക്കാദമിക പരിസരങ്ങളില്‍ നിന്നും വരുന്ന ആര്‍ട്ടിക്കഌല്‍ എങ്ങനെ അവതരിപ്പിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഇവിടെ എത്‌നോഗ്രഫറുടെ വാക്കുകളെ ഉദ്ധരിക്കാം. ‘ടൂഹാമി തന്നെയാണ് ഓറല്‍ ബയോഗ്രഫിയുടെ പിന്‍ബലത്തില്‍ വ്യക്തിചരിത്രങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചത്. ടെക്‌സ്റ്റിന്റെയും മനുഷ്യന്റെ ചേഷ്ടകള്‍ക്കുമിടയിലുള്ള ചേര്‍ച്ച ഇവിടെ പരമപ്രധാനമാണ്. ബാഹ്യമായ യാതൊരു വിധ ഘടകങ്ങള്‍ക്കും പ്രാധാന്യം നല്‍കാതെ ടെക്‌സ്റ്റില്‍ മാത്രം ഊന്നിക്കൊണ്ട് വരുമ്പോള്‍ പ്രസ്തുത ആഖ്യാനം സത്യത്തില്‍ നിന്നും മുക്തമായ (ട്രൂത്ത് ഫ്രീ)തായി മാറുന്നു. ആ വ്യക്തി എപ്രകാരമാണോ ആവിഷ്‌കരിക്കപ്പെടാന്‍ ഉദ്ദേശിക്കുന്നത് അപ്രകാരം അവന് സമര്‍ത്ഥിക്കാം. ഇവിടെ ജീവചരിത്രമെന്നത് അവനല്ലാത്ത മുഴുവന്‍ വ്യക്തികളെയും മാറ്റി നിര്‍ത്തി കൊണ്ട് ഗ്രന്ഥകര്‍ത്താവിന്റെ അംഗീകാരത്തിന് വേണ്ടിയുള്ള അഭിവാഞ്ചയുടെ കേവല ഉല്‍പന്നം മാത്രമാണ് ഈ ടെക്‌സ്റ്റ്. അത് വെറും വിജ്ഞാനപ്രദമാണെന്നതിന് പുറമെ ചില മൂല ഘടകങ്ങളെ മാറ്റി നിര്‍ത്തുക കൂടി ചെയ്യുന്നുണ്ട്.
ഇൗ ടെക്‌സ്റ്റിനെ വിലയിരുത്താന്‍ ഗ്രന്ഥകര്‍ത്താവിന്റെയും അനിവാര്യമായ അപരന്റെയും (ഇവിടെ ടുഹാമി) ഇടയിലുള്ള സമ്പര്‍ക്കങ്ങളെ സസൂക്ഷ്മം മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ എത്‌നോഗ്രഫര്‍ സമര്‍ത്ഥിക്കാനുദ്ദേശിക്കുന്നത്, ടുഹാമിയുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം എപ്രകാരമാണ് തുടര്‍ന്നുണ്ടായ സംഭാഷണങ്ങളെ രൂപപ്പെടുത്തിയത് എന്നാണ്. അഥവാ ടുഹാമി ആദ്യം പറഞ്ഞ തന്റെ ജീവിതകഥയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ മറ്റു പല സംഭവങ്ങളും ഇവര്‍ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനനുസരിച്ച് പങ്ക് വച്ചിരിക്കാം. ഫലത്തില്‍ എത്‌നോഗ്രാഫറുടെ അടുത്ത് സത്യവും അസത്യവുമായ രണ്ട് പതിപ്പുകള്‍ കാണാന്‍ സാധിക്കും. ടുഹാമിയുടെ സംഭാഷണങ്ങളിലൂടെ വികാസം പ്രാപിച്ച പതിപ്പ് ഒരര്‍ത്ഥത്തില്‍ ഒരു സെല്‍ഫ് പ്രസന്റേഷന്‍ ആണ്. ഇവിടെ ഏത് വേര്‍ഷനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന കര്‍ത്തവ്യം ഗ്രന്ഥകാരനില്‍ അഥവാ എത്‌നോഗ്രഫറില്‍ നിക്ഷിപ്തമാണ്.
സമാനമായ ഒരനുഭവം ഞാന്‍ സിയേറ ലിയോണിലായിരിക്കെ എനിക്കുമുണ്ടായിട്ടുണ്ട്. യുദ്ധാനന്തരം അവിടെയുള്ളവര്‍ നടത്താറുള്ള കലാപ്രകടനവുമായി ബന്ധപ്പെട്ട എന്റെ എത്‌നോഗ്രഫിയിലെ പ്രധാന വ്യക്തിയാണ് ഞാന്‍ അഭിമുഖം നടത്തിയ ഹസന്‍ ജാഫ് എന്ന വ്യക്തി. തൊണ്ണൂറുകളില്‍ സിയേറ ലിയോണെന്ന രാജ്യത്തെ പിടിച്ചു കുലുക്കിയ അഭ്യന്തരയുദ്ധങ്ങളില്‍ പ്രാദേശിക പോരാളികള്‍ തങ്ങളുടെ സംരക്ഷണാര്‍ത്ഥം അമാനുഷികമായ ചില സൂത്രങ്ങള്‍ പ്രയോഗിച്ചിരുന്നു. പ്രത്യേക തരം ബുള്ളറ്റ് പ്രൂഫ് നിര്‍മിക്കുക, സുരക്ഷക്ക് വേണ്ടി ഞൊടിയിടയില്‍ അപ്രത്യക്ഷമാവുക, യുദ്ധമുഖത്ത് വിദൂരമായ സ്ഥലത്തുള്ള എതിരാളികളുടെ വിവരങ്ങള്‍ കൈമാറുക എന്നത് അവയില്‍ ചിലതാണ്. ഇത്തരം പൊടിക്കൈകള്‍ അവര്‍ വികസിപ്പിച്ചെടുത്തത് പ്രാദേശിക ഹെര്‍ബലിസത്തില്‍ നിന്നും ഇസ്‌ലാമിക ആത്മീയജ്ഞാനങ്ങളില്‍ നിന്നുമാണ്. ഹസന്‍ ജാഫ് എന്ന നമ്മുടെ കഥാപുരുഷന്‍ ഇത്തരം ഒരു സ്വതന്ത്ര പോരാളികളുടെ കമാന്റോ ആയിരുന്നു. യുദ്ധമൊക്കെ കെട്ടടങ്ങിയ ശേഷം അയാള്‍ തന്റേതായ ഒരു ആഖ്യാനം ഞാനുമായി പങ്കുവെക്കുകയുണ്ടായി. യുദ്ധത്തില്‍ പയറ്റിയ അടവുകള്‍ അദ്ദേഹം പറയുന്നതനുസരിച്ച് സസ്യങ്ങളില്‍ ദൈവികമായി നിക്ഷേപിക്കപ്പെട്ട അമാനുഷിക സിദ്ധികള്‍ അയാളിലേക്ക് ആവാഹിച്ച് സ്വയം ഒരു അമാനുഷിക ശക്തിയായി അവരോധിതനാവുകയാണ് ചെയ്തത്. യുദ്ധാനന്തരം സമൂഹത്തിനിടയില്‍ ഇറങ്ങിച്ചെല്ലുന്നതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ട് അദ്ദേഹം സ്വന്തം പോരാളികളെ ഒരു ട്രൂപായി അവതരിപ്പിക്കുകയും യുദ്ധസമയങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത അടവുകള്‍ ഓഡിയന്‍സിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് അവതരിപ്പിക്കുകയും ശേഷം ഇസ്‌ലാമിനെ പരിചയപ്പെടുത്തുക, എച്ച്. ഐ. വി ബോധവല്‍കരണം നടത്തുക, അക്രമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബോധവല്‍കരണം നടത്തുകയും ചെയ്യുന്നു. വളരെ വിചിത്രമായ ഒരു കഥയാണ് ഒരു പക്ഷെ സിയേറ ലിയോണില്‍ തന്നെ പലര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധം ശക്തമായ ഒരു ആഖ്യാനമാണ് അദ്ദേഹം നടത്തിയത്.
എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരോട് അന്വേഷിക്കുകയാണെങ്കില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥയാണ് അവര്‍ക്ക് പറയുവാനുള്ളത്. യഥാര്‍ത്ഥത്തില്‍ ഹസന്‍ ജാഫിന്റെ യുദ്ധാനന്തരം സംഭവിച്ച മാറ്റങ്ങളോടും കലാ പ്രകടനങ്ങളോടും അവര്‍ക്ക് വിയോജിപ്പാണുള്ളത്. അവരുടെ ഭാഷ്യത്തില്‍, യുദ്ധകാലത്ത് അദ്ദേഹം ഒരു കമാന്‍ഡര്‍ ആയിരുന്നെങ്കിലും ഒരു പെര്‍ഫോര്‍മര്‍ ആയിരുന്നില്ല. എന്നാല്‍ യുദ്ധത്തിന്റെ അവസാന സമയത്ത് ഒരു സാംസ്‌കാരിക സംഘം അദ്ദേഹത്തിന്റെ അടുത്ത് വന്നു കൊണ്ട് അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ അപേക്ഷിക്കുകയുണ്ടായി. പ്രസ്തുത ഗ്രൂപിന്റെ രക്ഷാധികാരിയായി അദ്ദേഹം ചുമതലയേറ്റു കൊണ്ടാണ് നിലവിലെ ട്രൂപ്പിന് രൂപം നല്‍കുന്നത്. ഞാന്‍ പറഞ്ഞു വരുന്നത്, അദ്ദേഹത്തിന്റെ സംഘ ബലം യഥാര്‍ഥത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്ന പോലെ ദൈവികമായ നിലയില്‍ ഉരുവം ചെയ്തുവന്നതല്ല. പ്രത്യുത, ഒരുപാട് കാലം കൊണ്ട് രൂപപ്പെട്ടു വന്ന, വംശാവലിയുടെയും പ്രാദേശിക സംസ്‌കാരത്തിന്റെയും ഓരം ചേര്‍ന്ന് വികസിച്ച് വന്ന കലാരൂപമാണ്.
ഒരു എത്‌നോഗ്രഫറെന്ന നിലയില്‍ ഞാന്‍ ഇതെങ്ങനെയാണ് അവതരിപ്പിക്കുകയെന്നത് നിര്‍ണായകമാണ്. മുമ്പേ നിലവിലുണ്ടായിരുന്ന ഒരു കലാസംഘത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗത്തെയും ജനകീയ പിന്തുണയെയുമൊക്കെ സാരമായി ബാധിച്ചേക്കാം. യാഥാര്‍ത്ഥ്യം എന്താണെന്ന് എനിക്കറിയില്ലയെന്നത് സത്യമാണ്. കാരണം ആ സമയത്ത് ഞാന്‍ അവിടെയില്ലായിരുന്നു. രണ്ടു ആഖ്യാനങ്ങളില്‍ നിന്നും കൂടുതല്‍ യുക്തിപൂര്‍ണവും വിശ്വാസയോഗ്യവുമായി പരിഗണിക്കാവുന്ന ഒന്നുണ്ടെങ്കിലും ഞാന്‍ ഈ വിഷയത്തില്‍ ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഒരു പക്ഷേ ഞാന്‍ വെസ്‌റ്റേണ്‍ റാഷനലിസത്തിന്റെ പിന്തുണയുള്ള ആഖ്യാനത്തിന് മുന്‍ഗണന നല്‍കിയാലും മറ്റു പല വെല്ലുവിളികളും ഞാന്‍ നേരിടേണ്ടി വരും. കാരണം ഈ സ്‌റ്റോറി പുറത്തുള്ള ഓഡിയന്‍സില്‍ എത്തിക്കുന്ന ചാലകശക്തിയായി വര്‍ത്തിക്കുന്നത് എന്റെ ഫ്രെയിമാണ്. അത് പാശ്ചാത്യന്‍ സയന്റിഫിക് റാഷണാലിറ്റിയോട് താദാത്മ്യം പുലര്‍ത്തുന്ന ഒന്നാവാന്‍ ഞാന്‍ ഒട്ടും താല്‍പര്യപ്പെടുന്നില്ല.
ഞാന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്ത മുഴുവന്‍ വിഷയങ്ങളും ദൃശ്യാവിഷ്‌കാരങ്ങളിലും ബാധകമായി വരുന്നുണ്ട്. ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള വിവര്‍ത്തനം, വ്യക്തികള്‍ക്കിടയിലെ പരസ്പര സഹകരണം എന്നതൊക്കെ എത്‌നോഗ്രഫിയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഇതിനിടയിലുള്ള വിജയകരമായ സന്തുലനത്തെയാണ് ഞാന്‍ എന്റെ വര്‍ക്കുകളിലൊക്കെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്.

 

വിവ: ഹാഫിസ് ഹഫിയ്യ്, എസ് അമീന്‍

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.