Home » Essay » History » ഫുആദ് സെസ്ഗിന്‍: സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ചരിത്രകാരന്‍

ഫുആദ് സെസ്ഗിന്‍: സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ചരിത്രകാരന്‍

അറബ് ഇസ്‌ലാമിക ചരിത്ര ഗവേഷണ, സംവാദ രംഗത്ത് അമൂല്യ സംഭാവനകളര്‍പ്പിച്ച് വിസ്മൃതമായ ചരിത്രസത്യങ്ങളെ പുനരുജ്ജീവിപ്പിച്ച ആധുനിക ചരിത്രകാരന്മാരില്‍ പ്രഥമ ഗണനീയനായിരുന്നു ഈയിടെ അന്തരിച്ച തുര്‍ക്കി പണ്ഡിതന്‍ ഫുആദ് സെസ്ഗിന്‍. യാദൃശ്ചികമായി ചരിത്രഗവേഷണങ്ങളുടെ ഭാഗമാവുകയും പിന്നീട് ഈ മേഖലയില തന്നെ ആധികാരിക ശബ്ദവും അവംലംബവുമായി മാറുകയായിരുന്നു സെസ്ഗിന്‍. യൂറോ കേന്ദ്രീകൃതമായ ചരിത്രമെന്ന (യൂറോ സെന്‍ട്രിക് ഹിസ്റ്ററി ഓഫ് സയന്‍സ്) സങ്കല്‍പത്തെ ചോദ്യം ചെയ്ത്, ചരിത്രത്തില്‍ ശാസ്ത്രത്തിനും ഇതര വിജ്ഞാനീയങ്ങള്‍ക്കും യൂറോപ്പിന് പുറത്തുള്ളവരര്‍പ്പിച്ച അമൂല്യ സംഭാവനകളെ വെളിച്ചം കാണിക്കുക എന്ന ശ്രമകരവും ചരിത്രപരവുമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

നിയോഗം പോലെ ഗവേഷണ ലോകത്തേക്ക്

പടിഞ്ഞാറ് നിര്‍മ്മിച്ച ചരിത്രഭാഷ്യങ്ങളില്‍ യഥാര്‍ഥ ചരിത്ര ശില്‍പികളെയും അവരുടെ സംഭാവനകളെയും അവഗണിച്ചുവെന്നത് സുവിദിതമായ സത്യമാണ്. വൈജ്ഞാനികവും സംസ്‌കാരികവുമായ നവോത്ഥാന പ്രക്രിയകള്‍ക്ക് അടിത്തറ പാകിയ അറബ് മുസ്‌ലിംകളുടെ അനിഷേധ്യമായ സ്വാധീനം മനഃപൂര്‍വം അവഗണിക്കുന്നതിനോടൊപ്പം അവരെ വിലകുറച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലും അപഹസിക്കുന്നതിലുമായിരുന്നു പാശ്ചാത്യര്‍ക്ക് പ്രിയം. യൂറോ കേന്ദ്രീകൃത ചരിത്രത്തിന്റെ ഭാഗമായി വിസ്തൃതമായ ശാസ്ത്ര സത്യങ്ങള്‍ അന്വേഷിച്ചുപോയവര്‍ കണ്ടെത്തിയ വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. റൈറ്റ് സഹോദരന്മാര്‍ക്കും മുമ്പ് മനുഷ്യന് ചിറക് നല്‍കാനുള്ള ആശയം അവതരിപ്പിച്ച അബ്ബാസ് ഇബ്‌നു ഫിര്‍നാസ്, ആധുനിക രസതന്ത്രത്തിന് ജന്മം നല്‍കിയ ജാബിര്‍ ഇബ്‌നു ഹയ്യാന്‍, എ.ഡി 1164-ല്‍ മധ്യകാല ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും വിഖ്യാതമായ ഭൂപടം വരച്ച അല്‍ ഇദ്‌രീസി തുടങ്ങിയ പേരുകള്‍ ശാസ്ത്ര ചരിത്ര ലോകത്ത് പാശ്ചാത്യരുടെ വികലമായ കരങ്ങള്‍ കൊണ്ട് മറക്കപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ യൂറോ കേന്ദ്രീകൃത ചരിത്രം ഇല്ലാതാക്കാന്‍ ശ്രമിച്ച ചരിത്രസത്യങ്ങളെത്തേടിയുള്ള അന്വേഷണമാണ് ഫുആദ് സെസ്ഗിന്‍ നടത്തിയത്. തങ്ങളുടെ നിസ്‌കാര സമയം ക്രമീകരിക്കുന്നതിന്റെ ആവശ്യകത മുന്നില്‍ കണ്ട് ലോകത്ത് ആദ്യമായി വാന നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് മുസ്‌ലിംകളാണെന്ന് സമര്‍ഥിച്ച തുര്‍ക്കിഷ് ചരിത്രകാരനായ അയ്ദിന്‍ സായിദിന്റെ തുടര്‍ച്ചയായിട്ടാണ് സെസ്ഗിന്‍ കടന്നുവരുന്നത്.
തികച്ചും അവിചാരിതമായിട്ടായിരുന്നു ഗവേഷണ മേഖലയിലേക്കുള്ള ഫുആദ് സെസ്ഗിന്റെ രംഗപ്രവേശം. 1924ല്‍ തുര്‍ക്കിയില്‍ ജനിച്ച സെസ്ഗിന്‍ ചെറുപ്പകാലം തൊട്ട് തന്നെ സയന്‍സ്, ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ കരിയര്‍ മേഖലയായി എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് പ്രമുഖ ജര്‍മന്‍ ഓറിയന്റലിസ്റ്റായ ഹെല്‍മട്ട് റിറ്ററിന്റെ പ്രഭാഷണം കേള്‍ക്കുന്നതും അറബ് മുസ്‌ലിം ചരിത്ര ഗവേഷണത്തിലേക്ക് ആകൃഷ്ടനാവുന്നതും. താന്‍ ലോകത്തിന് സമ്മാനിച്ച സംഭാവനകളുടെ സമ്പൂര്‍ണ അംഗീകാരവും തന്റെ പ്രിയ ഗുരുവായ റിറ്ററിന് സമര്‍പ്പിക്കാനാണ് സെസ്ഗിന്‍ താത്പര്യപ്പെടുന്നത്.

ചരിത്രത്തിന്റെ ഉറവിടങ്ങളിലേക്ക്

പാശ്ചാത്യര്‍ ചരിത്ര രേഖകളില്‍ നിന്ന് തുടച്ചുനീക്കിയ അറബ് മുസ്‌ലിം സാന്നിധ്യങ്ങളെ ലോകത്തിന് മുന്നില്‍ പുനരവതരിപ്പിക്കുകയെന്ന ചരിത്രപരമായ ഉദ്യമത്തിന് തയ്യാറെടുത്ത ഫുആദ് സെസ്ഗിന്റെ പാത സുഖകരമായിരുന്നില്ല. ഇസ്തംബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സമയത്ത് 1950-60 കളില്‍ തുര്‍ക്കിയുടെ രാഷ്ട്രീയ സാഹചര്യം അട്ടിമറികള്‍ കൊണ്ട് പ്രക്ഷുബ്ദമായിരുന്നു. കലുഷിതമായ രാഷ്ട്രീയ സാഹചര്യം രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെന്ന പോലെ അക്കാദമിക മേഖലയെയും ബാധിച്ചു. 150 ഓളം പ്രൊഫസര്‍മാരാണ് രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് ജര്‍മനിയില്‍ അഭയം തേടിയ ഇദ്ദേഹം ഫ്രാങ്ക്ഫര്‍ട്ട് യൂനിവേഴ്‌സിറ്റിയിലാണ് തന്റെ ഗവേഷണം പൂര്‍ത്തീകരിക്കുന്നത്. പിന്നീട് ദീര്‍ഘകാലം അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും ഗവേഷണവും. തഫ്‌സീര്‍, ബലാഗ, ഹദീസ്, പദ്യ സാഹിത്യം, ചരിത്രം, വിശ്വാസ ശാസ്ത്രം തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാനവും ജന്തു ശാസ്ത്രം, രസതന്ത്രം ഭൗതിക ശാസ്ത്രം തുടങ്ങി പ്രകൃതി ശാസ്ത്ര മേഖലകളെയും ഉള്‍ക്കൊള്ളിക്കുന്ന പതിനേഴ് വാള്യങ്ങളുള്ള ഹിസ്റ്ററി ഓഫ് അറബിക് സയന്‍സസ് ആണ് ഇേദ്ദഹത്തിന്റെ മാസ്റ്റര്‍ പീസായി കാണാനാകുന്നത്.
നിരവധി വാള്യങ്ങള്‍ വരുന്ന ഗ്രന്ഥങ്ങള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ദേഹം ശേഖരിച്ച കൈയ്യെഴുത്ത് പ്രതികളാണ് അദ്ദേഹത്തെ ഗവേഷണ ലോകത്തിന് പ്രിയങ്കരനാക്കിയ മറ്റൊരു കാരണം. അഥവാ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളേക്കാള്‍ ഗവേഷണ ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹം ഒരുമിച്ച് കൂട്ടിയ നാലു ലക്ഷത്തോളം കൈയ്യെഴുത്ത് പ്രതികളോടായിരിക്കും. ഇവകളില്‍ പലതും അതു വരെയുള്ള ചരിത്രകാരന്മാര്‍ ഗ്രന്ഥസൂചികകളില്‍ മാത്രം കണ്ടവയായിരുന്നു.
60ഓളം രാജ്യങ്ങളിലെ നൂറ് കണക്കിന് ലൈബ്രറികളില്‍ നിന്നാണ് ഈ കൈയ്യെഴുത്ത് പ്രതികള്‍ ശേഖരിച്ചത്. ഈ ഉദ്യമത്തിനായി 27 ഭാഷകളും അദ്ദേഹം പഠിച്ചിരുന്നു. ഈ ഗ്രന്ഥശാലകളിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം അന്വേഷണം നടത്തിയ മിക്ക ലൈബ്രറികളിലും കാറ്റലോഗ് പോലുമുണ്ടായിരുന്നില്ല, ഉണ്ടായിരുന്നവ കൈപ്പടയില്‍ എഴുതിയതോ വിഷയാടിസ്ഥാനത്തില്‍ ക്രമീകരിക്കാത്തതോ ആയിരുന്നു. ഈ കഷ്ടപ്പാടുകളത്രയും സഹിച്ച് ഗവേഷണത്തിനായി പുതിയൊരു ജാലകം തുറന്നിടാന്‍ ഫുആദ് സെസ്ഗിന്‍ കാണിച്ച അര്‍പ്പണ ബോധം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക ശാസ്ത്ര ചരിത്ര രംഗത്തെ അനുപമമായ ഈ സേവനമാണ് സെസ്ഗിനെ 1978ലെ കിംഗ് ഫൈസല്‍ അവാര്‍ഡ് ജേതാവാക്കിയതും. തന്റെ കണ്ടെത്തലുകള്‍ സൂക്ഷിക്കാനും സംരക്ഷിക്കാനും നിരവധി മ്യൂസിയങ്ങളും ഇന്‍സ്റ്റിറ്റിയൂഷനുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

ഹദീസ് ലോകത്തെ സംഭാവനകള്‍

അറബ് ഇസ്‌ലാമിക ശാസ്ത്ര ചരിത്ര പുസ്തങ്ങളേക്കാള്‍ സെസ്ഗിന്റെ പ്രതിഭ മികച്ച് നില്‍ക്കുന്നത് ഹദീസ് വിജ്ഞാന ശാഖയിലാണെന്ന് ഡേവിഡ് എകിംഗ് അഭിപ്രായപ്പെടുന്നുണ്ട്. ഖുര്‍ആന്‍, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളിലൂടെ ഇസ്‌ലാമിക വിജ്ഞാന രംഗത്ത് കടന്ന് വന്ന സെസ്ഗിന്‍ പിന്നീട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹദീസിലാണ്. ആധികാരികമായ തന്റെ പഠനങ്ങളിലൂടെ ഹദീസിന്റെ ആധികാരികതക്ക് നേരെ പാശ്ചാത്യര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നുണ്ട് സെസ്ഗിന്‍.
ഇസ്‌ലാമിന്റെ ആധികാരിക പ്രമാണങ്ങളില്‍ സുപ്രധാനമായത് കൊണ്ട് തന്നെ ഹദീസ് എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കാന്‍ പാശ്ചാത്യര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഹദീസ് എന്നത് അടിസ്ഥാന രഹിതമായ ഒന്നാണെന്നും ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ ചില പണ്ഡിതര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എഴുതിത്തയ്യാറാക്കിയതാണുമെന്ന ബാലിശമായ വാദങ്ങളിലൂടെയാണ് ഹദീസിന്റെ പ്രമാണികതയെ നിരസിക്കുന്നത്. അലോയ്സ് സ്‌പ്രെങ്ങറില്‍ തുടങ്ങി ഇഗ്നാസ് ഗോള്‍സിയറില്‍ ശക്തി പ്രാപിച്ച് യൂസഫ് ഷാഖ്തിലൂടെ വ്യാപിച്ച ഈ ഹദീസ് വിമര്‍ശനം ഇന്നും തുടരുന്നു. യൂസഫ് ഷാഖ്ത് വികസിപ്പിച്ചെടുത്ത ഹദീസ് നിവേദിതരെ കെട്ടിച്ചമച്ചവരായി കാണുന്ന കോമണ്‍ ലിങ്ക് തിയറിയിലൂടെയാണ് ഹദീസിന്റെ അടിസ്ഥാനത്തെ പടിഞ്ഞാറ് ചോദ്യം ചെയ്യുന്നത്. ഈ സിദ്ധാന്ത പ്രകാരം മൂന്നാം നൂറ്റാണ്ടു വരെ ഹദീസിന് ലിഖിത രൂപമുണ്ടായിരുന്നില്ല എന്നും പില്‍ക്കാലത്ത് വന്ന പണ്ഡിതന്മാര്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പടച്ചുണ്ടാക്കിയതുമാണ് ഹദീസ് എന്നുമാണ് ഇവര്‍ വാദിക്കുന്നത്.
തെളിവു സഹിതം ഈ വാദങ്ങളെ ഖണ്ഡിക്കുകയും ആധികാരികമായി താന്‍ കണ്ടെടുത്ത കൈയ്യെഴുത്തു പ്രതികളിലൂടെ ഹദീസ് രചന ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ തന്നെയുണ്ടായിരുന്നെന്നും ഫുആദ് സെസ്ഗിന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഹദീസിന്റെ ആധികാരികത സ്ഥാപിക്കുന്ന പ്രമുഖ പണ്ഡിതന്മാരായ ഹറാള്‍ഡ് മോട്‌സ്‌കി, മുസ്തഫാ സ്വിബാഈ, മുസ്തഫ അഅ്‌സമി, നാസിയ അസോട്ട് തുടങ്ങിയവരില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് സെസ്ഗിന്‍ സ്വീകരിക്കുന്നത്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് തന്റെ വാദം സ്ഥിതീകരിക്കാനായി സെസ്ഗിന്‍ മുന്നോട്ട് വെക്കുന്നത്. 1- ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ഗ്രന്ഥങ്ങളിലായി സൂക്ഷിക്കപ്പെട്ടു എന്നു പറയുന്നത്, നബി (സ) തങ്ങളുടെ കാലത്തു തന്നെ ഹദീസ് ലിഖിത രൂപത്തിലാക്കി സംരക്ഷിച്ചതിന്റെ തുടര്‍ച്ചയായാണ്. ഇങ്ങനെ നിരവധി സ്വഹാബികള്‍ ഹദീസുകള്‍ ലിഖിത രൂപത്തിലായി സൂക്ഷിച്ചതായി ചരിത്രത്തില്‍ കാണാം. 2- വാമൊഴിയായുള്ള ഹദീസ് കൈമാറ്റം ഹദീസ് രേഖകളായി സൂക്ഷിച്ചിരുന്നില്ല എന്നതിന് തെളിവല്ല എന്നതിനോടൊപ്പം എഴുതപ്പെട്ട സനദുകള്‍ ആദ്യ കാലത്തു തന്നെ ഹദീസ് രചന ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നുമുണ്ട്. തന്റെ നിലപാട് സ്ഥിതീകരിക്കാനായി ഇബ്‌നു ഹജറി(റ)ന്റെ ഇസാബ, തദീരീബ് തുര്‍മുദി (റ)യുടെ ഇലല്‍, ഇബ്‌നു സഅദിന്റെ ത്വബഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് അദ്ദേഹം.
സമ്മിശ്രമായ പ്രതികരണമാണ് പണ്ഡിത ലോകത്തു നിന്നും ഇദ്ദേഹത്തിന്റെ വാദങ്ങള്‍ക്കുണ്ടായത്. പൂര്‍ണമായും ആധികാരികമായ തെളിവുകള്‍ ആദ്യകാല ഗ്രന്ഥങ്ങള്‍ കൈയ്യെഴുത്തു പ്രതികള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സെസ്ഗിന്‍ സംസാരിക്കുന്നതെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.
ഫുആദ് സെസ്ഗിന്‍ ഗവേഷക ലോകത്തിന് സമ്മാനിച്ച ലക്ഷക്കണക്കിന് വരുന്ന കൈയ്യെഴുത്ത് പ്രതികളില്‍ മിക്കവയും ഇപ്പോഴും ആധികാരികത തെളിയിക്കാനാവാത്തതാണ്. താന്‍ അവലംബിക്കുന്ന ഗ്രന്ഥങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കുന്ന സെസ്ഗിന്‍ അവകളുടെ ചരിത്രപരമായ പിന്‍ബലം അന്വേഷിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ചരിത്രപരമായ സംശയത്തിന്റെ നിഴലിലുള്ള ഈ കൈയ്യെഴുത്ത് പ്രതികളുടെ ആധികാരികതയും പ്രാധാന്യവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇന്നത്തെ ഗവേഷക തലമുറ തയ്യാറാണെങ്കില്‍ ഫുആദ് സെസ്ഗിനൊരു ആദരവും ചരിത്ര പഠനങ്ങള്‍ക്കൊരു നേട്ടമായിരിക്കുമെന്നത് തീര്‍ച്ച.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Solverwp- WordPress Theme and Plugin