ഏട്ടനാണ് അന്ന് അയാളേയും കൊണ്ട് വീട്ടിലേക്ക് വന്നത്. കൂടെയാരെങ്കിലുമുണ്ടെങ്കില്‍ സാധാരണ വിളിച്ചുപറയാറുള്ള ഏട്ടന്‍ അന്ന് അങ്ങനെ ചെയ്തിരുന്നില്ല. ഒരുപക്ഷേ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനാലാവാം. അത്ര വെളുത്തിട്ടല്ലാത്ത അയാളുടെ പ്രകൃതത്തില്‍ എനിക്ക് കൗതുകത്തിന് ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടില്‍ വരുന്ന ഓരോരുത്തരേയും കാര്യമായി പരിചയപ്പെടുത്താന്‍ ശ്രമിക്കാറുള്ള ഏട്ടന്‍ അന്ന് അങ്ങേയറ്റം ശാന്തമായും നിശ്ശബ്ദമായും കാണപ്പെട്ടിരുന്നു. എംടിവിയിലെ ഏറ്റവും പ്രിയങ്കരമായിരുന്ന ഒരു മ്യൂസിക്കിന് പോലും ചെവികൊടുക്കാതെ ഏട്ടന്‍ മുറിയിലേയ്ക്ക് അയാളെയും കൊണ്ട് പോവുക മാത്രമാണ് ചെയ്തത്.
വന്നയാള്‍ എങ്ങിനെയുള്ളതാണെന്ന് അറിയാത്തതുകൊണ്ട് അമ്മ അത്തായത്തിന്റെ ഒപ്പം രണ്ടുമീനും മൂന്ന് നാല് പഫ്‌സും വെച്ചിട്ട് കഴിക്കാന്‍ വിളിക്കാന്‍ പറഞ്ഞു. അത് അറിഞ്ഞിട്ടുതന്നെയാവണം ഏട്ടന്‍ ഡൈനിങ് റൂമിലേക്ക് വന്ന് നിങ്ങള്‍ കഴിച്ചിട്ട് കിടന്നുകൊള്ളു എന്ന് അപ്രതീക്ഷിതമായി ആവര്‍ത്തിച്ചത്.
അത്രയും ഒച്ചകുറച്ച് ഏട്ടന്‍ സംസാരിക്കുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അമ്മയും അത് ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടെന്നരിയില്ല മടങ്ങിവന്നിട്ട് ടി വി ഓഫാക്കി ഞാന്‍ മുറിയിലേക്ക് പോയി. ആകാശവാണി ആ ഇടയ്ക്ക് തുടങ്ങിയ പ്രേക്ഷകരുടെ ഹലോപ്രിയ ഗാനം കേട്ടുകൊണ്ട് ഉറക്കം വരുന്നതുവരെ ഇരിക്കാന്‍ തീരുമാനിച്ചു.
രാവിലെ ഏട്ടന്റെ മുറിനിറയെ പുസ്തകങ്ങളും പേപ്പറുകളും ആയിരുന്നു. ചേട്ടന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ആര്‍ട്ടിക്കിളും മറ്റും ഓരോന്നും അയാളെ കാണിക്കുകയും വളരെ ലാഘവത്തോടെ അതെല്ലാം നോക്കിയിരിക്കുകയുമായിരുന്നു അയാള്‍. മുത്തശ്ശി ഞങ്ങള്‍ക്കായി കൊണ്ടുവന്ന ചായ അവര്‍ക്ക് നീട്ടിയപ്പോള്‍ താങ്ക്‌സ് പറഞ്ഞ് അയാള്‍ വീണ്ടും ആ കുറിപ്പുകളിലേയ്ക്ക് കുനിഞ്ഞിരുന്നു. ഏട്ടനെ കളിയാക്കാനായി ഞങ്ങള്‍ ഉപയോഗിക്കാറുള്ള ആ വാരാന്ത്യ ലേഖനങ്ങള്‍ അയാള്‍ ഓരോന്നായി വായിച്ചു മാറ്റുകയായിരുന്നു.
ഇടക്കിടക്ക് വെരിഗുഡ് ശ്രീജേഷ് എന്ന് അയാള്‍ പറഞ്ഞിരുന്നു. അച്ചാച്ചന്റെ പടത്തേല്‍ തൊട്ടു തൊഴുയിട്ട് അമ്മ സ്‌കൂളിലേയ്ക്ക് പോയി. ഇടക്ക് എനിക്ക് വന്ന ഫോണ്‍ എടുത്തു മുത്തശ്ശി ഇന്ന് അവധിയാണെന്ന് ലീന പറഞ്ഞു എന്ന് എന്നെ അറിയിച്ചു. ചുരിദാറ് ഊരിവയ്ക്കാതെ തന്നെ ഞാന്‍ മുത്തശ്ശിയുടെ കൂടെ അടുക്കളയില്‍ ഇരുന്നു.
സ്‌ക്വാഷ് രണ്ടുഗ്ലാസില്‍ പകര്‍ന്നുകൊണ്ട് ഏട്ടന്റെ മുറിയിലേക്കു വന്നപ്പോള്‍, ഉച്ചയ്ക്ക് അയാള്‍ ഉണ്ടാകും എന്നുപോലും പറയാതെ ഏട്ടന്‍ ഹെല്‍മെറ്റ് തലയിലുറപ്പിക്കുന്നത് ഞാന്‍ കണ്ടു. അയാളെക്കാണാതെ ഞാനാ ഡിഷ്, ഡൈനിങ് ടേബിളില്‍ കൊണ്ടുവച്ചു.
പേരെന്താ?
മുത്തശ്ശി സ്‌ക്വാഷു പിടിച്ചുകൊണ്ട് അയാളുടെ പുറകില്‍ ചെന്നു നിന്നു ചോദിച്ചു
ദേവരാജന്‍. അയാള്‍ തീര്‍ത്തും ഒച്ചകുറച്ച് പറഞ്ഞുകൊണ്ട് ഗ്ലാസ് വാങ്ങി ഡെസ്‌കിന്റെ പുറത്ത് വെച്ചിട്ട് പത്രങ്ങളിലേക്ക് നോക്കാന്‍ തുടങ്ങി.
കൂടുതലൊന്നും ചോദിക്കാനാവാതെ മുത്തശ്ശി തിരികെ നടന്നു. ടിവി ഓണ്‍ ചെയ്യാന്‍ എനിക്ക് തോന്നിയിരുന്നെങ്കിലും എന്തോ അതിനു കഴിഞ്ഞില്ല. തിരികെ മുറിയിലേയ്ക്ക് പോയി. പുതിയ സിലബസ്സിന്റെ വിസ്താരം ഒന്ന് ഓടിച്ചുനോക്കി. ഇത് മറ്റ് യൂനിവേഴ്‌സിറ്റിയിലേതു വെച്ചു നോക്കിയാല്‍ സിമ്പിളാണെന്ന് അച്ഛന്‍ പറഞ്ഞത് വെറുതെയാണെന്ന് എനിക്കുതോന്നി. രാവിലെയിട്ട ചുരിദാറ് മാറാനും വീട്ടില്‍ ഇടാറുള്ള ബ്രൗണ്‍ നിറമുള്ള ചുരിദാറ് കയ്യില്‍ എടുക്കുകയും ചെയ്തു. അതിന്റെ കക്ഷത്തിന്റെയും എളിയുടെയും ഭാഗത്ത് നൂല് ചുരുണ്ടുകൂടിയത് വിരലുകൊണ്ട് തടവിനോക്കി.
‘ദേവരാജന്‍ ഊണ് കഴിച്ചിട്ട് വായിക്ക്’
മുത്തശ്ശിയുടെ ശബ്ദം കേട്ട് ഞാന്‍ അടുക്കളയിലേക്ക് നടക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് കാല് പിന്‍വലിച്ച് മുറിക്കുള്ളില്‍ തന്നെ ഇരുന്നു. ഏട്ടന്‍ ഇപ്പോള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നെങ്കിലത്തെ ബഹളം ഞാനോര്‍ത്തു.
ആരാടീ ഈ ബെഡ്ഷീറ്റ് ചുരുട്ടിവച്ചേ,
നീയാണോ എന്‍െ ഫയല് മാറ്റി വച്ചേ
അച്ഛനാണോടീ ആ പുസ്തകം എടുത്തോണ്ടുപോയേ
അങ്ങിനെ പലതും.
ഒരു ചോറുപോലും നിലത്തു വീഴാതെ, കുറച്ചുമാത്രം കറികളെടുത്ത് ഭക്ഷണം കഴിച്ച അയാളുടെ പാത്രം കണ്ടപ്പോള്‍ അതിശയം തോന്നി. അതില്‍ നിറയെ അയാള്‍ വിരലുകൊണ്ട് ചോറ് വാരിയെടുത്തതിന്റെ വരകള്‍ ഒരു പ്രത്യേക സൗന്ദര്യത്തിലുള്ളതായിരുന്നു.
പാതിയടഞ്ഞും ഫാന്‍ ഓഫായും കാണപ്പെട്ടു. അയാള്‍ അതിനുള്ളിലുണ്ടോ എന്ന് ഒളിഞ്ഞുനോക്കാനും മാത്രം നിശ്ശബ്ദമായിരുന്നു അപ്പോള്‍ ഏട്ടന്റെ മുറി. ഊണുകഴിഞ്ഞാല്‍ ഒരു ഗസലോ സിഗരറ്റിന്റെ ഗന്ധമോ ഏട്ടനുണ്ടെങ്കില്‍ ഉറപ്പാണ്. ബാത്‌റൂമിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഹത്ത് വെള്ളം ഒഴിക്കുന്നതിന്റെയോ തോര്‍ത്ത് കുടയുന്നതിന്റെയോ ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചേച്ചി ചാനല് വെക്ക് ചേച്ചി
എന്റെ മുറിയില്‍ കയറി അടുത്ത വീട്ടിലുള്ള കുട്ടികള്‍ വലിച്ചിറക്കി.
ഇന്ന് ചേച്ചിക്ക് പഠിക്കാനുണ്ട്. നിങ്ങള് പുറത്ത് പോയിക്കളിക്ക്.
ഞാന്‍ അവരെ ഒഴിവാക്കാന്‍ ശ്രമിച്ചു.
ചേച്ചി അത് വെച്ച് തന്നിട്ട് ഇങ്ങോ പോര്..
അവരു വീണ്ടും വന്ന് എന്റെ കയ്യിലും തുണിയിലും പിടിച്ചു. അതില്‍ തീരെ പൊടിയായവന്‍ ഞാനീ പേന എടുത്തോട്ടെ എന്ന് ചോദിച്ചു കൊണ്ട് അതെടുത്ത് ഉടുപ്പിന്റെ കീശയിലിട്ടു. വേണ്ട എന്ന് ഒച്ചവയ്ക്കാന്‍ തോന്നിയെങ്കിലും ഞാനൊന്നും മിണ്ടിയില്ല.
ആ മുറീ ഒരു ചേട്ടന്‍ ഇരിപ്പുണ്ട്
ആ ചേട്ടന് പിള്ളാരെ ഇഷ്ടമല്ല.
നമുക്ക് ആ ചേട്ടന്‍ പോകുമ്പോള്‍ വയ്ക്കാം.
ഇപ്പോ പൊറത്ത് പോയി കളിക്ക്
ഞാനും വരാം.. എന്ന് പറഞ്ഞിട്ട് ഞാനും അവരുടെ കൂടെ പിന്‍വശത്തുള്ള വാതിലിലൂടെ മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങി. ഏട്ടന്റെ മുറിയില്‍ നിന്നാല്‍ കാണാന്‍ പറ്റാത്ത വശത്തുള്ള ഗാര്‍ഡനില്‍ ചെന്നിരുന്നു.
രണ്ട് ടെക്സ്റ്റയില്‍സ് കവറുമായാണ് ഏട്ടന്‍ മടങ്ങി വന്നത്. എന്നാല്‍ പിള്ളാരെ കണ്ടപ്പോള്‍ അവരെ വിളിക്കാനോ ഒന്നും കൂട്ടാക്കാതെ കാലിബര്‍ പതിവിന് വിപരീതമായി ഒരു മൂലയിലേയ്ക്ക് മാറ്റി വച്ചിട്ടാണ് മുറിയ്ക്കകത്തേയ്ക്ക പോയത്. വൈകീട്ട് പതിവിന് വിപരീതമായി അയാളുടെ കൂടെ ഷര്‍ട്ടുമിട്ട് നടക്കാന്‍ ഇറങ്ങിയ ഏട്ടന്റെ കയ്യില്‍ കുടയും പെന്‍ടോര്‍ച്ചും ഉണ്ടായിരുന്നു.
നിനക്ക് ലിംഗിസ്റ്റിക്‌സിന്റെ സംശയങ്ങള്‍ ദേവരാജനോട് ചോദിക്കാം
അവന്റെ തീസീസ് അതാണ്
എം എ ഫോര്‍ത്ത് സെമസ്റ്ററിലെ ടൈംടേബിളിലും നോക്കിയിരുന്ന എന്നോട് ഏട്ടന്‍ പറഞ്ഞു.
എനിക്കത് ഒട്ടും ഇഷ്ടമില്ലാത്ത വിഷയമാ ഏട്ടാ
ഞാന്‍ പറഞ്ഞു.
എനിക്ക് അത് കാണുമ്പോ തന്നെ കലിവരും.
സ്വനം, സ്വനിമം, എന്തൊക്കെയാണവ.
എനിക്കൊന്നും മനസ്സിലാവുന്നില്ല.
സ്വനവും സ്വാനിമങ്ങളുമാണ് പലര്‍ക്കും ഒച്ചകൊടുക്കുന്നതും ഒച്ച ഇല്ലാതാക്കുന്നതും എന്ന് ദേവരാജന്‍ എഴുതിയിരുന്നു.
ഏട്ടന്റെ ആ വാക്കുകള്‍ക്ക് ഒരിക്കല്‍ പോലുമില്ലാത്ത മ്ലാനതയുണ്ടായിരുന്നു. ഒരാളെ പേര് ചേര്‍ത്ത് സംസാരിക്കുക ഏട്ടന്റെ സ്വഭാവമേ അല്ല. എന്നിട്ട് ഇപ്പോള്‍. അയാള്‍ വന്നേപ്പിന്നെ ഏട്ടന്‍ വളരെ പെട്ടെന്ന് നിശ്ശബ്ദനായതുപോലെ എനിക്ക് തോന്നി.
ആരാ ഏട്ടാ അയാള്‍?
ഞാന്‍ ചോദിച്ചു.
ഫോളിയോയുടെ ഒരു പേജിനുള്ളില്‍ വിരല്‍ വച്ച് അടച്ച് പിടിച്ചുകൊണ്ട് ഏട്ടന്‍ നിലത്തേക്ക് നോക്കി.
ഏട്ടന്‍ ഹോസ്റ്റലില്‍ ഒറ്റപ്പെട്ട് ജീവിച്ചപ്പോള്‍,
കൂട്ടും ധൈര്യവും ഒക്കെത്തന്നയാളാ
അന്നവന് മാസികകളില്‍ നിന്ന് കിട്ടുന്ന കാശു മതിയായിരുന്നു ഞങ്ങള്‍ക്ക് സിനിമകളെല്ലാം കാണാന്‍.
ഏട്ടന് ബീച്ചും പാര്‍ക്കും എല്ലാം അയാളായിരുന്നു.
ഏട്ടന്‍ മെഡിസിനു ചേര്‍ന്നു, ഡോക്ടറായി, ആസ്പത്രിയായി…
അക്ഷരങ്ങളും വാക്കുകളും തേടിപ്പോയ അവന്‍ ഭാഷയില്ലാത്തവനായി, എഴുത്തറിയാത്തവനായി.
ഏട്ടാ എനിക്കൊന്നും മനസ്സിലാവുന്നില്ല എന്നു പറഞ്ഞിട്ട് അവിടെ നിന്ന് എഴുന്നേക്കണം എന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും
ഏട്ടാ ഞാന്‍ ചായ കൊണ്ടുവരാം എന്നു പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റു.
ടിവിയില്‍ ഏതോ ഒരുവളെ മറ്റൊരുവള്‍ ഉയര്‍ത്തിപ്പിടിച്ച് നിലത്ത് അടിക്കുന്നതും അത് കണ്ട് കുട്ടികള്‍ കയ്യടിക്കുന്നതും എന്നെക്കണ്ട് ചാനല്‍ മാറ്റുന്നതും ശ്രദ്ധിക്കാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഇന്നുച്ചയ്ക്ക് അയാള്‍ ഉണ്ടാകുമോ എന്ന് ശ്രീജേഷിനോട് ചോദിക്കാന്‍ മുത്തശ്ശി എന്നോട് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഏട്ടന്റെ ബൈക്ക് സ്റ്റാര്‍ട്ടായിക്കഴിഞ്ഞിരുന്നു.
അന്നും അയാളുടെ മുറി അടഞ്ഞുകിടന്നിരുന്നു. അകത്ത് പുസ്തകങ്ങളും പേപ്പറും നിരന്നിരുന്നു എന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക്.
ചായയ്ക്ക് കടുപ്പം കുറവാണ്,
ഞാന്‍ പറയുന്നത് കേട്ട് അലമാരയിലേയ്ക്ക് തിരിഞ്ഞുനിന്ന അയാള്‍ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ട് വീണ്ടും അലമാരയിലേയ്ക്ക് തിരിഞ്ഞു.
വീട് എവിടെയാണ്
ഞാന്‍ ചോദിച്ചു.
വൈക്കം. കേട്ടിട്ടുണ്ടോ?
ഞാന്‍ മനസ്സിലാകാതെ നിന്നു. പണ്ട് ക്ഷേത്ര മുറ്റത്തൂടുള്ള റോഡിലൂടെ തുറക്കാനായിട്ട്…
അത്രയും പറഞ്ഞിട്ട് അയാള്‍ ഒന്നുകൂടി ചിരിച്ചു. കഴിഞ്ഞ ആഴ്ച ഏട്ടന്‍ വാങ്ങിയ മുണ്ടും ഷര്‍ട്ടും ആണ് അയാള്‍ ഇട്ടിരുന്നത് എന്ന് ഞാന്‍ ഊഹിച്ചെടുത്തു.
വീട്ടിലാരൊക്കെയുണ്ട്?
എല്ലാവരും
ഇപ്പഴും പഠിക്കുവാണോ?
അതേ
ഹോസ്റ്റലിലെ കാര്യങ്ങളൊക്കെ ഏട്ടന്‍ പറഞ്ഞു
അത് കേട്ടതും അയാള്‍ തളര്‍ന്നു പോകുന്നതായി എനിക്കു തോന്നി. അന്ന് അയാള്‍ എഴുതിയിട്ടുള്ള നോവലുകള്‍ പല മാസികകളിലും വന്നിട്ടുണ്ടെന്നും പുസ്തകങ്ങള്‍ ആയിട്ടുണ്ടെന്നും അമ്മ പറഞ്ഞിരുന്നു. അയാള്‍ വിയര്‍ക്കുന്നതായും നെഞ്ച് തടവുന്നതായും ഞാന്‍ കണ്ടു. ഞാന്‍ ഫാനിട്ടു.
ചായ കുടിക്കൂ….
ഞാന്‍ പറഞ്ഞു.
ഏട്ടന് ഹോസ്പിറ്റലില്‍ തിരക്കുള്ള ദിവസം വൈകിയേ വരൂ
എന്നോട് സംശയങ്ങളൊക്കെ ചോദിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്
ഫൊണെറ്റിക്‌സിന് ഒരാളെ അന്വേഷിക്കേണ്ടല്ലോ എന്ന് അച്ഛനും പറഞ്ഞു.
കസേരയില്‍ വന്നിരുന്ന് ചായകുടിച്ചുകൊണ്ട് അയാള്‍ രാത്രി മുഴുവനും കണ്ണുകള്‍ ചലിപ്പിച്ചപ്പോള്‍ ആ നോട്ടം എത്ര ദയനീയമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒരാഴ്ചയായി ഒന്നും സംസാരിക്കാതെ അയാള്‍ക്ക് പകലു മുഴുവന്‍ ഇരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അത്ഭുതവും അനുകമ്പയും തോന്നിത്തുടങ്ങിയിരുന്നു.
ഞങ്ങള്‍ കാര്യമായി ഒന്നും സംസാരിക്കാത്തതുകൊണ്ടാവാം അയാളും സംസാരിക്കാത്ത് എന്ന് കരുതി വാതില്‍ ചാരി ഞാന്‍ പുറത്തിറങ്ങി. അടിയുടുപ്പുകള്‍ മാത്രമിട്ട് പെണ്ണുങ്ങള്‍ നൃത്തം ചെയ്യുന്ന ചാനല്‍, കാര്‍ട്ടൂണിലേയ്ക്ക് മാറ്റിക്കൊണ്ട് കുട്ടികള്‍ നിശ്ശബ്ദരായി ഇരുന്നു.
അന്ന് മുത്തശ്ശി കൊച്ചച്ചന്റെ വീട്ടില്‍ പോയിരുന്നു. അമ്മയ്ക്ക് എക്‌സാം ഡ്യൂട്ടിയുള്ളതിനാല്‍ വൈകിട്ടേ എത്തുകയുള്ളു എന്നും പറഞ്ഞിരുന്നു. ഏട്ടന് ആവശ്യമുള്ള ഭക്ഷണം അടച്ചുവെച്ച് അയാളെ ഭക്ഷണത്തിന് ഞാന്‍ വിളിച്ചു. കഴിച്ചോളൂ ഞാന്‍ കുറച്ചുകഴിഞ്ഞ് കഴിച്ചോളാം എന്നയാള്‍ ഉച്ചയ്ക്കും പറഞ്ഞിരുന്നു. വൈകുന്നേരം അതാവര്‍ത്തിയ്ക്കുകയും മുമ്പത്തേതു പോലെ കഴിക്കാതിരിക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതി. പാവയ്ക്കാ വറുത്തതും ചീരത്തോരനും ഉണക്കമീന്‍ ഇടിച്ചതും ഒക്കെ പാത്രങ്ങളിലാക്കി ഞാന്‍ ഏട്ടന്റെ മുറിയുടെ വാതില്‍ തുറന്നു.
എഴുതിക്കൊണ്ടിരുന്ന അയാള്‍ എന്നെനോക്കി ചിരിക്കുക മാത്രം ചെയ്തു. അയാളുടെ പല്ലുകള്‍ക്ക് ഞാനതുവരെ കണ്ടിട്ടില്ലാത്ത അഴക് ഉണ്ടായിരുന്നു. അയാളുടെ ചുരുണ്ട മുടി കൂടുതല്‍! സമൃദ്ധവും കറുത്തതുമായിരുന്നു. മുഖം ഇരുണ്ടു തുടുത്തും ചുണ്ടുകള്‍ ചുവന്നും കാണപ്പെട്ടു.
ഞാന്‍ കഴിച്ചോളാം
കുട്ടിപോയി പഠിച്ചോളൂ
എന്ന് ചിരിച്ചുകൊണ്ടയാള്‍ പറഞ്ഞു.
അപ്പോള്‍ ഫോണ്‍ മുഴങ്ങി. അത് കേട്ടെങ്കിലും തികച്ചും നിശ്ശബ്ദനായി അയാള്‍ എന്റെ മുഖത്ത് നോക്കുക മാത്രം ചെയ്തു. ഞാന്‍ ചെന്ന് ഫോണ്‍ എടുത്തു. ഏട്ടനായിരുന്നു. അമ്മയുമായി കുറച്ച് താമസിക്കുമെന്നും ദേവരാജന് ഭക്ഷണം കൊടുക്കാന്‍ മറക്കരുതെന്നും ഏട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞു.
അയാള്‍ കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ എടുത്തപ്പോള്‍ ഞാന്‍ തടഞ്ഞു.
വേണ്ട ഞാന്‍ കഴുകിക്കോളാം.
ഞാന്‍ പറഞ്ഞു. വൃത്തിയായി ഭക്ഷണം കഴിച്ച പ്ലേറ്റില്‍ അന്നും പതിവുപോലെ ഞാന്‍ നോക്കി. അതേ വരകള്‍. വന്ന അന്നുമുതല്‍ കാണുന്ന ചോറുവാരിയെടുക്കുന്ന അതേവരകള്‍. അത് ഒരിക്കലും വായിച്ചാല്‍ മനസ്സിലാവാത്ത ഒരക്ഷരമായി എനിക്കുതോന്നി. ആ വരകളുടെ പുറത്ത് ഞാനെന്റെ വിരല്‍ വച്ചു, വരച്ചു. ഞാനറിയാതെ എന്റെ ആ വിരലുകള്‍ ഞാന്‍ നോക്കി. എന്തോ ഇതുവരെ കഴിക്കാത്ത ഒരു രുചി എന്റെ വിരലുകള്‍ക്കുണ്ടെന്ന് തോന്നി. പെട്ടെന്ന് ഏട്ടന്റെ ബൈക്ക് വീടിന്റെ മുറ്റത്തു വന്നുനിന്നു.
ഏട്ടന്റെ കൈകളില്‍ ചില പായ്ക്കറ്റുകള്‍ ഉണ്ടായിരുന്നു.
ഡെല്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലെവിന്‍ അയച്ചുതന്നിട്ടുണ്ട്.
നീ പറഞ്ഞ എല്ലാ ബുക്കിന്റെയും ക്‌സീറോക്‌സ് എടുത്തിട്ടുണ്ട്.
അയാള്‍ ചിരിക്കുക മാത്രം ചെയ്തു.
ക്ഷീണമുണ്ടായിരുന്നതിനാല്‍ അമ്മ പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി.
നിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുന്നുണ്ടോ?
നീ എഴുത്
ഒരുപക്ഷേ ഓക്‌സ്‌ഫോര്‍ഡ് പബ്ലിഷ് ചെയ്യുന്ന
ആദ്യത്തെ ലിംഗ്വിസ്റ്റിക്‌സ് തീസീസ്
മലയാളത്തില്‍ നിന്ന് നിന്റേതായിരിക്കും.
ഭാഷാ മാനവീകരണത്തെക്കുറിച്ചുള്ള നിന്റെ
ആര്‍ട്ടിക്കിള്‍ നന്നായിരുന്നു എന്ന് പ്രബോധ്ചന്ദ്രന്‍ സാറ് പറഞ്ഞിരുന്നു.
പിന്നെയും എന്തോക്കെയോ ഏട്ടനും അയാളും സംസാരിച്ചത് എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ ഏട്ടന്‍ എഴുതിയിരുന്ന പത്രക്കോളങ്ങളില്‍ ചില വ്യതിയാനങ്ങള്‍ വന്നതായി വായനക്കാരുടെ കത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാഷ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ടെന്ന് അച്ഛന്‍ വിളിച്ചപ്പോഴും പറഞ്ഞിരുന്നു.
ഭാഷയെക്കുറിച്ച് പറയു എന്നാല്‍ മൂകമായവരെ അറിയുകയാണെന്നുള്ള അഭിപ്രായത്തിന് സാറിന്റ അഭിപ്രായം എന്താണ്?
എന്ന് ക്ലാസ് റൂമില്‍ വച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ഈ ഐഡിയോളജി എവിടെ നിന്നുകിട്ടി
ഇത് കൊള്ളാമല്ലോ എന്നായിരുന്നു ഫൊണറ്റിക്‌സ് അധ്യാപകന്റെ അഭിപ്രായം.
എല്ലാ കുട്ടികളും എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
നിശ്ശബ്ദമായവര്‍ക്ക് ഭാഷയോ?
അവര്‍ എന്നോട് എന്തൊക്കെയോ ചോദിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. കൂടുതല്‍ ചോദ്യം വരുന്നതിനു മുമ്പ് ഞാന്‍ ക്ലാസ് റൂമില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് വണ്ടികയറി. എന്തൊക്കെയോ സംശയങ്ങള്‍ എനിക്കയാളോട് ചോദിക്കാനുണ്ടെന്ന് തോന്നി. വാതില്‍ ചാരിക്കിടന്നിരുന്നു. ഞാന്‍ വാതില്‍ തുറന്നു. എനിക്ക് പുറംതിരിഞ്ഞിരുന്ന അയാള്‍ എന്നെനോക്കി ചിരിക്കുക മാത്രം ചെയ്തു. എനിക്ക് ചോദ്യങ്ങളെല്ലാം മറക്കേണ്ടി വന്നു. ഞാന്‍ വാതില്‍ ചാരി.
വസ്ത്രം മാറാതെ അടുക്കളയിലേക്കു നടന്നു. അയാള്‍ക്കുള്ള ചായയും വടയും പാത്രത്തിലാക്കി വീണ്ടും വാതില്‍ തുറന്നു. അപ്പോഴും അയാള്‍ ചിരിക്കുക മാത്രം ചെയ്തു. എന്തൊക്കെയോ ചോദ്യങ്ങള്‍ ഞാനപ്പോഴും വിഴുങ്ങിക്കൊണ്ടിരുന്നു. അത്തായം കഴിക്കുമ്പോഴും ഉറങ്ങാന്‍ കിടന്നപ്പോഴും എനിക്ക് അയാളോട് ചോദിക്കാന്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.
രാത്രിയില്‍ എപ്പോഴോ ഞാനെഴുന്നേറ്റു. അമ്മ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ മുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങി. അയാളുടെ ചാരിയിരുന്ന മുറി ഞാന്‍ തള്ളിത്തുറന്നു.
ഏട്ടന്റെ പേരും, വാങ്ങിയ ഡെയിറ്റും ഉള്ള പുസ്തകങ്ങള്‍ നിലത്ത് പലയിടത്തായി അടുക്കി വച്ചിരുന്നു. ഏട്ടന്റെ ആര്‍ട്ടിക്കിള്‍ വന്ന പത്രങ്ങള്‍ മുറിയില്‍ പലയിടത്തായി നിരന്നു കിടന്നിരുന്നു. ഏട്ടന്‍ വാങ്ങിയ മുണ്ടും ഷര്‍ട്ടും അയാള്‍ ധരിച്ചിരുന്നു. ഞാന്‍ മുറിക്കുള്ളില്‍ കയറിയിട്ടും അയാള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ ചിരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതി. എനിക്ക് എന്തൊക്കെയോ ചോദിക്കാനുണ്ട്. അയാളുടെ ചെവിയില്‍ ഞാന്‍ പറഞ്ഞു.
എങ്ങിനെയാണ് നിശ്ശബ്ദമായവയ്ക്ക് ഭാഷയുണ്ടാവുന്നത്?
അയാള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് മലര്‍ന്നുകിടക്കുക മാത്രം ചെയ്ത്, ആ ഇരുട്ടില്‍ അയാളുടെ മുഖം തിളങ്ങുന്നതായി എനിക്കു തോന്നി. ഞാനയാളുടെ നെഞ്ചില്‍ കൈവച്ചുകൊണ്ടു ചോദിച്ചു.
ഭാഷ നഷ്ടപ്പെടുവാന്‍ അതിനവര്‍ക്ക്
ഭാഷ ഉണ്ടായിരുന്നോ!?
അയാള്‍ ചിരിച്ചുകൊണ്ട് മുകളിലേക്കും നോക്കിക്കിടന്നു. എന്റെ സംശയങ്ങള്‍ മറ്റെന്തിനെയോ കുറിച്ചായിരുന്നു എന്ന് ഞാനറിഞ്ഞു. ഞാനയാളുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഒന്നൊന്നായി അഴിച്ചു മാറ്റി. അയാളുടെ നെഞ്ചിനും വയറിനും ഉപരിതലത്തിലൂടെ എന്റെ വിരലുകള്‍ എങ്ങോട്ടൊക്കെയോ ഓടി. താഴ്വരയും ഗിരിശൃംഖങ്ങളും കാണാതെ, വന്‍മരങ്ങളും തടാകങ്ങളും കാണാതെ എന്റെ കൈകള്‍ മടങ്ങിവന്നു. മുകളിലേക്കും നോക്കി കിടക്കുകയായിരുന്ന അയാള്‍ അപ്പോഴും ചിരിക്കുന്നുണ്ട് എന്നെനിക്കു തോന്നി.
ഏട്ടന്റെ തുണികളും പുസ്തകങ്ങളും പത്രമാസികകളും പിന്നിട്ട് എന്റെ മുറിയിലെത്തുമ്പോഴും എന്റെ കൈകള്‍ എനിക്ക് വിശ്വസിക്കാനാവാത്ത വണ്ണം വിശ്വസ്തമായിത്തന്നെയിരിക്കുന്നു എന്ന് എല്ലാവരോടും പറയാനുള്ള ഭാഷ ഞാന്‍ മനസ്സിലാക്കിയിരുന്നു.