എല്ലാ പാഠങ്ങളും അവ നില്‍ക്കുന്ന സാംസ്‌കാരിക പാഠത്തിന്റെ ബാലതന്ത്രങ്ങള്‍ക്കാനുസരിച്ചാണ് രൂപപ്പെടുക. ഒപ്പം ആവിഷ്‌ക്കരിക്കപ്പെടുന്ന മാധ്യമത്തിന്റെ ചരിത്രത്താല്‍ സ്വാധീനിക്കപ്പെട്ടും പുതുക്കിയും ഇടഞ്ഞുമാണ് പാഠങ്ങള്‍ നിലനില്‍ക്കുന്നത്. മാധ്യമത്തോടുള്ള സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ഇടച്ചിലിനെയാണ് മുഖ്യമായും ഈ ലേഖനം പരിശോധിക്കുന്നത്.? സംസ്‌കരികമായി കേരളീയ പൊതുമണ്ഡലവും വ്യവഹാരത്തിനകത്ത് മലയാള സിനിമയും സ്ഥാപിച്ച മലപ്പുറത്തെ കുറിച്ചുള്ള ധാരണകളെ അട്ടിമറിക്കുന്ന ഒരു ആഖ്യാനമാണ് ഈ സിനിമ എന്ന് ചുരുക്കിപ്പറയാം.
തകരുന്ന നായകനും മുസ്‌ലിം പുരുഷനും
മലയാളത്തിലെ ജനപ്രിയ സിനിമാ നായകന്മാര്‍ ഏറെക്കുറെ ആദ്യകാലം മുതല്‍ തന്നെ ‘അവതാരപ്പിറവിയുടെ സകല രൗദ്രഭാവങ്ങളും ആവാഹിച്ച’ മൂര്‍ത്തികള്‍ തന്നെ ആയിരുന്നു എന്നുകാണാം. പ്രത്യേകിച്ച് എഴുപതുകള്‍ക്ക് ശേഷം. പക്ഷെ, അല്‍പകാലമായി ഈ നായക സങ്കല്‍പം ഇളകിയാടുന്നുണ്ട്. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് പേരിട്ട് വിളിച്ച പ്രസ്ഥാനത്തിലെ നായകര്‍ മിക്കവരും അതിമനുഷികതയുടെ ഭാരങ്ങളില്ലാത്തവരാണ്. നായകന്‍ ഒറ്റയ്ക്ക് കളിക്കുന്ന ടോട്ടല്‍ ഫുട്ബാളാണ് സിനിമ എന്ന സ്ഥിതി മാറി. ഇന്ന് നായകന്‍ (മിക്കപ്പോഴും ഒന്നിലധികം പേര്‍) കഥയെ കൂട്ടിയിണക്കി മുന്നോട്ടു ചലിപ്പിക്കുന്ന മിഡ്ഫീല്‍ഡര്‍മാര്‍ മാത്രമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം,ടേക്ക് ഓഫ് തുടങ്ങിയ സിനിമകള്‍ ഈ നായകനെ തന്നെ വീണ്ടും പൊളിക്കുന്നുണ്ട്. മുഖ്യഫോക്കസ് അയാളില്‍ നിന്ന് പലപ്പോഴും തെന്നിമാറുന്നു. നായകന്‍ ഫ്രെയിമില്‍ മറ്റേതൊരു വസ്തുവും പോലെ അലിഞ്ഞു ചേരുന്നു. അയാള്‍ക്ക് ചുറ്റും രൂപപ്പെടുന്ന കഥയാകട്ടെ, ലളിതവും സുതാര്യവുമാണ്. ഈ പ്രവണതയുടെ തുടര്‍ച്ചയാണ് മജീദ് റഹ്മാന്‍. എന്നാല്‍ മറ്റു പല രീതിയിലും അയാള്‍ ഒറ്റതിരിഞ്ഞുനില്‍ക്കുന്നുമുണ്ട്.
അതില്‍ ഏറ്റവും പ്രധാനം, അയാള്‍ ചിതറിയ ഒരു മുസ്ലിം പുരുഷനെ, ഒരുപക്ഷെ ആദ്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്. (ടേക്ക് ഓഫിലെ ഷാഹിദ് ഇത്തരത്തിലൊരു ശ്രമമായിരുന്നു. പക്ഷെ,അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ പരാജയപ്പെട്ടു )മായനദിയില്‍ സൗബിന്‍ തന്നെ ചെയ്ത ഇക്ക കഥാപാത്രത്തില്‍ നിന്ന് അത് വിടുതല്‍ വാങ്ങുന്നു. സംഭാഷണം സാധ്യമല്ലാത്ത മുസ്ലിം പുരുഷന്‍ എന്ന ആഖ്യാനം ന്യൂജനറേഷന്‍ സിനിമകളിലും തുടര്‍ന്ന ഒരു വര്‍പ്പുമാതൃകയായിരുന്നു. ആക്രോശിക്കുന്ന, മതാന്ധത ബാധിച്ച, സംഭാഷണം സാധ്യമല്ലാത്ത ഒരു പുരുഷനെ തട്ടത്തിന്‍ മറയത്തില്‍ അബ്ദുല്‍ഖാദറിലും കിസ്മത്തിലെ നായകന്റെ ഏട്ടനിലും മായനദിയിലെ ഇക്കയിലും നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ മജീദ് ഈ പാരമ്പര്യത്തെ തകര്‍ക്കുന്നു. അയാള്‍ മായനദിയിലെ മാത്തനെ പോലെ ഒരേ സമയം ഉര്‍ജ്വസ്വലനും തകര്‍ന്നവനുമായ കഥാപാത്രമാണ്. സ്ത്രീകളെ അടക്കിഭരിക്കുകയല്ല അയാള്‍ ചെയ്യുന്നത്, അവരാല്‍ ഭരിക്കപ്പെടുകകൂടിയാണ്. മുസ്ലിം പുരുഷന് ലഭിക്കുന്ന ഈ പദവിമാറ്റം സുപ്രധാനമാണ്. ഒപ്പം മുസ്ലിം ബാപ്പമാരെകുറിച്ചുള്ള വര്‍പ്പു മാതൃകകളെ കൂടി സിനിമ തകര്‍ക്കുന്നു. ആക്രോശിക്കുന്ന, ഉറച്ച ശബ്ദമുള്ള, തറവാടികളായ മുസ്ലിം പിതാക്കന്മാരെയാണ് നാം ഇതുവരെ കണ്ടത്. ദാദാ സാഹിബായും ബല്യമ്പ്ര പുറ്റാട്ട് ഉണ്ണി മൊയ്ദീന്‍ സാഹിബായും ഒക്കെ.എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനായി പണിയെടുക്കുന്ന, അരക്ഷിതമായ വാര്‍ദ്ധക്യമുളള ഒരു പിതാവാണ് മജീദിന്റെ ബാപ്പ. അയാള്‍ക്ക് ശബ്ദമേ ഇല്ല. അയാള്‍ പറയുന്ന സംഭാഷണ ശകലങ്ങള്‍ കേള്‍ക്കാന്‍ നിങ്ങള്‍ കാതോര്‍ക്കണം. ഇത്തരത്തില്‍ മലയാളിയുടെ മുസ്ലിം പുരുഷനെ തലങ്ങും വിലങ്ങും ഈ സിനിമ തിരുത്തുന്നു.
മുസ്‌ലിം സ്ത്രീ അകവും പുറവും
സാമുവല്‍ റോബിന്‍സണും മജീദും മിഡ്ഫീല്‍ഡര്‍മാരാണ്. ലത്തീഫും രാജേഷും മറ്റും പ്രതിരോധക്കാരും. അപ്പോള്‍ ആരാണ് ഈ കഥയിലെ സ്‌െ്രെടക്കര്‍മാര്‍? അത് തീര്‍ച്ചയായും ജമീലയും ബിയ്യുമ്മയുമാണ്. മലയാള സിനിമ മുസ്ലിം വീടിന്റെ അകത്തളങ്ങളിലേക്ക് മിക്കപ്പോഴും രണ്ട് കാര്യങ്ങള്‍ക്കാണ് കടന്നുവരാറ്. ഒന്ന് നായികയുടെ വീടായതിനാല്‍. മിക്കപ്പോഴും അതിസമ്പന്നരായിരിക്കും വീട്ടുകാര്‍. രണ്ട് കല്യാണരാത്രിയോ വിരുന്നോ കൂടാന്‍. സുജൂദില്‍ നിന്ന് എണീറ്റ് സലാം വീട്ടാതെ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന നിസ്‌ക്കാരം നമ്മള്‍ പലവുരു കണ്ടതാണ്. മുസ്ലിം കഥാപാത്രങ്ങള്‍ ഉപ്പു പോലെ’ആവശ്യത്തിന്’ അല്ലെങ്കില്‍ ‘പാകത്തിന്’ ചേര്‍ക്കേണ്ട ഒന്നായാണ് സിനിമ കണ്ടത്. അവരുടെ അയല്‍പക്ക ബന്ധങ്ങള്‍, വിശ്വാസാചാരങ്ങള്‍, ജീവിതത്തിന്റെ സങ്കീര്‍ണതയോ,ലാളിത്യമോ മലയാളത്തിലെ ക്യാമറക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് നായികയെ തിരസ്‌ക്കരിച്ച്, രണ്ട് ഉമ്മമാരെ സക്കരിയ ഗോളടിക്കാന്‍ ഏല്‍പ്പിക്കുന്നത്.
കര്‍തൃത്വ രഹിതയായ മുസ്ലിം സ്ത്രീയെ മായാനദി അവര്‍ത്തിച്ചുറപ്പിച്ചതെ ഉള്ളു. അതിനെ അച്ചാലും മുച്ചാലും തച്ചുതകര്‍ത്ത് സുഡാനി ഗംഭീരമായി ഫിനിഷ് ചെയ്തു. ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പ് ഉമ്മമാര്‍ അത് ഗംഭീരമാക്കി അവതരിപ്പിക്കുന്നുണ്ട്. അത് വരെ പായാരം പറയുന്ന, ഒന്ന് പറഞ്ഞ് രണ്ടാമത്തെത്തിന് കരയുന്ന ജമീലത്ത ഇങ്ങനെ പറയുന്നു: കുട്ട്യേ, പനി മാറ്യാലും സുഡൂനെ ഇനിക്ക് ഇന്റെ കുടീല് കാണണം. കേട്ട്‌ക്കോ ജ്ജ്?
റോബിന്‍സണെ അന്വേഷിച്ച് വരുന്ന ഗവണ്മെന്റ് ഓഫിഷ്യല്‍സിനെ ‘കൈകാര്യം ചെയ്യുന്ന’,മമ്പുറത്ത് പോയി റോബിന്‍സണ് വേണ്ടി ദുആ ഇരക്കുന്ന,മജീദിനോട് അജ്ഞാപിക്കുന്ന വല്ലാത്ത ജാതി പെണ്ണുങ്ങള്‍.
ലിബറല്‍ ശരീരത്തിലേക്ക് കയറിനിന്നാല്‍ മാത്രം കര്‍തൃത്വവും ശബ്ദവും ലഭിക്കുന്ന മുസ്ലിം സ്ത്രീകള്‍ എന്ന നിര്‍മ്മിതിയെ ഇവര്‍ മറികടക്കുന്നു. മജീദിന്റെ പെണ്ണുകാണല്‍ ചടങ്ങുകളും തമാശ രംഗങ്ങള്‍ എന്നതിനേക്കാള്‍ അധികം മജീദ് റഹ്മാന്‍, സോറി എന്ന് പറയാന്‍ കെല്‍പ്പുള്ള, ഹൈദരാബാദിലോ ഡല്ഹീലോ പോയി പി എച്ച് ഡി എടുക്കാന്‍ താല്പര്യമുള്ള സ്ത്രീകളെ അവതരിപ്പിക്കുന്ന ഇടങ്ങളായാണ് അടയാളപ്പെടുത്തേണ്ടത്.
ദേശം,ദേശീയത,മലപ്പുറം
മലബാര്‍ കലാപം ഇന്ത്യന്‍ ദേശീയ ഭാവനയില്‍ തന്നെ മുസ്ലിമിന്റെ സ്ഥാനം നിര്‍ണയിച്ചത് എങ്ങനെ എന്ന് എം ടി അന്‍സാരി മലബാര്‍, ദേശീയതയുടെ ഇടപാടുകള്‍ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കലാപത്തിന്റെ ഹൃദയഭൂമിയായ ഏറനാട്,വള്ളുവനാട് താലൂക്കുകള്‍ മലയാളിയുടെ മാത്രമല്ല, ഇന്ത്യന്‍ പൊതുബോധത്തില്‍ തന്നെ മതഭ്രാന്തരുടെ ആലയമായി തുടര്‍ന്നു. ഈ താലൂക്കുകളിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു ജില്ല രൂപീകരിക്കുക എന്ന ആശയം അതിനാല്‍ തന്നെ കടുത്ത പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തി. മലപ്പുറം മിനി പാക്കിസ്ഥാന്‍ ആണെന്നാണ് കെ കേളപ്പന്‍ ആരോപിച്ചത്.ഇന്നും ഈ ധാരണക്ക് മാറ്റമൊന്നുമില്ല. മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണെന്ന കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശം ഇതിന് തെളിവാണ്. മലയാള സിനിമയും തങ്ങളാ ലാവും വിധം ഈ പൊതുബോധത്തെ വഹിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എഫ് ഐ ആര്‍ സിനിമയില്‍ മലപ്പുറം, സമുദായ പാര്‍ട്ടിക്ക് പതിച്ച് കിട്ടിയ ജില്ലയാണ്. ആറാം തമ്പുരാനില്‍ മലപ്പുറം ബോംബ് കിട്ടാന്‍ എളുപ്പമുള്ള ഇടമാണ്. വിനോദയാത്രയില്‍ വര്‍ഗീയകലാപം നടക്കുന്ന സ്ഥലമാണ്. ഇങ്ങനെ പണിപ്പെട്ട് മലയാള സിനിമ കെട്ടിയുയര്‍ത്തിയ നുണയുടെ ഗോപുരങ്ങളാണ് ജമീലയുടെ ഒറ്റ ചിരിയില്‍ തകര്‍ന്നു വീണത്.
സെവന്‍സ് അവസാനം കേരളത്തിന്റെ സാഹിത്യസാംസ്‌കാരിക വ്യവഹാരത്തിന്റെ മുഖ്യധാരയില്‍ നിന്നത് എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയില്‍ ആവണം. സെവന്‍സ് എന്ന ഫുട്‌ബോളിന്റെ അന്തിക്രിസ്തുവിനെ കുറിച്ച് മകന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് അതിലെ പി ടി മാഷായ അച്ഛന്‍. മലബാറിന്റെ സവിശേഷമായ ഈ ഭ്രാന്ത് എന്തുകൊണ്ട് മുഖ്യധാരക്ക് വിഷയമായില്ല എന്നിടത്താണ് ഈ സിനിമയുടെ പ്രമേയം മൂര്‍ച്ചയുള്ള രാഷ്ട്രീയമാവുന്നത്. ജനപ്രിയമായ അനുഭൂതികളെ, ഭാവനകളെ, പിരാന്തുകളെ അല്ല നമ്മുടെ കലാസാഹിത്യ വ്യവഹാരങ്ങള്‍ പലപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. സുനില്‍ പി ഇളയിടം ചോദിക്കുന്നത് പോലെ, കേരളീയതയുടെ ചിഹ്നമായി അവതരിപ്പിക്കപ്പെടുന്ന കഥകളി എത്രപേര്‍ കണ്ടിട്ടുണ്ട്? കണ്ടവരില്‍ തന്നെ എത്ര പേര്‍ അത് കണ്ടിട്ടുണ്ട്? ഒരു പത്തു ശതമാനം വരും ആകെ. സവര്‍ണ്ണ അനുഭൂതികളെയും അനുഭവങ്ങളെയും അവിഷ്‌ക്കാരങ്ങളെയും കേരളീയതയായും പൊതുവായും നിര്‍വചിച്ചുറപ്പിക്കുന്ന ആഖ്യാനങ്ങളെയും ദേശീയതയെ തന്നെയും തിരുത്താന്‍ ഈ സവന്‍സിന് കഴിയുന്നുണ്ട്.
ദേശീയത എത്രമേല്‍ പുതിയ ഒരു ആശയമാണെന്ന് സിനിമ സൂചിപ്പിക്കുന്നു. ബിയയുമ്മയുടെ ബാപ്പ, പാസ്സ്‌പോര്‍ട്ടില്ലാതെ കറാച്ചിയില്‍ നിന്ന് വന്നും പോയും ഇരുന്നു എന്ന പരാമര്‍ശം ദേശീയത അന്യവല്‍ക്കരിച്ച ഒരു ജനതയുടെ ചരിത്രത്തെ മുഴുവന്‍ വഹിക്കുന്നുണ്ട്.പരദേശി സിനിമയെ മുഴുവനായി ആ ഡയലോഗ് അവാഹിക്കുന്നു. ബിയ്യുമ്മയെ സംബന്ധിച്ചിടത്തോളം പാസ്സ്‌പോര്‍ട്ട് ഒരു പത്രാസാണ്. ദേശീയതയെ അവര്‍ ഇനിയും സ്വാംശീകരിച്ചിട്ടില്ല. ഗവണ്മെന്റ് ഉദ്യോഗസ്ഥരോട് അവര്‍ ചോദിക്കുന്നത് ഇങ്ങള് ഏത് രാജ്യക്കാരാണ് എന്നാണ്. അഥവാ അവരുടെ ഭാഷയില്‍ രാജ്യം യൂറോപ്യന്‍ അര്‍ത്ഥത്തിലെ നാഷന്‍ സ്‌റ്റേറ്റ് അല്ല. ജനിച്ച നാടാണ്. അവിടെ നായര്‍ പജ്ജ് എന്നും ജമീല പശു എന്നും ആണ് ‘ഗോമാതാവിനെ’ വിളിക്കുന്നത്. ഭരണകൂടത്തിന്റെ, സാംസ്‌കാരിക അധീശത്വ ശക്തികളുടെ ഏകഭാഷണങ്ങളിലേക് ഇനിയും വിവര്‍ത്തനം ചെയ്യപ്പെടാത്ത ഇവരില്‍ നാടിന്റെ രാഷ്ട്രീയം ഭദ്രമാണെന്ന് സുഡാനി പറയാതെ പറയുന്നു.
സുഡാനി എന്ന പദം പക്ഷെ പ്രതിലോമകാരമായ ഒരു രാഷ്ട്രീയത്തെ വഹിക്കുന്നുണ്ട്. വംശീയ ചുവയുള്ള ആ വാക്ക് ആഘോഷിക്കപ്പെടുന്നത്,അവര്‍ത്തിക്കപ്പെടുന്നത്, ഉറപ്പിക്കപ്പെടുന്നത് ഒട്ടും നല്ലതിനല്ല. ആഫ്രിക്കയെ ചിത്രീകരിച്ചതിലും യൂറോകേന്ദ്രിതമായ നോട്ടത്തിന്റെ പ്രശ്‌നം കണാം. ആഭ്യന്തര യുദ്ധവും പട്ടിണിയും പിളര്‍ത്തിയ ആഫ്രിക്ക എന്ന ആഖ്യാനം പിളര്‍പ്പുകളില്ലാതെ അവര്‍ത്തിക്കപ്പെടുന്നത് പ്രതിലോമകരമാണോ എന്ന ചോദ്യം സാധുവാണ്. രണ്ട് അഭാവങ്ങള്‍ കൂടി സിനിമയില്‍ പ്രശ്‌നവല്‍ക്കരിക്കണ്ടതുണ്ട്. ഒന്ന് പ്രത്യക്ഷ മതചിഹ്നങ്ങളാണ്. മറ്റൊന്ന് നാടിന്റെ പ്രത്യക്ഷ രാഷ്ട്രീയവും മതപരമായി ഒരു പിടി അടയാളങ്ങള്‍ സിനിമയിലുടനീളം ഉണ്ടെങ്കിലും മജീദോ കൂട്ടുകാരോ പള്ളിയില്‍ പോവുന്നില്ല. ഔട്ട് ഓഫ് ഫോക്കസ് ആയല്ലാതെ പള്ളി കടന്നുവരുന്നത് ഒന്നോ രണ്ടോ ഷോട്ടില്‍ മാത്രം. അതും മമ്പുറം മഖാമും പരിസരവും. ആണുങ്ങള്‍ മതമാചരിക്കാത്ത സിനിമയില്‍ മമ്പുറത്ത് പോകുന്നത്, ഉസ്താദിനെ വിളിച്ച് മന്ത്രിച്ചൂതിക്കുന്നത്, മൂന്ന് കഴിപ്പിക്കുന്നത് സ്ത്രീകളാണ്. റോബിന്‍സണ്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അയാളെ അവര്‍ ദുആ ചെയ്താണ് യാത്രയാക്കുന്നത്. ഇവിടെ മതം കഥാഗതിയെ യാതൊരു വിധത്തിലും സ്പര്ശിക്കാതെ, ഇടക്കും തലക്കും വന്നുപോവുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ പോലെ സ്വാഭാവികം മാത്രമാണ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ ബലം നല്‍കുന്ന ആയുധമല്ല, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ബലവും സ്‌നേഹിക്കാന്‍, താദാത്മ്യപ്പെടാനുള്ള വഴിയുമാണ് മതം. അതുകൊണ്ടാണ് സാമുവലിന്റെ വലിയുമ്മ മരിച്ചപ്പോള്‍ ജമീലത്താ പറയുന്നത് ഇന്നാലില്ലാഹ്!
നാടിന്റെ പ്രത്യക്ഷ രാഷ്ട്രീയത്തെ സിനിമ പാടെ അവഗണിക്കുന്നു എന്നത് പൂര്‍ണമായും ധനാത്മകമായ ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം മലപ്പുറത്തിന്റെ മനസ്സ് ‘വര്‍ഗീയമാകാന്‍’ കാരണം ഈ പ്രത്യക്ഷ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പുകള്‍ ആണ്. ആ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുക എന്നത് സിനിമയുടെ ലാളിതാഖ്യാനത്തെ തടസ്സപ്പെടുത്തും എന്നതാവാം അണിയറ പ്രവര്‍ത്തകരെ അത്തരം ഒരു സഹാസത്തില്‍ നിന്ന് തടഞ്ഞത്. ആത്യന്തികമായി ഈ പാഠവും സിനിമയുടെ പരിമിതികള്‍ക്കകത്താണല്ലോ നില്‍ക്കുന്നത്.