thelicham
Home » Uncategorized » ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍: പണ്ഡിതര്‍ക്കിടയിലെ സാത്വിക മുഖം

ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍: പണ്ഡിതര്‍ക്കിടയിലെ സാത്വിക മുഖം

ഇരുപത്തി എട്ടാം വയസ്സില്‍ കടപ്പാടിന്റെ കണക്കെടുപ്പ് നടത്തുമ്പോള്‍, ഉമ്മയും ബാപ്പയും കഴിഞ്ഞാല്‍ പിന്നെ കടപ്പാടുള്ളത് ഈ മനുഷ്യനോടാണ്. കോട്ടക്കലിലെ, പറപ്പൂര്‍ സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍. ബുദ്ധിയുറക്കാത്ത കാലത്ത് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജില്‍ പഠിക്കാന്‍ വേണ്ടി ചേര്‍ന്നതു മുതല്‍ ബഹുഭാഷാ ജ്ഞാനവും, ഭദ്രമായ ലോക വീക്ഷണവും പകര്‍ന്നു തന്ന സബീലുല്‍ ഹിദായയിലെ നീണ്ട പത്തു വര്‍ഷങ്ങളാണ് പിന്നീട് ജീവിതമൊട്ടാകെയും നിര്‍ണയിച്ചു കളഞ്ഞത്. ഉസ്താദ് തന്ന അന്നത്തില്‍ നിന്നാണ് മഞ്ചയും മാംസവും രക്തവും പേശിയും പുഷ്ടിപ്പെട്ട് ഞങ്ങള്‍ യുവാക്കളായത്.
കോളേജിന്റെയും ഉസ്താദിന്റെ വസതിയുടെയും സണ്‍ഷൈഡുകള്‍ തൊട്ടുരുമ്മി നിന്നതു പോലെ ഉസ്താദിന്റെ ഹൃദയം എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളുമായി ചേര്‍ന്നു നിന്നു. രണ്ട് സണ്‍ഷൈഡുകളും ചേര്‍ന്നു നിന്നപ്പോള്‍ തീര്‍ത്ത തണലിന് കീഴെ ഞങ്ങള്‍ സന്ധ്യാ സമയങ്ങളില്‍ സൗഹൃദങ്ങള്‍ തീര്‍ത്തു. അവിടെ നിന്ന് കൊണ്ട് ഉസ്താദിന്റെ തറവാട് വീട്ടിലേക്ക് രോഗശമനത്തിനായി വരുന്ന നാട്ടുകാരായ ആളുകളെ നോക്കി ഞങ്ങള്‍ ഗൃഹാതുരതയുടെ ആകുലതകളെ ശമിപ്പിച്ചു. ഞങ്ങളുടെ ബാല്യത്തിന്റെ കുന്നായ്മകളത്രയും പഴുക്കും വരെ പച്ചമാങ്ങ പുളിക്കും എന്ന നാടന്‍ തത്വത്തിലൂന്നി ഉസ്താദ് ക്ഷമിച്ചു. ബറാഅത്ത് രാവില്‍ ചക്കരച്ചോറ് വേണോ, അതോ ബിരിയാണി വേണോ എന്ന് ചിലപ്പോള്‍ കുശലം ചോദിച്ചു. വിദേശത്ത് പോയി വരുന്ന നേരത്തൊക്കെ ഞങ്ങള്‍ക്ക് മിഠായയും മധുരങ്ങളും കൊണ്ട് വന്നു. ഉംറ യാത്രകള്‍ കഴിഞ്ഞ് വരുമ്പോഴൊക്കെ സംസവും കാരക്കയും കൊണ്ട് വന്നു. തന്റെ പറമ്പിലും തോട്ടത്തിലും വിളയുന്ന ചക്കയും മാങ്ങയും കപ്പയും കിഴങ്ങുമൊക്കെ തന്ന് ഹോസ്റ്റല്‍ ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് നഷ്ടമാകുന്ന ബാല്യത്തിന്റെ രുചികളെ തിരികെ തന്നു. നിസ്‌കാരം കഴിഞ്ഞ് ഇരിക്കുമ്പോള്‍ ചാരിയിരിക്കുന്ന വാതിലില്‍ മുട്ടി ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് ‘ഇനാം ഉണ്ടെന്ന് പ്രഖ്യാപിക്കുകയും’ ചെയ്ത് ഞങ്ങളുടെ അന്തരാളങ്ങളിലെ കുരുന്നുകൗതുകങ്ങളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ഫാതിമാ ബീവിയാണെന്ന് ഇത്തരമൊരു ചോദ്യത്തില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത്. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ക്ക് നിസ്‌കാരത്തിനായി വുളൂ ചെയ്യാനുള്ള ഹൗള് ഉസ്താദിന്റെ വീട്ടുമുറ്റത്തായിരുന്നു. നബിദിനാഘോഷ സമയങ്ങളില്‍ സ്‌റ്റേജിന മത്സരങ്ങള്‍ അവതരിപ്പിച്ച് ഞങ്ങള്‍ കലാരംഗത്ത് പിച്ചവെച്ചതും ഉസ്താദിന്റെ വീട്ടുമുറ്റത്തായിരുന്നു.thelicham
മലേഷ്യയില്‍ നിന്നും ലീവിന് വന്നപ്പോള്‍ ഒരിക്കല്‍ ഉസ്താദിന്റെ അടുത്ത് പോയി. മലേഷ്യ പഴങ്ങളുടെ നാടല്ലേ എന്ന് ചോദിച്ചു. റമ്പുട്ടാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളെ കുറിച്ചും, പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ കുറിച്ചും, നെഹ്‌റുവിനോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ഇന്തോനേഷ്യന്‍ മുന്‍ ഭരണാധികാരി സുക്കാര്‍ണോയെ കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു. സ്ഥാപനത്തിലെ കിച്ചണില്‍ ജോലി ചെയ്യുന്ന അബ്ദുക്കയുടെ ബാല്യകാലത്ത് പള്ളിയില്‍ പോകുമ്പോഴൊക്കെ മാഗസിനിലും മറ്റും അച്ചടിച്ചു വരുന്ന ചിത്രങ്ങള്‍ കാണിച്ച് ഉസ്താദ് കഥകള്‍ പറഞ്ഞു കൊടുത്തിരുന്നു പോലും. ബാല്യവും കൗമാരവും പിന്നിട്ട് അബ്ദുക്ക ജീവനം തേടി വിദേശത്തേക്ക് വണ്ടികയറിയപ്പോള്‍, അങ്ങോട്ട് പേകേണ്ടെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തില്‍ ജോലി കൊടുത്തതും ഉസ്താദു തന്നെ.
പത്തു വര്‍ഷത്തെ പരിചയത്തിനിടക്ക് ഒരു വട്ടം പോലും ഉസ്താദ് ഞങ്ങളെ ശകാരിച്ചില്ല. രോഗം തളര്‍ത്തിയ കാലുകള്‍ കൊണ്ട് പള്ളിയിലേക്ക് പതിയെ നടക്കുമ്പോള്‍, തല പൂര്‍ണമായി തടവാതെ വുളൂ എടുക്കുന്ന വിദ്യാര്‍ഥിയോട് ശാഫിഈ ഇമാമിന്റെ കിതാബിന്റെ നസ്സ് പറഞ്ഞു കൊടുത്ത് തല്‍ക്ഷണമായ ഉപദേശം കൊണ്ട് തിരുത്തി. ‘തല മുഴുവന്‍ തടവണം ട്ടോ’ എന്ന സൗമ്യതയാല്‍ ചാലിച്ച വാക്കുകൊണ്ട് അവനില്‍ പ്രാവര്‍ത്തികമായ പരിവര്‍ത്തനത്തിന് മറ്റുള്ളവര്‍ സാക്ഷികളായി.
പ്രമുഖരായ ആളുകള്‍ ചിരിക്കാറുള്ളത് രണ്ട് തരത്തിലാണ്. ഒന്നുകില്‍ കവിളിലെ പേശികള്‍ അയയാതെ ചുണ്ടുകള്‍ തിരശ്ചീനമായി വലിച്ചു നീട്ടി ചിരിക്കും. ഹൃദയവുമായി ബന്ധമറ്റ ഒട്ടിച്ചു വച്ച കൃത്രിമ ചിരിയാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവും. രണ്ടാമത്തേത് ഹൃദയത്തിലെ മുഴുവന്‍ വാത്സല്യത്തെയും ആവാഹിച്ചുള്ള ഹൃദ്യമായ ചിരിയാണ്. അങ്ങനെയാണ് ഉസ്താദ് ചിരിച്ചിരുന്നതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ദിനേനയുള്ള ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍, മറ്റു ചികിത്സാ മുറകള്‍ എന്നിവ മൂലം തളര്‍ന്നിരിക്കുമ്പോഴും, അസ്വാസ്ഥ്യങ്ങളില്‍ മനം മടുക്കുമ്പോഴും ഉസ്താദ് മനം നിറഞ്ഞ് ചിരിച്ചിരുന്നു. ആളുകള്‍ പരാതിയുടെ കെട്ടഴിക്കുമ്പോള്‍ കാത്തിരിക്കുന്ന നമുക്ക് മുഷിയും, പക്ഷെ, ഉസ്താദ് പരാതി തീരുവോളം തലയാട്ടുകയും മൂളുകയും ചിരിക്കുകയും ചെയ്യും. അതായിരുന്നു ആളുകളെ അങ്ങോട്ട് അടുപ്പിച്ചതും. കാത്തിരിക്കുന്ന ഞങ്ങളെ കണ്ടാല്‍: ‘കുട്ടി ഇവിടെ വരീം, ദാ ഇവിടെ ഇരുന്നോളിം, എന്തേ പോന്നൂ’ എന്ന് പതിഞ്ഞ സ്വരത്തില്‍ മുന്നിലിരിക്കുന്ന കസേര ചൂണ്ടിക്കാട്ടി ചോദിക്കുമായിരുന്നു. അതോടെ ഞങ്ങളുടെ എല്ലാ വ്യഥകളും അലിഞ്ഞില്ലാതാവുമായിരുന്നു.
ഉസ്താദിന്റെയത്ര വെളിച്ചവും തെളിച്ചവുമുള്ള ചിരി പിന്നെ ഞാന്‍ കണ്ടത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടേതാണ്. ശനിയാഴ്ചയാണ് ശിഹാബ് തങ്ങള്‍ വഫാത്തായത്. അതിന്റെ തലേ ദിവസം ഞങ്ങള്‍ ബാപ്പുട്ടി ഉസ്താദിനൊപ്പം പാണക്കാട്ട് പോയി. വിദ്യാര്‍ഥി സംഘടനയായ അഹ്‌സന്‍ പ്രസിദ്ധീകരിച്ച ‘സംസം: പറഞ്ഞു തീരാത്ത പുണ്യങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാനായിരുന്നു അത്. പ്രകാശനത്തിന് മുമ്പ് പ്രമുഖര്‍ കൂടിയിരിക്കവെ ശിഹാബ് തങ്ങള്‍ ഇങ്ങനെ മൊഴിഞ്ഞു: ‘എന്നും ഞാനല്ലേ ദുആ ചെയ്യാറ്, ഇന്ന് ബാപ്പുട്ടി ഉസ്താദ് ദുആ ചെയ്യിം’. പിറ്റേന്ന് വൈകീട്ട് ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഉസ്താദും ശിഹാബ് തങ്ങളുമുള്ള ഹൃദയബന്ധത്തിന്റെ ആഴം ഞങ്ങള്‍ക്ക് മനസ്സിലായി. ആത്മാവിന്റെയും ശരീരത്തിന്റെയും ശമനം തേടി വരുന്ന പലരോടും തങ്ങള്‍ ഉസ്താദിന്റെയടുത്ത് പോകാന്‍ നിര്‍ദേശിച്ചു. തന്റെടുത്ത് വരുന്ന പലരെയും ഉസ്താദ് തങ്ങളടുത്തേക്കയച്ചു. മഹാന്മാര്‍ക്കു മാത്രം സാധിക്കുന്ന ജീവിതം തീര്‍ത്ത രണ്ടുപേര്‍.
ഹ്യൂമന്‍ ഫിലാന്ത്രോപ്പിയുടെ അപരിമേയമായ സൗന്ദര്യമാണ് ഉസ്താദിന്റെ മുഖമുദ്ര. പത്ത് മുതല്‍ പതിമൂന്ന് ലക്ഷം വരെയാണ് സ്ഥാപനം ഒരു മാസം നടത്തിക്കൊണ്ടു പോവാനുള്ള ചെലവ്. അപ്പോള്‍ ഒരു വര്‍ഷത്തേത് ഊഹിക്കാവുന്നതേയുള്ളൂ. ഈ മനുഷ്യന്‍ ഒറ്റക്കാണ് അതെല്ലാം ഏറ്റെടുത്ത് നടത്തിയത്! ഞങ്ങളുടെ ഭക്ഷണം,താമസം, വിദ്യാഭ്യാസം, ഞങ്ങളുടെ ഗുരുനാഥരുടെ വേതനം, സ്ഥാപനത്തിലെ ജലവൈദ്യുതികള്‍ തുടങ്ങി എല്ലാം ഏറ്റെടുത്തു. ഏറ്റെടുക്കുന്നവരെ പല ചാനലുകളിലൂടെയും സര്‍വശക്തന്‍ സഹായിച്ചേക്കും. പക്ഷെ, ഏറ്റെടുക്കലാണ് പ്രധാനം. ചികിത്സയുടെ വരുമാനം നിക്ഷേപങ്ങളില്‍ വിതച്ച് ഉസ്താദിന് കോടികള്‍ കൊയ്യാമായിരുന്നു. പക്ഷെ, ചെയ്തില്ല. ജീവിതത്തെ ഐഹികാഭിലാഷങ്ങളുടെ കൊളുത്തുകളില്‍ കുരുക്കിയിട്ടവര്‍ക്കോ, ആത്മീയ കച്ചവടക്കാര്‍ക്കോ, ലിപ് സര്‍വീസ് നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കോ ഈ സമര്‍പ്പണത്തിന്റെ ചാതുര്യം കാണാനാവില്ല, പറഞ്ഞാല്‍ മനസിലാവുകയുമില്ല.
അവസാന കാലത്തെ ഏറ്റവും ശ്രദ്ധേയമായ സമര്‍പ്പണം, തന്റെ സ്വന്തം തറവാട് കോളേജിന്റെ ലൈബ്രറിക്കായി പൊളിച്ചു കളഞ്ഞതായിരുന്നു. ബാല്യത്തിലും കൗമാരത്തിലും ഇടപഴകിയ ചെറിയ തുരുത്തുകളോട് വല്ലാത്ത ആത്മ ബന്ധമാണ് മനുഷ്യനുണ്ടാവുക. അതെത്ര ഇടിഞ്ഞു പൊളിഞ്ഞ് വീഴാനായാലും ശരി. കോടികള്‍ ചെലവഴിച്ചാണെങ്കിലും ഇവ നില നിര്‍ത്താനുള്ള എല്ലാ ശ്രമവും അവന്‍ നടത്തുന്നു. പക്ഷെ, പ്രിയ ബാപ്പുട്ടി ഉസ്താദ് നേരെ മറിച്ചായിരുന്നു. തനിക്ക് പ്രിയപ്പെട്ടതൊന്നും പിടിച്ച് നിര്‍ത്താതെ കൊടുത്ത് തീര്‍ക്കുകയായിരുന്നു അദ്ദേഹം. പണ്ടും ഇന്നും ഉസ്താദിനെ വേറിട്ടു നിര്‍ത്തുന്ന ഘടകം ഇതാണ്. സ്‌റ്റേജിലും ആള്‍ക്കൂട്ടത്തിനു മുമ്പിലും ഏറെയൊന്നും പ്രത്യക്ഷപ്പെടാതെ തന്നെ പതിറ്റാണ്ടുകളോളം ഉസ്താദ് നടത്തി വന്നിരുന്ന അതുല്യമായ സാമൂഹ്യസേവനം അടുത്തറിയാന്‍ താത്പര്യമുള്ളവര്‍ അവിടെ ചെന്ന് ചോദിച്ച് തന്നെ മനസിലാക്കണം. അപൂര്‍വം സുകൃതങ്ങളിലൊന്ന്.
പത്ത് വര്‍ഷത്തെ കോളേജ് ജീവിതത്തിനിടെ ദിവസവും ചുരുങ്ങിയത് മൂന്നോ നാലോ തവണയെങ്കിലും ഉസ്താദിന്റെ തറവാട് കാണാറുണ്ട്. അങ്ങനെയൊരു വൈകാരിക ബന്ധം കാരണം ആ വീട് പൊളിച്ച് നീക്കുമ്പോള്‍ മക്കളായ ഞങ്ങള്‍ക്ക് വലിയ സങ്കടമായിരുന്നു. പക്ഷെ, ഉസ്താദിന്റെ ഫിലോസഫി പ്രകാരം പ്രിയപ്പെട്ടതെന്തും ദാനം ചെയ്തും പൊളിച്ച് നീക്കിയും അതിലേറെ മൂല്യമുള്ള കര്‍മ മന്ദിരങ്ങള്‍ ഇഹലോകത്തും പരലോകത്തും പണിയുക എന്നതിനായിരുന്നു പ്രസക്തി.
സൂഫി ജീവിതം നയിക്കുക എന്നാല്‍ ചുക്കിയും ചുളിഞ്ഞും ജീവിക്കലാണെന്ന അബദ്ധ ധാരണ ചില മുസ്‌ലിംകള്‍ക്കുണ്ട്. എന്നാല്‍, അല്ലാഹു നല്‍കിയ സമ്പത്തും ഐശ്വര്യവും അടിമകള്‍ അനുഭവിക്കണമെന്നും, പണമുള്ളവര്‍ അതിനനുസരിച്ചുള്ള ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും നല്ല വസ്ത്രവും, ഏറ്റവും നല്ല വാഹനവും ഉപയോഗിക്കണമെന്നും, അതേ സമയം തന്നെ സമ്പത്തിനു മേലുള്ള ബാധ്യതകള്‍ കൊടുത്തു തീര്‍ക്കണമെന്നും ഉസ്താദ് നിര്‍ബന്ധം പിടിച്ചിരുന്നു. നിര്‍ബന്ധമായ സാമ്പത്തിക ബാധ്യതകളുടെ അനേകമായിരമിരട്ടി ജീവിതത്തിലുടനീളം ദാനം ചെയ്യുന്നതിലൂടെ താന്‍ ഉള്‍ക്കൊണ്ട തസവ്വുഫിനെ ഉസ്താദ് മുഗ്ധമായി ആവിഷ്‌കരിച്ചു. അങ്ങനെ സൂഫീജീവിതവും സമ്പദ് ലബ്ധിയും തമ്മിലുള്ള വ്യാജമായ വൈരുദ്ധ്യത്തെ ഉസ്താദിന്റെ ജീവിതം മനോജ്ഞമായും ക്രിയാത്മകമായും ഉടച്ചു കളഞ്ഞിരിക്കുന്നു..!
ബാപ്പുട്ടി ഉസ്താദിന്റെ വിയോഗമുളവാക്കുന്നത് അനാമികമായ ഒരു തരം വികാരത്തെയാണ്. കാലം അതിനെ ആയുസ്സിന്റെ സമര്‍പ്പണത്തിന്റെ അണമുറിയാത്ത നഷ്ടം എന്ന് വ്യാഖ്യാനിച്ചേക്കും. മക്കളായ സി.എച്ച് അഹ്മദ് കുഞ്ഞീനും, സി.എച്ച് സ്വാലിഹും പിന്‍ഗാമികളായി ഉണ്ട്. അവരും ഞങ്ങളും ചേര്‍ന്ന് ഇനി സബീലുല്‍ ഹിദായയെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കും. നാഥാ അവരുടെയും ഞങ്ങളുടെയും കൈകള്‍ക്ക് ശക്തി പകരേണമേ..

Editor Thelicham

Thelicham monthly