കുടിയിലെ കഞ്ഞിവെള്ളമോര്‍ത്തപ്പോള്‍ ഈ ബിരിയാണിക്ക് അസാധ്യ രുചിയുള്ളതായി കണ്ണനറിഞ്ഞു. അന്നാദ്യമായി വയറ്റിനൊപ്പം അവന്റെ മനസ്സും നിറഞ്ഞു. മൂക്കളയുരച്ചും ചെളി പുരണ്ടും കനംവെച്ച പഴയ നിക്കറഴിക്കുമ്പോള്‍ ഇല്ലായ്മയുടെ ആറുവര്‍ഷങ്ങളെയാണ് ഊരിയിടുന്നെതെന്ന് തോന്നി. പകരം, യന്ത്രപക്ഷി ഇട്ടുകൊടുത്ത മുണ്ട് ധരിച്ചതോടെ പുതിയ കാലത്തിന്റെ കണ്ണികളിലൊരാളായി ചേര്‍ന്നതിന്റെ വിസ്മയ കര്‍തൃത്വത്തില്‍ അവന്റെ ഹൃദയം വിങ്ങി.
മാവിലക്ക് പകരം ആദ്യമായി തരപ്പെട്ട ടൂത്ത് ബ്രഷില്‍ പേസ്റ്റിട്ട് പല്ല് തുടച്ചപ്പോള്‍ കണ്ണന്റെ മുഖത്ത് ആയിരം ശോഭയുള്ള ജേതാവിന്റെ ചിരി, കല്യാണത്തിന് ശേഷം പുത്തന്‍പുടവ ഒരിക്കല്‍ക്കൂടി കിട്ടിയതിന്റെ ആനന്ദക്കണ്ണീര് പൊഴിക്കുന്ന അമ്മയെ നോക്കി ആ ആറുവയസ്സുകാരന്‍ നിറഞ്ഞു.
വെള്ളം തോര്‍ന്ന് ക്യാമ്പ് പരിയുന്നതിന്റെ തലേന്ന്, രാത്രി മണ്ണും മാനവും വിരിപ്പുപുതപ്പുകളാക്കി കടന്നുകൂടിയ ആയിരം രാത്രികള്‍ക്ക് ശേഷം ക്കമ്പിളി പുതച്ച് അവനാദ്യമായി കൊതിച്ച സ്വപ്‌നങ്ങള്‍ മുഴുക്കെ കണ്ട് കൂര്‍ക്കം വലിച്ചുറങ്ങി. കിനാവില്‍, ദൈവത്തെ തൊട്ടുവിളിച്ചവന്‍ അടക്കം ചോദിച്ചു:’ഇനിയെപ്പളാ വെള്ളം പൊന്ത്വാ’…?!
