Home » Essay » മനശ്ശാസ്ത്ര വ്യവഹാരങ്ങളുടെ ഇസ്‌ലാമിക വത്കരണം: സാധ്യതകളും ആലോചനകളും

മനശ്ശാസ്ത്ര വ്യവഹാരങ്ങളുടെ ഇസ്‌ലാമിക വത്കരണം: സാധ്യതകളും ആലോചനകളും

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്ക് ഓസ്ട്രിയ/ജര്‍മനി കേന്ദ്രീകരിച്ച് വളര്‍ന്നുവന്നിരുന്ന ഫ്രോയിഡിയന്‍ സൈകോ അനലറ്റിക് ചിന്താധാര ഏതാണ്ട് നാശത്തിന്റെ വക്കില്‍ എത്തിയിരുന്നു. അതിനും മുന്നേ ജൂതനായ സിഗ്മണ്ട് ഫ്രോയിഡിന് യു.കെ.യിലേക്ക് നാടുവിടേണ്ടിയും വന്നിരുന്നു. യുദ്ധാനന്തരം, പിന്നീട് മറ്റെല്ലാ മേഖലയിലുമെന്ന പോലെ അമേരിക്കന്‍ അധീശത്വം മനഃശാസ്ത്രംയിലും നിലവില്‍ വന്നു. അങ്ങനെ അമിതമായ ജൂത കുടിയേറ്റം നടന്ന യു.കെ, യു.എസ്.എ എന്നിവിടങ്ങളിലേക്ക് ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്ന ഫ്രോയിഡിയന്‍ വ്യവഹാരങ്ങള്‍ അമേരിക്കന്‍ സൈക്കോളജി അസോസിയേഷന്റെ(എ.പി.എ) കരങ്ങളിലൂടെ മനശാസ്ത്ര മേഖലയില്‍ മേല്‍കോയ്മ നേടി. 1952ല്‍ എ.പി.എ ആദ്യ ഡി.എസ്.എം പ്രസിദ്ധീകരിച്ചു. പിന്നീട് ലോകം മുഴുവനും മനശാസ്ത്ര പഠനങ്ങളുടെ ഉരക്കല്ലായി എ.പി.എയും അവര്‍ പ്രസിദ്ധീകരിക്കുന്ന ഡി.എസ്.എം.ും സ്ഥാപിക്കപ്പെട്ടു. ഫ്രോയിഡ് തന്റെ അവസാന കാലം ചിലവഴിച്ച യു.കെയിലാണ് പിന്നീട് ഈ വ്യവഹാരങ്ങള്‍ വേരോട്ടം നേടിയത്. ക്രമേണ, ബയോളജിയിലെ എവല്യൂഷന്‍ തിയറി പോലെ മനശാസ്ത്ര പഠനത്തിലെ അടിസ്ഥാന സിദ്ധാന്തമായി സൈകോ അനാലിസിസ് വളര്‍ന്നു. മതം, ലൈംഗികത എന്നീ വിഷയങ്ങളില്‍ വളരെ വികലമായ ആശയങ്ങളായിരുന്നു ഫ്രോയിഡ് സ്വീകരിച്ചിരുന്നത്. മാനസിക പ്രതിസന്ധി അനുഭവിക്കുന്ന വ്യക്തി തന്റെ സാഹചര്യങ്ങളെ ന്യായീകരിച്ചാസ്വദിക്കാന്‍ സ്വയം നിര്‍മിക്കുന്ന കേവല മിഥ്യാടിത്തറകളാണ് മതം എന്നാണ് ഫ്രോയിഡ് നിര്‍വചിച്ചത്. ചെറിയ കുട്ടിയില്‍ പോലും ലൈംഗികാഭിനിവേശമുണ്ടെന്നും അത് ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസിനെ പോലെ തന്റെ മാതാപിതാക്കളോട് തന്നെ തോന്നുന്ന ലൈംഗിക താല്‍പര്യങ്ങളാണെന്നും ഫ്രോയിഡ് പറഞ്ഞുവെച്ചു.


ഇത്രയൊക്കെ വികലമായ മനശാസ്ത്ര പഠനങ്ങളും വ്യവഹാരങ്ങളും അതിനനുബന്ധമായി വളര്‍ന്ന ക്ലിനിക്കല്‍ പ്രാക്ടീസുകളും തന്നെയായിരുന്നു മുസ്്ലിം സമൂഹങ്ങളിലേക്കും കടന്നുവന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന മുന്‍ധാരണ ഉള്ളതുകൊണ്ട് സൈകോ ക്ലിനിക്കല്‍ സര്‍വീസുകളെ മുസ്്ലിംകള്‍ പൊതുവില്‍ അകറ്റിനിര്‍ത്തിയിരുന്നത് കൊണ്ട് ദുരന്തത്തിന്റെ തീവ്രത കുറഞ്ഞു എന്നുമാത്രം. എങ്കിലും മനുഷ്യന്റെ അസ്ഥിത്വത്തെ തന്നെ വികലമാക്കി ചിത്രികരിക്കുന്ന ഒരു മനശാസ്ത്ര അടിത്തറ അടിസ്ഥാനപ്പെടുത്തി ഉയര്‍ന്നു വരുന്ന വ്യവഹാരങ്ങള്‍/പഠനങ്ങള്‍ ഇസ്്ലാമിനെയും മുസ്്ലിംകളെയും പടിക്ക് പുറത്ത് നിറുത്തി. 1970 കളോടു കൂടി നഖീബുല്‍ അത്താസ്, ഇസ്്മാഈല്‍ റജി ഫാറൂഖി തുടങ്ങിയ ഇസ്്ലാമിക പണ്ഡിതരും ചിന്തകരും നേതൃത്വം നല്‍കിയ ഇസ്്ലാമൈസേഷന്‍ ഓഫ് നോളജ് അക്കാദമിക മേഖലയില്‍ സജീവ സാന്നിധ്യമായി. ഈ സന്ദര്‍ഭത്തില്‍ മനശാസ്ത്ര പഠനങ്ങളെ ഇസ്്ലാമിക വത്കരിക്കാനുള്ള ഉദ്യമങ്ങളും ശക്തിപ്പെട്ടു. ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് സുഡാനി പണ്ഡിതനും ഐ.ഐ.യു.എമ്മിലെ സൈക്കോളജി വിഭാഗം പ്രൊഫസറുമായ മലിക് ബദ്രിയുടെ ‘ദി ഡിലെമ്മാ ഓഫ് മുസ്‌ലിം സൈക്കോളജിസ്റ്റ്‌സ്’ (മുസ്്ലിം മനശാസ്ത്രരുടെ വിഷമ വൃത്തം). മലിക് ബദ്രിയയുടെ ഈ കൃതിയാണ് യഥാര്‍ത്ഥത്തില്‍ മനശാസ്ത്ര പഠനങ്ങളുടെ ഇസ്്ലാമിക വത്കരണത്തിന് അടിത്തറ പാകിയത്. ഇതിനു പുറമെ ഐ.ഐ.യു.എം കേന്ദ്രീകരിച്ച് നിരവധി തുടര്‍ പ്രവര്‍ത്തനങ്ങളും മലിക് ബദ്രിയയുടെ നേതൃത്വത്തില്‍ നടന്നു. ഇതര വിജ്ഞാന ശാഖകളില്‍ നിന്ന് വിഭിന്നമായി മനുഷ്യന്‍ എന്ന സംജ്ഞയെ നിര്‍വചിക്കുന്ന ഒന്നാണ് മനശാസ്ത്രം എന്നത് കൊണ്ട് തന്നെ ഏറ്റവും പ്രാഥമികമായി ഇസ്്ലാമിക വത്കരിക്കപ്പെടേണ്ടതും അതേ സമയം ഇസ്്ലാമികവത്കരിക്കാന്‍ ഏറ്റവും കടുപ്പമേറിയതുമായ മേഖലയായി സൈക്കോളജി വീക്ഷിക്കപ്പെട്ടു. നഖീബുല്‍ അത്താസ് തന്നെ നാച്വര്‍ ഓഫ് മാന്‍ ആന്റ് സൈക്കോളജി ഓഫ് ദി ഹ്യൂമന്‍ സോള്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇസ്്ലാമികവത്കൃതമായ മനഃശാസ്ത്രംക്ക് ഒരു ആമുഖം നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ സൈക്കോളജി എന്ന വ്യവഹാരത്തെ വെസ്റ്റേണ്‍ സൈകോളജി, ഇസ്്ലാമിക് സൈകോളജി എന്നീ ദ്വന്തങ്ങളിലേക്ക് തരംതിരിക്കല്‍ അനിവാര്യമായി തീരുന്നു.

വെസ്റ്റേണ്‍ മനഃശാസ്ത്രത്തിന്റെ പ്രതിസന്ധി

പ്ലാറ്റോ കത്തിച്ചുവെച്ച ഐഡിയലിസം ജ്ഞാനോദയ കാലത്ത് ദെക്കാര്‍ത്തിലൂടെ വീണ്ടും ജ്വലിച്ചുവെങ്കിലും പടിഞ്ഞാറിലെ സ്വാഭാവിക സാമൂഹിക ഘടന ലിബറലിസം/നാസ്തിക വാദം അടിസ്ഥാനപെടുത്തിയായിരുന്നു രൂപപ്പെട്ടത്. സ്ട്രക്ചറലിസം, ഫങ്ഷണലിസം, ജസ്റ്റാള്‍ട്ട് സൈകോളജി, ബിഹേവിയറിസം, സൈകോ അനാലൈസിസ്, ഹ്യൂമനിസ്റ്റിക് സൈകോളജി, കോഗ്‌നിറ്റീവ് സൈകോളജി എന്നിങ്ങനെ ഏഴ് ചിന്താധാരകളിലൂടെയാണ് പാശ്ചാത്യ ലോകത്ത് സൈകോളജി വികസിച്ചതെങ്കിലും എമ്പിരിസിസ്റ്റ് മോഡേണിസത്തിന്റെ സ്വാധീന വലയത്തില്‍ ആയിരുന്നത് കൊണ്ട് ആത്മാവിനെയും അതുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന മനുഷ്യന്റെ ആത്മീയ/അതിഭൗതിക മാനങ്ങളെയും പാശ്ചാത്യ ചിന്തകര്‍ പരിഗണക്കെടുത്തില്ല. ഈ ആത്മാവില്ലാത്ത മനശാസ്ത്രമാണ് പടിഞ്ഞാറില്‍ വളര്‍ന്നത്. മതത്തെകുറിച്ചുള്ള ഫ്രോയിഡിന്റെ വിശദീകരണങ്ങള്‍ മുസ്്ലിംകള്‍ക്ക് ഏതാണ്ട് പൂര്‍ണമായി അസ്വീകാര്യമായിരുന്നു. സാമൂഹ്യ പരിപ്രേക്ഷത്തില്‍ മാര്‍ക്സ് മതത്തിന് നല്‍കിയ നിര്‍വചനത്തെ വൈയക്തിക പരിപ്രേക്ഷത്തിലേക്ക് മാറ്റിയെഴുതിയതായിരുന്നു ഫ്രോയിഡിന്റെ മതത്തെ കുറിച്ചുള്ള നിര്‍വചനം. ഈ ചിന്തകള്‍ മുസ്്ലിം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ദി ഫ്യൂച്ചര്‍ ഓഫ് ഏന്‍ ഇല്യൂഷന്‍ എന്ന തന്റെ കൃതിയില്‍ മതം ഒരു കൂട്ടായ മാനസിക വിഭ്രാന്തിയാണെന്ന്(കളക്ടീവ് ന്യൂറോസിസ്) ഫ്രോയിഡ് പറയുന്നുണ്ട്. സൈകോ അനാലൈസിസ് ചിന്താധാരയില്‍ തന്നെ ഫ്രോയിഡിന് ശേഷം വന്ന കാള്‍ യങ്ങ് ഫ്രോയിഡിനെ തിരുത്തിയെങ്കിലും അബോധ തലങ്ങളിലെ കേവല ധാരകള്‍ മാത്രമായി അദ്ദേഹവും മതത്തെ നിര്‍വചിച്ചു. ഫ്രോയിഡിയന്‍ ചിന്താധാര പിന്‍പറ്റിയവര്‍ക്കെല്ലാം ഈ മനസ്ഥിതി വെച്ചുപുലര്‍ത്തേണ്ടിവന്നു. ദൈനംദിന ജീവിതത്തോട് ബന്ധപ്പെടുന്ന ഒരു പഠന ശാഖയാണെന്നത് കൊണ്ട് തന്നെ സമൂഹത്തിലെ നാനോന്മുഖങ്ങളായ വ്യവഹാരങ്ങളെ സ്വാധീനിക്കാനും തിരുത്തിക്കുറിക്കാനുമുള്ള ശേഷി മനശാസ്ത്ര പഠനങ്ങള്‍ക്കുണ്ടായിരുന്നു.

ലൈംഗിഗതയെ കുറിച്ചുള്ളതാണ് മറ്റൊരു പ്രതിസന്ധി. ക്രിസ്റ്റ്യാനിറ്റി സൃഷ്ടിച്ച സാമൂഹിക ഘടനയെയും അബോധ തലങ്ങളിലെ ധാരണയെയും അത്ര എളുപ്പം മാറ്റി എഴുതാന്‍ യൂറോപ്പിന് സാധിച്ചിരുന്നില്ല. വിക്ടോറിയന്‍ കാലഘട്ടം ഇംഗ്ലണ്ടിലെ ചര്‍ച്ചിന്റെ തീവ്ര സ്വാധീനത്തില്‍ തന്നെയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഫ്രോയിഡ് ഓസ്ട്രിയയില്‍ ജനിച്ചുവളരുന്നത്. ഇംഗ്ലണ്ടിലുള്ളതിനേക്കാള്‍ നിഷ്‌കര്‍ശമായ വിക്ടോറിയന്‍ ധര്‍മശാസ്ത്രമായിരുന്നു അന്ന് ഓസ്ട്രിയയില്‍ ആചരിക്കപ്പെട്ടിരുന്നത്. ലൈംഗികത പൈശാചികമായി കാണുന്ന ക്രിസ്ത്യന്‍ ചിന്താധാരയുടെ മൂര്‍ത്തീഭാവമായിരുന്നു അത്. കൗമാരക്കാരായ പുരുഷനും സ്ത്രീയും ലൈംഗികാവയവങ്ങള്‍ക്ക് ഇരുമ്പ് കവചം ധരിച്ച് നടക്കണം, വിവാഹാനന്തരം പോലും ലൈംഗിക ബന്ധങ്ങളുടെ തോത് കുറക്കണം തുടങ്ങി വളരെ അപരിഷ്‌കൃതമായ ലൈംഗിക ധാര്‍മികതയായിരുന്നു വിക്ടോറിയന്‍ കാലത്ത് പൊതുവിലും, ഓസ്ട്രിയയില്‍ വിശേഷിച്ചും ഉണ്ടായിരുന്നത്. ഈ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാണ് ഫ്രോയിഡിനെ ലൈംഗികത ഇത്രയധികം വികലമാക്കി അവതരിപ്പിക്കാന്‍ സ്വാധീനിച്ചത് എന്ന് പല വിമര്‍ഷകരും സൂചിപ്പിച്ചിട്ടുണ്ട്. തന്റെ സൈകോ അനാലൈസിസ് തിയറിയെ പൂര്‍ണമായും മതനിഷേധത്തിലേക്കും ലൈംഗികാഭാസങ്ങളിലേക്കും വലിച്ചുനീട്ടി സിദ്ധാന്തവത്കരിക്കുകയാണ് ഫ്രോയിഡ് ചെയ്തത്. നോബേല്‍ സമ്മാന ജേതാവായ ക്രാഫ്റ്റ് എബ്ബിങ് ഫ്രോയിഡിന്റെ കാലത്ത് തന്നെ അദ്ദേഹത്തിന്റെ സെക്ഷ്വല്‍ സൈക്കോ അനലൈസിസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സൈകോ സെക്ഷ്വാലിറ്റി അടിസ്ഥാനമായ സൈകോ അനാലൈസിസിനെ ശാസ്ത്രീയ യക്ഷിക്കഥ(scientific fairytale) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. why Freud was wrong എന്ന തന്റെ കൃതിയില്‍ റിച്ചാര്‍ഡ് വെബ്സ്റ്റര്‍ ഫ്രോയിഡിയന്‍ സൈകോ അനാലൈസിസ് വെറും കപടശാസ്ത്രമാണെന്നും(psuedo science) ജൂത, ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ കേവല ധാരണകള്‍ മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്.


മതവിശ്വാസങ്ങളില്‍ നിന്നും അകന്ന യൂറോപ്പിലെ ജനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട വെസ്റ്റേണ്‍ ക്ലിനിക്കല്‍ സൈകോളജി തന്നെയായിരുന്നു മുസ്്ലിം സമൂഹങ്ങള്‍ക്കിടയിലും പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സൈകോ ക്ലിനിക്കല്‍ സര്‍വീസുകള്‍ മുസ്്ലിംകള്‍ പൊതുവില്‍ അകറ്റി നിര്‍ത്താറാണെങ്കിലും സൈകോളജി പഠിക്കുന്ന മുസ്്ലിം വിദ്യാര്‍ത്ഥിക്ക് ഇത് വലിയ വിഷമ വൃത്തം തന്നെയായിരുന്നു. നുണപരിശോധന സംവിധാനങ്ങളില്‍ പോലും യൂറോപിലെ മനശാസ്ത്ര പഠനങ്ങള്‍ അതേപടി മറ്റു സമൂഹങ്ങളില്‍ പ്രയോഗവത്കരിക്കുന്നത് കൊണ്ട് വലിയ അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. ആത്മീയതയുടെ വലയത്തിന് പുറത്ത് വളര്‍ന്നു എന്നത് കൊണ്ട് തന്നെ പൂര്‍ണമായും ഭൗതികത അടിസ്ഥാനപ്പെടുത്തിയായിരന്നു യൂറോപില്‍ സൈകോളജി വളര്‍ന്നത്. മനുഷ്യന്റെ ആത്മീയവും അതിഭൗതികവുമായ ഘടകങ്ങളെ മാറ്റിനിര്‍ത്തുന്ന ഈ മനശാസ്ത്ര വ്യവഹാരങ്ങളെയാണ് ഇസ്്ലാമികവത്കരണം ചോദ്യം ചെയ്തത്. വെസ്റ്റേണ്‍ മനഃശാസ്ത്രംക്ക് യൂറോപേതര സാഹചര്യങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് വളരെ മുമ്പ് തന്നെ പല ചിന്തകരും സൂചിപ്പിച്ചിരുന്നു. അങ്ങനെയാണ് 1976ല്‍ എ.പി.എ ആത്മീയതയും മതവും കേന്ദ്രീകരിക്കുന്ന മനശാസ്ത്ര പഠനങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിക്കുന്നത്. 2011ല്‍ അതിന്ന് സൈകോളജി ഓഫ് റിലീജിയണ്‍ ആന്റ് സ്പിരിറ്റ്വാലിറ്റി എന്ന് പുനര്‍നാമകരണം ചെയ്തു. എ.പി.എ പ്രസിഡന്റായിരുന്ന സൂസന്‍ മക്ഡാനിയലാണ് ഈ വിഷയത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയത്. മുസ്്ലിം സേവന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്ല സൈകോ ക്ലിനിക്കല്‍ സര്‍വീസ് നല്‍കുക എന്നതില്‍ കവിഞ്ഞ് ഇതിന് വലിയ ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മനശാസ്ത്ര പഠനങ്ങളുടെ ഇസ്്ലാമികവത്കരണത്തിന് വലിയ ചവിട്ടുപടിയായിരുന്നു എന്നതില്‍ സംശയമില്ല.

ഇസ്്ലാമിക് മനഃശാസ്ത്രംയുടെ വിപുലത

ദാറുല്‍ ഹിക്മയിലൂടെ ഗ്രീക്ക്/ഇന്ത്യന്‍ തത്വചിന്തകള്‍ ഇസ്്ലാമിക ലോകത്ത് വെളിച്ചം കണ്ടു. മനസ്സുമായി ബന്ധപ്പെട്ട പഠനങ്ങളിലും ഈ ജ്ഞാനപാരമ്പര്യങ്ങള്‍ അവരുടേതായ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിയിരുന്നു. മനുഷ്യന്റെ അടിസ്ഥാന ചോദ്യങ്ങളെ കുറിച്ച അന്വേഷണമാണെന്നത് കൊണ്ട് തന്നെ ഏതൊരു ചിന്താ സമൂഹത്തിനും മനസ്സിനെക്കുറിച്ചുള്ള ജ്ഞാനാന്വേഷണ വ്യവഹാരങ്ങള്‍ സ്വാഭാവികവും അവിഭാജ്യവുമാണ്. നിയതമായ ഏതെങ്കിലും മാര്‍ഗ തത്വങ്ങളില്ലാത്ത സ്വതന്ത്ര അന്വേഷണമായിരുന്നു ഈ പുരാതന പാരമ്പര്യങ്ങളിലുള്ളതെങ്കില്‍ ഇസ്്ലാമില്‍ അത് മത ഗ്രന്ഥങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും കൂടി വെളിച്ചത്തിലായിരുന്നു. ഇസ്്ലാമിക തത്വചിന്തയുടെ പിതാവായ അല്‍ കിന്ദി തന്നെ മനശാസ്ത്ര പഠനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രിസാലാ ഫീ ഇല്‍മിന്നൗം വറുഅ്യ, ദഫ്ഉല്‍ അഹ്സാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ ഇസ്്ലാമിക ലോകത്തെ ആദ്യ മനശാസ്ത്ര കൃതികളാണ്. 1879ല്‍ വില്യം വുണ്ട് ജര്‍മനിയില്‍ ആദ്യ സൈക്കോളജി ലാബ് ആരംഭിക്കുകയും സ്ട്രക്ച്ചറലിസ്‌ക് മനഃശാസ്ത്രംക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത് വരെ ഫിലോസഫിയുടെ ഭാഗമായിരുന്നു സൈക്കോളജി. എങ്കില്‍ പോലും വളരെ ശാസ്ത്രീയമായിട്ടായിരുന്നു മുസ്്ലിം ലോകത്ത് സൈക്കോളജി നിലനിന്നിരുന്നത്. മോര്‍ഫിയൂസ് ദേവന്‍ സൃഷ്ടിക്കുന്ന വളരെ ദിവ്യമായ അനുഭവമായിട്ട് ഗ്രീക്കില്‍ വിശ്വസിക്കപ്പെട്ടിരുന്ന സ്വപ്നം എന്ന പ്രതിഭാസം ഇസ്്ലാമിക ലോകത്ത് ഫ്രോയിഡിന്റെ ‘interpretation of dreams’നും മുന്നേ വിശദീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇബ്നു സഹല്‍ അല്‍ ത്വബ്രി ചൈല്‍ഡ് മനഃശാസ്ത്രംയുടെ വിശാരദനായിരുന്നു. ഈ ഘട്ടത്തിലെ മുസ്്ലിം മനഃശാസ്ത്രംസ്റ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയ നാമം അബൂ സൈദ് അല്‍ ബല്‍ഖിയുടേതാണ്. ആദ്യമായി സൈകോസിസിനെയും ന്യൂറോസിസിനെയും വേര്‍തിരിക്കുകയും അവയുടെ വകഭേദങ്ങളെ വിശദീകരിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. തന്റെ മസാലിഹുല്‍ അബ്ദാനി വല്‍ അന്‍ഫുസ് എന്ന കൃതിയില്‍ അദ്ദേഹം മുന്നോട്ടുവെച്ച കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി ആയിരം ആണ്ടിനിപ്പുറം അമേരിക്കന്‍ സൈക്കോളജി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ഡി.എസ്.എം നോട് കിടപിടിക്കുന്നതാണ്. ക്ലിനിക്കല്‍ മനഃശാസ്ത്രംയില്‍ സകരിയ അല്‍ റാസിയും ഇബ്നു സീനയും നല്‍കിയ സംഭാവനകള്‍ വളരെ ശ്രദ്ധേയമാണ്. അല്‍ മദീനതുല്‍ ഫാളില എന്ന തന്റെ കൃതിയിലൂടെ ഫറാബി സോഷ്യല്‍ മനഃശാസ്ത്രംയെ ഇസ്്ലാമിക ലോകത്ത് പരിചയപ്പെടുത്തി.


ഇഖ്വാനു സ്വഫ എന്ന മുസ്ലിം തത്വചിന്തകരുടെ കൂട്ടായാമ പത്താം നൂറ്റാണ്ടില്‍ തന്നെ ബ്രെയ്നിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ വ്യക്തിത്വ സിദ്ധാന്തങ്ങള്‍, ഇബ്നു ബാജയുടെ തിയറി ഓഫ് ഇന്റലക്ട്, ഇബ്നു തുഫൈലിന്റെയും ഇബ്നു അറബിയുടെയും മിസ്റ്റിക് സൈകോളജി എല്ലാം ഇസ്്ലാമിക ലോകത്ത് ശ്രദ്ദേയമായ മനശാസ്ത്ര വ്യവഹാരങ്ങളായിരുന്നു. ഇസ്ലാമിക് സ്‌പെയിനിലെ മുസ്ലിം തത്വ ചിന്തകരുടെ കുലപതി ആയിരുന്ന ഇബ്നുറുഷ്ദ് കൊഗ്‌നീഷനെ കുറിച്ച് വളരെ വ്യക്തമായി വിവരിക്കുകയും കിതാബുന്നഫ്സ് എന്ന തന്റെ കൃതിയില്‍ നിരവധി മനശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഫഖ്റുദ്ദീന്‍ അല്‍ റാസി തന്റെ നിരവധി കൃതികളിലായി നൈസര്‍ഗിക ഭാഗമായ ഫിത്വ്റയെ കുറിച്ച് നിരവധി വ്യവഹാരങ്ങള്‍ നടത്തുന്നുണ്ട്. മനശാസ്ത്ര പഠനങ്ങളില്‍ കിതാബുറൂഹ് വന്നഫ്സ് എന്ന കൃതിയും അദ്ദേഹത്തിനുണ്ട്. ഇതിനൊക്കെ പുറമെ, അലി അബ്ബാസ് അല്‍ മജൂസി, യഅ്ഖൂബ് ബിന്‍ മാസവൈഹി, ഇബ്നുല്‍ ഐന്‍ സര്‍ബി തുടങ്ങിയ നിരവധി മുസ്്ലിം തത്വചിന്തകരും മനശാസ്ത്ര പഠനങ്ങളില്‍ ഏറെ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്.


ഇത്തരത്തില്‍ വളരെ സമ്പന്നമായ പാരമ്പര്യമാണ് മുസ്്ലിംകള്‍ക്ക് മനശാസ്ത്ര പഠനങ്ങളില്‍ ഉണ്ടായിരുന്നത്. സ്ട്രക്ചറലിസത്തിന്റെ വരവോടുകൂടി സൈകോളജി ഭൗതികാടിത്തറിയിലേക്ക് മാത്രം ചുരുങ്ങിയതും മുസ്്ലിംകള്‍്ക്ക് നിരവധി സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടേണ്ടിവരികയും ചെയ്തതാണ് യൂറോപില്‍ ഉല്‍പാദിപ്പിക്കപ്പെട്ട അപകടകരമായ മനശാസ്ത്ര പഠനങ്ങള്‍ തങ്ങളിലും പ്രയോഗവത്കരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. യൂറോപിലെ ജൂത, ക്രൈസ്തവ പാരമ്പര്യങ്ങള്‍ വലിയ അളവില്‍ തന്നെ അവരുടെ മനശാസ്ത്ര പഠനങ്ങളെയും സ്വാധീനിച്ചിരുന്നു. ആദിപാപ സങ്കല്‍പമാണ് മനുഷ്യന്റെ നൈസര്‍ഗിക ഭാവത്തെ കുറിച്ച് വളരെ വികലമായ ആശയങ്ങള്‍ മുന്നോട്ടുവെക്കാന്‍ പാശ്ചാത്യ മനഃശാസ്ത്രംസ്റ്റുകളെ പ്രചോദിപ്പിച്ചത്. വിക്ടോറിയന്‍ ധാര്‍മിക സിദ്ധാന്തങ്ങളുടെ സമ്മര്‍ദ വലയത്തില്‍ രൂപപ്പെട്ട ലൈംഗികതയെ കുറിച്ചുള്ള പാശ്ചാത്യ മനശാസ്ത്ര വ്യവഹാരങ്ങള്‍ സാര്‍വ്വ ലൗകികമായി അവതരിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തത്.

ഇസ്്ലാമിക മനശാസ്ത്രത്തിലെ സൈകി

മനുഷ്യന്റെ മൗലിക പ്രകൃതി(പ്രിമോര്‍ഡിയല്‍ നാച്വര്‍) വളരെ സംശുദ്ധവും വിശ്വാസത്തിന് ഏറ്റവും അണുഗുണവുമായ ഫിത്വ്റയുടെ പ്രകൃതിയാണെന്നതാണ് ഇസ്്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ച്ചപ്പാട്. എല്ലാ മനുഷ്യരും ജനിച്ചുവീഴുന്നത് ഈ ഫിത്വ്റയിലാണ്. ഫിത്വ്റ എന്നാല്‍ അല്ലാഹുവിലും നബിയിലുമുള്ള വിശ്വാസം(ശഹാദഃ) അല്ല, മറിച്ച് അതിന് പൂര്‍ണമായി അനുകൂലമായ നിഷ്‌കളങ്കമായതും സംശുദ്ധവും മുന്‍വിധികളില്ലാത്തതുമായ പ്രകൃതിയാണ്. എല്ലാ കുട്ടിയും ജനിച്ചുവീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്, മാതാപിതാക്കളാണ് അവനെ ക്രിസ്ത്യാനിയോ ജൂതനോ മജൂസിയോ ആക്കുന്നത് എന്ന പ്രവാചക വചനം ഇതിന്നാധാരമാണ്. ഭൗതിക ശരീരത്തില്‍ മനുഷ്യര്‍ക്കിടയിലുള്ള വൈചാത്യവും വൈവിധ്യവും ഏറ്റക്കുറച്ചിലുമൊന്നും ഫിത്വ്റയുടെ കാര്യത്തിലില്ല. എല്ലാവരിലും തുല്യമായ സാര്‍വ്വ ലൗകികമായ വിശേഷണമാണത്. ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഫിത്വ്റയുമായുള്ള മനുഷ്യന്റെ അടുപ്പം നഷ്ടപ്പെടുന്നതാണ് അവന്റെ വഴിപിഴക്കലുകള്‍ക്ക് നിദാനം. അതായത് ഫിത്വ്റ ഒരിക്കലും കളങ്കപ്പെടുകയോ വ്യതിചലിക്കുകയോ ചെയ്യുന്നില്ല. വെസ്റ്റേണ്‍ മനഃശാസ്ത്രംയില്‍ പൊതുവെയും സൈകോ അനാലൈസിസില്‍ വിശേഷിച്ചും മനുഷ്യന്റെ മൗലിക ചോദന തിന്മയും ലൈംഗികതയുമാണ്(ഇഡ്). ആദിപാപത്തില്‍ നിന്ന് ശുദ്ധീകരിക്കാന്‍ മാമോദീസ മുക്കുന്ന ക്രൈസ്തവ പാരമ്പര്യത്തിന്റെ വളരെ പ്രകടമായ സ്വാധീനമാണത്. ആത്മീയ സംസ്‌കരണത്തില്‍ രചന നടത്തിയ ഇമാം ഗസ്സാലിയെ പോലുള്ള ചില പണ്ഡിതര്‍ തങ്ങളുടെ കൃതികളില്‍ ഫിത്വ്റ സങ്കല്പത്തിന് വിരുദ്ധമായി മൗലിക പ്രകൃതി കളങ്കിതവും തിന്മയോടുള്ള അഭിനിവേഷവുമാണെന്ന് പറയുന്നുണ്ട്. പ്രവാചകന്റെ ഹൃദയം പുണ്യം ജലം കൊണ്ട് കഴുകി ശുദ്ധീകരിച്ച ചരിത്രം ഇതിന് ബലം നല്‍കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഫിത്വ്റയുടെ പരിശുദ്ധിയെ ഖണ്ഡിക്കുകയായിരുന്നില്ല ഇവര്‍ ചെയ്തത്, മറിച്ച് കളങ്കിതമാവാനും മലിനപ്പെടാനുമുള്ള സാധ്യതകളുടെ തീവ്രതയെ അടയാളപ്പെടുത്തുകയായിരുന്നു. പ്രവാചകന്റെ ഹൃദയത്തില്‍ നിന്നും ആ സാധ്യത തന്നെ തുടച്ചുമാറ്റി കളഞ്ഞു എന്നതാണ് ചരിത്ര പാഠം.
മനുഷ്യന്റെ അസ്തിത്വത്തെ നഫ്സ്, ഖല്‍ബ്/റൂഹ്, അഖ്ല്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി ഇസ്്ലാം തരംതിരിക്കുന്നു. അതുപോലെ മനുഷ്യന്റെ ജീവിത അവസ്ഥകളെ അടിസ്ഥാനപരമായി അമ്മാറ, ലവ്വാമ, മുത്വ്മഇന്ന എന്നിങ്ങനെ മൂന്നായും തിരിക്കുന്നു. ഇവ ഫ്രോയിഡിന്റെ ട്രിപാര്‍ട്ട് സെല്‍ഫ് തിയറിയുമായി യോജിച്ച് വരുന്നുണ്ടെങ്കിലും പൂര്‍ണമായ സാദൃശത ഇവയ്ക്കില്ല. മനസ്സിന്റെ നിയതമായ ഘടകങ്ങളെയാണ് സൈകോ അനാലൈസിസ് പറയുന്നതെങ്കില്‍ ഇസ്്ലാമില്‍ പരിശീലനം കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും പരിവര്‍ത്തന വിദേയമാകുന്ന ഘടകങ്ങളാണവ.

ഇസ്്ലാമൈസേഷന്‍ ഓഫ് സൈകോളജി


എഴുപതുകളില്‍ മലിക് ബദ്രി കത്തിച്ചുവെച്ച ഇസ്്ലാമിക വത്കരണത്തിന്റെ തിരി ഒത്തിരി കാലം മുനിഞ്ഞുകത്തി. എഴുപതുകളില്‍ തന്നെ ഐ.ഐ.യു.എം ഈ വിഷയത്തിലെ വലിയ ചര്‍ച്ചകള്‍ക്ക് വേദിയായെങ്കിലും അവയ്ക്കൊന്നും ബഹിസ്ഫുരണങ്ങളുണ്ടായില്ല. സ്റ്റാന്‍ഫോര്‍ഡ്സ് യൂണിവേഴ്സിറ്റിയില്‍ മുസ്്ലിംസ് ആന്റ് മെന്റല്‍ ഹെല്‍ത്ത് ലാബ് സ്ഥാപിക്കുന്നത് ഇസ്്ലാമിക വത്കരണത്തിന്റെ ഗതിയെ വലിയ അളവില്‍ തന്നെ സ്വാധീനിച്ചു. വിവിധ ധാരകളിലെ ഇസ്്ലാം-സൈകോളജി പഠനങ്ങള്‍ ഉള്‍കൊള്ളുന്ന സംവിധാനമായിരുന്നു ഇതിന് ഉണ്ടായിരുന്നത്. ഇവിടുത്തെ ചരിത്ര വിഭാഗത്തിന്റെ കാര്‍മികത്വത്തിലാണ് അബൂ സൈദ് അല്‍ ബല്‍ഖിയുടെ മസാലിഹുല്‍ അബ്ദാനി വല്‍ അന്‍ഫുസ് എന്ന ഗ്രന്ഥം മലിക് ബദ്രി വിവര്‍ത്തനം ചെയ്തത്. എം.സി.എ സാന്റാ ക്ലാറ പോലുള്ള നിരവധി പ്രസ്ഥാനങ്ങളോട് സഹകരിച്ച് കൊണ്ട് വളരെ വിപുലമായ പ്രവര്‍ത്തന മേഖല ഇവര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇസ്്ലാമിക മനശാസ്്ത്രത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഖലീല്‍ സെന്ററും ഇവരുടെ മറ്റൊരു സംരഭമാണ്.
ബിലാല്‍ ഫിലിപ്സ് നേതൃത്വം നല്‍കുന്ന ഇസ്്ലാമിക് ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി, ഇസ്്ലാമിക് മനഃശാസ്ത്രംയില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം നല്‍കുന്നുണ്ട്. ഇതിനു പുറമെ കാംബ്രിഡ്ജ് മുസ്്ലിം യൂണിവേഴ്സിറ്റി, സൈം യൂണിവേഴ്സിറ്റി തുര്‍ക്കി, ജാമിഅ മില്ലിയ ഡല്‍ഹി, യു.എസിലെ ഏക മുസ്്ലിം സൈകോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആയ അല്‍ കറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത സ്ഥാപനങ്ങള്‍ ഇസ്്ലാമിക മനഃശാസ്ത്രംയില്‍ കോഴ്സുകള്‍ നല്‍കുന്നുണ്ട്. മതത്തിന്റെയും ആത്മീയതയുടെയും മനശാസ്ത്ര പഠനങ്ങള്‍ക്ക് എ.പി.എ പ്രത്യേക വിഭാഗത്തെ 2011ല്‍ രൂപീകരിച്ചതും ഈ പഠനങ്ങള്‍ക്ക് കരുത്ത് നല്‍കിയിട്ടുണ്ട്. മലിക് ബദ്രിയുടെ കാര്‍മികത്വത്തില്‍ തന്നെ 2017 അന്താരാഷ്ട്ര ഇസ്്ലാമിക മനശാസ്ത്ര കൂട്ടായ്മ നിലവില്‍ വന്നു. ആഗോളാടിസ്ഥാനത്തില്‍ ഈ മേഖലയിലെ മുഴുവന്‍ പഠനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ഇത് വലിയ തോതില്‍ സഹായകമായിരുന്നു. ജേര്‍ണല്‍ ഓഫ് ഇസ്്ലാമിക് സൈകോളജി എന്ന ത്രൈമാസിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം വാര്‍ഷിക കോണ്‍ഫറന്‍സുകളും സംഘടനക്ക് കീഴില്‍ നടക്കുന്നുണ്ട്. യുദ്ധം, ഇസ്്ലാമോഫോബിയ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന മുസ്്ലിംകളുടെ മാനസിക അവസ്ഥകളെ കുറിച്ച് പഠിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കാനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മുസ്ലിം മെന്റല്‍ ഹെല്‍ത്തും നിലവിലുണ്ട്. ജേര്‍ണല്‍ ഓഫ് മുസ്്ലിം മെന്റല്‍ ഹെല്‍ത്ത് എന്ന പീര്‍ റിവ്യൂഡ് ജേണലും ഇവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
കോഗ്‌നിറ്റീവ് സയന്‍സ് പോലുള്ള മനശാസ്ത്ര പഠനങ്ങളുടെ ഭൗതിക ശാസ്ത്ര വ്യവഹാരങ്ങള്‍ ഇസ്്ലാമിക വത്കരണത്തിന് വിഷയീഭവിക്കുന്നില്ലെങ്കിലും മനശാസ്ത്ര പഠനത്തിന്റെ എപിസ്റ്റമോളജി, ഫിലോസഫി, ക്ലിനിക്കല്‍ പ്രാക്ടീസുകളിലെ ഇസ്്ലാമിക വത്കരണം തുടങ്ങി ഒത്തിരി മേഖലകളില്‍ ഇനിയും ഒരുപാട് വിടവുകള്‍ നികത്തപ്പെടാനുണ്ട്.

നൂറുദ്ദീന്‍ നടുവണ്ണൂര്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.