മുസ്ലിം സമൂഹത്തിനകത്തുള്ള നവീകരണപാരമ്പര്യങ്ങള്‍ക്ക് അപരിചിതമല്ലാത്ത തിരുത്തല്‍വാദമാണ് മതത്തിനകത്തെ മതനിരാസം. യുക്തിവാദത്തിന്റെ സാങ്കേതിക ഭാവങ്ങള്‍ ഇല്ലാതെ തന്നെ, താല്‍ക്കാലികമായ വിജയങ്ങള്‍ക്ക് വേണ്ടി ഇസ്ലാമിനെ അതല്ലാതാക്കുന്ന രീതിയുടെ ആധുനീക ഘട്ടം ആരംഭിക്കുന്നത് ഈജിപ്തില്‍ തുടക്കം കുറിച്ച ഇസ്ലാമിക് മോഡേണിസം മുതലാണ്. രണ്ട് ലക്ഷ്യങ്ങളുടെ ഒരേ മാര്‍ഗമായിരുന്നു അല്‍ അസ്ഹര്‍ വഴി പുറപ്പെട്ട പ്രസ്തുത ചിന്താരീതി.
ഇസ്ലാമിക തത്വശാസ്ത്രത്തെ പാശ്ചാത്യമൂല്യങ്ങള്‍ എന്നറിയപ്പെടുന്ന മതേതരത്വം (സെക്കുലറിസം), മാനവികവാദം (ഹ്യൂമനിസം), യുക്തിചിന്ത (Rationalism) എന്നിവയുമായി സഹസംയോജനം നടത്താനുള്ള ശ്രമമാണ് ഇസ്ലാമിന്റെ ആധുനീകരണം എന്ന് ചുരുക്കിയെഴുതാം. യുക്തിമാത്ര പ്രധാനമായ നിയോ മുഅ’തസിലിസം എന്നും അതിനെ വിശേഷിപ്പിക്കാം.
ഇവിടെ, രണ്ട് ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞത് , ഇസ്ലാം വിരോധികള്‍ക്ക് ഇസ്ലാം അഭൗമികമായ പ്രാപഞ്ചിക വ്യവസ്ഥയോ സമഗ്രമായ ദാര്‍ശനിക സംഹിതയോ അല്ല, കേവലം അടിച്ചേല്‍പ്പിക്കപ്പെട്ട സാമൂഹിക സ്ഥാപനം മാത്രമാണെന്ന് വരുത്തലായിരുന്നു ലക്ഷ്യം. അവരുടെ സംപ്രീതി ഇസ്ലാമിന് നേടിക്കൊടുക്കാന്‍ അവരുടെ ബുദ്ധിക്കൊതുങ്ങാത്ത ഇസ്ലാമിനെ അംശയിച്ചും അരിഷ്ടിച്ചും നവീകരികരിക്കാന്‍ ശ്രമിച്ചവര്‍ക്ക് മറ്റൊരു ലക്ഷ്യവുമായിരുന്നു.
19-20 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിലായിരുന്ന ഈജിപ്തില്‍ നിന്നായിരുന്നു ഇസ്ലാമിക് മോഡേണിസത്തിന്റെ ആരംഭം. ഈജിപ്തിനെ അതിന്റെ മൗലികസ്വത്വമായ മതാധിഷ്ഠിത ദേശീയബോധത്തില്‍ നിന്നും, ആത്മീയനിഷ്ഠാബോധത്തില്‍ നിന്നും വ്യതിചലിപ്പിക്കാതെ, മധ്യപൗരസ്ത്യദേശങ്ങള്‍ അധീനപ്പെടുത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിതച്ച പദ്ധതിയായിരുന്നു അത്. ആഗോള ഇസ്ലാം രചനകളെയും തത്വശാസ്ത്ര സംവാദങ്ങളെയും നിയന്ത്രിച്ചിരുന്ന / സ്വാധീനിച്ചിരുന്ന അല്‍ അസ്ഹറിലെ പണ്ഡിതന്മാരെ വരുതിയിലാക്കിക്കൊണ്ടായിരുന്നു ആ മിഷനറിയുടെ പ്രവര്‍ത്തനങ്ങള്‍. അന്നത്തെ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ആയിരുന്ന ലോര്‍ഡ് ലോയ്ഡ് എഴുതിയ ഈജിപ്ത് സിന്‍സ് ക്രോമര്‍ എന്ന പുസ്തകത്തില്‍ അതിന്റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങിയ അക്കാലത്തെ അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ബ്രിട്ടീഷ് വിധേയരായിരുന്നുവെന്ന് ലോര്‍ഡ് ലോയിഡ് വിവരിക്കുന്നു.
ദൈവത്തെയല്ല, ദൈവികതയെ നിഷേധിക്കുന്നതിന്റെ പിന്നില്‍
ദൈവാസ്തിക്യം നിരാകരിക്കലിനേക്കാള്‍ അയത്‌നലളിതമായത് ഇസ്ലാമിക പ്രമാണങ്ങളുടെ ദൈവികതയെ റദ്ദ് ചെയ്യലാണ് എന്ന് മനസ്സിലാക്കിയ ധാരാളം യൂറോപ്യന്‍ ഓറിയന്റിലിസ്റ്റുകളും ദാര്‍ശനികന്മാരും പദാര്‍ത്ഥവാദികളും ഉണ്ടായിരുന്നു. അവര്‍ , അതിന് കണ്ട കുറുക്ക് വഴി വളരെ ഗൂഢമായിരുന്നു. മുസ്ലിംകള്‍ ദിവ്യമെന്ന് വിശ്വസിക്കുന്ന വേദഗ്രന്ഥത്തിന്റെ സ്രോതസ്സിനെ സംബന്ധിച്ചുള്ള സന്ദേഹസാംക്രമണമായിരുന്നു അത്.
മുഹമ്മദ് നബി (സ്വ) വ്യാജനാണെന് പ്രചരിപ്പിച്ചാല്‍ അതുളവാക്കുന്ന ഫലം വിപരീതമായിരിക്കും. അതിനാല്‍, ആ മഹാവ്യക്തിത്വത്തെ മനുഷ്യപ്രാപ്യമായ ബൗദ്ധിക പൂര്‍ണ്ണതയുടെ പാരമ്യതയില്‍ പ്രതിഷ്ഠിച്ച് കൊണ്ട്, ആ മഹാനുഭാവന് ദിവ്യബോധനം ഉണ്ടാവേണ്ടതില്ല, കാരണം കറകളഞ്ഞ ജ്ഞാനോദയത്തിന് പാകപ്പെട്ട ഒരു ബോധതലം വ്യക്തിസിദ്ധിയായി മുഹമ്മദ് നബി (സ്വ) യില്‍ രൂപപ്പെട്ടിരുന്നു എന്ന് വരുത്താനാണവര്‍ ശ്രമിച്ചത്. മാലാഖ മാധ്യമമായ ദിവ്യബോധനത്തിന്റെയോ അമാനുഷികമായ തലത്തിലേക്കുയര്‍ന്ന് ദിവ്യസംബോധന നേരിട്ടേറ്റെടുക്കേണ്ടതിന്റെയോ ആവശ്യം ഇല്ലാത്ത വിധം അന്ത്യപ്രവാചകന്‍ പരിപൂര്‍ണ്ണനായിരുന്നുവെന്ന് പറയുമ്പോള്‍, അത് വഴി ദിവ്യബോധന സാധ്യത ഇല്ലാതാവുന്നു എന്നതായിരുന്നു അവര്‍ക്ക് കിട്ടിയ ലാഭം. ദിവ്യബോധനമാണ് മുസ്ലിംകളെ ദൈവാസ്തിക്യത്തില്‍ ആണിയിട്ടുറപ്പിച്ചത് എന്നവര്‍ക്കറിയാം.
ഈ മാര്‍ഗമവലംബിച്ച് നന്നാക്കിവെടക്കാക്കിയ പ്രമുഖരായിരുന്നു, ഫ്രഞ്ച് ചരിത്രകാരനും മന:ശാസ്ത്രജ്ഞനുമായ ഗുസ്താവ് ലെ ബോന്‍ (1841- 1931 ), ഹംഗേറിയന്‍ ചിന്തകനായ ഇഗ്നാസ് ഗോള്‍ഡ്‌സിയര്‍ (1850 -1921 ), ജര്‍മ്മന്‍ ദാര്‍ശനികനായ ഗുസ്താവ് വെയില്‍ (1808 – 1889), ഫ്രഞ്ച് മാര്‍ക്‌സിയന്‍ ചരിത്രകാരനായ മാക്‌സിം റാഡിന്‍സന്‍ (1915 – 2004 ), ഫ്രഞ്ച് ഓറിയന്റിലിസ്റ്റും ദി ലൈഫ് ഓഫ് മുഹമ്മദ് എന്ന വിഖ്യാദ ഗ്രന്ഥകാരനുമായ എമിലി ഡെര്‍മിംഗ് ഹാം (1892 – 1971 ), സ്‌കോട്ടിഷ് ഓറിയന്റിലിസ്റ്റായ മോണ്ട്‌ഗോമറി വാള്‍ട്ട്(1909 – 2006 ) തുടങ്ങിയവര്‍. എന്നാല്‍ ഇവരില്‍ പലരും, അന്ത്യപ്രവാചകന്റെ ജീവിതത്തെ ഏകാധികാരത്തിലൂന്നിയോ ഏകധാരയിലൂടെയോ അല്ല വിലയിരുത്തിയത്.
ദിവ്യബോധനത്തെ സംബന്ധിച്ച്, ആത്മനിഷ്ഠമായ ജ്ഞാനോദയം, വ്യക്തിപരമായ തീക്ഷ്ണാനുഭവങ്ങള്‍ രൂപപ്പെടുത്തിയ സാമൂഹിക നിരീക്ഷണങ്ങള്‍, സഹജമായ ആന്തരികദീപ്തിയും ആര്‍ജ്ജിതമായ അന്വേഷണങ്ങളും സമന്വയിപ്പിച്ച ഉള്‍വിളികള്‍, സാത്വികമായ അന്ത:ക്ഷോഭങ്ങള്‍ എന്നൊക്കെ വ്യാഖ്യാനിച്ച അവര്‍ തന്നെ, രണ്ടാം ഘട്ടത്തില്‍ മുന്‍വേദങ്ങളുടെ അപഹരണം, നാടോടിക്കഥകളുടെ സമാഹരണം, ഉന്മത്തോക്തികള്‍, ഭ്രമിത ജല്‍പ്പനങ്ങള്‍ എന്നൊക്കെയും പറഞ്ഞിട്ടുണ്ട്. അതായത്, ഒന്നാം ഘട്ടത്തില്‍ ദിവ്യബോധനത്തെയും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യുടെ വ്യക്തിമാഹാത്മ്യത്തെയും നിരാകരിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം.
കാലഹരണപ്പെട്ട ഇസ്ലാമിക ജ്ഞാനനിര്‍ദ്ധാരണ മാര്‍ഗങ്ങള്‍ അവലംബിക്കാതെ, യൂറോപ്യന്‍ ശാസ്ത്രീയ ബോധവും സ്വതന്ത്രചിന്തയും ആധാരമാക്കിയാണ് ഇസ്ലാം പുന:വായന നടത്തേണ്ടത് എന്നവര്‍ ശഠിക്കുകയും, എന്നാല്‍ അങ്ങനെ പോലും ചെയ്യാതിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍. അവര്‍, പദാര്‍ത്ഥവാദത്തിനനുസരിച്ച് ഇസ്ലാമിനെ ബാഹ്യമായി ബോഡിഷെയിമിങ്ങ് നടത്തുക മാത്രമായിരുന്നു, മാംസവും മജ്ജയും പരിഗണിച്ചേയില്ല, ഇസ്ലാമിനെ ശാസ്ത്രീയ വിശകലനം ചെയ്യാനും തയ്യാറായില്ല.
അപകര്‍ശത : എക്‌സ് മുസ്്‌ലിമിന്റെ മൂലധനം
മധ്യപൗരസ്ത്യ ദേശത്ത് ഇസ്ലാമിക് മോഡേണിസവും യൂറോപ്പില്‍ ശാസ്ത്രീയ മുന്നേറ്റവും സംഭവിക്കുന്നത് ഏകദേശം ഒരേകാലത്തായിരുന്നു. അതിനാല്‍, ശാസ്ത്രീയമായി തെളിയിക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ ഇസ്ലാമിലുള്ളൂ എന്ന് വരുത്തേണ്ട ബൗദ്ധികദാസ്യം ചിലര്‍ ഏറ്റെടുക്കുകയും ചിലരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വിശ്വാസത്തിന് വീര്യമോ വിജ്ഞാനത്തിന് വേരുകളോ ഇല്ലാത്ത, ദീനിനെ രാഷ്ട്രീയ വ്യവസ്ഥയായും അക്ഷരപ്രമാണങ്ങളായും മാത്രം വീക്ഷിച്ച ദുര്‍ബലമുസ്ലിംകള്‍ക്ക് തോന്നിയ അപകര്‍ശതാബോധമായിരുന്നു എക്‌സ്മുസ്്‌ലിം എന്ന അനര്‍ത്ഥ പ്രതിഭാസത്തിന്റെ ഫാക്ടറി തുറക്കപ്പെട്ട അടിനിലങ്ങള്‍.
കാലഹരണപ്പെട്ട ഇസ്ലാമിക ജ്ഞാനനിര്‍ദ്ധാരണ മാര്‍ഗങ്ങള്‍ അവലംബിക്കാതെ, യൂറോപ്യന്‍ ശാസ്ത്രീയ ബോധവും സ്വതന്ത്രചിന്തയും ആധാരമാക്കിയാണ് ഇസ്ലാം പുന:വായന നടത്തേണ്ടത് എന്നവര്‍ ശഠിക്കുകയും, എന്നാല്‍ അങ്ങനെ പോലും ചെയ്യാതിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍. അവര്‍, പദാര്‍ത്ഥവാദത്തിനനുസരിച്ച് ഇസ്ലാമിനെ ബാഹ്യമായി ബോഡിഷെയിമിങ്ങ് നടത്തുക മാത്രമായിരുന്നു, മാംസവും മജ്ജയും പരിഗണിച്ചേയില്ല, ഇസ്ലാമിനെ ശാസ്ത്രീയ വിശകലനം ചെയ്യാനും തയ്യാറായില്ല. ശാസ്ത്രം എന്നാല്‍ ഭൗതിക ശാസ്ത്രം എന്ന തടവറയില്‍ അവര്‍ മുട്ടിലിഴഞ്ഞ് ചെന്നിരുത്തി കൊടുക്കുകയായിരുന്നു.
ഈ ഭാഗം വിലയിരുത്തുമ്പോള്‍, എന്തായിരുന്നു യൂറോപ്യന്‍ സ്വതന്ത്രചിന്ത എന്നത് കൂടി നോക്കേണ്ടിവരും. എങ്ങനെയാണ് യൂറോപ്യന്‍ ദാര്‍ശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കില്‍ മുഹമ്മദ് അബ്ദു, റഷീദ് രിദ, ജമാലുദ്ധീന്‍ അഫ്ഗാനി, ഫരീദ് വജ്ദി, മുസ്തഫാ മറാഗി, ഖാസിം അമീന്‍, ഹുസൈന്‍ ഹൈക്കല്‍ തുടങ്ങിയ മുസ്ലിം മോഡേണിസ്റ്റുകളുടെ വാദങ്ങള്‍ അവരെത്തന്നെ തിരിഞ്ഞുകുത്തുമായിരുന്നു.
ഒരുകാര്യം സ്വീകരിക്കേണമോ, നിരാകരിക്കേണമോ എന്ന കാര്യത്തില്‍ നിരുപാധികമായ തീര്‍പ്പ് ഉണ്ടാക്കിയതിന് ശേഷം, അതിനനുകൂലമായ രീതിയില്‍ തെളിവുകള്‍ പരിശോധിക്കുക എന്നതാണ് വാസ്തവത്തില്‍ യൂറോപ്യന്‍ രീതി. വിചിത്രമെന്ന് പറയട്ടെ, നിരീശ്വരവാദികള്‍ ഈശ്വരവാദികള്‍ക്കെതിരെ മറിച്ചുന്നയിച്ച് മുന്‍കൂര്‍ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കന്‍ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച പ്രാഗ്മാറ്റിസം എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്.
ബ്രിട്ടീഷ് താത്വികനായ ജെറമി ബെന്‍താം, ആല്‍ഫ്രഡി വോന്‍ ക്രമര്‍, ജോര്‍ജസ് അനാതി, ലൂയി ഗാര്‍ഡറ്റ് തുടങ്ങിയവര്‍ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവര്‍ രചിച്ച ദ ഫിലോസഫി ഓഫ് റിലീജ്യന്‍ ബിറ്റവീന്‍ ഇസ്്‌ലാം ആന്‍ഡ് ക്രിസ്ത്യാനിറ്റി, എച്ച് എ ആര്‍ ഗിബ്ബ് രചിച്ച ദ സട്രക്ചര്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്്‌ലാം തുടങ്ങിയ കൃതികള്‍, ആധുനിക ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. മുസ്ലിം മോഡേണിസ്റ്റുകള്‍ സ്വീകരിച്ച നിര്‍ണ്ണയങ്ങള്‍ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ പലതും നൂറ്-നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങള്‍ എന്നത് അത്തിരക്കുകള്‍ക്കിടയില്‍ അവരോട് മറന്നു പോയി.
ദിവ്യബോധനം: സത്യത്തിന്റെ സത്ത
ഭൂമിയില്‍ ജനിച്ചുവീണ ജലധിക്കോടി മനുഷ്യരില്‍, ലക്ഷക്കണക്കിന് മുഹമ്മദുമാരില്‍ വെച്ച് അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വ) ന് മാത്രം അവകാശപ്പെട്ട അടിസ്ഥാന പ്രത്യേകതയെന്താണ്? ഈ വിഷയത്തിന്റെ മര്‍മ്മം അതാണ്. മനുഷ്യര്‍ കയ്യെഴുത്ത് നടത്തിയ ഭാഷകളിലൊക്കെ ആയിരക്കണക്കിന് അപദാന കൃതികളും നൂറുക്കണക്കിന് ജീവചരിത്രങ്ങളും പിറന്നുവെന്നതാണോ ആ അടിസ്ഥാനം, അല്ല. ഹെറാക്ലീസ് സീസര്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള സാമ്രാജ്യാധിപന്മാര്‍ മഹാനാം പട്ടം നല്‍കിയതുമല്ല. ഇടയവൃത്തി ചെയ്ത അനാഥത്വത്തില്‍ നിന്ന് അറ്റം കാണാത്ത ദിക്കുകളോളം പരന്ന മനുഷ്യര്‍ക്ക് സനാഥത്വം പകര്‍ന്നതുമല്ല.
പച്ചവെള്ളവും ചീന്ത്കാരക്കയും ഉണക്കദണ്ഡും മാത്രം കൈയ്യേന്തിയ സമരപോരാളികളെ കൊണ്ട് തുടങ്ങി അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന് സാധിക്കാത്തത്രയും സ്ഥിരതയുള്ള ഭരണമണ്ഡലങ്ങള്‍ രൂപപ്പെടുത്തിയെന്നതുമല്ല. കാലത്തിന്റെ രണ്ട് മറുതലങ്ങള്‍ക്കിടയിലെ യുഗപ്പകര്‍ച്ചകളുടെ ആദ്യമധ്യാന്തങ്ങളിലും, ഉണ്മയുടെ രണ്ടറ്റങ്ങള്‍ക്കിടയിലെ പ്രാതിഭാസിക വൈവിധ്യങ്ങളുടെ അടിനടുകൊടുമുടികളിലും ഉച്ചരിക്കപ്പെട്ട ഒരേയൊരു മനുഷ്യനാമത്തിന്റെ ഉടമസ്ഥനായതുമല്ല. ആകാശത്തിന്റെ ഗഹനതയും ഭൂമിയുടെ ക്ഷമയും കാലത്തിന്റെ കരുത്തും കടലിന്റെ ദാനവും മനുഷ്യാകൃതി പൂണ്ട ആത്മചേതസ്സായിരുന്നുവെന്നതുമല്ല. നിഘണ്ടുവില്‍ ലഭ്യമായ ഏതേത് ഭംഗിവാക്കുകളെടുത്ത് ഒരുഭാഗത്ത് വെച്ചാലും അതിനോട് അതിലേറെ ചേരുംപടി ചേരുന്ന വ്യക്തിവൈശിഷ്ട്യങ്ങളുടെ കലവറയായിരുന്നുവെന്നതുമല്ല. കണ്ണാലാരൂപം കാണാഞ്ഞിട്ടും കാതാലാസ്വരം കേള്‍ക്കാഞ്ഞിട്ടും കൂടി ഒരു രോമകൂപത്തിന്റെ കൃത്യത പോലും തെറ്റാതെ, മിഴിതുറന്ന ചരിത്രം ഒപ്പിയെടുത്ത ഏക ചരിത്രപുരുഷനാണെന്നതുമല്ല. ഓര്‍മ്മകളുടെ സായാഹ്നങ്ങളില്‍ ആയിരത്താണ്ടുകള്‍ക്കപ്പുറം വീശിയ ഇളംകാറ്റിന്റെ സീല്‍ക്കാരങ്ങളേറ്റ് ത്രസിച്ച് പിടയുന്ന ജനകോടികളുടെ തരംഗമോ കണികയോ അല്ലാത്ത ഹൃദയവിജ്രംഭണമാണെന്നതു പോലുമല്ല. ടോള്‍സ്റ്റോയിയും തോമസ് കാര്‍ലെയും ഗഥേയും വാഷിങ്ങ്ടണിര്‍വിനും ഗിബ്ബും മൂറും ഫിലിപ്പ് കെ ഹിറ്റിയും ബര്‍ണാഡ്ഷായും റൂസ്വെല്‍റ്റും മൈക്കലെച്ച്ഹാര്‍ട്ടും ഗാന്ധിജിയും വള്ളത്തോളുമൊക്കെ പ്രമേയമായും പ്രാസമായുമൊക്കെ ആ പേരുച്ചുരച്ചുവെന്നതുമല്ല.
പിന്നെന്താണാ അടിസ്ഥാന സവിശേഷത? അത്, അതിരുകളറിയപ്പെടാത്ത പൂര്‍വ്വാകാശത്തിന്റെ മുകളില്‍ നിന്നും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ രിസാലത് സമ്പൂര്‍ണ്ണമാക്കാനുള്ള വഹ്‌യ് ലഭിച്ചുകൊണ്ടേയിരുന്നുവെന്നതാണ്. നൂറുബില്യണ്‍ നക്ഷത്രങ്ങളുള്ള നൂറായിരക്കണക്കിന് ഗ്യാലക്‌സികള്‍ പടച്ച് പരിപാലിക്കുന്ന പടച്ചവന്‍, അവന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയെത്തേടി, ഒരുതരി ഗോളമായ ഭൂമിയിലെ, ഒരുപൊരിത്തീരമായ കരയിലെ, ഒരുതരി അംശമായ അറേബ്യയിലെ, ഈന്തയോലകള്‍ക്ക് ഈന്തത്തടികള്‍ തൂണാക്കി നാട്ടിക്കെട്ടിപ്പൊക്കിയ കുടിലനകത്തേക്ക്, അവന്റെ ഏറ്റവും പ്രധാനമാലാഖയെ ദിവ്യബോധനത്തിന്റെ പൊതിയുമായി പറഞ്ഞയച്ചുവെന്നതാണ്.
അനുയായികളുടെ കണ്‍വെട്ടത്തും കാണാമറയത്തും വെച്ച്, ഏക ഇലാഹിന്റെ നോട്ടവും നീട്ടവും ദിവ്യബോധനമായി ഏറ്റെടുക്കുമ്പോള്‍ മേലിരിക്കപ്പെട്ട ഒട്ടകം ഭാരം താങ്ങാനാവാതെ മുട്ടിടച്ചുവീണപ്പോഴും തൃപ്പാദങ്ങളോട് ചേര്‍ത്തുവെച്ച കൂട്ടാളികളുടെ കാലുകള്‍ എല്ലുകള്‍ നുരുമ്പുമാറ് ഞെരിഞ്ഞമര്‍ന്നപ്പോലും നെറ്റിയില്‍ മുത്തുമണികളായ് തിളങ്ങുന്ന വിയര്‍പ്പ് കണങ്ങളുമായി വഹ്‌യുകള്‍ പെയ്ത് നിറഞ്ഞ ഉടലായി, ഉണ്മയായി ഉയര്‍ന്നു എന്നതാണ്. ദൈവാസ്തിക്യം ബോധ്യമാക്കിയത് വഹ്‌യാണ്. തിരുനബിയുടെ വിടവാങ്ങലാഹ്വാനം കേട്ടപാടെ ഭൂഖണ്ഡലങ്ങളിലേക്ക് കുതിരപ്പുറമേറിയും പായക്കപ്പല് കയറിയും തപിക്കുന്ന മന്തറകളിലൂടെ പതക്കുന്ന പാദങ്ങളമര്‍ത്തി പാതകള്‍ വെട്ടിയും അസ്ഹാബ് പരന്നൊഴുകിയത് ആ വഹ്‌യിന്റെ പ്രസാദങ്ങള്‍ വിതരണം ചെയ്യാനാണ്. ഈ അടിസ്ഥാന തത്വത്തെ എതിര്‍ക്കുന്നവരും, ഇതിനേക്കാള്‍ ഇസ്ലാമിന്റെ സ്വീകാര്യത മറ്റെന്തിന്മേലോ ആശ്രയിച്ചാണിരിക്കുന്നതെന്ന് കരുതുന്നവരും പ്രചരിപ്പിച്ച മിഥ്യകളാണ് അടിസ്ഥാന പ്രശ്‌നം.
സാങ്കേതികമായി മൂന്ന് വിധത്തിലാണ് പ്രവാചകത്വത്തെ സ്ഥാപിതമാക്കിയ ദിവ്യബോധനം സംഭവിച്ചത്. അല്ലാഹു നേരേ ചൊവ്വേ നല്‍കിയ സംബോധനം, ജിബ്രീല്‍ (അ) മുഖേനെ നല്‍കിയ വെളിപാട്, മലക്ക് മുഖേനെ വെളിപാടുണ്ടായ ശേഷം ഹൃദയോല്‍ഭൂതമാവുന്ന ഉല്‍ബോധനം എന്നിവയായിരുന്നു അവ. വിശുദ്ധ ഖുര്‍ആനിലെ സൂറ: ശൂറയുടെ അമ്പത്തൊന്നാം വചനം പരിശോധിക്കുക.
ആധുനിക എക്‌സ് മുസ്്‌ലിം ഉല്‍പ്പാദനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ആദ്യം വിചാരണചെയ്യപ്പെടേണ്ട വ്യക്തി മുഹമ്മദ് അബ്ദു തന്നെയായിരിക്കും. ഇദ്ദേഹത്തിന്റെ രിസാലത്തൗഹീദ് എന്ന ഗ്രന്ഥമാണ്
നിയോ മുഅ്തസിലിസത്തിന്റെ ബൈബിള്‍. വഹ്‌യ് – ദിവ്യബോധനം ( റിവലേഷന്‍) എന്ന രിസാലതിന്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു. പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത് എന്നാല്‍ ആകാശദൂത് അല്ലെന്നും, ഉയര്‍ന്ന മനോനിലവാരമുള്ള വ്യക്തിയില്‍ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു. ഓരോന്നോരോന്നായി ഇവിടെ എഴുതുന്നില്ല.
പാശ്ചാത്യ യുക്തിചിന്തകന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത അഭൗമികവും അലൗകികവുമായ (മെറ്റാഫിസിക്കല്‍, സൂപര്‍നാച്ചറല്‍) എല്ലാ കാര്യങ്ങളെയും മുഹമ്മദ് അബ്ദു നിശ്ശേഷം തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് എതിരാവുന്ന ഹദീഥുകള്‍ വ്യാജമാണ് എന്ന് സ്വാഷ്ടപ്രകാരം പറയലായിരുന്നു കക്ഷി. പ്രത്യുപകാരമെന്നോണം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു.
ആദ്യ രണ്ട് രൂപങ്ങളിലുള്ള ദിവ്യബോധനത്തെയും അദ്ദേഹം മുച്ചൂടും തള്ളുകയായിരുന്നു. മൂന്നാമത്തെ രീതിയായ പ്രവാചകത്വം സ്ഥാപിതമായ ശേഷമുള്ള ഇല്‍ഹാമിനെ അദ്ദേഹം മറ്റൊരു രീതിയിലാക്കി.
മുഹമ്മദ് അബ്ദുവിനെ ഈ മൂന്നാം ഇനത്തിന്റെ കാര്യത്തില്‍ ന്യായീകരിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരുകാര്യം, അബ്ദുവിന്റെ അഭിപ്രായത്തില്‍ വഹ്‌യ് എന്നാല്‍ പ്രവാചകന്റെ ആന്തരിക പ്രക്രിയകളാണ്. ഇസ്ലാമിന്റെ ഖണ്ഡിതമായ പ്രമാണം വഹ്‌യിന്റെ മൂന്നിനങ്ങളും ബാഹ്യമായ ഇടപെടലാണ് എന്നതുമാണ്. മുഹമ്മദ് അബ്ദുവിനെ ന്യായീകരിച്ച് സംസാരിച്ച റഷീദ് രിദയും വഹ്‌യിനെ ആത്യന്തികമായി ദാഖിലീകരിക്കുകയാണ് ചെയ്തത്. ഖാരിജീയമായ ദിവ്യബോധനത്തിന് മാത്രമേ അടിസ്ഥാന സവിശേഷതയുണ്ടാവുകയുള്ളൂ എന്ന അടിത്തറ അവര്‍ മറന്നു. ആന്തരികമായ ബോധോദയം, പ്രവാചകന്‍ മൂസാ (അ) മിന്റെ മാതാവിന് നല്‍കിയെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്, എന്തിന്, തേനീച്ചക്ക് പോലും നല്‍കി എന്നും അല്ലാഹു പറയുന്നുണ്ടല്ലോ. അവിടെയൊക്കെ ഉപയോഗിക്കപ്പെട്ട വഹ്‌യ് എന്ന പദത്തിന് അതിവേഗ സന്ദേശം എന്നേ അര്‍ത്ഥം ഉള്ളൂ, അല്ലെങ്കില്‍ തേനീച്ചയും പ്രവാചകനാണെന്ന് പറയേണ്ടി വരും. പക്ഷേ, നബിത്വം സിദ്ധിക്കാനുള്ള ദിവ്യബോധനം ബാഹ്യകേന്ദ്രത്തില്‍ നിന്ന് തന്നെ ഉണ്ടാവണം.
മുഹമ്മദ് അബ്ദു ദിവ്യബോധനത്തെ നിര്‍വ്വചിച്ചത് നോക്കൂ, അല്ലാഹുവിങ്കല്‍ നിന്ന് നേരിട്ടോ മാധ്യമങ്ങള്‍ മുഖേനെയോ ഉള്ളതാണെന്ന് സ്വയം ബോധ്യമുള്ള ജ്ഞാനമാണ് ദിവ്യബോധനം,വിശപ്പ് ,ദാഹം, സന്തോഷം, സന്താപം തുടങ്ങിയ അനുഭവങ്ങള്‍ പോലെയാണ് ബോധനം.
രിസാലതുത്തൗഹീദിലെ ഈ ചെറിയ ഉദ്ധരണിയില്‍ മാത്രം കെണിഞ്ഞ അബദ്ധങ്ങള്‍ ധാരാളമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നേരിട്ടോ മാധ്യമങ്ങള്‍ മുഖേനെയോ ഉള്ളതാണെന്ന് സ്വയം ബോധ്യമുള്ള ജ്ഞാനമാണ് ദിവ്യബോധനം എന്ന് പറയുമ്പോള്‍, പ്രവാചകന് തോന്നുന്നത് ബോധ്യമാണെന്ന് ആര് സാക്ഷ്യപ്പെടുത്തും. തോന്നല്‍ പുറപ്പെട്ടത് അല്ലാഹുവില്‍ നിന്നാണെന്ന് ആര് പറഞ്ഞ് കൊടുക്കും. വിശപ്പ് ,ദാഹം, സന്തോഷം, സന്താപം തുടങ്ങിയ അനുഭവങ്ങള്‍ പോലെയാണ് ബോധനം എന്ന് പറയുമ്പോള്‍, ഇസ്ലാം മുഹമ്മദിന്റെ ( സ്വ) സ്വാര്‍ത്ഥ ജല്‍പ്പനങ്ങളായിരുന്നുവെന്ന് നേരിട്ട് പറയുന്ന നാസ്തികര്‍ക്കാണ് ദിശാബോധം ലഭിക്കുന്നത്.
ഖാസിം അമീന്‍ ആയിരുന്നു മുഹമ്മദ് അബ്ദുവിനേക്കാള്‍ സ്വേഷ്ടകള്‍ മതവ്യാഖ്യാനങ്ങളില്‍ ചേര്‍ത്ത മോഡേണിസ്റ്റ്. ഇസ്ലാമിക് ഫെമിനിസത്തിന്റെ വക്താവാണ് ഖാസിം അമീന്‍. ചാള്‍സ് ഡാര്‍വിനിനിന്റെ പരിണാമവാദവും ഹെര്‍ബര്‍ട് സ്‌പെന്‍സറുടെ ജ്ഞാനനിര്‍ദ്ധാരണ മാര്‍ഗങ്ങളും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി ‘ആസ്തികയുക്തിവാദം’ എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ആധുനിക മാനവികവാദികള്‍ ( സെക്യുലര്‍ ഹ്യൂമനിസ്റ്റ്) അവരുടെ ധാര്‍മ്മികതാവീക്ഷണങ്ങള്‍ക്കും സ്വതന്ത്രചിന്താ സ്വാതന്ത്ര്യത്തിനും ആധാരമാക്കുന്ന പ്രയോജനാത്മകവാദം ( യൂടിലിറ്റേറിയനിസം) വ്യവസ്ഥാപിതമായി നിര്‍വ്വചിച്ച അക്കാദമിക ലോകത്തെ അപകടകാരിയായിരുന്നു മേല്‍പ്പറഞ്ഞ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍. ശക്തിയും അധികാരവും അര്‍ഹതയും ഉള്ളവന്റെ ഹിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടതാണ് അവ്വിധമല്ലാത്തവരുടെ ഹിതങ്ങള്‍ എന്ന് പച്ചക്ക് പുസ്തകമെഴുതിയ, ആധുനിക മാനവികതാവാദത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അമേരിക്കക്കാരന്‍ പീറ്റര്‍ സിംഗര്‍ ഏറ്റവും ആശ്രയിക്കുന്ന ആശയകേന്ദ്രം മില്ലിന്റേതാണ്. കാലം, പ്രപഞ്ചോല്‍പ്പത്തി, സാമൂഹിക പരിണാമം തുടങ്ങിയ കാര്യങ്ങളില്‍ മതാതീതമായ ജ്ഞാനമാധ്യമങ്ങളെ മാത്രം അംഗീകരിച്ച സ്‌പെന്‍സറുടെ എപിസ്റ്റമോളജി തന്നെയായിരുന്നു ഖാസിം അമീനും സ്വീകരിച്ചത്. പക്ഷെ , ദൈവാസ്തിക്യം നിഷേധിക്കാന്‍ ധൈര്യം കാണിച്ചില്ല എന്ന് മാത്രം.
ഈ ഖാസിം അമീനെ തത്വാധിഷ്ഠിതമായി അനുധാവനം ചെയ്തു കൊണ്ടായിരുന്നു ഹുസൈന്‍ ഹൈക്കല്‍ പ്രവാചക ജീവിതം എഴുതിയത്. 1968 ല്‍ ഇസ്രായേല്‍ എന്ന സിയോണിസ്റ്റ് രാജ്യത്തെ ഔദ്യോഗിക റേഡിയോ നബിദിനത്തോടനുബന്ധിച്ച് പ്രക്ഷേപണം ചെയ്ത സീറാപാരായണത്തിന് തെരെഞ്ഞെടുത്ത കൃതി ഈ പുസ്തകമായത് വെറുതെയല്ല എന്ന് ചുരുക്കം. കഥയറിയാതെ, നബിയെ പഠിക്കാന്‍ പോവുന്നവര്‍ യുക്തിരഹിത മുസ്ലിം യുക്തിവാദിയാവുന്നത് മിച്ചം. അദ്ദേഹം രചിച്ച പ്രവാചകന്‍, ദിവ്യകേന്ദ്രവുമായി അസാധാരണ ബന്ധമില്ലാത്ത, ഉയര്‍ന്ന മാനസികനിലവാരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ള പരിഷ്‌കര്‍ത്താവ് മാത്രമായിരുന്നു, ആറാം നൂറ്റാണ്ടില്‍ ജീവിച്ച വെളുത്ത മുസ്ലിം ഗാന്ധിജിയായി അന്ത്യപ്രവാചകനെ അവതരിപ്പിച്ച ആ പ്രജ്ഞാപരാധം അര്‍ഹിക്കുന്നത് അവജ്ഞ മാത്രമാണ്.
19- 20 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികള്‍ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകര്‍ശതയാണ് ഹൈക്കലിനെ പല വിഡ്ഢിത്തങ്ങള്‍ക്കും പ്രേരിപ്പിച്ചത്. അദ്ദേഹം മറ്റു പലരുടെയും താക്കോലായി പ്രവര്‍ത്തിച്ചു. ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിന്റെ ഇരകളായിരുന്നു അവര്‍ പലരും. ഹൈക്കലിന് ആമുഖമെഴുതി ബലം പകര്‍ന്ന ഫരീദ് വജ്ദി, അല്‍ അസ്ഹറിന്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30-8-1937ല്‍ അല്‍ അഹ്‌റാം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട്.
‘ശാസ്ത്രീയ പുരോയാനത്തിന്റെ വഴികളില്‍ തങ്ങളുടെ മതവും, മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താല്‍ പൗരസ്ത്യ മുസ്ലിം പണ്ഡിതന്മാര്‍ ഒരക്ഷരം എതിര്‍ത്തുരിയാടിയില്ല, ശാസ്ത്രം പുരോഗമിച്ചാല്‍ വിശ്വാസികള്‍ നാസ്തികന്മാരാവുമെന്ന് അവര്‍ക്കറിയാമായിരുന്നു’. ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അല്‍ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്. മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നില്‍.
യുക്തിമാത്രവാദത്തേക്കാള്‍ അയുക്തികം മറ്റൊന്നുമില്ല.
അമാനുഷികതകളില്ലാത്ത വ്യക്തി എങ്ങനെ പ്രവാചകനാവും, ആകാശദൂതില്ലാത്ത വ്യക്തി എങ്ങനെ ദൈവ ദൂതരാവും എന്ന സന്ദേഹം അവര്‍ ഗൗനിച്ചില്ല. അസാധാരണജ്ഞാനങ്ങള്‍ പ്രവാചകന് ഒട്ടുമുണ്ടായിരുന്നില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞിരുന്നു. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യങ്ങള്‍ക്ക് മറുപടി അവര്‍ നടേപ്പറഞ്ഞ യൂറോപ്യന്‍ കൃതികളില്‍ നിന്ന് അപ്പടി പകര്‍ത്തിയെഴുതി. മുഹമ്മദ് അബ്ദു രിസാലതുത്തൗഹീദിലും റഷീദ് രിദ അല്‍ വഹ്‌യുല്‍ മുഹമ്മദീയിലും അങ്ങനെ കോപിയെഴുതിയിട്ടുണ്ട്. അത് പിന്നെ ഹൈക്കലടക്കം കോപിയടിക്കുകയായിരുന്നു. ഉദാഹരണമായി, നിരക്ഷരനും അറേബ്യനുമായിരുന്ന പ്രവാചകന് മുന്‍കാല പ്രവാചകന്മാരെയും സംസ്‌ക്കാരങ്ങളെയും സംബന്ധിച്ച അറിവുകള്‍ പിന്നെയെങ്ങനെ ലഭിച്ചു എന്ന ചോദ്യം അവര്‍ പരിശോധിക്കുന്നുണ്ട്. അവര്‍ അംഗീകരിക്കുന്ന ഖുര്‍ആന്‍ അവയംഗീകരിക്കുന്നുവെന്നിരിക്കെ മറ്റൊരു ന്യായം പറയേണ്ടതുണ്ടായിരുന്നില്ല. പക്ഷെ, അവധാനതയില്ലാതെ ആ ചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടി, മുഹമ്മദ് പന്ത്രണ്ടാം വയസ്സില്‍ സിറിയയിലേക്ക് പിതൃവ്യനോടൊപ്പം പോയപ്പോള്‍ ഉണ്ടായ ലോക പരിചയമായിരുന്നു അത് എന്നാണ്. മുന്‍കാല വേദങ്ങളെ സംബന്ധിച്ചറിഞ്ഞത് അതേ പ്രായത്തില്‍ കാണാനിടയായ ബുഹൈറ, പിന്നീട് കണ്ട വറഖതുബിനി നൗഫല്‍, ബാഖൂമുറൂമി തുടങ്ങിയ ജൂത-ക്രൈസ്തവ പണ്ഡിതരില്‍ നിന്നാണെന്നാണ്. എമിലി ഡെര്‍മിങ്ങ് ഹാമും മോണ്ട് ഗോമറിവാട്ടും ഇതേ അഭിപ്രായം പ്രകടിപ്പിച്ചവരാണ്.
ഇതേ ബുഹൈറാ സംഭവം പല സാമ്പ്രദായിക സീറക്കാരും തള്ളിക്കളഞ്ഞിട്ടുണ്ട് താനും. സ്വഹീഹായ ഹദീഥ് പോലും നിസ്സങ്കോചം തള്ളിയ അവര്‍ നിവേദനധാര മുര്‍സലായ ഒരു സംഭവത്തെ വിശ്വാസത്തിലെടുത്തത് ആശ്ചര്യജനകമാണ്. മുര്‍സല്‍ എന്നാല്‍, നിവേദകന്‍ സംഭവം നേരിട്ട് കണ്ടിട്ടുണ്ടാവില്ല എന്ന് മാത്രമല്ല നേരിട്ട് കണ്ട വ്യക്തിയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാതെ ‘എനിക്ക് വിവരം ലഭിച്ചു’ എന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെടുന്ന പ്രവാചകീയ സംഭവമാണ്.
‘Neither was the original narrater an eyewitness him self nor he does name the eye witness from whome he quatse’ – ഇത്ര ദുര്‍ബലമായ സംഭവം, അതും കേവലം 12 വയസ്സുകാരനായ ബാലന്‍ മുന്‍വേദങ്ങളെ സംബന്ധിച്ച് യാത്രാമധ്യേ കണ്ട് ഏതാനും സമയം സംബന്ധിച്ച ഒരാളില്‍ നിന്നും സ്വയം ധാരണ വരുത്തി എന്ന് പറയാന്‍ അവര്‍ക്ക് ലജ്ജയില്ലാതെ പോയി. സമകാലീനരായ എതിരാളികള്‍ പോലും മുഹമ്മദ് ബഹീറയെ, വറഖയെ, ബാഖൂമിനെ കേട്ട് പറയുന്നതാണെന്ന് പറഞ്ഞിട്ടില്ല. ബഹീറയുമായി കുഞ്ഞുന്നാളില്‍ പ്രവാചകന്‍ സന്ധിച്ചത് ഒറ്റക്കമല്ല, അവരാരും ആ ആരോപണം ഉന്നയിച്ചിട്ടുമില്ല. നുബുവ്വതിന്റെ ആരംഭത്തില്‍, മലക്കിനെ കണ്ട് പേടിച്ച് പനിച്ചുപോയ സംഭവത്തെ അവര്‍ വ്യാഖ്യാനിച്ചത്, ധ്യാനനിമഗ്‌നത മൂര്‍ധന്യാവസ്ഥ പ്രാപിച്ചപ്പോള്‍ തോന്നിയ മതിഭ്രമങ്ങളാണവ എന്നായിരുന്നു. ലോകത്ത് മറ്റൊരു ദാര്‍ശനികാചാര്യന്മാര്‍ക്കും എന്ത് കൊണ്ട് ആ മതിഭ്രമം ഉണ്ടായില്ല എന്ന ചോദ്യത്തെ അവര്‍ അവഗണിക്കുകയും ചെയ്തു. അത്തരം പ്രബലമായ നിവേദനങ്ങള്‍ തള്ളിയ അവര്‍ തന്നെ, പ്രവാചകന്റെ രാഷ്ട്രീയം ഉദ്ധരിക്കാന്‍ പാടെ ദുര്‍ബലമായ നിവേദനങ്ങള്‍ കൂട്ടിന് പിടിക്കുന്നുമുണ്ട്. ഖുര്‍ആന്‍ ഉറവിടം കൊണ്ട വഴികളെയും അന്ത്യപ്രവാചകന്റെ അമാനുഷികതകളെയും ഭാഗികമായോ പൂര്‍ണ്ണമായോ ഖണ്ഡിക്കുവാന്‍ അവര്‍ അടിസ്ഥാനമാക്കിയത് താന്തോന്നിത്തം മാത്രമാണ്.
കൊണ്ടുനടന്നതും നീ തന്നെ ചാപ്പാ .
ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. മലയാള സൈബര്‍ സ്‌പേസുകളില്‍ ‘മുസ്ലിം നിരീശ്വരവാദികളെ’ പല്ലും നഖവും കോര്‍ത്തെതിര്‍ക്കുന്നവരില്‍ ഏറ്റവും മുമ്പില്‍ സാമ്പ്രദായിക സുന്നീ സമൂഹമല്ല. മറിച്ച്, ആരാണോ ആ യത്‌നത്തിന്റെ മുന്നണിപ്പോരാളികളെങ്കില്‍ അവരുടെ സെമിആദര്‍ശപിതാക്കന്മാര്‍ തന്നെയാണ് എക്‌സ് മുസ്്‌ലിം ഉല്‍പ്പാദനത്തിന് തുടക്കം കുറിച്ചതും എന്നതാണ് വസ്തുത. ഈ ആരോപണം, ആത്മവിമര്‍ശനം എന്ന വിശാലാര്‍ത്ഥത്തില്‍ കണ്ടാല്‍ മതി. മലയാളത്തിലെ മുസ്ലിം നവീകരണ പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ജ്ഞാനവിശകലന സമീപനം വഴിയേ, മതത്തില്‍ നിന്നും എക്‌സിറ്റ് അടിച്ചവരാണ് മുഖ്യതൊഴില്‍ ഖുര്‍ആന്‍ വിമര്‍ശനവുമായി നടക്കുന്നവര്‍. കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത കേരളത്തില്‍ ബൗദ്ധികമുസ്ലിം സ്വത്വത്തെ അത്രയളവില്‍ ബാധിച്ചിട്ടില്ല. അതേ സമയം, ഇത് രണ്ടുമല്ലാതെ, കാമിച്ച പെണ്ണിനെ വിജാതീയമായി വിവാഹം കഴിക്കുക, ബാധ്യതാരഹിതമായി സഹശയനം നടത്തുക, കടുംപിടുത്തക്കാരായ രക്ഷിതാക്കളോട് പഠന കാലത്ത് കല്ലിച്ച കലിപ്പ് തീര്‍ക്കുക, മുസ്ലിം സോഷ്യലൈസിംഗ് ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അവഗണനയോട് പ്രതിഷേധിക്കുക തുടങ്ങിയ ദുര്‍ബലമായ വൈകാരിക സ്‌തോഭങ്ങളാല്‍ ( ഹോംലി മെയ്ഡ് കോസെസ്) മതം വിട്ടവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന പ്രചോദനത്താല്‍, കൂടുതല്‍ മുസ്ലിം അംഗങ്ങളെ അടര്‍ത്തിയത് കമ്മ്യൂണിസ്റ്റ് സ്വതന്ത്രചിന്ത ആവാം.
എക്‌സ് മുസ്്‌ലിം: ദൈവാസ്തിക്യമല്ല, സ്വന്തം അസ്തിത്വമാണ് വിഷയം
എക്‌സ് മുസ്്‌ലിം എന്ന പ്രയോഗം തിയോളജിക്കലായി അസംഗതമാണ്. വിശ്വാസസംഹിതയില്‍ നിന്നും സ്വയം രാജിവെച്ചോ അനുഷ്ഠാന ക്രമങ്ങള്‍ ഉപേക്ഷിച്ചോ ആര്‍ജ്ജിക്കാവുന്ന ഒരവസ്ഥയാവുമല്ലോ ആ പദത്തിന്റെ കല്‍പ്പിതസാരം. ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളെ തന്നെ നിഷേധിക്കുന്നവര്‍ എന്തില്‍ നിന്നാണ് പിന്നെ പുറത്ത് വന്നത്? നിഷേധത്തോടെ നിഷേധിക്ക് ഇല്ലാതാവുന്നതാണ് അമൂര്‍ത്തത.
ഇനി, പുറത്താക്കപ്പെട്ടതാണെങ്കില്‍ പുറത്താക്കുന്ന ഒരു ലീഗല്‍ ഏജന്‍സി ഉണ്ടാവണം, അങ്ങനെയൊരാള്‍ ഇല്ലാത്തതാണല്ലോ അവരുടെ പ്രശ്‌നം തന്നെ.
എം എല്‍ എ രാജി വെച്ചാലും നിയമനിര്‍മ്മാണ സംവിധാനം അവിടെയുണ്ട്. ദാമ്പത്യത്തില്‍ നിന്ന് പിന്മാറിയാലും പ്രണയം തകര്‍ന്നാലും മറുകക്ഷി അവിടെയുണ്ട്, അസ്തിത്വം നിഷേധിക്കപ്പെടുന്നില്ല. ഇനി, ഇസ്ലാം മതം എന്ന സാമൂഹിക സ്ഥാപനത്തില്‍ നിന്നോ മുസ്ലിം എന്ന ഭരണഘടനാപരമായ വ്യവഛേദത്തില്‍ നിന്നോ പുറത്തുവന്നു എന്ന് സ്വയം പറയാന്‍ വകുപ്പില്ല, അത് സമൂഹവും സ്റ്റേറ്റും വകവെച്ച് കൊടുക്കേണ്ടതാണ്.
എന്നാല്‍, എക്്‌സ് മുസ്്‌ലിം എന്നത് തിയോളജിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആവാന്‍ പറ്റാത്തത് പോലെ പൊളിറ്റിക്കല്‍ സ്റ്റേറ്റുമെന്റും ആവാന്‍ വകുപ്പില്ല. എക്‌സ് മുസ്്‌ലിമിനെ പ്രത്യേകം വ്യവഹരിക്കുന്ന നിയമാഖ്യാനങ്ങളോ അവരെ അഭിമുഖീകരിക്കുന്ന കാറ്റഗറിക്കല്‍ വിഭാഗീകരണമോ രാഷ്ട്രീയത്തിലില്ല. ഉദാഹരണമായി, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാബല്യത്തില്‍ വന്ന ലൗജിഹാദ് വിരുദ്ധ നിയമം ഇക്കൂട്ടരുടെ മേല്‍ എങ്ങനെ പ്രയോഗവല്‍ക്കരിക്കപ്പെടും എന്ന് ചിന്തിക്കാം. ഒറ്റശ്വാസം കൊണ്ട് സ്വീകരണവും നിരാകരണവും സാധ്യമാവുന്ന അമൂര്‍ത്തമായ മതം പരിശോധിച്ചുറപ്പിക്കാനാവാത്ത കാലത്തോളം ഭരണകൂടം കബളിക്കപ്പെടുകയേയുള്ളൂ.
മുസ്ലിംകളോട് ഭൂമുഖത്ത് ഏറ്റവും ശാത്രവം പുലര്‍ത്തുന്നത് ഈ എക്്‌സ് മുസ്്‌ലിം വിഭാഗമാവാനാണ് സാധ്യത. അവര്‍ യുക്തിവാദികളോ ശാസ്ത്രപ്രചാരകരോ തനിനാസ്തികരോ സന്ദേഹവാദികളോ പ്രകൃതിവാദികളോ അല്ല. സാമൂഹികമോ, ഗാര്‍ഹികമോ, ലൈംഗികമോ ഒക്കെയായ കാരണങ്ങളാല്‍ മുസ്ലിം ഐഡന്റിറ്റി ഇഷ്ടപ്പെടാത്തവരാണ്. പിന്നീട്, പിടിച്ചുനില്‍ക്കാന്‍ ഇസ്ലാം വിമര്‍ശനം തൊഴിലാക്കുന്നുവെന്ന് മാത്രം. അവരൊരിക്കലും മുസ്ലിം പേരുകള്‍ മാറ്റാറില്ല, മാറ്റിയാല്‍ അവരുടെ ‘മാര്‍ക്ക്’ പോവും എന്നതാണ് കാരണം. അവ, അറബീ-ഉറുദു പദങ്ങളാണ്, പ്രാദേശികത്വം മാത്രമേ പേരുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ തുടങ്ങിയ ന്യായങ്ങളും അവര്‍ക്കുണ്ട്.
പക്ഷെ, ആ പേരുകളില്‍ ബാക്കിയായ മുസ്ലിം സ്പര്‍ശം തന്നെയാണ് അവര്‍ക്ക് എക്്‌സ് മുസ്്‌ലിംഷിപ് നല്‍കുന്ന ഏക അടയാളം എന്ന തിരിച്ചറിവിലാണ് അവര്‍ പേരിന്റെ വേരുകള്‍ വിടാത്തത്. ഈ സവിശേഷ സൈക്കോകാറ്റഗറിയെ ഭരണഘടനാപരമായി എങ്ങനെ വര്‍ഗീകരിക്കും. അല്ലെങ്കില്‍, ഇസ്ലാമിലെ മതഭൃഷ്ടിന്റെ നിര്‍ണ്ണയങ്ങള്‍ ഡമോക്രാറ്റിക് കോടതി അംഗീകരിച്ചെന്ന് വരും, ആ നിര്‍ണ്ണയങ്ങള്‍ സ്വയംഭൃഷ്ട് അവകാശപ്പെടുന്നവര്‍ അംഗീകരിക്കാതെ തന്നെ!
ലോജിക്കലായി ആ പ്രയോഗം നേരിടുന്ന പ്രശ്‌നം, ഒരു മുതിര്‍ന്നവ്യക്തി (അഡല്‍റ്റ്) തന്നെ സംബന്ധിച്ച് എക്‌സ് ബോയ് / എക്‌സ് ഗേള്‍ എന്നോ വിവാഹിതരോ പങ്കുജീവിതം നയിച്ചവരോ സ്വയം എക്‌സ് മൈഡ് / എക്്‌സ് ഫ്രഷ് എന്നോ പരിചയപ്പെടുത്തുന്നത് പോലെയാണ് എക്‌സ് മുസ്്‌ലിം എന്നതും. മുമ്പുണ്ടായിരുന്ന സാമൂഹികപദവിയെ കുറിക്കാന്‍ എക്‌സ് പ്രയോഗം പറ്റുമെങ്കിലും, പൂര്‍വ്വ ജീവിതഘട്ടത്തെ നിലവിലുള്ള വ്യക്തിഗത വിലാസമായി ഉപയോഗിക്കുന്നത് എന്തുമാത്രം പിന്തിരിപ്പന്‍ നയമാണ്. തത്വശാസ്ത്രത്തില്‍, അത്തരം പ്രയോഗങ്ങള്‍ നിരുപാധികമായി തെറ്റാണ്. നിര്‍വ്വചനമോ ആത്മാഖ്യാനമോ കൃത്യമാവണമെങ്കില്‍ നിലവിലുള്ള വിധായകവാക്യമാണ് പറയേണ്ടത്, മഹാത്മാഗാന്ധി ആരായിരുന്നു എന്ന ചോദ്യത്തിന് ദക്ഷിണാഫ്രിക്കയിലെ മുന്‍ അഭിഭാഷകന്‍ എന്നോ പ്രഥമപ്രധാന മന്ത്രി ആവാത്ത വ്യക്തിയെന്നോ പറയുന്നത് ശരിയല്ലാത്തത് പോലെ.
മറ്റൊരു കുഴപ്പം , ആ പ്രയോഗം വിരുദ്ധോക്തി (ഓക്‌സിമോറോണ്) ആണെന്നതാണ്. എക്‌സ് മുസ്്‌ലിമിന്റെ അര്‍ത്ഥം, ഇസ്ലാമില്‍ നിലവിലില്ലാത്ത മുസ്ലിം അഥവാ അണ്‍ ഇസ്്‌ലാമിക് മുസ്്‌ലിം എന്നാണ്. ഇസ്ലാമിക അമുസ്ലിം അഥവാ ഇസ്്‌ലാമിക് നണ്‍ മുസ്്‌ലിം എന്നത് പോലെ അതും തെറ്റാണ്. കാരണം, വൈരുധ്യങ്ങളുടെ സംയോജനം അസാധ്യമാണ് (Compo of paradox is un impossible).
എക്‌സ് മുസ്്‌ലിം എന്ന പ്രയോഗത്തിന്റെ മറവില്‍ പ്രധാനമായും രണ്ട് കാപട്യങ്ങളാണ് ഒളിച്ച് കടത്തപ്പെടുന്നത്. ഒന്നാമതായി, കേരളത്തിലെ സവര്‍ണ്ണ നാസ്തികന്മാരുടെ ഇടയില്‍ ഇത്തരക്കാരിപ്പോഴും ‘തെറിച്ച കോയകള്‍’ മാത്രമാണ്. ഇയ്യിടെ വീണ്ടും സജീവമായ എം എം അക്ബര്‍ – ഇ.എ ജബ്ബാര്‍ നടക്കാസംവാദത്തെ സംബന്ധിച്ച്, ‘മുസ്ലിംപണ്ഡിതനും മുസ്ലിം യുക്തിവാദിയും’ എന്നാണ് ഒരുപോലെ കമ്മ്യൂണിസ്റ്റ് നാസ്തികപക്ഷവും സവര്‍ണ്ണ ഹിന്ദുത്വനാസ്തികരും എഴുതിയത്.
സംശയമുണ്ടെങ്കില്‍, ഇ എ ജബ്ബാറിനെ യുക്തിവാദിയായി സി രവിചന്ദ്രന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് നോക്കിയാല്‍ മതി. കേരളത്തിലെ സോ കോള്‍ഡ് സെക്യുലര്‍ ചാനലുകളില്‍ വര്‍ഷങ്ങളായി തുടരുന്ന ഒരു ആസൂത്രിത പദ്ധതിയെ സംബന്ധിച്ച് വിവിധ ചാനലുകളില്‍ ജോലി ചെയ്ത ഒരു സുഹൃത്ത് പറഞ്ഞത്, ‘വ്യവസ്ഥാപിത ഇസ്ലാമിനെ എതിര്‍ക്കാന്‍ തെറിച്ച മുസ്ലിമിനെ കൊണ്ടുവന്നിരുത്തി, ഇസ്ലാമികബോധം വിപരീത പൊതുബോധം എന്ന് പ്രേക്ഷകര്‍ക്ക് തോന്നിക്കലാണ് പല ചാനല്‍ മേധാവികളുടെയും ഹോബി’ എന്നാണ്. തെറിച്ചമുസ്ലിംകളെ നിരുപാധികം നല്ലവരായി അവര്‍ ആനയിക്കുന്നില്ല, പരമാവധി പോയാല്‍ നല്ലമുസ്ലിമായി അവതരിപ്പിക്കും. വെളുത്ത നായകന്‍ മുത്തും കറുത്തനായകന്‍ കറുത്തമുത്തും ആവുന്ന വംശീയബോധത്തിന്റെ ഒരടരവിടെയും ഉണ്ട്, അതിന് പുറമേ, അവരിലെ മുസ്ലിം എന്ന വാല് വെട്ടിയാല്‍ അവര്‍ക്ക് മാര്‍ക്കറ്റ് വാല്യു ഇല്ല എന്നത് നന്നായറിയുന്നവരാണ് അവതാരകന്മാര്‍.
ഈ ചട്ടകളിലും തട്ടുകളിലുമൊന്നും തങ്ങളെ യുക്തിവാദികളായി ഔദ്യോഗിക വിഭാഗം കൂട്ടത്തില്‍ കൂട്ടില്ല, ഇനി കൂട്ടിയാലും ചേര്‍ത്ത് നിര്‍ത്തില്ല എന്ന നന്നായറിവ് ഈ പാവങ്ങള്‍ക്കുണ്ട്. ശാസ്ത്രവും സിദ്ധാന്തങ്ങളും അവര്‍ പറയും, ഇവര്‍ അടിമകളുടെ ലൈംഗികതയും മാര്‍ഗക്കല്യാണത്തിലെ മനുഷ്യാവകാശവും പറഞ്ഞാല്‍ മതി, ഇതാണ് മലയാളനാസ്തികരിലെ പ്രാദേശിക ജാതീയത. ‘നരകത്തില്‍ കടക്കലല്ല പ്രശ്‌നം, അവിടെയെത്തിയാല്‍ അബൂജഹ്ലിന്റെ കളിയാക്കലാണ്’ എന്ന ചൊല്ല് പോലെ, വരേണ്യര്‍ കൂടെക്കൂട്ടാത്തതല്ല, മാപ്പിളമാരുടെ കളിയാക്കലാണ് ഇവരുടെ റിയല്‍ കോംപ്ലക്‌സ്. അതിനവര്‍ കണ്ട പരിഹാരമാണ് വയലിനും വരമ്പിനും ഇടയില്‍ എക്്‌സ് പന്തല്‍.
രണ്ടാമതായി, ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ അങ്ങനെ ഒരു റിയലിസ്റ്റിക്ക് മൂവ്‌മെന്റും ഇന്നോളം നിലവില്‍ വന്നിട്ടില്ല. ഇവര്‍ എന്താണ് റാഷനലിസം, ഹ്യൂമനിസം, എയ്തിസം, സെക്യുലറിസം എന്നൊന്നും സാങ്കേതിമായി വലിയ ധാരണയുള്ളവരല്ല. ഭദ്രമായ ഒരു സാമൂഹിക ഘടനയാണ് ഇവിടെയുള്ളത്. ആരോഗ്യകരമായ ആശയസംവാദങ്ങള്‍ സാംസ്‌ക്കാരിക പ്രബുദ്ധതക്ക് നവോല്‍ക്കര്‍ഷം പകരും. മതവും മതരാഹിത്യവും തമ്മില്‍ സംവാദം നടക്കുമ്പോള്‍, മതവിരുദ്ധതയല്ല പ്രമേയമാവേണ്ടത്. മതത്തിന്റെ മാനുഷികയിടങ്ങള്‍ പൂര്‍ണ്ണമാക്കുന്ന മതരഹിതമായ ബദലുകളാണ് മുന്നോട്ട് വെക്കേണ്ടത്. ആ അടിസ്ഥാന കര്‍തവ്യം മെറ്റീരിയല്‍ എപിസ്റ്റമോളജി വെച്ച് നിര്‍വ്വഹിക്കേണ്ടതാണ്. ആ ശക്തിക്ഷയം മറച്ച് വെക്കാനുള്ള ഒരു സൗകര്യമാണ് ഇസ്ലാം വിമര്‍ശനം. അതൊരു വിഭ്രാന്തിയാണ്. കാരണം സമൂഹത്തിന്ന് അവരെ കൊണ്ട് നാശമേ ഉണ്ടാവൂ. മതത്തിനകത്തുള്ള ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ആദ്യം മതത്തിന്റെ അടിസ്ഥാനങ്ങളെ അംഗീകരിക്കണം. സ്വന്തമായി ഒരു പ്രത്യയശാസ്ത്രവും വാസ്തവത്തിലില്ലാതെ, ഇസ്ലാമിനെ വിറ്റ് ജീവിക്കുന്ന പരാജയങ്ങള്‍ മാത്രമാണ് എക്‌സ് മുസ്്‌ലിംകള്‍. ഇസ്ലാമിനെതിരെ സംവാദത്തിന് വരുന്നവര്‍ തയ്യാറാക്കുന്ന വ്യവസ്ഥയില്‍ അവരുടെ വിധായകമായ പ്രത്യയശാസ്ത്രവും സംവാദലക്ഷ്യവും രേഖപ്പെടുത്തുമ്പോള്‍ മാത്രമേ അത് സത്യത്തോട് സാമ്യമെങ്കിലും ആവുന്നുള്ളൂ.