നബി ചരിത്രത്തിന്റെ സാമൂഹ്യശാസ്ത്ര പഠനം പലനിലക്കും കാലികപ്രസക്തിയുള്ള വിഷയമാണ്. സീറയും സോഷ്യോളജിയും തമ്മിലുള്ള പരസ്പര വ്യവഹാരമാണ് സീറയുടെ സാമൂഹ്യശാസ്ത്രം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. സ്മൂഹ്യശാസ്ത്രത്തിലെ സിദ്ധാന്തങ്ങളും ചര്‍ച്ചകളും ഒപ്പം സമകാലിക രീതിയില്‍ എഴുതപ്പെട്ട സീറകളും മനസ്സിലാക്കിയാല്‍ സീറയുടെ സാമൂഹ്യശാസ്ത്രം എന്ന ജ്ഞാനമേഖല ഗ്രഹിക്കുക സാധ്യമാണ്. മതവും മതതത്വങ്ങളും എത്തിക്‌സും സാമൂഹ്യശാസ്ത്രത്തില്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ യാദ്ൃശ്ചികമായ സംഭവങ്ങള്‍ മുതല്‍ മദീനാ സ്‌റ്റേറ്റിലെ പൊതുവായ വിശേഷങ്ങള്‍, പ്രത്യേകതകള്‍ എന്നിവയുടെയൊക്കെ പ്രസക്തി ഇവ തമ്മിലുള്ള അപഗ്രഥനം വഴി മനസ്സിലാക്കാന്‍ സാധിക്കും.
ആദ്യമായി മത സാമൂഹ്യശാസ്ത്രത്തിന്റെ(സോഷ്യോളജി ഓഫ് റിലീജ്യന്‍) ഭാഗമായി വന്ന പ്രധാന പഠനങ്ങളും തിയറികളും ഒരു ആമുഖമെന്ന നിലക്ക് ഇവിടെ കുറിക്കുകയാണ്. ഈ പഠനങ്ങളും തിയറികളും വഴി സീറയുടെ പുനര്‍ വായന (സോഷ്യോളജിക്കല്‍ എന്‍ക്വയറി) സാധ്യമാക്കുക എന്നതാണ് സീറയുടെ സോഷ്യോളജിയുടെ പ്രധാന ലക്ഷ്യം. പ്രവാചക ജീവിതത്തിന്റെ ലഘുവായനയില്‍ നിന്ന് തന്നെ ഈ പഠനത്തിന്റെ പ്രാധാന്യം ഗ്രഹിക്കാം. കാരണം, ജീവിതം മുഴുക്കെ നബി ജീവിച്ചത് തനിക്ക് വ്യക്തിതാല്‍പര്യങ്ങള്‍ക്കായിരുന്നില്ല, മറിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയായിരുന്നു.
മത സാമൂഹ്യശാസ്ത്രത്തില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ് മാര്‍ക്‌സ് വെബ്ബറും എമിലി ദുര്‍ഖൈമും. ഇവര്‍ രണ്ടുപേരുടെയും തിയറികളില്‍ കാര്യമായി പരിശോധിക്കുന്നത് സാമൂഹിക രൂപീകരണത്തിലും സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകളിലും റിലീജ്യസ് എത്തിക്‌സ് എങ്ങനെ കടന്നുവരുന്നുവെന്നാണ്. യൂറോപ്പില്‍ ഉയര്‍ന്നുവന്ന കാപിറ്റലിസത്തെയാണ് മാര്‍ക്‌സ് വെബ്ബര്‍ പഠനവിധേയമാക്കിയത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിസത്തിലെ കാല്‍വിനിസവും പാശ്ചാത്യ കാപിറ്റലിസവും തമ്മിലെ ബന്ധമാണ് വെബ്ബര്‍ പ്രശ്‌നവല്‍കരിക്കുന്നത്.
എമിലി ദുര്‍ഖൈമിന്റെ സൂയിസൈഡ് സിദ്ധാന്തം, സോഷ്യല്‍ സോളിഡാരിറ്റി എന്നീ തിയറികളാണ് തദ്വിഷയകമായി പ്രധാനപ്പെട്ട മറ്റു ചിലത്. ഒരു സാമൂഹിക സ്ഥാപനത്തിന്റെ (സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷ്യന്‍) ഏറ്റവും ലളിതവും ശുദ്ധവുമായ രൂപം അതിന്റെ ആദിമ രൂപത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാത്രമാണ് അടിസ്ഥാനഗുണവിശേഷങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ സ്വാംശീകരിക്കാന്‍ കഴിയുന്നതെന്ന് വെബ്ബര്‍ നിരീക്ഷിക്കുന്നുണ്ട്. മതങ്ങളുടെ ആദിമ രൂപങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഒരു പഠനം. തദ്വാരാ, വിചാരാചാരാനുഷ്ഠാന വ്യവസ്ഥയായ ഇസ്‌ലാമിനെ തനതു രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അതിന്റെ പ്രാഗ്‌രൂപത്തില്‍ നിന്നാണെന്ന് വരുന്നു.
എന്നാല്‍ ഈ തിയറികള്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം മതങ്ങളുടെ പ്രാകൃത രൂപങ്ങളെ കുറിച്ച് പഠിക്കുന്നുണ്ട്. തുടര്‍ന്നാണ് ഏതു വസ്തുവിന്റെയും ശുദ്ധ രൂപം മനസ്സിലാക്കാന്‍ അതിന്റെ ഒറിജിനാലിറ്റി മനസ്സിലാക്കണമെന്ന നിഗമനത്തിലെത്തുന്നത്. ഉദാഹരണത്തിന്, ഗംഗാ നദിയിലെ വെള്ളത്തിന്റെ പ്യൂരിറ്റി മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉത്ഭവസ്ഥലിയായ ഗംഗോത്രിയില്‍ പോവണം. മറിച്ച് അത് ഒഴുകിയെത്തുന്ന ഇടങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ ഹൂബ്ലി നദിയല്‍ പോയാല്‍ ഗംഗയുടെ പ്യൂരിറ്റി മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം അത്ര മലിനമായ ഇടമാണ് ഇന്നത്. സമാനമായി, ഇത്തരം ആദിമ സമൂഹങ്ങളിലാണ് ഒരു മതകീയ സമൂഹത്തിനുണ്ടാവേണ്ട കെട്ടുറപ്പും ആഴവുമുള്ള സാമൂഹിക ഭദ്രത കൂടുതല്‍ ദൃശ്യമാവുന്നത്. എന്നാല്‍, ആധുനിക- ഉത്തരാധുനിക മത സമൂഹങ്ങളില്‍ സാമൂഹ്യ കെട്ടുറപ്പിന്റെ മാനദണ്ഡങ്ങൡ പ്രകടമായ ന്യൂനതകളുണ്ട് . കാരണം, കാലാന്തരങ്ങളില്‍ മതത്തിന്റേതല്ലാത്ത ധാരാളം ഘടകങ്ങള്‍ ഈ മതസമൂഹങ്ങളില്‍ കയറിക്കൂടുന്നു. എന്നാല്‍, പ്രാകൃത/കലര്‍പ്പില്ലാത്ത മതസമൂഹങ്ങളില്‍ വൈയക്തിക താല്‍പര്യങ്ങള്‍ തീരെ ഉണ്ടായിരുന്നില്ല. ഉള്ളത് പൊതുസാമൂഹ്യ താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. മാത്രമല്ല, ഈ സമൂഹങ്ങളില്‍ ഐക്യം, ഉള്‍ചേര്‍ച്ച, സഹായസഹകരണം (യൂണിറ്റി, ഇന്റഗ്രിറ്റി, കോപറേഷന്‍) തുടങ്ങിയ ഘടകങ്ങള്‍ വര്‍ദ്ധമാനാവസ്ഥയില്‍ കാണപ്പെട്ടിരുന്നു.
ഈ സാങ്കേതിക പഠനങ്ങളുമായി പ്രവാചക ജീവിതത്തെ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും പാരസ്പര്യത്തെയും സാമൂഹിക സുരക്ഷയേയും അതിലൂടെ സാധ്യമാകുന്ന മനുഷ്യരുടെ സുഭദ്രമായ ഒരു സാമൂഹിക സംഘാടനത്തെയും വ്യക്തമായി കാണാം. ചിദ്രമായ സാമൂഹിക സംഘാടനം വലിയ അര്‍ത്ഥത്തിലുള്ള അന്യതാ ബോധവും അരക്ഷിതത്വവും ഒരു വ്യക്തിയില്‍ രൂപപ്പെടുത്തുന്നുണ്ട്. സ്വന്തം വീട്ടിലോ ചില സവിശേഷമായ ജീവിതസാഹചര്യങ്ങളിലോ ഭരണകൂടങ്ങളില്‍ നിന്നോ, ശക്തവും അനുചിതവുമായ നിയന്ത്രണങ്ങള്‍ അനുഭിക്കുന്നത് മാനസിക വ്യതിചലനത്തിന് ഹേതുവാകാം. ഇത്തരത്തിലുള്ള ഡീവിയേഷന്‍ പലപ്പോഴും സൂയിസൈഡിന് കാരണമാവാറുണ്ട്. ഇതോടു കൂടെ വ്യത്യസ്ത ഇനം ആത്മഹത്യകള്‍ വെബ്ബര്‍ അവതരിപ്പിക്കുന്നുണ്ട്.
എമിലി ദുര്‍ഖൈം അവതരിപ്പിക്കുന്ന ഉദാഹരണം തന്നെ പരിശോധിക്കാം, ചില മത സമൂഹങ്ങളില്‍ വിധവകള്‍ രണ്ടാം കിട പൗരകളായിട്ടാണ് ഗണിക്കെപ്പെടുന്നത്. അവര്‍ക്ക് പുനര്‍വിവാഹമോ അപരരുമായുള്ള സമ്പര്‍ക്കമോ അനുവദിക്കപ്പെട്ടിരുന്നില്ല. തീര്‍ത്തും അയിത്തം കല്‍പ്പിക്കപ്പെട്ടിട്ടുള്ള അവള്‍ ദുശ്ശകുനമായിട്ടാണ് പരിഗണിക്കപ്പെട്ടത്. ഈ ഇരുണ്ട സാമൂഹ്യ സാഹചര്യത്തില്‍ മാറ്റിനിര്‍ത്തപ്പെടലിന്റെയും എകാന്തതയുടെയും കൈപ്പുനീര്‍ കുടിക്കുന്ന അവള്‍ നീങ്ങുന്നത് ആത്മഹത്യയെന്ന പരിഹാരത്തിലേക്കാണ്. സമാനമാണ് കുട്ടികളില്ലാത്തതിന്റെ പേരില്‍ സ്ത്രീ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍. ഈ സാഹചര്യങ്ങളിലൊക്കെ മാനസികാസ്വാസ്ഥ്യം മൂലം പലരും അഭയം തേടുന്നത് സൂയിസൈഡിലാണ്. ഈ കാര്യങ്ങളെയൊക്കെ ബന്ധപ്പെടുത്തി എമിലി ദുര്‍ഖൈം പറയുന്നത് സാമൂഹിക നിയന്ത്രണങ്ങളുടെയും സാമൂഹിക സഹകരണങ്ങളുടെയും കുറവും വര്‍ധനവും സൂയിസൈഡിന്റെ വര്‍ധനക്കും കുറവിനും നിമിത്തമാവുന്നുണ്ടെന്നാണ്.
ഈ സാമൂഹ്യശാസ്ത്രത്തിലെ ഈ പരിപ്രേക്ഷത്തിലൂടെ നബിയുടെ വൈവാഹിക ജീവിതം പരിശോധിക്കുമ്പോള്‍ ഒരു മാതൃകാ ജീവിതം കണ്ടെടുക്കാനാവുന്നു. കാരണം, നബിയുടെ ഒന്നല്ലാത്ത എല്ലാ ഭാര്യമാരും വിധവകളായിരുന്നു. മാത്രമല്ല, വിധവകള്‍ക്കും മക്കളില്ലാത്ത സ്ത്രീകള്‍ക്കും വന്നു ഭവിക്കാവുന്ന സൂയിസൈഡ് എന്ന അവസ്ഥയെ പൂര്‍ണമായി റദ്ദുചെയ്യുന്നുണ്ട് നബി അവതരിപ്പിച്ച ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങള്‍. മാര്‍ക്‌സ് വെബ്ബറിനെയും എമിലി ദുര്‍ഖൈമിനെയും പഠനങ്ങള്‍ ഇവ്വിശയകമായി പ്രസക്തമാവുന്നത് റിലീജ്യസ് എത്തിക്‌സ് സാമൂഹിക പരിണാമ രൂപീകരണങ്ങളില്‍ എത്രമാത്രം പങ്കുവഹിക്കുന്നുവെന്നതിനെ പറ്റി നിരവധി പഠനങ്ങള്‍ നടത്തിയത് കൊണ്ടാണ്.
സീറയെ സോഷ്യോളജിക്കല്‍ കണ്‍സെപ്റ്റിലൂടെ വായിക്കുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കണ്ണാടിയാണ് സാമൂഹ്യശാസ്ത്രത്തിലെ തുടര്‍ച്ചയും മാറ്റവും (കണ്ടിന്യൂവിറ്റി ആന്‍ഡ് ചെയ്ഞ്ച്) സിദ്ധാന്തം. എല്ലാ സമൂഹങ്ങളിലും ഈ രണ്ടുകാര്യങ്ങളുടെയും അംശം കണ്ടെത്താനാകും. കാലാന്തരങ്ങളില്‍ ചില വകഭേദങ്ങളോടെയോ പൂര്‍ണമായും പരിണാമം സംഭവിച്ചോ എല്ലാ സമൂഹങ്ങളിലും ഇവ നിലനില്‍ക്കുന്നു. എന്നാല്‍ ഈ ദര്‍പ്പണത്തിലൂടെ സീറയെ നാം വായിക്കുമ്പോള്‍ പതിനാല് നൂറ്റാണ്ടു മുമ്പ് മുഹമ്മദ് നബി(സ) ആവിഷ്‌കരിച്ച രാഷ്ടീയ-സാമൂഹിക-സാമ്പത്തിക നിയമനിര്‍മാണങ്ങള്‍ പ്രസക്തി നഷ്ടപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കണ്ടെത്താനാകും. ഇതേക്കുറിച്ച് സാമൂഹ്യശാസ്ത്രം പറയുന്നത് ഒരു കാര്യം കാലാന്തരങ്ങളായി പ്രസക്തി നഷ്ടപ്പെടാതെ ഒരു സമൂഹത്തില്‍ തുടരുന്നുവെങ്കില്‍ അതിനുണ്ടാവേണ്ട യോഗ്യത സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പില്‍ ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ സാധിക്കുന്നതാവുക എന്നതാണ്. ഇവിടെയാണ് പ്രവാചകന്‍ കൊണ്ടുവന്ന നാനോന്മുഖ പരിഷ്‌കാരങ്ങളുടെ സാര്‍വകാലികത നമുക്ക് ബോധ്യപ്പെടുന്നത്. തിരുജീവിതത്തിന്റെ തുര്‍ച്ച തന്നെയാണ് വാസ്തവത്തില്‍ സീറയുടെ സാമൂഹ്യശാസ്ത്ര പ്രാധാന്യവും.
മുസ്‌ലിംകള്‍ക്കിടയില്‍ വൈവിധ്യങ്ങള്‍ നിലനില്‍ക്കെ തന്നെ, മനുഷ്യ ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളായ ജനനം, വിവാഹം, മരണം മുതലായവയില്‍ ഏറെക്കുറെ ഏകമാനത നിലനില്‍ക്കുന്നതായി കാണം. മനുഷ്യന്റെ പ്രകൃതിപരതയെയും സാമൂഹ്യപരതയെയും സമഗ്രവും ശാസ്ത്രീയവും കാലികവുമായി അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒരു ജീവിത വ്യവസ്ഥയുടെ തത്ത്വവും പ്രയോഗവുമായിരുന്നു പ്രവാചക ജീവിതം. അല്ലാത്തപക്ഷം സാമൂഹ്യശാസ്ത്രപരമായിത്തന്നെ പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം പ്രവാചകന്‍ ആവിഷ്‌കരിച്ച പരിഷ്‌കാരങ്ങള്‍ കാലാതിവര്‍ത്തിയാകുമായിരുന്നില്ല.
ഒരേ സമയം പരിഷ്‌കര്‍ത്താവും ഭരണാധികാരിയുമായിരുന്ന നബി തന്റെ സമകാലീനരായ സര്‍വായുധസജ്ജരും സാമ്പത്തികസുസ്ഥിരതയുള്ളവരുമായ ഭരണാധികാരികളേക്കാള്‍ വേറിട്ടുനിന്നത് സ്വഭാവസവിശേഷത കൊണ്ടായിരുന്നു. സാമൂഹ്യശാസ്ത്രപ്രാധാന്യമുള്ള, സംവാദം(ഇന്ററാക്ഷന്‍) നബിയുടെ മുഖമുദ്രയായിരുന്നു.
പ്രവാചകന്‍ തന്റെ അനുയായികളോട് നിരന്തരം സംവാദത്തിലേര്‍പ്പെടുകയും സമ്പര്‍ക്കവും പുലര്‍ത്തുകയും ചെയ്തു. തന്റെ അനുയായികളിലെ ഓരോരുത്തരോടും മാനസികമായ അടുപ്പവും ബന്ധവും പ്രവാചകന്‍ രൂപപ്പെടുത്തി. തന്നെ ഉപദ്രവിക്കാന്‍ വരുന്നവരെ പോലും തന്റെ വ്യക്തിപ്രഭാവം കൊണ്ട് നബി ആകര്‍ഷിച്ചു. മാത്രമല്ല, മദീനാ സ്‌റ്റേറ്റിലെ ജനങ്ങള്‍ മേലാളര്‍ കീഴാളര്‍ എന്നില്ലാതെ അധികാരശ്രേണീബന്ധങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന മാനസികമായ അടുപ്പവും ബന്ധവും പുലര്‍ത്തിയിരുന്നു. സാമൂഹ്യശാസ്ത്രപരമായി ഇത്തരം അന്തരീക്ഷം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഒരു സമൂഹത്തില്‍ മേലാളര്‍ തങ്ങള്‍ക്ക് താഴെയുള്ളവരോട് എത്രത്തോളം അടുപ്പം പുലര്‍ത്തുന്നുവോ അത്രത്തോളം ആ സമൂഹം സാമൂഹികഭദ്രതയുള്ളതായിരിക്കുമെന്ന് പല സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വര്‍ണ്ണ ജാതി വ്യവസ്ഥ ഹൈന്ദവ സമൂഹങ്ങള്‍ക്കിടയിലെ സാമൂഹിക ഇഴപിരിച്ചിലിന്(സോഷ്യല്‍ ഡിസ്റ്റന്‍സ്) എത്രമാത്രം കാരണമായിട്ടുണ്ടെന്ന് നാം തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ ഇസ്‌ലാമില്‍ സമൂഹങ്ങള്‍ തമ്മില്‍ ശുദ്ധി/അശുദ്ധി, ഉന്നത ജാതി/അധഃസ്ഥിത ജാതി എന്ന വേര്‍തിരിവുകള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ പ്രവാചകര്‍ ബദ്ധശ്രദ്ധനായി.
സാമൂഹ്യശാസ്ത്രത്തില്‍ വ്യക്തികള്‍ക്കും അവരുടെ എണ്ണത്തിനുമല്ല സ്ഥാനം. മറിച്ച് ഒരു സമൂഹത്തിലെ കണ്ണിയായ വ്യക്തി, ആ സമൂഹത്തില്‍ എന്ത് നിര്‍വഹിക്കുന്നുവെന്നതിനെയും, മറ്റു ജനങ്ങളുമായി ഏതുരീതിയില്‍ ഇടപെടുന്നുവെന്നതിനെയും, അത് പ്രസ്തുത സമൂഹത്തിന്റെ കെട്ടുറപ്പിനെ ഏതുവിധം സ്വാധീനിക്കുന്നുവെന്നതിനെയും അപേക്ഷിച്ചാണ് ഒരു വ്യക്തിയുടെ സാമൂഹ്യശാസ്ത്രപരമായ സ്ഥാനം നിലനില്‍ക്കുന്നത്. അതിനാല്‍, സജീവമായ സാമൂഹിക പാരസ്പര്യം നിലനിന്നിരുന്ന അറേബ്യന്‍ സമൂഹത്തില്‍ പ്രവാചകന്റെ ഇടപെടലിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ പ്രസ്തുത സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
തീര്‍ത്തും അജ്ഞരും നിരക്ഷരരും അപരിഷ്‌കൃതരുമായ, അതിലുപരി നബിയുടെ സ്‌നേഹസന്ദേശങ്ങള്‍ക്ക് തീരെ അനുഗുണമല്ലാതിരുന്ന ഒരു സാമൂഹികാന്തരീക്ഷമായിരുന്നു മക്കയില്‍ നിലനിന്നിരുന്നത്. താഴ്മയോടെയും വിനയത്തോടെയും സ്‌നേഹത്തോടെയും നിരന്തരം സംവദിച്ചുകൊണ്ടാണ് ഈ സാമൂഹികാന്തരീക്ഷത്തെ നബി പരിഷ്‌കരിക്കുന്നത്. ഉദാഹരണത്തിന്, നബി മദീനയിലായിരിക്കെ ഒരിക്കല്‍ ഒരു അഅ്‌റാബി പള്ളിയില്‍ മൂത്രമൊഴിക്കുകയുണ്ടായി. ഇത് കണ്ട പ്രവാചകാനുയായികള്‍ ക്രുദ്ധരായി ആ വ്യക്തിയെ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ നബി ഇടപെട്ട് തടഞ്ഞു. അയാളെ മോചിപ്പിച്ച് പള്ളി വൃത്തിയാക്കി. ഈ സംഭവത്തിലൂടെ വലിയ സന്ദേശം നബി പൊതുജനത്തിന് കൈമാറുന്നുണ്ട്.
സാമൂഹ്യശാസ്ത്രത്തില്‍, വ്യക്തികളില്‍ കാണപ്പെടുന്ന മോഷണം, വ്യഭിചാരം, യാചന പോലുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ വ്യക്തിയുടെ പ്രശ്‌നമല്ല മറിച്ച്, ആ വ്യക്തി നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ പ്രശ്‌നമാണ്. ഇതു മനസ്സിലാക്കിയുള്ള സമീപനമാണ് നബി അഅ്‌റാബിയോട് സ്വീകരിക്കുന്നത്. പളളിയില്‍ മൂത്രമൊഴിക്കുക തെറ്റാണെന്ന ബോധ്യം രൂപപ്പെടാത്തതുകൊണ്ടാണ് ആ വ്യക്തി പള്ളിയില്‍ മൂത്രമൊഴിക്കുന്നത്. അതുകൊണ്ട്, നബി തന്നെയും താനധിവസിക്കുന്ന സമൂഹത്തെയുമാണ് ഉത്തരവാദികളായി മനസ്സിലാക്കുന്നത്. ഈ സംഭവത്തിലൂടെ നബി ഇസ്‌ലാമിന്റെ ഒരു പൊതുനിയമം പരിചയപ്പെടുത്തി നല്‍കുകയായിരുന്നു. തന്നെ അക്രമിക്കുന്നവരോടും ഉപദ്രവിക്കുന്നവരോടും അതേ നാണയത്തില്‍ പ്രതികരിക്കാതിരിക്കുക, പകരം സ്‌നേഹവും ലാളനയും തിരികെ നല്‍കുക. പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ യുദ്ധനിയമങ്ങളായി പരിചയപ്പെടുത്തപ്പെട്ട പല നിയന്ത്രണങ്ങളിലും ഈ പൊതുനിയമത്തിന്റെ സ്വാധീനം കാണാം.
നബി സമൂഹത്തിലെ വിഭജനങ്ങളോടും വിവേചനങ്ങളോടും ഒരിക്കലും രാജിയായിരുന്നില്ല. മാത്രമല്ല, അബലര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക പരിഗണനയും സ്‌നേഹവും നബി നല്‍കിയിരുന്നു. ഒരിക്കല്‍ നബി ഉന്നതരായ ഖുറൈശി നേതാക്കളോട് സംവദിക്കുമ്പോള്‍ അന്ധനായ സ്വഹാബി അബ്ദുള്ളാഹ് ബിന്‍ ഉമ്മിമക്തൂം സദസ്സിലേക്ക് വന്നു. ഇത് ഖുറൈശി പ്രമുഖര്‍ക്ക് രസിച്ചില്ല. ഉന്നതരായ നേതാക്കളെ സത്യസന്ദേശം ബോധ്യപ്പെടുത്തി ഇസ്‌ലാമിലേക്ക് അടുപ്പിക്കാനുള്ള നല്ല ഉദ്ദേശ്യത്തിലായിരുന്നതിനാല്‍ ഈ വരവ് നബിക്കും ഇഷ്ടപെട്ടില്ല. എന്നാല്‍ നബിയുടെ ഈ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് അല്ലാഹുവില്‍ നിന്നും ഖുര്‍ആന്‍ സൂക്തമിറങ്ങി. അതുമുതല്‍ ഭിന്നശേഷിക്കാരേയും അബലരെയും ദരിദ്രരെയും പ്രത്യേകം പരിഗണിക്കുകയും അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നബി ജീവിതത്തിലുണ്ടായി. ഈ സമീപനത്തിന്റെ പ്രാധാന്യം ബോധ്യമാവാന്‍ ഇതര സംസ്‌കാരങ്ങളും മതസമൂഹങ്ങളും അവശ വിഭാഗങ്ങളെ് കൈകാര്യം ചെയ്ത രീതി മനസ്സിലാക്കിയാല്‍ മതി.
ഏദന്‍സിലും സ്പാര്‍ട്ടയിലും ഭിന്നശേഷിക്കരും അബലരും സമൂഹത്തിന് ഉപകാരമില്ലാത്തവരായും ഭാരമായിട്ടുമായിരുന്നു പരിഗണിക്കപ്പെട്ടത്. അതിനാല്‍ ഇത്തരം സംസ്‌കാരങ്ങള്‍ ഉപയോഗശൂന്യരായ ഈ വ്യക്തികളെ നശിപ്പിച്ചുകളയാനുള്ള വഴികളാണ് തേടിയത്. ഇത്തരം വ്യക്തികള്‍ സമൂഹത്തിന് ഭാരമെന്നതിതലപ്പുറം ഇവരെ സംരക്ഷിക്കാന്‍ സമൂഹത്തിനാവശ്യമുള്ള വ്യക്തികളുടെ കൂടി സമയം നഷ്ടപ്പെടുത്തേണ്ടി വരുന്നു എന്നാണവരുടെ ന്യായം. ഇവരെ ഇല്ലാതാക്കിക്കളയാന്‍ പലവിധ വഴികള്‍ അവര്‍ ശ്രമിച്ചു. ജനസംഖ്യയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങളുടെ ഭാഗമായി മാല്‍ത്തൂസ് ‘എക്‌സ്‌പോഷര്‍’ എന്ന പ്രവണതയെക്കുറിച്ച് വിവരിക്കുന്നതായി കാണാം. അബലരായ വ്യക്തികള്‍ക്ക് താങ്ങാവുന്നതിലപ്പുറം ഭാരിച്ച ജോലികള്‍ നല്‍കിയും മതിയായ സംരക്ഷണവും ചികിത്സയും നല്‍കാതെ സ്വയം നാശത്തിലേക്ക് തള്ളി വിടുന്നതാണ് ഈ ശൈലി.
ഇതേ സമീപനം തന്നെയായിരുന്നു ഇക്കാലം വരെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളും സ്വീകരിച്ചിരുന്നത്. ഈയടുത്ത് മാത്രമാണ് മനുഷിക പരിഗണനയും അതിനു വേണ്ടിയുള്ള നിലവിളികളും ഉയര്‍ന്നു വരുന്നതും പുനരധിവാസ പദ്ധതികളിലേക്ക് ഈ രാഷ്ട്രങ്ങള്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങന്നതും.
സാമൂഹികമായും സാമ്പത്തികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ജനങ്ങള്‍ക്ക് മതിയായ പരിരക്ഷ നല്‍കാന്‍ ഒരു ഭരണാധികാരിയുടെ കടമയാണെന്നാണ് പ്രവാചകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാണിച്ച സഹനവും ക്ഷമയും നമ്മെ ഓര്‍മപ്പെടുത്തുന്നത്. എന്നാല്‍ സമൂഹത്തിലെ ഏതു വിഭാഗത്തെയും ഉള്‍കൊള്ളാനുള്ള മനോഭാവവും നിലപാടുമായിരുന്നു ഇസ്‌ലാമിന്റേത്. ഇതിന് ഉഭോത്ഭലകമായ ചരിത്ര സംഭവങ്ങള്‍ ഏറെയുണ്ട്. ഉമറു ബ്‌നു അബ്ദുല്‍ അസീസ് മാനസിക ശാരീരിക വൈകല്യമുള്ളവരുടെയും നിത്യരോഗികളുടെയും കണക്കെടുപ്പിന് ഒരോ പ്രവശ്യയിലെയും ഭരണാധികാരികളെ ചുമതലപ്പെടുത്തി അവരുടെ സംരക്ഷണാര്‍ത്ഥം പ്രത്യേകം ജോലിക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയരുന്നു. മത്രമല്ല, ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിന് പ്രത്യേകം സെന്ററുകള്‍ സ്ഥാപിക്കുകയും നിശ്ചിത സ്റ്റെപ്‌മെന്റ്‌സ് നല്‍കി ഡോക്ടര്‍മാരെയും സംരക്ഷകരെയും നിയമിച്ച വലീദ് ബ്ന്‍ അബ്ദുല്‍ മലികിന്റെ ചരിത്രവും അത് തന്നെയാണ് പറഞ്ഞ് വെക്കുന്നത്. സംരക്ഷകരായ വ്യക്തികള്‍ക്കും അബലര്‍ക്കും ഗവണ്‍മെന്റില്‍ നിന്ന് സ്‌റ്റേറ്റ്‌മെന്റ്‌സും അലവന്‍സും നല്‍കിയിരുന്നു.ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം അലവന്‍സ് ഏര്‍പ്പാടു ചെയ്യുന്നതിലൂടെ യാചനകള്‍ക്കുള്ള പഴുതുകള്‍ നബി റദ്ദു ചെയ്യുകയായിരുന്നു.
ഭിന്നശേഷിക്കാരെയും അബലരെയും തീര്‍ത്തും മാറ്റിനിര്‍ത്തുകയും അരികുവത്കരിക്കുകയും ചെയ്തിരുന്ന ഇസ്‌ലാംപൂര്‍വ്വ അറേബ്യയിലേക്കാണ് നബി സമൂല പരിഷകരണങ്ങളുമായി വന്നെത്തുന്നതും അവരെ മാറ്റിയെടുക്കുന്നതും. പില്‍ക്കാലത്ത് ഈ സ്വഭാവം മുസ്‌ലിം സമൂഹങ്ങളില്‍ നിലനിന്നോ എന്നന്വേഷിക്കുന്നതിനപ്പുറം ഈ സ്വഭാവം മുസ്‌ലിംകളില്‍ ആന്തരികവല്‍കരിക്കപ്പെട്ടതായി കാണാന്‍ സാധിക്കും. ഇതിനുദാഹരണങ്ങള്‍ ഇടക്കിടെ വരുന്ന പരസഹായ കഥകളില്‍ കണ്ടെത്താന്‍ കഴിയും. ജാതിമത ഭേദമന്യേ ഇത്തരം സംഭവങ്ങളില്‍ മുസ്‌ലിംകളുടെ സഹായ ഹസ്തം പരസ്യമായ കാര്യമാണ്. മുസ്‌ലിംകളില്‍ ആന്തരികവല്‍കരിക്കപ്പെട്ട ഈ സ്വഭാവം അവര്‍ക്ക് കൈമാറിക്കിട്ടിയത് പതിനാലു നൂറ്റാണ്ടു മുമ്പ് നബി കൊളുത്തിവച്ച പ്രകാശത്തില്‍ നിന്നു മാത്രമാണ്.
നബിയുടെ പരിഷ്‌കരണങ്ങളുടെ പ്രതിഫലനമെന്നോണം വായിക്കാവുന്നതാണ് സമൂഹത്തിലെ ഏതു സ്ഥാനീയനായ വ്യക്തിക്കും നബിയെ ഏതു സമയത്തും സമീപിക്കാന്‍ കഴിയുമെന്നത്. സമൂഹത്തില്‍ തുടര്‍കഥയായിരുന്ന ഗോത്ര-വര്‍ഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ജാതീയ ആശയത്തെ, നിങ്ങളെ പരസ്പരം തിരിച്ചറിയാനുള്ള ഉപാധിയിലേക്ക് ഇസ്‌ലാം തിരുത്തിയെഴുതി. അനുയായികള്‍ക്കിടയിലെ വര്‍ഗ വര്‍ണങ്ങള്‍ നബിയുടെ പരിഗണനയില്‍ അപ്രസക്തമായിരുന്നു. അങ്ങനെ തന്റെയും അനുയായികള്‍ക്കുമിടയിലുള്ള മതിലുകളും വിവേചനങ്ങളും തൂത്തെറിഞ്ഞ് സുബദ്ധമായ കെട്ടുറപ്പുള്ള സമൂഹത്തെ നബി സാധ്യമാക്കിയെടുത്തു. സ്ത്രീകളും ഇതില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. കാരണം ഏതു സ്ത്രീകള്‍ക്കും നബിയെ സമീപിക്കാനും രഹസ്യ സ്വഭാവമുള്ള കാര്യങ്ങളില്‍ വരെ നബിയോട് സംവദിക്കാനും അവസരവും സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. നബിയുടെ ഈ സ്വഭാവ സവിശേഷം തനിക്കു ശേഷം വന്ന അനുജരരായ ഭരണാധികാരികളിലും പ്രകടമായിരുന്നു.
നബി മദീനയിലേക്ക് നടത്തിയ പലായനത്തിനു ശേഷമാണ് കൂടുതല്‍ നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. ഇസ്‌ലാം കൂടതല്‍ ശക്തിപ്പെട്ടു വരികയായിരുന്നു ഇക്കാലത്ത്. ആള്‍ബലവും ക്രമേണ വര്‍ധിച്ചു വരികയായിരുന്നു. എന്നാലും നബി ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമ്പോള്‍ മുസ്‌ലിംകളെ മാത്രമല്ല ജൂത ക്രൈസ്തവ വിഭാഗങ്ങളെയും മറ്റും പരിഗണിച്ചിരുന്നു. ഉദാഹരണത്തിന് അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരമുണ്ടെന്ന് നബി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് മുസ്‌ലിമെന്നോ മറ്റോ നബി ചുരുക്കിയില്ല. ഏതു മതക്കാരനെയും ഉള്‍കൊള്ളുന്നതായിരുന്നു ആ പ്രസ്താവന. മാത്രമല്ല അക്രമിക്കപ്പെടുന്നവര്‍ അല്ലെങ്കില്‍ പ്രയാസപ്പെടുന്നവര്‍ ആരായാലും അവര്‍ക്കൊപ്പം നില്‍ക്കാനും അവരെ വിമോചിപ്പിക്കാനും നബി ഭംഗ്യന്തരേണ സൂചിപ്പിച്ചു.
മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കുമ്പോഴും ഭൂരിപക്ഷമായിരിക്കുമ്പോഴും ഇതര മത സമൂഹങ്ങളോടുള്ള പഴയ സമീപനത്തില്‍ മാറ്റം വന്നിരുന്നില്ല.
ന്യൂനപക്ഷമായിരിക്കുമ്പോഴുള്ള വിശാല മുഖമുള്ള നിയമങ്ങള്‍ ഇസ്‌ലാമിന്റെ അതിജീവനത്തിന്റെ ഭാഗമായുള്ള അടവുനയമായിരുന്നില്ല ആ നിലപാട്. എങ്കില്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ ഇതര മത സമുദായങ്ങളെ അവഗണിക്കാമായിരുന്നു. എന്നാല്‍ ഇസ്‌ലാം എക്കാലത്തും നിയമ നിര്‍മാണങ്ങള്‍ നടത്തിയപ്പോഴും ഇതര സഹോദര മതങ്ങളെ പരിഗണിച്ചിരുന്നു.
സീറയുടെ സമൂഹശാസ്ത്രപരമായി അതിപ്രാധാന്യമുള്ള ഒരു വിഷയമാണ് നബി നിരന്തരം കുടുംബ ബന്ധുക്കള്‍ക്കിടയില്‍ കാത്തുസൂക്ഷിച്ച ഊഷ്മള ബന്ധം. ബന്ധുക്കള്‍ക്കിടയിലെ ആദാനപ്രധാനങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനെ കാര്യമായി സ്വാധീനം ചെലുത്തുന്നുണ്ട്. കാരണം സജീവമായി കിടക്കുന്ന ബന്ധം അവരെ മാനസികമായി പരസപരം അടുപ്പിക്കുകയും തങ്ങള്‍ക്കിടയില്‍ ഐക്യ ബോധം വളര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കപ്പെടുന്ന സ്ഥിതിവിശേഷവും വന്നെത്തുന്നു. ഇത് സുബദ്ധമായ ഒരു സമൂഹത്തിന്റെ പ്രധാന ഘടകമാണ്. പരസ്പരം അറിയുന്നതോടെ ജീവിത സന്ധികളില്‍ വ്യക്തികള്‍ക്ക് പരസ്പരം സഹായിക്കാന്‍ സാധിക്കുന്നു. ഇതുതന്നെയാണ് സജീവമായ ബന്ധങ്ങളുടെ സമൂഹശാസ്ത്രപരമായ പ്രസക്തി.
നബിയുടെ ജീവിതത്തിലെ സീറയുടെ സമൂഹശാസ്ത്രപരമായ പ്രസക്തിയാണ് ഇതുവരെയുള്ള ചര്‍ച്ചയുടെ അകക്കാമ്പ്. എന്നാല്‍ നബിയുടെ ജീവിതകലാത്തെ പോലെ തന്നെ നബിയുടെ ജീവിതാനന്തരം സീറ നിര്‍വഹിക്കുന്ന സമൂഹശാസ്ത്രപരമായ പങ്കും പ്രധാനപ്പെട്ടതാണ് . നബിയെ അനുസ്മരിക്കല്‍, നബി ആവിഷ്‌കരിച്ച സുന്ദരമായ ജീവിത പാഠങ്ങള്‍ നിത്യ ജീവിതത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍, സീറയെക്കുറിച്ചുള്ള പഠനങ്ങള്‍ അങ്ങനെ സീറയെ ചുറ്റിപറ്റി വളര്‍ന്നു വന്ന സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും സമൂഹശാസ്ത്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നബിയുടെ ജീവിതത്തെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വഴി വ്യക്തികള്‍ പരസ്പരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു, കാര്യങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നു. ഉദാഹരണത്തിന് നബിയുടെ അനുസ്മരണ സദസ്സ് സംഘടിപ്പിക്കുന്നുവെന്നിരിക്കുക. അതുകാരണം ജനങ്ങള്‍ തമ്മില്‍ ആശയസംമ്പര്‍ക്കങ്ങളും സംവേദനങ്ങളും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നടക്കുന്നു.
സമൂഹത്തിലെ വിത്യസ്ത വിഭാഗങ്ങള്‍ നബിയുടെ ജന്മ മാസമായ റബീഉല്‍ അവ്വലില്‍ ഒരുമിച്ചു കൂടി വ്യദ്യാര്‍ത്ഥികളുടെ കലാപരിപാടികളടക്കം വിത്യസ്ത പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നു. പരസ്പരം സംവേദനങ്ങള്‍ നടക്കുന്ന ഇത്തരം സമൂഹം സമൂഹശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആരോഗ്യ സമൂഹമാണ്. ഇത്തരം സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും സ്ഥല കാലത്തിനനുസരിച്ച് വിത്യസ്ത വകഭേദങ്ങളോടെ കാണാന്‍ സാധിക്കും. നബിയെ ഓര്‍ക്കുമ്പോഴും ചിന്തിക്കുമ്പാഴും മറ്റുള്ളവര്‍ക്ക് നബിയെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കുമ്പാഴും രൂപപ്പെടുന്ന വിശാലമായ പ്രവര്‍ത്തന പ്ലാറ്റ്‌ഫോമാണ് സാമൂഹ്യ ശാസ്ത്രകാരന്മാര്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നത്. പതിനാലു നൂറ്റാണ്ടു പഴക്കമുള്ള സീറയെക്കുറിച്ച് അതിശീഘ്രം ഗമിച്ചു കൊണ്ടിരിക്കുന്ന ഉത്തരാധുനിക ലോകത്തും നിരന്തരം പഠന ഗ്രന്ഥങ്ങള്‍ പുറത്തുവരുന്നുവെന്നത് സീറയുടെ സാര്‍വ കാലിക പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്.