കേരളചരിത്രം സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഭാവനകള്‍ കൊളോണിയല്‍ കാലത്ത് രൂപപ്പെട്ടതാണ്. മുഖ്യമായും യൂറോപ്യന്‍ സോഴ്‌സുകളെ ആശ്രയിച്ചുള്ള നിരീക്ഷണങ്ങളാണ് ഇത്തരം നിര്‍മ്മിതികളുടെ ആധാരം. കോളനിയാനന്തരകാലത്ത് നടക്കുന്ന പുതിയ അന്വേഷണങ്ങള്‍ ഏകപക്ഷീയമായ ഇത്തരം മുന്‍വിധികളെ മാറ്റിയെഴുതുന്നതിനൊപ്പം അന്വേഷണങ്ങള്‍ക്ക് പുതിയ മേഖലകള്‍ തുറന്നിടുകയും ചെയ്യുന്നുണ്ട്. കേരളത്തെ സംബന്ധിച്ചുള്ള ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ഇത്തരത്തില്‍ നിര്‍ണ്ണായകമാണ്. കേരളത്തിന്റെ ആധുനികീകരണത്തില്‍ ഏറെ നിര്‍ണ്ണായകമായ പ്രാദേശികവും യൂറോപ്യേതരവുമായ കച്ചവട സാംസ്‌കാരിക ബന്ധങ്ങളെ അത് നിര്‍ദ്ധാരണം ചെയ്യുന്നു. മലബാര്‍ തീരത്തിന് കിഴക്കനാഫ്രിക്കന്‍ തീരവുമായി ഉണ്ടായിരുന്ന സജീവമായ കൊള്ളക്കൊടുക്കലുകളെ ഏറെ ശ്രദ്ധയോടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഗവേഷകര്‍ നിരീക്ഷിക്കുന്നത്. കേരളവും ആഫ്രിക്കന്‍ തീരങ്ങളും തമ്മില്‍ അത്തരമൊരു ബന്ധമുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനം സാഹിത്യത്തിലുമുണ്ടാകും എന്ന പരികല്പനയിലാണ് മലയാളസാഹിത്യത്തിലെ ആഫ്രിക്കന്‍ പ്രതിനിധാനത്തെയും അതിന്റെ പരിണാമത്തെയും വിലയിരുത്താന്‍ ശ്രമിക്കുന്നത്. 2018 സെപ്തംബറില്‍ താന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ നടന്ന ആഫ്രിക്ക ഏഷ്യ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണ് ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്നത്.
കേരളതീരവുമായി ബന്ധപ്പെട്ട വിദേശബന്ധങ്ങളെ മൂന്നായി തിരിച്ച് മനസ്സിലാക്കാവുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളില്‍ (1948) വാസ്‌ഗോഡഗാമ മലബാര്‍ തീരത്ത് കപ്പലിറങ്ങുന്നതോടെ അവസാനിച്ച ദീര്‍ഘമായ ഒന്നാം ഘട്ടമാണ് ആദ്യത്തേത്. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഡാനിഷ്, നോര്‍വ്വീജിയന്‍, ഇംഗ്ലീഷ് അധിനിവേശങ്ങളും 1961-ല്‍ അവസാനിക്കുന്നതുമായ നാലു നൂറ്റാണ്ടോളം നീളുന്ന രണ്ടാം ഘട്ടമാണ് അടുത്തത്. (1498-ല്‍ വാസ്‌ഗോഡഗാമ മലബാര്‍ തീരത്തെത്തിയെങ്കിലും 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാന്വല്‍ ഒന്നാമന്‍ ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയെ ഇന്ത്യയിലേക്കുള്ള വൈസ്രോയിയായി നിയമക്കുന്നതോടെയാണ് ഇന്ത്യയിലെ കൊളോണിയല്‍ അധിനിവേശം ആരംഭിക്കുന്നത്. 1961-ല്‍ സ്വതന്ത്ര ഇന്ത്യയിലെ ദാമന്‍ദ്യു മേഖലകളില്‍നിന്ന് പോര്‍ച്ചുഗീസുകാരെ സൈനികമായി പിന്തള്ളുന്നതോടെയാണ് ഇന്ത്യയ്ക്കുമേലുള്ള യൂറോപ്യന്‍ കൊളോണിയലിസം അവസാനിക്കുന്നത്.) 1947-ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള ഘട്ടമാണ് മൂന്നാമത്തേത്. ഈ കാലങ്ങളില്‍ ഒരു ഭാഷ എന്ന നിലയിലും സാഹിത്യം എന്ന നിലയിലും മലയാളത്തില്‍ ആഫ്രിക്ക എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നും അതിന്റെ പരിണാമങ്ങള്‍ എങ്ങനെയാണെന്നുമാണ് ഈ പ്രബന്ധം അന്വേഷിക്കുന്നത്.
മലബാര്‍-ആഫ്രിക്ക തീരങ്ങളുടെ സാംസ്‌കാരികബന്ധങ്ങള്‍
ഭൂമിയുടെ പുറംപാളിയായ ഭൂവല്‍ക്കം അഥവാ ലിത്തോസ്ഫിയറിലുണ്ടാകുന്ന ചലനങ്ങളെ വിശദീകരിക്കുന്ന ഫലകചലന സിദ്ധാന്തമനുസരിച്ച് ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയുടെ ഭാഗമായിരുന്നുവത്രെ. ചില നരവംശശാസ്ത്രപഠനങ്ങള്‍ ഇതു ശരി വെയ്ക്കുന്നു. കേരളത്തിലെ ആദിമജനവിഭാഗമായ കാടര്‍ വിഭാഗത്തില്‍പ്പെട്ട 250 പേരുടെ രക്തസാമ്പിളുകള്‍ വിശദപഠനത്തിനു വിധേയമാക്കിയ ഒരു സംഘം ഗവേഷകര്‍ കേരളത്തിലെ ജനവിഭാഗങ്ങള്‍ക്ക് ആഫ്രിക്കന്‍ ജനവിഭാഗങ്ങളുമായി ജനിതകബന്ധം സ്ഥിരീകരിക്കുന്നു. മലബാറിന്റെ ചരിത്രം പറയുന്ന വില്യംലോഗന്‍ ഈ പ്രദേശത്തെ ആദിമജനവിഭാഗത്തിന്റെ സാന്നിധ്യത്തെ കേട്ടറിഞ്ഞ ഒരു കഥയുമായാണ് ബന്ധിപ്പിക്കുന്നത്. ആഫ്രിക്കന്‍ അടിമകളെ കടത്തിക്കൊണ്ടുവന്ന ഒരു അറബിക്കപ്പല്‍ അറബിക്കടലില്‍ മലബാര്‍തീരത്തോടടുത്ത് തകര്‍ന്നുവെന്നും രക്ഷപ്പെട്ട് തീരത്തെത്തിയ അടിമകള്‍ മലബാറിലെ കിഴക്കന്‍ വനാന്തരങ്ങളില്‍ എത്തിച്ചേര്‍ന്നെന്നും അവരുടെ പിന്‍മുറക്കാരാണ് കേരളത്തിലെ ഗിരിവര്‍ഗ്ഗജനതയെന്നും ലോഗന്‍ സമര്‍ത്ഥിക്കുന്നു. കേരളത്തില്‍ അടിമസംമ്പ്രദായം നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. മലബാര്‍ തീരത്തെ ഇസ്‌ലാംമതവ്യാപനത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ പ്രാങ് സൂചിപ്പിക്കുന്ന മൂന്ന് മതപരിവര്‍ത്തനപ്രക്രിയകളില്‍ ഒന്ന് അടിമകളുടെ മതപരിവര്‍ത്തനവും മോചനവുമാണ്. ആഫ്രിക്കന്‍ അടിമക്കമ്പോങ്ങള്‍ കൂടി ബന്ധപ്പെടുന്ന വ്യാപാരചക്രങ്ങളിലൂടെ മലബാര്‍ തീരത്തെത്തുന്ന അറേബ്യന്‍ കപ്പലുകളില്‍ ആണും പെണ്ണുമായ അടിമകളുമുണ്ടാകും. ഇസ്‌ലാംമതവ്യാപനത്തിന്റെ ഭാഗമായുള്ള പള്ളികളുടെ സംരക്ഷണത്തിനും മറ്റും ഇത്തരം അടിമകള്‍ കേരളത്തില്‍ അവശേഷിച്ചിരിക്കാം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യന്‍ പ്രതിഭാസമായ ചാതുര്‍വര്‍ണ്യം ജാതിയുടെ അടരുകളില്‍ത്തന്നെ തൊഴിലാളികളെയും അടിമത്തൊഴിലാളികളെയും സന്നിവേശിപ്പിച്ചു നിര്‍ത്തിയതിനാല്‍ യൂറോപ്പിലോ ആഫ്രിക്കയിലോ കാണുന്ന തരം അടിമകള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അടിമ, അടിമത്തം, അടിമപ്പണി, അടിമക്കരം തുടങ്ങി മലയാളഭാഷയില്‍ കാണുന്ന പദങ്ങള്‍ കേരളത്തില്‍ അടിമജീവിതം നിലനിന്നിരുന്നു എന്നതിനുള്ള പ്രത്യക്ഷ തെളിവാണ്. തിരുവിതാംകൂര്‍ കൊച്ചി ഭരണകൂടങ്ങളുടെ അടിമത്തം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ ചരിത്രം 1975-ല്‍ കേരള ഗവര്‍മെന്റിന്റെ അടിമത്ത നിരോധന ഉത്തരവുവരെ നീളുന്നതാണ്.
Kafir- kaffri- കാപ്പിരി
കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ ജനവിഭാഗങ്ങളെ വിശദീകരിക്കാന്‍ മലയാളഭാഷയില്‍ സമീപകാലം വരെയുണ്ടായിരുന്നത് കാപ്പിരി എന്ന പദമാണ്. തീര്‍ച്ചയായും വംശീയമായ അധിക്ഷേപമുള്‍ക്കൊള്ളുന്നതാണ് ഈ പദം. കാഫിര്‍ എന്ന അറബ് വാക്കിന്റെ മലയാള തത്ഭവമാണ് കാപ്പിരി. ഓഷ്ഠ്യദന്ത്യഘര്‍ഷമായ (ഘമയശീ റലിമേഹ ളൃശരമശേ്‌ല) /ള/ മലയാളത്തില്‍ ഇല്ലാത്തതിനാല്‍ കാഫിറിലെ ഫയുടെ സ്ഥാനത്ത് ഓഷ്ഠ്യസ്പര്‍ശമായ /പ/ വന്നതാണ്. അനറബികളെയും അമുസ്‌ലിംകളെയും കുറിക്കാനാണ് അറബിയില്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. കൃസ്ത്യന്‍ രേഖകളില്‍ കൃസ്ത്യാനികളല്ലാത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ഇത് കാവ്യര്‍ എന്നാണ് കാണുന്നത്. വംശീയാധിക്ഷേപം കലര്‍ത്തി കറുത്തവര്‍ഗ്ഗക്കാരായ ജനവിഭാഗങ്ങളെ കുറിക്കുന്ന രീതിയില്‍ ഈ പദം മലയാളത്തില്‍ പരിചയപ്പെടുത്തുന്നത് പോര്‍ച്ചുഗീസുകാരാണ് എന്നു കരുതപ്പെടുന്നു. അറബിയിലെ സമ:ളളശൃ യൂറോപ്യന്‍ ഭാഷകളിലെത്തുമ്പോള്‍ സമ:ളളൃശ ആകുന്നുണ്ട്. അടിമവ്യാപാരത്തോടൊപ്പം പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തിച്ച സമ:ളളൃശ എന്ന വാക്കില്‍ നിന്നാവണം മലയാളത്തിലെ കാപ്പിരി ഉണ്ടാകുന്നത്. കാപ്പിരി എന്ന വാക്കിന് അതിന്റെ അറബ് മൂലത്തിന്റെ അര്‍ഥമായ അവിശ്വാസി, മുസ്‌ലിമല്ലാത്തവന്‍ എന്ന അര്‍ത്ഥമല്ല, ആഫ്രിക്കയില്‍നിന്നുള്ള കറുത്ത മനുഷ്യര്‍ എന്നാണ് മലയാളത്തില്‍ അര്‍ഥം. മധ്യനൂറ്റാണ്ടുകള്‍ മുതല്‍ കേരളതീരത്തു നടന്ന ആഫ്രിക്കന്‍ അടിമവ്യാപാരത്തിന്റെ അവശേഷിപ്പായി ഈ വാക്കിനെ കാണാം. കേരളത്തില്‍ കൊച്ചിഭാഗത്ത് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ആഫ്രിക്കന്‍ കറുത്തവര്‍ഗ്ഗക്കാരെ സംബന്ധിച്ച സ്മരണകള്‍ സജീവമാണ്. ഇതില്‍ പ്രധാനമാണ് കാപ്പിരിമുത്തപ്പനെക്കുറിച്ചുളള കഥകള്‍. സാഹിത്യകൃതികളില്‍ പരമര്‍ശിക്കപ്പെടുന്നതിനു പുറമെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ കാപ്പിരിമുത്തപ്പന് വിളക്കുമാടവും കാണാം.
വംശീയവെറിയും ജാതിയുംകാപ്പിരിയുടെ ആര്‍ത്ഥികവിവക്ഷകള്‍
െ്രെകസ്തവകാളിദാസന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയെ പരാമര്‍ശിച്ചുകൊണ്ടെഴുതിയ ഒരു പരിഹാസശ്ലോകമുണ്ട് മലയാളത്തില്‍.
പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം െ്രെകസ്തവകാളിദാസന്‍.
കവികള്‍ പരസ്പരം പദ്യങ്ങളിലൂടെ പരിഹസിക്കുന്ന കാലത്ത് സമസ്യാപൂരണത്തിന്റെ ഭാഗമായി ആരോ എഴുതിയ ഈ വരികള്‍ക്ക് അക്കാലത്തെ എഴുത്തുകാരുടെ മനോഭാവം വിശദീകരിക്കാന്‍ സാധിക്കുന്നുണ്ട്. പൊട്ടക്കുളത്തില്‍ നീര്‍ക്കോലി പാമ്പുകള്‍ക്കു രാജാവാണ്. തട്ടിന്‍പുറത്ത് എലിയാണ് മൃഗരാജാവ്. കാട്ടാളന്മാര്‍ക്കിടയില്‍ കാപ്പിരി കാമദേവനാണ്. കട്ടക്കയമാണ് െ്രെകസ്തവകാളിദാസന്‍. സവര്‍ണ്ണഹൈന്ദവരുടെ വിഹാരരംഗമായ സാഹിത്യമണ്ഡലത്തിലേക്ക് ശ്രീയേശുവിജയം പോലെ ഒരു മഹാകാവ്യവും തികഞ്ഞ പാണ്ഡിത്യവുമായി കടന്നുവന്ന ചെറിയാന്‍ മാപ്പിളയോടുള്ള അസൂയയും വിവേചനവും ഈ പരിഹാസത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ജാതിചിന്തയില്‍ രൂപപ്പെട്ട സാമൂഹികബോധം ഈ പരിഹാസശ്ലോകത്തിലെ ഓരോ വരിയിലും തെളിഞ്ഞു കിടക്കുന്നു. സവര്‍ണം അവര്‍ണം എന്ന ഒരു ബൈനറി സങ്കല്പിച്ച് അവര്‍ണമായതിനെയെല്ലാം ഇകഴ്ത്തുകയാണ് ആദ്യത്തെ മൂന്നുവരികളില്‍. ഈ വരികളിലൂടെ സാധ്യമാകുന്ന അര്‍ഥം സാഹചര്യംകൊണ്ട് നാലാമത്തെ വരിയിലും സിദ്ധമാകുമ്പോള്‍ കട്ടക്കയവും അധമപക്ഷത്തേക്ക് വീണുപോകുന്നു. പൊട്ടക്കുളം എന്നു പറയുമ്പോള്‍ നല്ല കുളം വേറെയുണ്ട്. പുളവന്‍ വിഷമില്ലാത്ത സാധുപാമ്പാണ്. മറ്റു പാമ്പുകളില്ലാത്ത ചെറിയ കുളത്തില്‍ നീര്‍ക്കോലി സര്‍പ്പരാജാവായി അഹങ്കരിക്കുന്നു എന്നു വ്യംഗ്യം. ജന്തുശാസ്ത്രമനുസരിച്ച് എലി മൃഗമാണ്. എന്നാല്‍ മൃഗജാതിയെ ആകെ പരിഗണിക്കുമ്പോള്‍ എത്രയോ നിസ്സാരമാണ് അത്. എന്നാല്‍ തട്ടിന്‍പുറത്ത് അത് രാജാവാണ്. ഇതുപോലെ കാനനവാസികളും ആദിജനതയുമായ കാട്ടാളര്‍ക്കിടയില്‍ കാപ്പിരി കാമദേവനാണ്. മൂന്നാമത്തെ വരിയാണ് വിവേചനത്തിന്റെ എല്ലാ സീമകളും കടക്കുന്നത്. അത് ഒരേസമയം കാനനവാസിയായ മനുഷ്യരെയും കറുത്തവര്‍ഗ്ഗക്കാരെയും അപമാനിക്കുന്നു. ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയനുസരിച്ച് സേവകരായ ശൂദ്രന്മാര്‍ ഏറ്റവും താഴത്തെ പടവിലാണ്. നാഗരികരല്ലാത്ത ഗിരിവര്‍ഗ്ഗക്കാരെ മനുഷ്യരായിപ്പോലും പരിഗണിച്ചിട്ടില്ല. മേല്‍സൂചിപ്പിച്ച ശ്ലോകം വനവാസികളായ മനുഷ്യരെ ഏറ്റവും താഴെ നിര്‍ത്തുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് മലയാളിക്ക് ആഫ്രിക്കന്‍ജനതയോടുണ്ടായിരുന്ന മനോഭാവം വ്യക്തമാക്കുന്നതാണ് ഈ വരികള്‍.
ആഫ്രിക്കയെക്കുറിച്ചുള്ള യൂറോപ്യന്‍ ഭാവനയാണ് കൊളോണിയല്‍ കാലത്തും കോളനിയനന്തര കാലത്തും മലയാളത്തിലെ എഴുത്തുകാരെ സ്വാധീനിച്ചത്. മലയാളത്തിലെ വിഖ്യാത സഞ്ചാരസാഹിത്യകാരനാണ് എസ്.കെ.പൊറ്റെക്കാട്. 1949 കാലത്ത് കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അദ്ദഹം രചിച്ച ഒരു സഞ്ചാരസാഹിത്യ ഗ്രന്ഥത്തിന്റെ പേര് കാപ്പിരികളുടെ നാട്ടില്‍ എന്നാണ്. കേവലമൊരു സംജ്ഞാനാമമായി മാത്രല്ല തലക്കെട്ടില്‍ ഈ കാപ്പിരി കുടികൊള്ളുന്നത്. ആ നാട്ടിലെ തദ്ദേശീയ ജനതയോടുള്ള മനോഭാവം തന്നെയാണ് ഈ കാപ്പിരിപ്രയോഗം. ആഫ്രിക്കന്‍ നിവാസികളെ പ്രാകൃതരും നിരക്ഷരരരും സംസ്‌കാരശൂന്യരും വിഡ്ഢികളുമായി ചിത്രീകരിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍നിന്ന് കണ്ടെത്താനാകും.
‘ചങ്ങാടം ഇറങ്ങി, കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നേര്‍ത്ത വീണാഗാനം പൊങ്ങി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അരയ്ക്കു കീഴില്‍ ഒരു അരക്കാല്‍ കാലുറ മാത്രം ധരിച്ച മുതലമുഖനായ ഒരു കാപ്പിരിച്ചെറുക്കന്‍ എലിക്കെണിയുടെ ആകൃതിയിലുള്ള ചെറിയൊരു സംഗീതോപകരണത്തിന്മേല്‍ അംഗുലീസഞ്ചലനം നടത്തിക്കൊണ്ടിരിയ്ക്കുന്നതാണ് കാണുന്നത്.
അപരിഷ്‌കൃതരായ ഈ കാപ്പിരികളില്‍ എങ്ങനെയാണ് ഈ സംഗീതവാസന സംക്രമിച്ചതെന്നു ഞാന്‍ പലപ്പോഴും ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ ഏത് ഉള്‍നാട്ടിലും കാണാം ചെറുപ്പക്കാര്‍ കയ്യിലൊരു ചെറിയ സംഗീതയന്ത്രവുംകൊണ്ട് നടക്കുന്നതായിട്ട്. ഒഴിവു കിട്ടുമ്പോള്‍ അവര്‍ അതിനെ നുള്ളിയുണര്‍ത്തി നേര്‍ത്ത സംഗീതനാദം പുറപ്പെടുവിച്ചു സ്വയം മതിമറന്നാനന്ദിക്കുകയും ചെയ്യും’. എസ്.കെ.പൊറ്റക്കാട് (നൈല്‍ ഡയറി.)
ആഫ്രിക്കന്‍ ജനതയുടെ സംഗീതപാരമ്പര്യം എസ്.കെയെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തെ നിയന്ത്രിക്കുന്ന ജ്ഞാനവ്യവസ്ഥയില്‍ സംഗീതം ഒരു ഉയര്‍ന്ന കലയാണ് എന്നതിനാലാണ്. സംഗീതജ്ഞനായ യുവാവിനെ അദ്ദേഹം വിശേഷിപ്പിക്കുന്നതും നോക്കുക: മുതലമുഖന്‍. കറുത്ത നിറക്കാരും നിരക്ഷരരും ഏറെക്കുറെ നഗ്‌നരുമായ കറുത്ത വര്‍ഗ്ഗക്കാരില്‍ സംസ്‌കാരത്തിന്റേതായ യാതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. വല്ലപ്പോഴും സംഗീതത്തിന്റെയോ നൃത്തത്തിന്റെയോ ലക്ഷണങ്ങള്‍ മുന്നില്‍വന്നുവീണാല്‍ അതിന്റെ കാരണമറിയാതെ ആശ്ചര്യപ്പെടുകയല്ലാതെ അദ്ദേഹത്തിനു വേറെ മാര്‍ഗ്ഗമില്ല.
എസ്.കെ.യുടെ ആഫ്രിക്കന്‍ യാത്രയില്‍ അദ്ദേഹം വിവിധ ദേശക്കാരായ കുടിയേറ്റക്കാരെ കണ്ടുമുട്ടുന്നുണ്ട്. ഇന്ത്യാക്കാരില്‍ അദ്ദേഹം കണ്ടുമുട്ടുന്നവരേറെയും ഗുജറാത്തികളാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗുമസ്തന്മാരുമായ ധാരാളം മലയാളികളെയും അദ്ദേഹം കണ്ടുമുട്ടുന്നുണ്ട്. കേരള സംസ്ഥാനം രൂപപ്പെടുന്നതിനും ഏഴു വര്‍ഷം മുമ്പ് 1949-ല്‍ പഴയ ടാങ്കനിക്കയിലെ ദാറുസ്സലാമില്‍ മലയാളികളുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത് എസ്.കെയായിരുന്നു. മലയാളി ഡയസ്‌പോറയുടെ അപൂര്‍വ്വമായ അനുഭവമായി ടാങ്കനിക്കയുടെ പശ്ചാത്തലത്തില്‍ കബീന എന്ന പേരിലല്‍ എസ്.കെയുടെ ഒരു ലഘു നോവലുമുണ്ട്. വിഖ്യാത സുഡാനിയന്‍ എഴുത്തുകാരന്‍ ത്വയ്യിബ് സാലിഹിന്റെ ഉത്തരപലായനങ്ങളുടെ കാലം (സീസണ്‍ ഓഫ് ദി മൈഗ്രേഷന്‍ റ്റു നോര്‍ത്ത്) എന്ന നോവല്‍ പുറത്തു വരുന്നതിന് ഒരു ദശകം മുമ്പുതന്നെ എസ്.കെ. സുഡാനിലെ ലോകയുദ്ധസ്മാരകമായ ഓംദുര്‍ദ്ദിനെക്കുറിച്ച് എഴുതുന്നുണ്ട്.
കെ.പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം വയനാട്ടിലെ ആദിമജനവിഭാഗങ്ങളെക്കുറിച്ചുള്ള ഒരു സാമാന്യപഠനമാണ്. വയനാടന്‍ ഗിരിവര്‍ഗ്ഗവിഭാഗങ്ങളായ അടിയര്‍, കൊറഗര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ എന്നിവരുടെ ജീവിതാവസ്ഥകളും അവരുടെ വംശചരിത്രവും സുവര്‍ണ്ണഭൂതകാലവും മറ്റു ഭാഗങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ അവരെ അടിമകളാക്കിയതിന്റെയും ചരിത്രം വിശദീകരിക്കുമ്പോള്‍ അദ്ദേഹം വയനാടിനെ ആഫ്രിക്കയുമായി താരതമ്യം ചെയ്യുന്നു. എസ്.കെ. കണ്ടതുപോലെ ഗ്രന്ഥകര്‍ത്താവായ കെ.പാനൂരും ആഫ്രിക്കയെ അപരിഷ്‌കൃതരുടെയും പട്ടിണിക്കാരുടെയും ദേശമായാണ് കാണുന്നത്. അടിമവ്യാപാരത്തിനു തുല്യമായ ഭൂബന്ധതൊഴിലാളികളും കൂലിയടിമകളും വയനാട്ടിലുമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലും നിലനിന്ന ഈ ചൂഷണം വിശദീകരിക്കാനാണ് അദ്ദേഹം വയനാടിനെ കേരളത്തിലെ ആഫ്രിക്ക എന്നു വിശേഷിപ്പിക്കുന്നത്. അപരിഷ്‌കൃതത്വത്തിന്റെ പര്യായമായി ആഫ്രിക്കയെ സ്വീകരിക്കുന്നത് അബോധത്തില്‍ ഗ്രന്ഥകര്‍ത്താവ് പുലര്‍ത്തുന്ന യൂറോ കേന്ദ്രിത ആഫ്രിക്കന്‍ കാഴ്ചപ്പാടുകൊണ്ടാണ്.
ആഫ്രിക്കന്‍ ജനതയുടെ ഉയിര്‍ത്തെഴുന്നേല്പും നീഗ്രോ, കാപ്പിരി തുടങ്ങിയ അധിക്ഷേപാര്‍ഹമായ പദാവലികള്‍ക്കു പകരം ആഫ്രിക്കന്‍ ജനത കറുത്തവര്‍ (ബ്ലാക്‌സ്) എന്ന പേര് ആത്മപ്രകാശനത്തിന് ഉപയോഗിച്ചു തുടങ്ങിയതുമറിയാതെ പിന്നെയും കാപ്പിരി എന്ന വാക്ക് മലയാളസാഹിത്യത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിന് ഇന്തിയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം അവാര്‍ഡുനേടിയ ഓ.എന്‍.വി കുറുപ്പ് എന്ന കവി അദ്ദേഹത്തിന്റെ വീടുകള്‍ എന്ന കവിതയില്‍ കാപ്പിരിക്രിസ്തു എന്നു പ്രയോഗിക്കുന്നുണ്ട്.
എവിടെയുമെനിക്കൊരു വീടുണ്ട് പിരമിഡുകള്‍
എഴുന്നേറ്റുപോംമട്ടിലീയൊട്ടകങ്ങളും
ഇളകാത്ത കൂറ്റനാമൊട്ടകം മാതിരി
പഴയൊരിപ്പിരിമിഡുമാര്‍ന്ന മരുഭൂമിയില്‍,
കുരിശിലൊരു കാപ്പിരിക്രിസ്തു മരിച്ചുയിര്‍
ത്തെഴുന്നേല്ക്കുമിരുളാണ്ട ഭൂഖണ്ഡസീമയില്‍
പാതിരാസൂര്യന്റെ നാടുകളില്‍ മര്‍ത്യന്റെ
ജാതകം മാറ്റിക്കുറിയ്ക്കുമിടങ്ങളില്‍
(വീടുകള്‍: ഒ.എന്‍.വി.)
വിശ്വസാഹോദര്യത്തെക്കുറിച്ചാണ് ഈ കവിത. പ്രതിനിധാന സ്വഭാവത്തില്‍ ലോകത്തെല്ലായിടത്തുമുള്ള സംസ്‌കാരങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിത ആഫ്രിക്കയെ അടയാളപ്പെടുത്തുന്നത് ഇരുണ്ട വന്‍കരയായും കാപ്പിരിമനുഷ്യരുടെ ദേശമായുമാണ്. ആഫ്രിക്കക്കാരന്‍ അവന്റെ നിറത്തിലും രൂപത്തിലും ക്രിസ്തുവിനെ ചിത്രീകരിക്കുന്നതിനെയാണ് അദ്ദേഹം കാപ്പിരിക്രിസ്തു എന്നു വിശേഷിപ്പിക്കുന്നത്. ഈ കാപ്പിരി വംശീയവെറിയിലധിഷ്ഠിതമായ കാപ്പിരിപ്രയോഗം തന്നെ. ഇരുളാണ്ട ഭൂഖണ്ഡസീമ എന്ന പ്രയോഗത്തിലൂടെ ജ്ഞാനത്തിന്റെ വെളിച്ചമെത്താത്ത നാട് എന്ന അര്‍ഥത്തിലുള്ള യൂറോപ്പിന്റെ കാഴ്ച തന്നെ ആഫ്രിക്കയുടെ കാര്യത്തില്‍ കവിയുടെയും കാഴ്ചയാകുന്നു.
ഒ.എന്‍.വി കുറുപ്പിനേക്കാള്‍ ആധുനികനായ കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ആഫ്രിക്കയിലും അമേരിക്കയിലും ഉയര്‍ന്നുവന്ന നെഗ്രിറ്റിയൂഡ് പ്രസ്ഥാനത്തോട് ആശയപരമായി ഐക്യപ്പെടുന്ന കവിയാണ് അദ്ദേഹം. അദ്ദേഹവും പക്ഷെ, തന്റെയൊരു കവിതയില്‍ കാപ്പിരിപ്രയോഗം നടത്തിയിരിക്കുന്നു. അതും വംശീയതയുടെ ലാഞ്ചനയില്ലാത്തതാണെന്നു പറഞ്ഞുകൂടാ.
കലണ്ടറില്‍ കാപ്പിരി
ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം
കാട്ടുരാത്രിയില്‍ ആദിവാസിതന്‍ കനലാട്ടം
ദേവദാരുവിന്‍ കുരിശേന്തിയ
നിരാലംബജ്ഞാനികളുടെ മഹാപ്രസ്ഥാനം
(ഗസല്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്)
അസ്തിത്വപ്രശ്‌നങ്ങളുടെ ഭ്രമാത്മകമായ ആവിഷ്‌കാരമാണ് സംഗീതബിംബങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ഗസല്‍ എന്ന കവിത. ജുഗുപ്‌സയുണ്ടാക്കുന്ന ഇമേജുകളുടെ സൃഷ്ടിക്കായാണ് കാപ്പിരിയും ചോരച്ചെണ്ടയും കൊലനിലവും വരച്ചിട്ടിരിയ്ക്കുന്നത്. ആഫ്രിക്കന്‍ സംഗീതത്തില്‍ ഭയാനകമായ എന്തോ ഉള്ളതായുള്ള ഈ സങ്കല്പവും ഇമേജറിയും ആഫ്രിക്കയെക്കുറിച്ചുള്ള അത്ര ഉദാരമായ കാഴ്ചപ്പാടല്ല മുന്നോട്ടു വെക്കുന്നത്.
ഉദാരമാനവവാദവും ആഫ്രിക്കയും
ഇന്ത്യയില്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലത്തുതന്നെ ലോകമെങ്ങുമുള്ള ചെറുത്തുനില്പുസമരങ്ങളോട് ഐക്യപ്പെടുന്ന ഒരു മനോഭാവം വളര്‍ന്നു വരുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം സാഹിത്യത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ലോകത്തെങ്ങുമുള്ള മനുഷ്യരോട് ഐക്യപ്പെടുകയും അവരുടെ സാംസ്‌കാരികസ്വത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന തരത്തില്‍ മനോഭാവങ്ങളില്‍ മാറ്റം വരുന്നുണ്ടെങ്കിലും തന്റെ സംസ്‌കാരത്തോടുള്ള ഒരു തുല്യനിലയല്ല ഇത്. യജമാനഭാവത്തില്‍ നിന്നുകൊണ്ട് കീഴ്‌സംസ്‌കാരങ്ങള്‍ക്കുമേല്‍ കാരുണ്യം ചൊരിയുന്ന മാനവികതയുടെ ഉദാരതയാണിത്. മലയാളത്തില്‍ ഇക്കൂട്ടത്തില്‍ പെടുത്താവുന്ന രണ്ടു കവിതകളുണ്ട്. എന്‍.വി.കൃഷ്ണവാര്യരുടെ ആഫ്രിക്കയും സുഗതകുമാരിയുടെ ബയാഫ്രയും. അറുപതുകളില്‍ മലയാളത്തിലുണ്ടായ ഈ കവിതകള്‍ ആഫ്രിക്കയെ സംബന്ധിക്കുന്ന മലയാളീ മനോഭാവത്തിന്റെ പരിണാമത്തിലെ ആരോഗ്യകരമായ നാഴികക്കല്ലുകളാണ്.
അറബിക്കടലിന്റെ തീരവും തിരമാലകളും നോക്കിയിരിയ്ക്കുന്ന കവിയുടെ കണ്ണുകള്‍ കടല്‍ കടന്ന് കിഴക്കനാഫ്രിക്കന്‍ തീരത്തേക്കും അവിടുത്തെ മനുഷ്യരിലേക്കും എത്തുന്ന വിധമാണ് എന്‍.വിയുടെ ആഫ്രിക്ക ആഖ്യാനം ചെയ്യപ്പെടുന്നത്. ആഫ്രിക്കയുടെ പ്രകൃതി, അവിടുത്തെ മനുഷ്യര്‍, അവരുടെ സംസ്‌കാരം, അവര്‍ നേരിടുന്ന ചൂഷണങ്ങള്‍, അവരുടെ ചെറുത്തുനില്പു പോരാട്ടങ്ങള്‍ എന്നിവയെല്ലാം കവി വിശദീകരിക്കുന്നു. ഒടുക്കം ലോകത്തെങ്ങുമുള്ള ചൂഷിതജനവിഭാഗങ്ങളോട് കവി ഐക്യപ്പെടുകയും ആഫ്രിക്കയുടെ വേദന തന്റെയും വേദനയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. എസ്.കെയെ പോലെ ആഫ്രിക്കയില്‍ സഞ്ചരിച്ച ആളല്ല എന്‍.വി. പത്രവാര്‍ത്തകളില്‍നിന്നും എസ്.കെയുടെയടക്കം സഞ്ചാരസാഹിത്യകൃതികളില്‍നിന്നും ലഭ്യമായ അറിവുകളെയാണ് അദ്ദേഹം കാഴ്ചയാക്കുന്നത്. വലിയ കാരുണ്യത്തോടെയാണ് അദ്ദേഹം ആഫ്രിക്കയെ നോക്കുന്നതെങ്കിലും തനിയ്ക്കു തുല്യരായ മനുഷ്യരെയല്ല അദ്ദേഹം കാണുന്നത്. കാഴ്ചയില്‍ എസ്.കെയ്ക്കു പറ്റിയ യൂറോ കേന്ദ്രിത കാഴ്ചപ്പാടുകള്‍ എന്‍.വിയെയും പരിമിതപ്പെടുത്തുന്നു.
പൊക്കമൊരേഴടിയാര്‍ന്ന ഭയങ്കരന്‍
തൂസികളെറിയും കുന്തമതിന്‍ഗതി
ശീഘ്രതയാല്‍ച്ചിതറിത്തകരുന്ന
ഗഭീരോജ്ജ്വലരണനൃത്തക്കലവികള്‍
എന്നാണ് ആഫ്രിക്കയുടെ വീരസ്യത്തെ കവി ആവിഷ്‌കരിക്കുന്നത്. ഭയപ്പെടുത്തുന്നതും ചോരചിതറിക്കുന്നതുമാണ് അവരുടെ നൃത്തക്കാഴ്ചകള്‍ പോലും എന്ന് കവി ആഫ്രിക്കയുടെ പ്രാകൃതത്വത്തെയാണ് വരച്ചിടുന്നത്. അറിവറ്റവരും സോസേയീച്ച പരത്തുന്ന രോഗത്താല്‍ മയങ്ങിപ്പോയവരും ചുണ്ടും മൂക്കും അളിയിക്കുന്ന കുഷ്ഠരോഗം ബാധിച്ചവരും കുടലില്‍ പുണ്ണു ബാധിച്ചവരും പട്ടിണികൊണ്ട് ശരീരം എല്ലിന്‍കൂടായവരും സ്വപ്‌നത്തില്‍മാത്രം വയറുനിറച്ച് ഉണ്ണുന്നവരുമാണ് അവരെന്ന് കവി പരിതപിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ ഉണരുന്നു. ആഫ്രിക്കയിലെ പോരാട്ടങ്ങളെ ഒന്നൊന്നായി ഓര്‍ക്കുന്നു. അവസാനം അവരോട് ഐക്യപ്പെടുകയും ചെയ്യുന്നു. കടലുകള്‍ക്കപ്പുറം മറ്റൊരു വന്‍കരയിലെ മനുഷ്യരോട് ഐക്യപ്പെടുമ്പോഴും ഭാഷയില്‍ അറിയാതെ യജമാനഭാവം തെളിഞ്ഞുപോകുന്നതാണ് 1967-ല്‍ മലയാളത്തില്‍ വന്ന ഈ കവിതയുടെ പരിമിതി.
1967-1970 കാലത്തു നടന്ന നൈജീരിയന്‍ ആഭ്യന്തരയുദ്ധവും ബയാഫ്രയിലെ പട്ടിണിയും പശ്ചാത്തലമാക്കി സുഗതകുമാരി എഴുതിയ കവിതയാണ് ബയാഫ്ര. ഉപരോധത്താല്‍ കഷ്ടത്തിലായ തെരുവും അവിടുത്തെ എല്ലാ ജീവജാലങ്ങളും കവിയുടെ കണ്ണില്‍പ്പെടുന്നു. അവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്തതില്‍ കവി സ്വയം വിചാരണ ചെയ്യുന്നു. കലാപത്തിന്റെയും പട്ടിണിയുടെയും സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളൊന്നും കവി അന്വേഷിക്കുന്നില്ല. അമ്മ നഷ്ടപ്പെട്ട കുട്ടികളാണ് പ്രധാനമായും കവിയുടെ സങ്കടങ്ങള്‍ക്ക് നിമിത്തമാകുന്നത്. ഒരു ഘട്ടം കഴിയുമ്പോള്‍ കവി തന്നെ ആ കുഞ്ഞുങ്ങളുടെ അമ്മയാകുന്നുണ്ട്. ഒടുക്കം, അവരുടെ രാജ്യം ബയാഫ്ര തന്നെ അമ്മയുടെ സ്ഥാനത്തു വരുന്നു. ഈ കവിതയിലും അകലെനിന്നുള്ള കാഴ്ചയും കാരുണ്യം ചൊരിയലുമേയുള്ളൂ. സംസ്‌കാരത്തിന്റെ മേല്‍സ്ഥാനത്തുനിന്ന് താഴോട്ടുള്ള നോട്ടം ഈ കവിതയുടെയും പ്രകടഭാവമാണ്.
കഥകള്‍ മുഖാമുഖം നില്‍ക്കുന്ന ഡയസ്‌പോറ അനുഭവങ്ങള്‍
മലയാളത്തിലെ സീനിയര്‍ കഥാകൃത്തുക്കളിലൊരാളായ എം.ടി വാസുദവന്‍ നായരുടെ ഒരു കഥയുടെ പേരു തന്നെ ഡാര്‍എസ്‌സലാം എന്നാണ്. 1960-കളിലാണ് ഈ കഥ പുറത്തു വരുന്നത്. ഡാര്‍എസ്‌സലാമില്‍ പട്ടാള ഉദ്യോഗസ്ഥനായി വിരമിച്ച് നാട്ടിലെത്തിയ ഫെഡറിക് മുകുന്ദന്‍ എന്ന മേജറുടെ ഓര്‍മ്മകളാണ് കഥയുടെ ഉള്ളടക്കം. മേജറുടെ ഭാര്യ റീത്താമുകുന്ദന്റെ ആരാധകനായ ഒരു ചെറുപ്പക്കാനിലൂടെ തേര്‍ഡ് പേഴ്‌സണില്‍ ആഖ്യാനം ചെയ്യപ്പെടുന്ന ഈ കഥ ആഫ്രിക്കയിലേക്ക് തൊഴിലിനായി കുടിയേറിയ മലയാളീജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാണിച്ചു തരുന്നു. കഥയുടെ അവസാനഭാഗത്ത് കബീന എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. തന്റെ പരിചാരിക എന്ന മട്ടിലാണ് അവളെക്കുറിച്ചു സൂചിപ്പിക്കുന്നതെങ്കിലും കബീന അയാളുടെ ഭാര്യയ്ക്ക് ഒരു ആഫ്രിക്കക്കാരനിലുണ്ടായ മകളാണെന്ന് അവളുടെ ദേഹപ്രകൃതം വിവരിക്കുന്നതിലൂടെ മനസ്സിലാകും. ഈ കഥയുടെ മര്‍മ്മവും ആഫ്രിക്കയെ ഇകഴ്ത്തുന്നതാണ്.
ആഫ്രോ-മലയാളി ജീവിതം കുടുംബബന്ധങ്ങളിലേക്കു നീളുന്ന രണ്ടു നോവലുകള്‍ മലയാളത്തിലുണ്ട്. എസ്.കെ പൊറ്റെക്കാടിന്റെ കബീനയും പോഞ്ഞിക്കര റാഫിയുടെ ഒരാ പ്രോനോബിസും. കബീനയുടെ പശ്ചാത്തലം പഴയ ടാങ്കനിക്കയും ഒരാ പ്രോനോബിസിന്റെ പശ്ചാത്തലം കേരളത്തിലെ കൊച്ചിയുമാണ്. പതിനേഴാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെ നീളുന്ന കുടുംബചരിത്രമാണ് ഒരാ പ്രോനോബിസിന്റെ പ്രമേയം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ടാങ്കനിക്കയുടെ സാമൂഹ്യരാഷ്ട്രീയ സങ്കീര്‍ണതകളാണ് കബീനയുടെ പ്രമേയം.
ഓരാ പ്രൊനോബിസ് എന്ന നോവല്‍ ആഫ്രിക്കന്‍ ഡയസ്‌പോറയ്ക്ക് മലയാളത്തില്‍ ചമച്ച ഏടുകളാണ്. അമേരിക്കന്‍ ബ്ലാക്ക് നോവലിസ്റ്റായ അലകസ്‌ഹേലിയുടെ ഗവേഷണനോവലായ റൂട്‌സിനോട് ടാറ്റാപുരം സുകുമാരന്‍ ഒരാ പ്രോനോബിസിനെ സാധര്‍മ്യപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ നീഗ്രോകളുടെ കുടുംബചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നോവലാണ് റൂട്ട്‌സ്. കൊച്ചിയുടെ ചരിത്രത്തില്‍നിന്നും കൊച്ചിക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള കാപ്പിരിമുത്തപ്പന്‍ എന്ന മിത്തില്‍നിന്നുമാണ് റാഫി ഈ നോവല്‍ രൂപപ്പെടുത്തുന്നത്. കൊച്ചിയില്‍ സ്വാധീനമുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരുടെ കൂടെ കേരളത്തിലെത്തിയ ആഫ്രിക്കന്‍ അടിമകളുടെ അഞ്ചു തലമുറയുടെ കഥയാണ് ഒാരാ പ്രോനോബിസ്.
ജോര്‍ജ്ജ് തുണ്ടിപ്പറമ്പിലിന്റെ മായ എന്ന ഇംഗ്ലീഷ് നോവലും സ്ഥലകാലങ്ങളിലൂടെ സഞ്ചരിക്കുന്ന കാപ്പിരി മുത്തപ്പന്റെ കഥ പറയുന്നു. മായ എന്ന പെണ്‍കുട്ടിയോട് 500 വര്‍ഷത്തെ കൊച്ചിയുടെ ചരിത്രം വിവരിക്കുകയാണ് കാപ്പിരിമുത്തപ്പന്‍. ലത്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന മലയാളനോവലിലും കാപ്പിരി മുത്തപ്പന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കെ.എല്‍.ബെര്‍നാഡിന്റെ ഹിസ്റ്ററി ഓഫ് ഫോര്‍ട്ട് കൊച്ചിന്‍ എന്ന പുസ്തകത്തിലും കൊച്ചിയിലെ കാപ്പിരികള്‍ എന്ന പുസ്തകത്തിലും സൗമ്യഭാവനായ കാപ്പിരിമുത്തപ്പന്‍ എന്ന പ്രാദേശിക ദൈവത്തിന്റെ കഥ കാണാം.
ആഫ്രിക്ക: മാറുന്ന ഭാവനകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ആഫ്രിക്കന്‍ വന്‍കരയെ സംബന്ധിച്ച് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും കൊളോണിയല്‍ അധിനിവേശത്തില്‍നിന്നുള്ള ക്രമമായ മുക്തിയുടെയും കാലമാണ്. നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിന്റെ അവസാനകാലത്തുമാത്രം കൊളോണിയല്‍ ഭരണത്തില്‍നിന്നു മുക്തമായ ഇന്ത്യയിലെ എഴുത്തുകാരെയും ബുദ്ധിജീവികളെയും സംബന്ധിച്ച് ആഫ്രിക്കയിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്ക് അവരുടെ കണ്ണു പതിഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന മോഹന്‍ദാസ് ഖരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി തന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ ആദ്യകാലം കഴിച്ചുകൂട്ടിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു എന്നതും അവിടെ വെച്ചു തന്നെ അദ്ദേഹം വിവേചനങ്ങള്‍ക്കെതിരെ ആശയപരവും പ്രായോഗികവുമായ ചെറുത്തുനില്പു പദ്ധതികള്‍ രൂപപ്പെടുത്തി എന്നതും ഇന്ത്യന്‍ ബുദ്ധിജീവികളുടെ ആഫ്രിക്കയിലേക്കുള്ള നോട്ടത്തിന് ആക്കം കൂട്ടി. മലയാള ഭാഷയും സാഹിത്യവും ഇതില്‍നിന്നു മുക്തമല്ല. അറുപതുകളുടെ അവസാനവും എഴുപതിലുമായി മലയാളത്തിലുണ്ടായ ആഫ്രിക്ക, ബയാഫ്ര എന്നീ കവിതകള്‍ ഇത്തരമൊരു നോട്ടത്തിന്റെ ഫലമാണ്. മലയാള സാഹിത്യത്തില്‍ ആഫ്രിക്കയോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുന്നതിന് രാഷ്ട്രീയമായ ഐക്യപ്പെടലിനാണ് സാഹിത്യപരമായ കാരണങ്ങളേക്കാള്‍ പ്രാമുഖ്യം. ദക്ഷിണാഫ്രിക്കന്‍ നേതാക്കളായ നെല്‍സണ്‍ മണ്ഡേലയും രാഷ്ട്രീയപ്രവര്‍ത്തകനും കവിയുമായ ബെഞ്ചമിന്‍ മൊളോയിസും ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ടികളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. പത്രങ്ങളില്‍ വന്ന ലേഖനങ്ങളും വാര്‍ത്തകളും ആഫ്രിക്കന്‍ ജനതയോട് കൂടുതല്‍ ഐക്യപ്പെടുന്നതിന് മലയാളിയെ പ്രാപ്തനാക്കി. തൊണ്ണൂറുകളോടെ മലയാളസാഹിത്യത്തില്‍നിന്ന് ആഫ്രിക്കയെക്കുറിച്ചുള്ള പഴയ യൂറോ കേന്ദ്രിത കാഴ്ചപ്പാടുകള്‍ ഒട്ടൊക്കെ മാഞ്ഞു പോവുകയും അപരത്വത്തിനു പകരം സംസ്‌കാരങ്ങളിലേക്ക് ജിജ്ഞാസയോടെ എത്തിനോക്കുന്ന തന്മയീഭാവം രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഇക്കാലത്തെ സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ട്. യാത്രകള്‍,കുടിയേറ്റം,വിദ്യാഭ്യാസ സംബന്ധമായ കൊള്ളക്കൊടുക്കലുകള്‍, സിനിമകള്‍, കോളനിയന്തര ആഫ്രിക്കന്‍ സാഹിത്യവുമായുള്ള പരിചയം എന്നിവയും ആഫ്രിക്കയോടുള്ള മലയാളി മനോഭാവത്തെ മാറ്റിത്തീര്‍ത്ത ഘടങ്ങളാണ്.
ഇക്കാലംതൊട്ട് നാളിതുവരെയുണ്ടായ മലയാള സാഹിത്യത്തിലും സിനിമയിലുമെല്ലാം ഈ മാറിയ മനോഭാവം പ്രകടമാണ്. 2003ല്‍ പുറത്തിറങ്ങിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകളില്‍ എന്ന നോവല്‍ കാപ്പിരിമുത്തപ്പനെക്കുറിച്ചുള്ള സ്മരണകള്‍ വരുന്നുണ്ട്. ഈ സ്മരണകള്‍ പോഞ്ഞിക്കര റാഫിയുടെ ഓരാ പ്രൊനോബിസിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ 2010-ല്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലില്‍ മലയാളി ഡയസ്‌പോറയെ വടക്കന്‍ ആഫ്രിക്കയിലെ അലക്‌സാണ്ട്രിയയോളം നീട്ടുന്നുണ്ട്. ലോകത്തിന്റെ ജ്ഞാനപാരമ്പര്യത്തോടു മത്സരിക്കുമ്പോള്‍ മലയാളിക്ക് എടുത്തു പറയാനുള്ളത് അതിന്റെ ഗണിതശാസ്ത്രവിജ്ഞാനമാണ്. പതിഞ്ചാം നൂറ്റാണ്ടില്‍ മധ്യേഷ്യയിലേക്കും അവിടെനിന്ന് ഇറ്റാലിയന്‍ തീരങ്ങളിലേക്കും കപ്പലോട്ടവും കടല്‍വ്യാപാരവും നടത്തിയ കുന്ദംകുളത്തെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കച്ചവടക്കാരന്‍ തന്റെ മകനായ ഇട്ടിക്കോരയെ അലക്‌സാണ്ട്രിയയിലെ ഹൈപ്പേഷ്യന്‍ സ്‌കൂളില്‍ ചേര്‍ക്കുകയും അവിടെനിന്ന് മറ്റു വിദ്യകള്‍ക്കൊപ്പം ഗണിതവും പഠിച്ച ഇട്ടിക്കോര നാട്ടിലെത്തി പ്രാദേശിക ഗണിതവിദഗ്ദ്ധരുമായി സംവദിച്ച് കേരളീയ ഗണിതപാരമ്പര്യത്തിന് പുതിയ സംഭവാനകള്‍ നല്‍കുകയും ചെയ്തു എന്നാണ് നോവല്‍ ആഖ്യാനം ചെയ്യുന്നത്. ഇതേ ഇട്ടിക്കോര തന്നെ തന്റെ അന്ത്യകാലം ചെലവഴിച്ചത് (1499 മുതല്‍ 1517 വരെ) ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണെന്നും ഈ ബന്ധത്തിലൂടെയാണ് കേരളീയ ഗണിതശാസ്ത്രം യൂറോപ്പിലെത്തിയതെന്നും നോവല്‍ വിശദീകരിക്കുന്നു. ചരിത്രത്തെക്കുറിച്ചും ജ്ഞാനപാരമ്പര്യത്തെക്കുറിച്ചുമുള്ള യൂറോപ്യന്‍ ആഖ്യാനക്കുള്ള ഒരു എതിരുനില്‍ക്കല്‍ (കൗണ്ടര്‍) ഈ ആഖ്യാനത്തിലുണ്ട്.
2011-ല്‍ പുറത്തിറങ്ങിയ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ ഈ മനോഭാവത്തെ മറ്റൊരര്‍ത്ഥത്തില്‍ പിന്തുടരുന്നുണ്ട്. ഗാമയുടെ വരവോടെ പോര്‍ച്ചുഗലില്‍നിന്ന് കൊച്ചിയിലെത്തി വ്യാപാരശൃംഖല കെട്ടിപ്പടുത്ത ഒരു കുടുംബത്തിന്റെ പലായനങ്ങളുടെ കഥ പറയുന്ന ഈ നോവലില്‍ പോര്‍ച്ചുഗലില്‍നിന്ന് തുടങ്ങുന്ന ദേശാന്തരഗമനം നൂറ്റാണ്ടുകളിലൂടെ കൊച്ചി, പോണ്ടിച്ചേരി, ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളിലൂടെ ആഫ്രിക്കയിലേക്കാണ് നീളുന്നത്.
സോക്കര്‍:വന്‍ കരകളെ ഒന്നിപ്പിക്കുന്ന വിയര്‍പ്പു ചാലുകള്‍
സാഹിത്യവും രാഷ്ട്രീയവും സിനിമയും പോലെ വന്‍കരകളെ ഒന്നിപ്പിച്ച മറ്റൊരു വ്യവഹാരം സോക്കറാണ്. 1990ലെ ലോക കപ്പ് ഫുഡ്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജ്ജന്റീയെ ആഫ്രിക്കന്‍ ടീമായ കാമറൂണ്‍ തോല്പിച്ചതുമുതല്‍ ഫുഡ്‌ബോള്‍ പ്രേമികളായ മലയാളികളുടെ ഉള്ളില്‍ ലാറ്റിനമേരിക്കന്‍ യൂറോപ്യന്‍ താരങ്ങളോടൊപ്പം ആഫ്രിക്കന്‍ താരങ്ങളുമുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും കേരളീയരുടെ ശരീരപ്രകൃതിയ്ക്കും ഇണങ്ങുന്ന മട്ടില്‍ ചിട്ടപ്പെടുത്തിയ സെവന്‍സ് ഫുഡ്‌ബോളാണ് കളിക്കളത്തില്‍ മലയാളികള്‍ക്കു പ്രിയം. വടക്കന്‍ കേരളത്തില്‍ വിശേഷിച്ച് മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് നവംബര്‍ മുതല്‍ മെയ് വരെ നീളുന്ന സോക്കര്‍ ആവേശങ്ങളുടെ കേന്ദ്രം. ഇന്ത്യയിലെ പ്രൊഫഷണല്‍ ക്ലബ്ബുകളില്‍ ആഫ്രിക്കന്‍ കളിക്കാരുടെ സാന്നിധ്യം നേരത്തേയുണ്ടെങ്കിലും സെവന്‍സ് ടൂര്‍ണ്ണമെന്റുകളില്‍ ഈ സാന്നിധ്യം വന്നു തുടങ്ങിയത് 1015 വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ഇപ്പോള്‍ മിക്ക ടീമുകളിലും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാന്നിധ്യം മലയാളസിനിമയിലും സാഹിത്യത്തിലും ഇടം പിടിച്ചിട്ടുണ്ട്. ആഫ്രിക്കയെ സംബന്ധിച്ച് ജനകീയമായ മറ്റൊരു അവബോധം രൂപപ്പെടാന്‍ കാരണവുമായിട്ടുണ്ട്.
2017-ല്‍ പുറത്തു വന്ന ബോണി തോമസിന്റെ നീഗ്രോ എന്ന ചെറുകഥ കേരള സെവന്‍സിലേക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റത്തിന്റെ കഥയാണ്. ടോംഗോയിലെ ഈവേ വംശജനായ അപ്പോദേ എന്ന യുവാവ് രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെട്ട് ബോംബെയിലും അവിടെനിന്ന് ഫുഡ്‌ബോള്‍ താരമായി തൃശൂരും എത്തുന്നതാണ് നീഗ്രോയുടെ പ്രമേയം. ഫുഡ്‌ബോള്‍ ഭാഷയില്‍ ചിട്ടപ്പെടുത്തിയ മനോഹരമായ ഒരു ഫാമിലി ഡ്രാമയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ. മലപ്പുറത്തിന്റെ സെവന്‍സ് പശ്ചാത്തലത്തില്‍ സാമുവല്‍ എന്ന നൈജീരിയന്‍ കളിക്കാരന്റെ കഥയാണ് ഈ സിനിമ. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന നൈജീരിയയില്‍നിന്ന് കള്ളപ്പാസ്‌പോര്‍ട്ടെടുത്ത് മലപ്പുറത്തെ സെവന്‍സില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്ന സാമുവല്‍ റോബിന്‍സണില്‍ ബയാഫ്രയിലെ ഇഗ്‌ബോ വംശക്കാരന്റെ നിഴല്‍ വീണുകിടക്കുന്നതു കാണാം. നൈജീരിയയുടെ ഔദ്യോഗിഗ സംവിധാനങ്ങള്‍ക്ക് അനഭിമതനാണ് സാമുവല്‍ റോബിന്‍സണ്‍ എന്നതുകൊണ്ടാണ് അദ്ദേഹത്തിന് യാത്രയ്ക്ക് വ്യാജരേഖകള്‍ ഉണ്ടാക്കേണ്ടി വരുന്നത്. ബോണി തോമസിന്റെ കഥയിലെ നീഗ്രോ, നീഗ്രോബ്രോ തുടങ്ങിയ സംബോധനകള്‍ സുഡാനി ഫ്രം നൈജീരിയയില്‍ കാണില്ല. സിനിമയില്‍ ആഫ്രിക്കക്കാരനുള്ള സംബോധനാപദം സുഡാനി എന്നും കുറച്ചുകൂടി അടുപ്പത്തിലാവുമ്പോള്‍ സുഡു എന്നുമാണ്. ആദ്യകാലത്ത് മലബാറിലെത്തിയ ആഫ്രിക്കന്‍ കളിക്കാര്‍ സുഡാനില്‍ നിന്നായതുകൊണ്ടാണ് അവര്‍ മലയാളിക്ക് സുഡാനിയായത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ടൈറ്റില്‍ തന്നെ ഈ വൈരുദ്ധ്യത്തെ അഡ്രസ് ചെയ്യുന്നുണ്ട്. പിന്നീട് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും കളിക്കാര്‍ എത്തിയെങ്കിലും സുഡാനി എന്നത് എല്ലാ ആഫ്രിക്കക്കാര്‍ക്കുമുള്ള സംജ്ഞാനാമമായി. പരിക്കേറ്റ് കുറച്ചധികം കാലം ഒരു ഗ്രാമീണ ഭവനത്തില്‍ ചികിത്സയും വിശ്രമവുമായി കഴിയേണ്ടി വരുന്ന ആഫ്രിക്കന്‍ താരം മുതിര്‍ന്ന അമ്മമാരുമായും കുട്ടികളുമായും അടുത്തിടപഴകുന്നുണ്ട്. സിനിമയില്‍ ഒരിടത്ത് പ്രധാന കഥാപാത്രങ്ങളിലൊരാളായ ഒരമ്മ(ഒരു സാധാരണ മുസ്‌ലിം സ്ത്രീ) സാമുവലിനെ സ്‌നേഹത്തോടെ വിളിക്കുന്നത് മോനേ, സുഡൂ എന്നാണ്. കാപ്പിരി എന്ന പതിനാറാം നൂറ്റാണ്ടിലെ സംബോധനയില്‍നിന്ന് മോനേ.. എന്ന ഈ വിളിയിലെത്തുന്നതാണ് ആഫ്രിക്കയെ സംബന്ധിച്ച മലയാളീമനോഭാവ പരിണാമങ്ങളുടെ അവസാനവാക്ക്.
ഏറ്റവും പുതിയ മലയാളകവിത ആഫ്രിക്കയെ അല്പം പോലും വിവേചനമില്ലാതെ സ്വീകരിക്കുന്നുണ്ട്. കുഴൂര്‍ വില്‍സണ്‍ന്റെ ഭൂലോകസുന്ദരി ജെറെയുടെ ഒരു സാധാരണദിവസത്തെ ഡയറിക്കുറിപ്പ് എന്ന കവിത ആഫ്രിക്കക്കാരിയായ ഒരു നഴ്‌സറിപ്പെണ്‍കുട്ടിയെ സ്വന്തം മകളായിക്കണ്ടുള്ള അച്ഛന്‍ മകള്‍ ലീലകളുടെ ആവിഷ്‌കാരമാണ്. വില്‍സണ്‍ തന്റെ മകള്‍ അന്നയെക്കുറിച്ചെഴുതിയ ഒരു കവിതയുണ്ട്. രണ്ടുപേര്‍ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി ഈ കവിതയുടെ വാല്‍സല്യഭാവത്തില്‍നിന്ന് ഒട്ടും ഭിന്നമല്ല ജെറെയെക്കുറിച്ചുള്ള കവിതയും. യാസര്‍ എളമ്പിലാട്ട് എന്ന കവിയുടെ സറീന വില്ല്യംസ്, നീ ഒന്നുമറിയുന്നില്ലല്ലോ, ഒരാള്‍ നിന്നെ കാത്തിരിക്കുന്നത് പോലും എന്ന കവിത ടെന്നീസ് താരം സെറീന വില്യംസിനോടുള്ള ആരാധനയും പ്രണയവും കാമവും തുറന്നെഴുതുന്ന രചനയാണ്. ഈ കവിതയില്‍ ഉപമകളും അലങ്കാരങ്ങളും കിട്ടാതെ കവി ബുദ്ധിമുട്ടുന്നുണ്ട്. ആഫ്രിക്ക ശക്തമായ പ്രമേയമായി വരുന്ന നോവലാണ് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ടി.ഡി.രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന നോവല്‍.
വിവര്‍ത്തനങ്ങളും പഠനങ്ങളും
പോസ്റ്റ് കൊളോണിയല്‍ കാലത്ത് ആഫ്രിക്കയിലുണ്ടായ കവിതകള്‍ക്കും നോവലുകള്‍ക്കും മലയാളത്തില്‍ നല്ല വായനക്കാരുണ്ട്. ധാരാളം നോവലുകളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൈബീരിയന്‍ എഴുത്തുകാരന്‍ വാമ്പ ഷെരീഫിന്റെ ലാന്‍ഡ് ഓഫ് മൈ ആണ് അവസാനമായി മലയാളത്തിലെത്തിയെ ആഫ്രിക്കന്‍ നോവല്‍. ജെഎം കുത്‌സി, ടോണി മോറിസണ്‍, വോള്‍ സോയിങ്ക, നജിബ് മഹ്ഫൂസ്, ത്വയബ് സാലിഹ് തുടങ്ങിയവരുടെയൊക്കെ രചനകള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളം കവിതകളും മലയാളത്തിലെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ എഴുത്തിനെ മുന്‍നിര്‍ത്തിയുള്ള നിലവാരമുള്ള നിരൂപണങ്ങളും മലയാളത്തിലുണ്ട്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന ഇരുപത്തിനാല് നോവലുകളെക്കുറിച്ചുള്ള പഠനമാണ് ഫസല്‍ റഹ്മാന്റെ ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം.( ദി ആഫ്രിക്കന്‍ അറ്റലസ് ഓഫ് നരേഷന്‍) ഈ പുസ്തകത്തില്‍ വിസാര്‍ഡ് ഓഫ് കൗ (ഗൂഗി വാ തിയോംഗ്), അല്ലാഹ് ഈസ് നോറ്റ് ഒബ്ലിജ്ഡ് (അഹ്മദൗ കുറൗമ), ഹൈഡിംഗ് ഇന്‍ പ്ലൈന്‍ സെറ്റ് (നൂറുദ്ദീന്‍ ഫറാഹ്),
ഖാലിദ് മത്താവ, ത്വയിബ് സാലിഹ്, ഇബ്രാഹിം അല്‍ ഖൂനി തുടങ്ങിയ ആഫ്രിക്കന്‍ അറബ് എഴുത്തുകാരുടെ രചനാലോകങ്ങളിലൂടെ കടന്നുപോകുന്നുണ്ട് വി.മുസഫര്‍ അഹമ്മദിന്റെ അറബ് സംസ്‌കൃതി വാക്കുകള്‍ വേദനകള്‍ (ദി അറേബ്യന്‍ കള്‍ച്ചര്‍: വേഡ്‌സ് ആന്‍ഡ് പെയിന്‍സ്) എന്ന പുസ്തകം. കോളണനിയനന്തര ലോകവീക്ഷണവും ഗ്ലോബലൈസേഷന്റെ സാധ്യതകളും വന്‍കരകളെ വിവേചന രഹിതമായി അടുപ്പിച്ചതുപോലെ സഹസ്രാബ്ദങ്ങളായി ബന്ധമുള്ള മലയാളക്കരയും ആഫ്രിക്കന്‍ തീരവും പുതിയ കാലത്ത് ഭൗതികമായ അകലം കുറച്ച് അതിന്റെ സംസ്‌കൃതിയെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്നു.
ആധുനികമലയാള സാഹിത്യത്തിന്റെ ആദ്യകാല ഓര്‍മ്മകളില്‍ത്തന്നെ ആഫ്രിക്കയും അവിടുത്തെ ജനതയുമുണ്ട്. കച്ചവടബന്ധങ്ങളും രാഷ്ട്രീയസമവാക്യങ്ങളും പല നൂറ്റാണ്ടുകളില്‍ പല തരത്തിലാണ് ഈ ഓര്‍മ്മകളുടെ വിലയും മൂല്യവും നിര്‍ണ്ണയിച്ചത്. പൂര്‍വ്വകൊളോണിയല്‍ കാലത്തും കൊളോണിയല്‍ കാലത്തും കോളനിയനന്തര കാലത്തും ആഫ്രിക്കയെ സംബന്ധിക്കുന്ന മലയാളി മനോഭാവം ക്രമാനുഗതമായി മാറുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാലമാകുമ്പോഴേക്ക് ആഫ്രിക്കയില്‍നിന്നുള്ള സാഹിത്യത്തിലേക്ക് മലയാളം ആഴത്തില്‍ കണ്ണു പായിക്കുന്നുണ്ട്.
മലയാളത്തിലുണ്ടാകുന്ന രചനകളില്‍ ആഫ്രിക്കയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഉണ്ടാവുക മാത്രമല്ല ആഫ്രിക്കന്‍ സാഹിത്യം ധാരാളമായി മലയാളത്തില്‍ത്തന്നെ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിദൂരസ്മൃതികളില്‍ ആഫ്രിക്കയെ പ്രതീക്ഷയോടെയല്ല, ഒട്ടൊരു ഭയത്തോടെയും കൗതുകത്തോടെയുമാണ് മലയാളി നോക്കിക്കണ്ടതെങ്കില്‍ ഇന്ന് അങ്ങനെയല്ല. തനിയ്ക്കു തുല്യനോ താന്‍ തന്നെയോ ആയി ആഫ്രിക്കന്‍ അനുഭവങ്ങളെ തിരിച്ചറിയാന്‍ മലയാളിക്ക് ഇന്ന് ബുദ്ധമുട്ടില്ല.
ആഫ്രിക്കയോടുള്ള മലയാളിയോടുള്ള മനോഭാവമാറ്റം രണ്ടു തരത്തിലാണ്. ഒന്നിന് ഒരു ആഗോള സ്വഭാവമുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളോടുള്ള അനുഭാവവും ഐക്യപ്പെടലും ജനങ്ങളും സാഹിത്യവുമായി കൂടുതല്‍ അടുത്ത് ഇടപഴകിയതും ആഗോള സ്വഭാവത്തിലുള്ള പരിണാമത്തിന് കാരണമാണ്. അടിമകളായെത്തി ഉടമകളുടെ പലായനകാലത്തുപോലും രക്ഷ കിട്ടാതെ ബലിയര്‍പ്പിക്കപ്പെട്ട് ഭൂതങ്ങളായ നിര്‍ഭാഗ്യവാന്മാരോടുള്ള പ്രാദേശികമായ ഐക്യപ്പെടലാണ് രണ്ടാമത്തേത്. ആഫ്രിക്കയുടെ ആത്മാവിനെ സൗമ്യഭാവമുള്ള ദൈവമായി സ്വീകരിക്കുകയും ഇവിടുത്തെ ഫോക് ലോറിന്റെ ഭാഗമാക്കുകയും സാഹിത്യകൃതികളിലൂടെ അതിന് ചിരപ്ര പ്രതിഷ്ഠ നല്കുകയും ചെയ്യുന്നു. പ്രാദേശികവും ആഗോളവുമായ ഈ ഐക്യപ്പെടല്‍ ഇരു കൈകളും ചേര്‍ത്ത് ഒരു സംസ്‌കൃതിയെ ആലിംഗനം ചെയ്യുന്നതിനെ പ്രതീകവല്‍ക്കരിക്കുന്നു.