Thelicham

അരാജകത്വങ്ങളെ പവിത്രവത്കരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്

ശാസ്ത്രം ഏറെ പുരോഗമിച്ച 21-ാം നൂറ്റാണ്ടിലും മനുഷ്യന്‍ പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്ന യുക്തിവാദം പരിമിത ബുദ്ധിയുടെ തടവറയിലാണിപ്പോഴും. ഏതൊരാളുടെയും കേവല യുക്തി അംഗീകരിക്കുന്നതാണ് അവനും അവന്‍ അധിവസിക്കുന്ന ഭൂമിക്കും അതെല്ലാം അടങ്ങുന്ന ഈ പ്രപഞ്ചത്തിനും ഒരു സ്രഷ്ടാവുണ്ടെന്നത്. അത് തെളിയിക്കാന്‍ കോടികള്‍ മുടക്കി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി ഫോസില്‍ ഗവേഷണം നടത്തേണ്ട ആവശ്യമില്ല. തനിക്കു ചുറ്റുമുള്ള പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഉള്‍കണ്ണ് തുറന്ന്, നിഷ്‌കപട ബുദ്ധിയോടെ നിരീക്ഷിച്ചാല്‍ മാത്രം മതി. മാറുന്ന ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടാവണമെന്നത് പ്രകൃതിയുടെ നിയമമാണ്.
വിശ്വാസികള്‍ പറയുന്ന ദൈവ കഴിവിനും മീതെയാണ് ഡാര്‍വിന്‍ മുന്നോട്ടുവെക്കുന്ന പരിണാമം എന്നു തെളിയിക്കാനാണ് ശരിക്കും ഇന്നു നടക്കുന്ന പരീക്ഷണ നിരീക്ഷങ്ങളെല്ലാം. എന്നാല്‍, ഇതിലൂടെയും അനാദിയും അനശ്വരനുമായ ദൈവത്തിന്റെ ഉണ്മയും ശക്തിയും കൂടുതല്‍ തെളിയുകയാണെന്ന കാര്യം ആര് ചിന്തിക്കുന്നു?! ദൈവം ഏതെങ്കിലും വിശ്വാസികളുടേത് മാത്രമാണെന്ന യുക്തിശൂന്യ ബോധമാണ് ഇവിടെ പ്രശ്‌നം. സൃഷ്ടിക്കപ്പെട്ട ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടെന്നതാണ് കാര്യം. സൃഷ്ടിവാദികളുടെ കേവല ഭാവനയോ മിഥ്യാധാരണയോ ആയി മാത്രം ഈ വാദത്തെ മനസ്സിലാക്കാവതല്ല. യുക്തിയും പ്രകൃതിയും ഇതിനെ സ്ഥിരീകരിക്കുന്നുവെന്നത് വസ്തുത.
കേരളത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരു രോഗം പോലെ സംക്രമിച്ചുകൊണ്ടിരിക്കുന്ന യുക്തിവാദ ‘മത’ത്തിന്റെ ‘വിശ്വാസ’വും ‘പ്രമാണ’വും അന്വേഷിക്കുകയാണിവിടെ. ഡാര്‍വിനിസത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത് ഒരു ലിബറലിസമായാണ് പൊതു തലങ്ങളില്‍ മുഖം കാണിക്കുന്നത്. നൈതികതയും നീതി സങ്കല്‍പവും ഇതിന്റെ ജീനില്‍ ‘കോഡ്’ ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഒരു തരം അരാജകത്വത്തെയാണ് പുതിയ കാലത്ത് അത് പ്രതിനിധീകരിക്കുന്നത്.

ഡാര്‍വിനിസം വാദവും വിശ്വാസവും

ഡാര്‍വിന്‍ തുടങ്ങിവെച്ച പരിണാമ സിദ്ധാന്തത്തിനപ്പുറത്തേക്ക് ഒരു പടിവെക്കാന്‍ പോലും ഇന്നും യുക്തിവാദികള്‍ക്ക് സാധിച്ചിട്ടില്ല. നവ നാസ്തിക വാദികളായ സാം ഹാരിസും റിച്ചാഡ് ഡോക്കിന്‍സും ക്രിസ്റ്റഫര്‍ ഹിച്ചന്‍സും ഡാനിയല്‍ ഡണ്ണറ്റുമെല്ലാം ഇപ്പോഴും ഈ ഡാര്‍വിനിസ്റ്റ് വാദങ്ങളുടെ പ്രചാരകരാണ്. അതിനെ ന്യായീകരിക്കാനാണ് അവരിന്നും പുസ്തകങ്ങളെഴുതുന്നതും നിരീക്ഷണങ്ങള്‍ നടത്തുന്നതും. ശാസ്ത്രീയ രീതിശാസ്ത്രമുപയോഗിച്ച് ഒരു കാര്യം കണ്ടെത്തുകയെന്നതിലപ്പുറം തങ്ങളുടെ നിരീശ്വര വാദത്തെ സ്ഥാപിക്കാന്‍ ഈ വാദത്തെ ഉപദാനമാക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്‍ഭവം എങ്ങനെയാണെന്ന് കണ്ടെത്തുകയെന്നതിനപ്പുറം ‘പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് ഇല്ലായിരുന്നുവെങ്കില്‍’ എന്ന ഹൈപോതിസീസ് മുന്നില്‍ വെച്ചാണ് അവരുടെ ഗവേഷണം മുന്നോട്ടുപോകുന്നത്. അത് തെളിയിക്കാനാണ് അവര്‍ ശാസ്ത്രത്തിന്റെ നെറ്റിപ്പട്ടം കെട്ടി ഡാര്‍വിനിസത്തെ കൂടെ പിടിക്കുന്നതും.
കേവല യുക്തിബോധമുള്ളവന് ചിന്തിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ ഉള്ള ഒരു സാധനത്തിന് ഉണ്ടാക്കിയവന്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം. ആരും ഉള്ളുകൊണ്ട് അംഗീകരിക്കുന്നതുമാണിത്. യുക്തിവാദം നടിക്കുന്നവരുടെയും ഉള്ളില്‍ ഇതുണ്ടാകും. ദുരഭിമാനവും മര്‍ക്കടമുഷ്ടിയും അഹങ്കാരവുമാണ് ഏതൊരു യുക്തിവാദിയെയും ഇത് അംഗീകരിക്കുന്നതില്‍നിന്നും പിന്നോട്ടു വലിക്കുന്നത്. ബോധ്യമായ ഒന്നിനെ ദുരഭിമാനത്തിനായി നിഷേധിച്ച് ശ്രദ്ധിക്കപ്പെടാന്‍ വഴിയൊരുക്കുക എന്നതു മാത്രമാണ് അധികമാളുകളും ഇതിലൂടെ മോഹിക്കുന്ന ഒരു നേട്ടം.
വിവിധ പരിണാമ ഘട്ടങ്ങള്‍ കടന്നാണ് ജൈവലോകം വികസിച്ചതെന്നും അമീബയും ആനയും കുരുവിയും ദിനോസറുമെല്ലാം ഈ ജൈവ മരത്തിലെ വിവിധ ശാഖകളാണെന്നുമാണ് ഡാര്‍വിനിസം പറയുന്നത്. ആദ്യം കാട്ടു മനുഷ്യനാണ് ഉണ്ടായിരുന്നതെന്നും പിന്നീടത് നാട്ടു മനുഷ്യനായെന്നും ഇതിനെല്ലാം കോടിക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് പുതിയ പരിണാമ വാദ കണ്ടെത്തലുകള്‍. ചിമ്പാന്‍സിയുടെ ശാഖയില്‍നിന്നും പൊട്ടിമുളച്ച പുതിയൊരു ശാഖയിലാണത്രെ ഒടുവിലത്തെ മനുഷ്യന്റെ സൃഷ്ടിപ്പ്. അഥവാ, മനുഷ്യ ജന്മത്തിന്റെ പിന്നോട്ടുള്ള വേരുകള്‍ തേടുമ്പോള്‍ അവനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പൂര്‍വ്വ രൂപം കുരങ്ങാണെന്ന് ചുരുക്കം.
പഴയ പരിണാമ വാദത്തില്‍നിന്നും ഇന്നത്തെ നിയോ ഡാര്‍വിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. വാല് മുറിഞ്ഞ് കുരങ്ങനായെന്ന പഴയ കാല വ്യാഖ്യാനങ്ങളില്‍ നിന്നും വിട്ട് പുതിയ ‘യുക്തി’യോട് സംവദിക്കുന്നതാണ് പുതിയ വ്യാഖ്യാനങ്ങള്‍. സുദീര്‍ഘമായ ജൈവ പരിണാമ യാത്രയിലെ ഒരു ഘട്ടം മാത്രമാണ് ഇവിടെ മനുഷ്യന്‍. 1500 കോടി വര്‍ഷങ്ങള്‍ മുമ്പു തുടങ്ങിയ ഈ പരിണാമ യാത്ര ഇനിയും മുന്നോട്ടു പോയേക്കുമെന്നാണ് പരിണാമ വാദികളുടെ നിഗമനം. അങ്ങനെയെങ്കില്‍, ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ മറ്റെന്തോ ആയി മാറിയേക്കും!
മനുഷ്യനെ ദൈവം പടച്ചതല്ലെന്ന് തെളിയിക്കാനാണ് ഡാര്‍വിനിസം ഉപദാനമാക്കി യുക്തിവാദികള്‍ ശ്രമിക്കാറ്. ഇതിനാണ് കോടിക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ‘നിഗമനം’ ചെയ്ത് ഫോസില്‍ ‘റെക്കോര്‍ഡ്‌സി’നെ നിര്‍മിച്ചുണ്ടാക്കുന്നത്. ദൈവത്തിനും മുമ്പേ ഫോസിലുകളുണ്ടായിരുന്നുവെന്ന് പറയലാണ് അവരുടെ ലക്ഷ്യം. അതിനാല്‍ ദൈവങ്ങളെ മനുഷ്യന്‍ ഉണ്ടാക്കിയതാണെന്നാണ് അവരുടെ വാദം. എല്ലാം പരിണമിച്ചുണ്ടായതാണെന്നും ദൈവമെന്ന ഒരു സാന്നിധ്യത്തിന് പ്രസക്തിയില്ലെന്നും പറയുന്ന ഇവര്‍ കേവല യുക്തി പോലും ഉപയോഗിക്കാതെ ഈ ഡാര്‍വിനിസ്റ്റ് പരിണാമ തിയറിയിലൂടെ കൂടുതല്‍ വിഡ്ഢികളായി മാറുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.
. ഏതൊരു വസ്തുവിനും ഒരു നിര്‍മാതാവ് വേണമെന്നിരിക്കെ മനുഷ്യനെ സ്രഷ്ടാവ് ഉണ്ടാക്കി എന്ന് യുക്തിയുടെ വെളിച്ചത്തില്‍ മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ ഇവിടെ പ്രശ്‌നം. പക്ഷെ, ദൈവത്തെ അംഗീകരിച്ചുപോകുമോ എന്ന ദുരഭിമാന ഭയം വലിയ കോമാളിത്തത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് യുക്തിവാദികളെ ഈ പരിണാമ കെട്ടുകഥയിലൂടെ. പുരോഗമനം പറയുന്നവര്‍ ഈ നവ യുഗത്തിലും മനുഷ്യന്‍ സ്വയം പരിണമിച്ചുണ്ടായതാണെന്ന ഒരു അന്ധവിശ്വാസം വെച്ചുപുലര്‍ത്തുന്നുവെന്നത് ഏറെ വിരോധാഭാസം തന്നെ.

ഡാര്‍വിനിസവും യുക്തിവാദവും തമ്മിലെന്ത്?

ദൈവമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ക്ക് ഡാര്‍വിനിസവുമായെന്തു ബന്ധം എന്നാണ് ചിലര്‍ ചോദിക്കുന്നത്. യുക്തിവാദികളായി ഇന്നേവരെ കടന്നുവന്നവരെല്ലാം ഭൂമിയില്‍ ജീവന്റെ ഉല്‍ഭവം ന്യായീകരിക്കാന്‍ ഈ അബദ്ധ സിദ്ധാന്തത്തെ ആശ്രയിക്കുന്നുവെന്നതാണ് ചരിത്രം. കമ്യൂണിസ്റ്റ് സൈദ്ധാന്തികരും ഈ വാദത്തിന്റെ തടവറയിലാണ്. പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച കെ. ദാമോദരന്റെ ‘മനുഷ്യന്‍’ ശരിക്കും ഒരു പരിണാമ ജീവിയുടെ കഥയാണ് പറയുന്നത്. ‘മാര്‍ക്‌സിസ്റ്റ് പാഠാവലി’ എഴുതിയ അദ്ദേഹത്തിന്റെ ഭാവനയിലെ മനുഷ്യന്‍ കോടാനകോടി വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ രൂപപ്പെട്ടുവന്ന കേവലമൊരു പദാര്‍ത്ഥം മാത്രമാണ്.
നവ നാസ്തികരായ റിച്ചാര്‍ഡ് ഡോക്കിന്‍സും കൂട്ടാളികളുമെല്ലാം തങ്ങളുടെ ആശയം ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ ഈ സിദ്ധാന്തം തന്നെയാണ് കൂടെപ്പിടിക്കുന്നത്. ഡോക്കിന്‍സിന്റെ ഗോഡ് ഡെലൂഷ്യനും ഹിച്ചന്‍സിന്റെ ഗോഡ് ഈസ് നോട്ട് ഗ്രേറ്റും സാം ഹാരിസിന്റെ ദി എന്‍ഡ് ഓഫ് ഫെയ്ത്തും ഇതിനെ സമര്‍ത്ഥിക്കുന്നത് കാണാം. പുതിയ ലോക്കല്‍ യുക്തിവാദികളും നാഴികക്കു നാല്‍പതു വട്ടം നാക്കിട്ടടിക്കുന്നത് ഈ അയുക്തി തന്നെയാണ്. രവിചന്ദ്രന്റെ നാസ്തികനായ ദൈവവും യു.കലാനാഥന്റെ പുസ്തകങ്ങളുമെല്ലാം ആശയത്തില്‍ ഇവയുടെ വ്യാഖ്യനങ്ങള്‍ തന്നെ.
ഇതല്ലാതെ തങ്ങളുടെ വാദമായ ദൈവമില്ലായ്മയെ ‘ശാസ്ത്രീയ’മായി സ്ഥാപിക്കാന്‍ മറ്റൊരു സിദ്ധാന്തവും ലോകത്തുണ്ടായിട്ടില്ലായെന്നതിനാലാണ് പരിണാമവാദത്തിന് ഇത്രയും പ്രിയം. ശാസ്ത്രീയം എന്നത് നേരത്തെത്തന്നെ മുഖമുദ്രയായി വെച്ചിരിക്കെ ഏതു അന്ധവിശ്വാസത്തെയും അബദ്ധങ്ങളെയും ആ മൂശയില്‍ വാര്‍ത്തെടുക്കുമ്പോഴേ അത് യുക്തിയും ശാസ്ത്രവുമായി മാറുകയുള്ളൂവെന്ന് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കറിയാം. എന്നാല്‍, ഡാര്‍വിനിസ്റ്റ് പരിണാമ വാദത്തിലൂടെ ‘യുക്തിജീവികള്‍’ അപഹാസ്യരാവുകയാണെന്ന കാര്യം ആരു കണ്ടു!

ഫോസില്‍ റെക്കോര്‍ഡ്‌സും ജനിതക രഹസ്യവും

ഡാര്‍വിനിസം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഫോസില്‍ റെക്കോര്‍ഡ്‌സും ജനിതക കോഡുകളും ഉയര്‍ത്തിക്കാട്ടിയാണ് യുക്തിവാദികള്‍ സംസാരിക്കാറ്. മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ ശാസ്ത്രം ഇന്ന് കണ്ടെത്തിയിട്ടുണ്ടല്ലോ. നേരത്തെത്തന്നെ ഇവിടെ ജീവികള്‍ ഉണ്ടായിരുന്നുവെന്നതല്ലേ ഈ ഫോസില്‍ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് അവര്‍ ചോദിക്കല്‍. ദൈവത്തിനും മുമ്പ് ഇവിടെ ജീവിയുണ്ടായിരുന്നുവെന്നും അതുകൊണ്ട് ജീവനാണ് നേരത്തെയുള്ളതെന്നും അത് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു.
ഒരു തരം ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസത്തിന്റെ പ്രഭാവം തന്നെയാണ് ഇതിലും നിഴലിച്ചുനില്‍ക്കുന്നത് എന്നു കാണാന്‍ വലിയ യുക്തിയുടെ ആവശ്യമൊന്നുമില്ല. സര്‍വ്വ സ്രഷ്ടാവായ ദൈവം അനാദിയും അനശ്വരനും പണ്ടേക്കു പണ്ടേ ഉള്ളവനുമായിരിക്കെ ഇത്തരം’സിദ്ധാന്തങ്ങള്‍’ക്കൊന്നും ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യാനാവില്ല. നേരത്തെത്തന്നെ ഉള്ള ദൈവമാണ് ഈ ഫോസിലുകളെയും സൃഷ്ടിച്ചത് എന്നുവരുമ്പോള്‍ ദൈവാസ്തിക്യ വാദം ശക്തിപ്പെടുകയാണ് ഈ ഫോസില്‍ റെക്കോര്‍ഡ്‌സിലൂടെ. കാരണം, സൃഷ്ടിയായ പ്രപഞ്ചത്തിലെ സര്‍വ്വതും ഒരു സ്രഷ്ടാവിനെ തേടുന്നുണ്ട്. ആ സ്രഷ്ടാവാണ് അല്ലാഹു.
പ്രപഞ്ചത്തിന് ഇത്രമാത്രം വര്‍ഷങ്ങളുടെ പഴക്കമുണ്ടോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന യുക്തമായ ഒരു ചോദ്യം. ഇന്നത്തെ ഡാര്‍വിനിസ്റ്റ് ശാസ്ത്രം പറയുന്നതനുസരിച്ച് 1500 കോടി വര്‍ഷം മുമ്പാണത്രെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി. ഏത് ശാസ്ത്രത്തിന്റെ മാപിനിയുപയോഗിച്ചാണ് ഇത് പറയുന്നത് എന്ന് ചോദിച്ചാല്‍ മനുഷ്യന്റെ പരിമിതമായ യുക്തിയുടെ വെളിച്ചത്തില്‍ എന്നു മാത്രമേ മറുപടിയുള്ളൂ.
എന്നാല്‍, വസ്തുതയോ? ആഫ്രിക്കന്‍ കാടുകളില്‍ നിന്നും ലഭിച്ച ഫോസിലുകള്‍ മുമ്പില്‍ വെച്ചു നടത്തിയ നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രജ്ഞന്മാര്‍ അനുമാനിച്ചെടുത്തത് മാത്രമാണ് ഈ കാലഗണന. ഒമ്പത് ഗ്രഹങ്ങളില്‍നിന്നും പ്ലൂട്ടോ ഔട്ടായി എട്ടായതുപോലെ ശാസ്ത്ര നിരീക്ഷണങ്ങളുടെ ആപേക്ഷികതയില്‍നിന്നുവേണം ഇതിനെയും മനസ്സിലാക്കാന്‍. അത് അയഥാര്‍ത്ഥമാകാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാവതല്ല. ഫോസില്‍ കാലഗണനയിലും ഈ അനുമാനക്കഥ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
പക്ഷെ, യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ഇവിടെ ശാസ്ത്രം ദൈവവും പരമ സത്യവുമായി മാറുന്നു. അതാണല്ലോ അവരുടെ എല്ലാം. ഇത്രയും കോടി വര്‍ഷങ്ങളിലൂടെയുള്ള ജീവന്റെ പരിണാമ യാത്രകളെക്കുറിച്ച് വിശദമായി ചോദിക്കാന്‍ പാടില്ലതാനും.
ജനിതക കോഡുകളുടെ കാര്യവും ഇതുപോലെത്തന്നെ. പല വസ്തുക്കളെക്കുറിച്ചും ചോദിക്കുമ്പോള്‍ ജനിതക കോഡില്‍ അങ്ങനെയാണ് രേഖപ്പെട്ടുകിടക്കുന്നത് എന്നായിരിക്കും മറുപടി. ഓരോ ജീവജാലങ്ങളുടെയും ജനിതക ഘടനയില്‍ ആരാണ് അവയുടെ ശീലങ്ങളെ പ്രത്യേകമായി കോഡ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് യുക്തിവാദികള്‍ ചിന്തിച്ചിട്ടുണ്ടോ? അത് കാലാന്തരത്തില്‍ പ്രകൃത്യാ അങ്ങനെ സംഭവിച്ചുവെന്ന് മാത്രമേ ഡാര്‍വിനിസ്റ്റ് സയന്‍സില്‍ ഇതിന് മറുപടിയുള്ളൂ. ജീവജാലങ്ങളില്‍ ജനിതക രഹസ്യം സംവിധാനിച്ച ദൈവം/സ്രഷ്ടാവ് തന്നെയാണ് ഇത് രേഖപ്പെടുത്തിയത് എന്ന് മനസ്സിലാക്കുമ്പോള്‍ ദൈവത്തെ നിഷേധിക്കാനായി മാത്രം ഉണ്ടാക്കിയെടുത്ത ഡാര്‍വിനിസ്റ്റ് തിയറി തകര്‍ന്നടിയുന്നത് കാണാം.

ഡിങ്കന്‍ പരിഹാസമല്ല, ഗതികേട്

യുക്തിവാദികള്‍ ദൈവ വിശ്വാസത്തെ പരിഹസിക്കാനായി രൂപപ്പെടുത്തിക്കൊണ്ടുവന്ന ഒരു ‘ബിംബ’മാണ് ഡിങ്കന്‍. ശരിക്കും, കേവലമൊരു പരിഹാസമെന്നതിലപ്പുറം ഈ മേഖലയില്‍ തങ്ങള്‍ അനുഭവിക്കുന്ന യുക്തിപരിമിതിയുടെ അനിവാര്യ ഉത്തരമായാണ് ഡിങ്കന്‍ കടന്നുവരുന്നതെന്ന് കാണാം. ഏതൊരു വസ്തുവിനും ഒരു സ്രഷ്ടാവുണ്ടെന്നതാണല്ലോ യുക്തി. പുറത്ത് നിഷേധിക്കുന്നുണ്ടെങ്കിലും ഒരു യുക്തിവാദിയുടെ ഉള്ളിന്റെ ഉള്ളില്‍ അത് സമ്മതിക്കുന്നുണ്ട്. അത് ഇന്ന ദൈവമാണെന്ന് തുറന്ന് പറയുന്നിടത്താണ് അവന്റെ പ്രശ്‌നം കിടക്കുന്നത്. അതുകൊണ്ടുതന്നെ, ആ മാനസിക തേട്ടത്തിന്റെ കുയുക്തിയിലൂടെയുള്ള മറുപടിയാണ് ഡിങ്കന്‍ എന്നത്.
പ്രപഞ്ചം, ജീവന്‍ തുടങ്ങിയവയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് യുക്തിവാദത്തിലും ഡാര്‍വിനിസത്തിലും നിലനില്‍ക്കുന്ന അവ്യക്തതയില്‍ പെട്ടുരുളുമ്പോഴാണ് പലരുമീ പേര് എടുത്തു പറയാറുള്ളത്. പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ചോദിച്ചാല്‍ പരിണാമമെന്നായിരിക്കും മറുപടി. എവിടെനിന്നു പരിണമിച്ചെന്നായിരിക്കും സ്വാഭാവികമായും അടുത്ത ചോദ്യം. ബ്ലാക്ക് മാറ്റര്‍ എന്നോ പ്രപഞ്ച ദ്രവ്യം എന്നും പറയപ്പെടുന്ന പ്രഥമ പ്രപഞ്ച കണികയില്‍ നിന്നെന്നായിരിക്കും അതിനുള്ള മറുപടി. ആ കണിക എങ്ങനെയുണ്ടായെന്നാകും അടുത്ത ചോദ്യം. അതിനു കാലവും സമയവും ഇല്ലായിരുന്നുവെന്നും പിന്നീടത് പരിണമിക്കുകയായിരുന്നുമാകും മറുപടി. പരിണമിക്കുന്ന സാധനമാണെങ്കില്‍ അതിന് സ്രഷ്ടാവ് ഉണ്ടായേ പറ്റൂ എന്ന് വാദിച്ചാല്‍ പിന്നെ യുക്തിവാദിക്ക് മറുപടിയുണ്ടാകില്ല. ഉത്തരം മുട്ടുമ്പോള്‍ പിന്നീട് രൂപപ്പെട്ടുവരുന്ന തട്ടുത്തരമായിരിക്കും ഡിങ്കന്‍ എന്നത്. ഉള്ള് തേടുന്ന ഒരു സ്രഷ്ടാവിന്റെ തേട്ടം തന്നെയാണ് ഇവിടെ ഡിങ്കനായി ന്യൂനീകരിക്കപ്പെടുന്നത് എന്ന് ചുരുക്കം.

ഫ്രീ-തിങ്കേഴ്‌സ് തുറക്കുന്ന ‘മൃഗീയത’യുടെ വാതില്‍

സോഷ്യല്‍ മീഡിയയാണ് ഇന്ന് യുക്തിവാദികളുടെ ഏറ്റവും വലിയ മേച്ചില്‍പുറം. എല്ലാവരെയും ഒരുമിച്ച് കിട്ടുന്ന പ്ലാറ്റ്‌ഫോമായതുകൊണ്ടും ആര്‍ക്കും എന്തും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായതുകൊണ്ടും അവിടെ അടയിരിക്കുകയാണ് യുക്തന്മാര്‍. ഈയൊരു വെര്‍ച്വല്‍ ലോകത്ത് സാമൂഹിക മാന്യതയുടെ സര്‍വ്വ സീമകളും ലംഘിച്ചുകൊണ്ടാണ് അവരുടെ ‘അഴിഞ്ഞാട്ടം’. ലോകത്ത് നടക്കുന്ന എല്ലാവിധ ദുരിതങ്ങള്‍ക്കും കാരണം മതമാണെന്നും ദൈവം അന്ധവിശ്വാസമാണെന്നും പറഞ്ഞ് ഫ്രീ സോണിലേക്ക് മാറിനില്‍ക്കുകയാണ് യുക്തിവാദികള്‍ സാധാരണ ചെയ്യാറ്.
ലിബറലിസം അഥവാ ഒരുതരം സ്വതന്ത്രവാദം ഇതിലൂടെ പുതിയ ‘മത’മായി അവരോധിക്കപ്പെടുന്നു. ആര്‍ക്കും എന്തും എവിടെവെച്ചും ചെയ്യാമെന്നതാണ് അതില്‍ അവര്‍ കാണുന്ന ‘പോസിറ്റീവ്’ യുക്തി. ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യരുതെന്നും പറയുന്നത് സ്വാതന്ത്ര്യ നിഷേധമാണല്ലോ.
നൈതികതയുടെ വിഷയം സ്വതന്ത്രവാദത്തില്‍ കടന്നുവരുന്നതേയില്ല. അതുകൊണ്ടുതന്നെ ഒരു തരം അരാജകത്വമാണ് യുക്തിവാദത്തിലൂടെ പ്രമോട്ട് ചെയ്യപ്പെടുന്നത് എന്നു കാണാം. സര്‍വ്വ നിയമ നിയന്ത്രണങ്ങളില്‍നിന്നും പുറത്തിറങ്ങി ആരെയും തെറിവിളിക്കാനുള്ള സമ്മതപത്രം പോലെയാണ് ഇവിടെ യുക്തിവാദം വര്‍ത്തിക്കുന്നത്. മനുഷ്യത്വം അഴിച്ചുവെച്ചു വേണോ യുക്തിവാദിയാവാന്‍ എന്ന് തോന്നിപ്പിക്കുന്നതാണ് ഇവിടത്തെ ഓരോ പോസ്റ്റുകളും അതിനുള്ള കമന്റുകളും.
എന്തിനുമൊരു മാന്യതയുടെ കാലമുണ്ടാകുമല്ലോ. യുക്തി’മത’ത്തിനു ആ കാലം എന്നോ കഴിഞ്ഞുപോയെന്ന് അതിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ വ്യക്തമാക്കുന്നു. പരിഹാസവും തെറിയഭിഷേകവും ദുരഭിമാനവും അഹങ്കാരവും അതിന്റെ അടിസ്ഥാന പ്രമേയങ്ങളായി മനസ്സിലാക്കാം. മനുഷ്യനെ ഒരു തരം വൈകാരിക മൃഗമാക്കി മാറ്റുകയാണ് സോഷ്യല്‍ മീഡിയയിലൂടെ അത് ചെയ്യുന്നത്. അല്ലെങ്കിലും പരിണമിച്ചുണ്ടായതാണെന്ന വാദത്തിലൂടെയും ജീവിതത്തിനു പ്രത്യേകം ലക്ഷ്യങ്ങളൊന്നുമില്ലെന്ന വാദത്തിലൂടെയും മനുഷ്യനും പോത്തും എന്തു വ്യത്യാസമാണെന്നതിന് യുക്തിവാദികള്‍ക്ക് മറുപടി പറയാനായിട്ടില്ല.

സ്വയം അപഹാസ്യതയുടെ ട്രോളുകള്‍

സ്വന്തം ജന്മത്തെക്കുറിച്ചുപോലും വ്യക്തമായ കാഴ്ച്ചപ്പാടില്ലാത്ത യുക്തിവാദികള്‍ അഹന്തയുടെ ചീട്ടുകൊട്ടാരത്തിലേറിയാണ് സഹലോകത്തെ നോക്കുന്നത് എന്നതാണ് വലിയ വിരോധാഭാസം. അതിനാല്‍, തങ്ങള്‍ക്ക് യുക്തിസഹമല്ലായെന്ന് തോന്നുന്നതിനെയെല്ലാം ട്രോളുകളിറക്കി പരിഹസിക്കാന്‍ അവര്‍ ധൃഷ്ടരായി. മനുഷ്യന്‍ അലക്ഷ്യമായി, സ്വയം ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവനില്‍നിന്നും ഇതില്‍ കവിഞ്ഞ് മറ്റെന്തു പ്രതീക്ഷിക്കണം?!
അരാജകത്വ തല്‍പരരായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയായാണ് പലപ്പോഴും യുക്തിവാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. യുക്തിപ്പുറത്ത് സ്വന്തം സ്രഷ്ടാവിനെ പോലും നിഷേധിക്കുന്ന അവരുടെ ഉള്ളിലിരിപ്പ് തങ്ങള്‍ മാത്രമേ ശരിയുള്ളൂ എന്ന സങ്കുചിതത്വമാണ്. അതുകൊണ്ടുതന്നെ, മറ്റെന്തിനോടുമുള്ള കടുത്ത അസഹിഷ്ണുത അവരുടെ ഓരോ ഇടപെടലുകൡലും നിറഞ്ഞുകാണാന്‍ കഴിയും.
നിലവിലെ മതക്കൂട്ടങ്ങളെ നോക്കി ദൈവത്തെ പുറത്താക്കണോ?
പരിണാമ വാദത്തിന്റെ യുക്തിരാഹിത്യം ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോള്‍ അത് ബോധ്യപ്പെടുന്നവരാണ് പല യുക്തിവാദികളും. മനുഷ്യനും പ്രപഞ്ചവും സ്വയംഭൂ അല്ലായെന്നും അവക്കൊരു സ്രഷ്ടാവ് ഉണ്ടാവണമെന്നും അവര്‍ സമ്മതിക്കുന്നു. പക്ഷെ, അത് ഏത് ദൈവം എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഇന്ന് വിവിധ വിഭാഗങ്ങളായ ലോക ജനത വെച്ചുപുലര്‍ത്തുന്ന കൊലയുടെയും വിഘടന വാദത്തിന്റെയും ദൈവങ്ങള്‍ക്ക് ഒരിക്കലും അങ്ങനെയൊരു ദൈവമാകാന്‍ യോഗ്യതയില്ലെന്നാണ് അവര്‍ പറയുന്നത്.
ഇവിടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേ ഉണ്ടാകാന്‍ പാടുള്ളൂ. അതാണ് യുക്തി പറയുന്നത്. അവനാണ് ലോകാലോകങ്ങളുടെയെല്ലാം ദൈവവും. അവന്‍ ഏകനാണ്. നിരാശ്രയനാണ്. ജനിച്ചിട്ടില്ല. ജനിപ്പിച്ചിട്ടില്ല. അതുല്യനാണ്.
പലരും ഈയൊരു ദൈവത്തെ തെറ്റായിട്ടാണ് ഇന്നും മനസ്സിലാക്കിവെച്ചിരിക്കുന്നത്. ദൈവ വിശ്വാസം നിലനിര്‍ത്തുന്നവര്‍ തന്നെ ദൈവത്തിന്റെ കാര്യത്തില്‍ മണ്ടത്തരം കാണിക്കുന്നു. പ്രപഞ്ചങ്ങളുടെയെല്ലാം സ്രഷ്ടാവായ ഏകനായ ദൈവമാണ് സര്‍വ്വതിന്റെയും സ്രഷ്ടാവ് എന്ന് മനസ്സിലാക്കിയാല്‍ പ്രശ്‌നം അവസാനിച്ചു. ഹിന്ദുക്കളുടെതെന്നോ മുസ്‌ലിംകളുടെതെന്നോ ക്രൈസ്തവരുടെതെന്നോ ഉള്ള ചര്‍ച്ചക്ക് ഇവിടെ പ്രസക്തിയില്ല. ലോകാലോകങ്ങളെയെല്ലാം സൃഷ്ടിച്ചതും അടക്കി ഭരിക്കുന്നതുമെല്ലാം ഒരേയൊരു ദൈവമാണ്.
നിലവിലെ കാക്കത്തൊള്ളായിരം മതങ്ങള്‍ക്കിടയില്‍ ഒരു മതമല്ല ഇസ്‌ലാം എന്നത് തുറന്ന ഉള്‍കണ്ണോടെ മനസ്സിലാക്കേണ്ട കാര്യമാണ്. ഈ കൂട്ടങ്ങളെയെല്ലാം മതമെന്ന് പറയുകയാണെങ്കില്‍ ഇസ്‌ലാം ഒരു മതമല്ലെന്ന് നാം തിരിച്ചറിയണം. ഇനി ഇസ്‌ലാമിനെ ഒരു മതമായി പറയുകയാണെങ്കില്‍ മറ്റുള്ളവയൊന്നും മതമല്ലെന്നും നാം സമ്മതിക്കേണ്ടി വരും. തന്നെ പടച്ച ദൈവത്തെ അംഗീകരിക്കുന്ന നിലക്കാണ് അവന്റെ സൃഷ്ടിപ്പ്. ലോകത്തെ സര്‍വ്വ മതങ്ങളും മനുഷ്യന്റെ സൃഷ്ടിയാണ്. എന്നാല്‍, പ്രപഞ്ച സൃഷ്ടാവായ അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത വഴിയാണ് ഇസ്‌ലാം. അങ്ങനെ മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ എല്ലാവിധ യുക്തിവാദ രോഗങ്ങളും.

Admin Thelicham

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.