Thelicham

ആഫ്രിക്ക-ഏഷ്യ: സമുദ്രാന്തര ബന്ധങ്ങള്‍

ഇന്ത്യന്‍ മഹാസമുദ്രം ‘ഇന്ത്യന്‍’ മഹാസമുദ്രം മാത്രമായിരുന്നില്ല. ചരിത്രപരമായി ആഫ്രിക്കന്‍, സന്‍ജ്, അബ്‌സീനിയന്‍, എത്യോപ്യന്‍ സമുദ്രം എന്നുമൊക്കെ ഒരുകാലത്ത് ഈ സമുദ്രം അറിയപ്പെട്ടിരുന്നു. ഇന്ന് പൊതുഭാവനകളില്‍ നിന്നും ഒപ്പം അക്കാദമിക പഠനങ്ങളില്‍ നിന്നും തിരസ്‌കൃതമായ ഈ നാമങ്ങള്‍ കടല്‍ നിരപ്പിലും തീരങ്ങളിലുമായുള്ള ആഫ്രിക്കന്‍ വംശജരുടെ സംഭാവനകളുടെ ചരിത്രപരവും കാലികവുമായ തിരസ്‌കാരങ്ങളുടെ കൂടി പ്രതിനിധാനമാണ്. പക്ഷെ, കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയില്‍ പുതിയ പഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിരൂപണ വിധേയമാകുന്ന മൂന്നു പുസ്തകങ്ങള്‍ ഈ ട്രന്‍ഡിന്റെ അടയാളപ്പെടുത്തലുകളാണ്.
ലക്ഷക്കണക്കിനാളുകള്‍ താല്‍പര്യപൂര്‍വമോ അല്ലാതെയോ യാത്ര ചെയ്ത, കച്ചവടം നടത്തിയ, അടിമയാക്കപ്പെട്ട, ആശയങ്ങളുടെയും സമൂഹങ്ങളുടെയും ദീര്‍ഘകാലത്തെ വിനിമയപാതയായിരുന്നു ഈ ചരിത്ര സമുദ്രം. യൂറോപ്പിന്റെയും അമേരിക്കയുടെയും കൊളോണിയല്‍ സാമ്രാജ്യത്വ മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പും ശേഷവും ആഫ്രിക്കയുടെ മുഖ്യ സഹകാരികള്‍ ഏഷ്യന്‍ സമൂഹങ്ങളായിരുന്നു. സമുദ്രതീരം പങ്കിടുന്ന പ്രധാനപ്പെട്ട രണ്ട് ഭൂഖണ്ഡങ്ങളായ ഏഷ്യയും ആഫ്രിക്കയും സമുദ്രത്തിന്റെ നേരിട്ടുള്ള സ്വാധീനത്താലായിരുന്നു സാമ്പത്തിക, മതപര, സാമൂഹികരാഷ്ട്രീയ കൈമാറ്റങ്ങള്‍ ചരിത്രപരമായി രൂപപ്പെടുത്തിയത്. ഭൂതകാല, സമകാലിക ആഫ്രോഏഷ്യന്‍ ഇടപെടലുകളെ കുറിച്ചുള്ള പഠനങ്ങളിലും സ്മരണകളിലും ഇന്ത്യന്‍ മഹാസമുദ്രം നിര്‍ണായക പങ്ക് വഹിച്ചതെങ്ങനെ, നിലവിലും വഹിച്ചു കൊണ്ടിരിക്കുന്നതെങ്ങനെ എന്ന വിഷയത്തിലാണ് ഈ നിരൂപണ ലേഖനം ശ്രദ്ധയൂന്നുന്നത്.

ആഫ്രിക്ക ഏഷ്യ പഠനങ്ങളിലെ സമുദ്ര ദൃശ്യങ്ങള്‍

കഴിഞ്ഞ പതിറ്റാണ്ടില്‍ ആഫ്രോഏഷ്യന്‍ ബന്ധങ്ങളെ രേഖപ്പെടുത്താനുള്ള നിരവധി ശ്രമങ്ങള്‍ ഈ പ്രദേശങ്ങള്‍ക്കകത്തും പുറത്തുമായി നടക്കുകയുണ്ടായി. ഗോയ്‌ഥേ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ക്വാലാലംപൂരിലും (2014) കേപ്ടൗണിലും (2015) ഫ്രാങ്ക്ഫര്‍ട്ടിലും (2016) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന് കീഴില്‍ അക്രയിലും(2015) ദാറുസ്സലാമിലും(2018) നടന്ന കോണ്‍ഫറന്‍സുകള്‍ ഇവയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്. ദാറുസ്സലാമില്‍ നടന്ന 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 55 പാനലുകളിലായി പങ്കെടുത്ത വലിയ കോണ്‍ഫറന്‍സ് അക്ര ആസ്ഥാനമാക്കി ‘അസോസിയേഷന്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ് ഇന്‍ ആഫ്രിക്ക’ എന്ന സംഘടന രൂപവല്‍കരിക്കുകയും ‘ആഫ്രിക്കഏഷ്യ’ എന്ന ഒരു പുതിയ പഠന ശാഖ തിരിച്ചറിഞ്ഞ് വികസിപ്പിക്കുകയും ചെയ്തതാണ്. ചൈനയിലെയും അമേരിക്കയിലെയും ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും മലേഷ്യയിലേയും സിങ്കപ്പൂരിലേയും യൂറോപ്പിലേയും നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പ്രശംസനീയമായ അക്കാദമിക ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പോസ്റ്റ് കൊളോണിയല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ 1955 ല്‍ ബാന്‍ഡുംഗില്‍ നടന്ന ഏഷ്യആഫ്രിക്ക കോണ്‍ഫറന്‍സോടു കൂടെ ആരംഭിച്ച, (2015 ല്‍ ഇന്തോനേഷ്യയില്‍ വെച്ച് തന്നെ അറുപതാം വാര്‍ഷികം കൊണ്ടാടുന്നത് വരെ നീണ്ടുനിന്ന) സൗത്ത് റ്റു സൗത്ത് സഹകരണങ്ങള്‍ക്ക് വേണ്ടി നടത്തപ്പെട്ട നയതന്ത്രപരമായ നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളുടെ സംഭാവനകളും ഇതോടൊപ്പം ചേര്‍ത്തു വെക്കേണ്ടതുണ്ട്. ഈ ബന്ധങ്ങളിലെ ഭാവവ്യതിയാനങ്ങളെ രേഖപ്പെടുത്താനും അപഗ്രഥിക്കാനും വികസിപ്പിക്കാനുമുതകുന്ന ഗണ്യമായ അക്കാദമിക് പ്രൊജക്ടുകള്‍ ഈ ശ്രമങ്ങളെല്ലാം ചേര്‍ന്ന് ഉല്‍പാദിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ ഭൂരിഭാഗവും ചൈനയുടെ ആഫ്രിക്കയിലുള്ള താല്‍പര്യങ്ങളെ, പ്രധാനമായും രാഷ്ട്രീയ, സാമ്പത്തിക നിക്ഷേപങ്ങളെയും ആലോചനകളെയും ആസ്പദിച്ചുള്ളവയാണ്. അതിന്റെ സാമൂഹികവും സാംസ്‌കാരികവും ജനസംഖ്യാ ശാസ്ത്രപരവുമായ (ഡീമോഗ്രാഫിക്) അനുരണനങ്ങളെ പറ്റിയും ചില പഠനങ്ങള്‍ കാണാം. ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചൈനയുടെ ഈ അപ്രതീക്ഷിത പുന:പ്രവേശനത്തെ തുടര്‍ന്ന്, സാഹിത്യത്തിലും വ്യവഹാരങ്ങളിലുമുണ്ടായ പെട്ടെന്നുള്ള കുതിപ്പ് ഇരുപ്രദേശങ്ങള്‍ക്കുമിടയിലുള്ള ഭൂഖണ്ഡാന്തര വിനിമയങ്ങളുടെയും ഇടപെടലുകളുടെയും വംശാവലികളില്‍ അസന്തുലിതമായൊരു അക്കാദമിക വിന്യാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങളില്‍ ഇന്ത്യന്‍ സമുദ്രം പലപ്പോഴും സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഭാഗികമായി മാത്രം ആവാഹിക്കപ്പെടുന്ന ഭൂതകാലത്തിന്റെ ഓര്‍മ ദൃശ്യങ്ങളായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.
എങ്കിലും വിശാലമായ ‘ഏഷ്യആഫ്രിക്ക’ വ്യവഹാരങ്ങളും, അസംഖ്യം വരുന്ന എഡിറ്റിഡ് വോള്യങ്ങളും, കോണ്‍ഫറന്‍സ് പ്രൊസീഡിംഗ്‌സുകളും ഭൂഖണ്ഡാന്തര ഇടപെടലുകളിലെ സമുദ്രത്തിന്റെ പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണമായി, രണ്ടു പുസ്തക പരമ്പരകള്‍ (ഓഹിയോ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച് റിച്ചാര്‍ഡ് ബി. അലന്‍ എഡിറ്റ് ചെയ്തതും, പാല്‍ഗ്രേവ് മാക്മില്ലന്‍ പ്രസിദ്ധീകരിച്ച് ജിന്‍ കാംപെല്‍ എഡിറ്റ് ചെയ്തതും) ഏഷ്യയുമായി സമുദ്ര തീരം വഴിയുള്ള ആഫ്രിക്കന്‍ ഇടപെടലുകളെ കുറിച്ച് ഊന്നിയുള്ള നിരവധി വാള്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രം വഴിയുള്ള അടിമ വ്യാപാരത്തെ കുറിച്ചുള്ള പഠനങ്ങള്‍ ഈ മേഖലയില്‍ നിന്ന് വലിയ ഉണര്‍വ്വുണ്ടായ ശാഖകളില്‍ ഒന്നാണ്. വ്യത്യസ്തങ്ങളായ ഏഷ്യന്‍ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഏഷ്യക്കാരും ആഫ്രിക്കക്കാരും ഓസ്‌ട്രേലിയ പോലുള്ള വിദൂര പ്രദേശങ്ങളിലേക്ക് നിര്‍ബന്ധിതമായി നാട് കടത്തപ്പെട്ടതിന്റെ സൂക്ഷ്മ ഭാവങ്ങളെ ഈ ഉപശാഖ ഗവേഷണ വിധേയമാക്കുന്നു്. (ഈ മേഖലയിലെ പുതിയ പഠനങ്ങള്‍ക്കായി നോക്കുക; സ്ലേവ്‌സ് ഓഫ് വണ്‍ മാസ്റ്റര്‍: ഗ്ലോബലൈസേഷന്‍ ആന്റ് സ്ലേവറി ഇന്‍ അറേബ്യ ഇന്‍ ദി എയ്ജ് ഓഫ് എംപെയര്‍, ലവ് ജോയ്, പി.ഇ, 2011, ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ സ്ലേവറി: എ ഹിസ്റ്ററി ഓപ് സ്ലേവറി ഇന്‍ ആഫ്രിക്ക, പൈബസ്. സി. 2006).
കടല്‍കൊള്ള പോലുള്ള മറ്റു ചില തീമുകളും ശ്രദ്ധേയമായ രീതിയില്‍ ഗവേഷക ശ്രദ്ധ പിടിച്ചു പറ്റിയതായി കാണാം, 2010 കാലയളവില്‍ സൊമാലിയന്‍ കടല്‍ കൊള്ളകള്‍ വ്യാപകമായ സമയത്ത് പ്രത്യേകിച്ചും. മറ്റു പല വ്യക്തിഗത ഗവേഷണങ്ങളും ധൈഷണിക, മതകീയ, നിയമാനുസൃത നെറ്റ് വര്‍ക്കുകളിലൂടെയുള്ള സമുദ്ര സഞ്ചാരങ്ങളെക്കുറിച്ച് പര്യവേക്ഷണം നടത്തിയിട്ടുണ്ട്. പതിനെട്ട് മുതല്‍ ഇരുപത് വരെയുള്ള നൂറ്റാണ്ടുകളിലെ ഇസ്‌ലാമിന്റെ നിയമപരവും രാഷ്ട്രീയവുമായ ഇടപെടലുകളെ കുറിച്ചുള്ള വര്‍ക്കുകള്‍ യൂറോപ്യന്‍ കൊളോണിയല്‍ അധിനിവേശങ്ങളെത്തുടര്‍ന്നുണ്ടായ ആകര്‍ഷകമായ ആഫ്രിക്കന്‍ സംഭവങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അിടമത്വം, നിര്‍ബന്ധിത കുടിയിറക്കലുകള്‍, വംശഹത്യകള്‍, സായുധീകരണം, സംഘടിത കൊള്ള എന്നിവയെക്കുറിച്ചും ഒപ്പം നിസ്സാരമായ തോതില്‍ മാത്രമുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസനങ്ങളെ കുറിച്ചും പറയുന്ന, പൂര്‍വദക്ഷിണ ആഫ്രിക്കന്‍ പ്രദേശങ്ങളിലൂടെയുള്ള യൂറോപ്യന്‍, അറബ് കൊളോണിയലിസത്തിന്റെ ചരിത്രങ്ങളും സാമുദ്രിക ദൃശ്യങ്ങളുടെ ഫ്രെയിംവര്‍ക്കിലൂടെയുള്ള ഗൗരവതരമായ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടവയാണ്.

നിലവില്‍ ഹിസ്റ്ററിയോഗ്രഫിയിലുള്ള ട്രെന്‍ഡുകളില്‍ നിന്നും ഭിന്നമായൊരു ദിശയിലേക്ക് ചലിക്കുന്നുണ്ട് നിരൂപണവിധേയമാവുന്ന ഈ മൂന്ന് ഗ്രന്ഥങ്ങളും. യൂറോപ്യന്‍ കൊളോണിയല്‍ അധിനിവേശങ്ങള്‍ കാരണമായോ കൂടാതെയോ രൂപപ്പെട്ട ആഫ്രിക്കന്‍ഏഷ്യന്‍ ബന്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വിശാലമായ പ്രവാഹത്തില്‍ നിന്ന് ഉത്ഭവിച്ചതോ രൂപപ്പെട്ടതോ ആണത്. 16, 17 നൂറ്റാണ്ടുകളിലെ സമുദ്രാന്തര, ഭൂഖണ്ഡാന്തര സഞ്ചാരങ്ങളിലെ ഐകണിക് ഫിഗറായ, വെറുമൊരു അടിമ ബാലനില്‍ നിന്ന് അതീവനാടകീയമായി അധികാരിയും കിംഗ് മേക്കറുമായി വളര്‍ന്ന മലിക് അമ്പറിന്റെ ജീവിതമാണ് ഒമര്‍.എച്ച്.അലി പിന്തുടരുന്നത്. 20ാം നൂറ്റാണ്ടിലെ ‘ആഫ്രിക്കഇന്ത്യ’ സങ്കീര്‍ണതകളെ കുറിച്ച് ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യത്തിലെ വംശം, ലിംഗം, രാഷ്ട്രീയം എന്നിവയുടെ ക്രമീകരണങ്ങളിലാണ് അന്റോയെന്‍ ബര്‍ട്ടണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടോള്‍ സെല്‍സ്‌റ്റോം തീരപ്രദേശങ്ങളിലെ ദ്വീപുകളെ സമുദ്ര സാമൂഹ്യസാംസ്‌കാരിക തലങ്ങളുടെ ഉല്‍പാദകരും ഉത്പന്നവുമെന്ന രീതിയില്‍ മുന്നോട്ട് വെക്കുന്നു.
ഈ മൂന്ന് കൃതികളും സമുദ്ര ലോകത്ത് പൂര്‍വ, ദക്ഷിണ ആഫ്രിക്കയുടെ പ്രതിബന്ധങ്ങളുടെ പ്രധാനവശങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു; അടിമത്വവും നിര്‍ബന്ധിത പലായനങ്ങളും, ഇന്ത്യന്‍ (സമുദ്ര) സാഹിത്യ പശ്ചാതലത്തില്‍ ആഫ്രിക്കക്കാരെക്കുറിച്ചുള്ള വംശീയഅധിക്ഷേപ ചിത്രീകരണങ്ങള്‍, ആഫ്രിക്കയിലെയും ഇതര പ്രദേശങ്ങളിലെയും വന്‍കര രാജ്യങ്ങളുടെ ഭൗമരാഷ്ട്രീയ ഉത്ക്കണ്ഠകളില്‍ ദ്വീപുകളെ പാര്‍ശ്വവത്കരിച്ചു കാണല്‍ എന്നിവയാണവ.

ഒരു ആഫ്രിക്കന്‍ അടിമയുടെ അസാധാരണ ജീവിതം

അടിമത്വം പേറി സ്വന്തം നാടുവിട്ട് ആയിരക്കണക്കിന് മൈലുകള്‍ താണ്ടാന്‍ ആഫ്രിക്കക്കാര്‍ നിര്‍ബന്ധിതരായതിന്റെ നാള്‍വഴികള്‍ അന്വേഷിക്കുന്നു ഒമര്‍ അലിയുടെ പഠനം (ഉദാഹരണത്തിന് കാണുക: എസ്. ഡി സില്‍വ ജയസൂര്യ. 2011. സൗത്ത് ഏഷ്യാസ് ആഫ്രിക്കന്‍സ്: എ ഫൊര്‍ഗൊട്ടന്‍ പ്യൂപിള്‍; എസ്. ഡി സില്‍വ ജയസൂര്യ & ജെ.പി ആംഗെനോട്ട് (എഡി). 2008. അണ്‍കവറിങ് ദി ഹിസ്റ്ററി ഓഫ് ആഫ്രിക്കന്‍സ് ഇന്‍ ഏഷ്യ; കെ. റോബിന്‍സ് & ജെ. മക്‌ലോഡ്. 2006. ആഫ്രിക്കന്‍ എലീറ്റ്‌സ് ഇന്‍ ഇന്ത്യ: ഹബ്ഷി അമാറാത്ത്; എ. മിന്‍ഡ. 2004. ആന്‍ ആഫ്രിക്കന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇന്‍ ഹൈദരാബാദ്: സിദ്ധി ഐഡന്റിറ്റി, ഇറ്റ്‌സ് മെയ്ന്റനന്‍സ് ആന്റ് ചെയ്ഞ്ച്.). തന്റെ സൈനിക തന്ത്രങ്ങളും നയതന്ത്ര പാടവവുമുപയോഗിച്ച് ഡെക്കാനിലേക്കുള്ള മുഗളരുടെ വ്യാപനം ചെറുത്തു നിന്ന വ്യക്തിത്വമാണ് മലിക് അമ്പറിന്റേത്. 16ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 17ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ഡെക്കാനിലേക്കുള്ള മുഗളരുടെ കടന്നു വരവിനു മുമ്പിലെ ഏക തടസ്സം മലിക് അമ്പര്‍ മാത്രമായിരുന്നു. എത്യോപ്യന്‍ മലനാടുകളിലെ ഒറോമോ ഗോത്ര വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന അമ്പര്‍, അദ്ദേഹത്തിന്റെ മുമ്പും കാല ശേഷവും ജീവിച്ച അനേകായിരം ആഫ്രിക്കക്കാരെപ്പോലെത്തന്നെ, അടിമയാക്കപ്പെടുകയും തുടര്‍ന്ന് ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും അടിമച്ചന്തകളില്‍ കൈമാറ്റം ചെയ്യപ്പെട്ട് സുദീര്‍ഘമായ യാത്രകള്‍ക്കൊടുവില്‍ ദക്ഷിണേഷ്യയില്‍ എത്തിച്ചേരുകയും ചെയ്തു. ഇന്ത്യയിലെത്തിയ മലിക് അമ്പര്‍, ഹബ്ഷി അടിമയില്‍ നിന്നും അഹ്മദ്‌നഗര്‍ സുല്‍ത്താനേറ്റിലെ പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്ന മിറാക് ദാബിര്‍ എന്ന ചെങ്കിസ്ഖാന്റെ ഉടമസ്ഥതയിലാണ് ആദ്യമെത്തുന്നത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ‘രാജകൊട്ടാരത്തിന്റെയും സാമ്രാജ്യത്തിന്റെയും പ്രവര്‍ത്തനങ്ങള്‍’ (പേ.42) അമ്പര്‍ പഠിക്കുന്നത്. രാജകൊട്ടാരത്തിനകത്ത് വെച്ച് യജമാനന്‍ കൊല്ലപ്പെട്ടതിനു ശേഷം അമ്പര്‍ ഡെക്കാനിലെ വ്യത്യസ്ത സാമ്രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും വിവിധ ഭരണാധികാരികള്‍ക്കും സൈന്യാധിപന്മാര്‍ക്കും വേണ്ടി ജോലി ചെയ്യുകയും ചെയ്തു. മുന്‍ സൈന്യാധിപരുടെ സൈനിക ശക്തിയെ അനന്തരമെടുത്തും, മുഗളന്‍മാരെ ഭീഷണിപ്പെടുത്തിയും അവരുടെ വിതരണ വ്യൂഹങ്ങള്‍ പിടിച്ചെടുത്തും, അമ്പര്‍ കാലക്രമേണ ‘പശ്ചിമ ഡെക്കാനില്‍ ഉടനീളം തന്റെ പിന്തുണ വര്‍ധിപ്പിച്ചു.’ പ്രസ്തുത ആള്‍ബലവും, സൈനിക നയതന്ത്ര വൈഭവവും കെട്ടുബന്ധങ്ങളും ഉപയോഗപ്പെടുത്തി അമ്പര്‍ അഹ്മദ്‌നഗര്‍ സുല്‍ത്താനേറ്റിന്റെ പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്നു. അഹ്മദ്‌നഗറില്‍ അദ്ദേഹം, സുല്‍ത്താന്‍മാരുടെ സിംഹാസനാരോഹണവും പടിയിറക്കവും നിയന്ത്രിച്ചിരുന്നു. അദ്ദേഹം വിസ്മയിപ്പിക്കുന്ന പട്ടണങ്ങളും കോട്ടകളും പണികഴിപ്പിക്കുകയും, ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതില്‍ മികച്ചുനില്‍ക്കുകയും ചെയ്തു.
ജീവിതത്തിന്റെ സര്‍വ്വ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും അമ്പര്‍ നമക് ഹലാല്‍ അഥവാ യജമാനനോട് കൂറു പുലര്‍ത്തുകയെന്ന ജീവിത സിദ്ധാന്തം മുറുകെപിടിച്ചു എന്ന് ഒമര്‍ അലി വാദിക്കുന്നു. വസ്തുതാപരമായി ഇതത്ര ശരിയല്ല എന്ന് കാണാം. പല വിഷമസന്ധികളിലും അമ്പര്‍ സുല്‍ത്താനേറ്റിനോട് കൂറുപുലര്‍ത്തി കൂടെ നിന്നെങ്കിലും, താന്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യങ്ങള്‍ നടക്കാതായപ്പോള്‍, അമ്പര്‍ ഒരു ഭരണാധികാരിയെ വിഷം കൊടുത്തു കൊല്ലുക വരെ ചെയ്തിട്ടുണ്ട്. അന്നത്തെ പേര്‍ഷ്യക്കാരിയായ രാജ്ഞി അമ്പറിന്റെ മകളെ ‘കേവലം അടിമ പെണ്‍കുട്ടി,’ ‘വെപ്പാട്ടി,’ ‘കാഫിര്‍,’ (പേജ്. 62) എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അദ്ദേഹം രാജാവിനെയും രാജ്ഞിയെയും വിഷം കൊടുത്തു കൊല്ലുകയും അഞ്ചുവയസുകാരനായ ആണ്‍കുട്ടിയെ പുതിയ സുല്‍ത്താനായി അവരോധിക്കുകയും ചെയ്തു. അമ്പര്‍ തന്റെ യജമാനന്‍മാരുടേതിനേക്കാളും ഭരണാധികാരികളുടേതിനേക്കാളും കൂടുതല്‍ മുന്‍തൂക്കം നല്‍കിയത് സ്വതാല്‍പര്യങ്ങള്‍ക്കായിരുന്നുവെന്നു വ്യക്തമാണ്.
മലിക് അമ്പറിന്റെ കഥ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ വിവിധ അക്കാദമിക് പണ്ഡിതരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ഒമര്‍ അലി താരതമ്യ ബന്ധിത ചരിത്രങ്ങള്‍ ഉപയോഗിച്ച് അമ്പറിന്റെ കഥ സമുദ്രവല്‍ക്കരിക്കുകയാണ്. അമ്പറിന്റെ ജീവിതയാത്രയുടെ പശ്ചാത്തലങ്ങളായ എത്രോപ്യ, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളെക്കുറിച്ചുള്ള ഉജ്വലമായ താരതമ്യ വിവരണവും അലി നല്‍കുന്നുണ്ട്. അമ്പറിന്റെ അവസാന കാലത്തെ ജീവിതം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ വിരളമായ (പേജ്. 135) മലിക് അമ്പറിന്റെ ആദ്യകാല ജീവിതത്തിലെ വിടവുകള്‍ നികത്താന്‍ ഗ്രന്ഥകാരന്‍ സന്ദര്‍ഭവല്‍ക്കരണത്തിന്റേയും ഭാവനയുടെയും ഒരു വ്യവഹാരിക തന്ത്രമാണ് ഉപയോഗിക്കുന്നത്. വ്യാഖ്യാനാധിഷ്ടിത, ബന്ധിത ചരിത്രവായനയുടെ ഈ ഉപജ്ഞയിലൂടെ, കേവലം മലിക് അമ്പറിന്റെ മാത്രമല്ല, മറിച്ച് ഈസ്റ്റാഫ്രിക്കന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള മറ്റനേകം ആഫ്രിക്കന്‍ അടിമകളുടെ കൂടി ജീവിതങ്ങളേയും സാമുദ്രിക യാത്രകളേയും കുറിച്ചുള്ള വിശദമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്.

ഏഷ്യ ആഫ്രിക്കയെ ഉദ്ധരിക്കുന്ന വിധം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി അടിമകളുടെ ഭൂഖണ്ഡാന്തര ഒഴുക്കിന്റെ ഗതി മാറി. ആഫ്രിക്കന്‍ അടിമകള്‍ക്ക് പകരം, യൂറോപ്യരുടെ തോട്ടംതൊഴിലുകളുടെ ആണിക്കല്ല് ദക്ഷിണേഷ്യയില്‍ നിന്നും മറ്റുമായി. കോളനി കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ, ഈ പ്രക്രിയ ഇന്ത്യയിലേതു പോലെ അടരുകളുള്ള വംശീയ ശ്രേണീ വ്യവസ്ഥക്ക് ഹേതുകമായി. ആഫ്രോഏഷ്യന്‍ ഐക്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ അവഗണിച്ച്‌കൊണ്ടോ, 1955 ലെ ബാന്‍ഡുംഗ് കോണ്‍ഫറന്‍സാനന്തരമുള്ള തുല്യമല്ലാത്ത സഹകരണ ശ്രമങ്ങള്‍ കാരണമായോ കറുപ്പിനേക്കാള്‍ മുന്തിയ വംശീയവിഭാഗമായി ഇരുനിറക്കാര്‍ സ്വയം സ്ഥാപിച്ചെടുത്തു. തങ്ങളുടെ സാമൂഹിക, വംശ, സാംസ്‌കാരിക, രാഷ്ട്രീയ സമരങ്ങളില്‍ നിന്നും ഇന്ത്യന്‍ വംശജര്‍ അകലം പാലിക്കുകയും അതേസമയം വെള്ളക്കാരുടെ പ്രിവിലേജുകളുമായി അവര്‍ ഐക്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍/ ആഫ്രിക്കന്‍ എഴുത്തുകാരുടെ പോസ്റ്റ് കൊളോണിയല്‍ സൃഷ്ടികളിലെ ഈ വംശീയ വ്യവസ്ഥകളുടെ പ്രതിനിധാനമാണ് ആന്റോയ്ന്‍ ബര്‍ട്ടന്റെ ‘ആഫ്രിക്ക ഇന്‍ ദി ഇന്ത്യന്‍ ഇമാജിനേഷന്‍’ എന്ന പുസ്തകത്തിലെ പ്രധാന ചര്‍ച്ചാവിഷയം.
ആഫ്രോ ഏഷ്യന്‍ ബന്ധത്തിന്റെയും അവ വ്യാഖ്യാനിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും വ്യവഹരിക്കപ്പെടുകയും ചെയ്ത വഴികളുടെയും പ്രതീകമായാണ് ബര്‍ട്ടന്‍ എഴുത്തിനെ കാണുന്നത്. ഇന്ത്യന്‍ പശ്ചാത്തലമുള്ള എഴുത്തുകാര്‍ക്കും അവരുടെ അവലംബങ്ങള്‍ക്കും പ്രാധാന്യം നല്‍കി ബന്ധങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചും അവതരണത്തെ കുറിച്ചും ബര്‍ട്ടന്‍ വിശദീകരിക്കുന്നുണ്ട്. ആഫ്രിക്കയും ആഫ്രിക്കനും ബ്ലാക്‌നെസ്സും എങ്ങനെയാണ് ഇന്ത്യന്‍ ഭാവനയില്‍ രൂപം കൊള്ളുന്നതെന്നും അദ്ദേഹം പരിശോധിക്കുന്നു. കൊളോണിയല്‍ അപ്പാര്‍ത്തീഡ് ഭരണവ്യവസ്ഥയുടെ കാലത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിച്ച ശ്രേണീ സംബന്ധമായ പ്രിവിലേജുകളിലൂടെയാണ് ഈ പോസ്റ്റ് കൊളോണിയല്‍ വംശാധിഷ്ഠിത ഇമേജ് നാഷനുകള്‍ ഉയിരെടുത്തത്. ഗാന്ധി ‘മഹാത്മാ’ ആകുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ ആഫ്രിക്കക്കാര്‍ക്കെതിരെയുള്ള സാമൂഹികവും രാഷ്ട്രീയവും വര്‍ഗീയവുമായ മുന്‍വിധികളും അകലം ദീക്ഷിക്കലുകളും ബോധ്യപ്പെടാന്‍ ഇരുപതാം നൂറ്റാണ്ടിലെ ‘കാഫിര്‍’ പോലുള്ള പ്രയോഗങ്ങള്‍ ധാരാളം. ഈയൊരു ബോധത്തിന്റെ ഭാഗമായിട്ട് തന്നെയായിരുന്നു 1919 ല്‍ ഇന്ത്യക്കാര്‍ ടാംഗനിക്കയെ ഇന്ത്യന്‍ ടെറിട്ടറിയായി പ്രഖ്യാപിക്കാന്‍ ലീഗ് ഓഫ് നാഷന്‍സിനോട് ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തെ സരോജിനി നായിഡു വരെ പിന്തുണച്ചിരുന്നു. ‘കിഴക്കന്‍ ആഫ്രിക്ക മഹാ ഭാരതത്തിന്റെ മിച്ചമായ നിയമാനുസൃത കോളനിയാണെന്നായിരുന്നു’ അവര്‍ പറഞ്ഞത്. (പേ: 10) ഒരേ സമയം ട്രാന്‍സ്‌നാഷണലും ഡയ്‌സ്‌പോറികുമായ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യന്‍ ഐഡന്റിറ്റിയുടെ ആവിര്‍ഭാവത്തില്‍ ആഫ്രിക്കക്കും ബ്ലാക്കിനുമുള്ള പങ്കിനെ ചരിത്രവത്കരിച്ചുകൊണ്ട് തെക്കും തെക്കും തമ്മിലുള്ള സെക്ഷ്വലും വംശീയവുമായ രാഷ്ട്രീയത്തിന്റെ വൈവിധ്യം ബര്‍ട്ടന്‍ വിശകലനവിധേയമാക്കുന്നുണ്ട്. എന്നാല്‍ ദേശാന്തരീയവും കുടിയേറ്റപരവുമാകുമ്പോഴത്തെ വംശീയവും ലൈംഗികവുമായ ചേര്‍ച്ചകളെപ്പറ്റി ഇതിന് ഒട്ടും ബോധ്യമുണ്ടായിരുന്നില്ല.

ഇന്ത്യയുടെയും ആഫ്രിക്കയുടെയും ഇടയിലുള്ള കഥാപാത്രങ്ങളുടെ യഥാര്‍ഥമോ കാല്‍പനികമോ ആയ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, പോസ്റ്റ് കൊളോണിയല്‍ നരേറ്റീവുകളിലേക്ക് വംശീയമായ സൈറ്റേഷനറി പ്രാക്ടീസസ് എങ്ങനെ കടന്നുകൂടി എന്ന ബോധ്യങ്ങളെ ഉറപ്പിക്കുന്നുണ്ട്. അത്തരം എഴുത്തുകളില്‍ എങ്ങനെയാണ് അത് വംശീയതയുടെ അതിര് ഭേദിക്കുന്നതെന്ന് ചിത്രീകരിക്കാന്‍ ബര്‍ട്ടന്‍ ഒരു യാത്രാരേഖയെയും ജീവചരിത്ര രചനകളെയും രണ്ട് നോവലിനെയുമാണ് കൂട്ടുപിടിക്കുന്നത്. ഈ എഴുത്തുകാരുടെ വംശീയവും ലിംഗപരവുമായ സെന്റിമെന്റാലിറ്റിയെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങള്‍ നടത്താന്‍ തക്ക രീതിയിലുള്ളതാണ് ഈ സാഹിത്യസ്രോതസ്സുകള്‍. ഈ ശേഖരത്തില്‍ നിന്ന് തൊലിനിറവും വംശവും എങ്ങനെ കലഹിക്കുകയും ഒത്തുചേരുകയും ചെയ്യുന്നു എന്നതിനപ്പുറത്ത് വംശീയമായ ഐക്യത്തെ സാധ്യമാക്കിയ ലിംഗപരമായ ഒത്തുചേരലുകളുടെ തെളിവുകള്‍ അവ സ്ത്രീ വിരുദ്ധ പുരുഷാധികാര വെപ്പുകളാവട്ടെ മറിച്ച് കറുത്തവരും ബ്രൗണുമായ സ്ത്രീകള്‍ക്കിടയിലെ മാതൃത്വം ലോലുള്ള സ്ത്രീ/ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളാവട്ടെ നമുക്കിവിടെ കാണാം.
അനസൂയ ആര്‍ സിംഗ്, ഫ്രാങ്ക് മോറിസ്, ചാണക്യാ സെന്‍, ഫിലിസ് നായിഡു തുടങ്ങിയ നാല് ദക്ഷിണേഷ്യന്‍ എഴുത്തുകാരുടെ രചനകളില്‍ എങ്ങനെയാണ് ആഫ്രിക്ക രണ്ടാംകിടയായും മൂന്നാം തരമായും അവതരിപ്പിക്കപ്പെട്ടതെന് ബര്‍ട്ടന്‍ അന്വേഷിക്കുന്നുണ്ട്. മൂന്ന് എഴുത്തുകാരും ആഫ്രിക്കന്‍ പ്രദേശത്തെയും കഥാപാത്രങ്ങളെയും ഉപചരിക്കാന്‍ വംശീയപരമായ ഉദ്ധണീ ശൈലി ഉപയോഗിക്കുമ്പോള്‍ ഫിലിസ് നായിഡു മാത്രമാണ് അപ്പാത്തീഡ് വിരുദ്ധ സമരങ്ങളിലെ ഇന്ത്യന്‍ആഫ്രിക്കന്‍ സാന്നിധ്യത്തെപറ്റി വംശീയത ഇല്ലാതെ ചരിത്രം പറയാന്‍ ശ്രമിച്ചത്. ഈ സങ്കീര്‍ണതകള്‍ക്ക് പുറമെ വംശീയ അതിരുകള്‍ക്ക് അതീതമായി ലൈംഗികപരവും ലിംഗപരവുമായ ഐക്യം പലപ്പോഴും നിലവില്‍ വരികയുണ്ടായി. സിംഗിന്റെ നോവലിലെ രണ്ട് ഇന്ത്യന്‍ സഹോദരങ്ങളായ ശ്രേണികനും കൃഷ്ണദത്തയ്ക്കും തങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കിടുന്ന ആഫ്രിക്കന്‍ സഹായിയായ ഡെറേറ്റിനുമിടയില്‍ ‘വംശീയ അതിര്‍ത്തികള്‍ കടന്നുള്ള സാഹോദര്യം ഉണ്ടായി വരുന്നുണ്ട്’ (പേജ് 45) അതേ സമയം, കുടുംബപരിചാരികയായ അന്നയോട് സംസാരിക്കാന്‍ പോലും മുതിരാത്ത ശ്രേണിക്കിന്റെ ഭാര്യ യാഗേശ്വരി പ്രാപഞ്ചികമായ സഹോദരീ ബന്ധത്തിന് ഒരു വിമര്‍ശനമായി നില്‍ക്കുകയും ചെയ്യുന്നു. അതേ വഴിയില്‍ ചാണക്യ സെന്നിന്റെ നോവലില്‍ ആഫ്രോഏഷ്യന്‍ സഹകരണങ്ങളിലെ പിഴവുകള്‍ക്ക് സ്ത്രീകളെ ബലിയാടാക്കി മാറ്റുകയും വംശീയവും സഹരണാത്മകവുമായ പുരുഷാധിപത്യത്തെ (കൊളാബറാറ്റീവ് പാട്രിയാര്‍ക്കി) െ്രെഡവിംങ് സീറ്റിലിരുത്തി തവിട്ടുനിറമുള്ള സ്ത്രീകളുടെ ചിലവില്‍ ഏകമാനമായ സാമൂഹികാനുഭവമാക്കി തീര്‍ക്കുകയാണ് ചെയ്തത്.(പേജ് 105). ഭൂഖണ്ഡാന്തര കൈമാറ്റങ്ങളില്‍ എപ്പോഴും തരംതാഴ്ന്നു കിടന്ന സ്ത്രീകളുടെ സാമൂഹിക അവസ്ഥയുടെ പ്രതിവിവരണങ്ങള്‍ നായിഡുവിന്റെ ജീവചരിത്രമെഴുത്തുകളില്‍ പലപ്പോഴും കടന്നുവരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകയായ സിന്‍ന്ദിയാ ഫാക്തി ഇതിനുദാഹരണമാണ്. ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ വില ബോധ്യപ്പെടുത്തുന്നതിനും ജോലി തിരികെ വാങ്ങിക്കുന്നതിനുമപ്പുറം തങ്ങളുടെ ആണ്‍ തൊഴിലുടമക്ക് തങ്ങളുടെ തൊഴിലിന്റെ നില ബോധ്യപ്പെടുത്താനും വംശീയാതീത സഖ്യങ്ങളില്‍ ഇടപെടാനും ജെന്‍ഡര്‍ സോളിഡാരിറ്റി കൊണ്ട് അവര്‍ക്ക് സാധിക്കുന്നുണ്ട്.
ഈ എഴുത്തുകാര്‍ തങ്ങളുടെ കാലത്തെ ബഹുമുഖമായ ഇന്തോആഫ്രിക്കന്‍ ബന്ധങ്ങളെ പ്രതിനിധീകരിക്കുകയും, ശീതയുദ്ധം, ആഫ്രിക്കനൈസേഷന്‍ പോലുള്ള നിലവിലെ രാഷ്ട്രീയ നയതന്ത്ര അജന്‍ഡകളിലേക്ക് തങ്ങളുടേതായ സംഭവനകള്‍ ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അവരുടെ ഉദ്ധരണി ശൈലികളില്‍ പ്രതിഫലിക്കാറുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ ബൗദ്ധിക വൃത്തങ്ങള്‍ എങ്ങനെയാണ് തങ്ങളെ മാറ്റത്തിനുവേണ്ടി മുന്നേ നടക്കുന്നവരായി സ്വയം സങ്കല്‍പ്പിച്ചതെന്നും പുതിയ സാങ്കേതിക, വിദ്യാഭ്യാസ, സാംസ്‌കാരിക കൈമാറ്റങ്ങളിലൂടെ വംശീയ പക്ഷപാതിത്വത്തിന് ശക്തിപകര്‍ന്നതെന്നും ബര്‍ട്ടന്‍ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.

മഹാ സമുദ്രത്തിലെ ആഫ്രിക്കന്‍ ദ്വീപുകള്‍

ഭൂതകാലത്തെ മാരിടൈം സങ്കലനത്തെപറ്റിയുള്ള ജീവിക്കുന്ന ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും, യൂറോപ്യന്‍ എഷ്യന്‍ ആഫ്രിക്കന്‍ വേരുകളുള്ള, ആഫ്രിക്കന്‍ ദീപുകളിലെ വലിയൊരു വിഭാഗം സങ്കര സമൂഹങ്ങളുടെയും വര്‍ത്തമാനത്തെ നിര്‍മ്മിക്കുന്നത്. ടോള്‍ സെന്‍സ്‌ട്രോമിന്റെ ആഫ്രിക്ക ഇന്‍ ദി ഇന്ത്യന്‍ ഓഷ്യന്‍ എന്ന കൃതിയിലെ കേന്ദ്ര ഭാഗം ഈ ദ്വീപും ദ്വീപ സമൂഹങ്ങളുമാണ്. അലിയുടെയും ബര്‍ത്തന്റെയും കൃതികളില്‍ അടയാളപ്പെടുത്തുന്ന ആഫ്രോ ഏഷ്യന്‍ ബന്ധങ്ങളില്‍ സമയപരവും സ്ഥലപരവുമായ വേര്‍തിരിവുകള്‍ പ്രകടമാണ് തുടര്‍ച്ചകളില്ലാത്തതോ ഇടമുറിഞ്ഞതോ ബന്ധങ്ങളുള്ള കുടിയേറ്റ എത്യോപ്യന്‍ അടിമയുടെത് പോലെയോ അല്ലെങ്കില്‍ താത്കാലിക ബന്ധങ്ങള്‍ മാത്രമുള്ള സംഭവങ്ങളെ ഫിക്ഷണലൈസ് ചെയ്യുന്ന എഴുത്തുകാരന്റെ രീതി കാരണത്താലോ. നൂറ്റാണ്ടുകളായുള്ള ആഫ്രോ ഏഷ്യന്‍ ബന്ധങ്ങളുടെ സംസ്‌കാരിക ശേഷിപ്പുകളിലാണ് മഹാസമുദ്രത്തിലെ ദ്വീപുകള്‍ ജീവിക്കുന്നത്. ഈ നിലക്കുള്ള വീക്ഷണങ്ങള്‍ ദ്വീപ് രാഷ്ട്രങ്ങളുടെ സാമൂഹിക സാമ്പത്തിക, മതപരവും രാഷ്ട്രീയപരവുമായ മണ്ഡലത്തെ വിത്യസ്ത രീതിയില്‍ പുനര്‍നിര്‍വ്വചിക്കുന്നുണ്ട്. സെല്‍സ്‌ട്രോം തന്റെ കൃതിയിലൂടെ ഈ പരിപ്രേക്ഷ്യങ്ങളുടെ ഓട്ടപ്രദക്ഷിണം തന്നെ നടത്തുന്നുണ്ട്.
ആഫ്രിക്കന്‍ വന്‍കരയുടെയും ഇന്റര്‍നാഷണല്‍ മാരിടൈമിന്റെയും ജിയോപൊളിറ്റിക്‌സില്‍ ഈ ദ്വീപുകളുടെ സ്ഥാനം നിര്‍ണയിക്കുകയും അവിടങ്ങളിലെ സമൂഹം, സാമ്പത്തികത, രാഷ്ട്രീയം, പാരിസ്ഥിതികവുമായ രൂപീകരണങ്ങളില്‍ അവയുടെ തന്ത്രപ്രധാന പങ്ക് വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ ചര്‍ച്ചകളില്‍ ഒരു മുന്‍ഗണനാ മാറ്റം കൊണ്ടു വരാന്‍ സെല്‍സ്‌ട്രോമിനായിട്ടുണ്ട്. അതില്‍ കവിഞ്ഞ്, കാര്യമായ വാദഗതികളോ നിര്‍ണായക വിവരണങ്ങളോ കൃതി നല്‍കുന്നില്ല. ” ഈ ഗ്രന്ഥം ഒരു വിശദ ഗവേഷണ ഫലമോ പുതിയ താത്വിക തറയോ അല്ല” എന്ന് ആമുഖത്തിലേ പറയുന്നുണ്ട്. സാമാന്യ വായനക്കാര്‍ക്ക് വിഷയത്തില്‍ പൊതുകാഴ്ച്ചപ്പാട് രൂപീകരിക്കാന്‍ പുസ്തകം സഹായകമാണ്.


മഡഗാസ്‌കര്‍, കാമറൂസ്, മൗറീഷ്യസ്, സീഷെല്‍സ്, റീയൂണിയന്‍, മേയറ്റ്, ചാഗോസ് തുടങ്ങിയ ദ്വീപുകളാണ് ചര്‍ച്ചയാവുന്നത്. കൃതിയുടെ ആമുഖത്തില്‍ ഈ ദ്വീപ് സമൂഹങ്ങളുടെ ചരിത്രവും രാഷ്ട്രീയവും അവ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. തുടര്‍ന്നുളള അധ്യായങ്ങളില്‍ ഓരോ ദ്വീപുകളുടെയും ഭൂമി ശാസ്ത്രവും ഡെമോഗ്രഫി പ്രത്യേകതകളും കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ ചലനങ്ങളെയും രേഖപ്പെടുത്തുന്നു. ഈ ദ്വീപുകളെ പറ്റിയുള്ള വ്യത്യസ്ത വിശദീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് പ്രീ കൊളോണിയല്‍, കൊളോണിയല്‍ കാലഘട്ടങ്ങളിലെ സമുദ്ര സഞ്ചാരങ്ങള്‍ ഈ ദ്വീപുകളുടെ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും ഡെമോഗ്രഫിയിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നാണ്. അടിമ, തൊഴിലാളി, കൊള്ളവാണിജ്യ സംഘങ്ങളുടെ കുടിയേറ്റങ്ങള്‍ ദ്വീപുകളുടെ റീസന്റ് പാസ്റ്റിനെ രൂപപ്പെടുത്തുന്നത് പോലെ, അറബ്, ബന്ത്, സ്വാഹിലി, ആസ്‌ട്രോനേഷ്യന്‍ സമൂഹങ്ങളുടേത് പോലെയുള്ള പ്രീ മോഡേണ്‍ പലായനങ്ങള്‍, ചരിത്രപരവും സമകാലികവുമായ അവരുടെ കിടപ്പിനെ തന്നെ നിര്‍വചിച്ചുവെന്നര്‍ഥം. യൂറോപ്യന്‍ കൊളോണിയല്‍ കാലത്ത് വീണ്ടും സജീവമായ ഏഷ്യആഫ്രിക്കന്‍ സമ്പര്‍ക്കങ്ങള്‍, പുരാതന കാലത്ത് പ്രാചീന സങ്കര/ബഹുവംശ/എത്‌നിക് സമൂഹങ്ങളെയും നിര്‍മിച്ച സമുദ്രാന്തര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ അനിഷേധ്യ സാക്ഷിപത്രമാണ്. ഈ ദ്വീപുകളില്‍ കാമറൂസ് പോലുള്ള പ്രാചീന ദ്വീപ് സമൂഹങ്ങളും മൗറീഷ്യസ് പോലുള്ള പില്‍ക്കാല ജനവാസ കേന്ദ്രങ്ങളുമടക്കം പലതും കോളനിവത്കരണ സമയത്ത് ഒരുപാട് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കൊളോണിയലിസം ഇന്നും ദ്വീപ് സമൂഹങ്ങളെ അപകടകരമാം വിധം സാംസ്‌കാരികമായി പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചാഗോസ്, മെയറ്റ് പോലുള്ള പ്രദേശങ്ങളില്‍ യു.എസ്, ഫ്രാന്‍സ് അന്താരാഷ്ട്ര നിയമങ്ങളെ പാലിക്കാതെ നടത്തുന്ന അധീശത്വ നടപടികള്‍ ഇവയുടെ ഭാഗമായി വേണം കാണാന്‍.

സമാപ്തം
അലിയുടെയും ബര്‍ടന്റെയും സെല്‍സ്‌ട്രോമിന്റെയും വര്‍ക്കുകള്‍ സമുദ്ര തീരങ്ങളുമായി ആഫ്രിക്ക നടത്തിയ ചരിത്രപരവും സമകാലികവുമായ വിനിമയങ്ങളുടെ ഒരു സമ്മിശ്രം അവതരിപ്പിക്കുകയാണ്. സ്ലേവ് മൊബിലിറ്റിയെക്കുറിച്ചും പോസ്റ്റ് കൊളോണിയല്‍ ഇന്ത്യന്‍ രചനകളിലെ ആഫ്രിക്കന്‍ പ്രതിനിധാനത്തെക്കുറിച്ചുമുള്ള ആഖ്യാനങ്ങള്‍ ഏഷ്യയുമായുള്ള ആഫ്രിക്കയുടെ സമുദ്രാന്തര സങ്കീര്‍ണതകളെ വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ സമുദ്രത്തിലെ ആഫ്രിക്കന്‍ ദ്വീപുകളുടെ സാമ്പത്തികവും സാമൂഹ്യ രാഷ്ട്രീയവുമായ പ്രകൃതം തന്നെ ഭൂതകാലത്ത് സമ്പന്നമായിരുന്ന ആഫ്രോഏഷ്യന്‍ കൈമാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്, ദേശീയതാവാദികളുടെയും ഭൂരിപക്ഷവാദികളുടെയും രാഷ്ട്രീയ ആഖ്യാനങ്ങളില്‍ അവ പലപ്പോഴും കാണാറില്ലെങ്കില്‍ പോലും. ചരിത്രപരമായി അനിഷേധ്യമായ ഈ സഞ്ചാരപഥങ്ങളെ നിരാകരിക്കാനുള്ള രാഷ്ട്രീയ പ്രേരിത, ബോധപൂര്‍വ്വ, മൂഢ ശ്രമങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യന്‍ സമുദ്രവും അവ ആഫ്രിക്കന്‍ വ്യക്തി, ദേശം, വ്യത്യസ്ത സ്ഥാപനങ്ങള്‍ എന്നിവയില്‍ ചെലുത്തിയ സ്വാധീനവും നിഷേധിക്കാനാവാത്തതാണ്. മേഖലയിലെ പുതിയ അന്വേഷണങ്ങളും സംരംഭങ്ങളും തീരപ്രദേശങ്ങളിലെയും ആഫ്രോഏഷ്യന്‍ ബന്ധങ്ങളിലെയും ആഫ്രിക്കന്‍ ഇടപെടലുകളുടെ വിവിധ തലങ്ങളെയും ഘട്ടങ്ങളെയും അനാവരണം ചെയ്യുക തന്നെ ചെയ്യും.

വിവ: അഫ്‌സല്‍ പി.ടി, ഗഫാര്‍

Tags : മഹ്മൂദ് കൂരിയ, ഇന്ത്യന്‍ മഹാ സമുദ്രം, ഏഷ്യ ആഫ്രിക്ക സമുദ്രാന്തര ബന്ധങ്ങള്‍, Mahmood Kooria, Indian ocean studies

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.