യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ (intuition)സമ്പൂര്‍ണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, അന്തഃപ്രജ്ഞയ്ക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ ‘യുക്തിവാദം’ എന്നത് ‘നിരീശ്വരവാദം’ എന്നതിന്റെ പര്യായമാണ് എന്നാണ്. അതിനിടയില്‍ സെമി പാരഡോക്‌സിക്കല്‍ ബൈനറിയുണ്ട്.
ഉദാഹരണത്തിന്, ആധുനിക യുക്തിവാദത്തിന്റെ മര്‍മ്മമായ പരിണാമവാദം മറ്റൊരു രൂപത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിഗമിച്ച പലരും ദൈവ വിശ്വാസികളായിരുന്നു. ചാള്‍സ് ഡാര്‍വിന്‍ തന്റെ ഒറിജിന്‍ ഓഫ് സ്‌പെസിസിലൂടെ പരിണാമത്തെ വില്പന ചെയ്യുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇസ്്‌ലാമിക ലോകത്ത് പ്രകൃതി നിരീക്ഷണവും ചെറിയ വ്യതിയാനങ്ങളില്‍ നിന്നും പുതിയ ജീവര്‍ഗങ്ങള്‍ ഉത്ഭവിക്കുന്നു എന്ന സങ്കല്പവും നിലനിന്നിരുന്നു.
ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ കിതാബുല്‍ ഇബറിന്റെ മുഖദ്ദിമയില്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണമിച്ചുണ്ടായതാണെന്നുള്ള ആശയം പങ്കുവെക്കുന്നുണ്ട്. ഇബ്‌നു ഹൈതം(മ.1039) കിതാബുല്‍ മനാസിറിലും അല്‍ബിറൂനി(മ.1048) കിതാബുല്‍ ജമാഹിരിലും ധാതുക്കളില്‍ നിന്ന് തുടങ്ങി സസ്യങ്ങളിലൂടെയും, ജന്തുക്കളിലൂടെയും പുരോഗമിച്ച് മനുഷ്യനിലെത്തുന്ന പരിണാമ വീക്ഷണം മുന്നോട്ട്‌വെക്കുന്നുണ്ട്.
അല്‍ജാഹിസി (മ.869)ന്റെ ദി ബുക്ക് ഓഫ് അനിമല്‍സ് എന്ന പുസ്തകത്തില്‍ നിന്നും ഉപര്യുക്ത ആശയം വരുന്ന ഒരു ഭാഗം നോക്കാം.
Animals engage in a struggle for existence; for resources, to avoid being eaten and to breed. Environmental factors influence organisms to develop new characteristics to ensure survival, thus transforming into new species. Animals that survive to breed can pass on their successful characteristics to offspring (Book of Animals)
യുക്തിവാദികള്‍ പലരും നിരീശ്വരവാദികള്‍ ആവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടും രണ്ടാണ്. സമാന്യമായി, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ, ദര്‍ശനമോ ആണ് നിരീശ്വരവാദം.
എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി എന്നിവയും ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയായ ചര്‍വാകദര്‍ശനം ഇതിന്റെ ഉദാഹരണമാണ്. നിരീശ്വരവാദത്തിന്റെ പിതാവായി തത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്‌സഗോറസി (മ.428 ബി.സി) നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.
ഇല്‍മുല്‍കലാം ഖണ്ഡിച്ച നാസ്തിക വാദം
ന്യായനിദാനങ്ങളും യുക്തി പ്രമാണങ്ങളും നിരത്തി ഇസ്്‌ലാമിക വിശ്വാസത്തെ സ്ഥിരപ്പെടുത്തുകയും എതിര്‍വാദങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാന ശാസ്ത്രമാണ് ഇല്‍മുല്‍കലാം. അബൂ ഹാമിദില്‍ ഗസ്സാലി, സഅ്ദുത്തഫ്താസാനി, ഫഖ്‌റുദ്ധീന്‍ റാസി, നാസിറുദ്ധീനുത്തൂസി തുടങ്ങിയ വിശ്വാസ വിചക്ഷണര്‍ പ്രധാനമായും നേരിട്ടത് നാസ്തികന്മാരിലെ അജ്ഞേയവാദികളോടാണ്. ‘സൂഫസ്താഇയ്യ'(sophist) എന്നറിയപ്പെടുന്ന ഈ വിഭാഗം പ്രാപഞ്ചികതയുടെ ആദിനിദാനത്തെയും സൃഷ്ടിഭിന്ന സൃഷ്ടാവിനേയും മാത്രമല്ല ചരാചരോണ്മയെയും ഉണ്മയുടെ അസ്തിത്വത്തെ തന്നെയും നിരാകരിച്ചവരായിരുന്നു. സത്യത്തില്‍, ആധുനിക പദാര്‍ത്ഥ വാദികളുടെ തലവനായ റിച്ചാര്‍ഡ് ഡോകിണ്‍സ് പോലും അജ്ഞേയവാദിയാണെന്ന് ‘ഗോഡ് ഡില്യൂഷണലൂടെ’ സഞ്ചരിച്ചാല്‍ ബോധ്യമാവും.
ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് തന്നെയാണ് അജ്ഞേയ വാദം.
ആസ്തികവാദികള്‍ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാല്‍ അജ്ഞേയതാവാദികള്‍ ഈ രണ്ടു വാദങ്ങളും തെളിയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നു. അജ്ഞേയതാവാദികളില്‍ തന്നെ നാസ്തിക അജ്ഞേയതാവാദികള്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നാല്‍ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരുമാണ്(agnostic atheism). എന്നാല്‍ ആസ്തിക അജ്ഞേയതാവാദികള്‍(agnostic theism) ദൈവത്തില്‍ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്. മറ്റൊന്ന്, ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദമാണ് (Apathetic or pragmatic agnosticism).
ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്. വേറൊന്ന് ദൃഢ അജ്ഞേയതാവാദം (strong agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാവില്ല എന്ന വാദമാണിത്. ഒടുവില്‍ ഉണ്ടായത്. മൃദു അജ്ഞേയതാവാദം(weak agnosticism) ആണ്.ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല എങ്കിലും ഭാവിയില്‍ സാധിച്ചേക്കാം എന്ന വാദമാണിത്. മൈബദി പോലോത്ത തത്വശാസ്ത്ര ഗ്രന്ഥങ്ങളില്‍ ‘ഇനാദിയ്യ, ഇന്‍ദിയ്യ, ലാഅദ്രിയ്യ തുടങ്ങിയ പേരുകളില്‍ ഇവരെ പരിചയപ്പെടുത്തുന്നുണ്ട്.
എന്നാല്‍ പദാര്‍ത്ഥവാദം (Materialism) എന്ന പദം ഇന്ന് എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന വിധം സാങ്കേതിമായി ഉപയോഗിക്കുന്നു.
നിരീശ്വരവാദത്തില്‍ ഈ നൂറ്റാണ്ടില്‍ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയല്‍ സി ഡെന്നത്ത്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, വിക്ടര്‍ ജെ സ്‌റ്റെന്‍ജര്‍, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്നിവരുടെ എഴുത്തുകളാണ് പുത്തന്‍ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ ഇവര്‍ ഉപയോഗിക്കുന്നത്. മുന്‍തലമുറയുടെ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കില്‍ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.
‘ദൈവം ഉണ്ടെന്ന’ പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും ഡോക്കിന്‍സും വിക്ടര്‍ സ്‌റ്റെന്‍ജറും വാദിക്കുന്നു. ജീവോല്‍പ്പത്തിയും ഗാലക്‌സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താല്‍ വിശദീകരിക്കപ്പെടാന്‍ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനര്‍ഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.
നാസ്തികത സമം സെമിറ്റിക് വിരുദ്ധത
പ്രാചീന നിരീശ്വരത്വം അന്വേഷണാത്മകമാണെങ്കില്‍ നവനാസ്തികത വിമര്‍ശനാത്മക വിചാരങ്ങളാണ്. സംഘടിത നിരീശ്വര വാദങ്ങള്‍ ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. വാനവേദ മതങ്ങളോട് മൊത്തത്തിലും ഇസ്്‌ലാമിനോട് വിശേഷിച്ചുമുള്ള വിരോധമാണ് അതിന്റെ മുഖമുദ്ര.
പത്തൊന്‍പതാം ശതകത്തില്‍തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീശ്വരവാദസംഘടനകള്‍ രൂപം കൊണ്ടിരുന്നു. പ്രത്യക്ഷത്തില്‍ മാനവ സംഗമത്തിന് ശ്രമിക്കുന്നുവെങ്കിലും അമാനവരെ കണ്ടെത്താനുള്ള ഉല്‍സാഹമാണ് ഇവയുടെ പ്രായോഗിക അജണ്ട എന്ന്. വംശീയവെറിയിലധിഷ്ഠിതമായ തിയറികള്‍ ആവിഷ്‌ക്കരിച്ച് തങ്ങള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയാത്തവരെ ‘ഹോമോസാപ്പിയന്‍’ പരിധിയില്‍ നിന്ന് പോലും പുറന്തള്ളാന്‍ അവര്‍ ശ്രമിക്കുന്നു. ‘പരിണാമം പൂര്‍ണ്ണമായ മനുഷ്യരാണ് നിരീശ്വരവാദികള്‍ എങ്കില്‍ അര്‍ദ്ധ പരിണാമം മാത്രം പിന്നിട്ട വികല ബുദ്ധിക്കാരാണ് മതവിശ്വാസികള്‍’ തുടങ്ങിയ റിച്ചാര്‍ഡ് ഡോകിണ്‍സിന്റെ പരാമര്‍ശങ്ങള്‍ അതാണറിയിക്കുന്നത്.
യുക്തിപൂജയുടെ ബൗദ്ധികഭ്രംശങ്ങള്‍
അറിവില്ലാത്തൊരു വിഷയത്തില്‍ അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുക എന്നതാണ് യുക്തിയുടെയും ശാസ്ത്രത്തിന്റെയും രീതിയെന്നിരിക്കെ ഇല്ലാ എന്ന റെഡിമേഡ് മുന്‍ധാരണയുടെ പുറത്ത് ദൈവത്തിന് നേരെയുള്ള സകലവിധ അന്വേഷണ നിരീക്ഷണ ചിന്തകള്‍ക്കും താഴിടുന്ന നിരീശ്വര അന്ധവിശ്വാസികള്‍ സ്വയം യുക്തിവാദികളെന്ന് പൊങ്ങച്ചം പറയുന്നത് യുക്തിയോട് തന്നെ ചെയ്യുന്ന ആഭാസകരമായ സമീപനമല്ലേ?
‘നമുക്കറിയില്ല’ അതുകൊണ്ട് അങ്ങനെയൊന്ന് ഇല്ല എന്ന് വാദിക്കുന്ന നിരീശ്വര യുക്തി തന്നെ ശാസ്ത്ര വിരുദ്ധതയുടെയും പ്രാചീനതയുടെയുമാണ്. അറിവില്ലാത്ത വിഷയങ്ങളിലെ അന്വേഷണങ്ങള്‍ തന്നെയാണ് മനുഷ്യനെയിന്ന് ശാസ്ത്രപുരോഗതിയുടെ ഉത്തുംഗതയില്‍ നിര്‍ത്തിയിരിക്കുന്നത്. ഗവേഷണ നിരീക്ഷണങ്ങളിലൂടെ മുന്‍ധാരണകള്‍ തിരുത്തുകയോ പരിഷ്‌കരിക്കുകയോ ചെയുന്ന സമീപനമാണ് ശാസ്ത്രത്തിന്റെ മെതഡോളജി തന്നെ. അവിടെ ദൈവ നിഷേധ കടുംപിടുത്തങ്ങള്‍ക്കുള്ള സ്ഥാനം ശാസ്ത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മാത്രമായി ചുരുങ്ങുന്നു. പ്രപഞ്ചാതീതവും ഭൗതികേതരവുമായ ഒരസ്തിത്വത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ ദാര്‍ശനികമായെങ്കിലും അങ്ങനൊരു സാധ്യതയെ ഗ്രഹിക്കാനുള്ള മനോവികാസവും നിലവാരവും വേണം. എന്നാല്‍ ഭൗതികവാദം വ്യക്തിപരമായ അജ്ഞതയെ മാത്രമാണ് തുണക്ക് പിടിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് അവന്റെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് ഭൗമകേന്ദ്രീകൃതമായാണ്. ഭൂമിയില്‍ ജനിച്ച് ജീവിക്കുന്ന അവന്റെ ചിന്താമണ്ഡലം അവനെ ചുറ്റിയുള്ള പ്രകൃതിക്ക് സമാന്തരമായാണ് ഉരുത്തിരിയുന്നത്. പദാര്‍ത്ഥപരമായി അതിനപ്പുറമൊന്നുമില്ലെന്ന അന്ധമായ നിഷേധവാദം കൊണ്ട് ആ മസ്തിഷ്‌കത്തെ കബളിപ്പിക്കാനും എളുപ്പമായിരിക്കും. എന്നാല്‍ പൊട്ടക്കിണര്‍ മാത്രം ലോകമായിക്കരുതി ജീവിതം തീര്‍ക്കുന്ന തവളക്ക് സമാനമായ യുക്തി മാത്രമാണത്. മനുഷ്യമസ്തിഷ്‌കത്തിന്റെ ഘടനാപരമായ ന്യുനതയെ വൃത്തികെട്ട രൂപത്തില്‍ ആശ്രയിക്കുകയും ന്യായീകരിക്കുകയുമാണ് ഇത്തരമൊരു യുക്തിവാദം. മനുഷ്യമസ്തിഷ്‌കത്തിന്റെ ഈ രൂപത്തിലുള്ള ദുര്‍ബലാവസ്ഥകളെ മനസ്സിലാക്കാന്‍ ശാസ്ത്രനിലവാരത്തില്‍ തന്നെ ഇന്നൊരുപാട് ഉദാഹരണങ്ങള്‍ ലഭ്യമാണ്.
നാം ജീവിക്കുന്നത് മൂന്ന് സ്‌പേസ് ഡയമെന്‍ഷനുകളോടൊപ്പം സമയത്തിന്റേതായ ഒരു ഡയമെന്‍ഷനും കൂടിച്ചേര്‍ന്ന ചതുര്‍മാന ലോകത്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്‌പേസിന്റെതായ ഒരു ഡയമെന്‍ഷനില്‍ മാത്രമാണ് നില്‍ക്കുന്നതെന്ന് ഉദാഹരണമായി ഒന്ന് ചിന്തിച്ച് നോക്കിയാല്‍ അവിടെയുണ്ടാവുക വശങ്ങളിലേക്കുള്ള ഒരു വര മാത്രമായിരിക്കും.അപ്പോള്‍ മുന്നോട്ടോ പിറകോട്ടോ മുകളിലേക്കോ താഴേക്കോ നോക്കിയാലോ? അങ്ങനെയുള്ള അവസ്ഥകളേ അവിടെയുണ്ടാവില്ല! നമുക്ക് അങ്ങനൊരു അവസ്ഥയെ മനസ്സില്‍ കാണാനും പറ്റില്ല! എന്ന് മാത്രമല്ല അങ്ങനൊരു ഡൈമെന്‍ഷണല്‍ ലോകത്ത് ജീവിക്കുന്നവര്‍ക്ക് നമ്മുടെ ചതുര്‍മാന ലോകത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇനി ഈ ചതുര്‍മാന തലം മാത്രമാണോ നമ്മുടെ പ്രപഞ്ചം ? തീര്‍ച്ചയായും അതുമല്ല.
അഞ്ചാമത്തെ ഡയമെന്‍ഷനെക്കുറിച്ച് പറയുന്ന കലുസാ ക്ലെയിന്‍ തിയറി മുതല്‍ 11 ഡയമെന്‍ഷനുകളെ പ്രഡിക്റ്റ് ചെയ്യുന്ന സ്റ്റ്രിംഗ് തിയറി വരെ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ നമ്മുടെ മസ്തിഷ്‌കത്തിന് കഴിയാത്തത് അവയൊന്നും ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്‌ക പരിധിയിലോട്ട് വരാത്തതാണ് എന്നത് കൊണ്ടാണ്. ഇനി റിലേറ്റിവിറ്റി തിയറി അനുസരിച്ച് ഉയര്‍ന്ന വേഗതയിലും, ഉയര്‍ന്ന ഗുരുത്വ പ്രതലത്തിലുമെല്ലാം സമയം പതുക്കെയാവുമെന്നും നാം നില്‍ക്കുന്ന പ്രതലത്തിനും സ്ഥിതിക്കുമെല്ലാം ആപേക്ഷികമായാണ് സമയം പ്രവര്‍ത്തിക്കുന്നത് എന്നും ഗ്രഹിക്കാന്‍ ശ്രമിച്ചാലോ അപ്പോഴും മസ്തിഷ്‌കപരമായ ഈ വൈചിത്രം നമുക്ക് അനുഭവിക്കാന്‍ കഴിയും. കാരണം നമ്മുടെ നിത്യജീവിതപരിധിയില്‍ വരാത്തവയെല്ലാം നമ്മുടെ ചിന്താമണ്ടലത്തിനും അപ്പുറമാണ്.
ഇതിങ്ങനെയൊക്കെയാണെങ്കില്‍ തീര്‍ച്ചയായും സ്ഥലകാല നൈരന്തര്യങ്ങള്‍ക്ക് തുടക്കമാവുന്ന ബിഗ്ബാങ്ങിനും ഹേതുവായ ഈ പ്രപഞ്ചത്തിനെയും സ്ഥലകാല മാനങ്ങളെയും സൃഷ്ടിച്ച സൃഷ്ടാവ് പദാര്‍ത്ഥപരമായ നമ്മുടെ സകലവിധ മുന്‍ധാരണകള്‍ക്കും അതീതനായിരിക്കുമല്ലോ? അങ്ങനുള്ളപ്പോള്‍ ശാസ്ത്രം ദൈവത്തേക്കണ്ടെത്തിയില്ല, അതുകൊണ്ട് ദൈവമില്ല എന്ന് വാദിക്കുന്നത് എത്ര ബാലിശമായ നിലപാടാണ്. ശാസ്ത്രം ഭൗതിക ലോകത്തെ പഠിക്കാനുള്ള മനുഷ്യന്റെ മാധ്യമമാണ്. അതുംകൊണ്ട് ദൈവത്തെ ഖണ്ഡിക്കാന്‍ ഇറങ്ങുന്നവര്‍ക്കുള്ളത് ദൈവത്തിലുള്ള അജ്ഞതമാത്രമല്ല ശാസ്ത്രമെന്താണെന്നതിലുള്ള അടിസ്ഥാനപരമായ വിവരമില്ലായ്മ കൂടിയാണ്.”The purpose of science is to investigate the unexplained, not to explain the uninvestigated” Dr.Stephen Rorke.
ദൈവത്തെ ആരുണ്ടാക്കി എന്നതാണ് സകല നാസ്തികരുടെയും പ്രധാന സംഭ്രാന്തി. ഇത്തരം ചോദ്യങ്ങളുടെ പിന്‍പിലെ ആശയം ദൈവം എവിടെ നിന്നോ വന്നു എന്നാണ്. അതിനുശേഷം എവിടെ നിന്നായിരിക്കണം എന്നവര്‍ സ്വയം അനുമാനിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാണ്. ‘നീലനിറത്തിന്റെ മണം എന്താണ്’ എന്നു ചോദിക്കുന്നതു പോലെ തന്നെയാണ് ഇത്തരം ചോദ്യങ്ങള്‍. നീലനിറം മണമുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ലല്ലൊ. അതുകൊണ്ട് ആ ചോദ്യം അസ്ഥാനത്താണ്. എന്നു പറഞ്ഞതുപോലെ ദൈവം സൃഷ്ടിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലാത്തതു കൊണ്ട് ആ ചോദ്യവും അസ്ഥാനത്തുള്ള ചോദ്യമാണ്. ദൈവം ഉണ്ടാക്കപ്പെട്ടവനല്ല. അവന്‍ കാരണങ്ങള്‍ക്ക് അതീതനാണ്.
ഉണ്ടാക്കപ്പെട്ട പദാര്‍ത്ഥത്തിന്റെ സ്വഭാവമാണ് കാര്യകാരണ അധീനത്വവും കാലാനുബന്ധവും. പടച്ചവനെ ആരുണ്ടാക്കി എന്നതിന്റെ ഗ്രാഹ്യാശയം, അവന് ‘മുമ്പ്’ എന്ന അവസ്ഥ/കാലം ഉണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരവസ്ഥ ഇല്ലായിരുന്നു. കാരണം കാലത്തെ അവന്‍ പടച്ചതാണ്. കാലത്തിന് അതീതനാണ് സ്രഷ്ടാവ്. ‘അനാദി’ എന്ന പദത്തിത്തിന്റെ ആശയമാണത്. മാത്രവുമല്ല, ആ ചോദ്യം വഴി യുക്തിവാദം മതവിശ്വാസമായി മാറുകയാണ്. കാരണം കാലമാണോ ഈശ്വരനാണോ സ്രഷ്ടാവ് എന്ന മതാന്തര്‍ സംവാദമാണപ്പോഴാ തര്‍ക്കം.
യൂറോപ്യന്‍ റാഷനിലിസ്റ്റുകള്‍ തന്നെ ഉപയോഗിക്കുന്ന ചില താര്‍ക്കിക സാങ്കേതിക തത്വങ്ങള്‍ മുഖേനെയും ദൈവാസ്തിക്യം അംഗീകരിക്കേണ്ടി വരും.
ഒന്ന്: ജീവാസ്തിത്വ വാദം (ഓന്തോളജിക്കല്‍ ആര്‍ഗ്യുമെന്റ്)
അസ്ഥിത്വം അവകാശപ്പെട്ടു കൊണ്ട് ഒരു കാര്യം പരിചയപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അത് നിഗ്രഹിക്കപ്പെടാത്ത കാലത്തോളം പോസിബിലിറ്റി ആ അസ്ഥിത്വത്തിന് തന്നെയാണ്. അതായത് ഞാനാണ് സ്രഷ്ടാവ് എന്ന വാദം ഇവിടെ നിലവിലുണ്ട്. ഇനി ആ വാദത്തെ ഖണ്ഡിക്കുകയാണ്. അതായത് ദൈവമുണ്ടെന്നല്ല ഇല്ലെന്നാണ് തെളിയിക്കപ്പെടേണ്ടത്. ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
രണ്ട്: രൂപകല്‍പ്പനാ വാദം (കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്)
കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്പ്പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു.
അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോടീനുകള്‍ വേണം ഒരു ജീവന്. ഒരുതരം പ്രോടീനുകള്‍ അല്ല, വിവിധതരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത് എങ്ങനെയെന്നു വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും. ചിന്തിക്കുന്നുവെങ്കില്‍, ജീവന്‍ ഏറ്റവും സങ്കീര്‍ണ്ണവും കണിശമായ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടതുമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം?
കോശത്തിന്റെ അതിസങ്കീര്‍ണ്ണത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്?
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ‘ഒരു കോശത്തിന്റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു’. ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണ്ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധ വിശ്വാസം ?
ദൈവകണം ഏറെ ചര്‍ച്ചയായ ഒരു ശാസ്ത്രീയ വിപ്ലവമാണ്. ഖുര്‍ആനിക സത്യത്തിലേക്ക് വിരള്‍ചൂണ്ടുന്ന ഒരംശം അവിടെയും ദര്‍ശിക്കാം.
പ്രപഞ്ചം പന്ത്രണ്ട് അടിസ്ഥാന പദാര്‍ത്ഥങ്ങളും (fundamental particles) നാലു അടിസ്ഥാ)ന ബലങ്ങളും (fundamental forces) കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ഈ സിദ്ധാന്തത്തെ സ്റ്റാന്റേര്‍ഡ് മോഡല്‍ എന്നു വിളിക്കുന്നു. ഇതില്‍ പതിനൊന്ന് അടിസ്ഥാന പദാര്‍ത്ഥങ്ങളും നേരത്തെ കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും, ഇതിനെ കൃത്യമായി വിശദീകരിക്കാനുള്ള, അവയ്ക്ക് പിണ്ഡം (mass) നല്‍കുന്ന പന്ത്രണ്ടാം അടിസ്ഥാന വസ്തു കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ദൈവകണം.
ഈ കണം കണ്ടുപിടിക്കുന്നതിനുവേണ്ടി യൂറോപ്പിന്റെ സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (സേണ്‍) 1990കളിലാണ് ഹിഗ്‌സ് ബോസോണ്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണയന്ത്രം ഇതിനു വേണ്ടി നിര്‍മിക്കപ്പെട്ടു. എല്‍എച്ച്‌സി (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) കണികാത്വരകമായിരുന്നു ആ പരീക്ഷണ ശാല. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ജനീവക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ വൃത്താകാര ടണലിന് 27 കി.മീറ്റര്‍ നീളമുണ്ട്. ഉന്നതോര്‍ജമുള്ള പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ദിശയില്‍ ഈ ടണലിലൂടെ പായിച്ചു കൂട്ടിയിടിപ്പിക്കുകയായിരുന്നു ആ പരീക്ഷണം. 350 ട്രില്യന്‍ പ്രോട്ടോണ്‍ കൂട്ടിമുട്ടലുകളാണ് സംഘം നടത്തിയിരിക്കുന്നത്. ഒരു പ്രോട്ടോണ്‍ ഊര്‍ജമാക്കി മാറ്റിയാല്‍ ലഭ്യമാകുന്നതിന്റെ 7000 മടങ്ങു ഊര്‍ജത്തില്‍ സഞ്ചരിക്കത്തക്ക വിധമാണ് ഇതു സാധിച്ചിരിക്കുന്നത്. എല്‍എച്ച്‌സിയില്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ബീമുകളായ പ്രോട്ടോണുകള്‍ നാലിടങ്ങളിലായി സെക്കന്റില്‍ 3100 കോടി തവണ അന്യോനം കടന്നുപോയി. ഇതിനിടെ 1,24000 പ്രോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചത് രേഖപ്പെടുത്താന്‍ ഉയര്‍ന്ന റെസലൂഷനോടു കൂടിയ മൂന്ന് കൂറ്റന്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. അറ്റ്‌ലസ് കോംപാക്റ്റ്, മ്യൂവോണ്‍ സോളിനേയ്ഡ്, എലാര്‍ജ് അയോണ്‍ എക്‌സ്‌പെരിമെന്റ് എന്നിവയാണത്. ഇതില്‍ ആദ്യത്തെ രണ്ടു ഡിറ്റക്ടറുകള്‍ ശേഖരിച്ച വിവരങ്ങളെ സേണ്‍ അപഗ്രഥിച്ചാണ് പരമാണുവിനേക്കാള്‍ ചെറിയ കണമായ ദൈവകണത്തെ സംബന്ധിച്ച സൂക്ഷ്മജ്ഞാനത്തിന് ഭൗതിക ശാസ്ത്രം വിശദീകരണം നല്‍കിയത്.
ഇനി ഖുര്‍ആനില്‍ ചെന്നു നോക്കാം: നബിയേ! താങ്കളുടെ കാര്യത്തിലാണെങ്കിലും ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതുകയാണെങ്കിലും നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും തത്സമയം അതിനൊക്കെ സാക്ഷിയായി നാമുണ്ട്. ആകാശങ്ങളിലും ഭൂമിയിലും ഒരണുവോളമുള്ളതോ അതിലും ചെറുതോ വലുതോ ആയ ഒന്നും തന്നെ വ്യക്തമായ രേഖയില്‍ രേഖപ്പെടുത്താതെ താങ്കളുടെ റബ്ബിന്റെ ശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുകയില്ല (യൂനുസ് 61) ക്വാണ്ടം ഫിസിക്‌സില്‍ കണികയോ തരംഗമോ അല്ലാത്ത സൂക്ഷമ വസ്തുക്കളെ പരിചയപ്പെടുത്തുന്നുണ്ട്. വസ്തുവോ വസ്തുതയോ കണികയോ തരംഗമോ അല്ലാത്ത നിരംശംയ കണം നുഖ്ത്വ: യെക്കുറിച്ച് ഖുര്‍ആനിക പണ്ഡിതന്മാര്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്.
മൂന്ന്: ധാര്‍മ്മികവാദം (മോറല്‍ ആര്‍ഗ്യുമെന്റ്).
ഇത് പരിശോധിച്ചാല്‍ കാര്യം ഏറെ വ്യക്തമാവും. ദൈവ വിശ്വാസികളല്ലാത്തവര്‍ മനസാക്ഷിയില്‍ വിശ്വസിച്ചു കൊണ്ടാണ് ജീവിത മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. സനാതന ധര്‍മ്മങ്ങള്‍ നന്മയാണെന്ന് വിവേചിച്ച് കൊടുക്കുന്ന മനസാക്ഷി ശരീരത്തില്‍ എവിടെയാണെന്ന് യുക്തിവാദികള്‍ക്ക് പറയാനാവില്ല. കാരണത്തില്‍ വിശ്വസിക്കാത്തവര്‍ എന്തിന് ബലാല്‍സംഘവും കവര്‍ച്ചയും അഴിമതിയും അമൂര്‍ത്തമായ മൂല്യബോധത്തെ മുന്‍നിര്‍ത്തി പറയുന്നു? അവിടെ യുക്തി സ്രഷ്ടാവിന്റെ ശാസനകളോട് യോചിക്കേണ്ടി വരികയാണ്. കാരണം സൃഷ്ടികളില്‍ ആത്മാവും മനസാക്ഷിയും സംവിധാനിച്ച അവനറിയാം അവരുടെ മനോഗതങ്ങള്‍. അവനാണ് ഏകനായ അല്ലാഹു.
നാല്: ദാര്‍ശനികവാദം (വിഷനറി ആര്‍ഗ്യുമെന്റ്)
ലക്ഷ്യമില്ലാത്ത ജീവിതം മാത്രമാണ് നാസ്തികതയുടെ ഫലം. യുക്തിവാദികള്‍ ഒരുപക്ഷെ, സംസാരവൈഭവം കൊണ്ടോ തര്‍ക്കശാസ്ത്രം കൊണ്ടോ പിടിച്ചു നിന്നേക്കാം. എന്നാല്‍ അവന് മുമ്പില്‍ പ്രഹേളികയായ ഒന്നാണ് ജീവിത ലക്ഷ്യം എന്താണ് എന്ന ചിന്ത. ഏതൊരു കാര്യത്തെ ഉണ്ടാക്കുകയാണെങ്കിലും അതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടാകണം എന്ന് പ്രാചീന കാലം മുതലേ ഗ്രീക്ക് ചിന്തകന്മാരുടെ വാദമാണ്. ചതുര്‍നിമിത്തങ്ങള്‍ അഥവാ അല്‍ ഇലലുല്‍ അര്‍ബഅ:(ഇല്ലതുന്‍ സൂരിയ്യ, മാദ്ദിയ്യ, ഗാഇയ്യ, ഫാഇലിയ്യ)യില്‍ മൂന്നാമത്തേത് അതാണ്. പരലോകത്തെയും ദൈവത്തെയും നിഷേധിക്കുന്ന ഒരുവന്റെ ജീവിതം ലക്ഷ്യ ബോധമില്ലാത്തതാണു എന്നര്‍ത്ഥം. അവര്‍ കാര്‍പീഡിയന്‍ സിദ്ധാന്തക്കാരാണ്. മരണം വരെ നൈമിഷികസ്വാദനവാദിയായി ജീവിക്കുക, അത്ര തന്നെ! അപ്പോള്‍പ്പിന്നെ മാരക രോഗി, വിഷാദ രോഗി, വികലാംഗന്‍, ദരിദ്രന്‍ തുടങ്ങിയവര്‍ ജീവിക്കേണ്ടതില്ല. അവര്‍ ആത്മഹത്യ ചെയ്യട്ടെ എന്നതാകും യുക്തിവാദം. കാരണം നിരന്തരം ദു:ഖിക്കുകയോ ഭയക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മതവിശ്വാസം എന്ന ആരോപണം ഉന്നയിക്കുന്നവരാണവര്‍.
നാസ്തികതയുടെ മലയാളവഴികള്‍
ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളുടെയും മറ്റും ഭാഗമായാണ് ആധുനിക ഇന്ത്യയില്‍ നിരീശ്വരവാദ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറന്‍ തത്ത്വചിന്തയുടെ സ്വാധീനവും നവീന മനുഷ്യനു വേണ്ടിയുള്ള അന്വേഷണങ്ങളും ഇന്ത്യന്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരു വിഭാഗത്തെയും ചെറുവിഭാഗം സ്വാതന്ത്ര്യസമര പ്രവര്‍ത്തകരെയും നിരീശ്വരവാദത്തിലേക്ക് നയിച്ചു. ഭഗത്സിംഗ്, പെരിയോര്‍, ഇ.വി. രാമസ്വാമി നായ്ക്കര്‍, ജവാഹര്‍ലാല്‍ നെഹ്‌റു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരായിരുന്നു. ‘ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട’ എന്ന് ആഹ്വാനം ചെയ്ത് സഹോദരന്‍ അയ്യപ്പന്‍ കേരളത്തില്‍ യുക്തിവാദത്തിന് അടിത്തറപാകി.
യുക്തിവാദപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന എ.ടി. കോവൂര്‍ ഇന്ത്യയിലൂടനീളം സഞ്ചരിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീലങ്കയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായിരുന്നു. സത്യസായി ബാബയെപ്പോലുള്ളവരുടെ അമാനുഷശക്തിയെ ചോദ്യംചെയ്യുകയും അത് തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്തു. അത്തരമൊരു മുഖാമുഖത്തിന് സത്യസായിബാബയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യയിലും കേരളത്തിലുമുള്ള യുക്തിവാദികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. പക്ഷെ , മതങ്ങളെ കുറിച്ചുള്ള മുന്‍ധാരണകള്‍ അദ്ദേഹത്തെ ആത്യന്തിക സത്യത്തിലെത്തിക്കുന്നതില്‍ നിന്നും തടഞ്ഞു.
സഹോദരനയ്യപ്പനോടെ കേരളത്തിലെ നാസ്തികത കൂടുതല്‍ സംഘടിതവും വര്‍ഗീയോന്മുഖവുമായി . സി.വി. കുഞ്ഞിരാമന്‍, കെ. രാമവര്‍മ തമ്പാന്‍, സി. കൃഷ്ണന്‍, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ആര്‍. സുഗതന്‍, വി.ടി. ഭട്ടതിരിപ്പാട്, ഡോ. പി.പി. ആന്റണി(കുസുമം), എം.പി. വര്‍ക്കി തുടങ്ങിയവര്‍ ഈ ഘട്ടത്തിലെ പ്രമുഖരായിരുന്നു. ഇവര്‍ ഒന്നിച്ചല്ല പ്രവര്‍ത്തിച്ചിരുന്നത്. മാത്രമല്ല ഇവരുടെ ആശയങ്ങള്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് അസ്വീകാര്യവുമായിരുന്നു. 1917ല്‍ സഹോദരസംഘം രൂപീകരിക്കുകയും മിശ്രഭോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹോദരന്‍ പത്രത്തിലൂടെ വിപ്ലവകരമായ ചിന്താഗതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യം പുറത്തുവന്ന യുക്തിവാദിലേഖനം എം.പി. വര്‍ക്കിയുടെ ‘യഥാര്‍ഥ ക്രിസ്തു’വായിരുന്നു. സഹോദരനിലാണ് അത് അച്ചടിച്ചുവന്നത്.
രാമവര്‍മത്തമ്പാന്‍ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935ല്‍ കൊച്ചിയില്‍ യുക്തിവാദി സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തില്‍ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953ല്‍ ആലുവ അദൈ്വതാശ്രമം സ്‌കൂളില്‍വച്ച് യുക്തിവാദിസമ്മേളനം, സഹോദരന്‍ അയ്യപ്പന്‍, കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 1946ല്‍ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958ല്‍ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983ല്‍ സംഘം പിളര്‍ന്നു. ജോസഫ് ഇടമറുകിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനും 1984ല്‍ കേരള യുക്തിവാദിസംഘടനയും രൂപീകൃതമായി. അഖിലേന്ത്യാ സംഘടനക്കു കേരളത്തില്‍ വേരുകള്‍ നഷ്ടപ്പെട്ടു. നേരത്തേ പരമാര്‍ശിക്കപ്പെട്ടവരെക്കൂടാതെ ക്യാപ്റ്റന്‍ ലക്ഷ്മി, പവനന്‍, യു. കലാനാഥന്‍, രാജഗോപാല്‍ വാകത്താനം , ശ്രീനി പട്ടത്താനം, പ്രേംനാഥ്, പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരന്‍, വി.കെ പവിത്രന്‍, ജബ്ബാര്‍ മാഷ് തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കള്‍.
മലയാള സാഹിത്യത്തിലേക്കും പതിയെ വഴി വെട്ടുകയാണ് നാസ്തികത്വം. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചെലവില്‍ തന്നെ അത് നടക്കുന്നത് പല ഘട്ടങ്ങളില്‍ ഇവിടം കണ്ടതാണ്.
‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും
ദെവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു
മനസ്സുപങ്കുവെച്ചു’
കേരളത്തില്‍ ഭൗതികവാദം പരമകാഷ്ഠയില്‍ നിന്നിരുന്ന കാലത്ത്, 1972ല്‍ പുറത്തിറങ്ങിയ ‘അച്ഛനും ബാപ്പയും’ എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി, ദേവരാജന്‍ ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഗാനത്തിന്റെ പല്ലവിയാണിത്. ഈ നാല് വരികള്‍ ലോകത്താകമാനമുള്ള യുക്തിവാദ, നിരീശ്വര, കമ്യൂണിസ്റ്റ്, വിഭാഗങ്ങളുടെ ദൈവ, മത വിശ്വാസങ്ങളെ കുറിച്ചുള്ള വീക്ഷണത്തിന്റെ ആകെത്തുകയാണ്.
ഇത് കൂടാതെ ആധുനിക നാസ്തിക നേതാവായ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ വീക്ഷണങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം കൊണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയാ യുക്തിവാദികളുടെ പ്രധാന സ്രോതസ് മറ്റൊന്നല്ല. ഡോകിന്‍സിന്റെ ഗോഡ് ഡെല്യുഷ്യന്‍ എന്ന കൃതിയുടെ മലയാള ആഖ്യാനത്തില്‍ ഇങ്ങനെ വായിക്കാം. ‘ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്‌ലറുമൊക്കെയാണെന്ന് സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. ചെവിയില്‍ പൂവും വെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹചമായ വിശ്വാസങ്ങളൊക്കെ ‘മാനസിക പ്രശ്‌നമായി’ അവഗണിക്കാനാണ് നമുക്ക് താല്‍പര്യം. മതവിശ്വാസം ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല. പക്ഷെ, സമൂഹത്തില്‍ ധാരാളംപേര്‍ ഒരേ വിഭ്രാന്തിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് മാനസിക പ്രശ്‌നമല്ലാതാകും. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമെങ്കില്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്‌നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിന പദങ്ങള്‍’ (നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി. രവിചന്ദ്രന്‍, ഡി.സി. ബുക്‌സ്. പേജ് 22) എന്നാല്‍, നാസ്തികന്മാരിലെ ലിബറലുകള്‍ ഇത്തരം സിദ്ധാന്തങ്ങള്‍ മറ്റൊരു മതം തന്നെയാണ് എന്ന ആത്മവിമര്‍ശം ഉന്നയിച്ച് ഡോകിണ്‍സിനെ തള്ളുന്ന പഠനങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
നാസ്തികതയുടെ ആത്മവിമര്‍ശങ്ങള്‍
നവനാസ്തികത ഒരു ജീവിത പദ്ധതിയാണെന്നും സാമ്പ്രദായിക ഈശ്വരനിഗ്രഹം തെറ്റായ അജണ്ടയാണെന്നുമുള്ള വിശദീകരണമാണ് അക്കാദമിക് എയ്തിസം നല്‍കുന്നത്. അതൊരു ഒളിച്ചോട്ടം കൂടിയാണ്.
റയമണ്ട് കോര്‍സയുടെ’എത്തിസം ആസ് എ പോസിറ്റീവ് സോഷ്യല്‍ ഫോഴ്‌സ്’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ യുക്തിവാദം ഒരു ജീവിത രീതിയാണ് എന്നും മതത്തിനെതിരായ ആശയപരമായ ഒരു നിലപാട് മാത്രമല്ല എന്നും പറയുന്നുണ്ട്. മാത്രവുമല്ല ദൈവത്തിന് പകരം എന്താണ് പകരം വെക്കുന്നത് എന്നും വ്യക്തമാക്കേണ്ട ബാധ്യത ഈ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈവത്തില്‍ വിശ്വസിക്കലും ആരാധനയും മാത്രമല്ല മതം എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു വാദഗതി. സമുഹത്തെ ചലിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യയശാസ്ത്രവും കുടിയാവണം യുക്തിവാദം. ദൈവത്തിനെതിരായ കലാപങ്ങള്‍ ഇനി വില പോവില്ല, അതിനാല്‍ മതവിശ്വാസങ്ങളെ പരമാവധിയുക്തി വല്‍ക്കരിക്കാനാണ് അദ്ദേഹം പറയുന്നത്.
ദൈവത്തെ ഇനി തോല്‍പ്പിക്കാനാവില്ല എന്ന്! എമ്മാ ഗോള്‍ഡ്മന്‍ 1916ല്‍ എഴുതിയ യുക്തിവാദത്തിന്റെ തത്വശാസ്ത്രം എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. കാലത്തിന്റെ പ്രയാണത്തില്‍ ദൈവം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുള്ള ശക്തിയായി മാറികഴിഞ്ഞു. അതായത് ദൈവവിശ്വാസത്തെ മറികടക്കാന്‍ കഴിയില്ലെന്ന് സമ്മതിക്കാമെന്നര്‍ത്ഥം. മത വിശ്വാസ വിശ്വാസത്തേക്കാള്‍ സമഗ്രതയുള്ള ബദല്‍ നിര്‍ദ്ധേശിക്കാന്‍ പറ്റാത്ത കാലത്തോളം നാസ്തികത്വം അസംസ്‌കൃതമാണെന്ന് ഏത് നിരീശ്വരവാദിയും മൗനമായി സമ്മതിക്കുന്നുണ്ട്