Thelicham

സംഘി ബന്ധുത്വം: ഹിന്ദുത്വ ആണത്ത നിര്‍മിതിയുടെ മനഃശാസ്ത്രം

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്.

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്.

ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ-തത്വ ചിന്തകളെ മാറ്റിമറിച്ച ഹനാ അരെണ്ട് (Hanna Arendt) ന്റെ ”ബനാലിറ്റി ഓഫ് ഈവിള്‍” എന്ന പ്രശസ്തമായ പ്രയോഗം തികച്ചും ”സാധാരണക്കാരാ”യ മനുഷ്യര്‍ എങ്ങിനെയാണ് അക്രമങ്ങള്‍ ചെയ്യുന്നത് എന്നതിനെ പറ്റിയുള്ള ചിന്തയാണ്. ഒരേസമയം കുടുംബത്തിനോടും സുഹൃത്തുക്കളോടും സ്‌നേഹമുള്ളവരും, അങ്ങിനെയല്ലാത്തവരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത മനുഷ്യന്റെ കഴിവിനെ കാര്യമായിട്ട് പരിശോധിക്കുന്നുണ്ട് ഹനാ അരെണ്ട്. അഡോള്‍ഫ് ഐക്മാന്‍ എന്ന, ലക്ഷക്കണക്കിന് ജൂതന്മാരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ച നാസി പ്രമുഖനെ പറ്റിയുള്ള പഠനത്തിലാണ് Eichmann in Jerusalem: A Report on the Banality of Evil ഇവര്‍ ഈ പ്രയോഗം ഉപയോഗിച്ചത്. തികഞ്ഞ ‘സാധാരണക്കാരനായ’, അക്രമത്തിന്റെയും വംശവെറിയുടെയും ചരിത്രമില്ലാത്ത ഒരാള്‍ എങ്ങിനെയാണ് നാസിസം കൊടുക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി എന്നതാണ് ഇത് വിശദമാക്കുന്നത്.

പിന്നീട് വന്ന ചരിത്രകാരന്മാരും മറ്റും അരെണ്ടിന്റെ പ്രയോഗം നാസിസത്തിന്റെ ഉപരിപ്ലവമായ വായനയാണ് എന്നുള്ള ശക്തമായ വാദം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, ഒരു കാര്യം മാറ്റമില്ലാതെ തുടരുന്നുണ്ട്. അത്, അവര്‍ സൂചിപ്പിച്ച അതി-വലതുപക്ഷ രാഷ്ട്രീയങ്ങളുടെ ‘വശീകരണ'(seduction) ശേഷിയാണ്. ഈ വശീകരണം പലരിലും പല തരത്തിലാണ് നടക്കുന്നത്. ചിലര്‍ അവയെ സാമ്പത്തിക ശ്രേണിയില്‍ ഉയരാനുള്ള അവസരമായിട്ടാണ് കരുതുന്നതെങ്കില്‍ മറ്റുചിലര്‍ തങ്ങളുടെ ഭൗതികമായും, സാമൂഹ്യപരവുമായുള്ള കുറവുകളെ മറച്ചുവെക്കാനുള്ള ഒരു കവചമായാണ് ഉപയോഗിക്കുന്നത്. കുറ്റവാളികള്‍ക്ക് അത് തങ്ങളെ നിയമ വ്യവസ്ഥയില്‍നിന്ന് സംരക്ഷിക്കാനുള്ള അഭയ കേന്ദ്രമാണ്. സാംസ്‌കാരിക-രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെട്ടവര്‍ക്ക്, അതി-വലതുപക്ഷ രാഷ്ട്രീയം എന്നത് അവയെ തിരിച്ചെടുക്കാനുള്ള മാര്‍ഗ്ഗമാണ്. അതുകൊണ്ടു തന്നെ, എല്ലാതരം നൈതികതയോടു പുറം തിരിഞ്ഞുനില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ‘വശീകരണ രാഷ്ട്രീയമായിട്ടാണ്’ (politics of seduction) ഫാഷിസത്തെയും നാസിസത്തെയും പറ്റിയുള്ള പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കാള്‍ ഷ്മിത്ത് (Carl Schmitt), മാര്‍ട്ടിന്‍ ഹൈഡിഗര്‍ (Martin Heidegger) തുടങ്ങിയ വിഖ്യാത ചിന്തകരെ വരെ വശീകരിക്കാനും കൂടെ നിര്‍ത്താനും അതി-വലതുപക്ഷ രാഷ്ട്രീയങ്ങള്‍ക്കു ഇരുപതാം നൂറ്റാണ്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് അകലം പാലിച്ചെങ്കിലും, അതിജീവനത്തിന്റെ ഭാഗമായി മുസ്സോളിനിയെ ‘സാംസ്‌കാരിക നായകന്‍’ (Cultural Hero) എന്ന് വിളിക്കാന്‍ സിഗ്മണ്ട് ഫ്രോയിഡിന് പറ്റിയതും ഈ വശീകരണം മൂലമാണ്. ചുരുക്കത്തില്‍, മറ്റുള്ള രാഷ്ട്രീയ ആശയങ്ങളും രീതികളും മുന്നോട്ടു വെക്കുന്ന നൈതികമായ അതിര്‍ത്തികളെ പരിഗണിക്കാത്ത അതി-വലതുപക്ഷ പാര്‍ട്ടികളുടെ സഹജ സ്വഭാവം അവയുടെ വശീകരണ ശക്തിയെ രൂപപ്പെടുത്തുന്നു എന്നുകാണാം.

ആരാണ് സംഘിയാവുന്നത്?

ഇരുപതാം നൂറ്റാണ്ടില്‍ ഫാഷിസ്റ്റ്-നാസിസ്റ്റു പാര്‍ട്ടികള്‍ നടത്തിയ വശീകരണ രാഷ്ട്രീയത്തിന്റെ അതെ ഭാവങ്ങളാണ് ഹിന്ദുത്വ രാഷ്ട്രീയവും കാണിക്കുന്നത് എന്ന് കാണാം. ഫാഷിസം, അക്രമാസക്തത തുടങ്ങിയവയെ പഠിക്കാന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്ന മനഃശാസ്ത്ര-നരവംശ രീതിശാസ്ത്രം (Psycho-Anthropological Methodology) ഇന്ന് അക്കാദമിക ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഫാഷിസ്റ്റു മനസ്സുകളെയും വ്യക്തികളെയും മനസ്സിലാക്കുവാന്‍ ഈ രീതിശാസ്ത്രം മുന്നോട്ടുവെച്ചിട്ടുള്ള ചില ചിന്തകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായ സംഘപരിവാര്‍ പ്രവര്‍ത്തകരെയും പരിശോധിക്കാന്‍ നമുക്ക് സഹായകമാകും. ഫാഷിസവും നാസിസവും പരീക്ഷിച്ച വശീകരണ-രാഷ്ട്രീയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് മുന്നോട്ടുപോകുന്ന ഹിന്ദുത്വ രാഷ്ട്രീയവുമായി ഒരു താരതമ്യം തികച്ചും സാധ്യമാണ്.

അതി-വലതുപക്ഷ രാഷ്ട്രീയങ്ങളെ പറ്റി സമഗ്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാനിയേല്‍ പിക്കിനെ (Daniel Pick) പോലുള്ളവരുടെ വാദങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമാണ്. ഹിന്ദുത്വ-രാഷ്ട്രീയ വശീകരണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഉപകരണങ്ങള്‍ അക്രമാസക്തതയും, അണിചേര്‍ന്നുള്ള ഭയ നിര്‍മ്മാണവും, കൂറിന്റെ പ്രദര്‍ശനവും തന്നെയാണ്. സമഗ്രാധിപത്യ സ്വഭാവമുള്ള ഹിന്ദുത്വത്തിന്റെ വ്യാപനത്തിനും നിലനില്പിനും ഈ മൂന്നു ഘടകങ്ങളും നിര്‍ബന്ധമാണ്. കാരണം ഇവയുടെ വശീകരണ ശക്തി വളരെ ആഴമുള്ളതാണ്. ഇതിന്റെ കൂടെ, ഹിന്ദുത്വം ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് ‘സാധാരണത്വത്തിലൂടെയുള്ള വശീകരണം’ (seduction by ordinary). നരേന്ദ്രമോദിയുടെ ചായവില്‍പ്പനയും, സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ കുറവും, പാര്‍ലിമെന്റിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒറീസ്സയില്‍നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിയുടെ സൈക്കിള്‍ സവാരിയും ചര്‍ച്ചകളാവുന്നത് ഹിന്ദുത്വ നേതൃത്വത്തിന്റെ ‘സാധാരണത്വം’ ഇന്ത്യയിലെ രാഷ്ട്രീയ ആഖ്യാനങ്ങളെയും സാധാരണ സംഘി പ്രവര്‍ത്തകരേയും വലിയൊരളവില്‍ സ്വാധീനിക്കുന്നത് മൂലമാണ്.

ഇതിന്റെ കൂടെ, പലരും വിഡ്ഢിത്വമെന്നും, വിവരമില്ലായ്മയുടെ ഭാഗമാണെന്നും കരുതുകയും സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത പ്രസ്താവനകളും ചെയ്തികളും കൃത്യമായ രാഷ്ട്രീയ അജണ്ടയില്‍ നെയ്‌തെടുത്ത ‘സാധാരണത്വത്തിന്റെ’ വശീകരണ നൃത്തങ്ങളായിരുന്നു എന്നതും പുതിയ തെരെഞ്ഞെടുപ്പ് ഫലം കാണിച്ചുതരുന്നുണ്ട്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പരിമിതമായ ബൗദ്ധികനിലവാരം, ക്രിമിനല്‍ കേസുകള്‍ എന്നിവ അധികാരത്തിലേക്കും രാഷ്ട്രീയത്തിലേക്കുമുള്ള വഴികളിലെ അയോഗ്യതകളല്ലെന്നും മറിച്ചു തികഞ്ഞ യോഗ്യതകള്‍ തന്നെയാണെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നോര്‍ത്തിന്ത്യയിലെ വലിയൊരു ഭൂരിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ ഹിന്ദുത്വത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ, തങ്ങളുടെ പരിമിതികളുടെയും ആഗ്രഹങ്ങളുടെയും എല്ലാം തികഞ്ഞ പ്രതിനിധികളാണ് ഹിന്ദുത്വ നേതാക്കള്‍ എന്നുള്ള വികാരം ഇവിടങ്ങളില്‍ ശക്തമാണ്. വശീകരണത്തിന് അനന്ത സാധ്യതകളുള്ള ഈ ആഖ്യാനങ്ങളിലൂടെ ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഹിന്ദുത്വം കൂടുതല്‍ ആകര്‍ഷകമായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന ഈ ‘സാധാരണത്വത്തിന്റെ വശീകരണ’ സാധ്യതകളെ മുന്‍നിര്‍ത്തിയും കൂടിയാവണം കേരളം പോലെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള സാമൂഹ്യമായും-സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ദളിത്-ഒബിസി-ആദിവാസി വിഭാഗങ്ങളുടെ ഹിന്ദുത്വത്തിനോടുള്ള പുതിയ താല്പര്യം വിലയിരുത്തേണ്ടത്.

അമേരിക്കന്‍ നോവലിസ്റ്റ് ജൂലിയന്‍ ഗ്രീനിന്റെ ”ഞാന്‍ നീയായിരുന്നെങ്കില്‍” (If I Were You), എന്ന നോവലില്‍, സ്വന്തത്തോട് കടുത്ത നിരാശ തോന്നുന്ന ചെറുപ്പക്കാരന്‍ സ്വന്തം കഴിവുകേടുകളും ബൗദ്ധികമായ പാപ്പരത്വവും മാറ്റുവാന്‍ തിന്മയോടു വിലപേശലുകള്‍ നടത്തി തനിക്കു ആവശ്യമുള്ള ഏതുരീതിയിലേക്കും മാറുവാനുള്ള ഒരു അവസ്ഥയിലെത്തുന്നുണ്ട്. ഒരു സംഘിയെ സംബന്ധിച്ചു ഹിന്ദുത്വം സാധ്യമാക്കിക്കൊടുക്കുന്നതു ഇങ്ങിനെ മാറാനുള്ള, ആഗ്രഹിക്കാനുള്ള ഇടങ്ങളാണെന്നു കാണാന്‍ കഴിയും. വിദ്യാഭ്യാസമോ, വായനയോ, ഭൗതിക ഇടപെടലുകളോ, സാംസ്‌കാരിക പ്രവര്‍ത്തനമോ ഒന്നും ആവശ്യപ്പെടാതെ, തങ്ങളെ കൂടെനിര്‍ത്തുന്ന, സഹായിക്കുന്ന, അധികാരത്തിലേക്കുള്ള വഴികാണിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്ത് വലിയൊരു ജനവിഭാഗത്തിന്റെ ആവശ്യം കൂടിയാണ് എന്ന് കാണാം. ഫാഷിസ്റ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇങ്ങിനെയാഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ഇടങ്ങള്‍ യൂറോപ്പില്‍ തുറന്നുകൊടുക്കുന്നതു ക്രിസ്റ്റിന വീലാന്‍ഡിനെ (Christina Wieland) പോലുള്ള മനഃശാസ്ത്ര-നരവംശശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹിന്ദു സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ ബാധിക്കുന്ന ദാരിദ്ര്യം, സാമൂഹ്യമായിട്ടുള്ള ഒറ്റപ്പെടല്‍, വിദ്യാഭ്യാസത്തിന്റെ അഭാവം, സ്ഥിരം തൊഴിലിന്റെ അഭാവം എന്നിങ്ങനെയുള്ള കാര്യങ്ങളും, ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കുണ്ടാകാവുന്ന ഭൂമിയും അധികാരവുമായി ബന്ധപ്പെട്ട നഷ്ടബോധങ്ങളും, സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ അഹിന്ദു സമൂഹങ്ങളുടെ ശക്തമായ സാന്നിധ്യത്താലുള്ള അനിഷ്ടവും ഹിന്ദുത്വം കേരളത്തില്‍ കൃത്യമായി ഉപയോഗിക്കുന്നതായി കാണാം. ഇത്തരം സാമൂഹ്യ അനിഷ്ടങ്ങളെ തങ്ങളുടെ മനസ്സില്‍നിന്നും ശരീരത്തില്‍ നിന്നും അടര്‍ത്തിമാറ്റി, പകരം കൂട്ടുകെട്ട്, അധികാരം, പണം, ആണത്വ പ്രദര്‍ശനത്തിനുള്ള അവസരം എന്നിവ ആര്‍ജിച്ചെടുക്കാന്‍ ഹിന്ദുത്വത്തിന്റെ ഭാഗമാകുന്നതിലൂടെ മാത്രമേ പറ്റൂ എന്നുള്ള ആഖ്യാനം വിജയകരമായി പ്രചരിപ്പിക്കുവാന്‍ ഹിന്ദുത്വത്തിന് കേരളത്തിലെ പല മേഖലകളിലും കഴിഞ്ഞിട്ടുണ്ട്. ഹിന്ദുത്വം മുന്നോട്ടു വെക്കുന്ന ഈ സാധ്യതയാണ്, അക്രമിയെല്ലെന്നും തികഞ്ഞ സൗഹൃദമുള്ളവര്‍ എന്നും നമുക്ക് തോന്നുന്ന ആള്‍ക്കാര്‍ പോലും ഹിന്ദുത്വത്തോടുള്ള വിധേയത്വം പ്രകടമായി കാണിക്കാന്‍ തുടങ്ങിയത്, കേരളത്തില്‍. അതി-സലഫി സംഘടനകളുടെയും തീവ്ര-ഇസ്്‌ലാമിസറ്റ് രാഷ്ട്രീയത്തിലും ഇതേ വശീകരണങ്ങള്‍ മറ്റുപല രീതികളില്‍ നടക്കുന്നുണ്ട് എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മിക്കുകയാണ്.

ഇങ്ങിനെ വശീകരണ രാഷ്ട്രീയം നിര്‍മ്മിച്ചെടുക്കുന്ന ഹിന്ദുത്വ ഉട്ടോപ്യക്ക് വ്യക്തികളുടെ മനസ്സും ശരീരവും സമ്പത്തും പുതുക്കിയെടുത്തു ശക്തമായ ‘ഒറ്റ ഹിന്ദു സമൂഹത്തെ’ സൃഷ്ടിക്കാന്‍ കഴിയുമെന്ന ധാരണ ഹിന്ദുത്വത്തോട് ആഭിമുഖ്യമുള്ള വരേണ്യവിഭാഗത്തിന്റെ ഇടയില്‍ കേരളത്തിലടക്കം ശക്തമാണ്. കേരളത്തിലെ പ്രമുഖരായ കലാകാരന്മാരും ചില എഴുത്തുകാരും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തുന്നത്, മറ്റു കാരണങ്ങള്‍ക്ക് പുറമെ, ഹിന്ദുത്വ ഉട്ടോപ്യയുടെ ഈ കാല്പനികതയില്‍ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ്. 1930-40 കളില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും, ഇറ്റലിയിലെയും യാഥാസ്ഥികരും, നല്ലൊരു ശതമാനം ലിബറല്‍ ചിന്തകരും, ശാസ്ത്രജ്ഞരും, കലാകാരന്‍മാരും, സാഹിത്യകാരനുമാരും ഒക്കെ ഫാഷിസ്റ്റ് ഉട്ടോപ്യയോട് കാണിച്ച നിലപാടുകളുടെ തുടര്‍ച്ച തന്നെയാണിത്.

അതേസമയം, താഴെക്കിടയിലുള്ള സംഘ്പ്രവര്‍ത്തകനില്‍ ഹിന്ദുത്വ വശീകരണം വേറെ രീതിയിലാണ് നടക്കുന്നത്. അവരില്‍ ഭൂരിഭാഗവും, അത് കേരളത്തിലായാലും വടക്കേ ഇന്ത്യയിലായാലും, വിദ്യാഭ്യാസപരമായി പരിമിതികളുള്ളവരും, തൊഴില്‍പരമായി വൈദഗ്ദ്യം ഇല്ലാത്തവരും, വായന, മത-ജാതികള്‍ക്കതീതമായ സൗഹൃദം എന്നിവയെ പരിഗണിക്കാത്തവരുമാണ്. പരിവാര്‍ പരിസരങ്ങള്‍ക്കപ്പുറത്തു, പ്രാദേശിക സാംസ്‌കാരിക കൂട്ടായ്മകളുടെയോ, കലാ-കായിക പ്രവര്‍ത്തങ്ങളിലോ ഭാഗമാകുന്നവര്‍ തികച്ചും കുറവാണ് എന്നും കാണാന്‍ കഴിയും. ‘സംഘി ബന്ധുത്വം’/സൗഹൃദം എന്നതിനിപ്പുറമുള്ള സാമൂഹ്യ ജീവിതം നയിക്കുന്ന സംഘികളെ വളരെ പരിമിതമായ രീതിയിലെ കേരളത്തില്‍ പോലും കണ്ടുകിട്ടാന്‍ പറ്റൂ എന്നത് യാഥാര്‍ഥ്യമായിട്ടു നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ബൗദ്ധികമായും, ചിന്താപരമായും, കലാ-സാംസ്‌കാരികമായുമുള്ള മേഖലകള്‍ക്ക് പുറത്തുജീവിക്കുന്ന സാധാരണ പരിവാറുകാരനും മനുഷ്യസഹജമായ ‘ശ്രദ്ധ നേടല്‍’ എന്ന വികാരത്തിനുള്ളില്‍ തന്നെയാണ് ജീവിക്കുന്നത്. എന്നാല്‍ സാമൂഹ്യ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്ന, ശ്രദ്ധനേടുന്ന സാംസ്‌കാരിക ഉപകരണങ്ങള്‍ കൈവശമില്ലാത്ത ‘സംഘി’ ആ കാര്യങ്ങളെ അതിജീവിക്കുന്നത് പലപ്പോഴും ആണത്തത്തിന്റെ ദൃശ്യവല്‍ക്കരണത്തിലൂടെയാണ്. ശബരിമല പ്രതിഷേധങ്ങളില്‍ ഹിന്ദുത്വം വളര്‍ത്തിക്കൊണ്ടുവന്ന, ഉത്തരേന്ത്യയെ അനുസ്മരിപ്പിക്കുന്ന ആണത്ത-ആള്‍ക്കൂട്ടങ്ങളെ നാം പകല്‍ വെളിച്ചത്തില്‍ കാണുന്നത് ഇങ്ങിനെയാണ്. ആണത്തത്തിന്റെ ആഖ്യാനങ്ങളിലൂടെ കെട്ടിപ്പടുത്ത ഹിന്ദുത്വ രാഷ്ട്രീയം അത്തരത്തിലുള്ള ദൃശ്യപ്രകടനങ്ങള്‍ക്കു സൈദ്ധാന്തിക ന്യായീകരണം നല്‍കുന്നതും കാണാം. ആക്രോശങ്ങള്‍, ചിഹ്നങ്ങള്‍ വഹിക്കുന്ന ശരീരം, തുടങ്ങിയവയും ‘സംഘിയാവുക’ എന്ന ഭാവനയുടെ അഭിവാജ്യഘടകങ്ങളാകുന്നുണ്ട്. സാംസ്‌കാരിക-സാമൂഹ്യ-ബൗദ്ധിക വിഭവങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രമുള്ളവരുടെ പ്രത്യഭിജ്ഞാന സങ്കല്‍പത്തിന്റെ (cognitive imagination) അഭിവാജ്യ ഘടകമായി എങ്ങിനെയാണ് ‘അക്രമാസക്തത’ മാറുന്നത് എന്ന് ഈ ദൃശ്യങ്ങള്‍ നമുക്ക് കാണിച്ചുതരും.

അക്രമാസക്തതയും അതിനു നേതൃത്വം കൊടുക്കാനുള്ള കഴിവും ഒരു സംഘിയെ പരിവാര്‍ വൃത്തങ്ങള്‍ക്കുള്ളില്‍ സമ്മതനാക്കുന്നതും ബഹുമാന്യനാക്കുന്നതും പുതിയ കാഴ്ചകളുടെ ഭാഗമാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ അക്രമം അഴിച്ചുവിട്ടയാള്‍ ഇന്ന് ഹിന്ദുത്വത്തിന്റെ കേരളത്തിലെ പ്രമുഖ യുവ നേതാവായി മാറിയതും, 2002 കലാപത്തിലെ പ്രതികളില്‍ പത്തില്‍ കൂടുതല്‍ പേര്‍ ഗുജറാത്തില്‍ സ്ഥാനാര്‍ഥികളാവുന്നതും, കൊലപാതകം, ഗൂഢാലോചന, ബോംബ് സ്‌ഫോടനങ്ങള്‍ എന്നിവയില്‍ പ്രധാന പ്രതികളായവര്‍ മന്ത്രിമാരാവുന്നതും അക്രമാസക്ത ആണത്തത്തിനു ഹിന്ദുത്വ രാഷ്ട്രീയം കൊടുക്കുന്ന മൂല്യം എത്ര വലുതാണ് എന്ന് കാണാന്‍ കഴിയും. സംഘ ബന്ധുക്കളുടെയിടയില്‍ മാത്രമല്ല, പ്രാദേശിക ക്രിമിനല്‍ നെറ്റ് വര്‍ക്കുകളിലും അക്രമാസക്തനാകാനുള്ള ജൈവികവും ആര്‍ജ്ജിതമായ ഗുണങ്ങള്‍ ഇത്തരത്തിലുള്ള പരിവാര്‍ പ്രവര്‍ത്തകന് ഉണ്ടാക്കിക്കൊടുക്കുന്ന കമ്പോളമൂല്യം വളരെ വലുതാണ്.

ചുരുക്കത്തില്‍ സാമൂഹ്യപരമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പരിമിതികള്‍ അനുഭവിക്കുകയും നഷ്ടബോധം പേറുകയും ചെയ്യുന്ന ഒരു ജനസമൂഹത്തിനെ അങ്ങിനെ തന്നെ നിലനിര്‍ത്താനും വലുതാക്കാനുമുള്ള എല്ലാ ആഖ്യാന വിഭവങ്ങളുമടങ്ങിയ ഹിന്ദുത്വ രാഷ്ട്രീയത്തിലെ സാധ്യതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയവരാണ് സംഘ പ്രവര്‍ത്തകന്‍ എന്ന് കാണാന്‍ കഴിയും. മാരകമായ വശീകരണ ശക്തിയുള്ള ഈ രാഷ്ട്രീയ വ്യവസ്ഥക്ക്, ഹിന്ദു സമൂഹത്തിലെ എല്ലാ ശ്രേണിയിലുമുള്ള ആള്‍ക്കാരെയും തങ്ങള്‍ ഇരകളാണെന്നു പറഞ്ഞു വിശ്വസിപ്പിക്കുവാനുള്ള കഴിവുമുണ്ട്. ഇങ്ങിനെയുള്ള ബഹു-ആഖ്യാനങ്ങളെ ഒരേ സമയം നിര്‍മ്മിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ഹിന്ദുത്വ വശീകരണത്തിന്റെ അടിസ്ഥാനം. ഈ ആഖ്യാനങ്ങള്‍ ഹിന്ദു-ഹിന്ദുത്വ-ഇന്ത്യ-നരേന്ദ്ര മോഡി എന്നിവയുടെ വ്യത്യാസങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദു എന്നാല്‍ ഹിന്ദുത്വയാണെന്നും, ഹിന്ദുത്വയെന്നാല്‍ ഇന്ത്യയാണെന്നും, ഇന്ത്യയെന്നാല്‍ മോദിയാണെന്നും മോദി സംഘിയാണെന്നുമുള്ള ഭാവനയില്‍ നിന്നുമാണ് ഒരു പരിവാറുകാരന്‍ പിന്നെ രാഷ്ട്രം, സൗഹൃദം, സ്‌നേഹം, ബൗദ്ധിക വ്യായാമങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങിയവ നോക്കിക്കാണുന്നത്. അതോടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹിന്ദുത്വം ശത്രൂപക്ഷത്തു നിര്‍ത്തിയ എല്ലാവരും നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും അവന്റെ ശത്രുവായി മാറുന്നു. സ്വന്തം അയോഗ്യതകളുടെയും, പരിമിതികളുടെയും കാരണങ്ങള്‍ തേടി അവന്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം നടക്കാന്‍ തുടങ്ങുന്നു. അതോടെ അയല്‍ക്കാരനും സുഹൃത്തും ശത്രുക്കളായി മാറുന്നു. ഇങ്ങിനെയാണ് ഹിന്ദുത്വ വശീകരണ രാഷ്ട്രീയത്തിന്റെ അജണ്ട പൂര്‍ണമാവുന്നത്.

 


ഡോ: പി.കെ യാസ്സര്‍ അറഫാത്ത്‌
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി, ഡല്‍ഹി യൂണിവേഴ്‌സിറ്റി

ഡോ. പി.കെ യാസ്സര്‍ അറഫാത്ത്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.