Thelicham

മുസ് ലിം രാഷ്ടീയത്തിന്റെ പ്രതിസന്ധി അവബോധമില്ലായ്മയാണ്‌


നൂറോളം പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് എദ്ദേളു കര്‍ണാടക എന്ന മൂവ്‌മെന്റിന്റെ ഭാഗമായി ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സവിശേഷമായ നവരാഷ്ട്രീയ രീതിക്കാണ് നാന്ദി കുറിക്കപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിനെയും കൂട്ടുപിടിക്കാതെ പൊതുശത്രുവിനെ തോല്‍പ്പിക്കുക എന്ന സംഘടിത ലക്ഷ്യത്തില്‍ പൗരസമൂഹ സംഘടനകള്‍ ഒന്നിച്ചിറങ്ങി വിജയിച്ചപ്പോള്‍ ഫാസിസ്റ്റ് പ്രതിരോധത്തിന്റെ പുതിയ വാതായനം തുറക്കപ്പെടുകയുണ്ടായി. വര്‍ക് ഷോപ്പുകളും പോസ്റ്റര്‍ പ്രചരണങ്ങളും ബോധവത്കരണ പരിപാടികളുമായി സജീവമായ എദ്ദേളു കര്‍ണാടക, വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാന്‍ പല ചെറുപാര്‍ട്ടികളുടെയും പത്രിക പിന്‍വലിപ്പിക്കലടക്കം ചെയ്തിട്ടുണ്ട്. എദ്ദേളു കര്‍ണാടക മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാളാണ് മുന്‍ ജെ.എന്‍.യു പ്രൊഫസറും എഴുത്തുകാരനും ആക്ടിവിസ്റ്റും കന്നട ഭാഷാ പഠനമേഖലയിലെ പ്രഗത്ഭ സാന്നിദ്ധ്യവുമായ പ്രൊഫ പുരുഷോത്തമ ബിലിമലെ. മുസ്‌ലിം സാമുദായിക രാഷ്ട്രീയം, സംഘ്പരിവാര്‍ ചരിത്രാഖ്യാനങ്ങള്‍, പൗരസമൂഹ രാഷ്ട്രീയം തുടങ്ങിയവയെ ഇന്ത്യന്‍ സമകാലിക സാഹചര്യത്തോട് ബന്ധപ്പെടുത്തി സംസാരിക്കുകയാണ് അദ്ദേഹം.

കര്‍ണാടകാ തെരഞ്ഞെടുപ്പിലേത് പോലെ പൗരസമൂഹ സംഘടനകള്‍ ഒന്നിച്ചിറങ്ങി തെരഞ്ഞെടുപ്പുകള്‍ കേന്ദ്രീകരിച്ച് വിജയകരമായ ഒരു മുന്നേറ്റം സാധ്യമാക്കിയെടുക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ സവിശേഷതയായി പരിഗണിക്കാം. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പൗരസമൂഹ സംഘടനകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയെത്രത്തോളമാണ് ?

രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ പാര്‍ട്ടികളും ജനങ്ങള്‍ക്ക് എന്തൊക്കെ ചെയ്തുവെന്നതും എന്തുകൊണ്ട് ഇവര്‍ പരാജയപ്പെടണം അല്ലെങ്കില്‍ ഇവര്‍ ജയിക്കണം എന്ന കാര്യത്തില്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ജോലി. തെരഞ്ഞെടുപ്പിന്റേ തലേദിവസം നല്‍കിയ ആയിരം രൂപയോ മദ്യമോ പൊള്ള വാഗ്ദാനങ്ങളോ ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് തീരുമാനിക്കാനുള്ള ഘടകങ്ങളാകാന്‍ പാടില്ലെന്ന് ചുരുക്കം. ഇത്തരം സാഹചര്യങ്ങളിലാണ് പൗരസമൂഹ സംഘങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ പറ്റുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഈ ധര്‍മം നിറവേറ്റാന്‍ സാധിക്കില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പരിശോധിച്ചാല്‍ തന്നെ പൗരസമൂഹ സംഘങ്ങളുടെ മഹത്തായ പങ്കും അവര്‍ നിറവേറ്റിയ ധര്‍മവും മനസ്സിലാക്കാന്‍ സാധിക്കും. വിവേകാനന്ദ, രാമകൃഷ്ണ പരമഹംസ, ടാഗോര്‍, ദയാനന്ദ സരസ്വതി, രാജാ റാം മേഹന്‍ റോയി തുടങ്ങിയവരെല്ലാവരും തന്നെ പൗര സമൂഹത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്രത്തിനു ശേഷം കാര്യമായ പരിഗണന സിവില്‍ സൊസൈറ്റിക്ക് ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. നിലവിലെ അവസ്ഥയാവട്ടെ അതിഭയാനകവും. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൗര സമൂഹ പ്രവര്‍ത്തകരായ ബുദ്ധിജീവികളെ ഭരണകൂടം രാജ്യദ്രോഹികളായും വിദ്യാര്‍ത്ഥികളെ തുക്ക്‌ഡെ തുക്ക്‌ഡെ സംഘങ്ങളെന്നും ആക്ടിവിസറ്റുകളെ അര്‍ബന്‍ നക്‌സലൈറ്റുകളെന്നുമൊക്കെ മുദ്രകുത്തുകയാണ്.

കേരളം, ആന്ദ്ര, തെലങ്കാന തുടങ്ങിയ പല സംസ്ഥാനങ്ങളിലുള്ളവരും ഞങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ചോദിച്ചറിയുന്നുണ്ട്. അവിടങ്ങളില്‍ പോയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെങ്കിലും അവരെ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്ത ഒരു കോണ്‍്ഗ്രസ് മീറ്റിങ്ങില്‍ ഞാന്‍ ഈ കാര്യം അവതരിപ്പിച്ചപ്പോള്‍ അവരെല്ലാവരും തന്നെ ഇത്തരം സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളുടെ തുടര്‍ച്ചയുടെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും അവിടെയുള്ള പൗര സമൂഹ സംഘടനകള്‍ ചേര്‍ന്ന് ഒരു എദ്ദേളു മധ്യപ്രദേശ് മൂവ്‌മെന്റിന് തുടക്കം കുറിക്കാവുന്നതാണ്. ഞങ്ങള്‍ എദ്ദേളു കര്‍ണാടക തുടങ്ങിവെച്ചപ്പോള്‍ ഒരു രാഷ്രടീയ പാര്‍ട്ടികളും പിന്തുണച്ചിരുന്നില്ല. ആരുടെയും പിന്തുണ തേടിയിട്ടുമില്ല. കോണ്‍്ഗ്രസ് പാര്‍ട്ടിക്ക് അതില്‍ നിന്ന് നേട്ടം ലഭിക്കാനായെങ്കിലും ഞങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയല്ല പ്രവര്‍ത്തിച്ചിരുന്നത്. സംഘ്പരിവാര്‍ വിരുദ്ധ പൗരസമൂഹ സംഘങ്ങള്‍ ബി.ജെ.പിയെ ഇത്തരത്തില്‍ ഒന്നിച്ചുനിന്നുകൊണ്ട് എതിര്‍ത്താല്‍ സമകാലിക സാഹചര്യത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് വേദിയൊരുക്കാന്‍ പൗരസമൂഹ സംഘങ്ങള്‍ക്ക് സാധിക്കും. . അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യം നമുക്ക് നല്‍കിയ സമ്മാനമാണ്. അതിനെ സൂക്ഷ്മമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം.

ഏദ്ദേളു കര്‍ണാടകയുടെ സംഘടനാ രീതി പരിശോധിക്കുകയാണെങ്കില്‍ അതിന് നേതൃത്വം വഹിക്കുന്ന കാര്യദര്‍ശികളെല്ലാം തന്നെ ചരിത്രകാരന്മാരും പ്രൊഫസര്‍മാരും ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെയാണ്. ഇത്തരത്തില്‍ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരെ പരമാവധി ഉള്‍കൊള്ളിച്ചു ഒരു മുന്നേറ്റം സാധ്യമാക്കിയെടുക്കുന്നതിനു പിന്നിലെ പ്രേരണകളെന്തൊക്കെയാണ് ?

നോക്കൂ, എഴുത്തുക്കാരും പ്രൊഫസര്‍മാരും ചരിത്രക്കാരന്മാരുമെല്ലാം ചേര്‍ന്നതാണ് ഞങ്ങളുടെ പൗര സമൂഹ മുന്നേറ്റം. നിങ്ങളുടെ പ്രദേശങ്ങളിലുള്ള വിരമിച്ച പ്രൊഫസര്‍മാരുടെയും ഐ.എ.എസുമാരുടെയും ലിസ്റ്റെടുത്താല്‍ തന്നെ ഒരുപാട് പേരേ കണ്ടെത്താന്‍ സാധിക്കും. പക്ഷേ, ഇവരിലധികവും അവരുടെ കരിയര്‍ കഴിഞ്ഞാല്‍ പിന്നെ സേഫ്‌സോണില്‍ പോയി ഒളിച്ചിരിക്കുകയാണ് പതിവ്. സമൂഹത്തിലെ അനീതികളില്‍ പ്രതികരിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളെ ദശാബ്ദങ്ങളോളം രാഷ്ട്രീയവും ഭരണഘടനയും ചരിത്രവും പഠിപ്പിച്ചവര്‍ അത്തരം വിഷയങ്ങളെ സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കുന്ന അജണ്ടകള്‍ മറയില്ലാതെ നടപ്പിലാക്കപ്പെടുമ്പോള്‍ മൗനം പാലിച്ചിരിക്കുന്നതെന്തിനാണ്.

ഇക്കഴിഞ്ഞ കര്‍ണാടക ഇലക്ഷനില്‍ ഊറി ഗൗഡ, ഞഞ്ച ഗൗഡ എന്നീ രണ്ട് സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ടിപ്പു സുല്‍ത്താനെ വധിച്ച ധീരരെന്ന പരിവേശത്തോടെയാണ് സംഘ് ചരിത്രകാരന്മാരെ കൂട്ടുപിടിച്ച് ഈ രണ്ട് കഥാപാത്രങ്ങളെ ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് അവതരിപ്പിക്കുന്നത്. കാരണം ഗൗഡ എന്നുള്ളത് വൊക്കാലിഗ സമുദായത്തിന്റെ കുലനാമമാണ്. അതുകൊണ്ടു തന്നെ ടിപ്പു എന്ന മുസ്‌ലിം തീവ്രവാദിയെ കൊന്ന ധീരരായ ഹിന്ദുക്കള്‍ എന്ന പരിവേശം നല്‍കി മതധ്രുവീകരണം സൃഷ്ടിച്ച് വൊക്കാലിഗ സമുദായത്തിന്റെ വോട്ട് മുഴുവന്‍ ചാക്കിലാക്കാനായിരുന്നു ബി.ജെ.പി യുടെ പദ്ധതി. ഇത്തരം സാഹചര്യങ്ങളില്‍ ചരിത്രക്കാരന്മാര്‍ക്ക് നിറവേറ്റാന്‍ വലിയ ഉത്തരാവാദിത്തമുണ്ട്. അവരാണ് ഇതിനെ എതിര്‍ത്ത് ആദ്യം മുന്നോട്ടു വരേണ്ടത്. സാംസ്‌കാരിക മൂലധനം ഏതൊരു സിവില്‍സൊസൈറ്റി മൂവ്‌മെന്റിനും വളരെ പ്രധാനമായ സംഗതിയാണ്.

എദ്ദേളു കര്‍ണാടകയുടെ സോഷ്യല്‍ മീഡിയ പ്രചരണപരിപാടികളുടെ നേതൃത്വം വഹിച്ച വ്യക്തിയാണ് താങ്കള്‍. പൊതുവേ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു പിന്നില്‍ എണ്ണപ്പെടുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സംഘ്പരിവാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അതിവിശാലമായ വ്യവസ്ഥാപിത സമൂഹമാധ്യമ ശൃംഖല. വിദ്വേഷക ഫാക്ടറികളായ ഇത്തരം ബ്രഹ്‌മാഢ വ്യവസ്ഥയെ വെല്ലുവിളിക്കല്‍ എത്രത്തോളം പ്രായോഗികമാണ്?

ബി.ജെ.പിയുടെ സമൂഹമാധ്യമ സാന്നിദ്ധ്യം വളരെ ശക്തമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മിനിറ്റുകള്‍ കൊണ്ട് ലക്ഷക്കണക്കിനാളുകളിലേക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും ഒരോ സന്ദേശങ്ങളെത്തിക്കാനും ബി.ജെ.പി ഐടി സെല്ലിന് കഴിയുന്നുണ്ട്. പക്ഷേ എപ്പോഴും പരിമിതികള്‍ മാത്രം പറഞ്ഞു നടക്കുന്നതിന് പകരം ചെറിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് മുന്‍കയ്യെടുത്തുക്കൂടെ. അത്തരം ഒരു എളിയ ശ്രമമെന്ന നിലയിലാണ് ഞാന്‍ സ്വന്തമായിട്ട് തന്നെ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് വിദ്വേഷപരമോ പരിഹാസപരമോ ആയ ഭാഷ ഉപയോഗിക്കാതെ പൊതുജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തില്‍ ചെറിയ ഉള്ളടക്കങ്ങളടങ്ങിയിട്ടുളള പോസ്റ്ററുകള്‍ നിര്‍മിച്ചെടുക്കുന്നത്. ഇതിന്റെ പ്രചരണത്തിനായി ഞങ്ങള്‍ ഒരുപാട് വാട്‌സപ്പ് ഗ്രൂപ്പുകള്‍ നിര്‍മിക്കുകയും ചെയ്തു. കൂടാതെ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഈദിന.കോം എന്ന പേരില്‍ നേരുകള്‍ ജനങ്ങളിലെത്തിക്കാനായി ഒരു വാര്‍ത്താ പ്ലാറ്റ്‌ഫോമും ആരംഭിക്കുകയുണ്ടായി. നിരന്തരമുള്ള ഞങ്ങളുടെ പ്രചരണ ശ്രമങ്ങളിലൂടെ അരമണിക്കൂര്‍ കൊണ്ടുതന്നെ ഒന്നരലക്ഷം പേരിലേക്ക് എത്തിക്കാന്‍ പറ്റുന്ന തരത്തില്‍ ഞങ്ങളുടെ പോസ്റ്ററുകള്‍ മാറുകയുണ്ടായി. ചെറിയ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നത് തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ എനിക്ക് നിര്‍ദേശിക്കാനുള്ള പ്രതിരോധ മന്ത്രം. സംതിങ്ങ് ഈസ് ബെറ്റര്‍ ദാന്‍ നത്തിംങ്ങ്. ബി.ജെ.പിയെ അപേക്ഷിച്ച് പരിമിതമായിട്ടുള്ള വിഭവങ്ങളാണ് നമ്മുടെ കയ്യിലുളളത്. അതിനെ കൂട്ടായ പരിശ്രമങ്ങളിലൂടെ ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കണം.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ പരാജയം ഉറപ്പാക്കുന്നതില്‍ മുസ്‌ലിംങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമായിരുന്നല്ലോ. മുസ്‌ലിം വോട്ടുകള്‍ ഒന്നിപ്പിക്കാനും ഭിന്നതകള്‍ പരിഹരിക്കാനും എദ്ദേളു കര്‍ണാടക വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. രാഷ്ട്രീയപരമായി തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗം സ്വീകരിക്കേണ്ട സമീപനം എത് രൂപത്തിലായിരിക്കണം?

കേവലം വോട്ട് ബാങ്ക് എന്ന രീതിയിലുള്ള മൂല്യമേ അധിക പാര്‍ട്ടികളും മുസ്‌ലിംങ്ങള്‍ക്ക് നല്‍കുന്നുള്ളു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളേക്കാളും എത്രയോ പിറകിലാണ് മുസ്‌ലിം വിഭാഗത്തിന്റെ അവസ്ഥ എന്നത് സച്ചാര്‍ കമ്മീഷനടക്കമുള്ള പല റിപ്പോര്‍ട്ടുകളും കണക്കുകളും ശരിവെക്കുന്ന കാര്യമാണ്. ഓരോ തെരഞ്ഞെടുപ്പടുക്കുമ്പോഴും ആരെയാണ് തങ്ങള്‍ പിന്തുണക്കേണ്ടതെന്നും എന്തിനാണ് പിന്തുണക്കേണ്ടതെന്നുമുള്ള കാര്യത്തില്‍ കൃത്യമായ അവബോധം മുസ്‌ലിം വോട്ടര്‍മാര്‍ക്കുണ്ടാകണം. വോട്ട് ബാങ്ക് എന്ന തലത്തില്‍ നിന്നും മാറി ഒരു വിലപേശല്‍ ശക്തിയായി രാഷ്ട്രീയത്തില്‍ മുസ്‌ലിംങ്ങള്‍ ഉയര്‍ന്ന് വരാന്‍ ആദ്യം വേണ്ടത് ഈ അവബോധമാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിം വിഭാഗം അനുഭവിക്കുന്ന വലിയ പ്രതിസന്ധി ഈ അവബോധത്തിന്റെ അസാന്നിദ്ധ്യമാണ്. കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം തന്നെ ഈ പ്രതിസന്ധി പ്രകടമാണ്. കൃത്യമായ ബോധ്യം ഉണ്ടാക്കിതീര്‍ക്കാന്‍ പ്രാപ്തരായ ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഈ പ്രതിസന്ധി നിര്‍മിച്ചെടുക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. നേതൃത്വം എന്ന് നടിക്കുന്നവരാകട്ടെ വളരെ അവസരവാദികളായ വരേണ്യവിഭാഗമാണ്. അവര്‍ക്ക് താഴേകിടയിലുള്ള മുസ്‌ലിംങ്ങളുടെ കാര്യത്തില്‍ ഒരു പരിഗണനയുമില്ല.

കര്‍ണാടകയിലെ കാര്യം പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തുടക്കത്തിലൊക്കെ അധിക മുസ്‌ലിംങ്ങളും ജെഡിഎസിന്റെ കൂടെയായിരുന്നു. മുസ്‌ലിം സമുദായത്തിനിടയില്‍ വലിയ സ്വാധീനമുള്ള സി.എം ഇബ്രാഹീം ജെ.ഡി.എസിലെത്തിയതാണ് കാരണം. വളരെ അവസരവാദിയായിട്ടുള്ള ഒരു രാഷ്ട്രീയക്കാരനാണദ്ദേഹം. പല അവസരങ്ങളിലായി ബി.ജെപിയോട് കൂറ് കാണിച്ചുകൊണ്ടിരുന്ന ജെ.ഡി എസ് തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി യോടൊപ്പം പോയാല്‍ എന്താകും അവര്‍ക്ക് വോട്ട് ചെയ്ത മുസ്‌ലിംങ്ങളുടെ സ്ഥിതി. അതുകൊണ്ടു തന്നെയാണ് മുസ്‌ലിംങ്ങള്‍ക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോയി ഞങ്ങള്‍ എദ്ദേളു കര്‍ണാടക ടീം നോട്ടീസുകള്‍ വിതരണം ചെയ്തും വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചും എന്തുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ അവരെ ബോധവാന്മാരാക്കിയത്. അതിന്റെ ശ്രമഫലമെന്നോണം മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചുപോകാതെ ബി.ജെ.പിയുടെ പരാജയം സമ്പൂര്‍ണമാക്കാന്‍ സാധിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഈ വിശാലമായ പൗര സംഘടനകളുടെ കൂട്ടായ്മ പിരിയുകയാണെന്നും താന്‍ ആയുധം താഴെ വെയ്ക്കുകയാണെന്നും താങ്കള്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വെറും കര്‍ണാടക തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങേണ്ടതാണോ ഈ വിപ്ലവകരമായ മുന്നേറ്റം?

ഞങ്ങള്‍ എദ്ദേളു കര്‍ണാടക എന്ന ഈ പൗരസമൂഹ മൂവ്‌മെന്റിന് തുടക്കം കുറിക്കുന്നത് തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. അതാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ മുന്നേറ്റത്തിന്റെ വിജയവും. കാരണം പൗരസമൂഹ സംഘങ്ങളുടെ മനശാസ്ത്രമെന്നുള്ളത് ചുരുങ്ങിയ കാലം മാത്രമേ അതിന് ഫലവത്തായി നിലനില്‍ക്കാന്‍ പറ്റുകയുള്ളു എന്നുള്ളതാണ്. നീണ്ട കാലം അതിനെ പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. പെട്ടെന്നൊരു ദിവസം സമരത്തിനു വിളിക്കുകയാണെങ്കില്‍ ഒരു ആക്ടിവിസ്റ്റായ എനിക്ക് പോകാന്‍ പറ്റും എന്നാല്‍ പൗരസമൂഹം വരണമെന്നില്ല. അവര്‍ പ്രത്യേക കാരണങ്ങളുമായോ സാഹചര്യങ്ങളുമായോ ബന്ധപ്പെട്ടു ഉയര്‍ന്നു വരുന്നവരാണ്. ഞങ്ങള്‍ ഒരു ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി തിരിക്കുകയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇനി എദ്ദേളു കര്‍ണാടക മൂവ്‌മെന്റിന് പ്രസക്തിയില്ല. അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടോ അല്ലെങ്കില്‍ മറ്റൊരു ലക്ഷ്യവുമായോ ഒരു മൂവ്‌മെന്റിന് രൂപം കൊടുക്കാമെങ്കിലും എദ്ദേളു കര്‍ണാടക എന്ന അദ്ധ്യായം അടക്കപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വര്‍ഗീയ കലാപങ്ങള്‍. മണിപ്പൂരും ഹരിയാനയും ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം വ്യാപകമായ വര്‍ഗീയ കലാപങ്ങളും നിരന്തരമുള്ള കലാപാഹ്വാനങ്ങളും ഇന്ത്യയിലെ നിത്യസംഭവങ്ങളായി മാറിയിട്ടുണ്ട്. ഇത്തരം കലാപങ്ങളുടെയെല്ലാം പൊതുസവിശേഷതയായി താങ്കള്‍ എന്താണ് കരുതുന്നത് ?

അഭയാര്‍ത്ഥികളായി വന്ന് നൂറുകണക്കിന് വര്‍ഷങ്ങളോളമായി മണിപ്പൂരില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരാണ് കുക്കി സമുദായം. അവരുടെ മാതൃദേശം ഇപ്പോ മണിപ്പൂരിലെ കുന്നുകളും മലകളുമാണ്. അവര്‍ വിദേശികളോ നുഴഞ്ഞുകയറ്റക്കാരോ തീവ്രവാദികളോ മറ്റോ ആയിരുന്നെങ്കില്‍ എന്തിന് ഇത്രയും കാലം അവര്‍ക്ക് മണിപ്പൂരില്‍ താമസിക്കാന്‍ സൗകര്യം നല്‍കി, എന്തിന് അവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കി, എന്തിന് അവര്‍ക്ക് പൗരത്വം നല്‍കി. അതുകൊണ്ടു തന്നെ അതിസൂക്ഷ്മമായി എന്‍ജീനിയറിങ്ങ് ചെയ്‌തെടുത്ത ഒരു അജണ്ടയാണ് കലാപങ്ങളുടെയൊക്കെ പിന്നിലെ മൂലകാരണം. അല്ലാതെ അവര്‍ വിദേശ പാരമ്പര്യമുള്ളവരാണെന്നതോ കുടിയേറ്റക്കാരാണെന്നതോ അല്ല. കാലങ്ങളോളമായി അവിടെ ജീവിച്ചുകൊണ്ടിരിക്കുന്ന കുക്കികളെ പെട്ടൊന്ന് ഒരു വേളയില്‍ വിദേശികളായും തീവ്രവാദികളായും മുദ്രകുത്തപ്പെടാന്‍ ഭൂരിപക്ഷ സമുദായമായ മെയ്‌തെയ്കളെ ഒരുക്കിയത് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പിടിമുറുക്കികൊണ്ടിരിക്കുന്ന സംഘ് വൈറസാണ്.

ഭിന്നിപ്പിച്ചു ഭരിച്ച് സമൂഹത്തെ പല തട്ടുകളിലാക്കി അവര്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വിതച്ചുകൊണ്ടേ ഹിന്ദുത്വ ഏകതാ പദ്ധതി വിജയിക്കുകയുള്ളുവെന്ന് കൃത്യമായ ബോധ്യം ആര്‍.എസ്.എസിനുണ്ട്. അതിന്റെ പ്രായോഗികവത്കരണമാണ് എല്ലാ കലാപങ്ങളുടെയും പശ്ചാതലം പരിശോധിച്ചാല്‍ മനസ്സിലാക്കുക. സര്‍വവ്യാപിയായ ഈ മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും മോചനം പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം അജണ്ടകളെ കൃത്യമായി തിരിച്ചറിഞ്ഞു പ്രായോഗികമായ ഒരു തീരുമാനം കൈകൊള്ളല്‍ മാത്രമാണ് പരിഹാരം. കണ്ണിന് കണ്ണ് എന്ന നയത്തിന് ഇവിടെ പ്രസക്തിയില്ല. അതീവ വിനാശകരവുമാണത്. മണിപ്പൂരില്‍ സംഭവിച്ചത് പരിശോധിച്ചു നോക്കൂ. ബി.ജെ.പി ഒരുക്കിവെച്ച കെണിയിലേക്ക് പ്രക്ഷോഭങ്ങളും രോഷപ്രകടനങ്ങളും സംഘടിപ്പിച്ച് വൃത്തിയായി ചാടുകയാണ് കുക്കി സമുദായങ്ങളില്‍ പെട്ട സംഘടനകള്‍ ചെയ്തത്. പ്രക്ഷോഭങ്ങളോ കലാപങ്ങളോ ചലനാത്മകമാക്കുന്നതില്‍ ന്യുനപക്ഷ-ഭൂരിപക്ഷ വിവേചനങ്ങളൊന്നുമില്ല. ഒരു വ്യക്തിയോ ചെറിയ ഒരു സംഭവമോ മതി അതിന് ഇന്ധനം നല്‍കി ആളികത്തി ആയിരങ്ങളുടെ ജീവിതം തുലയ്ക്കാനും ആ പ്രദേശത്തെ സമാധാനാന്തരീക്ഷം എന്നന്നേക്കുമായി തകര്‍ക്കാനും. ആയിരം പേരെ കലാപത്തിലേക്ക് വലിച്ചിടാന്‍ ഒരാളുടെ ശ്രമം മതിയാകും. കലാപം എന്ന ചൂണ്ടയുമായി ഹിന്ദുത്വവാദികള്‍ ഇറങ്ങുമ്പോള്‍ പ്രതികരണങ്ങള്‍ അതീവസൂക്ഷ്മതയോടെ പ്രയോഗിക്കുക മാത്രമാണ് പരിഹാരം.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവുമായി വര്‍ഗീയ ധ്രുവീകരണത്തിന് സംഘ്പരിവാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്താകമാനം നിലനില്‍ക്കുന്നത്. ഹിജാബ് പോലെയുള്ള വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നു സാമൂഹികാന്തരീക്ഷം വര്‍ഗീയവത്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളോട് മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണം ശാന്തമായിരിക്കണമെന്നാണോ ?

അതെ, തീര്‍ച്ചയായും. ഹെഡ്ഗവാറും സവര്‍ക്കറും ഹിന്ദുത്വ വാദികള്‍ക്കു ഉരുവിട്ടുകൊടുത്ത മന്ത്രമാണ് മതധ്രുവീകരണം നടത്തി വിഭജിച്ചു ഭരിക്കുക എന്നത്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് കലാപങ്ങള്‍. ഒരോ കലാപവും സംഘ്പരിവാറിനെ ഊര്‍ജോത്സുകരാക്കും. പുറമേ ശാന്തരായി അവതരിച്ച് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ പോലെ അവര്‍ ഹിന്ദുക്കളെ തങ്ങളുടെ സ്വാധീനവലയത്തില്‍ കൊണ്ടുവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളുടെ പ്രതികരണം എത്തരത്തിലാകണമെന്ന ചോദ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ഒരു സംഗതി എന്തെന്നാല്‍ പലവിധ മാര്‍ഗങ്ങളിലൂടെ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവത്കരിക്കാന്‍ ബി.ജെ.പി സകലവിധത്തിലുള്ള ശ്രമങ്ങളും നടത്തും. അതിനോട് ബുദ്ധിപരമായി പ്രായോഗിക തലത്തില്‍ ചിന്തിച്ചുള്ള ഒരു തീരുമാനമെടുത്താല്‍ അവയെ തകര്‍ക്കാമെന്നാണ്. മുസ്‌ലിംങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണത്തില്‍ നിന്നും നാല് ശതമാനം ഒഴിവാക്കി കര്‍ണാടക ജനസംഖ്യയുടെ വെറും രണ്ട് ശതമാനം മാത്രം വരുന്ന വൊക്കാലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഇത്തരം ഒരു പ്രഥമദൃഷ്ട്യാ വിവേചനപരമായ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുസ്‌ലിങ്ങള്‍ തെരുവിലിറങ്ങി കലഹിക്കുമെന്നായിരുന്നു ബി.ജെ.പി വിചാരിച്ചിരുന്നത്. എന്നാല്‍ മുസ്‌ലിംങ്ങള്‍ ഇതിനെതിരെ കലഹങ്ങളോ പ്രക്ഷോഭങ്ങളോ നയിച്ചില്ല. അതോടെ അവരുടെ പദ്ധതി പൊളിയുകയും കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇതൊരു വിഷയമാകാതെരിക്കുകയും ചെയ്തു.

ഞഞ്ച ഗൗഡ, ഊറി ഗൗഡ വിഷയത്തെ മുതലെടുക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടത് ഞാന്‍ മുമ്പ് സൂചിപ്പിച്ചല്ലോ. ഹിജാബ് വിഷയവും അത്തരത്തിലൊന്ന് തന്നെയാണ്. ആദ്യമേ മതധ്രുവീകരണം സംഭവിച്ചിരുന്ന തീരദേശ മേഖലകളില്‍ മാത്രമാണ് അതിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്. പൗര സമൂഹങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൊണ്ടു വന്ന കൃത്യമായ അവബോധം ഇവിടെ എടുത്തുപറയേണ്ടതാണ്. ഞങ്ങള്‍ ഇറക്കിയ 900 ത്തോളം പോസ്റ്ററുകളും നൂറോളം വര്‍ക്ക്‌ഷോപ്പുകളും ഇത്തരത്തിലുള്ള വൈകാരിക വിഷയങ്ങളേ സമീപിക്കേണ്ട രീതിയെ കുറിച്ച് വോട്ടര്‍മാരെ ബോധവാന്മാരാക്കാനുള്ള ശ്രമം കൂടിയായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. പ്രതികരണങ്ങള്‍ വളരെ സൂക്ഷ്മതയോടെ പ്രയോഗിക്കുക എന്നതു തന്നെയാണ് വളരെ പ്രധാനം. ഒരു മുസ്‌ലിമിന്റെ കട ഒരു കാരണുവിമില്ലാതെ അടപ്പിക്കുകയാണെങ്കില്‍ മുസ്‌ലിം എന്നത് കൂടാതെ ഒരു മനുഷ്യനെന്ന നിലയില്‍ അവന്‍ പ്രതികരിക്കേണ്ടതാണ്. എന്നിരുന്നാലും വാളിന്‍ തലപ്പത്തിലൂടെയാണ് നടക്കുന്നതെന്ന ബോധ്യം ഉള്‍കൊണ്ട് വളരെ സൂക്ഷ്മമായി തന്നെ അവന്‍ പ്രതികരിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യം ലഭിച്ചതു മുതലേ സാമൂഹികപരമായും രാഷ്ട്രീയപരമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഇത്തരം ആഴമേറിയ പ്രതിസന്ധിയിലേക്ക് മുസ്‌ലിംങ്ങളെ തള്ളിവിട്ട ഘടകങ്ങളെന്തൊക്കെയാണ്. എവിടെയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് ?

സ്വാതന്ത്ര സമരത്തില്‍ മുസ്‌ലിംങ്ങള്‍ വഹിച്ച പങ്ക് പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. ഹിന്ദുക്കളും മുസ്‌ലിംങ്ങളുമെല്ലാം ഗാന്ധിയും നെഹ്‌റുവുമായും ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ ധീരമായി പോരാടിയവരാണ്. പക്ഷേ ഹിന്ദുക്കളില്‍ പലരും അതോടൊപ്പം തന്നെ ഇംഗ്ലണ്ടില്‍ പോയി ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടി പല യൂനിവേയ്‌സിറ്റികളിലും പഠിച്ച് വലിയ വിജ്ഞാനം നേടുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ ബ്രിട്ടീഷുകാരെ എതിര്‍ക്കുന്നതൊടൊപ്പം തന്നെ അവരോടുള്ള ശക്തമായ എതിര്‍പ്പ് കാരണം ഇംഗ്ലീഷിനെയും അവരുമായി ബന്ധപ്പെട്ട സകല ചിഹ്നങ്ങളെയും കൂടെ എതിര്‍ക്കുകയുണ്ടായി. മുസ്‌ലിംങ്ങളില്‍ നിന്ന് വളരെ തുച്ഛം പേരാണ് ലണ്ടനിലേക്കും മറ്റും വിദ്യാഭ്യാസം നേടാന്‍ പോയത്. ഇംഗ്ലീഷ് നാടുകളില്‍ പോയി വിദ്യാഭ്യാസം നേടുന്നതിന് പകരം രാജ്യത്തെ പലയിടങ്ങളിലായി ഉര്‍ദു യൂനിവേയ്‌സിറ്റികള്‍ സ്ഥാപിക്കുകയാണ് മുസ്‌ലിംങ്ങള്‍ ചെയ്തത്. എന്നാല്‍ ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചതോടെ ഇവകളെല്ലാം ഹിന്ദി യൂനിവേയ്‌സിറ്റികളായി പരിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. കൂടാതെ ഉറുദു ഭാഷ മുസ്‌ലിംകളുടെ മാത്രം ഭാഷ എന്ന നിലയില്‍ ചിത്രീകരിക്കപ്പെട്ട് അവഗണിക്കപ്പെടുകയും ചെയ്തു. ഇതോടെ വിദ്യാഭ്യാസ-സാമ്പത്തിക- ഭരണ മേഖലകളിലൊക്കെ തന്നെയും മുസ്‌ലിംകള്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യമുള്ള ഹിന്ദു വരേണ്യ വിഭാഗവുമായി മത്സരിച്ചു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല.

ചരിത്രപരമായി ഉറുദു ഒരിക്കലും മുസ്‌ലിംങ്ങളുടെ മാത്രം ഭാഷയായിരുന്നില്ല എന്നത് കൂടി ഓര്‍ക്കണം. മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള ചരിത്രപരമായ ഒരു കാരണം ഇതാണ്. രണ്ടാമത് ബ്രിട്ടീഷുകര്‍ ഇവിടെ അവശേഷിപ്പിച്ചു പോയ ഭരണനിര്‍വാഹണ ജോലികളും ബ്യൂറോക്രസിയുമെല്ലാം ഞാന്‍ മുമ്പ് സൂചിപ്പിച്ച ഇംഗ്ലീഷ് സംസാരിക്കുന്ന ഹിന്ദുക്കളിലെ വരേണ്യ വിഭാഗം കയ്യടക്കുകയുണ്ടായി എന്നതാണ്. ഇംഗ്ലീഷ് അറിയുന്ന ചെറിയ ശതമാനം മുസ്‌ലിംങ്ങളാകട്ടെ പാവപ്പെട്ട മുസ്‌ലിംങ്ങളെ ഇന്ത്യയില്‍ അവശേഷിപ്പിച്ചുകൊണ്ട് പാകിസ്ഥാനിലേക്ക് ചേക്കേറുകയുമുണ്ടായി. ഇന്ത്യന്‍ ഭരണകൂടത്തിന് സ്വാതന്ത്രം ലഭിച്ചതിനു ശേഷം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയും ആധുനിക വിദ്യാഭ്യാസവും നല്‍കാമായിരുന്നു. പക്ഷേ അത് ലഭ്യമാക്കുന്നതിനു യാതൊരു ശ്രദ്ധയും നല്‍കാതെ മുസ്‌ലിംങ്ങളെ വെറും വോട്ടു ബാങ്കുകളായി മാത്രം ഉപയോഗിക്കുകയാണ് പിന്നീട് വന്നവരൊക്കെ തന്നെ ചെയ്തത്. വിദ്യാഭ്യാസത്തിനു പുറമെ മുസ്‌ലിംകളുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയും ഭരണകൂടങ്ങള്‍ ഒന്നും ചെയ്യുകയുണ്ടായില്ല. വലിയൊരു ശതമാനം മുസ്‌ലിംകളും ഇപ്പോഴും ദാരിദ്രരേഖക്ക് താഴെ ആണ് ജീവിക്കുന്നത്. ആര്‍.എസ്.എസ് പറയുന്നത് പോലെ നാന്നൂറു വര്‍ഷത്തെ മുഗള്‍ ഭരണം മുസ്‌ലിംകള്‍ സംഘടിതമായി ഹിന്ദുക്കളെ സര്‍വവിധേനയും അടിച്ചമര്‍ത്തുന്നതായിരുന്നുവെങ്കില്‍ മുസ്‌ലിംങ്ങള്‍ ഇന്ത്യയില്‍ ഇത്രയും പിന്നോക്കാവസ്ഥയിലാകുമായിരുന്നോ.

മുസ്‌ലിം വിരോധ പ്രകടനമെന്ന നിലയില്‍ നിരന്തരം മുഗള്‍ നിര്‍മിതികളുടെയും പുരാതന ചരിത്ര നഗരങ്ങളുടെയുമൊക്കെ പേരുകള്‍ മാറ്റുന്നത് ബി.ജെ.പി സര്‍ക്കാറുകള്‍ മത്സരിച്ചു ചെയ്തുകൊണ്ടിരിക്കുകയാണ്. ടിപ്പുവുമായി ബന്ധപ്പെട്ടു കര്‍ണാടകയില്‍ കാണാന്‍ സാധിക്കുന്നത് പോലെ മുസ്‌ലിം ചിഹ്നങ്ങളെയും ചരിത്രാംശങ്ങളെയും പൂര്‍ണമായി നിഷ്‌കാസനം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങളുടെ പ്രേരണ എന്തായിരിക്കും ?

എന്റെ ജീവിതത്തില്‍ ഇതിനേക്കള്‍ ഭീരുത്വമായ മറ്റൊരു സംഗതി സര്‍ക്കാറുകളില്‍ നിന്ന് ഇതുവരെ കണ്ടിട്ടേയില്ല. സ്ഥിരമായി സ്ഥലങ്ങളുടെയും മ്യൂസിയങ്ങളുടെയും പേരു മാറ്റുക, സിലബസില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടു വരിക തുടങ്ങിയവയൊക്കെ തന്നെ ചരിത്രത്തെ സമ്പൂര്‍ണമായി അപഹരിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാണ്. ടിപ്പു സുല്‍ത്താനെതിരെ കര്‍ണാടകയില്‍ സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത വ്യാജ നരേറ്റിവുകള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം ആഖ്യാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് ചില വലതുപക്ഷ ചരിത്രകാരന്മാരുടെ സഹായത്തോടെയാണെന്നത് ശ്രദ്ധിക്കണം.

ബ്രീട്ടീഷുക്കാര്‍ക്കെതിരെ ധീരമായി പോരാടിയ ചുരുക്കം ഇന്ത്യന്‍ രാജാക്കന്മാരില്‍ പെട്ട ഒരാളാണ് ടിപ്പു. അധിക നാട്ടുരാജാക്കന്മാരും ബ്രിട്ടീഷുകാരുടെ ഓഷാരം പറ്റി കഴിഞ്ഞപ്പോള്‍ ധീരതയോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നീണ്ട യുദ്ധങ്ങള്‍ നയിക്കുകയും പലതവണയവരെ പരാജയപ്പെടുത്തുകയും ചെയ്ത ധീരദേശാഭിമാനിയാണ് ടിപ്പു സുല്‍ത്താന്‍. കാര്‍ഷിക മേഖലയിലും വ്യാപാര രംഗത്തും ടിപ്പു വിപ്ലവകരമായ പല പരിഷ്‌കരണങ്ങളും കൊണ്ടുവരികയുണ്ടായി കൂടാതെ മൈസൂര്‍ നാട്ടുരാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. ആര്‍ക്കാണ് ഇതില്‍ നിന്നും നേട്ടമുണ്ടായത്. മുസ്‌ലിംങ്ങള്‍ക്ക് മാത്രമാണോ ?. അല്ല, കാര്യമായും ഭൂരിപക്ഷ സമൂഹമായിരുന്ന ഹിന്ദുക്കള്‍ക്കായിരുന്നു. അതിനെ സ്മരിക്കാനെന്നോണം ടിപ്പു സുല്‍ത്താനെ ഹിന്ദുക്കളടക്കം ധീരനായും നല്ല ഭരണാധികാരിയായും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ ദീര്‍ഘകാലങ്ങളായിട്ടുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഇന്ന് ടിപ്പുവിന്റെ ചിത്രം വര്‍ഗീയ നിറങ്ങള്‍ കൊണ്ട് വരച്ചെടുത്ത വികൃത രൂപമാണ്.

ആര്‍.എസ്.എസ് രൂപപ്പെടുത്തിയെടുക്കുന്ന പല നരേറ്റിവുകളും വ്യാജമാണെങ്കിലും പച്ച നുണകളാണെങ്കിലും പൊതുജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിച്ച് അവരില്‍ വര്‍ഗീയബോധം സൃഷ്ടിച്ചെടുക്കാന്‍ അവകള്‍ക്കു സാധിക്കുന്നുണ്ട്. എങ്ങനെ പൊതുനരേറ്റിവുകളെ നമുക്ക് തിരിച്ചുപിടിക്കാം? അത് സാധ്യമാണോ? പ്രത്യേകിച്ച് വര്‍ഗീയത ഇന്ത്യന്‍ ബോധതലങ്ങളില്‍ ആഴത്തിലാഴ്ന്ന സ്ഥിതിക്ക് ?.

സംഘ്പരിവാര്‍ സൃഷ്ടിച്ചെടുക്കുന്ന ഒരോ നരേറ്റിവുകളും പൊട്ടത്തരവും ചിരിപ്പിക്കുന്നതുമാണ്. പക്ഷേ, ഇത്തരം ആഖ്യാനങ്ങള്‍ക്ക് വലിയൊരു ശതമാനം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. മുസ്‌ലിം വനിതകള്‍ പ്രസവിച്ച് തങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ച് ഹിന്ദുക്കളെ മറിക്കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നതൊക്കെ എത്രത്തോളം മൂഢത്വപരമായ നരേറ്റിവാണ്. എന്റെ പരിചയത്തിലുള്ള ഹിന്ദു കുടുംബങ്ങളിലെയും മുസ്‌ലിം കുടുംബങ്ങളിലെയും ആള്‍ ബലം പരസ്പരം താരതമ്യംചെയ്തു നോക്കുമ്പോള്‍ തന്നെ ഹിന്ദു കുടുംബങ്ങള്‍ മുസ്‌ലിം കുടുംബങ്ങളേക്കാള്‍ എത്രയോ വലുതാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ എനിക്കാവും. ദാരിദ്ര്യവുമായും വിദ്യാഭ്യാസമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ജനസംഖ്യ വര്‍ധനവ് എന്നുള്ളത്. മുമ്പ് ഹൈദരാബാദിലെ നൈസാം ഭരണകൂടത്തിന്റെ കീഴിലായിരുന്ന വരണ്ടുണങ്ങിയ ദരിദ്ര പ്രദേശങ്ങളായിരുന്ന വടക്ക് കിഴക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍, ഗുല്‍ബര്‍ഗ എന്നിവിടങ്ങളില്‍ മുസ്‌ലിംങ്ങളായാലും ഹിന്ദുക്കളായാലും ശരാശാരി എട്ട് മക്കളാണ് ഒരോ കുടുംബത്തിലുമുള്ളത്. ദാരിദ്രമാണ് ഇതിന് കാരണമായിട്ടു പറയപ്പെടുന്നത്.

നരേറ്റിവുകളെ തിരിച്ചുപിടിക്കുക എന്നുള്ളത് വളരെ പ്രാധാന്യമേറിയതും ശ്രമകരവുമായ ഒരു ദൗത്യമാണ്. ഒന്നാമതായി നമ്മുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് തന്നെ കൃത്യമായ ബോധ്യമുണ്ടായിരിക്കണം. അത് കേരള ചരിത്രമാകട്ടെ ഇന്ത്യ ചരിത്രമാകട്ടെ സാമുദായിക ചരിത്രമാകട്ടെ അവകളിലെല്ലാം കൃത്യമായിട്ടുള്ള അവബോധം വേണം. നമ്മുടെ ചരിത്രങ്ങളെല്ലാം രേഖപ്പെടുത്തിയത് അധിനിവേശ ചരിത്രക്കാരന്മാരാണ്. അവരാകട്ടെ അവരുടെ അസിസ്റ്റന്റുമാരായിട്ടുള്ള ഹിന്ദു ബ്രാഹ്‌മണര്‍ പറഞ്ഞുകൊടുത്ത ഭാരതത്തിന്റെ ചുരുങ്ങിയ ഒരു ഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന വരേണ്യനിര്‍മിതികളെയാണ് ഇന്ത്യാ ചരിത്രമായി എഴുതിവെച്ചിട്ടുള്ളത്. ആ ആഖ്യാനങ്ങളെ തിരിച്ചുപിടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.

രാമയാണവും മഹാഭാരതവും ഉപനിഷത്തും മാത്രമാണോ ഇന്ത്യന്‍ സാംസ്‌കാരിക ഇടങ്ങളെ അടയാളപ്പെടിത്തിയിട്ടുള്ളത്. തെയ്യങ്ങളും ഭഗവതിയും ഇസ്‌ലാമിക സംസ്‌കാരവും ദലിത് സംസ്‌കാരവുമെല്ലാം ഒഴിവാക്കിയിട്ടുള്ള ഇന്ത്യന്‍ ചരിത്രം എങ്ങനെ പൂര്‍ണമാകും. ഈ അടുത്ത് തേക്കേഷ്യയിലെ മരണാനന്തര ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള death in suth Asia എന്ന ഒരു ജര്‍മന്‍കാരന്റെ പുസ്തകം കാണാനിടയായി. അത് വായിച്ചുനോക്കിയപ്പോള്‍ കണ്ട ഒരു കാര്യം അതില്‍ വിവരിച്ചിരിക്കുന്ന 12 ഇന്ത്യന്‍ ആചാരങ്ങളും ബ്രാഹ്‌മണരുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മാത്രമാണ് എന്നതാണ്. അതായത് ബ്രാഹ്‌മണ രേഖകളാണ് ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളിലെല്ലാം റഫറന്‍സായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അതിവിശാലവും വൈവിധ്യവുമായ ഇന്ത്യന്‍ ചരിത്രത്തെ ഒരു ബ്രാഹ്‌മണിക്കല്‍ എകതാ സങ്കല്‍പ്പത്തിലൂടെ ബ്രാഹ്‌മണ ചരിത്രക്കാരന്മാരുടെ സഹായത്തോടെ ഏകമാനമായി അവതരിപ്പിച്ച അധിനിവേശ ചരിത്രകാരന്മാര്‍ സൃഷ്ടിച്ചെടുത്ത ചരിത്രാഖ്യാനങ്ങളെയും സാഹിത്യത്തെയും ആദ്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനു വേണ്ടി പ്രാഥമികമായി ചെയ്യേണ്ടത് നിക്ഷ്പക്ഷവും ഭാരതത്തിലെ സര്‍വസംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നതുമായ രീതിയില്‍ ഇന്ത്യന്‍ ചരിത്രത്തെ മാറ്റിയെഴുതലാണ്.

അര്‍ശഖ് സഹല്‍ and പ്രൊഫ.പുരുഷോത്തമ ബിലിമലെ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.