Thelicham

റഹ്മാനി : മാല്‍മിക്കണക്കെന്ന കടലോട്ട ശാസ്ത്രം

ലക്ഷദ്വീപിലെ പരമ്പരാഗത മാല്‍മി(കപ്പിത്താന്‍)യും മുക്കുവനും കടല്‍ വാഹനങ്ങളുടെ നിര്‍മാണ വിദഗ്ദനുമായ പുതിയ സിറാമ്പി ആലിക്കോയ മാല്‍മിയുമായി തെളിച്ചം മാസികക്ക് വേണ്ടി ഇസ്മത്ത് ഹുസൈന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍


ഇസ്മത്ത് ഹുസൈന്‍ : റഹ്‌മാനി ദ്വീപില്‍ വ്യവഹരിക്കാന്‍ തുടങ്ങുന്നത് എന്നുമുതലാണ്, അതിന്റെ ഉപജ്ഞാതാവ് ആരാണ് ?

ആലിക്കോയ മാല്‍മി: ലക്ഷദ്വീപില്‍ പൊതുവെ റഹ്‌മാനിയെ മാല്‍മിക്കണക്ക് എന്നാണ് പറയുന്നത്. മാല്‍മികള്‍ എന്നുപറഞ്ഞാല്‍ കടല്‍ വാഹനങ്ങളില്‍ കപ്പിത്താന്മാരായി ജോലി ചെയ്തവരാണ്. പണ്ടു കാലങ്ങളില്‍ അറബിക്കടലില്‍ ഓടുന്ന മിക്ക വിദേശകപ്പലുകളിലേയും കപ്പിത്താന്മാര്‍ ദ്വീപിലെ മാല്‍മിമാരായിരുന്നു. അവര്‍ക്ക് ആ വഴിക്ക് വരുമാനവുമുണ്ടായിരുന്നു. റഹ്‌മാനിയുടെ രചനാ കാലം എന്നാണെന്ന് പറയാനാവില്ല. ആരാണ് രചിച്ചതെന്നും അറിയില്ല. ഒട്ടേറെ മാല്‍മിമാരുടെ കൈമറിഞ്ഞ് നൂറ്റാണ്ടുകള്‍ താണ്ടി വന്ന ഒരു പരമ്പരാഗത ഗ്രന്ഥമാണ് റഹ്‌മാനി. എല്ലാ ജ്ഞാനങ്ങളുടെയും ഉറവിടമായ പരംപൊരുളായ അല്ലാഹുവിന്റെ റഹ്‌മാന്‍ (വഴികാട്ടുക) എന്ന ഇസ്മില്‍ നിന്നാണ് റഹ്‌മാനി എന്ന പേരിന്റെ ഉത്ഭവം.

അലിയുബിന്‍ അബീത്താലിബ് (റ) തങ്ങളില്‍ നിന്നാണ് തുടക്കം. ജ്യോതിശാസ്ത്രങ്ങളും ഗ്രഹശാസ്ത്രങ്ങളും കടല്‍ സഞ്ചാര വിദ്യകളുടെയും ഗവേഷണം അലി(റ)വില്‍ നിന്നാണ് തുടക്കം. ജ്യോതിശാസ്ത്രങ്ങളും ഗ്രഹശാസ്ത്രങ്ങളും കടല്‍ സഞ്ചാരവിദ്യകളുടേയും ഗവേഷണം അലി(റ)വില്‍ നിന്നാണെന്ന് റഹ്‌മാനിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. അതുപോലെ തമിഴ് നാട്ടുകാരന്‍ റഹിയാന്‍ മാല്‍മി എന്നൊരാള്‍ ഉണ്ടായിരുന്നു. അയാളാണ് മാല്‍മികളില്‍ ആദ്യത്തെ മാല്‍മി. നമ്മുടെ ദ്വീപുകളില്‍ പഴയ ഒരു പറച്ചിലുണ്ട്. നന്നായി മാല്‍മിക്കണക്കറിയുന്നയാളെ “ഓനാ അളത്തം കണ്ടിയാ. റഹിയാൻ മാല്‍മി അളന്ന പോലെ. ” ഈ റഹിയാന്‍ എന്ന പേരും റഹ്‌മാനി എന്ന പേരിന് കാരണമായിട്ടുണ്ടാവാം.


ചോദ്യം: ദ്വീപിലെ നാട്ടുപാരമ്പര്യത്തിന് കേരളം തമിഴ്‌നാട്, കര്‍ണാടകം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിനിമയബന്ധങ്ങള്‍ എങ്ങനെയെല്ലാമായിരുന്നു?

ആലിക്കോയ മാല്‍മി: കടലിനു നടുവില്‍ കിടക്കുന്ന ദ്വീപുകളായത് കൊണ്ടു തന്നെ നാവികവിദ്യ വശമുള്ളവര്‍ക്ക് മാത്രമേ ഇവിടെ കുടിയേറി പാര്‍ക്കാന്‍ കഴിയുകയുള്ളൂ. കടല്‍ മാര്‍ഗേണ യാത്ര ചെയ്ത് ശീലമുള്ളവരില്‍ പല ദേശക്കാരും ഈ ദ്വീപുകളില്‍ കുടിയേറിയിട്ടുണ്ടാവാം. അന്താരാഷ്ട്ര കടല്‍ മാര്‍ഗത്തില്‍ കിടക്കുന്നത് കൊണ്ടു തന്നെ ആദ്യ കുടിയേറ്റം പല രാജ്യങ്ങളില്‍ നിന്നും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദ്വീപുകളുടെ തൊട്ടടുത്ത് നില്‍ക്കുന്ന തീരമായത് കൊണ്ടു തന്നെ തമിഴ്‌നാട്, കേരളം, കന്നട ദേശങ്ങളുമായി ദ്വീപുകാര്‍ക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നു. റഹ്‌മാനിയിലെ ഭാഷ തന്നെ തമിഴ് കലര്‍ന്ന മലയാളത്തിലാണല്ലോ.


ചോദ്യം: എങ്ങനെയാണ് റഹ്‌മാനിയില്‍ കടലോട്ടവിദ്യ പഠിപ്പിക്കുന്നത്.?

ആലിക്കോയ മാല്‍മി: വടക്ക് ചക്രവാളത്തില്‍ ഉദിച്ച് നില്‍ക്കുന്ന കൗ നക്ഷത്രത്തെയും (ധ്രുവ്വ നക്ഷത്രം) തെക്കേ ചക്രവാളത്തില്‍ ഉദിച്ച് നില്‍ക്കുന്ന സുബൈല്‍ നക്ഷത്രത്തേയും ചുറ്റി ഉദിച്ചസ്തമിക്കുന്ന 27 നക്ഷത്രങ്ങളുടെ ദിശ കണക്കാക്കി അവയെ ലക്ഷ്യം വെച്ചോടി ലക്ഷ്യ സ്ഥാനത്തെത്താന്‍ പഠിപ്പിക്കുന്നു. ‘ സുബൈല്‍ വിളങ്കും തക്കണേന്ത്യേ’ എന്നാണ് പഴമൊഴി. കാലാവസ്ഥ, രാശിക്കണക്കുകള്‍, സ്ഥാനനിര്‍ണയം, വെള്ളത്തിന്റെ സ്ഥാനം, വാസ്തു ശാസ്ത്രം, കടല്‍ വാഹനനിര്‍മാണം,നാട്ടുവൈദ്യം, കൃഷി തുടങ്ങി പരമ്പരാഗതമായ ഒട്ടേറെ വൈജ്ഞാനികമായ വിദ്യകള്‍ അടങ്ങിയതാണ് റഹ്‌മാനി.
കൗ എന്നത് ഒരു നക്ഷത്രം മാത്രമല്ല ഒരളവും കൂടിയാണ്. അതു പ്രകാരം കൗനിലക്കണക്ക്, കരവസല, അണവേറ്റിക്കണക്ക്,12 രാശികളുടെ നിലകള്‍, ശാമര്‍ദ്ധിക്കണക്ക് തുടങ്ങിയുള്ള കടലോടുമ്പോള്‍ എന്തൊക്കെ അറിയണോ അതൊക്കെയും പഠിപ്പിക്കുന്നു.


ഇസ്മത്ത് ഹുസെെനും ആലിക്കോയ മാൽമിയും


ഇസ്മത്ത് ഹുസൈൻ: റഹ്‌മാനിയിലെ സാങ്കേതിക പദങ്ങള്‍ മുഖ്യമായും അറബിയിലാണ്. ഈയൊരു ഭാഷാപരമായ കൈമാറ്റം എങ്ങനെയാണ് സംഭവിച്ചത്?

ആലിക്കോയ മാല്‍മി: മലയാളത്തില്‍ കണ്ടെടുക്കപ്പെട്ട ഏറ്റവും പുരാതനമായ അറബി മലയാള ഗ്രന്ഥം മുഹ് യിദ്ദീന്‍ മാലയാണല്ലോ. എന്നാല്‍ ആ കാലഘട്ടത്തിനും മുമ്പ് തന്നെ ദ്വീപിലെ പ്രാദേശിക ഭാഷ അറബി ലിപി ഉപയോഗിച്ച് രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. ലക്ഷദ്വീപില്‍ ആദ്യ കാലത്ത് ഒട്ടേറെ കപ്പലപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ആദ്യകാലത്തുണ്ടായതില്‍ ഭൂരിഭാഗവും ദ്വീപിന്റെ പടിഞ്ഞാറുഭാഗത്താണ്. അറബികളുടെ ദ്വീപുമായിട്ടുള്ള ബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിവയൊക്കെയും.


ഇസ്മത്ത് ഹുസെെൻ : റഹ്‌മാനിയില്‍ കാണുന്ന സാങ്കേതിക പദങ്ങള്‍ പരിചയപ്പെടുത്താമോ ?


ആലിക്കോയ മാല്‍മി: ദറജ (degree) ; ദഹീഖ് (minute) അര്‍ള് (latitude) തൂല്‍ (longitude) സക്കന്ത് – സെക്കന്റ് ; രാശി (സൂര്യന്റെ പ്രദക്ഷിണ വഴിയെ 12 തുല്യാംശങ്ങളായി ഭാഗിച്ചിരുക്കുന്നു. ഈ ഓരോ അംശത്തിനും പറയുന്ന പേരുകള്‍: കൗ (ധ്രുവനക്ഷത്രം), വടക്കേരാശികള്‍ (മദ്ധ്യരേഖക്കുവടക്കുള്ള മേടം ഇടവം, മിധുനം, കര്‍ക്കിടം, ചിങ്ങം, കന്നി രാശികളെ പറയുന്നത്),തെക്കേരാശികള്‍ (തുലാം, വൃക്ഷികം, ധനു, കുംഭം, മീനം എന്നീ തെക്കേരാശികളെ പറയുന്നത്), ഹമല്‍ (സൂര്യന്റെ വക്രഗതി) സമഹ (ദിഗ് നിര്‍ണ്ണയ യന്ത്രം), ഹസ്തില്‍ ഇസ്തിവാ (ഭൂമിയുടെ മധ്യരേഖ).


ഇസ്മത്ത് ഹുസൈൻ : എന്താണ് കരവസല ?


ആലിക്കോയ മാല്‍മി: കരയുടെ കിടപ്പും അതിന്റെ നേരെ നില്‍ക്കുന്ന കടലിലെ ദ്വീപുകളും പാറകളും പിട്ടികളും ലഗൂണുകളും കിടക്കുന്ന അളവുകളും ദിശകളും പറയുന്ന ഭാഗമാണ് കരവസല.


ഇസ്മത്ത് ഹുസൈൻ : എന്താണ് കൗ നില ?


ആലിക്കോയ മാല്‍മി: ഏത് സ്ഥലത്തേക്കാണോ യാത്ര ചെയ്യുന്നത് ആ നാടിന്റെ അളവും ഓരോയിടത്തും കൗവിന്റെ നിലയും വിശദീകരിക്കുന്നതാണ് കൗനില. ഭൂമിയുടെ ഏറ്റവും വടക്കേ അറ്റത്ത് ഒരു മനുഷ്യന്റെ ഉയരത്തിലായിരിക്കും ധ്രുവ്വ നക്ഷത്രം കാണുക. ഭൂമധ്യരേഖയില്‍ കൗ താമര പോലെ വിരിഞ്ഞ് നില്‍ക്കും.


ഇസ്മത്ത് ഹുസൈൻ : എന്താണ് അണവേറ്റി കണക്ക്?


ആലിക്കോയ മാല്‍മി: യാത്രയില്‍ കരവിട്ട് നമ്മള്‍ എവിടെ എത്തിയെന്നറിയാനുള്ള കണക്കാണ് അണവേറ്റി. തെക്കോട്ട് യാത്ര ചെയ്യുമ്പോള്‍ ചില്ലി നക്ഷത്രം വിട്ട് പടിഞ്ഞാര്‍ക്ക് ഓടുന്തോറും കൗ അകന്നകന്ന് പോവും. വടക്കോട്ടാണെങ്കില്‍ നാശി അസ്തമാനം നക്ഷത്രം വിട്ട് പടിഞ്ഞാര്‍ക്ക് ഓടുന്തോറും കര അകന്നോണ്ടിരിക്കും. അണവേറ്റിക്കണക്കില്‍ നമ്മുടെ സ്ഥാനം തെക്കുവടക്ക് എത്രയാണെന്നും കരവിട്ട് എത്രയകലെയാണെന്നും അറിയാന്‍ കഴിയും.


ഇസ്മത്ത് ഹുസൈൻ : കാലാവസ്ഥാ വ്യതിയാനങ്ങളെ സംബന്ധിച്ചുള്ള സൂക്ഷ്മമായ വിവരണങ്ങള്‍ റഹ്‌മാനിയുടെ പ്രധാനസവിശേഷതയാണ്. കടലിന്റെ ഗതി സഞ്ചാരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള പ്രസ്തുത കാലാവസ്ഥാ അനുമാനങ്ങള്‍ എങ്ങനെയാണ്?


ആലിക്കോയ മാല്‍മി: നിരന്തരമായ അനുഭവത്തിലൂടെയാണ് കാലാവസ്താവ്യതിയാനങ്ങള്‍ മനസിലാക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യാ രാജ്യത്തിന്റെ തെക്കുപടിഞ്ഞാര്‍ നിന്നും അടിക്കുന്നതും ഒക്ടോബര്‍ മുതല്‍ സുമാര്‍ ജനുവരി വരെ വടക്കുകിടക്കു നിന്നുമടിക്കുന്നതുമായ കാലവര്‍ഷം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അക്കാലത്ത് അതായത് മേയ് 15 കഴിഞ്ഞാല്‍ ദ്വീപുകാര്‍ ഓടികളോ ഉരുക്കളോ കടലില്‍ ഓടിക്കാറില്ല. ഭൂമിയുടെ ഹസ്തില്‍ ഇസ്തിവാ എന്ന മധ്യരേഖ വിട്ട് സൂര്യന്‍ വടക്കോട്ടുള്ള സഞ്ചാരം മൂന്ന് മാസമാണ്. തിരികെ മൂന്ന് മാസം സഞ്ചരിച്ച് മധ്യഭാഗം പിന്നിട്ട് തെക്കോട്ട് സഞ്ചാരം തുടങ്ങുന്നതോടെ വേനല്‍ കാലമാരംഭിക്കും. അതിന് മുമ്പുള്ളത് വർഷ കാലം. അത് ജൂണോടെ ആരംഭിക്കും. വേനൽ കന്നി മാസത്തോടെയാണ് ആരംഭിക്കുക. പരിസ്ഥിതിയില്‍ ഇതിനനുസരിച്ച് ചില മാറ്റങ്ങളൊക്കെ സംഭവിക്കും. ചില ദേശാടന കിളികളുടെ വരവ് പോലെ.

പക്ഷികള്‍ കാലം തെറ്റി സഞ്ചരിക്കാറില്ല. അവയുടെ സഞ്ചാരങ്ങള്‍ കൃത്യമായിരിക്കും. അവയുടെ കരച്ചിലുകള്‍; കടലില്‍ ചില സമയങ്ങളിലുണ്ടാവുന്ന നിറം മാറ്റം; നീരൊഴുക്കും തിരകളും ആകാശത്തിലെ മാറ്റങ്ങള്‍ മേഘങ്ങളുടെ നിരീക്ഷണം; ഒക്കെ ശീലിച്ചാല്‍ കാലാവസ്ഥയുടെ മാറ്റം മുന്‍കൂട്ടി മനസിലാക്കാനാവും. ദ്വീപിന്റെ തീരങ്ങളില്‍ കാണുന്ന ഒരു പക്ഷിയുണ്ട്, ഞങ്ങള്‍ ദ്വീപുകാര്‍ ‘പൂക്കുട്ടി’ എന്നാണ് അതിനെ വിളിക്കുന്നത്. ഈ പക്ഷി ‘ഹസദ്’ മാസം ദ്വീപുകളില്‍ എത്തും. അപ്പോഴൊന്നും ആ പക്ഷി കരയാറില്ല. പൂക്കുട്ടി കരയാന്‍ തുടങ്ങിയാല്‍ മനസിലാക്കാം സുമ്പൂല്‍ (ചിങ്ങം) പിറന്ന് നല്ല കാലം തെളിഞ്ഞുവെന്ന്. റണ്ട എന്ന് വിളിക്കുന്ന താറാവിന്റെ രൂപമുള്ള പക്ഷി മഴക്കാലത്താണ് ദ്വീപുകളിലെത്തുന്നത്. പേക്കെണ്ണം, നൈക്കുട്ടി ,കോല്‍വായം പക്ഷികള്‍ ചൂടുകാലത്ത് എത്തുന്ന പക്ഷികളാണ്.


ആലിക്കോയ മാൽമി


ഇസ്മത്ത് ഹുസൈൻ : നമ്മള്‍ കടലില്‍ യാത്ര ചെയ്തത് കര ഒന്നും കാണാത്ത ഒരു സ്ഥലത്ത് കുടുങ്ങി പോയി. ദിശകളൊന്നും അറിയില്ല,. എങ്ങിനെ നമ്മുടെ സ്ഥാനം കണ്ടുപിടിക്കും?


ആലിക്കോയ മാല്‍മി: അതിന് റഹ്‌മാനിയില്‍ ശാമര്‍ദ്ധിക്കണക്കുണ്ട്. ശാമം അറിയാനുള്ള കണക്കെന്ന് മലയാളം. കൗ നക്ഷത്രം നോക്കിയാല്‍ തെക്കുവടക്കുമനസിലാവും. ഉത്തിരം നക്ഷത്രത്തെ ഇടക്കണ്ണുകൊണ്ടുനോക്കി കൗനില അളന്ന് ശാമം നിശ്ചയിച്ച് കണക്കുകൂട്ടിയാല്‍ നമുക്ക് നമ്മുടെ സ്ഥാനം നിര്‍ണ്ണയിക്കാനാവും.


ഇസ്മത്ത് ഹുസൈൻ: എങ്ങിനെയാണ് ശാമം കണക്കാക്കുന്നത്?


ആലിക്കോയ മാല്‍മി:
ശാമം എന്നാല്‍- 24 മണിക്കുറില്‍ 8 ശാമങ്ങളാണുള്ളത്. പകല്‍ 4ഉം രാത്രി 4ഉം ഉദിച്ച് പൊന്തിയ ഫുള്ത് (സൂര്യന്‍) 84 അടിക്ക് നമ്മുടെ നിഴൽ എത്തിയാൽ നാഴിക ഒന്ന് 39 അടിക്ക് 2 നാഴിക 5.9 അടിക്ക് നാഴിക 3 6.7 അടിക്ക് നാഴിക 7 1/2 അതിന് ശാമം ഒന്ന് അപ്പോൾ സമയം ഏകദേശം പകൽ 9 മണിയായിരിക്കും.


ഇസ്മത്ത് ഹുസൈൻ : ദ്വീപിലെ മാല്‍മികളുണ്ടാക്കിയ ഒരു കാലാവസ്ഥാകലണ്ടര്‍ ഉണ്ടല്ലോ. എങ്ങനെയാണ് അത് തയ്യാറാക്കിയത്?


ആലിക്കോയ മാല്‍മി: കാലങ്ങളായി കാലാവസ്ഥാ നിരീക്ഷണങ്ങളിലൂടെ തയ്യാറാക്കയെടുത്തതാണ് ആ കലണ്ടര്‍. കേരളത്തില്‍ എത്തയതിന് ശേഷമാണ് കാലവർഷം ദ്വീപുകളില്‍ എത്തുന്നത്. വാര്‍ത്താ സംവിധാനങ്ങളില്ലാത്ത അക്കാലത്ത് ഈ കലണ്ടര്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.



ഇസ്മത്ത് ഹുസൈൻ : കേരളമുസ്ലിം ചരിത്രത്തിലെ പ്രധാനപ്പെട്ട വിജ്ഞാന സമ്പാദന രീതിയായിരുന്നു പള്ളി ദര്‍സുകള്‍. അവിടത്തെ പാരമ്പര്യ വിജ്ഞാന സ്രോതസ്സുകള്‍ നിലനില്‍ക്കുന്നതില്‍ അവ അനിഷേധ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനു സമാനമായ വിദ്യാഭ്യാസ സമ്പ്രദായം ദ്വീപുകളില്‍ ഉണ്ടായിരുന്നോ?


ആലിക്കോയ മാല്‍മി: പള്ളി ദര്‍സുകള്‍ പോലെതന്നെ ഗുരുകുല സമ്പ്രദായത്തില്‍ റഹ്‌മാനി ദ്വീപുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. ദര്‍സുകളും ഉണ്ടായിരുന്നു. എന്റെ നാടായ കില്‍ത്താന്‍ ദ്വീപില്‍ മുന്നൂറ് വര്‍ഷത്തെ ദര്‍സ് സമ്പ്രദായത്തിന്റെ പാരമ്പര്യമുണ്ട്. അഹ്‌മദ് നഖ്ശബന്തി എന്ന കിളുത്തനിലെ തങ്ങളുടെ കാലം മുതല്‍ അത് നിലനിന്നിരുന്നു. പുറം ദ്വീപുകളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ ഓതിപഠിക്കാന്‍ കില്‍ത്താനില്‍ വന്ന് താമസിക്കറുണ്ടായിരുന്നു. കവരത്തിയിലെ തങ്ങന്മാര്‍ പലരും കില്‍ത്താനിലാണ് ഓതിപഠിച്ചത്. അത്‌ കൊണ്ടു തന്നെ കിൽത്താൻ ദ്വീപിനെ ചെറിയപൊന്നാനി എന്ന് വിളിക്കാറുണ്ട്. മലബാര്‍ സമരനേതാവ് ആലിമുസ്ലിയാര്‍ കവരത്തി ദ്വീപില്‍ 8 വര്‍ഷം ദര്‍സ് നടത്തിയിട്ടുണ്ട്. ഈ ദര്‍സുകളുടെ ഭാഗമായും ആദ്യകാലങ്ങളില്‍ റഹ്‌മാനി പഠിപ്പിച്ചിരുന്നു. ഇന്ന് ഈ സമ്പ്രദായങ്ങളൊക്കെ ഒഴിവാക്കപ്പെട്ടു. അത് വീണ്ടും തുടങ്ങിയില്ലെങ്കില്‍ ഈ പാരമ്പര്യവിജ്ഞാനം എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകും.


ഇസ്മത്ത് ഹുസൈൻ : റഹ്‌മാനിയെപോലെ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടാത്ത വാമൊഴി കൃതികള്‍ ദ്വീപില്‍ പ്രചാരത്തിലുണ്ടോ?


ഉ: ലക്ഷദ്വീപില്‍ നിന്നും കണ്ടെടുക്കപ്പെട്ട സാഹിത്യ കൃതികളില്‍ ഏറ്റവും പഴക്കം ചെന്നത് എന്ന് പറയാവുന്ന കൃതി കല്‍വൈരമാലയായിരിക്കും. കില്‍ത്താന്‍ ദ്വീപിലെ ബലിയഇല്ലം പള്ളിക്വെ എന്ന അഹ്‌മദ് മുസ്ലിയാര്‍ എന്നയാളാണ് രചയിതാവ്. പിന്നീട് അഹ്‌മദ് നഖ്ശബന്തിയുടെ കൃതികള്‍ കോലസിരിമാല, യൂസുഫ്ഖിസ്സ ശരതമാല, സ്വര്‍ഗമാല തുടങ്ങിയവ. ഇവയൊന്നും വേണ്ടപ്പെട്ട രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഈ കണക്കുവെച്ച് വിലയിരുത്തുമ്പോള്‍ ഏകദേശം മുന്നൂറ് വര്‍ഷത്തെ സാഹിത്യ പാരമ്പര്യം എന്റെ ചെറിയ ദ്വീപായ കില്‍ത്താന്‍ ദ്വീപിനുണ്ട്. ഒരു സമഗ്രമായ ഗവേഷണം നടന്നാല്‍ ഇതിലും കൂടുതല്‍ വിവരങ്ങള്‍ പല ദ്വീപുകളില്‍ നിന്നും കണ്ടെത്താനാവും.


ഇസ്മത്ത് ഹുസൈൻ : ദ്വീപിലെ സാംസ്‌കാരികവും സാഹിതീയവുമായ ഇത്തരം സ്രോതസ്സുകള്‍ പദ്യഘടനയില്‍ വ്യവഹരിക്കപ്പെടുന്നതില്‍/ ആഖ്യാനം ചെയ്യപ്പെടുന്നതില്‍ ചരിത്രപരമായ എന്തെങ്കിലും കാരണങ്ങളുണ്ടോ?


ആലിക്കോയ മാല്‍മി: കേരളത്തിലെ വടക്കന്‍ പാട്ടുകളുടെയും മാലപ്പാട്ടുകളുടേയും തുടര്‍ച്ചയാണ് ദ്വീപു സാഹിത്യം എന്ന് വിലയിരുത്തപ്പെടാവുന്നതാണ്. എന്നാല്‍ റഹ്‌മാനി പോലുള്ള കൃതികളുടെ കാലം നിര്‍ണ്ണയിക്കപ്പെടാത്തത് കൊണ്ടും വ്യക്തമായ ഗവേഷണങ്ങള്‍ നടക്കാത്തത് കൊണ്ടും കൃത്യമായ ഒരു അനുമാനത്തില്‍ എത്തിച്ചേരാനാവില്ല. ദ്വീപു പ്രാദേശിക ഭാഷയും തമിഴും മലയാളവും കന്നടയും ഇടകലര്‍ന്ന സാഹിത്യ സാങ്കേതിക കൃതികളാണ് ദ്വീപുകളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ദ്വീപിലെ ഭാഷ രൂപപ്പെട്ടതും കുടിയേറ്റവുമൊക്കെ ഇനിയും പഠനങ്ങള്‍ ആവശ്യപ്പെടുന്ന മേഖലകളാണ്.



ഇസ്മത്ത് ഹുസൈൻ: ഒരു മുക്കുവനും കടല്‍ സഞ്ചാരിയും എന്ന നിലക്ക് കടലിനെ എങ്ങിനെ നോക്കിക്കാണുന്നു ?


ഉ: കടലില്‍ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. വരാന്‍ പോകുന്ന അപകടം മനസ്സിലായാലും കാലം നമ്മെ അനുഭവിപ്പിക്കാനുള്ളത് അനുഭവിപ്പിക്കുക തന്നെ ചെയ്യും. ഓടത്തില്‍ പുറപ്പെട്ട് വലിയ കാറ്റും ഗുണക്കേടും വന്ന് അതില്‍ അകപ്പെട്ടുപോയിട്ടുണ്ട്. ഓടി ഓടി കടലില്‍ അപകടം പിടിച്ച തുക്കത്തുറാവാ എത്തും എന്ന് കണ്ട് ഭയന്നിട്ടുണ്ട്. അവിടെ എത്തിയാല്‍ പിന്നെ രക്ഷപ്പെടാനാവില്ല, പ്രാര്‍ഥനകള്‍ കൊണ്ട് രക്ഷപ്പെട്ടു. വലിയ ശൈഖ് തങ്ങളെ പേര്‍ക്ക് നേര്‍ച്ച വെച്ച് പ്രാര്‍ത്ഥിച്ചു. ഉടനെ ഓടത്തിലെ മാല്‍മിയായ എന്റെ ബാപ്പ പറഞ്ഞു: ‘നേര്‍ച്ചക്കാര്‍ വന്നിട്ടുണ്ട് നമുക്ക് രക്ഷയുണ്ട്.’ഞങ്ങളാരും കാണാത്ത ഒരു കടല്‍ കാഴ്ച ബാപ്പ കണ്ടിട്ടുണ്ട്. ഉടനെ കാറ്റും കോളും അടങ്ങി. എതിര്‍ ദിശയില്‍ നിന്നും കാറ്റ് വീശാന്‍ തുടങ്ങി. വളരെ പെട്ടന്ന് നാട്ടില്‍ തിരികെയെത്തി.

ഒരിക്കല്‍ സ്രാവിനെ പിടിച്ച് കൊണ്ടിരിക്കുമ്പോള്‍ സ്രാവ് എന്നേയും കൊണ്ട് കടലിനടിയിലേക്ക് പോയി, ശ്വാസം എന്ന ഒരു സംഗതി എന്റെ ശരീരത്തിലുണ്ടെന്ന് പോലും മറന്ന് പോയ നിമിഷങ്ങളായിരുന്നു അത്. സ്രാവിന്റെ കഴുത്തില്‍ കുടുങ്ങിയ നൂല്‍ എന്തോ വന്ന് ഭാഗ്യത്തിന് പൊട്ടിപ്പോയി. ഞാന്‍ നീന്തി വന്ന് ആകാശത്തിന്റെ തെളിച്ചം കണ്ടപ്പോളാണ് ശ്വാസത്തെക്കുറിച്ച് ബോധം വരുന്നത്. വേഗം കടലില്‍ പൊങ്ങി ശ്വാസം വിട്ടു. നോക്കുമ്പോള്‍ ബോട്ടോ മീനോ ഒന്നും കാണുന്നില്ല. ബോട്ടുകാര്‍ വന്ന് എന്നെ കയറ്റുമ്പോഴേക്കും ബോധം നഷ്ടപ്പെടുകയായിരുന്നു.

കടല്‍ ഉരുക്കി ഒഴിച്ച ഇയ്യംപോലെയാണ്. എല്ലാ രഹസ്യങ്ങളും അതില്‍ വെളിപ്പെടുത്തി തരും. നമുക്ക് അത് വായിച്ചെടുക്കാനുള്ള ശേഷിയുണ്ടാവണമെന്നുമാത്രം. ആകാശത്ത് നിറയെ നക്ഷത്ര വിളക്കുകളാണ്. അവ നമുക്ക് വഴികാട്ടിയും രഹസ്യങ്ങള്‍ അറിയിച്ച് തരാനുള്ള സൂചനകളുമാണ്. ആകാശങ്ങളും സമുദ്രങ്ങളും പടച്ച് പരിപാലിക്കുന്ന ജഗന്നിയന്താവിന്റെ രഹസ്യങ്ങളില്‍ വളരെ പരിമിതമായതാണ് നാം മനുഷ്യര്‍ക്ക് അവന്‍ അറിയിച്ചു തന്നിരിക്കുന്നത്.

advertisement

ഇസ്മത്ത് ഹുസെെൻ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed