Thelicham

ഞാനൊരു ഫൂക്കോവിയനല്ല

UCLA യിൽ ചരിത്ര വിഭാഗത്തിൽ ഇബ്ൻ ഖൽദൂൻ ചെയർ പ്രൊഫസറാണ് നൈൽ ഗ്രീൻ. ദക്ഷിണേഷ്യൻ ഇസ്‌ലാമിക ചരിത്രത്തിൽ നിരവധി രചനകൾ അദ്ദേഹത്തിനുണ്ട്. Global history എന്ന നവീന രീതിശാസ്ത്രം രചനകളിലുടനീളം കാണാം. ആധുനിക തത്ത്വചിന്തയുടെ കൂടി വെളിച്ചത്തിൽ നരവംശശാസ്ത്ര പഠനങ്ങൾ നടത്തുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സവിശേഷത. തെളിച്ചത്തിന് അനുവദിച്ച അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ.

നിങ്ങൾ ഈയടുത്തായി ഹാർവാഡിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്ന് തുടങ്ങാം. സൈറെ ദർയ എന്നായിരുന്നുവല്ലോ ആ പ്രബന്ധത്തിന്റെ പേര്.

ഞാനീയടുത്തായി ഇന്ത്യൻ സമുദ്ര സാഹിത്യങ്ങളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. സൈറെ ദർയ എന്നത് അക്കാലത്തെ ഇന്ത്യൻ സമുദ്രസഞ്ചാര സാഹിത്യങ്ങൾക്ക് പൊതുവിലുള്ള പേരാണ്. എന്റെ പ്രബന്ധത്തിൽ ഞാൻ അന്വേഷിക്കാൻ ശ്രമിച്ചത് അത്തരത്തിൽ ഒരു ഉത്തരേന്ത്യൻ കച്ചവടക്കാരൻ നടത്തിയ യാത്രയെക്കുറിച്ചാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹം കച്ചവടക്കാരനിൽനിന്നും എഴുത്തുകാരനായി മാറിയ വ്യക്തിയാണെന്നതാണ്. മാത്രമല്ല, പ്രാദേശിക ഭാഷകളൊന്നും വശമില്ലെങ്കിൽ പോലും ശ്രീലങ്കയെക്കുറിച്ച് വളരെ ബൃഹത്തായ വിവരണം അദ്ദേഹം നൽകുന്നുണ്ട്. ഭാഷകൾക്കപ്പുറത്ത് ചരിത്രം സാധ്യമാവുന്ന ഒരു ഘട്ടമാണിത്.

ആഗോളവത്കരണത്തെക്കുറിച്ചുള്ള നമ്മുടെ ഇന്നത്തെ കാഴ്ച്ചപ്പാടുകളെയും ഇത് തിരുത്തിയെഴുതും. സ്ഥായിയായി നിലനിൽക്കുന്ന ഒരു വസ്തുവോ ആശയമോ വിവിധ ചരിത്രസന്ദർഭങ്ങളിലേക്ക് പകർത്തപ്പെടുന്നതാണ് ആഗോളവത്കരണം എന്നാണ് നാമിന്ന് പൊതുവിൽ മനസ്സിലാക്കുന്നത്. പക്ഷെ, ഇവിടെ ഈ സഞ്ചാരി തന്റെ യാത്രാനുഭവങ്ങൾക്ക് വിവിധ മാനങ്ങളും അർഥങ്ങളും നൽകുന്നു.

ലോകത്തുണ്ടായ എല്ലാ ആഗോളവത്കരണങ്ങളും ഇത്തരത്തിൽ തന്നെയാണ് വികസിച്ചത്. ആധുനികവത്കരണം disenchantment ലേക്ക് നയിക്കും എന്ന വെബറിയൻ കാഴ്ച്ചപ്പാട് പല ആധുനിക മുസ്ലിം സമൂഹങ്ങളിലും യാഥാർത്ഥ്യമായിട്ടില്ല എന്ന് കാണാനാകും. മാത്രമല്ല; പലപ്പോഴും സ്രോതസ്സിനു വിരുദ്ധമായ രൂപപ്പെടലുകൾ ഇതരസമൂഹങ്ങളിൽ നടക്കുന്നുമുണ്ട്.


താങ്കളുടെ കൃതികളുടെ സവിശേഷത തന്നെ അത് multiple temporalities അടിസ്ഥാനമായി സ്വീകരിക്കുന്നു എന്നതാണ്. ആഗോളവത്കരണത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഈ രീതി പിന്തുടർന്ന് താങ്കൾ multiple globalizations എന്ന് പറയുന്നു. എങ്ങനെയാണ് താങ്കൾ ഈ രീതി ശാസ്ത്രം രൂപപ്പെടുത്തിയെടുക്കുന്നത്?

യൂറോ കേന്ദ്രീകൃത ചരിത്രമെഴുത്ത് വളരെ നേരത്തെ തന്നെ വിമർശന വിധേയമായിട്ടുണ്ട്. ലോകത്തിന്റെ മുഴുവൻ അടിസ്ഥാനമായി യൂറോപ്പിന്റെ സമയവും ചരിത്രവും പ്രതിഷ്ഠിച്ചായിരുന്നു അവർ ചരിത്ര രചന നടത്തിയിരുന്നത്. ഈ പഠനങ്ങൾ നരവംശ ശാസ്ത്രത്തിലേക്ക് കൂടു മാറിയതോടെ (anthropological shift) തന്നെ ബഹുസ്വര കാഴ്ച്ചപ്പാടുകൾ യൂറോപ്പിതര സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ വന്നിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി അത്തരം രീതിശാസ്ത്രമാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ ഇബ്നു അറബിയുടെ ആധ്യാത്മിക തത്വചിന്തകൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

യാഥാർഥ്യങ്ങളുടെ യാഥാർഥ്യത്തെ (ഹഖീഖത്തുൽ ഹഖീഖ) മനസ്സിലാക്കാനുള്ള മനുഷ്യരുടെ വൈവിധ്യങ്ങളായ ശ്രമങ്ങളെ ഇബ്നു അറബി മുഖവിലക്കെടുക്കുന്നുണ്ട്. ഒരൊറ്റ യാഥാർഥ്യത്തിന്റെ വിവിധ മാനങ്ങളെ മനസ്സിലാക്കാനും വിശദീകരിക്കാനും മനുഷ്യർ ചരിത്രപരമായി നടത്തിയ ശ്രമങ്ങളെ പഠിക്കലാണ് എന്റെ താൽപര്യം. അവിടെ യഥാർഥത്തിൽ എന്തു സംഭവിച്ചു എന്നതിലേറെ പ്രസക്തമായത് ആ ചരിത്രാനുഭവത്തെ മനുഷ്യർ ഏതൊക്കെ വിധത്തിൽ അനുഭവിച്ചു എന്നതാണ്.


താങ്കളീ പറയുന്നത് Lyotard ഒക്കെ നിരീക്ഷിച്ച ഉത്തരാധുനിക വസ്തുനിഷ്ഠതാ-നിരാകരണ വാദമല്ലേ..?

ഒരിക്കലുമല്ല, ഒന്നാമതായി ഞാനൊരു ഫൂക്കോൾഡിയൻ അല്ല. ചരിത്രത്തെക്കുറിച്ചുള്ള ഫൂക്കോയുടെ കാഴ്ച്ചപ്പാടുകൾ അപ്പടി ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രണ്ടാമതായി വസ്തുനിഷ്ഠതയെ തന്നെ നിരാകരിക്കുന്ന ഉത്തരാധുനിക വീക്ഷണരീതി ബുദ്ധിശൂന്യതയാണെന്ന് ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാവും. അത് ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ. ഈ തരത്തിലുള്ള ബുദ്ധിശൂന്യ ഉത്തരാധുനികതയാണെങ്കിൽ പിന്നെ ചരിത്രം എന്നൊന്ന് തന്നെയില്ലല്ലോ. അതേസമയം ആധുനികതയുടെ പല പ്രശ്നങ്ങളും പൊരുത്തക്കേടുകളും പുറത്തു കൊണ്ടുവരാൻ ഉത്തരാധുനിക വിമർശനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഞാൻ ഈയടുത്തായി പഠനം നടത്തിക്കൊണ്ടിരിക്കുന്നത് ചില വിവർത്തനങ്ങളെക്കുറിച്ചാണ്.

ഉറുദുവിലും തെലുങ്കിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വിവർത്തനങ്ങൾ പലപ്പോഴും അടിസ്ഥാന സാഹിത്യത്തിലെ പല ആശയങ്ങളെയും വിവർത്തനം ചെയ്യുന്നതിൽ പല രീതികൾ സ്വീകരിക്കുന്നതായി കാണാം. ഓരോ ഭാഷയും അതാത് ചിന്താമാതൃകകളുടെ പ്രതിഫലനമാണല്ലോ. വിവിധ സംസ്‌കാരങ്ങളോടുള്ള ഇടപെടലുകളിൽനിന്നാണ് ഓരോ സമൂഹവും സ്ഥലകാലങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ബോധ്യങ്ങളെ പരിഷ്‌കരിക്കുന്നത്.

യൂറോപ്യൻ കോളനിവത്കരണത്തിന് ശേഷം മുസ്ലിംകൾ ധാരാളമായി യൂറോപ്യൻ temporalities നെ അടിസ്ഥാനമാക്കുന്നത് കാണാം. എന്നെ വളരെ ആകർഷിച്ച മറ്റൊന്ന് ബുദ്ധിസത്തെക്കുറിച്ചുള്ള ക്ലാസിക്കൽ മുസ്ലിം രചനകളാണ്. യേശുവിനു മുമ്പ് (ഖബ് ലൽ മസീഹ്) എന്ന temporality യെ അതിന്റെ കർത്താക്കൾ സ്വീകരിക്കുന്നതായി കാണാം.
ഇത്തരത്തിൽ ചരിത്രപരമായി മനുഷ്യൻ നേടിയെടുത്ത അറിവുകളെ അവൻ എങ്ങനെ അറിഞ്ഞു എന്നതാണ് ഞാൻ അന്വേഷിക്കാൻ ശ്രമിക്കുന്നത്.


ബോംബേ ഇസ്ലാമിൽ താങ്കൾ സമൂഹത്തിന്റെ സകല ഇടപാടുകളെയും നിയന്ത്രിക്കുന്ന സ്വൂഫീ പാരമ്പര്യത്തെയാണ് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ഏതർഥത്തിലാണ് താങ്കൾ പൂർവാധുനിക മുസ്ലിം സമൂഹത്തിലെ നിത്യ ഇടപാടുകളെ നിർവചിക്കാൻ ശ്രമിക്കുന്നത്?

മത സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകമായ മാറ്റങ്ങൾ വരുത്തിയ ഒരു രീതിശാസ്ത്രമായിരുന്നു Religious Economy എന്ന മാതൃക. ഈ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബോംബേ ഇസ്ലാം ഞാൻ എഴുതിയത്. ഇസ്ലാമിക സമൂഹങ്ങൾ ഒരു മാർക്കറ്റ് പോലെയാണ് രൂപപ്പെടുത്തപ്പെടുന്നത്. സമൂഹത്തിൽ ഉയർന്നു വരുന്ന വിവിധ ആവശ്യങ്ങൾ (demands) പലതരത്തിൽ നിലനിൽക്കുന്ന മത സാഹചര്യത്തെ സ്വാധീനിക്കുന്നു. ഇത് മതത്തിനുള്ളിൽതന്നെ പുതിയ ആശയധാരകൾ ഉത്പാദിപ്പിക്കുന്നതിലേക്ക് (supply) നയിക്കുന്നു. അങ്ങനെ supply-demand അടിസ്ഥാനത്തിലാണ് മത സമൂഹങ്ങൾ നിലനിൽക്കുന്നത്. ബോംബേ പോലെ ഒരു വലിയ നഗരത്തിൽ demands വളരെ അധികമായിരിക്കും, അപ്പോൾ അവകൾക്കനുസരിച്ച് supply ക്രമീകരിക്കാൻ വിവിധ മതസ്ഥാപനങ്ങളിലെ (franchise) സംരംഭകർ (entrepreneurs) തയ്യാറാവും. അപ്പോൾ ഇസ്ലാം എന്നതുതന്നെ ഒരു religious market place/religious economy ആണെന്ന് നമുക്ക് പറയാം.


താങ്കളീ പറയുന്നതിന് വിപരീതമായാണല്ലോ തലാൽ അസാദ് ഇസ്ലാമിനെ നിർവചിക്കുന്നത്. അസദിന്റെ Discursive Tradition നെ എങ്ങനെ നോക്കിക്കാണുന്നു?

Discursive tradition എന്നത് ഇസ്ലാമിനെ നിർവചിക്കാനുള്ള ഒരു നല്ല സംജ്ഞയാണെന്ന് ഞാൻ കരുതുന്നില്ല. ഒന്നാമതായി അസദിന്റെ ചിന്തകൾ വളരെ ഫൂക്കോൾഡിയനാണ്. ഞാൻ ഒരിക്കലും അങ്ങനെയല്ല. സമൂഹങ്ങൾ അവയുടെ ഗമനത്തിൽ discourse കളുടെ തടവറയിലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അല്ലെങ്കിലും മതകീയ സമൂഹങ്ങളിൽ discourse കളെക്കാൾ പ്രധാനം വ്യക്തികളുടെ അനുഭവങ്ങളാണല്ലോ (experiences). ഇന്നത്തെ പോലെ വേണ്ടത്ര അക്ഷരജ്ഞാനം പോലുമില്ലാത്ത നിരവധി ഇസ്ലാമിക സമൂഹങ്ങളെ ചരിത്രത്തിൽ കാണാനാവും. അവർക്കൊന്നും discourse ഇല്ലല്ലോ. മറിച്ച്, experience കളാണ് അവരുടെ മത ജീവിതത്തിന്റെ ആകെത്തുക. ചരിത്രത്തിലെ മുഴുവൻ മുസ്ലിം സമൂഹങ്ങളിലും discourse കളെക്കാൾ പ്രധാനപ്പെട്ടത് practice കളായിരുന്നു. Discursive മാതൃകയിലുള്ള ഒരു പഠനത്തിന് ഒരിക്കലും local islam നെ കുറിച്ച് പഠിക്കാനാവും എന്ന് ഞാൻ കരുതുന്നില്ല.


ബോംബേ ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ Max Webber ന്റെ കാഴ്ച്ചപ്പാടുകൾ പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് താങ്കൾ പറയാറുണ്ടല്ലോ…

അത് ഞാൻ നേരത്തെ പറഞ്ഞ multiple globalization മായി ബന്ധപ്പെട്ടതാണ്. ആധുനികവത്കരണം disenchantment ലേക്ക് എത്തിക്കും എന്നാണ് വെബർ നടത്തിയ പ്രശസ്തമായ നിരീക്ഷണം. പക്ഷെ ബോംബേയുടെ കാര്യമെടുത്തു നോക്കുമ്പോൾ ഇതിന്റെ വിപരീതമാണ് കാണാനാവുക. ആധുനിക സംവിധാനങ്ങളുപയോഗിച്ച് കൂടുതൽ ആത്മീയ/ ആധ്യാത്മിക വഴികൾ വെട്ടിത്തുറക്കുന്നതായിരുന്നു ബോംബേയുടെ അനുഭവം.


ഉദാഹരണത്തിന്; യൂറോപ്പിൽ disenchantment ലേക്ക് നയിച്ച വലിയൊരു ഘടകം printing press കളായിരുന്നു. എന്നാൽ ബോംബേ പോലൊരു നഗരത്തിൽ പ്രിന്റിംഗ് പ്രസുകളുടെ ആഗമനത്തിനു ശേഷം മുമ്പുള്ളതിനെക്കാൾ പതിന്മടങ് സൂഫി ഗ്രന്ഥങ്ങളും ലഘുലേഖകളും പാട്ടുകളുമെല്ലാം അച്ചടിക്കപ്പെട്ടു. പലവിധത്തിലും ഇസ്ലാമിക സമൂഹങ്ങൾ കൂടുതൽ വിശാലമാവുകയും ശക്തിപ്പെടുകയുമാണുണ്ടായത്. അപ്പോൾ അവിടെ യഥാർഥത്തിൽ സംഭവിച്ചത് Enchantment ആണ്, Disenchantment അല്ല.


ഇസ്ലാം ആൻഡ് കൊളോണിയൽ ആർമി യിൽ
അധികാര തർക്കങ്ങളെ വിഭാവനം ചെയ്യുന്ന മാർക്‌സിയൻ നിരീക്ഷണത്തിനെതിരായി താങ്കൾ ചരിത്ര രചന നടത്തിയെന്നെനിക്ക് തോന്നുന്നു. ചുരുക്കത്തിൽ വെബറിയൻ, മാർക്‌സിയൻ ചരിത്രരചനാ ശാസ്ത്രത്തെ താങ്കൾ നിഷ്‌കാസനം ചെയ്തിരിക്കുന്നു…

നിങ്ങൾ അങ്ങനെ പറയുന്നതിൽ വളരെ നന്ദിയുണ്ട്. ഈ പുസ്തകത്തിന്റെ രചനാ പശ്ചാത്തലത്തെക്കുറിച്ച് ഞാനൊന്ന് പറയാം. ഔറംഗാബാദിലെ സൂഫി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലം. ബന്നെമിയ എന്ന പേരിലറിയപ്പെടുന്ന ഒരു സൂഫിയുടെ ദർഗ ഞാൻ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. ആയിടക്കൊരുദിവസം ദർഗയുടെ മേൽനോട്ടക്കാരനായ സജ്ജാദ് നഷീൻ എനിക്ക് ബന്നമിയയുടെ സൈനികവേഷങ്ങളും ഉപകരണങ്ങളും കാണിച്ചുതന്നു. ഞാൻ ഞെട്ടിപ്പോയി; ശരിക്കും മജ്ദൂബും സൂഫിയുമായ ഈ ബന്നമിയ ഒരു സൈനികനായിരുന്നുവെന്നോ!? പിന്നീട് മറ്റു സജ്ജാദ് നഷീൻ കുടുംബങ്ങളെ ബന്ധപ്പെട്ടപ്പോൾ എനിക്ക് ബന്നമിയയുടെ ഉറുദുവിൽ എഴുതപ്പെട്ട ജീവചരിത്രഗ്രന്ഥം കിട്ടി. ‘അഅ്‌ളമുൽ കറാമാത്ത്’ എന്നായിരുന്നു അതിന്റെ പേര്. ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയപ്പോൾ സൈന്യത്തിലുണ്ടായിരുന്ന ബന്നമിയയുടെ നിരവധി അനുചരരെക്കുറിച്ചുള്ള വിവരങ്ങൾ എനിക്കു കിട്ടി. അങ്ങനെയാണ് ഈ പുസ്തകം പിറവിയെടുത്തത്.


ഈ പുസ്തകം എന്റെ സബാൾട്ടേൺ ചരിത്രരചനയാണെന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു ചരിത്രാഖ്യാനത്തിലും പരാമർശിക്കപ്പെടാതെപോകുമായിരുന്ന ഇന്ത്യയിലെ കീഴാള സിപായിമാരെക്കുറിച്ചാണ് ഞാൻ അതിൽ പറയുന്നത്. അതേസമയം ഇതൊരു സബാൾട്ടേൺ സ്റ്റഡീസ് പുസ്തകമാണെന്ന് പറയാൻ വയ്യ. ഞാൻ അതിൽ മാർക്‌സിനെയും മാവോയെയുമൊന്നും പരാമർശിക്കുന്നില്ല.


മാർക്‌സിയൻ രീതി ശാസ്ത്രത്തിന്റെ പരിമിതികൾ എന്തൊക്കെയാണെന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?

മനുഷ്യജീവിതത്തിന്റെ അർഥവും മൂല്യവും വിശദീകരിക്കാൻ സാധിക്കില്ല എന്നതാണ് അതിന്റെ വലിയ പരിമിതി. ഫൂക്കോയ്ക്കും ഈ പരിമിതിയുണ്ട്. അദ്ദേഹത്തിന്റെ വേരുകളും ഗ്രാംഷിയിലൂടെ മാർക്‌സിൽ തന്നെയാണ് എത്തി നിൽക്കുന്നത് എന്നുമാത്രമല്ല, വളരെ യൂറോ കേന്ദ്രീകൃതമായ ചരിത്രവീക്ഷണമാണ് മാർക്സിസ്റ്റ് രീതിശാസ്ത്രത്തിലുള്ളത്. ഇതുകൊണ്ടൊക്കെയാണ് ഞാനൊരു മാർക്‌സിസ്‌റ്റോ ഫൂക്കോൾഡിയനോ അല്ലാത്തത്.


താങ്കളുടെ രീതി ശാസ്ത്രത്തെക്കുറിച്ച് പൊതുവെ ഉയർന്നേക്കാവുന്ന ഒരു ചോദ്യമെന്നത് താങ്കൾ ആധാരമാക്കുന്ന ചരിത്ര സ്രോതസ്സുകളെക്കുറിച്ചാണ്. താങ്കളുടെ സ്രോതസ്സുകൾ വിശ്വാസയോഗ്യമല്ലെന്ന് പറയുന്നവരോട് താങ്കൾ എങ്ങനെ പ്രതികരിക്കും?

നിങ്ങളന്വേഷിക്കാൻ ശ്രമിക്കുന്ന കാര്യത്തിനനുസരിച്ച് നിങ്ങളുടെ സ്രോതസ്സുകളിൽ മാറ്റങ്ങൾ വരുമെന്നതാണ് യാഥാർഥ്യം. മനുഷ്യർ അവരുടെ ജീവിതത്തിനും അനുഭവങ്ങൾക്കും കണ്ടെത്തിയ അർഥങ്ങളെ അന്വേഷിക്കുന്ന എനിക്ക് ഇവിടത്തെ പല റിവിഷനിസ്റ്റ് ചരിത്രകാരന്മാരുടെയും സ്രോതസ്സുകൾ തീരെ ഉപകാരപ്പെടില്ല. നരവംശശാസ്ത്രത്തിന്റെ സ്വാധീനം ചരിത്രപഠനങ്ങളിൽ വന്ന ശേഷം (anthropological turn) മനുഷ്യർ നിർമിക്കുന്ന അർഥങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന കൾച്ചറൽ ഹിസ്റ്ററീസ്, ലോക്കൽ ഹിസ്റ്ററീസ്, എത്‌നോ ഹിസറ്ററീസ് തുടങ്ങിയ മേഖലകളിലൊക്കെ പ്രവർത്തിക്കുന്നവർ ഞാൻ ആധാരമാക്കുന്ന സ്രോതസ്സുകളെത്തന്നെയാണ് പൊതുവിൽ ആശ്രയിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത് (fact) എന്നതിന്റെ ചരിത്രമന്വേഷിക്കുന്നതിൽ എനിക്കൊരിക്കലും താത്പര്യമുണ്ടായിട്ടില്ല. മറിച്ച്, മനുഷ്യർ തങ്ങളുടെ അനുഭവങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നതാണ് ഞാൻ എപ്പോഴും അന്വേഷിക്കാൻ ശ്രമിക്കുന്നത്.


അവസാനമായി താങ്കളുടെ രചനകളിലെ ഭ്രാന്തൻ സൂഫികളെപ്പറ്റി ചോദിക്കാം. ഇസ്‌ലാമിക നാഗരികതയിലെ ഏറ്റവും വലിയ ഘടകമായി താങ്കൾ ഈ മജ്ദൂബുകളെ അവതരിപ്പിക്കുന്നുണ്ട്. ഏതർഥത്തിലാണ് മജ്ദൂബുകൾ ഇസ്‌ലാമിക നാഗരികതയുടെ അവിഭാജ്യഘടകമായി മാറിയത്? മിഷേൽ ഫൂക്കോയുടെ civilization and madness ഈ പഠനങ്ങളിൽ താങ്കൾക്ക് വെളിച്ചം തന്നിരുന്നോ?

ഫൂക്കോയുടെ സിവിലൈസേഷൻ ആന്റ് മാഡ്‌നസ് ഞാൻ വായിച്ചിട്ടില്ല. എങ്കിലും പുതിയ യുവചരിത്രകാരന്മാർക്ക് അവയിലൊക്കെ വലിയ അവസരങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. മജ്ദൂബുകളെ സംബന്ധിച്ചുള്ള പഠനം രണ്ട് കാരണങ്ങൾ കൊണ്ടാണ് എനിക്ക് ആകർഷകമാവുന്നത്. ഒന്ന്: ഇസ് ലാമിക വിശ്വാസശാസ്ത്രമനുസരിച്ച് മജ്ദൂബുകൾ അറിവിന്റെ ഒരു പ്രത്യേകനിലയിലെത്തിയവരാണ്.

ദൈവത്തെക്കുറിച്ചുള്ള അറിവിലേക്കും അനുഭവത്തിലേക്കും വളരെക്കൂടുതൽ ആകർഷിക്കപ്പെട്ടവരാണവർ. അതുകൊണ്ടാണ് അവരുടെ അനുചരർ പോരിശ ചരിത്രങ്ങളും (hagiography) ദർഗകളുമൊക്കെയായി അവരിൽ നിന്ന് ആത്മീയാനുഭവം തേടുന്നത്. അതേസമയം അറിവിന്റെ മറ്റൊരറ്റത്തുള്ള ‘ആലിമു’കളിൽ നിന്ന് വളരെ വ്യത്യസ്തരാണ് ഇവർ. മദ്‌റസകളിൽനിന്ന് ഖുർആൻ, ഹദീസ്, വ്യാകരണം തുടങ്ങി വളരെ ചിട്ടയോട് കൂടിയ സ്വത്വനിർമിതിയാണ് ആലിമുകളുടേത്. വളരെ ചിട്ടയൊത്ത അറബിവ്യകരണത്തിന്റെ പഠനം തന്നെ ആലിമുകളുടെ ചിന്താ മാതൃകകളെ മാറ്റിമറിക്കുന്നുണ്ട്. മജ്ദൂബുകൾ, അതേസമയം, അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വത്വനിർമിതി നടത്തുന്നത്.


ഒരു ചരിത്രകാരൻ എന്ന നിലക്ക് എന്നെ ഏറ്റവും ആകർഷിക്കുന്ന മറ്റൊരു കാര്യം, ചരിത്രത്തിൽ മജ്ദൂബുകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റമാണ്. ഇസ് ലാമിക നവോത്ഥാനം എന്ന പേരിൽ 18, 19 നൂറ്റാണ്ടുകളിൽ കൊളോണിയൽ ഇന്ത്യയിലുണ്ടായ മാറ്റങ്ങൾ മജ്ദൂബുകളെ മാത്രമല്ല, മൊത്തത്തിൽ എല്ലാ സൂഫി ചിന്താരീതികളെയും അവമതിക്കുകയും സമൂഹത്തിലെ അവർക്കുള്ള സ്വാധീനം ഇല്ലാതാക്കുകയും ചെയ്യുന്നതായിരുന്നു. എങ്കിലും, ഇന്നും സമൂഹത്തിൽ പല നിലക്ക് മജ്ദൂബുകളുടെ സ്വാധീനം കാണാനാവും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ബീമാപള്ളിയിൽ വന്നപ്പോൾ അവിടെ ഒരു മജ്ദൂബിനെ കാണാൻ കഴിഞ്ഞിരുന്നു. പക്ഷേ, ഒരു നൂറ് വർഷം മുമ്പാണ് ഞാനവിടെ വന്നതെങ്കിൽ അതിലേറെ മജ്ദൂബുകളെ കാണാൻ കഴിയുമായിരുന്നു എന്ന് ഞാൻ കരുതുന്നു.


ലോകത്തിന്റെ പലഭാഗങ്ങളിലായി ഇന്നും സൂഫികളുണ്ടെങ്കിലും, നൂറോ ഇരുനൂറോ വർഷങ്ങൾക്കുമുമ്പ് അവർക്കുണ്ടായിരുന്ന സ്വാധീനം ഇന്നില്ല. ഒരു ചരിത്രകാരൻ എന്ന നിലക്ക് ഇത് എന്നെ വല്ലാത്ത ആശങ്കപ്പെടുത്തുന്നുണ്ട്. മജ്ദൂബുകളോടുള്ള അവമതിപ്പ് ഈ ആശങ്കയുടെ ഒരു ഭാഗം മാത്രമാണ്. നിലവിലെ ആഗോളവത്കരത്തിൽ പെട്ട് വഹാബിസത്തിന്റെ കടന്നുകയറ്റത്തിൽ നിഷ്പ്രഭമായിപ്പോയ സൂഫിസം തീർച്ചയായും തിരിച്ചുവരുമെന്ന വിശ്വാസം എനിക്കുണ്ട്.

നെെൽ ഗ്രിൻ and നൂറുദ്ദീന്‍ നടുവണ്ണൂര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.