ഇന്ത്യയിലെ ചുരുക്കം സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്റ്റഡീസ് (STS) ഗവേഷകരില്‍ ഒരാളാണ് IISER ഭോപ്പാലിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. റെന്നി തോമസ്. അടുത്തിടെ ഇന്ത്യയെക്കുറിച്ചു പുറത്തുവന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പഠനങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ ‘Science and Religion in India: Beyond Disenchantment’ എന്ന ഗ്രന്ഥം. ഇന്ത്യന്‍ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മതവും ശാസ്ത്രവും സഹവസിക്കുന്നതെങ്ങനെയെന്ന് ബാംഗ്ലൂരിലെ ലബോറട്ടറികളിലൊന്നില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട എത്‌നോഗ്രഫിയിലൂടെ വിശദീകരിക്കുകയാണ് അദ്ദേഹം. ശാസ്ത്രജ്ഞരുടെ നിത്യജീവിത വ്യവഹാരങ്ങള്‍ കണ്ടും മനസ്സിലാക്കിയും അവരുമായി സംവദിച്ചും സഹവസിച്ചും മതം/ശാസ്ത്രം എന്ന ദ്വന്ദാത്മകതക്കപ്പുറം അവ തമ്മിലുള്ള വിനിമയങ്ങളെ അദ്ദേഹം രേഖപ്പെടുത്തുന്നു. പ്രസ്തുത പുസ്തകത്തെ മുന്‍നിര്‍ത്തി റെന്നിയുമായി നടത്തിയ സംഭാഷണമാണ് തുടര്‍ന്ന്:
Science and Religion in India: Beyond Disenchantment എന്ന നിങ്ങളുടെ പുസ്തകത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങാം. കഴിഞ്ഞ വര്‍ഷം Routledge പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മതം, ശാസ്ത്രം എന്നീ അതീവ പ്രാധാന്യമുള്ള രണ്ടു സംവര്‍ഗങ്ങളാണല്ലോ അതില്‍ ചര്‍ച്ചാവിധേയമാവുന്നത്. എങ്ങനെയാണ് അവയെ നിങ്ങള്‍ സമീപിക്കുന്നത്? ഇതര പഠനങ്ങളില്‍നിന്ന് അതെങ്ങനെ വ്യത്യസ്തമാവുന്നു? നിങ്ങളുടെ പുസ്തകം മുന്നോട്ടുവക്കുന്ന പ്രധാന വാദഗതികള്‍ എന്തൊക്കെയാണ്? ചുരുക്കിവിവരിക്കാമോ?
അടിസ്ഥാനപരമായി എത്നോഗ്രഫിക് സ്വഭാവമുള്ള ഒരു പഠനമാണ് എന്റെ പുസ്തകം മുന്നോട്ടുവക്കുന്നത്. മതം, ശാസ്ത്രം എന്നിവയെ ഇപ്പോഴും, ചരിത്രപരമായിത്തന്നെയും ആളുകള്‍ മനസ്സിലാക്കുന്നത് പരസ്പരം കലഹിക്കുന്ന, താരതമ്യവിധേയമാക്കേണ്ട രണ്ടു സംവര്‍ഗ(category)ങ്ങളായിട്ടാണ്. ശാസ്ത്രത്തിന്റെ ചരിത്രം പറയുന്നിടത്തും മതത്തിന്റെ നരവംശശാസ്ത്രം, അഥവാ ആന്ത്രപ്പോളജി ഓഫ് റിലീജിയനിലും തദ്സംബന്ധിയായി അനവധി ചര്‍ച്ചകള്‍ കാണാം. എന്നാല്‍, എന്റെ പഠനം ദൈനംദിന ജീവിതത്തിലെ മതത്തെയും ശാസ്ത്രത്തെയും എത്നോഗ്രഫിക്കലി നോക്കിക്കാണുന്നതിനാണ് ശ്രമിക്കുന്നത്.
അതിനായി, ശാസ്ത്രം എവരിഡേ ലൈഫില്‍ പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇടങ്ങളായ സയന്റിഫിക് ലബോറട്ടറികളില്‍ നടക്കുന്ന മതവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ മനസ്സിലാക്കുവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടങ്ങളില്‍ തന്നെ, യഥാര്‍ഥത്തില്‍, മതവുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി പ്രാക്ടീസുകള്‍ നിലനില്‍ക്കുന്നതായി കാണാം. ജാതീയമായ വിവേചനങ്ങള്‍ ഉദാഹരണം. ശാസ്ത്രവുമായി അവ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു, വിശിഷ്യാ, സയന്‍സിനെ എല്ലാ വിധത്തിലുമുള്ള മതകീയ ഐഡന്റിറ്റികളെ മായ്ച്ചുകളയുന്ന ആധുനികവും പുരോഗനമാത്മകവുമായ ഒരു സംവര്‍ഗമായി പൊതുവെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍.
എന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നതും ഇന്ത്യയില്‍ നാം കാണുന്നതും മതത്തിന്റെയും ശാസ്ത്രത്തിന്റെയും സഹവര്‍ത്തിത്വത്തിനപ്പുറം, പല തരത്തിലുള്ള അപ്രോപ്രിയേഷനുകള്‍ അരങ്ങേറുന്നതായാണ്. ഇന്ത്യയില്‍ ഒരു സാംസ്‌കാരിക ദേശീയത(cultural nationalism) രൂപപ്പെടുത്തുന്നതിനായി ലബോറട്ടറികളടക്കമുള്ള സെക്കുലര്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്ന് ഞാന്‍ അന്വേഷിക്കുന്നു. അങ്ങനെ വരുമ്പോള്‍, അടിസ്ഥാനപരമായി ആന്ത്രപ്പോളജി ഓഫ് സയന്‍സ് ആന്‍ഡ് റിലീജിയന്‍ എന്ന ഗണത്തില്‍ വരുന്നതാണ് എന്റെ ഗ്രന്ഥം എന്നു പറയാം. ആ രീതിയില്‍ തന്നെയാണ് അതിനെ ഞാന്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളതും.
ഇതിനോടു കൂട്ടിച്ചേര്‍ത്തുകൊണ്ട് തന്നെ ചോദിക്കട്ടെ. തലാല്‍ അസദ് അടക്കമുള്ളവരുടെ പഠനങ്ങള്‍ അടുത്ത കാലത്തായി പോസ്റ്റ്-സെക്കുലര്‍ എന്നൊരു പഠനശാഖ തന്നെ രൂപപ്പെടുത്തിയിട്ടുണ്ടല്ലോ. സെക്കുലര്‍ എങ്ങനെയാണ് റിലീജിയനെ നിര്‍ണയിക്കുന്നതെന്നും അതിനെ ഒരു പ്രത്യേക സംവര്‍ഗമായി നിലനിര്‍ത്തുന്നതെന്നും അത്തരം പഠനങ്ങള്‍ അന്വേഷിക്കുന്നു. യൂറോപ്യന്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, എന്‍ലൈറ്റ്മെന്റ്, സയന്റിഫിക് റെവലൂഷന്‍ എന്നു തുടങ്ങി മതത്തിനും ശാസ്ത്രത്തിനുമിടയിലെ വിഭജനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഒരുപാട് കാണാം. അതില്‍നിന്നു മാറിയുള്ളൊരു വായനക്ക്, ശാസ്ത്രവും മതവും തമ്മില്‍ പരസ്പരമുള്ള അനേകം കൊടുക്കല്‍വാങ്ങലുകള്‍ നിലനില്‍ക്കുന്നുവെന്നൊരു പോസ്റ്റ്-സെക്കുലര്‍ വാദത്തിന്, നിങ്ങളുടെ പഠനം നല്‍കുന്ന സംഭാവനകള്‍ എന്തൊക്കെയാണ്?
എന്റെ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നൊരു ചോദ്യമാണിത്. യഥാര്‍ഥത്തില്‍, ഇന്ത്യയിലോ സൗത്തേഷ്യയിലോ വളരെ വ്യതിരിക്തമായൊരു സാഹചര്യം നിലനില്‍ക്കുന്നു എന്നു പറയുന്നതിനു പകരം, എന്‍ലൈറ്റ്മെന്റു കാലത്തെ പ്രസ്തുത ക്യാറ്റഗറികളിലേക്കു തിരികെ പോവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. തദ്സംബന്ധിയായി, നിരവധി ശ്രദ്ധേയമായ പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ജെയ്സണ്‍ ജോസഫ്സണ്‍ സ്റ്റോമിന്റെ The Myth of Disenchantment: Magic, Modernity, and the Birth of the Human Sciences എന്ന ഗ്രന്ഥം ഉദാഹരണം. പ്രസ്തുത പുസ്തകത്തില്‍, ശാസ്ത്രത്തിന്റെയും disenchantment-ന്റെയും വാഹകരായിരുന്ന മാക്സ് വെബറെയും മേരി ക്യൂറിയെയും പോലെയുള്ള വ്യക്തികള്‍ പോലും അനിവാര്യമായും disenchanted ആയിരുന്നില്ല എന്നൊരു വാദം അദ്ദേഹം മുന്നോട്ടുവക്കുന്നുണ്ട്.
പലവിധത്തിലുള്ള ആത്മീയ മാര്‍ഗങ്ങള്‍ അവര്‍ അവലംബിച്ചിരുന്നു. അഥവാ, മതവും ശാസ്ത്രവും തമ്മിലുള്ളൊരു സമ്പൂര്‍ണ വിച്ഛേദം എന്ന സങ്കല്‍പം യൂറോപ്പില്‍ പോലും ഒരു മിത്ത് മാത്രമാണെന്ന്. ഇന്ത്യയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. പോസ്റ്റ്-സെക്കുലര്‍ ഡിബേറ്റുകള്‍ ഇത്തരം സാഹചര്യങ്ങളെ വിശകലനവിധേയമാക്കുന്നതിന് ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ ശാസ്ത്രത്തിനും മതത്തിനുമിടയിലെ ദൈനംദിന ബന്ധങ്ങള്‍ മനസ്സിലാക്കുവാന്‍ റിഡക്ഷനിസ്റ്റ് ധാരണകള്‍ക്കപ്പുറം പോവുക അനിവാര്യമാണെന്നതില്‍ സംശയമില്ല. Holy Science: The Biopolitics of Hindu Nationalism എന്ന ബാനു സുബ്രമണ്യത്തിന്റെ പുസ്തകം അതിനുദാഹരണമാണെന്നു പറയാം.
എന്നാല്‍, നിങ്ങള്‍ സൂചിപ്പിച്ചതു പോലെയുള്ള കൊടുക്കല്‍വാങ്ങലുകള്‍ ചരിത്രപരമായി നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കുന്നതോടൊപ്പം, അവയെ റൊമാന്റിസൈസ് ചെയ്യാതിരിക്കാന്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാംസ്‌കാരിക ദേശീയതക്കുവേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നതടക്കമുള്ള അപകടങ്ങള്‍ അവിടെയാണ് കടന്നുവരുന്നത്. ഒരു ആന്ത്രപ്പോളജിസ്റ്റ് എന്ന നിലയില്‍ ഈ രണ്ടു വശങ്ങളെയും നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്.
‘പോസ്റ്റ്-സെക്കുലര്‍’ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക്, ശാസ്ത്രത്തിന്റെ അപോപ്രിയേഷനായി മാറാനുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ടാണത്. അതുകൊണ്ടുതന്നെയാണ്, ഇത്തരത്തിലൊരു പഠനം ഒരു ആന്ത്രപ്പോളജിസ്റ്റിനു മാത്രമേ സാധിക്കൂ എന്നു ഞാന്‍ അവകാശപ്പെടുന്നതും. മതത്തിന്റെ ദൈനംദിന യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നതിനായി, നോണ്‍-റിലീജിയസ് ആയൊരു ഇടം തിരഞ്ഞെടുക്കുന്നതിലൂടെ, ഒരു തരത്തിലുള്ള പോസ്റ്റ്-സെക്കുലര്‍ സമീപനമാണ് ഞാന്‍ സ്വീകരിക്കുന്നതെന്ന് പറയുകയുമാവാം. അതാണെങ്കില്‍, സാധ്യമാണു താനും.
നിങ്ങളുടെ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍, ഇന്ത്യയില്‍ ശാസ്ത്രീയ പഠനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിലുള്ള നെഹ്റുവിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം. നിലവില്‍ അധികാരം കയ്യാളുന്ന വലതുപക്ഷ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കളും ശാസ്ത്രത്തെ അപ്രോപ്രിയേറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
നെഹ്റുവിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണകളെ ഇന്നത്തേതില്‍നിന്നും വ്യത്യസ്തമായ, അന്നത്തെ കാലഘട്ടവുമായി ചേര്‍ത്തുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രത്തെ പുരോഗമനവുമായി ഇഴചേര്‍ത്താണ് നെഹ്റു മനസ്സിലാക്കിയിരുന്നത്. ആ കാലഘട്ടത്തില്‍ അതത്യാവശ്യമായിരുന്നുതാനും. എന്നല്ല, തീര്‍ത്തും പാശ്ചാത്യമായൊരു ശിക്ഷണം സിദ്ധിച്ചതുകൊണ്ടുതന്നെ, ഒരു യൂണിവേഴ്‌സല്‍ ക്യാറ്റഗറി എന്ന നിലയില്‍ ശാസ്ത്രത്തെ അണ്‍ക്രിറ്റിക്കലായാണ് നെഹ്റു മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, ആയുര്‍വേദം, യൂനാനി പോലുള്ള ചികിത്സാസമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതന്നെ അദ്ദേഹം വിമുഖനായിരുന്നു.
നിയമനിര്‍മാണ സഭയിലെ ഒരു ചോദ്യത്തിനുത്തരമായി, സയന്റിഫിക് മെത്തേഡ് ഉപയോഗിക്കുകയാണെങ്കിലേ പ്രസ്തുത ചികിത്സാസമ്പ്രദായങ്ങളെ രാഷ്ട്രത്തിനു പിന്തുണക്കാനാവൂ എന്നൊരു നിലപാട് നെഹ്റു കൈക്കൊള്ളുന്നുണ്ട്. ആ കാലഘട്ടത്തിന്റെ സവിശേഷതകളില്‍ നിന്നുകൊണ്ടാണ് അതിനെ മനസ്സിലാക്കേണ്ടതെങ്കില്‍ കൂടിയും, മീരാ നന്ദയെപ്പോലുള്ളവര്‍ അവകാശപ്പെടുന്ന പ്രകാരം, ഇക്കാലത്തും അത്തരം നെഹ്റുവിയന്‍ വീക്ഷണങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ട്.
ശാസ്ത്രത്തെ വിമര്‍ശനാതീതമായ ഒരു യൂണിവേഴ്സല്‍ ക്യാറ്റഗറിയായി സ്വീകരിക്കണമെന്നല്ല. മറിച്ച്, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ശാസ്ത്രം ഒരു ഉപകരണമായി മാറുന്നത് തിരിച്ചറിയണെന്നാണ് താല്‍പര്യം. ഉദാഹരണത്തിന്, 2014 മുതല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസ്‌കൃതം ഒരു പ്രത്യേക വിഭാഗമായി ഇടംപിടിക്കുകയുണ്ടായി. നെഹ്റുവിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സയന്‍സ് കോണ്‍ഗ്രസ്.
ജര്‍മന്‍ ചിന്തകനായ കൊക്കു വോണ്‍ സ്റ്റക്രാഡ് ‘സയന്റിഫിക്കേഷന്‍ ഓഫ് റിലീജിയന്‍’ എന്നൊരു പ്രക്രിയയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മതം ശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമാണെന്നു പറഞ്ഞിരുന്നതിനു പകരം, തങ്ങളുടെ മതം കൂടുതല്‍ ശാസ്ത്രീയമാണെന്നു പറയുന്നതിലൂടെ, ഒരുതരം സുപ്പീരിയര്‍ ഐഡന്റിറ്റി ഉത്പാദിപ്പിക്കുന്നതിനുള്ള വര്‍ധിച്ചുവരുന്ന പ്രവണതയെയാണ് അത് സൂചിപ്പിക്കുന്നത്. മിക്ക വലതുപക്ഷ രാഷ്ട്രങ്ങളിലും നമുക്കതു കാണാനാവും. ബാനു സുബ്രമണ്യം ഉപര്യുക്ത ഗന്ഥത്തില്‍ ഇത്തരം അപ്രോപ്രിയേഷനുകളുടെ ഇന്ത്യന്‍ നാള്‍വഴികളെക്കുറിച്ചാണ് സവിശദം ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെ തന്നെ, തീര്‍ത്തും വ്യത്യസ്തമായ ഒരു കൊളോണിയല്‍ പശ്ചാത്തലത്തെക്കുറിച്ച് ഗ്യാന്‍ പ്രകാശിനെപ്പോലുള്ളവരും എഴുതിയത് കാണാം. അന്നതിന് നമുക്കും ശാസ്ത്രമുണ്ട് എന്ന് പ്രതിരോധാത്മകമായി പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍, ഇന്ന് സാംസ്‌കാരിക ദേശീയതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നതാണ് മാറ്റം.
നിങ്ങള്‍ സൂചിപ്പിച്ചതു പ്രകാരം, സയന്റിഫിക്കേഷന്‍ ഓഫ് റിലീജിയന്റെ ഭാഗമായാവും, മതത്തെ വല്ലാതെ റാഷനലൈസ് ചെയ്യുന്ന പ്രവണത നിലനില്‍ക്കുന്നതുകാണാം. ഇന്ത്യയില്‍ വെജിറ്റേറിയനിസത്തെ സയന്റിഫിക്കായി അവതരിപ്പിക്കുന്നത് ഉദാഹരണം. എന്നാല്‍, റാഷനലൈസ് ചെയ്യുക അത്ര എളുപ്പമല്ലാത്ത പല കാര്യങ്ങളും മതത്തിലുണ്ട് താനും. ഇന്ത്യയിലേക്കു വരുമ്പോള്‍ ഇത്തരം വൈരുധ്യങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന ശാസ്ത്രജ്ഞര്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി എങ്ങനെയാവും? അതിനെ മറികടക്കാന്‍ അവരെങ്ങനെയാണ് ശ്രമിക്കുന്നത്?
വെജിറ്റേറിയനിസത്തെയെടുത്താല്‍, അതിന്റെ ശാസ്ത്രീയവത്കരിക്കുന്നതിലൂടെ ഒരുതരം ലെജിറ്റിമസി നേടിയെടുക്കുന്നതായി കാണാം. എന്നാല്‍, റാഷണല്‍-ഇര്‍റാഷണല്‍ എന്ന വര്‍ഗീകരണത്തിലേക്കു വരുമ്പോള്‍, ശാസ്ത്രജ്ഞരില്‍ മിക്ക ആളുകളും അതിനെ കണക്കിലെടുക്കുന്നവരല്ല എന്നതും കാണണം. ഉദാരണത്തിന്, എന്റെ പുസ്തകത്തില്‍ സായ് ബാബയുടെ ഭക്തനായ ഒരു പ്രമുഖ ശാസ്ത്രജ്ഞനെക്കുറിച്ച് പറയുന്നുണ്ട്. തീര്‍ത്തും സ്‌കെപ്റ്റിക്കലായിത്തന്നെയാണ് അയാള്‍ ആദ്യമായി സായ് ബാബയെ കാണാന്‍ പോവുന്നത്. എന്നാല്‍, അവിടെയുള്ള ചില പ്രാക്ടീസുകള്‍ കണ്ട് അയാള്‍ വിശ്വാസിയായി മാറുകയുണ്ടായി. തീര്‍ത്തും വ്യക്തിപരമായ കാര്യം എന്ന നിലയില്‍ അതിനെ പ്രശ്നവത്കരിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, അത്തരം വിശ്വാസങ്ങള്‍ പൊതുസ്ഥാപനങ്ങളിലേക്കുകൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുന്നു.
നിങ്ങളുടെ പുസ്തകത്തില്‍, മതകീയമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്‍പറ്റാത്ത ശാസ്ത്രജ്ഞരില്‍ പലരും മതത്തെ ഒരു ധാര്‍മിക ലോകവീക്ഷണമായി മനസ്സിലാക്കുന്നതായി പറയുന്നുണ്ടല്ലോ. ഇവിടെ മതത്തെ എമിലി ദുര്‍കൈമും മലിനോവ്സ്‌കിയും അടക്കമുള്ളവര്‍ പറയുന്ന പ്രകാരം ഒരു ഫംഗ്ഷനല്‍ (functional) ക്യാറ്റഗറിയായാണോ മനസ്സിലാക്കേണ്ടത്; അതല്ല, അസദിനെപ്പോലുള്ളവര്‍ വിശദീകരിക്കുന്ന പ്രകാരമുള്ള ഒരു വ്യാവഹാരിക പാരമ്പര്യം (discursive tradition) എന്ന നിലയിലോ?
മതത്തെ എവരിഡേ ലൈഫില്‍ ഒരു കള്‍ച്ചറായാണ് ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നതെന്നതാണ് രസകരം. ഒരര്‍ഥത്തില്‍ തങ്ങളുടെ മതകീയ വിശ്വാസങ്ങളെ അവര്‍ കള്‍ച്ചറലൈസ് ചെയ്യുന്നുവെന്നും പറയാം. അതാണെങ്കില്‍ കൃത്യമായും അവരുടെ ജാതിപാരമ്പര്യങ്ങളില്‍നിന്ന് ഉടലെടുക്കുന്നതാണ് താനും. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ സംസ്‌കാരം ശാസ്ത്രജ്ഞരുടെ വ്യക്തിഗത സംസ്‌കാരങ്ങളില്‍നിന്ന് ഒട്ടും ഭിന്നമല്ലെന്നു കാണാം. എന്നല്ല, അത് ലബോറട്ടറികളുടെയും ശാസ്ത്രീയ സ്ഥാപനങ്ങളുടെയും സംസ്‌കാരത്തിലേക്ക് കടന്നുകയറുന്നുമുണ്ട്. ഇതിനെ മനസ്സിലാക്കാന്‍ ഫംഗ്ഷനലിസ്റ്റ് രീതിക്കു സാധിക്കുമോ എന്നെനിക്കറിയില്ല.
ഞാനിതിനെ ഒരു സ്ട്രാറ്റജിക് ക്യാറ്റഗറി എന്ന നിലയിലാണ് സമീപിക്കുന്നത്. അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ മില്‍റ്റണ്‍ സിംഗര്‍ മദ്രാസിലെ കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയൊരു പഠനത്തില്‍ അവര്‍ക്കിടയില്‍ ഒരുതരം ‘കമ്പാര്‍ട്ട്മെന്റലൈസേഷന്‍’ നിലനില്‍ക്കുന്നതായി പറയുന്നുണ്ട്. വീട്ടില്‍ ഒരു ഐഡന്റിറ്റി, ജോലിയിടത്തില്‍ മറ്റൊന്ന് എന്നിങ്ങനെ ഒരാള്‍തന്നെ വ്യത്യസ്തമായ സ്വത്വങ്ങള്‍ സ്വീകരിക്കുന്നൊരു സ്ഥിതിവിശേഷമാണത്. ശാസ്ത്രജ്ഞര്‍ക്കിടയില്‍, പക്ഷേ, അങ്ങനെ ഇല്ലെന്നുതന്നെയാണ് എന്റെ പഠനം തെളിയിക്കുന്നത്. അത്തരമൊരു വിഭാഗീകരണത്തില്‍ അവര്‍ വിശ്വസിക്കുന്നതേയില്ല. ലബോറട്ടറികളിലേക്കു ചെല്ലുകയാണെങ്കില്‍ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും മറ്റും നിങ്ങള്‍ക്ക് കാണാം. വ്യക്തിനിഷ്ഠമായ ഒരു പ്രവൃത്തി എന്നതിലുപരി പ്രസ്തുത ഇടത്തിന്റെ ഐഡന്റിറ്റിയെ രൂപപ്പെടുത്തുന്നതില്‍തന്നെ അത് നിര്‍ണായകമായിത്തീരുന്നുണ്ട്.
അഥവാ, മതം സ്ട്രാറ്റജിക് ആവുകയും ശാസ്ത്രജ്ഞരുടെ വ്യക്തിനിഷ്ഠ പ്രവൃത്തികള്‍ പുതിയൊരു പബ്ലിക് ഐഡന്റിറ്റിയെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു?
അതേ. പബ്ലിക്, പ്രൈവറ്റ് എന്ന വിഭജനങ്ങള്‍ തന്നെ അവിടെ അപ്രത്യക്ഷമാവുന്നു.
തലാല്‍ അസദിനെപ്പോലുള്ള ആന്ത്രപ്പോളജിസ്റ്റുകള്‍ പലരും, പബ്ലിക്, പ്രൈവറ്റ് എന്നീ ക്യാറ്റഗറികളെ നിര്‍ണയിക്കുന്നത് സെക്കുലര്‍ ആണെന്ന് പറയുന്നുണ്ട്. എന്നാല്‍, ഇവിടെ അതും അപ്രത്യക്ഷമാവുന്നു. ശാസ്ത്രജ്ഞര്‍ അങ്ങനെയൊരു വിഭജനത്തെത്തന്നെ അംഗീകരിക്കുന്നില്ല എന്നാണോ പറഞ്ഞുവരുന്നത്?
അതേ. തീര്‍ച്ഛയായും. അങ്ങനെയൊരു ഡിവൈഡ് തന്നെ ആവശ്യമില്ലെന്നാണ് അവരുടെ പക്ഷം. മതത്തെയും ശാസ്ത്രത്തെയും സംബന്ധിച്ചുള്ള പല ചോദ്യങ്ങളോടും അവര്‍ പ്രതികരിക്കുക അത്തരമൊരു ചോദ്യം തന്നെ അപ്രസക്തമാണ് എന്ന നിലയിലാവും. ഇവിടെ ആകെയുള്ളത് കള്‍ച്ചറാണ്, അതില്‍ ആര്‍ക്കും പങ്കെടുക്കാനാവും എന്നു മറുപടി പറയുന്നതിലൂടെ സംസ്‌കാരമെന്ന ഒരു യൂണിവേഴ്സല്‍ ക്യാറ്റഗറിക്ക് അവര്‍ രൂപം നല്‍കുന്നു.
ലബോറട്ടറികള്‍ പോലെയുള്ള സ്ഥാപനകേന്ദ്രീകൃതമായൊരു അന്തരീക്ഷത്തില്‍ അത് നിലവില്‍ വരുന്നതോടെ, അതിന്റെ ഭാഗമല്ലാത്തവര്‍പോലും തങ്ങളുടെ വ്യക്തിനിഷ്ഠമായ ഐഡന്റിറ്റികള്‍ വിസ്മരിച്ച്, അതിന്റെ ഭാഗമായിത്തീരാന്‍ നിര്‍ബന്ധിതരാവുന്നു. ഒപ്പം, എന്റെ പഠനത്തിന്റെ എത്‌നോഗ്രഫിക് പ്രകൃതം കണക്കിലെടുത്തുകൊണ്ടുതന്നെ, ഈയൊരു സാഹചര്യത്തെ ജനറലൈസ് ചെയ്യാനാവില്ലെ എന്നുകൂടി കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നു. ചില പ്രത്യേക വിഭാഗം ആളുകളുടെ സാംസ്‌കാരികമായ മേല്‍കോയ്മയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ടെന്നുള്ളതും സത്യമാണ്.
കേരളത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തില്‍ ഏറെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണല്ലോ യുക്തിവാദി പ്രസ്ഥാനങ്ങള്‍. സംഘടിതമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിവരുന്നുണ്ട്. അടുത്തിടെ എസ്സന്‍സ് ഗ്ലോബലിന് സംഘപരിവാരം ബന്ധമുന്നയിച്ച് ഒരു വിഭാഗം യുക്തിവാദികള്‍ തന്നെ രംഗത്തെത്തുകയുണ്ടായി. പൊതുവെ ന്യൂ എത്തീസം എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ യുക്തിവാദി മൂവ്മെന്റുകളുടെ പ്രത്യേകതയായി പലരും ചൂണ്ടിക്കാണിക്കുന്നത് കടുത്ത ഇസ്ലാമോഫോബിയയും ഡൊമിനന്റായ കള്‍ച്ചറിനോട് ചേര്‍ന്നുപോവുന്നതിനുള്ള പ്രവണതയുമാണ്. കേരളത്തിലെ സമീപകാല യുക്തിവാദി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍, സയന്‍സ്, യുക്തിവാദം, മതം, സംസ്‌കാരം, ഇവക്കിടയിലെ നീക്കുപോക്കുകള്‍ എന്നിവയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അടുത്തിടെ, Cambridge History of Atheism എന്ന പേരില്‍, അമേരിക്കന്‍ തത്വചിന്തകനായ മിക്കയേല്‍ റൂസും ബ്രിട്ടീഷ് സാമൂഹ്യശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ബല്ലിവന്റും എഡിറ്റ് ചെയ്ത, രണ്ടു വാള്യങ്ങളുള്ള ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. അതില്‍ ഒരധ്യായം ഞാന്‍ എഴുതിയിട്ടുണ്ട്. എത്തീയിസം എന്ന യൂണിവേഴ്സല്‍ ക്യാറ്റഗറിയെ അഴിച്ചുപണിയുകയാണ് പ്രസ്തുത ഗ്രന്ഥമെന്നു പറയാം. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള എത്തീയസം നിലനിന്നിരുന്നുവെന്നും പലപ്പോഴും ദൈവ നിഷേധവുമായിപ്പോലും എത്തിയിസത്തിനു ബന്ധമുണ്ടായിരുന്നില്ലെന്നും പ്രസ്തുത ഗ്രന്ഥം വാദിക്കുന്നു. എത്തീയിസം എന്നാല്‍ സാര്‍വികമായൊരു നിരീശ്വരവാദമെന്ന മട്ടിലുള്ള പോപ്പുലര്‍ ധാരണകള്‍ ഒരു ‘മിത്ത്’ മാത്രമാണ് അങ്ങനെയൊന്ന് നിലനില്‍ക്കുന്നില്ല എന്നതാണ് സത്യം. യൂറോപ്പില്‍, റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്ന എത്തീയിസത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് നിരവധി പഠനങ്ങള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.
നമ്മുടെ ജനകീയ ധാരണകളില്‍ നിലനില്‍ക്കുന്ന എത്തീയിസം തീര്‍ത്തും ക്രൈസ്തവവത്കൃതമായൊരു സങ്കല്‍പമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വൈവിധ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഒരു പ്രവണത യൂറോപ്പിലെ എത്തീയസത്തിനുള്ളില്‍ കാണുന്നതില്‍നിന്നും അതിന്റെ വേരുകള്‍ ക്രിസ്ത്യാനിറ്റിയിലേക്ക് മടങ്ങുന്നതായി മനസ്സിലാക്കാം. ഈ പ്രശ്നത്തെ കൃത്യമായി തിരിച്ചറിയുക ഏറെ പ്രധാനമാണ്. എല്ലാവരും ദൈവനിഷേധത്തിന്റെ നിര്‍ണിതമായൊരു ചട്ടക്കൂടില്‍ ഒതുങ്ങണമെന്നാണ് ശാഠ്യം. അങ്ങനെയൊന്ന് സാധ്യമല്ല തന്നെ. ജോണ്‍ ഗ്രേയുടെ Seven Types of Atheism എന്ന പുസ്തകത്തില്‍, എങ്ങനെയാണ് എത്തീയസത്തിന്റെ ചില വകഭേദങ്ങള്‍ ഡോഗ്മാറ്റിക്കായി മാറുന്നുവെന്ന് വിവരിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, അത്തരത്തിലുള്ള എത്തീയസം ആന്റി-ആന്ത്രോപ്പോളജിക്കല്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. സമൂഹത്തിന്റെ ദൈനംദിന യാഥാര്‍ഥ്യങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന സങ്കുചിതമായൊരു ചിന്താഗതിയാണത്. അത് ഇസ്ലാമോഫോബിയയിലേക്ക് എളുപ്പം വഴിമാറുന്നുവെന്നതും ഒരു യാഥാര്‍ഥ്യം തന്നെ.
പൊതുവെ പ്രബുദ്ധതയും വിദ്യാസമ്പന്നതയും പറഞ്ഞ് മേനിനടിക്കാറുള്ളവരാണ് മലയാളികള്‍. നമ്മുടെ മതകീയ വിശ്വാസങ്ങള്‍തന്നെ ഒരുതരം റാഷനലൈസ്ഡ്, അല്ലെങ്കില്‍ റിവൈവ്ഡ് ആണെന്നാണ് പൊതുധാരണ. പക്ഷേ, അടുത്തിടെ കേരളത്തെ പിടിച്ചുകുലുക്കിയ ചില സംഭവങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ആഭിചാരക്രിയകളുടെ ഭാഗമായി, സ്ത്രീകളെ ബലി നല്‍കിയ ഒരു സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രാദേശികമായ ആത്മീയ-മാന്ത്രിക ചികിത്സാകേന്ദ്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചുവരുന്നു. കൃപാസനത്തിന്റെ ആത്മീയസിദ്ധികള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ആന്ത്രപ്പോളജിസ്റ്റുകള്‍ പലരും മതത്തില്‍നിന്ന് ഭിന്നമായി മാജിക്സിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടല്ലോ. പ്രിമിറ്റീവ് മനുഷ്യരുടെ പ്രകൃതിയുടെ മേല്‍ നേരിട്ട് അധികാരം സ്ഥാപിക്കുന്നതിനുള്ള ആത്മവിശ്വാസത്തില്‍നിന്നാണ് മാജിക് ഉത്ഭവിക്കുന്നതെന്നാണ് ഫ്രേസര്‍ ഒക്കെ പറയുന്നത്. മതമാണെങ്കില്‍ മനുഷ്യരുടെ ബലഹീനതയുടെ ഉത്പന്നവും. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നുനില്‍ക്കുന്നവരെന്നു കരുതുന്ന മലയാളികള്‍ക്കിടയിലടക്കം, സജീവമായിക്കൊണ്ടിരിക്കുന്ന ആത്മീയ/മാന്ത്രിക വിദ്യകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അല്‍പം സങ്കീര്‍ണമായിട്ടുള്ള ഒരു ചോദ്യമാണ്. കൂടുതല്‍ പഠനങ്ങള്‍ തദ്സംബന്ധിയായി നടക്കേണ്ടതുണ്ട്. ചില വശങ്ങള്‍ മാത്രം സൂചിപ്പിക്കാം. കീത്ത് തോമസിന്റെ Religion and the Decline of Magic: Studies in Popular Beliefs in Sixteenth and Seventeenth-Century England എന്ന പുസ്തകത്തില്‍ മതം എന്ന നിലയിലുള്ള പ്രൊട്ടസ്റ്റന്റിസത്തിന്റെ ഉത്ഭവം ഇംഗ്ലണ്ടിലെ അന്നത്തെ മാജിക്കല്‍ പ്രാക്ടീസുകളുടെ ഇല്ലായ്മ ചെയ്തതെങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. അശാസ്ത്രീയവും യുക്തിരഹിതവുമായാണ് പ്രൊട്ടസ്റ്റന്റുകള്‍ മാജിക്കിനെ കണ്ടിരുന്നതെന്നതായിരുന്നു അതിനു പിന്നിലെ കാരണം. പ്രൊട്ടസ്റ്റന്റിസം വന്നതുതന്നെ ഒരു സയന്റിഫിക് റിലീജിയന്‍ എന്ന നിലയിലായിരുന്നുവല്ലോ.
കേരളത്തിലേക്കു വരികയാണെങ്കില്‍, ചരിത്രപരമായിത്തന്നെ ഇവിടെയൊരു കോണ്‍ട്രാഡിക്റ്ററി സൊസൈറ്റി നിലനിന്നിരുന്നതായി കാണാം. കമ്മ്യൂണിസം പോലുള്ള ചില പ്രോഗ്രസീവ് മൂവ്മെന്റുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നതു കൊണ്ടുമാത്രം ഇവിടെയുള്ള സമൂഹത്തെ ആധുനികമെന്നു വിലയിരുത്താന്‍ സാധിക്കുകയില്ല. അങ്ങനെ കരുതുന്നുവെന്നതാണ് യഥാര്‍ഥ പ്രശ്നം. യഥാര്‍ഥത്തില്‍, ചോദ്യത്തില്‍ പരാമര്‍ശിച്ച തരം, ഒക്കള്‍ട്ട് പ്രാക്ടീസുകളുടെ ഒരു വിദൂര ചരിത്രം നമ്മുടെ സമൂഹത്തിനുണ്ട്. കേവലം, നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍കൊണ്ട് ഇല്ലാതായിത്തീരുന്നതല്ല അത്. എന്നാല്‍, അത്തരത്തിലുള്ള വിഷയങ്ങളുമായി എന്‍ഗേജ് ചെയ്യുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് നമുക്കിടയില്‍ വികസിച്ചിട്ടില്ല. കേരളത്തിലെ മാജിക്കിനെക്കുറിച്ച് ഒരു ചരിത്രം പോലും ലഭ്യമല്ല എന്നത് ഒരുദാഹരണം. നമ്മുടെ സാമൂഹ്യശാസ്ത്ര പഠങ്ങളുടെ ഒരു പരിമിതിയാണിത്. ഇപ്പോള്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇത്തരം ചോദ്യങ്ങളെ മനസ്സിലാക്കുന്നതിന് സഹായകമായ പഠനങ്ങള്‍ കള്‍ച്ചറല്‍ ആന്ത്രപ്പോളജിയുടെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് ആന്ത്രപ്പോളജിസ്റ്റായ മിഹോ ഇഷിയുടെ Modernity and Spirit Worship in India: An Anthropology of the Umwelt എന്ന പുസ്തകം ഉദാഹരണം.
സയന്റിഫിക് സ്ഥാപനങ്ങളില്‍ നാം കാണുന്ന ഹൈന്ദവാചാരങ്ങളായ പലതരംപൂജകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം അബ്രാഹ്‌മണരും അഹിന്ദുക്കളും താഴ്ന്ന ജാതിക്കാരും എങ്ങനെയാണ് നോക്കിക്കാണുന്നത്? അവരും ഇത്തരം ആചാരങ്ങള്‍ തങ്ങളുടേത് കൂടിയാണെന്ന് കരുതി അനുഷ്ടിക്കുമോ, അതോ അതില്‍നിന്ന് ഒരുതരം അകല്‍ച്ച അനുഭവപ്പെടുമോ?
ഈ വിഷയത്തില്‍ ആയുധ പൂജയെ ആസ്പദമാക്കി ഞാനൊരു ലേഖനം എഴുതിയിട്ടുണ്ട്. കേവലം, ഹൈന്ദവ ആഘോഷം എന്നതിലുപരി അവക്കൊരു സാംസ്‌കാരിക തലം പരുവപ്പെടുത്തുകയാണവര്‍ ആദ്യം ചെയ്യുന്നത്. ഇത്തരം സാംസ്‌കാരികവത്കരണത്തില്‍ മേലെക്കിടയിലുള്ള അധികാരികള്‍ മാത്രമല്ല, സാധാരണക്കാരായ ശാസ്ത്രഞ്ജ്ഞരും ഗവേഷകരും വരെ ഭാഗമാവുന്നുണ്ട്. സ്ഥാപനത്തിന്റെ ചുവരില്‍ തൂക്കുന്ന ഒരു പ്രത്യേക ചിത്രം ‘വളരെ സാധാരണ’മായിട്ടാണവര്‍ കാണുക. അവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുംവിധം അതു സാംസ്‌കാരികവത്കരിക്കപ്പെട്ടു എന്നതാണ് കാരണം. ഒരു സെക്കുലര്‍ സ്ഥാപനത്തില്‍ പക്ഷേ, ഇതു പാടില്ല എന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ല. നിലവില്‍ ഇത്തരം സ്ഥാപനങ്ങളിലെ മതാചരണങ്ങളെ വിമര്‍ശിക്കാന്‍ ഒരു വിഭാഗം മുന്നോട്ടുവരുന്നുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ പക്ഷേ, വേണ്ടവിധം ഗൗനിക്കപ്പെടുന്നില്ല എന്നതൊരു യാഥാര്‍ഥ്യമാണ്.
ഇന്ത്യയിലെ സയന്റിഫിക് സ്ഥാപനങ്ങളില്‍ ആചരിക്കപ്പെടുന്ന ഉത്സവങ്ങള്‍ മുഴുവന്‍ ഹൈന്ദവാഘോഷങ്ങളാണ്, അതാ സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തിനനുസരിച്ച് മാറിയെന്നിരിക്കിലും. ഉദാഹരണത്തിന്, ബംഗാളില്‍ അതിനെ ബംഗാളി സംസ്‌കാരത്തിന്റെ ഭാഗമായാണ് കാണുക. ഇവിടെ, സംസ്‌കാരത്തിനും സാംസ്‌കാരികതയുടെയും പിന്നിലെ മതം എന്ന ഘടകം വിസ്മരിക്കപ്പെടുന്നു. നമ്മുടെ മിക്ക സ്ഥാപനങ്ങളുടെയും ചുമരുകളില്‍ ദൈവങ്ങളുടെയും മൂര്‍ത്തികളുടെയും ചിത്രങ്ങള്‍ കാണാം, ചുരുങ്ങിയത് ഓഫീസുകളിലെ കലണ്ടറുകളിലെങ്കിലുമായി. തദ്‌സംബന്ധിയായി മൈക്രോ-ആന്ത്രോപോളജിക്കലായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായി ആളുകള്‍ക്കവ സൂക്ഷിക്കാമോ ഇല്ലയോ എന്ന ചോദ്യമല്ല ഇവിടെ ഉന്നയിക്കുന്നത്. മറിച്ച്, സെക്കുലര്‍ സ്ഥാപനങ്ങളിലെ സ്ഥിതിവിശേഷമാണ്, അതിലെ അപകടങ്ങളെക്കുറിച്ചാണ്.
സയന്‍സ് എപ്പോഴും ഒബ്ജക്ടീവ്, അല്ലെങ്കില്‍ വസ്തുനിഷ്ഠമായ സത്യം തിരയുന്ന ഒന്നായാണ് നിലനില്‍ക്കുന്നത്. ന്യൂട്ടന്റെ ചലനനിയമം പോലെ നിത്യവും അചഞ്ചലവുമായ കണ്ടുപിടിത്തങ്ങളാണ് സയന്‍സില്‍ എന്നാണ് പൊതുധാരണ. അതെപ്പോഴും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കേണ്ടതുണ്ട്. എന്നാല്‍, മതവിശ്വാസം അങ്ങനെ തെളിയിക്കപ്പെടേണ്ടതോ നിര്‍ണയിക്കപ്പെടേണ്ടതോ ആയ ഒന്നുമല്ല. ഇവ രണ്ടിനുമിടയില്‍ വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതകള്‍ ലബോറട്ടറികളില്‍ നിലനില്‍ക്കുന്നുണ്ടോ? എങ്കില്‍ എന്തിനാണ് ശാസ്ത്രജ്ഞര്‍ക്കിടയില്‍ മുന്‍ഗണന ലഭിക്കുക? വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും എതു രീതിയിലാണ് അവരുടെ തൊഴിലിനെയും കണ്ടുപിടിത്തങ്ങളെയും സ്വാധീനിക്കുന്നത്?
സയന്‍സ് ഒബ്ജക്റ്റീവ് ആണെന്നുള്ളത് ചരിത്രപരമായി തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രജ്ഞരുടെ വ്യക്തിപരമായ വിശ്വാസം അവരുടെ തൊഴിലിലും കണ്ടുപിടിത്തത്തിലും സ്വാധീനം ചെലുത്തുന്നത് അവര്‍ക്കുതന്നെ അനുവദിക്കാനാവുന്നതല്ല. അന്താരാഷ്ട്ര തലത്തില്‍ മികച്ചു നില്‍ക്കേണ്ടത് കൊണ്ടുതന്നെ തൊഴില്‍പരമായി ഒരു വിട്ടുവീഴ്ചയും അവര്‍ തങ്ങളുടെ ഗവേഷണങ്ങളില്‍ വരുത്തില്ലെന്നു തീര്‍ച്ഛ. സയന്‍സിലും സയന്റിഫിക് ഇന്‍സ്റ്റിറ്റിയൂഷനുകളിലും ഒരു വശത്തു മതം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ, മറുവശത്തു ആഗോളതരത്തില്‍ മുന്നേറ്റങ്ങളുണ്ടാക്കുക അനിവാര്യമായിത്തീരുന്നുണ്ട്. സയന്റിഫിക് സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന വമ്പിച്ച സാമ്പത്തിക സഹായം ഇത്തരം മുന്നേറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുകൂടിയുള്ളതാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെത്തന്നെ സയന്‍സിനെ റിലീജിയണൈസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അതിനായി, ഒരുദാഹരണത്തിന്, സംസ്‌കൃതവും സയന്‍സും എന്ന പേരില്‍ അവര്‍ ഗ്രൂപ്പുകള്‍ നിര്‍മിക്കുന്നു, ഒപ്പം തങ്ങളുടെ ജോലിസംബന്ധിയായ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു. ആഗോളതലത്തില്‍ മുന്നേറാനും മുതലാളിത്ത മാര്‍ക്കറ്റില്‍ പിടിച്ചുനില്‍കാനും ഇത് പരമപ്രധാനമാണ്. എന്നാല്‍പോലും ചില മതകീയ ആചാരങ്ങള്‍ അവര്‍ക്കിടയില്‍ കടന്നുവരുന്നു. ഉദാഹരണത്തിന്, ചൊവ്വാഴ്ച്ചകളില്‍ ചിലര്‍ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാറില്ല, അന്നു ശുഭദിനമല്ല എന്ന കാരണത്താല്‍. മറ്റു ചിലര്‍ ലാബിനെ മതചിഹ്നങ്ങളാല്‍ മോടിപിടിപ്പിക്കുന്നു, ദൈവികമായ അനുഗ്രഹങ്ങള്‍ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച്. ഇത്തരത്തിലുള്ള ചെറിയ അനുഷ്ഠാനങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായി കടന്നുവരുന്നു എന്നല്ലാതെ, സുപ്രധാന കാര്യങ്ങളില്‍ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും അവര്‍ കൂട്ടുപിടിക്കുന്നുമില്ല. അതിനു സാധ്യത ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നറിയില്ല!
ഇന്ത്യയില്‍ സയന്‍സ് പോലെത്തന്നെ പ്രാധാന്യമുള്ള പഠന ശാഖയാണ് എന്‍ജിനീയറിംഗും. അതില്‍തന്നെ ഐ.ഐ.ടികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇതുപോലെയുള്ള സ്ഥാപനങ്ങളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒന്നാണ് മെറിറ്റുവാദം (meritocracy). ഇന്ത്യയിലെ ഇത്തരം സെക്കുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതീയത പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ്?
മെറിറ്റ് എന്നു പറയുന്നത് നമ്മുടെ സമൂഹത്തില്‍ ഒരു norm ആയി മാറിയിട്ടുണ്ട്. എന്റെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍, ഉദാഹരണത്തിന്, തങ്ങളുടെ മെറിറ്റില്‍ അഭിമാനിക്കുന്നവരാണ്. എന്നാല്‍, അവരുടെ മെറിറ്റിന്റെ ചരിത്രം തിരയുമ്പോഴാണ് പ്രസ്തുത പദം തന്നെ പ്രശ്‌നകരമാണ് എന്നു മനസ്സിലാക്കാനാവുക. ഏറെ സെക്യൂലറൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇക്കാലത്ത് ‘മെറിറ്റ്.’ ഉത്സാഹം, താല്‍പര്യം എന്നൊക്കെയായി മാറി മെറിറ്റിനോട് താരതമ്യം ചെയ്യാവുന്ന പദങ്ങള്‍. എന്നാല്‍, അതിനു പിന്നിലെ അധികാരഘടനയെപ്പറ്റി ആരും സംസാരിക്കുന്നില്ല താനും.
അന്തരങ്ങളെ അദൃശ്യപ്പെടുത്തുന്ന ഒന്നായി അതു മാറിയതു കൊണ്ടുതന്നെയാണ് അത് സെക്യൂലറൈസ് ചെയ്യപ്പെട്ടു എന്നു പറയുന്നതും. ഇതേക്കുറിച്ച് ആന്ത്രപ്പോളജിസ്റ്റുകളായ അജന്ത സുബ്രമണ്യന്‍, സതീഷ് ദേശ്പാണ്ഡെ എന്നിവര്‍ സമഗ്രമായി പഠിച്ചിട്ടുണ്ട്. സയന്റിഫിക് സ്ഥാപനങ്ങളില്‍ ഇപ്പോഴും മുഴങ്ങുന്ന ഒന്നാണ് മെറിറ്റുവാദം. അതിനെതിരെ മറുവാദങ്ങള്‍ ഉന്നയിക്കുക പോലും പ്രയാസകരമാണവിടെ. കാരണം, അജന്ത സുബ്രമണ്യന്‍ തന്റെ The Caste of Merit: Engineering Education in India എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ, അത്തരം സ്ഥാപനങ്ങളുടെ ചരിത്രംതന്നെ മെറിറ്റുവാദത്തില്‍ ഊന്നിയിട്ടുള്ളതാണ്.
ലാബില്‍ എത്നോഗ്രഫി ചെയ്യുന്നത് ഇന്ത്യയില്‍ വളരെ വിരളമാണ്. ബ്രൂണോ ലത്വായെപ്പോലുള്ളവർ വിദേശത്തു ചെയ്തിട്ടുണ്ട്. ഇത്തരം എത്‌നോഗ്രഫിക് പഠനങ്ങളുടെ ഭാവിസാധ്യതകള്‍ എന്തൊക്കെയാണ്?
ഇന്ത്യയില്‍ ഞാന്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്റ്റഡീസ് (STS) മേഖലയിലുള്ള ഗവേഷകര്‍ വളരെ കുറവാണ്. ലാബുകളില്‍ പ്രവേശനം ലഭിക്കുന്നതിന് സാങ്കേതികമായ പ്രയാസങ്ങള്‍ നിരവധിയുണ്ട് താനും. ഇത്തരം പഠനങ്ങള്‍ അധികം പുറത്തുവരാത്തതിന് അതും ഒരു കാരണമാണ്. എന്നെക്കൂടാതെ പങ്കജ് സെക്‌സാരിയയാണ് ലബോറട്ടറി കേന്ദ്രീകരിച്ച് പഠനം നടത്തിയിട്ടുള്ള മറ്റൊരു ആന്ത്രപ്പോളജിസ്റ്റ്. പൂനെ യൂണിവേഴ്‌സിറ്റിയിലെ ലാബിലെ അദ്ദേഹത്തിന്റെ എത്നോഗ്രഫിയെ ആസ്പദമാക്കി Instrumental Lives: An Intimate Biography of an Indian Laboratory എന്ന പുസ്തകം പുറത്തുവന്നിട്ടുണ്ട്. ശാസ്ത്രത്തിനു പിന്നിലെ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിനും സയന്‍സിനുമിടയിലെ ഡെമോക്രസിക്കുമിടയിലെ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ലബോറട്ടറികളിലെ എവരിഡേ ലൈഫിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. നിലവില്‍, എണ്ണത്തില്‍ കുറവെങ്കിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന ഗഹനമായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പഠനങ്ങള്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
അടുത്തിടെ അന്തരിച്ച ഫ്രഞ്ച് ആന്ത്രപ്പോളജിസ്റ്റും തത്വചിന്തകനുമായ ബ്രൂണോ ലത്വൊയെ അനുസ്മരിച്ച് ഈ സംഭാഷണം അവസാനിപ്പിക്കാം എന്നു തോന്നുന്നു. സയന്റിഫിക് ലബോറട്ടറികളെ നരവംശശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗപ്പെടുത്തി പഠിക്കുകയും ആക്ടര്‍ നെറ്റ്‌വര്‍ക്ക് തിയറി അടക്കം സാമൂഹ്യശാസ്ത്രത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു അദ്ദേഹം. ലത്വായുടെ പഠനങ്ങള്‍ എങ്ങനെയാണ് ഇന്ത്യയിലെ സാമൂഹ്യശാസ്ത്രപഠനങ്ങളില്‍ വഴിത്തിരിവാവുക?
ബ്രൂണോ ലത്വൊറിന്റെ എല്ലാ പഠനങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമാണെന്നു പറയാം. അദ്ദേഹമുന്നയിച്ച ചോദ്യങ്ങള്‍, യഥാര്‍ഥത്തില്‍, ശാസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്, പവര്‍, അതോറിറ്റി, ട്രൂത്ത്, ട്രസ്റ്റ് എന്നീ നാലു പ്രമേയങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നതാണ്. ശാസ്ത്രത്തെപ്പോലെ സാമൂഹികപ്രാധാന്യമുള്ള ഏതു വിഷയത്തെയും ഈയൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ സാധിക്കും. മാനവികതയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്രത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്കപ്പുറത്തേക്കും ലത്വൊര്‍ സഞ്ചരിക്കുന്നുണ്ട്. ഉദാഹരണത്തിന്, പലതരം യന്ത്രങ്ങളുടെ കര്‍തൃത്വമൊക്കെ അദ്ദേഹം തന്റെ ചര്‍ച്ചകളില്‍ കൊണ്ടുവരുന്നു. കാലാവസ്ഥാവ്യതിയാനം, പോസ്റ്റ് ട്രൂത്ത് തുടങ്ങി ഒരുപാട് വിഷയങ്ങളെ ഗഹനമായി സമീപിക്കുവാന്‍ ഇത്തരം സമീപനങ്ങള്‍ സഹായകരമാവും.
അദ്ദേഹത്തിന്റെ ആദ്യകാല പഠനങ്ങളിലൊന്നായ Insiders and Outsiders in the Sociology of Science എന്ന പഠനത്തില്‍ അദ്ദേഹമുന്നയിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു ചോദ്യമുണ്ട്. സോഷ്യോളജി ഓഫ് റിലീജിയനെ ഒരു എത്തീയിസ്റ്റ് പഠനശാഖയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. മതത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വിശ്വാസിയാവണമെന്നില്ലെന്നാണ് ധാരണ. എന്നാല്‍, ലത്വൊര്‍ ചോദിക്കുന്നത് ഒരു അവിശ്വാസിയായ സാമൂഹ്യശാസ്ത്രജ്ഞന് മതം പഠിക്കാമെങ്കില്‍, ഒരു ശാസ്ത്രജ്ഞനല്ലാത്ത സോഷ്യോളജിസ്റ്റിന് എന്തുകൊണ്ട് ശാസ്ത്രം പഠിച്ചുകൂടെന്നാണ്. അതിനു പറ്റില്ലെന്ന് പലരും ശഠിക്കുന്നത്, ശാസ്ത്രത്തിനവര്‍ കല്‍പിച്ചുനല്‍കുന്ന പ്രത്യേക അധികാരം കാരണമായാണ്. അതിനാല്‍തന്നെയാണ് ഒരു ഹിസ്റ്റോറിയനോ ആന്ത്രപ്പോളജിസ്റ്റിനോ ശാസ്ത്രത്തെക്കുറിച്ചു പഠിക്കുക പ്രയാസകരമായിത്തീരുന്നതും.
Add comment