മുഹമ്മദ്: പ്രൊഫറ്റ് ഓഫ് പീസ് അമിഡ് ദി ക്ലാഷെസ് ഓഫ് എമ്പയര്‍സ് എന്ന തന്റെ പുസ്തകത്തിലൂടെ നൂതനമായൊരു ചരിത്രവായനക്ക് തുടക്കമിടുകയാണ് ഹുവാന്‍ കോള്‍. ഇതില്‍, ഇസ്റ്റ് റോമന്‍ സാമ്രാജ്യവും സാസ്സാനിദുകളും തമ്മിലുള്ള യുദ്ധത്തിനിടയിലെ സമാധാനരൂപകമാകുകയാണ് പ്രവാചകന്‍. സീറാ സാഹിത്യങ്ങള്‍ക്ക് നവീനമായൊരു വിശിഷ്ടമാനം നല്‍കിയ ഗ്രന്ഥകാരനുമായി സൈത്തൂനാ കോളേജ് പ്രസിഡന്റ് ഹംസ യൂസഫ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ഹംസ യൂസുഫ്: സീറാസാഹിത്യങ്ങളെ വളരെയേറെ ഇഷ്ടപ്പെടുകയും അതിനായി സമയം മാറ്റിവെക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. താങ്കള്‍ക്ക് അറിയുന്ന പോലെ, സീറാശ്രേണിയില്‍ വരുന്ന ആഖ്യാനങ്ങളില്‍ മിക്കതും പ്രശ്‌നവല്‍കരിക്കപ്പെട്ടവയാണ്. മറ്റു ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അപേക്ഷിച്ച്, ക്രോഡീകരണത്തിലെ സൂക്ഷ്മതക്കുറവുമൂലം പ്രതിലോമകരവും ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാന്‍ സഹായവുമായ ഒത്തിരി സംഗതികള്‍ അതില്‍ കൂട്ടിക്കലര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, മാനദണ്ഡാധിഷ്ഠിതമായ സീറയെ (Normative Sira) ഞാന്‍ ഇഷ്ടപ്പെടുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ഇതഃപര്യന്തമുള്ള എന്റെ സീറാവായനകള്‍ക്ക് പുതിയൊരു മാനം നല്‍കുകയായിരുന്നു, താങ്കളുടെ പുസ്തകം. ഒരുപക്ഷേ, ഞാനിതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത പരിപ്രേക്ഷത്തിലൂടെ. പ്രവാചക ജീവചരിത്രത്തെ ഒരാഗോള പ്രതിഭാസത്തിന്റെ സന്ദര്‍ഭമായി (context) മുന്‍നിര്‍ത്തുകവഴി താങ്കള്‍ സാധ്യമാക്കിയ ചരിത്രരചന അതിശയകരമാണ്. പുസ്തകത്തിന്റെ സവിശേഷമായ ഘടകവും അതുതന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതുസംബന്ധിയായി കൂടുതല്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുവാന്‍ കോള്‍: തീര്‍ച്ചയായും, ക്ലാസിക്കല്‍ സീറകള്‍ വിരചിതമാകുന്നത് പ്രവാചക വിയോഗത്തിന്റെ വളരെക്കാലങ്ങള്‍ക്കുശേഷമാണ്. പ്രത്യേകിച്ച്, അബ്ബാസി ഭരണകാലത്ത് വലിയതോതില്‍. പ്രസ്തുത രേഖകള്‍, കച്ചവടാര്‍ഥം പ്രവാചകന്‍ നടത്തിയ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിലേക്കുള്ള യാത്രകളെ ശരിവെക്കുന്നുണ്ട്. കൂടാതെ, പ്രവാചകന്റെ ബാല്യകാലത്തുതന്നെയാണ് യമന്‍ സാസ്സാനിദ് ഭരണത്തിനു കീഴില്‍വരുന്നതും. അഥവാ, 570കളുടെ തുടക്കത്തില്‍. പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് സാക്ഷിയായ മക്ക, മദീന, ഹിജാസ് തുടങ്ങിയ പ്രദേശങ്ങള്‍ സാസ്സാനിദ്-ബൈസന്റീന്‍ സാമ്രാജ്യാധിപത്യത്താല്‍ ചുറ്റപ്പെട്ടതുമായിരുന്നു.
മുഹമ്മദ് പ്രവാചകന്റെ മുപ്പതാം വയസ്സിലാണ് ഇരുശക്തികളും ഇരുപ്പത്തിയാറ് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത്.
ക്രിസ്താബ്ദം 603ല്‍ നടന്ന ചരിത്രപ്രധാനമായ ഈ സംഘട്ടനത്തെ ‘ലോകമഹായുദ്ധ’മെന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. മധേഷ്യ, ബാല്‍ക്കണ്‍, സിറിയ, ഫലസ്തീന്‍ എന്നീ പ്രദേശങ്ങളില്‍ അരങ്ങേറിയ പ്രസ്തുത യുദ്ധം പര്യവസാനിക്കുമ്പോള്‍ ഈജിപ്ത് പ്രവിശ്യ അപ്പാടെ തകര്‍ന്നുപോയിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമാക്കിയ ബൈസന്റീന്‍ സാമ്രാജ്യത്തെ സാസ്സാനിദുകള്‍ തറപറ്റിക്കുകയും തന്മൂലം മിഡില്‍ ഈസ്റ്റിന്റെ ഭൂരിഭാഗ പ്രദേശങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു.
ഇവയൊക്കെ സംഭവിക്കുന്നത്, പ്രവാചകന്‍ തന്റെ അനുചരന്മാര്‍ക്ക് പരിശുദ്ധ ഗ്രന്ഥം ഓതിക്കൊടുക്കുമ്പോഴാണ്. കൂടാതെ, സൂറഃ റൂം, റോം-ഇറാന്‍ യുദ്ധങ്ങളെ വളരെ സുവ്യക്തമായിതന്നെ പരാമര്‍ശിക്കുന്നുമുണ്ട്. ആദ്യത്തേതില്‍ പരാജയപ്പെടുകയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാസ്സാനിദുകളെ പരാജയപ്പെടുത്തുകയും ചെയ്ത റോമന്‍ ചക്രവര്‍ത്തിയുടെ വിജയലബ്ധിയെ ‘ദൈവ വിജയം’ എന്നാണ് വര്‍ണിക്കപ്പെട്ടത്. ഖുര്‍ആനിനോട് സമാനമായ ഇതേ അര്‍ഥത്തിലുള്ള ഒരു സൂക്തം പഴയ നിയമത്തിലും കാണാനാകും. ജൂതരെ രാജ്യഭ്രഷ്ടത്തില്‍നിന്നും രക്ഷിച്ച സൈറസ് എന്ന ഇറാനിയന്‍ രാജാവിനെക്കുറിച്ചാണ് അതില്‍ പറയുന്നത്. അങ്ങനെ കര്‍ത്താവ് സൈറസിനെ അഭിനന്ദിക്കുന്നു. രണ്ടിടങ്ങളിലും പരാമര്‍ശവിധേയമാകുന്നത് ദൈവസംപ്രീതിയും സത്യവിശ്വാസികളുടെ ആഹ്ളാദത്തെയാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഹംസ യൂസുഫ്: ശരിയാണ്. ബൈബിള്‍ പ്രകാരം ദൈവത്തെക്കുറിച്ച് അറിവില്ലാത്തവനായിരുന്നു സൈറസ്. പക്ഷെ, ദൈവമയാളെ ഉപയോഗപ്പെടുത്തി. യൂറോപ്പിനെ കേന്ദ്രീകരിച്ച് ആരംഭിച്ച ഇരുലോക മഹായുദ്ധങ്ങള്‍ എങ്ങനെയാണോ ആഗോളഭൂപടത്തിലെ മധ്യേഷ്യ, ഇന്ത്യ, വടക്കേ ആഫ്രിക്ക ഉള്‍പെടെയുള്ള പ്രദേശങ്ങളെ ബാധിച്ചത്; അതേ പ്രകാരമാണ് പ്രവാചകനെയും ബൈസന്റൈന്‍-സാസ്സാനിദ് യുദ്ധം ആഴത്തില്‍ സ്വാധീനിച്ചത്. ഇതുതന്നെയാണ് പുസ്തകം മുന്നോട്ടുവെക്കുന്ന സന്ദര്‍ഭോചിതത്വത്തിലെ (contextualization) ആകര്‍ഷക സത്യമായി എനിക്ക് തോന്നിയതും. എന്നാല്‍, ആ സത്യത്തെ വേണ്ടവിധം നമ്മുടെ പാരമ്പര്യം ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ്, താങ്കളുടെ പുസ്തകം വായിക്കുമ്പോള്‍ വ്യക്തമാകുന്നത്.
ഹെറാക്ലിയൂസിന്റെ ഉപയായം എന്നില്‍ കൗതുകമുണര്‍ത്തിയ ഒന്നാണ്. അസംഖ്യം കഴിവുകെട്ട ബൈസന്റീന്‍ ജനറല്‍മാരുടെ ഒടുവിലാണ് ഹെറാക്ലിയൂസ് ജനറല്‍ ഗ്രാന്റായി മാറുന്നത്. പിന്നീട് ലിവാന്‍തിന്‍ മേഖലയിലെ അപ്രധാനമല്ലാത്ത വ്യക്തിത്വമായി അദ്ദേഹം മാറി.
യുവാന്‍ കോള്‍: അതെ, ലേറ്റ് റോമന്‍ ബ്യൂറോക്രസിയുടെ കാലത്ത് ഉയര്‍ന്ന തസ്തികകളില്‍ വാണ ഹെറാക്ലിയൂസിന്റെ കുടുംബം യഥാര്‍ഥത്തില്‍ അര്‍മേനിയന്‍ വംശജരാണ്. അഭിനവ ടുണീഷ്യയിലെ കാര്‍ത്താജിലേക്ക് (carthage) രാജ്യപ്രതിനിധിയായി അദ്ദേഹത്തിന്റെ പിതാവ് അയക്കപ്പെട്ടപ്പോള്‍ കൂടെ അദ്ദേഹവുമുണ്ടായിരുന്നു.
സ്വാസ്ഥ്യം നിറഞ്ഞ അന്തരീക്ഷമായിരുന്നില്ല ഭരണകൂടത്തിനകത്ത്. ഫോക്കാസ് (phocas) എന്നുപേരായ ഒരു ജനറല്‍, അട്ടിമറി നടത്തി ഭരണം തന്റെ കൈവെള്ളയിലാക്കി. റോമന്‍ ഭരണകൂടത്തെ ഇറാനികള്‍ ആക്രമിക്കാനുള്ള കാരണങ്ങളിലൊന്ന് ഈയൊരു അട്ടിമറിയായിരുന്നു. കാരണം, അവരുമായി ഭരണപരമായ ലോഹ്യത്തിലായിരുന്ന രാജാവിനെയാണ് ജനറല്‍ ഫോക്കാസ് കൊന്നുകളഞ്ഞത്.
ഫോക്കാസിന്റെ സ്വന്തക്കാരിലൊരാള്‍ കാര്‍ത്തേജിലുള്ള ഹെറാക്ലിയൂസിന്റെ പിതാവിനൊരു കത്തെഴുതി. നിലവിലെ ഭരണം അട്ടിമറിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. അദ്ദേഹം തന്റെ മുപ്പത്തിനാലുകാരനായ മകന്‍ ഹെറാക്ലിയൂസിനെ ദൗത്യമേല്‍പിച്ചു. ഹെറാക്ലിയൂസ് നോര്‍ത്ത് ആഫ്രിക്കയിലെ അമാനിഗ് (amaziagh) സൈനികരുടെ അകമ്പടിയോടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുകയും കിരീട പ്രഖ്യാപനം നടത്തുകയും ചെയ്തു.
താങ്കള്‍ സൂചിപ്പിച്ചതുപോലെ, ആ കാലഘട്ടത്തില്‍ മക്കയിലെയും മദീനയിലെയും സ്ഥിതിവിശേഷമെന്തായിരുന്നു? ഇറാനികളന്ന് യമനിലും ഉണ്ടായിരുന്നതിനാല്‍ ഏതുസമയവും വടക്കുവഴി അവര്‍ കടന്നുവന്നേക്കാം. ട്രാന്‍സ്‌ജോര്‍ദാനിലും സിറിയയിലും ആധിപത്യം ഉണ്ടായിരുന്നതിനാല്‍ തെക്കു ഭാഗത്തിലൂടെയും പ്രവേശനം സുഗമമായിരുന്നു. അതിലുപരി, ഹിജാസിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വിലമതിച്ചിരുന്നുവെന്ന് മാത്രമല്ല സ്വയമേവ നാഥനില്ലാത്തവരായതിനാല്‍, ഇറാനിയന്‍ ചക്രവര്‍ത്തിയെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്തിരുന്നു. വാണിജ്യപാതയായ ഡമസ്‌കസിലൂടെയുള്ള കച്ചവടയാത്ര ദുഷ്‌കരമായിരുന്നതിനാല്‍ യുദ്ധസമയത്ത് കച്ചവടം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. കാരണം, ഇറാനിന്റെ അധിനിവിഷ്ട പ്രദേശമായിരുന്നു ഡമസ്‌കസന്ന്. അന്ത്യനാളെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളില്‍ ചിലത് ഈയൊരു കാലയളവില്‍ നിന്നുള്ളതാണെന്നാണ് എന്റെ വിശ്വാസം. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും, കടലലകള്‍ ഉയരും, വന്യമൃഗങ്ങള്‍ ഒത്തുകൂടും തുടങ്ങിയ സൂക്തങ്ങള്‍ ലോകം എങ്ങനെയാണ് പ്രക്ഷുബ്ധാവസ്ഥയിലാവുക എന്നാണ് വിവരിക്കുന്നത്.
ഹംസ യൂസുഫ്: അതെയതെ. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, ജൂതര്‍ പേര്‍ഷ്യരെ പിന്തുണക്കുന്നവരായിരുന്നു എന്ന ചരിത്രവസ്തുതയാണ്. കാരണം, ബൈസന്റീനികള്‍ ജൂത സെനഗോഗുകളെ പവിത്രത നശിപ്പിക്കുകയും അവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അബ്രഹാമിക സഞ്ചയത്തിലെ മറ്റൊരു മതകീയ അടരായി ജൂതായിസത്തെ കാണുന്നതിനുപകരം ക്രിസ്തുവിന്റെ ഘാതകരെന്ന നിലയിലാണ് ജൂതരെ ഗണിച്ചുപോന്നത്. അക്കാലത്ത് ജൂതര്‍ വ്യാപകമായി വേട്ടയാടപ്പെട്ടതിനാല്‍ ഇറാനികളെ മറ്റെല്ലാ ആദര്‍ശവ്യത്യാസങ്ങളും മറന്ന് തങ്ങളുടെ രക്ഷകരായി ജൂതര്‍ സ്വീകരിച്ചു.
പ്രവാചകന്‍ മുഹമ്മദ്(സ്വ) ജൂതരെ ഏകദൈവവിശ്വാസികളായ് പരിഗണിച്ചിരുന്നു. (ഞാന്‍ എപ്പോഴെങ്കിലും ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുമായിരുന്നെങ്കില്‍, അഹ്ലുൽ കിതാബിനെ ‘ബിബ്ലിലിയോസിന്റെ വക്താക്കള്‍’ എന്ന് വിവര്‍ത്തനം ചെയ്യുമായിരുന്നു. കാരണം, ഗ്രീക്ക് മൂലമായ ‘ബിബ്ലിയോസ്’ നിന്നാണ് ‘പുസ്തകം’ അഥവാ ‘ബൈബിള്‍’ എന്ന വാക്ക് ഉരുവം കൊണ്ടത്). തിരുദൂതരെ ദ്രോഹിച്ചിരുന്ന മക്കന്‍ പാഗന്‍ വിശ്വാസികളോട് എതിരിടാനുള്ള ന്യായ സഖ്യമായ് ജൂതരെ കണ്ടിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും, പ്രസ്തുത യുദ്ധവുമായ് ബന്ധപ്പെട്ട് മദീനയിലെ ജൂതര്‍ക്ക് തിരുദൂതരോടുണ്ടായിരുന്ന വിദ്വേഷം അതിശയകരം തന്നെ.
യുവാന്‍ കോള്‍: ശരിയാണ്. പ്രവാചകനും ആദ്യകാല ജൂതവിഭാഗവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണമായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഏകദൈവവിശ്വാസികളെ ഒന്നടങ്കം ലയിപ്പിച്ചുകൊണ്ടുള്ള അബ്രഹാമിക് സമുദായത്തെ(Abrahamic Ummah) സ്ഥാപിക്കുകയായിരുന്നു പ്രവാചക ലക്ഷ്യം. പരിശുദ്ധ ഖുര്‍ആനും മദീനാ ഭരണഘടനയും ഇതിനു വ്യക്തമായ തെളിവാണ്. പക്ഷെ, മക്കയിലെ പാഗന്‍ വിശ്വാസികള്‍ക്കെതിരെ രൂപീകരിച്ച അബ്രഹാമിക് സഖ്യം ഭാഗികമായേ വിജയിച്ചുള്ളൂ. കാലങ്ങള്‍ കഴിയവേ, ഒരു വലിയ വിഭാഗം ജൂതര്‍ തന്നെ പാഗന്‍ സഖ്യത്തില്‍ ചേര്‍ന്നു.
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. അഥവാ ഭൗമരാഷ്ട്രീയപരമായ തലം കൂടിയുണ്ടിതിന്. ആദ്യകാല മുസ്‌ലിംകള്‍ക്ക് മക്ക ഖുറൈശികളില്‍ നിന്ന് നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ യമനിലെ ഇറാനിയന്‍ ജനറലുകളുടെ ഒത്താശയുമുണ്ടായിരുന്നു. അവരോടൊപ്പം ചില ജൂതരുമുണ്ടായിരുന്നു. എന്നാല്‍, എല്ലാ ജൂതരെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ജൂതരെ സംബന്ധിച്ച് പിന്നീട് വന്ന ഖുര്‍ആനിക സൂക്തങ്ങള്‍ സഭ്യതയോടെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, മുസ്‌ലിംകളുമായി രമ്യതയിലും സ്‌നേഹത്തിലും കഴിഞ്ഞത് ക്രൈസ്തവരാണെന്ന് സൂറഃ മാഇദയില്‍ പറയുന്നുണ്ട്. ഈ വായന സാമ്രാജ്യത്തിന്റെ ജിയോ പൊളിറ്റിക്കല്‍ ഘടകങ്ങളെ ആശ്രയിച്ചായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശത്രുക്കള്‍ ജൂതന്മാരായിരുന്നു.
ഹംസ യൂസുഫ്: ബഹുദൈവ വിശ്വാസികളും അതേ ഗണത്തില്‍തന്നെ,
യുവാന്‍ കോള്‍: ഇരുവിഭാഗവും ഇറാനുമായി സഖ്യകക്ഷികളുമായിരുന്നു താനും.
ഹംസ യൂസുഫ്: ഇബ്ന്‍ ഇഹ്ഹാഖ് ഉദ്ധരിക്കുന്നതു പ്രകാരം, തിരുദൂതര്‍ മിദ്‌റാഷിലേക്ക് പോകുകയും റബ്ബികളുമായി ചര്‍ച്ചകളിൽ ഏര്‍പെടുകയും ചെയ്തിരുന്നു. മാത്രമല്ല, വിവിധ ക്രൈസ്തവ പ്രതിനിധി സംഘങ്ങളോടും നബി കൂടിക്കാഴ്ച നടത്തിയെന്ന് മാത്രമല്ല അതിനുപുറമെ മദീനാ പള്ളിക്കകത്തുവെച്ച് നജ്‌റാനീ സംഘത്തിന് വിരുന്നൊരുക്കുകയും ചെയ്തു. ചുരുങ്ങിയ പക്ഷം എട്ടാം നൂറ്റാണ്ടു വരെയെങ്കിലും മദീനയിലും പരിസര പ്രദേശങ്ങളിലും ജൂതസാന്നിധ്യം കാണാം.
ഉമര്‍ (റ) ജൂതരെ ഒഴിപ്പിച്ചുവെന്ന വാദത്തെ അടിസ്ഥാനമാക്കി പ്രബലമായ ഒരിസ്‌ലാമിക ആഖ്യാനം തന്നെയുണ്ട്. എന്നാല്‍ ഉസ്മാന്‍(റ)ന്റെ കാലത്ത്, പ്രവാചക പത്‌നിയായ സോഫിയ(സഫിയ്യ ബിന്‍ത് ഹുയയ്യ്) പ്രച്ഛന്ന ജൂതയാണെന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു വന്നു. സബ്ബാത്ത്(Sabbath) ദിനത്തില്‍ തന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചതിന്റെ പേരിലായിരുന്നു പ്രസ്തുത അപവാദം. ഈയൊരു ആരോപണത്തിന്റെ മുനയൊടിക്കുന്നതിനായി ഖലീഫതന്നെ നേരിട്ട്, പ്രവാചകപത്‌നിയോട് നിജസ്ഥിതിയന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘അവരെന്റെ ബന്ധുക്കളാണ്. എല്ലാവരെയും സബ്ബാത്ത് ദിവസത്തില്‍ കാണാന്‍ ഒത്തുകിട്ടുമെന്നതിനാലാണ് ഞാനന്ന് ആ സന്ദര്‍ശനത്തിന് തുനിഞ്ഞത്’. അഥവാ, ഖലീഫാ ഉസ്മാന്റെ കാലത്തും മദീനയില്‍ ജൂതസാന്നിധ്യമുണ്ടായിരുന്നു.
ഖലീഫ ഉമര്‍ ജൂതരെ ഇരുഹറമുകളില്‍ നിന്ന് മാത്രം കുടിയൊഴിപ്പിക്കുകയാണ് (ജലാ-expulsion) ചെയ്തത്. കാരണം, രണ്ടു മതങ്ങള്‍ അറബ് ജസീറയില്‍ ഒരേ സമയം സഹവര്‍ത്തിച്ചുകൂടാ എന്ന ഹദീസിലെ ‘ജസീറ അറബിയ്യ’യുടെ വിവക്ഷയെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളേറയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഖലീഫ ഉമര്‍ ഒരിക്കലും ജൂതരെ ബഹിഷ്‌കരിച്ചിട്ടില്ല, മറിച്ച് ഹറമൈന്‍ മേഖലയില്‍ മാത്രം വിലക്കേര്‍പ്പെടുത്തുകയായിരുന്നു എന്ന് മനസ്സിലാക്കുന്നതാകും യൂക്തിഭദ്രം.
യുവാന്‍ കോള്‍: ശരിയാണ്.
ഹംസ യൂസുഫ്: സീറയിലും ഇസ്‌ലാമിക ചരിത്രത്തിലും പുനര്‍വിചിന്തനം ആവശ്യമുള്ള നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ബറകാത്ത് അഹ്‌മദിന്റെ The jews and Muhammed എന്ന പുസ്തകം വായിച്ചപ്പോള്‍ പൊലിപ്പിച്ചെഴുതിയ ‘കൂട്ടക്കൊല’ കളുടെ കെട്ടുകഥകളെ കുറിച്ച് ഒരുള്‍ക്കാഴ്ചയുണ്ടായി. താങ്കളുടെ പുസ്തകം വായിച്ചപ്പോഴും സമാനമായൊരു തിരിച്ചറിവായിരുന്നു ഉണ്ടായിരുന്നത്. ബറകാത്തിന്റെ ഈ പുസ്തകം വായിക്കുന്നതിന് മുമ്പ്, മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പി.ബി.എസ് സീരീസില്‍ ഞാനൊരു ഇന്റര്‍വ്യൂ അനുവദിച്ചു. കൂട്ടത്തില്‍ ഖൈബറിനെ ചൊല്ലിയും സംസാരം വന്നു. അന്നൊരു ശരാശരി ഉത്തരം കൊടുക്കാനേ എനിക്ക് കഴിഞ്ഞിരുന്നൊള്ളൂ. എന്താണന്ന് പറഞ്ഞ മറുപടി എന്ന് പോലും ഇന്നെനിക്ക് ഓര്‍മയില്ല. ബറക്കാത്തിന്റെ പുസ്തവും, എം.ജി കിസ്റ്റര്‍ അതിനെഴുതിയ the massacre of banu qurayza: the reexamination of tradition എന്ന ഖണ്ഡനവും വായിച്ചു. കിസ്റ്ററിന്റെ പഠന നിരീക്ഷണങ്ങള്‍ അവലംബയോഗ്യവും അദ്ദേഹമൊരു അസാധാരണ ഗവേഷകനുമാണ്.
യുവാന്‍ കോള്‍: നിസ്സംശയം. പണ്ഡിതന്‍ തന്നെ.
ഹംസ യൂസുഫ്: കിസ്റ്ററിന്റെ ചില വാദങ്ങളില്‍ എനിക്ക് തോന്നിയ വിയോജിപ്പുകള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ മൈക്കിള്‍ ലെക്കറിനെഴുതിയ കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും അനാവശ്യമായ അതിശയോക്തികള്‍ സീറ-തഫ്‌സീര്‍ സാഹിത്യങ്ങളില്‍ കടന്നുകയറുകയും നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തുവെന്നത് തികച്ചും ദാരുണമാണ്. കൂട്ടക്കൊലയെക്കുറിച്ച് വിശദീകരിക്കുന്ന രേഖകളിലേക്ക് കടന്നുചെന്നാല്‍ എല്ലാ ജൂതരും ഉമ്മു ഹറാമിന്റെ വീടിനകത്തുണ്ടായിരുന്നുവെന്ന ചരിത്രം കാണാം.
എന്നാല്‍, ഞാന്‍ ചിന്തിക്കുന്നത്: ‘എങ്കില്‍ എത്രമാത്രം വലുതായിരിക്കണം ആ വീട്?’ ഇതേക്കുറിച്ച് സുഹൃത്തും സീറാ വിദഗ്ധനുമായ ശൈഖ് അബ്ദുല്ലാ അല്‍കാദിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ‘ഉമ്മു ഹറാമിന്റെ വീട്ടില്‍ എത്ര പേര്‍ക്ക് താമസിക്കാനാകും?’ അദ്ദേഹം പറഞ്ഞു: ‘പരമാവധി പത്ത്.’ എന്നിട്ടും മുന്നൂറു മുതല്‍ തൊള്ളായിരം വരെ ജൂതന്മാരെ വധിച്ചതായി സീറാ സാഹിത്യം പറയുന്നു. അതൊരു ഭീമമായ അന്തരമാണ്! ഇതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്താണ്?
യുവാന്‍ കോള്‍: സീറാ ഖുര്‍ആനിയ്യയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പ്രമാദകരമായ എന്തുണ്ടെങ്കിലും, ഖുര്‍ആനില്‍ അതിനെപ്രതി പരാമര്‍ശമുണ്ടാകും. ചില കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ എനിക്ക് സാധ്യമല്ല, എന്നാല്‍ ഖുര്‍ആനില്‍ ചില സുപ്രധാന കാര്യങ്ങള്‍ പ്രസ്താവിക്കുന്നതായി എനിക്ക് തോന്നുന്നു. ഹിജ്‌റയെക്കുറിച്ചും ഗുഹാവര്‍ത്തമാനങ്ങളെക്കുറിച്ചും അതില്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആനില്‍ ഒത്തിരി ചരിത്രമില്ലെന്ന് പറയുന്നവരുണ്ട്. ഞാന്‍ അവര്‍ക്ക് പ്രതികൂലമാണ്. അതുകൊണ്ട് ഇത്രമേല്‍ വലിയ ഒരു സംഭവം നടക്കുകയും അതുസംബന്ധിയായി ഒരു വേദവാക്യം ഉണ്ടാകില്ലെന്നും വിശ്വസിക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ട്
ഹംസ യൂസുഫ്: സൂറഃഅഹ്‌സാബില്‍ കൂട്ടക്കൊലയെ കുറിക്കുന്ന ഒരു വിവരണമുണ്ട്.
യുവാന്‍ കോള്‍: ഉണ്ട്. എന്നാല്‍ അതില്‍ പറയുന്നത് അവരാദ്യം യുദ്ധം ചെയ്യുകയും പിന്നീട് തടവുപുള്ളികളായി പിടിക്കപ്പെടുകയും ചെയ്തുവെന്നാണ്.
ഹംസ യൂസുഫ്: ചിലര്‍ കൊല്ലപ്പെട്ടുവെന്നും പ്രതിപാദിക്കുന്നു.
യുവാന്‍ കോള്‍: യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രസ്തുത സൂക്തങ്ങളുടെ പ്രതിപാദ്യം. അവരെ തടവിലാക്കി കൊന്നു എന്ന് ഒരിടത്തും പറയുന്നില്ല.
ഹംസ യൂസുഫ്: തീര്‍ച്ചയായും, അത് ആ വിധത്തില്‍തന്നെ മനസ്സിലാക്കണം.
യുവാന്‍ കോള്‍: അങ്ങനെയായിരിക്കാം. പക്ഷെ, ഞാനതിനൊരു ഖുര്‍ആനിക അടിസ്ഥാനം കല്‍പിക്കുന്നില്ല. ഖുര്‍ആനില്‍ മറ്റൊരു സൂക്തമുണ്ട്. യുദ്ധതടവുകാരോട് പുലര്‍ത്തേണ്ട നൈതികതയുമായി ബന്ധപ്പെട്ടതാണത്.
ഖുര്‍ആന്‍ പറയുന്നു: ‘അവരെ സ്വതന്ത്രരായി വിട്ടയക്കൂ, അല്ലെങ്കില്‍ മോചനദ്രവ്യാടിസ്ഥാനത്തില്‍ കുറ്റവിമുക്തനാക്കൂ.’ ഈ നിലയിലായിരിക്കണം തടവുപുള്ളികളോട് പെരുമാറേണ്ടത്.
ഹംസ യൂസുഫ്: എന്നിരുന്നാലും, അവിടെ മറ്റൊരു വ്യാഖ്യാനത്തിനുകൂടി സാധ്യതയുണ്ട്. കാരണം, ഭൂരിപക്ഷാഭിപ്രായം മാനിച്ച് പ്രവാചകര്‍ അവരുടെ വിധികര്‍ത്താവായില്ല. തോറയുടെ നിയമങ്ങള്‍ അവലംബിച്ചുകൊണ്ട് അവരെ വിധിവിസ്താരം നടത്തിയത് സഅദ് ബ്‌നു മുആദ് ആയിരുന്നു. അതിനാല്‍, ഈ തീര്‍പ്പുകല്‍പിക്കല്‍ സംഭവം തീര്‍ച്ചയായും ആഴത്തില്‍ പുനരവലോകനം ചെയ്യപ്പെടേണ്ടതും പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടതുമാണ്.
ഫറോവ-മോശ എന്നീ ദ്വന്ദത്തെ ആധുനിക പ്രതിസന്ധികളിലേക്ക് വെളിച്ചം വീശുന്ന ഉപമകളായി ആവിഷ്‌കരിച്ച താങ്കളുടെ ഉദ്യമം വളരെ അഭിനന്ദനര്‍ഹമാണ്. ഖുര്‍ആന്‍ ആത്യന്തികമായും മാതൃകാപരവുമാണെന്ന (archetypal) എന്റെ നിരീക്ഷണത്തോട് ഉപോല്‍പലകമാണ്. സ്ഥല-കാലാതിര്‍ത്തികളെ ഉല്ലംഘിക്കുന്ന ഒരു ശാശ്വതശക്തി മൂലരൂപങ്ങളില്‍(archetype) അന്തര്‍ലീനമാണ്.
Add comment