അബൂദബിയിലെ റബ്ദാൻ അക്കാദമിയിൽ സ്ട്രാറ്റജിക് തോട്ട് വിഭാഗത്തിൽ പ്രഫസറാണ് ഡോ. ജോയൽ ഹേവാർഡ്. പതിനേഴോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. മുഹമ്മദ് നബിയുടെ യുദ്ധങ്ങളെ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ദി വാരിയർ പ്രൊഫറ്റ് എന്ന ഗ്രന്ഥമാണ് ഇതിൽ അവസാനത്തേത്. യു. കെയുടെ വില്യം രാജകുമാരനടക്കം നിരവധി രാഷ്ട്രീയ-സെെനിക നേതാക്കൾക്ക് ഉപദേശം നൽകിയിട്ടുണ്ട്.
ചോ: യുദ്ധത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ സങ്കല്‍പം എന്താണ്? ഇന്നത്തെ ഇസ്‌ലാമിക രാജ്യങ്ങള്‍ ആ ചട്ടക്കൂടുകള്‍ പാലിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഇത് എത്രത്തോളം പാലിക്കപ്പെട്ടിരുന്നു?
ഉ: യുദ്ധത്തിനോടുള്ള ഇസ്‌ലാമിന്റെ സമീപനം ‘അല്‍ ജിഹാദ്’ എന്നാണ് അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ പോരാട്ടങ്ങളുടെ അനിവാര്യ ഘടകമായിരുന്ന മാനസികവും ശാരീരികവുമായ പ്രയത്‌നമാണ് ഈ പേരിനുപിന്നില്‍. പോരാളികള്‍ക്ക് അവരവരുടെ ആയുധങ്ങളും ഭക്ഷണവും സ്വയം കണ്ടെത്തേണ്ടതായിട്ടുണ്ടായിരുന്നു. ഈ ഭക്ഷണങ്ങള്‍ പലപ്പോഴും പെട്ടെന്ന് തീര്‍ന്നുപോവുകയും പട്ടിണിയില്‍ അകപ്പെടുകയും ചെയ്യല്‍ പതിവായിരുന്നു. പകലില്‍ ഉറങ്ങുകയും രാത്രി ദീര്‍ഘയാത്ര നടത്തുകയും ചെയ്യേണ്ടിയിരുന്നു അവര്‍ക്ക്. പൊള്ളുന്ന ചൂടിലും കോച്ചുന്ന തണുപ്പിലും അവര്‍ യാത്ര ചെയ്തു. പതിന്മടങ്ങ് ശേഷിയുള്ള ശത്രുവ്യൂഹത്തിനു മുന്നില്‍ ജീവന്‍ അപകടത്തിലാക്കുക വരെ ചെയ്തു. ഇത് അക്ഷരാര്‍ഥത്തില്‍ പ്രയത്‌നം തന്നെയായിരുന്നു, അറബിയില്‍ പറയുമ്പോള്‍ ‘ജിഹാദ’. പക്ഷെ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടം നബിതങ്ങളോട് നിര്‍ദേശിക്കപ്പെട്ട കാര്യമായിരുന്നു. അതുകൊണ്ടുതന്നെ, യുദ്ധം അത്യാവശ്യമാണെന്ന് മുസ്‌ലിം ഭരണാധികാരി വിധിച്ചാല്‍, എല്ലാ മുസ്‌ലിം പുരുഷന്മാര്‍ക്കും ജിഹാദ് ചെയ്യല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് പില്‍കാലത്ത് വന്ന കര്‍മശാസ്ത്ര പണ്ഡിതര്‍ വിലയിരുത്തി.
സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, അംഗപരിമിതര്‍, പരിക്കുപറ്റിയ സേനാംഗങ്ങള്‍, ശത്രു പാളയത്തിലെ തടവുകാര്‍ തുടങ്ങിയ യുദ്ധമുന്നണിയിലില്ലാത്ത ഒരാളും മനഃപൂര്‍വം ഉന്നം വെക്കപ്പെടരുതെന്ന് ഇസ്‌ലാം ഉറപ്പിച്ചുപറയുന്നു. ഇതിനുവേണ്ടിയുള്ള നിയമങ്ങള്‍ ഉലമാഅ് വികസിപ്പിച്ചിട്ടുണ്ട്.
പടയാളികള്‍ മാത്രം ഏറ്റുമുട്ടുന്നതാകണം യുദ്ധം. പ്രവാചകചര്യകളുടെ അടിസ്ഥാനത്തിലാണ് ഉലമാഅ് ഈ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുള്ളത്. മുസ്‌ലിംകള്‍ ഏത് സാഹചര്യത്തിലാണ് യുദ്ധത്തിനിറങ്ങേണ്ടതെന്ന് (ഈ സംഹിത കൃസ്ത്യന്‍ പാരമ്പര്യത്തില്‍ jus and Bellum അഥവാ യുദ്ധത്തിന്റെ ന്യായമായ കാരണങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു) ഉലമാഅ് നിശ്ചയിച്ചിട്ടില്ല. പകരം യുദ്ധം ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ നീതിപരമായിട്ട് പോരാടാം എന്നതാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് വിചിത്രമായി തോന്നുമെങ്കിലും ഇതിലെ യുക്തി വളരെ ലളിതമാണ്. അതായത് ദാറുല്‍ ഇസ്‌ലാമും ദാറുല്‍ ഹര്‍ബും നിരന്തരമായ സംഘട്ടനത്തില്‍ തുടരണമെന്നാണ് അവരുടെ അടിസ്ഥാനം. ദാറുല്‍ ഹര്‍ബ് സന്ധിയിലേര്‍പ്പെടാത്ത കാലത്തോളം ഈ നിരന്തര സംഘട്ടനം അനിവാര്യവും ധാര്‍മികമായി ശരിയുമായിരുന്നു. ഇക്കാരണത്താലാണ് മധ്യകാല ഉലമാഅ് യുദ്ധകാരണങ്ങളെ വിശദീകരിക്കാതിരിക്കുന്നത്.
ഖുലഫാഉ റാഷിദുകള്‍ക്ക് ശേഷവും ഇസ്‌ലാമിക സൈന്യങ്ങള്‍ ജിഹാദിന്റെ മൂല്യങ്ങള്‍ മുറുകെ പിടിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രം അന്ധമായ ക്രൂരത നിറഞ്ഞതേ അല്ല. എങ്കിലും മനുഷ്യന്‍ അപൂര്‍ണനായതുകൊണ്ടും ഈ യുദ്ധനിയമങ്ങള്‍ പല അളവുകളിലായി ലംഘിക്കപ്പെട്ടതും ചരിത്രത്തിലുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തോട് മാത്രമല്ല, ജനീവ കണ്‍വെന്‍ഷനിലെ നിര്‍ദേശങ്ങളോടും താദാത്മ്യപ്പെടാന്‍ ഇന്നത്തെ ഇസ്‌ലാമിക രാജ്യങ്ങള്‍ തങ്ങളുടെ സൈനികരോട് നിര്‍ദേശിക്കുന്നുണ്ടെന്ന വസ്തുത പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതേസമയം ISISനെ പോലുള്ള തീവഗ്രൂപ്പുകള്‍ അവ പാലിക്കുന്നില്ല എന്നതില്‍ എനിക്ക് ദുഃഖമുണ്ട്. വെറുപ്പിന്റെ പ്രചാരകരായ അവര്‍ അതിഭീകരമായ രീതിയില്‍ ആധികാരിക ഇസ്‌ലാമിക കര്‍മശാസ്ത്രത്തെ ഉല്ലംഘിക്കുകയാണ്.
ഉ: മുസ്‌ലിംകളുടെ കീഴടക്കലുകള്‍ വലിയ അളവിലുള്ള മതപരിവര്‍ത്തനത്തിന് കാരണമായിട്ടില്ല എന്ന് താങ്കളൊരിടത്ത് സമര്‍ഥിക്കുന്നുണ്ട്. എങ്കില്‍ ഇസ്‌ലാമിക പ്രാചാരണത്തിന്റെ ഏറ്റവും നല്ല ഒരു മാര്‍ഗമായാണ് യുദ്ധത്തെ നബിതങ്ങള്‍ കണ്ടെതെന്ന് എന്തുകൊണ്ടാണ്താങ്കള്‍ വാദിക്കുന്നത്.
ഉ: സമൂഹത്തില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ യുദ്ധങ്ങള്‍കൊണ്ട് സാധിക്കുമെന്ന് നബിതങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ പുതിയ രാഷ്ട്രവ്യവസ്ഥയെ സ്ഥാപിക്കാന്‍ അതൊരു പ്രധാനമാര്‍ഗമായി സ്വീകരിച്ചത്. തന്റെ ശേഷം ഈ രാഷ്ട്ട്രവ്യവസ്ഥ ആദ്യം ഒരു രാഷ്ട്രമായും പിന്നീടൊരു സാമ്രാജ്യമായും വളരേണ്ടതുണ്ടായിരുന്നു.
നബിയുടെ കാലഘട്ടത്തില്‍ അതൊരിക്കലും ഒരു രാഷ്ട്രീയമായി മാറിയിരുന്നില്ല. പിതൃപരമ്പരക്കും കുടുംബബന്ധത്തിനും പകരം മതപരമായ അസ്തിത്വം അംഗത്വത്തിന്റെ അടിസ്ഥാനമായി എന്നതൊഴിച്ചാല്‍ ഒരു ‘വിശാലമായ ഗോത്രം(super-tribe) തന്നെയായിരുന്നു അക്കാലത്ത് ഇസ്‌ലാം.
മുസ്‌ലിംകളല്ലാത്തവരെ നിര്‍ബന്ധിപ്പിച്ച് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതായിരുന്നില്ല നബിയുടെ ഉദ്യമം; ഇത് അടിച്ചേല്‍പിക്കാന്‍ യുദ്ധം ഒരു മാധ്യമമായി തങ്ങള്‍ സ്വീകരിച്ചതുമില്ല. മറിച്ച്, മുസ്‌ലിംകളല്ലാത്ത ഗോത്രക്കാരെ തന്റെ രാഷ്ട്രീയാധികാരത്തിന് കീഴ്‌പെടുത്താന്‍ തങ്ങള്‍ യുദ്ധത്തെ ഉപയോഗിച്ചു. മുസ്‌ലിമായിട്ടോ അല്ലെങ്കില്‍ ജിസ്‌യ അടക്കുന്ന അമുസ്‌ലിമായിട്ടോ ബൈഅത്ത് ചെയ്ത് തന്റെ രാഷ്ട്രീയധികാരത്തിന് കീഴില്‍ ജീവിക്കാം.
ചോ: നബിയും മക്കയിലെ ബഹുദൈവാരാധകരും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം എന്തായിരുന്നു? അവയുടെ ഇടയില്‍ തന്നെ നിരവധി ഏകദൈവ വിശ്വാസികള്‍ ഉണ്ടായിരുന്നില്ലേ? എന്തുകൊണ്ടാണ് അവരോട് ഇവര്‍ യുദ്ധം ചെയ്യാതിരുന്നത്? രാഷ്ട്രീയപരമായ കൂടിച്ചേരല്‍ മതപരിവര്‍ത്തനത്തിനു തുല്യമായി തബിതങ്ങള്‍ കണ്ടിരുന്നോ?
ഉ : നബിതങ്ങളുടെ കാലത്ത് ഒട്ടനവധി ഏകദൈവ വിശ്വാസികള്‍ അറേബ്യയിലുണ്ടായിരുന്നു. ജൂതന്മാരും കൃസ്ത്യാനികളുമെല്ലാം ഇതിലടങ്ങുന്നു. ബഹുദൈവവിശ്വാസികളോട് മതപരമായ കാര്യങ്ങളില്‍ എതിരിടാന്‍ ഇവര്‍ മുന്നോട്ടുവരാത്തത് കൊണ്ടുതന്നെ ഇവരെ വെറുതെവിടാന്‍ അവരും തയ്യാറായിരുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഒരര്‍ത്ഥത്തില്‍ തന്റെ സഹോദരമതസ്ഥരായിട്ടാണ് നബിതങ്ങള്‍ കണ്ടത്. അതുകൊണ്ട് തന്നെ അവര്‍ മതപരിവര്‍ത്തനം നടത്തണമെന്ന് തങ്ങള്‍ ശഠിച്ചിട്ടില്ല. എന്നാല്‍ തനിക്ക് ബൈഅത്ത് ചെയ്യണമെന്ന് ശഠിക്കുന്നതോടൊപ്പംതന്നെ അവരുടെ ചില വിശ്വാസവൈകല്യങ്ങളെ തുറന്നുകാണിക്കുകയും ചെയ്തു (ക്രിസ്ത്യാനികളുടെ ‘ത്രിയേകത്വം’ പോലുള്ളവ).
അവരുടെ വിശ്വാസസംഹിതയിലെ ചില വൈകല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നത് ഇസ്‌ലാമിലേക്ക് അവര്‍ പരിവര്‍ത്തനം ചെയ്യണമെന്നതിനോ യുദ്ധം മുഖേന അവരുടെ വിശ്വാസങ്ങള്‍ തിരുത്തപ്പെടണം എന്നതിനോ തെളിവല്ല.
ചോ: പരക്കെ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരായുധമായ മിന്‍ജനീഖ് കര്‍മശാസ്ത്രത്തില്‍ എങ്ങനെയാണ് വീക്ഷിക്കപ്പെട്ടത്? ജിഹാദുകളില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നല്ലോ?
ഉ: അമ്പുകളെപ്പോലെ കല്ലുകളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ആയുധമായിരുന്നു മിന്‍ജനീഖ് (trebuchet). ഖൈബര്‍, ത്വാഇഫ് ഉപരോധങ്ങളില്‍ നബിതങ്ങള്‍ ഇതുപയോഗിച്ചിരുന്നു. ആദ്യത്തേത് വിജയിക്കുകയും രണ്ടാമത്തേത് പരാജയപ്പെടുകയും ചെയ്തു. ഇത് പരക്കെ നാശനഷ്ടങ്ങളുണ്ടാക്കുന്നുവെന്നത് ഒരു മിത്ത് മാത്രമാണ്. ഇസ്‌ലാമില്‍ ഇത് ഉപയോഗിക്കല്‍ നിരോധിതവുമല്ല. ഉന്നം കൃത്യമാക്കാന്‍ പ്രയാസമുള്ള ഇത്തരം ആയുധങ്ങള്‍ വളരെ ശ്രദ്ധയോടെയും കരുതലോടെയും മാത്രമേ ഉപയോഗിക്കാവൂ എന്നത് നബിതങ്ങളുടെ പ്രത്യേക നിര്‍ദേശമാണ്. പോരാളികളല്ലാത്തവര്‍ക്ക് ആകസ്മികമായിപോലും പരിക്കുപറ്റാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ കോട്ടവാതിലുകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് ഉപയോഗിക്കപ്പെടുന്നതെങ്കില്‍ അതില്‍ ഈ ധാര്‍മിക മൂല്യങ്ങളുടെ ലംഘനം വരുന്നില്ലല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കാം.
ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍, കോട്ടകളുടെ ഉപരോധത്തില്‍ മിന്‍ജനീഖ് ഉപയോഗിക്കല്‍ അത്യാവശ്യമായിരുന്നു. പോരാളികളല്ലാത്തവര്‍ ഒരിക്കലും ഉന്നം വെക്കപ്പെടരുതെന്ന ഉപാധിയോടെ ഉലമാഅ് എല്ലാ കാലത്തും ഇത് അനുവദിച്ചിട്ടുണ്ട്.
ചോ: ആധുനിക യുദ്ധപോരാട്ടവും പൂര്‍വാധുനിക യുദ്ധപോരാട്ടവും എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? പൂര്‍വാധുനിക യുദ്ധം രൂപപ്പെട്ടുവരുന്നതിന്റെ ചുവടുകള്‍ എന്തൊക്കെയാണ്? നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടാണോ അതോ ആകസ്മികമായാണോ യുദ്ധങ്ങള്‍ നടന്നിരുന്നത്?
ഉ: ആധുനികയുദ്ധവും പൂര്‍വാധുനിക യുദ്ധവും ഒരേ പ്രക്രിയകളാണ് ഉള്‍കൊള്ളുന്നത്. തന്റെ പക്ഷത്തുള്ളവരെ സംരക്ഷിക്കുന്നതോടൊപ്പം എതിര്‍പക്ഷത്തെ പരമാവധി ശത്രുക്കളെ കൊല്ലുകയെന്നതാണ് അന്നും ഇന്നും തുടര്‍ന്നു വരുന്ന രീതി. ഈ പ്രക്രിയകളില്‍ മാറ്റം വന്നിട്ടില്ലെങ്കിലും ഉപയോഗിക്കുന്ന ആയുധങ്ങളില്‍ വളരെ വലിയ മാറ്റങ്ങളുണ്ട്. ഇന്നത്തെ ആയുധങ്ങള്‍ മാരക പ്രഹരശേഷിയുള്ളവയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാന്‍ ഇതുകൊണ്ട് സാധിക്കും.
ദുഃഖകരമെന്നോണം, 20ാം നൂറ്റാണ്ടുമുതല്‍ പോരാളികളേക്കാള്‍ കൂടുതല്‍ പോരാളികളല്ലാത്തവരാണ് യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്. പാരമ്പര്യ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് അന്യമായ ഒന്നാണിത്. പോരാളികളല്ലാത്തവര്‍ യുദ്ധത്തിന്റെ യാതൊരു കൊടുതിയും നേരിടരുതെന്നതില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം വളരെ കര്‍ശനമാണ്. അവര്‍ ഒരു നിലക്കും ഉന്നം വെക്കപ്പെടരുത്.
കബളിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കം, തന്ത്രപരമായ ചലനങ്ങള്‍ ആകസ്മികമായ ആക്രമണങ്ങള്‍: എല്ലാം പ്രവാചകന്റെ യുദ്ധ നീക്കങ്ങളുടെ ഭാഗമായിരുന്നു. ഇരു ഭാഗത്തും ഏറ്റവും കുറവ് അത്യാഹിതങ്ങളോടെ ശത്രുവിനെ പരാജയപ്പെടുത്തി യുദ്ധം ജയിക്കാനുള്ള പ്രവാചകന്റെ തന്ത്രമായിരുന്നു അത്. തന്റെ ശത്രുപക്ഷത്തുള്ളവര്‍ പോലും കൊല്ലപ്പെടുന്നതിന്റെ എണ്ണം ഗണ്യമായി കുറക്കാന്‍ പ്രവാചകന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതുകൊണ്ടുതന്നെ പ്രവാചകന്റെ യുദ്ധങ്ങള്‍ വളരെ കുറച്ച് അത്യാഹിതങ്ങള്‍ മാത്രമേ വരുത്തിവെച്ചിട്ടുള്ളൂ.
അവസാനകാലത്ത് ഔദ്യോഗിക യുദ്ധപ്രഖ്യാപനവും പ്രവാചകന്‍ നടത്തിയിരുന്നു. ശത്രുവിനോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടലാണ് ആദ്യ ഘട്ടം. അത് നിരസിച്ചാല്‍ തന്റെ രാഷ്ട്രാധികാരം അംഗീകരിക്കാന്‍ ആവശ്യപ്പെടും. ഈ രീതി പിന്തുടരുന്നത് അനാവശ്യ ചോരചിന്തലുകള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കുമെന്ന് പ്രവാചകന്‍ പ്രത്യാശിച്ചു. ശത്രുക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന ഈ രീതി ഇന്നും ഫിഖ്ഹിന്റെ ഭാഗമാണ്. ഈ ക്ഷണം നടത്തുന്ന ഇടവേളയില്‍ യുദ്ധത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവിടെ കര്‍മശാസ്ത്ര ഇളവുകളുണ്ട്.
ചോ: വോള്‍ട്ടെയറിനെ പോലോത്ത ജ്ഞാനോദയ ചിന്തകര്‍ എന്തുകൊണ്ടാണ് പ്രവാചകനെ മതഭ്രാന്തനെന്നും യുദ്ധക്കൊതിയനെന്നും വിളിക്കുന്നത്? അവര്‍ക്ക് മധ്യകാല യുദ്ധരീതികള്‍ അറിയില്ലായിരുന്നോ? അതോ മനഃപൂര്‍വമായ അപകീര്‍ത്തി വരുത്തുകയായിരുന്നോ?
ഉ: ആയിരത്തോളം വര്‍ഷമായി പരിശുദ്ധ പ്രവാചകനെ മുഴുവന്‍ ക്രിസ്ത്യാനികളും ഇതര അമുസ്‌ലിംകളും പൂര്‍ണമായി മനസ്സിലാക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ, ജ്ഞാനോദയ ചിന്തകര്‍ തങ്ങളുടെ മുന്‍ഗാമികളുടെ അതേ വീക്ഷണം പങ്കുവെച്ചുവന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. തന്റെ മതക്കാര്‍ മറ്റുള്ളവരെ അതിജയിക്കണമെന്ന അമിതമായ താല്‍പര്യം (triumphalism) എല്ലാ മതങ്ങളുടെ ചരിത്രത്തിലും കാണാം.
ക്രിസ്തുമതത്തിലുള്ളതുപോലെ ഇത് മുസ്‌ലിംകളിലും ഉണ്ടെന്ന് പറയാതെ വയ്യ. മറ്റു പാരമ്പര്യങ്ങളെയും വ്യക്തിത്വങ്ങളെയും അവമതിച്ച് തന്റെ മതത്തെ അന്തമില്ലാതെ പുകഴ്ത്തുന്ന മുസ്‌ലിംകളെ എനിക്കറിയാം. ഇത് ആര് ചെയ്യുന്നതാണെങ്കിലും തെറ്റുതന്നെയാണ്. ഇന്ന് അമുസ്‌ലിംകളായ പലരും പ്രവാചകനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതുല്യമായ ധാര്‍മിക ജീവിതം നയിച്ച പ്രവാചകന്‍ ചരിത്രത്തിലെ അതിവിശിഷ്ടമായ ഒരു വ്യക്തിത്വമാണെന്നും ആ ജീവിതം പഠനവിധേയമാക്കേണ്ടതാണെന്നും അവര്‍ തിരിച്ചറിയുന്നു.
ചോ: വെടിമരുന്ന് ഏതുരീതിയിലാണ് മുസ്‌ലിം സമൂഹങ്ങളില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. ‘തീ ഉപയോഗിച്ചുള്ള കൊല്ലല്‍’ എന്നത് ഒരു പണ്ഡിത സംവാദത്തിന് വഴിവെച്ചിരുന്നോ? ഉസ്മാനി, മുഗള്‍ തുടങ്ങിയ സാമ്രാജ്യങ്ങളിലെ യഥാര്‍ഥ യുദ്ധതന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു.
ഉ: വെടിമരുന്ന് വളരെ പെട്ടെന്ന് മുസ്‌ലിം സാമ്രാജ്യങ്ങളുടെ യുദ്ധ സന്നാഹങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. 13-14 നൂറ്റാണ്ടുകളിലെ ആദ്യകാല ഉസ്മാനി ഖലീഫമാര്‍ വലിയ അളവില്‍ വെടിമരുന്ന് ഉപയോഗിക്കുകയും തുടര്‍ച്ചയായ വിജയങ്ങള്‍ നേടുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ തോക്കുകച്ചവടക്കാരില്‍നിന്ന് വാങ്ങിയ പീരങ്കി തോക്കുകള്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതിന് ഉപയോഗിച്ചത് ഇതിനുദാഹരണമാണ്. യുദ്ധത്തിന്റെ കര്‍മശാസ്ത്രത്തില്‍ ഈ വെടിമരുന്ന് വിപ്ലവകരമായ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല.
അത്യന്തികമായി, അമ്പുകളും കുന്തങ്ങളും പീരങ്കികളും ചെയ്തിരുന്ന ശത്രുപക്ഷത്തെ സൈനികരെ കൊല്ലുക എന്ന ധര്‍മം മാത്രമാണ് വെടിമരുന്നും നിര്‍വഹിച്ചത്. കൂടുതല്‍ ഫലപ്രദമായും അകലം പാലിച്ചും വേഗതയോടെ ഇവക്ക് അക്രമിക്കാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ ആ വിദ്യ മുസ്‌ലിംകള്‍ വശപ്പെടുത്തിയില്ലെങ്കില്‍ വെടിമരുന്നുള്ള ശത്രുവിനെ യുദ്ധത്തില്‍ നേരിടാന്‍ മുസ്‌ലിം സേനക്ക് ഒരുനിലക്കും സാധിക്കാതെ വരും. പോരാളികളല്ലാത്തവര്‍ കൊല്ലപ്പെടാനുള്ള മികച്ച സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കില്‍ യഥാര്‍ഥ പോരാളികള്‍ക്കെതിരെപോലും അവ ഉപയോഗിക്കാന്‍ പാടില്ല. 1400 വര്‍ഷമായി നിരപരാധികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇസ്‌ലാം അതീവജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.
Add comment