Thelicham

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ ശാഫി മദ്ഹബിന്റെ സഞ്ചാര പഥങ്ങള്‍

മലയാളി യുവചരിത്രകാരന്മാരില്‍ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നയാളാണ് മഹ്‌മൂദ് കൂരിയ. പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സങ്കല്‍പ്പം മുതല്‍ വിദ്യാഭ്യാസ രീതികള്‍ വരെയുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹവുമായി വി. മുസഫർ അഹ്മദ് നടത്തിയ സൂം അഭിമുഖം.

ചോ: താങ്കളുടെ പുതിയ പുസ്തകം ‘ഇസ്‌ലാമിക്ക് ലോ ഇന്‍ സര്‍ക്കുലേഷന്‍, ഷാഫി ടെക്സ്റ്റ്‌സ് എക്രോസ് ദ ഇന്ത്യന്‍ ഓഷ്യന്‍ ആന്റ് ദ മെഡിറ്ററേനിയന്‍’- ഇതില്‍ നിന്നും നമുക്ക് ഈ സംഭാഷണം ആരംഭിക്കാം. ഈ ഗ്രന്ഥ രചനയില്‍ കൈക്കൊണ്ട ചരിത്ര സങ്കല്‍പ്പത്തെക്കുറിച്ച് വിശദമാക്കാമോ? താങ്കള്‍ ഈ അന്വേഷണത്തില്‍ ചരിത്ര പഠനത്തിലെ രീതികള്‍ക്ക് മാറ്റം വരുത്താന്‍ ശ്രമിച്ചിരുന്നോ?

ഉ: പുസ്തകം എന്റെ പി.എച്ച്.ഡി പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള രചനയാണ്. പി.എച്ച്.ഡി തീസിസില്‍ നിന്നുള്ള വലിയൊരു മാറ്റം പുസ്തകത്തിലെ അവസാന അധ്യായമാണ്. അത് പി.എച്ച്.ഡി ഡെസര്‍ട്ടേഷനിലില്ല. പുസ്തകത്തിലെ ഏറ്റവും ദീര്‍ഘമായ അധ്യായമായ അത് വിവര്‍ത്തനങ്ങളെ കുറിച്ചാണ്. ഈ പഠനം തുടങ്ങുന്ന കാലത്തും പിന്നീടത് പരിഷ്‌ക്കരിക്കുന്ന വേളയിലും പല ഉല്‍ക്കണ്ഠകളുമുണ്ടായിരുന്നു. ചരിത്രത്തില്‍ എങ്ങിനെ ഇടപെടാം എന്നതിനെക്കുറിച്ചായിരുന്നു ഇതില്‍ ആദ്യത്തേത് ആധുനികതകക്കും കൊളോണിയല്‍ കാലത്തിനും മുമ്പുള്ള ഇസ്‌ലാാമിക നിയമങ്ങളെക്കുറിച്ചു പറയുമ്പോഴെല്ലാം പണ്ഡിതന്‍മാര്‍ പൊതുവെ മിഡിലീസ്റ്റിലേക്കാണ് പോവുക. ഇസ്‌ലാമിക് ലോ പഠനങ്ങള്‍ എടുത്തു നോക്കിയാല്‍ അവയെല്ലാം മിഡിലീസ്റ്റ് കേന്ദ്രിതമാണെന്ന് കാണാം. അതിന്റെ പുറത്തു കടക്കുക എന്നത് പ്രധാനമായി തോന്നി.

സൗത്ത് ഏഷ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ളത്. അതു പോലെ തന്നെ സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് ഏറ്റവും വലിയ മുസ്‌ലിം രാജ്യമുള്ളത്. ഈ പ്രദേശത്തു നിന്നുള്ള മുസ്‌ലിം നിയമങ്ങളെക്കുറിച്ച് ചരിത്രകാരന്‍മാര്‍ പറയുന്നത് കൊളോണിയല്‍ കാലഘട്ടം മുതല്‍ മാത്രമാണ്. അതായത് 18-ാം നൂറ്റാണ്ടു മുതല്‍. അതു ശരിയല്ല.

ചോ: ഒന്നു കൂടി വ്യക്തമാക്കുമോ?

ഉ: ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന ആംഗ്ലോ-മുഹമ്മദന്‍ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ ഇന്തോനേഷ്യയില്‍ ഡച്ചുകാര്‍ നടത്തുന്ന പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട്- ഇങ്ങനെയുള്ള കാര്യങ്ങള്‍ വെച്ചാണ് ഈ ഭാഗങ്ങളിലുള്ള മുസ്‌ലിം നിയമങ്ങളെക്കുറിച്ച് പറയാറ്. ഇതില്‍ നിന്ന് മാറ്റമുണ്ടാക്കാനുള്ള ഇടപെടലായിരുന്നു മുഖ്യമായും വേണ്ടിയിരുന്നത്. മറ്റൊന്ന് ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ മുസ്‌ലിങ്ങളെക്കുറിച്ചാണ്. അവരുടെ പല പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കേണ്ടിയിരുന്നു. അതോടൊപ്പം അവരുടെ സമാനതകള്‍ എന്നെ ആകര്‍ഷിക്കുകയും ചെയ്തു. ഈ സമാനതകള്‍ വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്.

സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിലെ മുസ്‌ലിംകളെ നോക്കുകയാണെങ്കിലും ഇന്ത്യനേഷ്യയിലെ മുസ്‌ലിംകളെ നോക്കുകയാണെങ്കിലും സതേണ്‍ ഫിലിപ്പൈന്‍സിലെ മഗ്വിന്ദനവോ പോലുള്ള പ്രദേശങ്ങളിലാണെങ്കിലും ഒരു പാട് സമാനതകള്‍ കാണാന്‍ പറ്റും. ഈ സമാനതകള്‍ എന്തു കൊണ്ടാണ് സംഭവിച്ചത്. പ്രത്യേകിച്ച് മുസ്‌ലിം നിയമങ്ങളുമായി ബന്ധപ്പെട്ട്. ഈ പറയുന്നവരെല്ലാം ശാഫി മദ്ഹബ് പിന്തുടരുന്നവരാണ്. അതു കൊണ്ടാണ് ഇത്തരം സമാനതകള്‍ എന്നതിനെ സംബന്ധിച്ച് വ്യക്തമായ പഠനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

അതിനെക്കുറിച്ച് പഠിക്കുക, അത്തരത്തില്‍ ഒരിടപെടല്‍ നടത്തുക എന്ന താല്‍പര്യത്തില്‍ നിന്നാണ് ഈ പുസ്തകമുണ്ടാവുന്നത്. എങ്കിലും ഞാനീ പഠന കാലത്ത് നോക്കിയ മറ്റൊരു കാര്യം, ഇന്ത്യയിലായാലും ഇന്തോനേഷ്യയിലായാലും മുസ്‌ലിംമുസ്‌ലിംകള്‍ കാലങ്ങളായി സ്വന്തമായി എഴുതിക്കൊണ്ടിരുന്ന ചരിത്രം നോക്കുക എന്നതു കൂടിയായിരുന്നു. ഇത്തരം രേഖകള്‍/പുസ്തകങ്ങള്‍/പഠനങ്ങള്‍ ഇവയുടെ ഒരു സര്‍വ്വേ നടത്താമെന്നാണ് തുടക്കത്തില്‍ ഞാന്‍ കരുതിയിരുന്നത്. അവയുടെ ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കുക- ഇതായിരുന്നു പഠനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന സങ്കല്‍പ്പം.

സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മൂന്നു മേഖലകളാണ് പ്രധാനമായും ആദ്യം തിരിച്ചറിഞ്ഞിരുന്നത്. ഈ പറഞ്ഞ മുസ്‌ലിം ചരിത്ര രചനകളെല്ലാം ആധുനിക പൂര്‍വ്വകാലത്ത് വന്നവയാണ്. ഇത്തരം കൃതികള്‍ ഒന്നുകില്‍ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ളതാണ്. അല്ലെങ്കില്‍ ആധ്യാത്മികതയുമായി ബന്ധപ്പെട്ടാണ്. മൂന്നാമത് എത്തിക്ക്‌സ് അഥവാ അഹ്‌ലാഖ്, ദീനിയാത്ത് വിഭാഗത്തിലുള്ള ടെക്സ്റ്റുകളാണ്. അതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഞാന്‍ ഇസ്‌ലാമിക നിയമം എടുത്തത്.

ചോ: മഹ്‌മൂദിന്റെ പുസ്തകത്തിന്റെ പിന്‍ചട്ടയില്‍ വിഖ്യാത ചരിത്രകാരന്‍ എന്‍സങ്‌ഹോ പറയുന്നു: സ്‌പോണര്‍ഷിപ്പുകൊണ്ടോ, അധിനിവേശം കൊണ്ടോ, അധികാരം പിടിച്ചെടുത്തുകൊണ്ടോ അല്ലാതെ ഇസ്‌ലാം ഇന്ത്യന്‍ മഹാസമുദ്രതീരത്ത് എങ്ങിനെ പ്രചരിച്ചു എന്ന് അന്വേഷിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വ ഗ്രന്ഥം: ഇപ്രകാരമാണ് അദ്ദേഹം പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. പണ്ഡിതര്‍, വ്യാപാരികള്‍ എന്നിവരിലൂടെയായിരുന്നു ഇസ്‌ലാമിന്റെ ഇന്ത്യന്‍ മഹാസമുദ്ര തീര വ്യാപനം എന്ന് മഹ്‌മൂദ് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘തെളിച്ചം’ വായനക്കാര്‍ക്കുവേണ്ടി ഈ ആര്‍ഗ്യുമെന്റ് സംക്ഷിപ്തമായി വിവരിക്കാമോ?

ഉ: ഇസ്‌ലാമുമായി ബന്ധപ്പെട്ട ജ്ഞാനോല്‍പ്പാദനത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ചും മിഡിലീസ്റ്റില്‍ ഭരണകൂട സഹായം, പിന്തുണ, സ്‌പോണ്‍സര്‍ഷിപ്പ് നമുക്ക് കാണാന്‍ പറ്റും. അബ്ബാസൈദ്, ഉമയ്യാദ്, ഫാത്തിമത്ത് ഡൈനാസ്റ്റികളെല്ലാം എടുത്തു നോക്കിയാല്‍ ഞാനീ പറഞ്ഞ കാര്യം കാണാം. അയ്യൂബൈറ്റ്‌സ്, ഓട്ടോമന്‍സ്, മംമ്‌ലൂക്ക്‌സ് എന്നിവരെയല്ലാം എടുത്തു നോക്കിയാലും ഇങ്ങനെ തന്നെയാണ്. അധികാര കേന്ദ്രങ്ങളാണ് അവിടെയെല്ലാം ഇസ്‌ലാമിക ജ്ഞാനോല്‍പ്പാദനത്തെ പ്രോല്‍സാഹിപ്പിച്ചതും പിന്തുണ നല്‍കിയതും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ നമ്മള്‍ നോക്കുകയാണെങ്കില്‍ ആ തരത്തിലല്ല കാര്യങ്ങള്‍.

ഷാഫിമദ്ഹബുമായി ബന്ധപ്പെട്ടാണ് എന്റെ പഠനം. ഉദാഹരണത്തിന് ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ ചക്രവര്‍ത്തി വംശം എന്നു വിളിക്കാവുന്ന മുഗളന്‍മാര്‍ ഇത്തരത്തിലുള്ള ജ്ഞാനോല്‍പ്പാദനത്തിന് കാര്യമായ സഹായങ്ങള്‍ ചെയ്തിട്ടില്ലെന്നു കാണാം. പണ്ഡിതന്‍മാരും കച്ചവടക്കാരും തമ്മിലുള്ള പാരസ്പര്യത്തിലൂടെയാണ് ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് ജ്ഞാനോല്‍പ്പാദനം നടന്നത്. പണ്ഡിതരെ സാമ്പത്തികമായി സഹായിച്ചത് ചെറുകിട കച്ചവടക്കാരായിരുന്നു. രാജാന്‍ക്കന്‍മാരോ സാമ്രാജ്യങ്ങളോ ആയിരുന്നില്ല.

കിഴക്കനാഫ്രിക്കയിലായാലും മറ്റു ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലായാലും ഇസ്‌ലാമിക ജ്ഞാനോല്‍പ്പാദനം നടന്നിട്ടുള്ളത് സ്വതന്ത്ര ചിന്തകരുടെ (ഭരണകൂടങ്ങളില്‍ നിന്നും അകലം പാലിച്ച) ഇടപെടലുകളിലൂടെയാണ്. അവര്‍ക്ക് ചെറിയ കച്ചവടക്കാരുടേയും മറ്റും പിന്തുണയും സഹായവുമാണുണ്ടായിരുന്നത്. അതായത് പശ്ചിമേഷ്യയിലെ ജ്ഞാനോല്‍പ്പാദനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ നടന്നത് എന്നര്‍ഥം.

ചോ: സ്വതന്ത്ര പണ്ഡിതരും ചെറുകിടകച്ചവടക്കാരും തമ്മിലുള്ള ബന്ധവും അതിലൂടെ വികസിച്ചു വന്ന ജ്ഞാനോല്‍പ്പാദനത്തെ കുറിച്ചും വിശദമാക്കിയാല്‍ നന്നായിരുന്നു?

ഉ: പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ,അല്ലെങ്കില്‍ ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ കാര്യമെടുക്കാം. അദ്ദേഹം മക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചയാളായിരുന്നു. ഹൈതമിയുടെ രചനകളില്‍ പറയുന്ന കാര്യം ഭരണകൂടവുമായി പാലിക്കേണ്ട അകലത്തെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ പോലുള്ള പണ്ഡിതര്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇമാം ഗസ്സാലിക്കും ഇതേ നിലപാടായിരുന്നു. ഞാന്‍ പഠിച്ച ഷാഫി മദ്ഹബിലെ പണ്ഡിതര്‍ ഭരണകൂടത്തില്‍ നിന്നും അകലം പാലിക്കണം എന്ന് പറഞ്ഞവരും അതനുസരിച്ച് പ്രവര്‍ത്തിച്ചവരുമാണ്.

കേരളം പോലുള്ള സ്ഥലങ്ങളില്‍ ജ്ഞാനോല്‍പ്പാദനത്തിന് ഭരണകൂട പിന്തുണയുണ്ടായിരുന്നില്ലെന്ന് കരുതാം. അതിനാല്‍ തന്നെ അതൊരു സ്വതന്ത്ര പ്രവര്‍ത്തനം തന്നെയായിരുന്നു. അക്കാലത്ത് പള്ളികളായിരുന്നു ഇന്ത്യയിലും ഇന്തോനേഷ്യയിലും മലേഷ്യയിലും ജ്ഞാനോല്‍പ്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. അവിടെ പ്രവര്‍ത്തിച്ചിരുന്ന പണ്ഡിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ, അവരുടെ നിത്യജീവിതത്തിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നത് ചെറുകിട കച്ചവടക്കാരായിരുന്നു.

ഒരുദാഹരണത്തിന് കോഴിക്കോട് മാത്രമെടുത്തു നോക്കുകയാണെങ്കില്‍ അവിടെയുണ്ടായിരുന്ന പള്ളികള്‍ മുഴുവന്‍ ഏതെങ്കിലും കച്ചവടക്കാരന്റെ സംഭാവനകള്‍ കൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മനസ്സിലാക്കാം. പള്ളികള്‍ ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നതും ഇതേ പോലുള്ള കച്ചവടക്കാര്‍ തന്നെയായിരുന്നു.

പൊന്നാനിയൊക്കെ നോക്കുകയാണെങ്കില്‍ ഈ കാര്യം നമുക്കു കാണാന്‍ പറ്റും. പൊന്നാനിയിലെ പഴയ പള്ളിയിലെ ചുമരിലും മരത്തിലും കല്ലിലും ഒക്കെ കൊത്തിവെച്ചിട്ടുള്ള എപ്പിഗ്രാഫ്‌സ്, ഇന്‍സ്‌ക്രിപ്ഷന്‍സ് എന്നിവ പരിശോധിച്ചു നോക്കിയാല്‍ കച്ചവടക്കാര്‍ സംഭാവന നല്‍കിയതിനെക്കുറിച്ചും, അല്ലെങ്കില്‍ അതിനു പ്രേരിപ്പിച്ചതിനെക്കുറിച്ചും കാണാന്‍ പറ്റും. 16-ാം നൂറ്റാണ്ടു മുതല്‍ നില നിന്നിരുന്ന രീതിയാണ് എപ്പിഗ്രാഫ്‌സിലൂടെ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ ആധുനിക പൂര്‍വ്വ മുസ്‌ലിം സമൂഹങ്ങളില്‍ എങ്ങിനെയാണ് ജ്ഞാനോല്‍പ്പാദനം നടന്നതെന്ന കാര്യം ഇത് കൃത്യവും സൂക്ഷ്മവുമായി വ്യക്തമാക്കുന്നു.

ചോ: സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥയുടെ വക്താക്കള്‍ പറയാറുള്ള കാര്യം ഇസ്‌ലാം അധികാരത്തോടൊപ്പം ഇന്ത്യയിലേക്ക് അധിനിവേശം ചെയ്ത മതമാണ് എന്നാണ്. അതിനോടൊപ്പം മറ്റൊരു കാര്യത്തോടുള്ള താങ്കളുടെ പ്രതികരണം കൂടി അറിഞ്ഞാല്‍ കൊള്ളാം. മലബാറില്‍ 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മുസ് ലിം നവോന്ഥാന വക്താക്കള്‍ എന്ന നിലക്ക് തങ്ങളെ അടയാളപ്പെടുത്തുന്നവര്‍ക്ക് ഗള്‍ഫ് പോലുള്ള സ്ഥലങ്ങളില്‍ നിന്നും ഭരണകൂട ഫണ്ടുകള്‍ ലഭിച്ചിട്ടില്ലേ? മഹ്‌മൂദിന്റെ പുസ്തകം വാദിക്കുന്ന ഒരു പാരമ്പര്യത്തിനെതിരായ ഒരു കാര്യമായാണ് എനിക്കിത് തോന്നിയത്. താങ്കളുടെ പുസ്തകത്തിന്റെ വായനയില്‍ ഇത്തരമൊരു കാര്യം ഉയര്‍ന്നു വരികയുണ്ടായി.


ഉ: ഞാന്‍ പറയുന്നത് 16,17 നൂറ്റാണ്ടുകളിലെ അവസ്ഥയെക്കുറിച്ചാണ്. പിന്നീട് 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ വരുന്നു. 19-ാം നൂറ്റാണ്ടില്‍ അവര്‍ ശക്തിപ്പെടുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെമ്പാടും കേരളത്തിലും മലബാറിലും ഇസ്ലാമുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകള്‍ നമുക്കറിയാവുന്നതാണല്ലോ. ഇതിന്റെ ഒരു പരിണിതി എന്നു പറയുന്നത് 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവര്‍ സ്‌പോണ്‍സര്‍ ചെയ്ത അവര്‍ക്കാവശ്യമായ ഒരിസ്‌ലാമിനെ പ്രചരിപ്പിക്കുന്നത് നമുക്കു കാണാം. അതിന്റെ തുടര്‍ച്ചകള്‍ കേരളത്തിലും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ഇന്ത്യക്കു പുറത്തും നമുക്കു കാണാന്‍ പറ്റും.

ഇതിന് പല തരത്തിലുള്ള തുടര്‍ച്ചകളുമുണ്ട്. ഉദാഹരണത്തിന് മക്തി തങ്ങളുടെ കാര്യമെടുക്കുക. അദ്ദേഹം സ്റ്റേറ്റ് ഫണ്ടിംഗോടെ മതപ്രചാരണം നടത്തിയിരുന്നയാളാണ്. വഹാബി പ്രസ്ഥാനം അങ്ങനെ വരുന്നതാണ്. 20-ാം നൂറ്റാണ്ടില്‍ സൗദി ഭരണകൂടം ശക്തിപ്പെട്ടതോടെ വഹാബി ആശയം ലോകമെങ്ങും കയറ്റി അയക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. കേരളവും അതില്‍ നിന്നൊഴിവായിട്ടില്ല. 16,17 നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഇസ്‌ലാം വ്യാപനം, മത പണ്ഡിതരുടെ ജ്ഞാനോല്‍പ്പാദനം എന്നിവയെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

അതു തന്നെ എന്നും ഒരേ നിലയില്‍ തുടര്‍ന്ന ഒരു പ്രവണതയായിരുന്നുവെന്ന് പറയാനാവില്ല. അതിനും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തില്‍ തന്നെ അറക്കല്‍ രാജകുടുംബം 18,19 നൂറ്റാണ്ടുകളില്‍ ഈ മേഖലയില്‍ ഇടപെടുന്നത് കാണാം. അത് പില്‍ക്കാലത്തുണ്ടായ മാറ്റങ്ങളാണ്.

ചോ: താങ്കളുടെ പുസ്തകം വരുന്നതിനു തൊട്ടു മുമ്പായി സെബാസ്റ്റ്യന്‍ പ്രാംഗെയുടെ ‘മണ്‍സൂണ്‍ ഇസ്‌ലാ’മിന്റെ മികച്ച മലയാള വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. കേരളത്തില്‍ ചരിത്ര താല്‍പര്യമുള്ള പലരും ആ പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനും കഴിഞ്ഞിരുന്നു. പക്ഷെ താങ്കള്‍ പ്രാംഗെയുടെ പല ധാരണകളും കാഴ്ചപ്പാടുകളും ശരിയല്ലെന്ന സമീപനം, അതായത് പ്രാംഗെയെ തിരുത്തുന്ന ചിലവാദങ്ങള്‍ ‘മുസ്ലിം ലോ ഇന്‍ സര്‍ക്കുലേഷനില്‍’ മുന്നോട്ടു വെക്കുന്നു. ഇതൊന്ന് വിശദീകരിക്കാമോ?

ഉ: വളരെ കൃത്യമായ ഒരു കാര്യത്തെക്കുറിച്ചാണ് എന്റെ തിരുത്തല്‍. അക്കാദമികമായി അദ്ദേഹത്തിന്റെ പല സമീപനങ്ങളോടും എനിക്ക് വിയോജിപ്പുകളുണ്ട്. ഫത്ഉല്‍ മുഈനില്‍ നിന്നുള്ള ഒരുദ്ധരണി അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. ഹൈന്ദവരോട് സലാം പറയുന്നതിനെക്കുറിച്ച്, ഹൈന്ദവ സ്ത്രീകളോട് സലാം പറയുന്നതിനെക്കുറിച്ച് ഫത്ഉല്‍ മുഈനില്‍ (എന്റെ പുസ്തകത്തിന്റെ ആറാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്ന കൃതി) പറയുന്നതായി അദ്ദേഹം ഉദ്ധരിക്കുന്ന കാര്യങ്ങള്‍ എടുക്കുക. ഫത്ഉല്‍ മുഈന്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കുമ്പോള്‍ ഹൈന്ദവര്‍, ഹിന്ദു തുടങ്ങിയ പ്രയോഗങ്ങളൊന്നും എവിടേയും കാണാന്‍ കഴിയുന്നില്ല. കാണില്ല, അതുറപ്പാണ്. പ്രത്യേകിച്ചും ഈ സലാം പറയുന്ന കാര്യം അദ്ദേഹം ഉദ്ധരിക്കുന്നത് ഫത്ഉല്‍ മുഈന്റെ ബേസ് ടെക്സ്റ്റ് എന്നു വിളിക്കാവുന്ന ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ തുഅ്ഫത്തുല്‍ മുഹ്താജില്‍ നിന്ന് അതേ പടി എടുത്തു കൊടുത്തതാണ്.

അതില്‍ പറയുന്ന ആ പ്രത്യേക മസ്അല അല്ലെങ്കില്‍ ഉദ്ധരണി ശാഫി ടെക്സ്റ്റുകളില്‍ മുന്‍കാലത്തും കാണുന്നതാണ്. സെബാസ്റ്റ്യന്‍ പ്രാംഗെ ആ ഉദ്ധരണിയിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഫത്ഉല്‍ മുഈന്‍ എങ്ങിനെയാണ് കേരളീയമായ ഒരു പരിസരം ഉണ്ടാക്കാന്‍ ശ്രമിച്ചത് എന്നതു കാണിക്കാനാണ്.

ഇതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് കേരളീയമായ യാതൊരു പരിസരവും അതിലില്ല. ഹിന്ദു തുടങ്ങിയ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെയും ആ ഒരു ഉദ്ധരണി എന്നു പറയുന്നത് 16-ാം നൂറ്റാണ്ടിനും അതിനു മുമ്പ് ശാഫി പണ്ഡിതന്‍മാര്‍ എഴുതിയിട്ടുള്ളതാണ്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് സെബാസ്റ്റ്യന്‍ പ്രാംഗെ തന്റെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.

അതിനര്‍ഥം ഫതുഉല്‍ മുഈനില്‍ കേരളീയ പരിസരത്തിലുള്ള ഒന്നും ഇല്ല എന്നല്ല. ഉദാഹരണത്തിന് വെറ്റില തിന്നുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. 16-ാം നൂറ്റാണ്ടില്‍ സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ ഫിഖ്ഹ് രചനയാണ് ഫത്ഉല്‍ മുഈന്‍. അതില്‍ കേരളീയമായ പല പരാമര്‍ശങ്ങളുമുണ്ട്. അമുസ്‌ലിം രാജാവ് ഒരു ഖാളിയെ നിയമിച്ചാല്‍ അതു ശരിയാകുമോ എന്ന കാര്യം ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നുണ്ട്. അങ്ങിനെയുള്ള ഖാദിയുടെ അടുത്ത് മൊഴി ചൊല്ലിയാല്‍ ശരിയാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ വരുന്നുണ്ട്. പ്രയോഗം അമുസ്‌ലിം എന്നാണ്. ഹിന്ദു എന്നല്ല.

ഇത്തരം കാര്യങ്ങളൊന്നുമല്ല, തീര്‍ത്തും വസ്തുതാ വിരുദ്ധതയാണ് സെബാസ്റ്റ്യന്‍ പ്രാംഗെ ‘മണ്‍സൂണ്‍ ഇസ്‌ലാമില്‍ പറയുന്നത്’. ഈ പറഞ്ഞതുള്‍പ്പെടെ മറ്റു ചില വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ആ പുസ്തകത്തിലുണ്ട്. അശ്രദ്ധമായി ചരിത്ര സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്തതുകൊണ്ട് സംഭവിച്ചതാണിത്. ആ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. ഉദ്ധരിച്ച വാചകം തന്നെ സെബാസ്റ്റ്യന്‍ പ്രാംഗെ തെറ്റായിയാണ് കൊടുത്തിട്ടുള്ളത്. എന്റെ പുസ്തകത്തിലെ 254-ാം പേജില്‍ ഞാനിതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ചോ: പ്രാംഗെയെപ്പോലെയുള്ള ഒരാളില്‍ ഇത്തരമൊരു അബദ്ധം എങ്ങിനെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക, അല്ലെങ്കില്‍ എന്തു കൊണ്ട്?


ഉ: എനിക്കതറിയില്ല. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ അറിയില്ല. ടെക്സ്റ്റുകള്‍ വായിക്കുമ്പോള്‍ പ്രാഥമിക ഭാഷയില്‍ വായിക്കാന്‍ കഴിയാതിരിക്കുന്നതു കൊണ്ടും അല്ലെങ്കില്‍ അത്തരം വായനകള്‍ക്കിടയിലുണ്ടാകേണ്ട സൂക്ഷ്മതക്കുറവുകൊണ്ടും ആയിരിക്കും ഇങ്ങിനെ സംഭവിക്കുന്നത്.

ചോ: മലബാര്‍ എക്കാലത്തും വിദേശികളും സ്വദേശികളുമായ ചരിത്രകാരന്‍മാരെ ആകര്‍ഷിച്ച ഭൂമിയാണ്. ‘മലബാര്‍ ഫിനോമിനന്‍’ എന്നു പറയുന്ന ഒരു സ്ഥിതിവിശേഷം തന്നെയുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ മലബാര്‍ ചരിത്ര പഠനത്തില്‍ (വിദേശികളായാലും സ്വദേശികളായാലും) ഇന്ന് പല പ്രശ്‌നങ്ങളും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. മഹ്‌മൂദ് അടക്കമുള്ള യുവ ചരിത്രകാരന്‍മാര്‍ ഈ പരിമിതികളെ മറികടക്കാന്‍ ശ്രമിക്കുന്നു. താങ്കള്‍ ലോകം ശ്രദ്ധിക്കുന്ന ഒരു ചരിത്ര പുസ്തകം എഴുതിയിരിക്കുന്നു. കേരളത്തിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും അധ്യാപകര്‍ക്കും ഇനിയും കഴിയാത്ത ഒരു കാര്യമാണിത്. ഇത്തരമൊരു പരിശീലനം എവിടെ നിന്നാണ് ലഭിച്ചത്?


ഉ: എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച പരിശീലനത്തിന്റെ ഫലമാണിതെന്നു പറയാം. ഇത് പൂര്‍ണ്ണമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഈ ശ്രമങ്ങളെക്കുറിച്ച് പറയാം. ലെയ്ഡന്‍, ജെ.എന്‍.യു, അതിനു മുന്‍പ് ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്നും കിട്ടിയ പരിശീലനം എല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നു.

ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് എം.എ. പഠനകാലമാണ് ഏറ്റവും നിര്‍ണ്ണായകമെന്ന് എനിക്കു തോന്നാറുണ്ട്. ഡിഗ്രിക്ക് പഠിക്കുന്നതോ പി.എച്ച്.ഡിക്ക് പഠിക്കുന്നതോ പലപ്പോഴും ഒറ്റക്കുള്ളതായിരിക്കും. എം.എ പഠനമാണ് ഒരു വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നത്. അതു കൊണ്ട് എന്നെ സംബന്ധിച്ച് ജെ.എന്‍.യു പഠനകാലമായിരുന്നു നിര്‍ണ്ണായകം.

പല സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ജെ.എന്‍.യുവില്‍ പഠിക്കുമ്പോഴാണ് ചരിത്ര പഠനം മുഖ്യമായും പ്രാഥമിക സ്രോതസ്സുകളെ അവലംബിച്ചാണ് നിര്‍വ്വഹിക്കേണ്ടതെന്ന കാര്യം പഠിക്കുന്നതും തിരിച്ചറിയുന്നതും. അക്കാര്യത്തിലാണ് ഒരു പ്രതിബന്ധത ഉണ്ടാകേണ്ടത്. ഈ രീതി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു പി.എച്ച്.ഇ.ഡി കാലത്തുണ്ടായിരുന്നത്.

കേരളത്തില്‍ യുവ ചരിത്രകാരന്‍മാരില്‍ ഇപ്പോള്‍ സംഭവിക്കുന്നതും ഇതായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്രോതസ്സുകളോടുള്ള പ്രതിബദ്ധത. കൊളോണിയല്‍ റെക്കോര്‍ഡ്‌സുകളുടെ അപ്പുറത്തേക്കു പോയി, അല്ലെങ്കില്‍ പടിഞ്ഞാറന്‍ ചരിത്രകാരന്‍മാര്‍ എഴുതിയതിനെ അവസാന വാക്കുകളായി എടുക്കുന്നതിനു പകരം പ്രാഥമിക സ്രോതസ്സുകള്‍ കണ്ടെത്തുക, പരിശോധിക്കുക, വിശകലനം ചെയ്യുക- ഈ രീതി പുതിയ ചരിത്രകാരന്‍മാരില്‍ നിന്നുമുണ്ടാകുന്നുണ്ട്.

ചോ: പഴയ രീതികളേയും പുതിയ രീതിയേയും മലബാര്‍ ചരിത്ര പഠനങ്ങളെ ബന്ധപ്പെടുത്തിയുള്ള ഉദാഹരണത്തിലൂടെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.


ഉ: സ്റ്റീഫന്‍ ഡെയിലിന്റെ മലബാര്‍ മാപ്പിള പഠനം പ്രധാനപ്പെട്ടതായി പറയുന്ന ഒന്നാണല്ലോ. ഡെയിലൊക്കെ പറയുന്നത് മാപ്പിളമാര്‍ക്ക് സ്വന്തമായി ഒരു ചരിത്രമില്ല എന്നാണ്. മാപ്പിളമാര്‍ക്ക് സ്വന്തമായി ചരിത്ര ഗ്രന്ഥങ്ങളില്ല എന്ന രീതിയിലൊക്കെയാണ് ഡെയില്‍ പറഞ്ഞിട്ടുള്ളത്. സ്വന്തം ചരിത്ര സ്രോതസ്സുകളില്ല എന്നും പറഞ്ഞു വെക്കുന്നു.

തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലുള്ള ടെക്സ്റ്റ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നുമില്ല എന്ന സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഡെയിലിന്റെ പുസ്തകം അടുത്ത കാലത്ത്, 1980തുകളില്‍, എഴുതപ്പെട്ടതാണ്. കൊളോണിയല്‍ രേഖകള്‍, ഇംഗ്ലീഷ് രേഖകള്‍ മാത്രം ആശ്രയിക്കുകയാണ് ഡെയിലടക്കമുള്ളവര്‍ ചെയ്തത്. പ്രാഥമിക സ്രോതസ്സുകള്‍ പരിശോധിക്കാനോ അറിയാനോ മിനക്കെട്ടില്ല. കൊളോണിയില്‍ രേഖകള്‍ വെച്ചു മാത്രം ഒരാള്‍ക്ക് ചരിത്ര രചന നടത്താം.

എന്റെ പഠനങ്ങളിലും ഞാന്‍ ഇത്തരം രേഖകളും തീര്‍ച്ചയായും ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ അതോടൊപ്പം ഇന്‍ഡിജിനസ് സ്‌കോളര്‍ഷിപ്പ് (തദ്ദേശീയമായ ജ്ഞാനം, അറിവ്) എന്തു പറയുന്നു എന്ന കാര്യവും ഒത്തു നോക്കണം. ഞാന്‍ ലെയ്ഡനില്‍ പോയപ്പോള്‍ ആര്‍ക്കൈവല്‍ പഠനത്തിന്റെ ഭാഗമായി ഇന്‍ഡിജിനസ് സ്രോതസ്സുകളെക്കുറിച്ച് പഠിക്കാനുള്ള ഒരു കോഴ്‌സ് തന്നെയുണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് ഞങ്ങള്‍ പത്തു പേരുണ്ടായിരുന്നു. അതൊക്കെ ഞങ്ങളുടെ ഉളളിലുണ്ടാക്കിയ ചലനങ്ങളുണ്ട്. അതു കൊണ്ട് മനസ്സില്‍ ആദ്യം ഉയരുന്ന ചോദ്യം ഇന്‍ഡിജിനസ് സോഴ്‌സ് എന്താണ്, അത് ഏതു പുസ്തകത്തിലാണ് നന്നായി ഉപയോഗിച്ചിട്ടുള്ളത് എന്നതായിരിക്കും.

ഏതു കമ്യൂണിറ്റിയെക്കുറിച്ചാണ് (സമൂഹം/സമുദായം) പഠിക്കുന്നത്? ആ കമ്യൂണിറ്റി തന്നെ ഉല്‍പ്പാദിച്ച ജ്ഞാന സ്രോതസ്സുകള്‍ ഏതൊക്കെയാണ്? ഈ കാര്യങ്ങള്‍ ഏതെല്ലാം ഭാഷകളിലൊക്കെയാണ് വന്നിട്ടുള്ളത്? അത് അറിയാന്‍ ശ്രമിക്കും.

അങ്ങിനെ നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. 90 ശതമാനം ചരിത്ര പുസ്തകങ്ങളും ഇന്‍ഡിജനസ് സ്രോതസ്സുകളെ പരിഗണിക്കുന്നേയില്ല എന്ന. ഇനി ആരെങ്കിലും ഇത്തരം സ്രോതസ്സുകള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ ഇംഗ്ലീഷ് പരിഭാഷയെയാരിക്കും ആശ്രയിക്കുന്നത്, പ്രാഥമിക ഭാഷയെയാരിക്കില്ല.

സെബാസ്റ്റ്യന്‍ പ്രാംഗെ, സ്റ്റീഫന്‍ ഡെയില്‍ ഇവരുടെയെല്ലാം ചരിത്ര രചനകള്‍ ആശ്രയിക്കുന്നത് വിവര്‍ത്തന സ്രോതസ്സുകളെയാണ്. കേരള/മലബാര്‍ മുസ്ലിം ചരിത്രം പഠിക്കുന്നവരും ഇങ്ങനെ വിവര്‍ത്തനം ചെയ്ത സ്രോതസ്സുകളെയാണ് ആശ്രയിച്ചിട്ടുള്ളത്. പ്രാഥമിക ഭാഷ പഠിച്ച് അതില്‍ തന്നെ രേഖകള്‍ വായിക്കുന്നവര്‍ക്കേ ചരിത്രത്തില്‍ അര്‍ഥ പൂര്‍ണ്ണമായ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ.

ചോ: പ്രാഥമിക ഭാഷാ പഠനത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് ഏറ്റവും സഹായകരമായ വിദ്യാഭ്യാസം എവിടെ നിന്നുള്ളതായിരുന്നു?


ഉ: എന്നെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായത് ചെമ്മാട് ദാറുല്‍ ഹുദയിലെ പഠനം തന്നെയായിരുന്നു. അവിടെ് നാലു ഭാഷകള്‍ പഠിക്കുന്നു. മലയാളത്തിനു പുറമെ മൂന്ന് ഭാഷകള്‍. ഇംഗ്ലീഷ്, അറബി, ഉറുദു. എന്റെ പഠനത്തില്‍ സോഴ്‌സ് ലാംഗ്വേജ് എന്ന നിലക്ക് ഇംഗ്ലീഷ് ഉപയോഗിച്ചിട്ടുണ്ട്. ചില ഉറുദു സ്രോതസ്സുകളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ സിംഹഭാഗവും അറബിയില്‍ നിന്നുള്ളതാണ്.

അറബി അറിയാവുന്നതു കൊണ്ട് മലായ്, ഇന്തോനേഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍, അവിടെ നിന്നുള്ള സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങിനെ ഭാഷകള്‍ അറിയല്‍ ചരിത്രം എഴുതുന്നവര്‍ക്ക് അനിവാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആഗോള തലത്തിലുള്ള കാര്യങ്ങള്‍ (ട്രാന്‍സ് റീജിയണല്‍) പഠിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ ഭാഷകള്‍ അറിയല്‍ ഒഴിച്ചു കൂടാനാവാത്തതാണ്. അങ്ങിനെയുള്ളവര്‍ക്കായിരിക്കും വ്യത്യസ്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുക.

ചോ: അറബി ഒരു വൈജ്ഞാനിക ഭാഷയാണെന്ന തോന്നല്‍ കേരളത്തില്‍ ഇനിയും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. മുഖ്യധാരാ വിദ്യാഭ്യാസത്തിനകത്തു പോലും ഒരു മതഭാഷ എന്ന നിലയിലേ അറബിയെ കാണുന്നുള്ളൂ. അറബി പഠിച്ചവരിലും ഈ പ്രശ്‌നമുണ്ട്. അവര്‍ അതിനെ മതഭാഷ മാത്രമായി കാണുന്നു. അതു കൊണ്ട് തന്നെ ദാറുല്‍ ഹുദ പോലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതു സമൂഹത്തിന് കാര്യമായ ധാരണയൊന്നുമില്ല. നമ്മുടെ ലബ്ധ പ്രതിഷ്ഠരായ ചരിത്രകാരന്‍മാരുടെ കൃതികള്‍ ഇന്നു വായിക്കുമ്പോള്‍ പല തരം വിള്ളലുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. മഹ്‌മൂദ് പറഞ്ഞ പ്രാഥമിക ഭാഷയെക്കുറിച്ചുള്ള അജ്ഞത ഇതില്‍ പ്രധാനമാണ്. ഇങ്ങിനെ നോക്കുമ്പോള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ രീതിയില്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളില്ലേ? പ്രത്യേകിച്ചും സാമൂഹ്യ ശാസ്ത്ര പഠനത്തില്‍? ഒരു അധ്യാപകന്‍ കൂടിയായ താങ്കള്‍ ഈ പ്രശ്‌നത്തെ എങ്ങിനെ നോക്കിക്കാണുന്നു?


ഉ: ഈ വിഷയത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അറബി അറിയുന്ന ധാരാളം പേര്‍ കേരളത്തിലുണ്ട്, ചരിത്രം പഠിച്ച ധാരാളം പേരുമുണ്ട്. രണ്ടു കൂട്ടരും കൂട്ടിമുട്ടാതെ നടക്കുന്നു. അറബി ഒരു ഉദാഹരണം മാത്രമാണ്. സിറിയക്ക് (സുറിയാനി), ഹീബ്രു, സംസ്‌കൃതം ഇങ്ങിനെയുള്ള ഭാഷകളും കേരള ചരിത്ര പഠനത്തിന് ആവശ്യമുണ്ട്. ഇതെല്ലാം പഠിച്ചവരും കേരളത്തിലുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതു പോലെ കൂട്ടിമുട്ടില്ല, കണ്ടുമുട്ടില്ല.

ഇത് നമ്മുടെ വിദ്യാഭ്യാസത്തിലെ ഭാഷാപഠനത്തിന്റെ പ്രധാന പരിമിതികളിലൊന്നാണ്. ഭാഷാപഠനത്തിന്റെ മാത്രമല്ല, ചരിത്ര പഠനത്തിന്റെ കൂടി പരിമിതിയാണ്. എല്ലാ മാനവിക വിഷയങ്ങള്‍ക്കും ഇതു ബാധകമാണ്. ഭാഷ പഠിക്കുന്നവര്‍ അതു മാത്രം പഠിച്ചു പോവുകയും ചരിത്രം പഠിക്കുന്നവര്‍ അതു മാത്രം പഠിച്ചു പോവുകയും ചെയ്യുന്ന രീതി അശാസ്ത്രീയമാണ്. മാനവിക വിഷയങ്ങള്‍ പഠിക്കുന്നവരുടെ പ്രധാന ഉപകരണങ്ങളിലൊന്ന് വിവിധ ഭാഷകള്‍ തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസത്തിന് ഇങ്ങിനെയൊരു കാഴ്ച്ചപ്പാടില്ല എന്നത് വലിയ പരിമിതിയായി എനിക്ക് തോന്നാറുണ്ട്. ഈ അടുത്ത് ഞാനിതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ദിലീപ് മേനോനും ഞാനും ഒക്കെ പങ്കെടുത്ത ഒരു പോഡ്കാസ്റ്റില്‍. ഞാനതില്‍ പറഞ്ഞത് സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലുള്ള പഠനത്തില്‍ കേരളത്തില്‍ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ വിവിധ ഭാഷകള്‍ കൂടി പഠിക്കണമെന്ന കാര്യമാണ്.

ഭാഷകള്‍ പഠിപ്പിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. അങ്ങിനെയുള്ള സ്ഥലങ്ങളുണ്ട്. ഭാഷാപഠനം സാമൂഹ്യശാസ്ത്രങ്ങള്‍ പഠിക്കുന്നതുമായി ബന്ധപ്പെടുത്തണം. അങ്ങനെയെങ്കില്‍ മാത്രമേ കാര്യമുണ്ടാവുകയുള്ളൂ.


ചോ: ഡച്ച് ഗവണ്‍മെന്റിന്റെ വലിയൊരു സ്‌കോളര്‍ഷിപ്പോടു കൂടിയുള്ള ഒരു ഗവേഷണത്തിലാണ് താങ്കളിപ്പോള്‍. അത് പൂര്‍ത്തിയായിട്ടില്ല. അതിന്റെ എഴുത്തിലേക്ക് കടന്നിട്ടുണ്ടാവില്ല. നമ്മുടെ ഈ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ മഹ്‌മൂദ് ഇരിക്കുന്നത് ആ പഠനത്തിന്റെ ഭാഗമായി സുമാത്രയിലാണ്. ഈ ഗവേഷണത്തെക്കുറിച്ച് ഇപ്പോള്‍ പങ്കുവെക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് കൂടി സംസാരിക്കാമോ?


ഉ: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ മുസ്‌ലിംകള്‍ക്കിടയിലെ മരുമക്കത്തായത്തെക്കുറിച്ചാണ് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നത്. 2016 അവസാനം മുതല്‍ ഞാനീ വിഷയം നോക്കുന്നുണ്ട്. അതായത് എന്റെ പി.എച്ച്.ഇ.ഡി കഴിഞ്ഞതു മുതല്‍. ഈ വേനലില്‍ എഴുത്തു പണികള്‍ ആരംഭിക്കണമെന്ന് കരുതിയിരുന്നു. ഇതിനിടയില്‍ മൂന്നു മാസത്തേക്ക് ഞാന്‍ ഇന്തനോഷ്യയില്‍ ജക്കാര്‍ത്തയിലെ യൂണിവേഴ്‌സിറ്റി ഇസ്ലാം നെഗരിയില്‍ മൂന്നു മാസത്തേക്ക് വിസിറ്റിംഗ് പ്രൊഫസറായി ചേര്‍ന്നു.

ഈ ജോലി സ്വീകരിക്കുമ്പോള്‍ ഒരു മാസം സുമാത്രയിലെ മിനങ്കബാവുവില്‍ ഫീല്‍ഡ് സ്റ്റഡി നടത്താന്‍ അനുവദിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് ധാരാളം സുഹൃത്തുക്കളുള്ള സ്ഥലമാണിത്. നമ്മള്‍ സംസാരിക്കുമ്പോള്‍ ഞാനിവിടെയാണ്. ഇന്തോനേഷ്യ, ശ്രീലങ്ക, ഏതെങ്കിലുമൊരു ആഫ്രിക്കന്‍ രാജ്യം എന്നിവിടങ്ങളില്‍ ആറുമാസം താമസിച്ച് പഠിക്കാനും മറ്റു മൂന്നിടങ്ങളില്‍ മൂന്നു മാസം വീതം താമസിച്ചു പഠിക്കാനുമാണ് ഡച്ച് ഗവണ്‍മെന്റ് ഗ്രാന്റ് തന്നത്. എന്നാല്‍ കോവിഡ് വന്നതോടെ യാത്രകള്‍ അസാധ്യമായി. ഫീല്‍ഡ് വര്‍ക്ക് വൈകി.

ചരിത്രവും നരവംശശാസ്ത്രവും ചേര്‍ന്നുള്ള പഠനമായിരുന്നു ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. കോവിഡ് അത് തകിടം മറിച്ചു കളഞ്ഞു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ ചരിത്രത്തിലൂന്നിയുള്ള പഠനമാണ് നടത്തുന്നത്.
1800നു മുന്‍പുള്ള മരുമക്കത്തായത്തെക്കുറിച്ചാണ് ഞാന്‍ പഠിക്കുന്നത്. അതിനുവേണ്ടി അന്വേഷിക്കുമ്പോള്‍ ഇതിനു മുമ്പ് കാണാത്ത രേഖകള്‍, ചരിത്രങ്ങള്‍ ഒക്കെ മുന്നില്‍ തെളിഞ്ഞു വരുന്നുണ്ട്. ഇതില്‍ വളരെ താല്‍പര്യമുണ്ടാക്കുന്ന പല മേഖലകളിലും ഞാന്‍ അന്വേഷിക്കുന്നുണ്ട്.

സൂഫിസം വളരെ പ്രാധാന്യത്തോടെ പഠനത്തില്‍ കടന്നു വരുന്നുണ്ട്. മുസ്‌ലിം മരുമക്കത്തായം ആണ് വിഷയം എന്നതിനാല്‍ സ്ത്രീ ചരിത്രം തീര്‍ച്ചയായും പഠനത്തില്‍ സജീവ സാന്നിധ്യമാണ്. പിന്നെ കുതിരകള്‍, കാപ്പി- ഇങ്ങനെയുള്ള ഒരു കൂട്ടാണ് ഇപ്പോള്‍ മനസ്സിലുള്ളത്. പഠനം പുരോഗമിക്കുമ്പോള്‍ ചിലപ്പോള്‍ ഇതെല്ലാം മാറി മറിയാം. രണ്ടാഴ്ച്ചകൂടി ഇവിടെയുണ്ട്. അതിന്റെ കൂടെ ഒരു ഡോക്കുമെന്ററി കൂടി ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. മരുമക്കത്തായത്തെക്കുറിച്ചു തന്നെ. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ഡോക്കുമെന്ററിയില്‍ വരുന്നുണ്ട്. അങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു.

ചോ: മഹ്‌മൂദ് മൈക്കിള്‍ പിയേഴ്‌സണുമായി ചേര്‍ന്ന് എഡിറ്റു ചെയ്ത ‘മലബാര്‍ ഇന്‍ദ ഇന്തനോഷ്യന്‍’ എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍ ഈ സംസാരത്തില്‍ താങ്കള്‍ പറഞ്ഞ ചരിത്രകാഴ്ച്ചപ്പാടുകളുള്ളവരുടെ രചനകളുടെ സമാഹാരമായി അനുഭവപ്പെടുന്നു. അത് നിങ്ങളുടെ രണ്ടാമത്തെ പുസ്തകമാണ്. ദാറുല്‍ ഹുദയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് മമ്പുറം തങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹ എഴുത്തുകാരനായും താങ്കളെ കണ്ടിട്ടുണ്ട്. ‘മലബാര്‍ ഇന്‍ ദ ഇന്ത്യന്‍ ഓഷ്യ’നെക്കുറിച്ച് സംസാരിക്കാമോ?


ഉ: ആ പുസ്തകം ഏര്‍ലി മോഡേണ്‍ മലബാറിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥമായാണ് തുടക്കത്തില്‍ വിഭാവനം ചെയ്യപ്പെട്ടത്. മൈക്കിള്‍ പിയേഴ്‌സനാണ് ഇപ്പോഴുള്ള രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ആദ്യം ഉദ്ദേശിച്ചപോലെയാണെങ്കില്‍ മലബാറിനെക്കുറിച്ച് മറ്റൊരു പുസ്തകം മാത്രമേ ആകൂ എന്നായിരുന്നു മൈക്കിള്‍ വാദിച്ചത്.

ചരിത്രകാരന്‍മാര്‍ക്ക് നിലവില്‍ ലഭ്യമല്ലാത്ത പ്രാഥമിക സ്രോതസ്സുകള്‍, അവയുടെ കൃത്യമായ വിവര്‍ത്തനങ്ങളോടെ ലഭ്യമാക്കും വിധത്തിലുള്ള ഒരു വോള്യമായാല്‍ നന്നാകുമെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായി. അങ്ങിനെയാണ് ഇപ്പോഴുള്ള രീതയില്‍ പുസ്തകം രൂപപ്പെടുന്നത്. അതിനു വേണ്ടി പല ചരിത്രകാരന്‍മാരേയും ബന്ധപ്പെട്ടു. ഈ പുസ്തകത്തില്‍ എഴുതിയവരേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയിട്ടുണ്ട്.

പല ഭാഷകളില്‍, നിരവധി ആര്‍ക്കൈവ്‌സുകളില്‍ നിന്ന് രേഖകള്‍ കണ്ടെത്തി ചരിത്രം എഴുതുന്ന ഒരുപാട് ചരിത്രകാരന്‍മാരുണ്ട്. ആ പ്രവണതയെ പരിചയപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ വൈകാതെ വരുമെന്ന പ്രതീക്ഷയിലാണ്. വിവര്‍ത്തനവും എഡിറ്റിംഗും പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തില്‍ ചരിത്രം വായിക്കാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധ നേടുന്ന ഗ്രന്ഥമായിരിക്കുമെന്നു തന്നെയാണ് വിശ്വാസം.

ചോ: മലയാളികള്‍ക്കിടയില്‍ ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ താങ്കള്‍ ശ്രദ്ധിക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ആഴ്ച്ചകള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആരംഭിച്ച മലബാര്‍ കലാപത്തിലെ മൃഗങ്ങള്‍ എന്ന പരമ്പരയോടെയായിരിക്കും. ഞാന്‍ പറയുന്നത് ഒരു പൊതു സമൂഹത്തിന്റെ കാര്യമാണ്. മലബാര്‍ കലാപത്തിലെ കഴുതകള്‍ എന്ന ശീര്‍ഷകത്തിലാരംഭിച്ച് ആനകളിലേക്കും കുതിരകളിലേക്കും അന്വേഷണം നീണ്ട ആ പരമ്പര ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങി. അവയില്‍ പലതും എ.കെ.കോടൂരിന്റെ ആംഗ്ലോ-മാപ്പിള യുദ്ധം പകര്‍ത്തിയെഴുതിയതു പോലെയാണ് വായനയില്‍ അനുഭവപ്പെട്ടത്. ബഹളമയമായ ഒരന്തരീക്ഷം ഇവിടെയുണ്ടായി. പക്ഷെ മഹ്‌മൂദ് നിശ്ശബ്ദനായി കാണപ്പെട്ടു. തുടക്കത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലബാര്‍ കലാപം ഒരു പ്രാദേശിക സംഭവമല്ല, നിരവധി അന്താരാഷ്ട്ര മാനങ്ങളുള്ള ചരിത്ര സന്ദര്‍ഭമാണ് എന്ന് താങ്കള്‍ പറഞ്ഞു. പക്ഷെ പിന്നീടൊന്നും കണ്ടിട്ടില്ല. നൂറാം വാര്‍ഷിക ബഹളങ്ങളെല്ലാം കെട്ടടങ്ങിയപ്പോള്‍ കലാപത്തിലെ മൃഗസാന്നിധ്യത്തിലൂടെ ചരിത്രത്തിന്റെ നിരവധി തിരശ്ശീലകള്‍ താങ്കള്‍ നീക്കി. എവിടെ നിന്നാണ് ആര്‍ക്കും തോന്നാത്ത ഈ കാഴ്ചപ്പാട് സമീപനം കിട്ടിയത്?


ഉ: ഇങ്ങനെ പറഞ്ഞു കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. നമ്മുടെ സംസാരത്തിനു കുറച്ചു ദിവസം മുമ്പാണ് കന്നുകാലികളെക്കുറിച്ചുള്ള ഭാഗം എഴുതിക്കൊടുത്തത്. ഒരേ വിഷയം തന്നെ എഴുതുമ്പോള്‍ ആവര്‍ത്തന വിരസമാകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. ഈ പരമ്പരയുടെ അവസാന ഭാഗം എഴുതി എഡിറ്റ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇങ്ങിനെ പറഞ്ഞു കേട്ടപ്പോള്‍, ആ എഴുത്ത് പല തലത്തിലുള്ള വായനക്കാരെ ആകര്‍ഷിക്കുന്നുണ്ടെന്നറിഞ്ഞത് വലിയ പ്രചോദനമായി.

നാട്ടിലില്ലാത്തതു കൊണ്ട് പല പ്രതികരണങ്ങളും അറിയാന്‍ കഴിയാറില്ല. ചരിത്രമെഴുത്തിലെ ഒരു സംഗതി നമ്മള്‍ എഴുതാന്‍ കരുതുന്നതല്ല നമ്മെ തേടി വരിക എന്നതാണ്. ഒരു ആര്‍ക്കൈവ്‌സില്‍ പോകുമ്പോള്‍ കൃത്യമായി അന്വേഷിക്കാനുദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായുമുണ്ടാകും. പക്ഷെ അതേ സമയത്ത് ആര്‍ക്കൈവ്‌സുകളില്‍ നിന്നും ചില കാര്യങ്ങള്‍ നമ്മെ അന്വേഷിച്ചു വരും.

ഈ പരമ്പര എഴുതാനിടയായ സാഹചര്യം കഴുതകളെക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എഴുതിയ ഒരു കത്തു കണ്ടതായിരുന്നു. അതിനെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ പറ്റുമെന്ന് തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് മറ്റൊരിടത്ത് 1857ല്‍ മൗറീഷ്യസില്‍ നിന്നും ഇന്ത്യയിലേക്ക് ബ്രിട്ടീഷുകാര്‍ കഴുതകളെ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ രേഖ കിട്ടി. തൊട്ടു പിന്നാലെ മലപ്പുറത്ത് ഒരാനപ്പന്തി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വളരെ വിശദമായ ഒരു ഫയല്‍ കണ്ടു കിട്ടി. അങ്ങിനെ നോക്കുമ്പോള്‍ ഈ മൃഗങ്ങള്‍ എന്നെ തേടി വരികയായിരുന്നുവെന്നാണ് എന്റെ തോന്നല്‍.

ഞാന്‍ നേരത്തെ പറഞ്ഞതു പോലെ കൊളോണിയല്‍ രേഖകള്‍ക്കു പുറത്ത്, കലാപത്തില്‍ പങ്കെടുത്തവരുടെ ശബ്ദം തേടുകയാണ് ഞാന്‍ പ്രാഥമികമായും ചെയ്തത്. കലാപകാരികളുടെ കത്തുകള്‍, അവര്‍ സര്‍ക്കാരിനു മുന്നില്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങിനെയുള്ള സംഗതികളിലൂടെ പോരാളികളുടെ ശബ്ദം കേള്‍ക്കാന്‍ കൂടിയായിരുന്നു ശ്രമം. ഒപ്പം ഗവണ്‍മെന്റ് കലാപകാരികളെക്കുറിച്ചെഴുതിയ റിപ്പോര്‍ട്ടുകളും. കുറേക്കാലമായി ഞാനിത്തരം സംഗതികളാണ് അന്വേഷിക്കുന്നത്. അതിനിടയിലേക്കാണ് മൃഗങ്ങള്‍ കടന്നു വന്നത്. കഴുതകളും ആനകളും എന്നെത്തേടി വരികയായിരുന്നു.

കുതിരകള്‍, കന്നുകാലികള്‍, നായകള്‍ ഇവയെ ഞാന്‍ തേടിപ്പോയി കണ്ടെത്തിയതാണ്. മഹേഷ് ശങ്കരനെപ്പോലുള്ളവര്‍ അവരുടെ രചനകളില്‍ മൃഗചരിത്രം, നാച്ചുറല്‍ ഹിസ്റ്ററി, പരിസ്ഥിതി ചരിത്രം എന്നിവ കൊണ്ടു വരുന്നുണ്ട്. കേരള ചരിത്രമെഴുത്തില്‍ പക്ഷെ ഇങ്ങിനെയൊന്ന് കാണില്ല. കേരളം ഉണ്ടാക്കിയതില്‍, നിര്‍മ്മിതിയില്‍, നമ്മള്‍ ഇന്നും അംഗീകരിക്കാത്ത വിഭാഗമാണ് മൃഗങ്ങള്‍ എന്നു കൂടി ഓര്‍ക്കണം.

കേരളത്തിന്റെ നിര്‍മ്മിതിയില്‍, പാലങ്ങളുണ്ടാക്കുന്നതിലാണെങ്കിലോ റോഡു നിര്‍മാണത്തിലാണെങ്കിലോ കെട്ടിട നിര്‍മ്മിതിയിലാണെങ്കിലോ- അത്തരം സന്ദര്‍ഭങ്ങളിലെല്ലാമുള്ള മൃഗസാന്നിധ്യം, അവയുടെ പങ്ക് ആരും അംഗീകരിക്കാത്തതോ അടയാളപ്പെടുത്താത്തതോ ആണ്. മൃഗങ്ങള്‍ അടിമകളേക്കാള്‍ താഴെ തട്ടിലായിരുന്നു എന്നും ഓര്‍ക്കണം. എന്റെ പഠനം മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ്. ഒപ്പം കേരളത്തിന്റെ നിര്‍മ്മിതിയിലും ചരിത്രത്തിലും സജീവ സാന്നിധ്യമായിരുന്ന മൃഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും ഞാന്‍ ആശിക്കുന്നു.

വി. മുസഫർ അഹ്മദ് and ഡോ. മഹ്മൂദ് കൂരിയ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.