Thelicham

പ്രമുഖ പാകിസ്താനി-അമേരിക്കന്‍ പണ്ഡിതനായ ഡോ. ഒവാമിര്‍ അന്‍ജും ടോളിഡോ യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗത്തില്‍ ഇമാം ഖത്താബ് ചെയര്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസാണ്. ക്ലാസിക്കല്‍ ഇസ്‌ലാമിലെയും മധ്യകാല ഇസ്‌ലാമിലെയും ദൈവശാസ്ത്രം, നിയമം, നൈതികത, രാഷ്ട്രമീമാംസ എന്നിവ തമ്മിലുള്ള ബന്ധങ്ങളും പാശ്ചാത്യ ചിന്താപദ്ധതിയില്‍ നിന്നുള്ള അവയുടെ വ്യതിരക്തതയുമാണ് പ്രധാന അന്വേഷണമേഖലകള്‍. ഇസ്‌ലാമിക ബൗദ്ധിക ചരിത്രത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കണ്‍സിന്‍-മാഡിന്‍സണിലെ ചരിത്ര വിഭാഗത്തില്‍ നിന്ന് പി.എച്.ഡി കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ‘പൊളിറ്റിക്‌സ്, ലോ, കമ്യൂണിറ്റി ഇന്‍ ഇസ്‌ലാമിക് തോട്ട്: ദി തയ്മിയന്‍ മൊമന്റ്’ (കാമ്പ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ്; 2012) എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

ജ്ഞാനോദയകാലത്തെ സവിശേഷമായ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് രൂപപ്പെട്ട പാശ്ചാത്യ നൈതിക വ്യവസ്ഥയെ വിശകലന വിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സമീപനമാണ് താങ്കളുടേത്. പാശ്ചാത്യ നൈതിക വ്യവസ്ഥക്കകത്തെ പ്രശ്‌നങ്ങളെന്തൊക്കെയാണ്?

പാശ്ചാത്യ നൈതിക വ്യവസ്ഥ ഉണ്ടാക്കിത്തീര്‍ത്ത പ്രതിസന്ധികളെന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമതായി, അവ നമ്മുടെ പ്രകൃതിക്ക് മേല്‍ അഭൂതപൂര്‍വമായ പരിക്കുകളേല്‍പ്പിച്ചിട്ടുണ്ട്. മാനുഷികകുലം ബഹുമുഖമായ നാഗരികതകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും കഴിഞ്ഞുപോയവരാണ്. കഴിഞ്ഞ അമ്പത് നൂറ്റാണ്ടുകളിലായി പല സാമ്രാജ്യങ്ങളും അധികാര വ്യവസ്ഥകളും നമ്മെ കീഴടക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഈ കഴിഞ്ഞ രണ്ട് നൂറ്റാണ്ട് മുമ്പ് വരെ, പരിസ്ഥിതിയെ സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമുള്ള ഒന്നായി ഒരു മൂല്യവ്യവസ്ഥയും നോക്കിക്കണ്ടിട്ടില്ലായിരുന്നു. പടിഞ്ഞാറിലെ ജ്ഞാനോദയത്തിന് ശേഷമുണ്ടായ പാശ്ചാത്യ നൈതിക വ്യവസ്ഥ പ്രകൃതിക്ക് മനുഷ്യന്‍ കല്‍പിച്ചു നല്‍കിയിരുന്ന മൂല്യങ്ങളെ എടുത്ത് കളയുകയും, കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്രകൃതിക്ക് മേല്‍ സാരമായ പരിക്കുകളേല്‍പ്പിക്കുകയുമുണ്ടായി. ഉദാഹരണമായി, പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവമുണ്ടായത് മുതലുള്ള ഇരുന്നൂറ് വര്‍ഷത്തിനുള്ളില്‍, ഇരൂന്നൂറ് മില്ല്യണ്‍ വര്‍ഷമെടുത്ത് പ്രകൃതിയില്‍ രൂപപ്പെട്ട ജൈവ ഇന്ധനത്തിന്റെ (fossil fuel) മുഖ്യപങ്കും പാശ്ചാത്യര്‍ ഊറ്റിയെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷമായി മനുഷ്യര്‍ ജൈവ ഇന്ധനം ഉപയോഗിക്കുന്നുണ്ടെങ്കിലും മുമ്പെങ്ങുമില്ലാത്ത വിധം അവയെ അമിതോപയോഗം നടത്തി പരിസ്ഥിക്ക് പരിക്കേല്‍പ്പിക്കുകയും പല ജീവിവര്‍ഗങ്ങളുടെയും നാശത്തിന് കാരണമാവുകയും ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത് പാശ്ചാത്യ ആധുനികത മുമ്പോട്ട് വെച്ച മൂല്യവ്യവസ്ഥകളാണ്.

രണ്ടാമതായി, ഈ ജീവിതത്തിന് നമ്മുടെ ഭൗതികലോകത്തിനപ്പുറമുള്ള മറ്റൊരര്‍ഥവുമില്ലെന്നും മനുഷ്യന്‍ ഇച്ഛിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്രം അവനുണ്ടെന്നുമുള്ള ചിന്ത മുഖ്യധാര കയ്യടക്കാന്‍ തുടങ്ങിയത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലാണ്. അതിന് മുമ്പ് വിരലിലെണ്ണാവുന്ന വിവരദോഷികളായ ഒന്നോ രണ്ടോ പേരല്ലാതെ മറ്റാരും ദൈവമില്ല എന്ന് വാദിച്ചിട്ടില്ലായിരുന്നു. ഗ്രീക്ക് തത്വചിന്തകരില്‍ എപികൂറസ് അല്ലാത്തവരൊക്കെ ഒഴിച്ച്കൂടാനാവാത്ത ഒരു ശക്തിയുടെ സാന്നിധ്യത്തിന്റെ അനിവാര്യതയില്‍ ഉറച്ച് വിശ്വസിക്കുന്നവരായിരുന്നു. പക്ഷെ, ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒറ്റപ്പെട്ട് നിന്ന ഈ എപികൂറിയന്‍ വീക്ഷണത്തിന് പ്രാമുഖ്യം ലഭിച്ചിരിക്കുന്നതാണ്.

മൂന്നാമതായി, അധികാരം കയ്യടക്കാനുള്ള മത്സരങ്ങള്‍ക്കിടയില്‍ നമുക്കിടയിലെ സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള വിഭവത്തിന്റെ മുപ്പത്തഞ്ച് ശതമാനം കൈവശം വെച്ചിരിക്കുന്നത് ലോകജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള അമേരിക്കയാണ്. അമേരിക്കയും യൂറോപ്പും ചേര്‍ന്നുള്ള ലോകജനസംഖ്യയുടെ പതിനഞ്ച് ശതമാനമാണ് മൊത്തം വിഭവങ്ങളുടെ തൊണ്ണൂറ് ശതമാനവും കൈവശം വെച്ചിരിക്കുന്നത്. അഥവാ, അമേരിക്കയിലും യൂറോപ്പിലുമുള്ള ആധുനിക മനുഷ്യരുടേതിന് സമാനമായ ഉപഭോഗ സംസ്‌കാരം ലോകജനത ഒട്ടാകെ കൈകൊള്ളുകയാണെങ്കില്‍ ഭൂമിയിലെ എണ്‍പത് ശതമാനമാളുകള്‍ക്കും ഭൂമിയില്‍ ജീവിതം അസാധ്യമാണെന്നര്‍ഥം. അപ്പോള്‍, പാശ്ചാത്യര്‍ ഇതരസമൂഹങ്ങളെ നോക്കി നിങ്ങള്‍ ഞങ്ങളെ പോലെ ‘ആധുനികരാവൂ’ എന്ന് പറയുന്നതിലെ സാംഗത്യമെന്താണ്?
ഇത് വരെ പറഞ്ഞത് പാശ്ചാത്യ നൈതികവ്യവസ്ഥ നമ്മുടെ പരിസ്ഥിക്കും സാമ്പത്തിക വ്യവസ്ഥക്കും ഏല്‍പിച്ച ആഘാതങ്ങളാണ്. ഇനി ഒരു നൈതിക വ്യവസ്ഥ എന്ന നിലക്ക് തന്നെ ലിബറലിസത്തിന്റെ പരിമിതികള്‍ നോക്കാം. ക്ലാസിക്കല്‍, കണ്‍സര്‍വേറ്റീവ്, പ്രോഗ്രസ്സീവ് ലിബറലിസങ്ങളെല്ലാം അടിസ്ഥാനപരമായി വ്യക്തിതാല്‍പര്യങ്ങളില്‍(individual desire) അധിഷ്ഠിതവും അപരദ്രോഹമില്ലാത്തിടത്തോളം അവക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നവയുമാണ്. പക്ഷെ, ലിബറലിസം എന്ന പ്രത്യയശാസ്ത്രത്തിന് സ്വന്തമായി ദൈവമോ, മതമോ, ഗ്രന്ഥമോ, തത്വശാസ്ത്ര ചട്ടക്കൂടോ ഇല്ലാത്തതിനാല്‍ തെറ്റും ശരിയും തമ്മില്‍ വേര്‍തിരിക്കാനോ കൃത്യമായി നിര്‍വചിക്കാനോ സാധിക്കില്ല.

പ്രമുഖ സ്‌കോട്ടിഷ് അമേരിക്കന്‍ തത്വചിന്തകനായ അലസദീര്‍ മക്കന്റൈറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും തത്വചിന്താ ലോകത്ത് നൂതനമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്ത കൃതിയായിരുന്നു ആഫ്റ്റര്‍ വിര്‍ച്യൂ എന്നത്. ശരിയും തെറ്റും ഏതെന്ന് കൃത്യമായി നിര്‍വചിക്കാനുതകുന്ന കൃത്യമായ ചട്ടക്കൂടില്ലാത്തിടത്തോളം ആധുനിക പാശ്ചാത്യ ലോകത്തെ നൈതികമായ അഭിപ്രായ ഭിന്നതകള്‍ (ethical differences) പരിഹരിക്കാനാവില്ല എന്ന് മക്കന്റൈര്‍ ഈ ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

ലിബറലിസത്തിന് നൈതികമായ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ഥ്യം. പിന്നെയെങ്ങനെ പ്രത്യക്ഷത്തില്‍ അനവധി വൈജാത്യങ്ങളുള്ള, മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം ലിബറലിസത്തിനകത്ത് കടന്നുവന്നു. യഥാര്‍ഥത്തില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മുന്നോട്ട് വെച്ചത് അബ്രഹാമിക പാരമ്പര്യമാണ്. മൂസാ നബിയും ഈസാ നബിയും മുഹമ്മദ് നബിയുമടങ്ങുന്ന ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഒരു വ്യക്തിയെ കൊല്ലുന്നത് മാനുഷിക കുലത്തെ ഒന്നാകെ കൊല്ലുന്നതിന് സമാനമാണ്. പക്ഷെ, ഹിന്ദുയിസത്തില്‍ മനുഷ്യര്‍ തുല്യരല്ല എന്ന് മാത്രമല്ല, അതവരുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരാണ് താനും. ലിബറലിസം ചെയ്തതെന്താണെന്ന് വെച്ചാല്‍, അബ്രഹാമിക മതങ്ങളുടെ ഇത്തരം ആശയങ്ങളെ അതിനുള്ളിലേക്ക് ഒളിച്ച് കടത്തുകയും അവയുടെ അടിസ്ഥാനമായ ദൈവിക ഉണ്മയെ നിഷേധിക്കുകയുമാണ്. ഇത്തരത്തില്‍, ദൈവത്തെ നിഷേധിക്കുകയും ദൈവികമായി സ്ഥിരപ്പെട്ട മനുഷ്യരുടെ തുല്യതയെ മാത്രം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് പാശ്ചാത്യ നൈതിക വ്യവസ്ഥക്കകത്തെ പ്രതിസന്ധികള്‍ രൂപപ്പെട്ടത്.

ആധുനികത എന്ന കൊളോണിയല്‍ പദ്ധതിയോടുള്ള മുസ്‌ലിം സമീപനങ്ങള്‍ വൈവിധ്യമാണ്. ഒരു മുസ്‌ലിം മതവിശ്വാസി എന്ന നിലക്ക് നമ്മുടെ സമീപനങ്ങള്‍ ഏതു വിധമാവണമെന്നാണ് താങ്കള്‍ നിരീക്ഷിക്കുന്നത്?

ആധുനികതയോടുള്ള പണ്ഡിത സമീപനങ്ങള്‍ ബഹുമുഖമാണ്. പാശ്ചാത്യര്‍ ആധുനികരും പൗരസ്ത്യര്‍ പാരമ്പര്യവാദികളുമാണെന്നാണ് ഒരു നൂറ്റാണ്ട് മുമ്പ് വരെ മുസ്‌ലിംകള്‍ ചിന്തിച്ചിരുന്നത്. പക്ഷെ, ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ മതചിന്ത പാടെ അപ്രസക്തമായതും അമേരിക്കയിലും യുറോപ്യന്‍ രാജ്യങ്ങളിലും അത്യാവേശത്തോടെയുള്ള മതബോധത്തിന്റെ തിരിച്ചുവരവും ഈ വീക്ഷണത്തിന്റെ അപ്രസക്തി വ്യക്തമാക്കുന്നുണ്ട്. മറ്റ് ചിലരുടെ അഭിപ്രായ പ്രകാരമുള്ള ശാസ്ത്രത്തിലും സാങ്കേതികതയിലും പാശ്ചാത്യലോകം ആര്‍ജ്ജിച്ച പുരോഗതിയാണ് ആധുനികതയെങ്കില്‍ പാശ്ചാത്യര്‍ക്കപ്പുറമുള്ള സമൂഹങ്ങള്‍ക്കും അനധിവിദൂരമായ ഭാവിയില്‍ ഇത്തരം പുരാഗതികള്‍ ആര്‍ജിക്കാനാവുമെന്നതില്‍ സംശയമില്ല.

സാങ്കേതിക തലത്തില്‍ നാം ആര്‍ജിച്ച പുരോഗതി ചരിത്രത്തിന്റെ ജനാധിപത്യവല്‍കരണം നമുക്കിടയില്‍ സാധ്യമാക്കിയിട്ടുണ്ട്. മുന്‍തലമുറയെക്കാളുപരി നാം ഇപ്പോള്‍ ചരിത്രത്തെ കുറിച്ച് ബോധ്യമുള്ളവരാണ്. ആധുനികതയോടുള്ള നമ്മുടെ സമീപനങ്ങള്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെ കണക്കിലെടുത്താവണം. ആധുനികതയെ പരിപൂര്‍ണമായി ഉള്‍കൊള്ളുകയോ പുറന്തള്ളുകയോ ചെയ്യുന്നത് അയുക്തികമാണ്. വിവിധ രാജ്യങ്ങളിലിരുന്ന് ഇപ്പോള്‍ നമ്മള്‍ തമ്മില്‍ സംസാരിക്കുന്നത് തന്നെ ആധുനികമായ ഒരു സംവിധാനമുപയോഗിച്ചാണ്, ആധുനികതയുടെ ഭാഗമായുണ്ടായ ആഗോളവത്കരണമാണ് നമ്മളെ പരസ്പരം കണ്ടുമുട്ടിച്ചതും ഇത്തരമൊരു സംഭാഷണത്തിലേക്കെത്തിച്ചതും. അഥവാ, ആധുനകതയുടെ പല വശങ്ങളെയും ഒരു മുസ്‌ലിമെന്ന നിലക്ക് നമുക്ക് മാറ്റിനിര്‍ത്താനാവില്ല, എന്ന് മാത്രമല്ല, കൂടുതല്‍ പുരോഗതി പ്രാപിക്കുന്നതിന് അവ നിര്‍ബന്ധമാണ് താനും. എന്നാല്‍, സാങ്കേതികമായി നമ്മള്‍ ഏറെ മികച്ച സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും ദൈവിക വിശ്വാസവും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളും നമുക്കുള്ളില്‍ അടിയുറച്ച് നില്‍ക്കേണ്ടതുമുണ്ട്.

പാശ്ചാത്യ നൈതിക വ്യവസ്ഥക്ക് ഇസ്‌ലാമികമായ ബദല്‍ മുന്നോട്ട് വെക്കണമെന്നാണല്ലോ താങ്കള്‍ അഭിപ്രായപ്പെടുന്നത്. കുടുംബം, സാമ്പത്തിക വ്യവസ്ഥ, രാഷ്ട്രം, സമൂഹം എന്നിവയോടുള്ള ഇസ്‌ലാമിക നൈതിക വ്യവസ്ഥയുടെ സമീപനമെന്താണ്?

ഇസ്‌ലാം പരിപൂര്‍ണമായും അല്ലാഹുവിനോടുള്ള അഭിസംബോധനമാണ്. അല്‍ഹഖ് എന്ന അല്ലാഹുവിന്റെ നാമം അര്‍ഥമാക്കുന്നത് പരമയാഥാര്‍ഥ്യം എന്നാണ്. അഥവാ ഇസ്‌ലാം എന്നാല്‍ അല്ലാഹു എന്ന പരമയാഥാര്‍ഥ്യത്തോടുള്ള അഭിസംബോധനങ്ങളാണ്. ദൈവീക സംബോധനം ഇസ്‌ലാമിനെ മനുഷ്യജീവിതത്തിന്റെ സകലതല സ്പര്‍ശിയാക്കി മാറ്റുന്നു. അതിനര്‍ഥം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങള്‍ക്കും മാനുഷികമായ ഇടപെടലുകള്‍ സാധ്യമല്ലാത്ത വിധം ഇസ്‌ലാമില്‍ തിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നല്ല. ഒരുദാഹരണം പറയാം. എങ്ങനെ ഒരു ഇന്റര്‍നെറ്റ് കണക്ഷനെടുക്കണമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, എന്നാല്‍ അവ മുഖേന അശ്ലീലങ്ങള്‍ കാണുന്നത് വിലക്കപ്പെട്ടതാണ് താനും. സാങ്കേതിക പരിജ്ഞാനം നേടല്‍ അടിസ്ഥാനപരമായി ഒരു വ്യക്തിയുടെ സ്വാതന്ത്രമാണെങ്കിലും മുസ്‌ലിംകള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ചിലപ്പോള്‍ അവ നിര്‍ബന്ധവും കൂട്ടുത്തരവാദിത്വവുമായി മാറും. ഇത്തരത്തില്‍ ഇസ്‌ലാമില്‍ നിരുപാധികം ചെയ്യാനാവാശ്യപ്പെട്ടവയും അല്ലാത്തവയുമുണ്ട്. അല്ലാഹുവിനെ ആരാധിക്കുക, ഇസ്‌ലാമിക സന്ദേശം സര്‍വ്വരിലേക്കുമെത്തിക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളെല്ലാം നിരുപാധികം ചെയ്യാനാവശ്യപ്പെട്ടവയുടെ ഗണത്തില്‍ വരും.

ഇസ്‌ലാമിക ശരീഅത്ത് നമ്മുടെ ശരീരത്തിലെ അസ്ഥികൂടം പോലെയാണ്. ശരീരത്തില്‍ റൂഹിന് സമാനമായ ഈമാനില്ലെങ്കില്‍ അവ നിര്‍ജീവമാവുന്നു. സ്ഥലകാലങ്ങള്‍ക്കനുസൃതമായ നിറങ്ങളുള്ള തൊലികള്‍ ഉള്ളില്‍ അസ്ഥികൂടങ്ങളും റൂഹുമുള്ള ശരീരങ്ങളില്‍ രൂപപ്പെടുന്നത് പോലെ ദീനിലും പല വിധ വൈജാത്യങ്ങളുണ്ട്. ഇത്തരത്തില്‍ സ്ഥലകാലാടിസ്ഥാനത്തില്‍ മാറ്റം സംഭവിക്കുന്നതും അതേ സമയം പ്രാമാണികതയില്‍ ശക്തമായി ഉറച്ച് നില്‍ക്കുന്നതുമാണ് നൈതികത. ഖുര്‍ആനില്‍ പലയിടങ്ങളിലും എന്താണെന്ന് വിശദീകരിക്കാതെ നന്മ ചെയ്യാന്‍ മാത്രമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. അഥവാ, അടിസ്ഥാന പ്രമാണങ്ങളോട് എതിരാവാത്ത വിധം സ്വന്തം സാംസ്‌കാരികതയില്‍ നിന്ന് ആവശ്യമായവ ഉള്ളിലേക്കാവാഹിക്കാന്‍ ശരീഅത്തനുവദിക്കുന്നുണ്ടെന്നര്‍ഥം.

ഇസ്‌ലാമികമായ പൂര്‍വകാലങ്ങളില്‍ നൈതിക ഇടപെടലുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നോ. നമ്മുടെ ക്ലാസിക്കുകളിലൊന്നും നൈതികതയെ വേറിട്ട ഒരു പഠനമേഖലയായി ചര്‍ച്ച ചെയ്യുന്നില്ല എന്ന വിമര്‍ശനമുണ്ടല്ലോ?

പൂര്‍വാധുനിക കാലങ്ങളില്‍ നൈതികതയും നിയമവും പരസ്പരം ബന്ധമില്ലാത്ത രണ്ട് മണ്ഡലങ്ങളിലേക്ക് ചുരുക്കപ്പെട്ടവയായിരുന്നില്ല. ഇസ്‌ലാമികമായ പൂര്‍വകാലങ്ങളില്‍ ശരിയും തെറ്റും ചര്‍ച്ച ചെയ്യുന്നതിന് കാര്യമാത്രമായ പ്രസക്തിയില്ലായിരുന്നു. കാരണം, അവ ഖുര്‍ആനും ഹദീസും മുഖേന അല്ലാഹു അവന്റെ അടിമകള്‍ക്ക് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതരെ സംബന്ധിച്ചിടത്തോളം, ദൈവികമായി നിശ്ചയിക്കപ്പെട്ട ശരി തെറ്റുകളുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെ ആവശ്യകതയെ ഉണ്ടായിരുന്നുള്ളൂ. നമുക്കൊരിക്കലും നുണപറയുന്നത് നൈതികമാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യേണ്ടി വരാറില്ല. കാരണം, നുണപറയുന്നത് നൈതികതക്കെതിരാണെന്ന് ദൈവികമായി തന്നെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ നൈതികമായ രണ്ട് കാര്യങ്ങള്‍ തന്നെ പരസ്പരം വിരുദ്ധമായി വരാം. ഉദാഹരണമായി, നിങ്ങളുടെ വീട്ടില്‍ ഒളിച്ചിരുന്ന ഒരു കുടുംബത്തെ തേടി തീവ്രവാദികള്‍ വരുന്നുണ്ടെന്ന് വിചാരിക്കുക. നിങ്ങള്‍ക്ക് മുമ്പില്‍ സത്യം പറയുക, അവരുടെ ജീവന്‍ രക്ഷിക്കാന്‍ നുണ പറയുക എന്നിങ്ങനെയുള്ള രണ്ട് സാധ്യതകളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏത് തെരഞ്ഞെടുക്കണമെന്നത് നിര്‍ണയിക്കുന്നത് കര്‍മശാസ്ത്രപണ്ഡിതന്മാരാണ്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിവയുടെ അടിസ്ഥാനത്തില്‍ അവര്‍ പുറപ്പെടുവിക്കുന്ന വിധിവിലക്കുകളുടെ അടിസ്ഥാനം യഥാര്‍ഥത്തില്‍ അവരുടെ നിര്‍ണയാധികാരത്തിന്റെ പുറത്താണെന്നതില്‍ സംശയമില്ലല്ലോ. ശരിയും തെറ്റും എന്തെന്ന് ചിന്തിക്കുന്നതിന് പകരം, ദൈവിക ബോധനത്തിന്റെയടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട അവയെ എങ്ങനെ ക്രമീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം എന്നാണ് മുസ്‌ലിംകള്‍ അന്വേഷിച്ചിരുന്നത്. ഇസ്‌ലാമിക നിയമവും നൈതികതയും നേരിയ തോതില്‍ വ്യതിചലിക്കുന്ന അവയുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലാണ്. അഞ്ച് നേരം നമസ്‌കരിക്കണമെന്ന ഫുഖഹാക്കള്‍ കല്‍പ്പിക്കുന്നു. പക്ഷെ, പ്രവാചകന്‍, സ്വര്‍ഗം, നരകം, ശിക്ഷ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകളിലൂടെ നമ്മെ നിസ്‌കരിക്കുന്നവരാക്കി മാറ്റുന്നത് സൂഫിയാക്കളും മാതാപിതാക്കളും അധ്യാപകന്മാരുമായേക്കാം. സ്വഭാവ സംശുദ്ധീകരണത്തിലൂടെയും ഓര്‍മപ്പെടുത്തലുകളിലൂടെയും നമ്മെ മാറ്റിയെടുക്കുകയാണ് (embodiment of ethics) നൈതികത/അഖ്‌ലാക്ക് ചെയ്യുന്നതെന്നര്‍ഥം.

പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം അബ്ദുല്ലാഹിബിന്‍ മുഹമ്മദ് ബിന്‍ മുഫ്‌ലിഹ് അല്‍മഖ്ദിസിയുടെ അല്‍ആദാബുശ്ശറഇയ്യ എന്ന ഗ്രന്ഥം ഏറെ ശ്രദ്ദേയമാണ്. തൗബ, സത്യം തുടങ്ങിയവയെ ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ഭാഗമായിട്ടാണ് ഗ്രന്ഥം പരിചയപ്പെടുത്തുന്നത്. അഥവാ, ആധുനികത വളരെ മതപരമായി (അതുകൊണ്ട് തന്നെ അനിവാര്യമല്ലാത്തതും) കാണുന്ന നൈതിക വൃത്തികള്‍ ഇസ്‌ലാമിക നിയമവ്യവസ്ഥയെയും മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം ഒഴിച്ച് കൂടാനാവാത്തതാണെന്നര്‍ഥം. ഫിഖ്ഹും, അഖ്‌ലാക്കും ചരിത്രത്തിലുടനീളം ഒന്നായിരുന്നു. സെക്കുലറിസമാണ് അവയെ പരസ്പരം വേര്‍തിരിച്ചത്, ശരിയും തെറ്റും എന്താണെന്ന് ചോദിക്കാന്‍ തുടങ്ങിയത്, ഗ്രീക്ക് പാരമ്പര്യത്തില്‍ പോലും തത്വചിന്തകരുടെ അധികാരപരിധിയിലേക്ക് ചുരുക്കപ്പെട്ടിരുന്ന അവയുടെ നിര്‍ണയാധികാരത്തെ ചോദ്യം ചെയ്തത്. അനന്തരഫലമെന്നോണം, നൈതികത എന്ന ഒരു പ്രത്യേക പഠനമേഖല വികാസം പ്രാപിക്കുന്നത് സ്വഭാവികമാണല്ലോ. ഞാന്‍ പറഞ്ഞുവരുന്നത്, ഇസ്‌ലാമിക സമൂഹങ്ങളില്‍ അങ്ങനെയുള്ള ഒരു അന്വേഷണത്തിനോ ചര്‍ച്ചക്കോ തന്നെ സാധ്യത ഇല്ലെന്നാണ്. നോക്കൂ, ഇസ്‌ലാമിക നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, കോടതിക്കകത്ത് നിന്നും പുറത്ത് നിന്നും നുണ പറയുന്നത് ഒരുപോലെ കുറ്റകരമാണ്. ഒരുപക്ഷേ, ഇഹലോകത്ത് ശിക്ഷിക്കപ്പെടുന്നത് കോടതിയില്‍ നുണപറഞ്ഞവനാണെങ്കിലും ശരി. പക്ഷെ, കോടതിക്ക് പുറത്ത് നുണ പറഞ്ഞവന്‍ കുറ്റക്കാരനേ ആവുന്നില്ല എന്നതാണ് ആധുനിക നിയമവ്യവസ്ഥയുടെ പരിമിതി. അവിടെതന്നെയാണ് അത് പരാജയപ്പെടുന്നതും.

ആധുനിക ദേശരാഷ്ട്രത്തിനകത്തെ വയലന്‍സിനെ വിമര്‍ശനവിധേയമാക്കുകയും ഒരു ഇസ്‌ലാമിക ബദല്‍ മുന്നോട്ട് വെക്കുകയും ചെയ്ത താങ്കളുടെ ‘ഹു വാണ്ട്‌സ് കാലിഫേറ്റ്’ എന്ന ലേഖനം ഈയടുത്ത് ഏറെ പണ്ഡിത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാശ്ചാത്യവത്കരിക്കരിക്കപ്പെട്ട ഒരു ലോകവ്യവസ്ഥക്കകത്ത് നിന്ന് കൊണ്ട് ഒരു ഇസ്‌ലാമിക ബദലിലേക്ക് തിരിച്ചുപോക്ക് സാധ്യമാണോ?

ആധുനികത വളരെ ശക്തനായ, നമുക്കൊരിക്കലും നേരിടാനാവാത്ത വിധം അടിസ്ഥാനങ്ങളെ ദൃഢപ്പെടുത്തിയ ഒരു ശത്രുവാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനകത്ത് നിറഞ്ഞ വൈരുധ്യങ്ങളും നിരവധി പഴുതുകളും ചേര്‍ന്നുനില്‍ക്കാത്ത ആശയങ്ങളുണ്ട്. അല്‍പബുദ്ധികളായ ചില വ്യക്തികളുടെ ചിന്താപദ്ധതികളെ ചേര്‍ത്തുവെച്ചതാണവ. ഇത്തരം ആശയങ്ങളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുകയും അവയുടെ അടിസ്ഥാനത്തില്‍ നിയമം, ഭരണം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളെ (Institutions) പുനര്‍നിര്‍മിക്കുക്കയും ചെയ്തുവെന്നിടത്താണ് ആധുനികത വിജയിച്ചത്. ഇത്രമാത്രം ദുര്‍ബലനായ ഒരു ശത്രുവിനെങ്ങനെയാണ് നമ്മെ തകര്‍ക്കാനും നമുക്ക് മേല്‍ പ്രഹരമേല്‍പ്പിക്കാനും നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കാനുമാവുക. പിന്നെന്തിനാണ് നാമതിനെ വലിച്ചെറിഞ്ഞ് ഒരു ബദല്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് വാചാലരാകുന്നത്. ഞാന്‍ പറഞ്ഞ് വരുന്നത്, ആധുനികതയെ ഒരു പ്രതിസന്ധിയായി കാണുന്നതിന് പകരം ഒരു അവസരമായി കാണുന്നതിന്റെ സാധ്യതയെക്കുറിച്ചാണ്.
നിങ്ങള്‍ക്കുള്ളിലെ നൈതികബോധങ്ങളെ സമ്പൂര്‍ണമാക്കാന്‍ വേണ്ടിയാണ് ഞാന്‍ അയക്കപ്പെട്ടതെന്ന് പ്രവാചകര്‍(സ) പറഞ്ഞിട്ടുണ്ട്. അഥവാ, നമുക്കുള്ളിലൊക്കെ തന്നെയും അടിസ്ഥാനപരമായി ചില നൈതിക ബോധ്യങ്ങളുണ്ടെന്നര്‍ഥം (ഫിത്‌റ). അതുകൊണ്ടാണ് ഇസ്‌ലാംഭീതിയുടെയും ഭൗതികവാദത്തിന്റെയും നിറഞ്ഞ ശത്രുതയുടെയും പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും തങ്ങള്‍ക്കുള്ളിലെ യഥാര്‍ഥ സത്യത്തെ തിരിച്ചറിഞ്ഞ യൂറോപ്യരുടെ കുത്തൊഴുക്ക് ഇസ്‌ലാമിലേക്കുണ്ടാവുന്നത്. ആധുനികത നമ്മുടെ ചിന്താമണ്ഡലങ്ങളില്‍ എത്ര ആഴ്ന്നിറങ്ങിയിട്ടുണ്ടെങ്കിലും നമുക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാണെന്നല്ലെ ഇതിന്റെയര്‍ഥം.

ഖിലാഫത്ത് എന്നത് കൊണ്ട് ഞാനുദ്ദേശിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലുള്ള ഒരു മാതൃകയെ അതേപടി പകര്‍ത്തിയെടുക്കുക എന്നല്ല. അങ്ങനെ തെറ്റിദ്ധരിച്ച പലരും നമുക്ക് വലിയ നഷ്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് താനും. മറിച്ച്, ആധുനികമായ പല സ്ഥാനപങ്ങളെയും അധാര്‍മികമാക്കി മാറ്റുന്ന, കുഫ്‌റില്‍ അധിഷ്ഠിതമായിട്ടുള്ള അവയുടെ അടിസ്ഥാനങ്ങളെ ഇസ്‌ലാമികമായ ബദല്‍ കൊണ്ട് പുനസ്ഥാപിക്കുകയാണ് ഉദ്ദേശ്യം. അഥവാ, മുസ്‌ലിം ദേശരാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ മതപരവും ആശപരവുമായ വിയോജിപ്പുകള്‍ക്കപ്പുറം യോജിച്ചുനില്‍ക്കാവുന്ന ഒരു പരമാധികാര സമിതി രൂപപ്പെടണം. മുസ്‌ലിം രാഷ്ട്രങ്ങളിലെ സാമ്പത്തികവും, ഭരണപരവുമായ കാര്യങ്ങളില്‍ ഈ സമിതി നയങ്ങള്‍ രൂപപ്പെടുത്തും. വിയോജിപ്പുകളുടെ പേരിലുള്ള ആന്തരിക കലഹങ്ങളുണ്ടാകാതെ നോക്കാനും ഐക്യം നിലനിര്‍ത്താനും സമിതിക്ക് ഉത്തരവാദിത്വമുണ്ടാവും. തീര്‍ച്ചയായും ഇത്തരമൊരു സംവിധാനത്തിന്റെ സുഖമമായ മുന്നോട്ട് പോക്കിന് ആവശ്യമായ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകളെയും ഭരണനിര്‍വഹണസ്ഥാപനങ്ങളെയും അതിന്റെയടിസ്ഥാനത്തില്‍ പുനക്രമീകരിക്കേണ്ടതുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പോലെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന, ദേശാതീതമായ ഒരു സമിതിയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നോക്കൂ, ദേശരാഷ്ട്രങ്ങള്‍ക്കതീതമായി ആഗോള നിയമം എന്നൊന്നില്ലെ, വിജ്ഞാനീയങ്ങള്‍ ആഗോളവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയല്ലെ, നമ്മുടെ തന്നെ താല്‍പര്യങ്ങല്‍ ദേശാതീതമായി മാറുന്നില്ലെ. അപ്പോള്‍ എന്തുകൊണ്ടും മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍, ദേശീയവും മതപരവുമായ താല്‍പര്യങ്ങള്‍ക്കപ്പുറമുള്ള യോജിപ്പ് രൂപപ്പെടേണ്ടിയിരിക്കുന്നു. ഷിയാ-സുന്നി എന്ന ദ്വന്ദ്വത്തെ മറികടന്ന് മാത്രമേ ഇനി നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനാവുകയുള്ളൂ. മറ്റു ദേശശക്തികള്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുമ്പോഴും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുമ്പോഴും പിന്തുണക്കുന്നുവെന്ന് അധരവ്യയാമം നടത്തുന്നതിന് പകരം യഥാര്‍ഥമായ പിന്തുണയും ആഗോളരാഷ്ട്രീയത്തില്‍ ശക്തമായ സമ്മര്‍ദങ്ങള്‍ രൂപപ്പെടുത്താനും നമുക്കാവണം. അതേ സമയം തന്നെ, ഓരോ രാഷ്ട്രങ്ങളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അതിനനുസരിച്ചുള്ള ഭരണനിര്‍വഹണവും നീക്കുപോക്കുകളും അനുവദിക്കണം. അല്ലെങ്കില്‍ അത് വലിയ കുഴപ്പങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും.

നിങ്ങള്‍ ചോദിച്ചത് പോലെ ദേശരാഷ്ട്രങ്ങള്‍ക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്ന ഒരു ലോകവ്യവസ്ഥയാണോ നിലവിലുള്ളത്. സവിശേഷമായ ഒരു ഭൂപരിധിക്ക് പരമാധികാരം നല്‍കുമ്പോഴേ ഒരു ദേശരാഷ്ട്രത്തിന് അടിസ്ഥാനമുണ്ടാവുകയുള്ളൂ. പക്ഷെ, ആഗോളവത്കരിക്കപ്പെട്ട ഇന്നത്തെ ലോകവ്യവസ്ഥയില്‍ ഒരു പ്രത്യേക ഭൂപരിധി എന്നുള്ളതിന് പ്രസക്തി നഷ്ടപ്പെട്ടില്ലേ. അഥവാ, നമ്മള്‍ എപ്പോഴോ ദേശരാഷ്ട്രങ്ങള്‍ക്ക് പുറത്ത് കടന്നിട്ടുണ്ടെന്നര്‍ഥം. ദേശം എന്ന സങ്കല്‍പത്തിന് തന്നെ എല്ലാ സമൂഹങ്ങളോടും എത്രമാത്രം നീതിപുലര്‍ത്താനാകുന്നുണ്ട് എന്ന് ആലോചിക്കേണ്ടതാണ്. ഓരോ ദേശരാഷ്ട്രത്തിനെയും സാധ്യമാക്കുന്ന ദേശീയതാബോധം അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ശക്തമായ ആഘാതങ്ങളേല്‍പ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വയിലധിഷ്ഠിതമായ ദേശീയബോധത്തിന്റെ നിലനില്‍പ്പ് തന്നെ മുസ്‌ലിം എന്ന ശത്രുവിനെ സൃഷ്ടിച്ച് കൊണ്ടാണ്. ചൈനയില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇതില്‍ നിന്ന് വിഭിന്നമല്ല.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പ്രയോഗത്തെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്? വാഇല്‍ ഹല്ലാഖിനെ പോലുള്ളവര്‍ നൈതികവും മതപരവുമായ ഇസ്‌ലാമിക് എന്ന സംജ്ഞയും തീര്‍ത്തും അധിശസ്വഭാവമുള്ള സംജ്ഞയും പ്രശ്‌നവത്കരിക്കുന്ന പോലെ എങ്ങനെയാണ് ചേര്‍ന്നു നില്‍ക്കുക?

അതൊരു പ്രധാനപ്പെട്ട വിഷയമാണ്. ആദ്യം സ്റ്റേറ്റ് എന്ന സംജ്ഞയെടുക്കാം. അതിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. രാഷ്ട്രതന്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റ് എന്നാല്‍ ഒരു ഭൂപരിധിക്കുള്ളില്‍ വയലന്‍സിനുള്ള മാര്‍ഗ്ഗം നിയമസാധുതയോടെ കൈവശം വെക്കുന്ന എന്റിറ്റിയാണ്. ആധുനിക ദേശരാഷ്ട്രത്തിന്റെ സര്‍വ്വഗുണങ്ങളും ഒരു സ്റ്റേറ്റിന് ഉണ്ടാവണമെന്നില്ല. എന്നാല്‍, ബൗദ്ധിക ചരിത്രകാന്മാരെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റ് എന്ന പദത്തിന്റെ ഉത്ഭവും വികാസവും ഏറെ പ്രധാനപ്പെട്ടതാണ്. ആധുനിക യൂറോപ്പിലെ ആദ്യകാല ചിന്തകരിലൊരാളായിരുന്ന മക്കിയാവല്ലിയുടെ എഴുത്തുകളിലാണ് സ്‌റ്റേറ്റ് എന്ന സംജ്ഞ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ഒരു ഭൂപ്രദേശത്തെ ജനങ്ങള്‍, അവരെ ഭരിക്കുന്ന അധികാരികള്‍ എന്നിവര്‍ തങ്ങള്‍ തന്നെ രൂപപ്പെടുത്തിയ ഒരു പരമാധികാര സംവിധാനം മുഖേന നിയന്ത്രിക്കപ്പെടുന്നതിനാണ് യൂറോപ്പില്‍ സ്‌റ്റേറ്റ് എന്ന് ഉപയോഗിക്കപ്പെട്ടിരുന്നത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഇതിനകത്ത് സ്വീകാര്യമായതും അസ്വീകാര്യമായതുമുണ്ട്. ഇസ്‌ലാമില്‍ പരമാധികാരം അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായതിനാല്‍ ജനങ്ങളെ മൊത്തത്തിലോ ഭാഗികമായോ അതില്‍ പങ്ക് ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ പക്ഷം. എന്നാല്‍, ആരാണ് ഭരിക്കേണ്ടത് എന്നിടത്ത് ജനങ്ങള്‍ക്കിടപെടാനും തീരുമാനിക്കാനുമുള്ള അവസരം ഇസ്‌ലാമിലുണ്ട്. വ്യക്തിപരമായി രാജഭരണം(കുടുംബപരമായ അധികാരകൈമാറ്റം) എന്ന സംവിധാനത്തോട് എനിക്ക് വിയോജിപ്പാണുള്ളത്. ഇമാം ഗസ്സാലിയടക്കമുള്ള പണ്ഡിതര്‍ രാജഭരണത്തെ എതിര്‍ക്കുകയും ഇസ്‌ലാമില്‍ ഖിലാഫത്താണുള്ളതെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ട് നൂറ്റാണ്ടുകളിലെ മുസ്‌ലിം ഭരണത്തിനിടയില്‍ കുടുംബം വഴിയുള്ള അധികാരകൈമാറ്റം കടന്ന്കൂടിയത് ചെറുതല്ലാത്ത ക്ഷതമേല്‍ക്കാന്‍ കാരണമായിട്ടുണ്ട്.

ഇനി ‘ദേശരാഷ്ട്രത്തിലേക്ക് വരാം. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ദേശങ്ങളുടെ പേരില്‍ ഒരൊറ്റ ഉമ്മത്തായ മുസ്‌ലിംകളെ പരസ്പരം വിഭജിക്കുന്നതും പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാക്കുന്നതും അസ്വീകാര്യമാണ്. എന്നാല്‍, ദേശരാഷ്ട്രത്തിനകത്ത് മറ്റ് പലതും സ്വീകാര്യയോഗ്യമായി ഉണ്ട്താനും. ഇത്തരത്തില്‍ അസ്വീകാര്യമായതിനെ മാറ്റി നിര്‍ത്തി, സ്വീകാര്യമായവയെ ഉള്‍ചേര്‍ത്ത് എന്ത് കൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് എന്നുള്ള ഒന്ന് ഉണ്ടാക്കിക്കൂടാ. വാഇല്‍ ഹല്ലാഖ് എന്റെ നല്ലൊരു സുഹൃത്തും മികച്ചൊരു ഉത്തരാധുനിക ചിന്തകനുമാണ്. അദ്ദേഹത്തിന്റെ, രചനകളൊരിക്കലും അഖീദയോ ഫിഖ്‌ഹോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ഫൂക്കോ അടക്കമുള്ള ഉത്തരാധുനിക ചിന്തകരുടെ എഴുത്തുകളില്‍ നിന്ന് സ്വാധീനമുള്‍കൊണ്ട സൈദ്ദാന്തിക ആലോചനകളായത് കൊണ്ട് തന്നെ ആ തലത്തില്‍ അവയെ വായിച്ചാല്‍ മതി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

മുഹ്‌യിദ്ദീന്‍ ശാക്കിര്‍ പി, സുഹൈല്‍ ചുങ്കത്ത്, ആസ്വിം സഈദ് തുവ്വൂർ and ഒവാമിർ അൻജും

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.