ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗ് നിര്‍ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പലരും നിരീക്ഷിക്കുന്നു. ലീഗിന്റെ വോട്ട് വിഹിതത്തില്‍ വലിയ അളവിലുള്ള കുറവ് കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലുമായി നമുക്ക് കാണാവുന്നതുമാണ്. ഇതിനെ എങ്ങനെ നോക്കി കാണുന്നു. മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണോ ഇത്തരം ഒരു പ്രതിസന്ധി?
മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ എല്ലാ കാലത്തും പലതരത്തിലുമുള്ള ഉയര്‍ച്ചതാഴ്ച്ചകളുണ്ടായിട്ടുണ്ട്. പരാജയങ്ങളും വിജയങ്ങളും നേരിട്ടിട്ടുമുണ്ട്. ആദ്യമായി സര്‍വ്വേന്ത്യാ മുസ്‌ലിം ലീഗ് മത്സരിക്കുന്നത് 1936ലെ തെരെഞ്ഞെടുപ്പിലാണ്. അന്ന് മത്സരിച്ച മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലടക്കം എല്ലാ സീറ്റുകളിലും ലീഗ് പരാജയപ്പെട്ടു. ജിന്ന സാഹിബിന്റെ കഠിന പ്രയത്നത്തിനൊടുവില്‍ സാക്ഷാത്കരിക്കാന്‍ സാധിച്ച സിന്ധ് സംസ്ഥാനത്ത് പോലും ലീഗിന് കടുത്ത ആഘാതം നേരിടേണ്ടി വന്നു. എന്നാല്‍ 1946ലെ അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അട്ടമറി ജയം നേടി. മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. മദ്രാസിലും ഉത്തര്‍പ്രദേശിലും ബോംബെയിലുമെല്ലാം പ്രതിപക്ഷ നേതാക്കള്‍ മുസ്ലിം ലീഗിന്റെ പ്രതിനിധികളായി.
സ്വാതന്ത്ര്യാനന്തരം ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകൃതമായി. സ്വതന്ത്ര ഇന്ത്യയില്‍ ഒന്നാമതായി നടന്ന 1952ലെ തെരെഞ്ഞെടുപ്പില്‍ വളരെ കുറച്ച് മാത്രം സീറ്റുകളില്‍ മത്സരിച്ചിട്ടും അഞ്ച് എംഎല്‍എമാരെയും ഒരു എംപിയെയും മുസ്ലിം ലീഗിന് നേടാനായി. 1957ല്‍ പിഎസ്പിയുമായി സഖ്യം ചേര്‍ന്നപ്പോള്‍ അത് 8എംഎല്‍എമാരാക്കി ഉയര്‍ത്താന്‍ സാധിച്ചു. പിന്നീട് കോണ്‍ഗ്രസുമായി സഖ്യമുണ്ടായപ്പോള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്തു. എന്നാല്‍ 1965ലെ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തോടൊപ്പം പരോക്ഷമായ ധാരണയുണ്ടായിരുന്ന തെരെഞ്ഞെടുപ്പില്‍ ലീഗിന് കുറെ സീറ്റുകള്‍ നഷ്ടമായി.
കുറെയിങ്ങോട്ട് വന്നാല്‍ 2006 ലെ തെരെഞ്ഞെടുപ്പ് ലീഗിന് കനത്ത പ്രഹരമായിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ വമ്പിച്ച പരാജയമായിരുന്നു അന്ന് ലീഗഭിമുഖീകരിച്ചത്. കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും കെ.പി.എ മജീദുമടക്കം പ്രമുഖ നേതാക്കളൊക്കെ പരാജയപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത തെരെഞ്ഞെടുപ്പില്‍ അതെ സീറ്റുകളില്‍ ലീഗ് വമ്പിച്ച വിജയം നേടി. ഇങ്ങനെ പല നിംനോന്നതികളും ലീഗതിന്റെ ചരിത്രത്തിലുടനീളം അനുഭവിച്ചിട്ടുണ്ട്. അവയൊക്കെ രാഷ്ട്രീയത്തില്‍ വളരെ സ്വാഭാവികവുമാണ്.
ഇപ്പോഴത്തെ പരാജയത്തെയും അങ്ങനെ മാത്രമെ കാണാന്‍ സാധിക്കൂ. അല്ലാതെ ലീഗിന്റെ അടിത്തറ ഇളകാന്‍ മാത്രമുള്ള പരാജയമോ സംവ്വിധാനം തന്നെ നഷ്ടപ്പെടുന്ന തോല്‍വിയോ ഇപ്പോള്‍ മുസ്ലിം ലീഗിനില്ല. എന്നാല്‍ സി.പി.എം ബംഗാളില്‍ നേരിട്ടത് അടിത്തറ തന്നെ തകര്‍ക്കപ്പെട്ട പരാജയമായിരുന്നു. അങ്ങനെ അനേകം പാര്‍ട്ടികള്‍ പലയിടത്തും വിസ്മൃതിയിലാണ്ടിട്ടുണ്ട്. എന്നാലിപ്പോഴും മുസ്‌ലിം ലീഗ് ശോഭയോടെ തന്നെ നില്‍ക്കുന്നു.
ഇതിന്റെ കൂടെ മനസ്സിലാക്കേണ്ട മറ്റൊരു ഘടകം കൂടിയുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിന് പിന്തുണ നല്‍കിയിരുന്ന എല്‍ജെഡിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവവും ഇത്തവണ ഇടതു പക്ഷത്തോടൊപ്പമാണ്. എല്‍ജെഡിക്ക് മലബാറിലെ പലമണ്ഡലങ്ങളിലും ഏറെ വോട്ടുകളുണ്ട്. ഉദാഹരണത്തിന് കുറ്റ്യാടി തന്നെ നോക്കാം. തിരുവള്ളൂര്‍ പഞ്ചായത്തിന്റെ പ്രസിഡണ്ട് സ്ഥാനം വരെ പണ്ട് എല്‍ജെഡി നേടിയതാണ്. കുറ്റ്യാടി മണ്ഡലത്തില്‍ മൊത്തത്തില്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ എന്തായാലും അവര്‍ക്കുണ്ട്. അവയൊക്കെ കഴിഞ്ഞ തവണ പാറക്കല്‍ അബ്ദുല്ലക്ക് ലഭിച്ചതായിരുന്നു. ഇത്തവണ അത്രയും വോട്ടു വിഹിതം ഇടത് പക്ഷത്തിന് പോകുമ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പാറക്കല്‍ പരാജയപ്പെടേണ്ടതാണ്. എന്നാല്‍ വെറും 333 വോട്ടുകള്‍ മാത്രമാണ് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം. അദ്ദേഹത്തിന്റെ വോട്ടു വിഹിതം എല്‍ജെഡിയുടെത് മാറ്റി നിര്‍ത്തിയാല്‍ വര്‍ധിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.
ഇപ്പോഴത്തെ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും പഴയകാല നേതാക്കളുടെ പ്രവര്‍ത്തനങ്ങളുടെ ബാക്കി മാത്രമാണെന്നും ഇപ്പോഴത്തെ ലീഗ് നേതൃത്തിന് ക്രിയാത്മകമായ പുതിയ പദ്ധതികള്‍ മുന്നോട്ട് വെക്കാന്‍ സാധിക്കുന്നില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ലീഗിന്റെ ചരിത്രകാരനെന്ന നിലയില്‍ ഭാവിയില്‍ ഇപ്പോഴത്തെ ലീഗിനെ കുറിച്ച് എഴുതപ്പെടുമ്പോള്‍ എങ്ങനെയായിരിക്കാം അതിന്റെ സ്വഭാവം?
മുസ്ലിം ലീഗിന്റെ മുന്‍കാല നേതാക്കള്‍ ഗോപുരതുല്യരായ വ്യക്തിത്വങ്ങള്‍ തന്നെയായിരുന്നു. ഇസ്മാഈല്‍ സാഹിബും പോക്കര്‍ സാഹിബും സീതി സാഹിബും ഉപ്പി സാഹിബുമെല്ലാം സമാനതകളില്ലാത്ത നേതൃപാടവമുള്ള അതുല്യവ്യക്തിത്വങ്ങളായിരുന്നു. മതഭൗതിക വിദ്യഭ്യാസം വേണ്ടുവോളം നേടിയിരുന്നു അവര്‍. ഉപ്പി സാഹിബ് 1920കളില്‍ സെന്റ്രല്‍ അസംബ്ലിയില്‍ ഉജ്ജ്വലമായ പ്രഭാഷണം നിര്‍വ്വഹിക്കുന്നതും നമുക്ക് കാണാം.
സീതി സാഹിബ് മുസ്‌ലിം ലീഗിന്റെ ശാഖാ സമിതികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അടിസ്ഥാനപരമായി നല്‍കിയ നിര്‍ദേശം നിങ്ങള്‍ മുസ്‌ലിം ലീഗിന്റെ ഓഫീസിനോട് ചേര്‍ന്ന് ഒരു വായനശാല നിര്‍മിക്കണമെന്നാണ്. പക്ഷെ, ഇപ്പോഴത്തെ മുസ്ലിം ലീഗിന്റെ നേതാക്കള്‍ അവരോളം എത്തുമോ എന്നതില്‍ ആശങ്കയുണ്ട്. ഓരോ കാലത്തെ ആളുകള്‍ക്കനുസരിച്ചാണല്ലോ നേതാക്കള്‍ ഉയര്‍ന്ന് വരുന്നത്. പഴയ നേതാക്കള്‍ സമുദായത്തിന്റെ അനിവാര്യതകളെ കുറിച്ച് നിരന്തരം ആലോചിച്ചിരുന്നവരായിരുന്നു. പക്ഷെ ഇന്ന് ധര്‍മക്കഞ്ഞി നല്‍കുന്ന പാര്‍ട്ടി മാത്രമായി ലീഗ് മാറിയോ എന്ന് തോന്നിയിട്ടുണ്ട്. മുന്‍കാല സെക്രട്ടറി പറഞ്ഞത് വായനശാല നിര്‍മിക്കാനായിരുന്നെങ്കില്‍ ഇന്ന് റിലീഫ് കമ്മിറ്റി തുടങ്ങാനാണ് പറയുന്നത്.
മുഖ്യമന്ത്രി പലയവസരങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനില്ലെന്ന് ആവര്‍ത്തിക്കുന്നു. ഈയടുത്ത് ഒരു പ്രമുഖ മുസ്‌ലിം നേതാവ് ലീഗ് സമുദായ പാര്‍ട്ടിയല്ലെന്ന് പ്രസ്താവിക്കുകയുമുണ്ടായി. യഥാര്‍ത്ഥത്തില്‍ സമുദായത്തിന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ എത്രത്തോളമാണ് മുസ്‌ലിം ലീഗിന്റെ പങ്ക്?
മുസ്ലിം സമുദായത്തിന്റെ ഇപ്പോഴത്തെ അന്തസ്സുള്ള നിലനില്‍പിന് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ ലീഗല്ലാതെ മറ്റാരാണ് പ്രവര്‍ത്തിച്ചത്. മുസ്ലിം ലീഗ് ഇക്കഴിഞ്ഞ കാലമത്രയും എന്തൊക്കെ ചെയ്തുവെന്നതിനെ മനപ്പൂര്‍വ്വം മറച്ചുപിടിക്കുകയാണിവര്‍ ചെയ്യുന്നത്.
1950കളില്‍ സ്‌കൂളില്‍ പോകാന്‍ പോലും ശീലിക്കാത്ത സമുദായത്തിനോട് വീടു വീടാന്തരം കയറിയിറങ്ങി പഠിക്കുക പഠിക്കുക എന്ന് നിരന്തരം പറഞ്ഞ് നമുക്ക് വിദ്യാഭ്യാസം നേടിതന്നത് ലീഗായിരുന്നു. ഇവിടെ മുസ്ലിം മാനേജ്മെന്റില്‍ ഒരു സ്‌കൂളുപോലുമില്ലാതിരുന്ന കാലത്ത് നിന്ന് നാട് നീളെ കോളേജുകളും സ്‌കൂളുകളും നിര്‍മിക്കാന്‍ നിരന്തരം പ്രേരിപ്പിച്ചതും നിര്‍ബന്ധിപ്പിച്ചതും മുസ്ലിം ലീഗായിരുന്നല്ലോ. സിഎച്ചിനെ കണ്ടാല്‍ പണക്കാര്‍ മാറി നടക്കുമായിരുന്നു എന്നാണ് പറയാറ്, സിഎച്ച് സ്‌കൂളുണ്ടാക്കാന്‍ പറയുമെന്ന് ഭയന്നിട്ട്.
കേരളത്തിലെ മുസ്ലിം സമൂഹത്തിന് ആദ്യത്തെ കോളേജ് ലഭിച്ചത് മുസ്ലിം ലീഗിന്റെ കഠിന യത്നം കൊണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ ഫണ്ട് മുഴുവനും ചെലവഴിച്ച് പോരാതെ വന്നപ്പോള്‍ മുസ്‌ലിം ലീഗ് നേതാവായ ഐദ്രൂസ് വക്കീല്‍ സ്വന്തം വീടും പണയം വെച്ചാണ് ഫാറൂഖ് കോളേജ് നിര്‍മിച്ചത്. രാജാജി ഗവണ്‍മെന്റിന് പിന്തുണ കൊടുത്ത ലീഗിന് മന്ത്രി സ്ഥാനം വാഗ്ദാനം നല്കപ്പെട്ടപ്പോള്‍ അതിനെ നിരസിച്ച് ഫാറൂഖ് കോളേജിന് വേണ്ടിയുള്ള അനുവാദമായിരുന്നു ലീഗാവശ്യപ്പെട്ടത്. രാത്രി കാലങ്ങളില്‍ പെട്രോമാക്സും കത്തിച്ച് സ്‌കൂളുണ്ടാക്കാനുള്ള കല്ലുകള്‍ ചുമന്ന് കൊണ്ടു പോയ പ്രവര്‍ത്തകരുണ്ടായിരുന്നു ഒരു കാലത്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ഇത് ചെയ്യുന്നതെന്നോര്‍ക്കണം. വടകര എയുഎം ഹൈസ്‌കൂളൊക്കെ അങ്ങനെ രൂപപ്പെട്ടതാണ്. ഇങ്ങനെ സമൂഹത്തിന് വേണ്ടി നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റേതു സാമുദായിക പാര്‍ട്ടിയുണ്ടിവിടെ.
മുസ്ലിം ലീഗിന് അങ്ങനെയൊക്കെ ചരിത്രമുണ്ടായിട്ട് കൂടി അനേകം മുസ്ലിം ചെറുപ്പക്കാര്‍ തന്നെ ഇന്ന് ഇടതുപക്ഷത്തില്‍ ആകൃഷ്ടരായി അങ്ങോട്ട് ഒഴുകുന്നത് കാണാമല്ലോ?
മുസ്ലിം ചെറുപ്പക്കാര്‍ ഇടതു പക്ഷത്തിലേക്ക് ഒഴുകുന്നതിന്റെ ഒരു കാരണം ഞാന്‍ പറയാം. തലശ്ശേരിയിലും കോഴിക്കോടുമായി അനേകം ചെറുപ്പക്കാര്‍ അങ്ങനെയുണ്ട്. പക്ഷെ അവരൊന്നും ഇടതു പക്ഷത്തെ മനസ്സിലാക്കി പോകുന്നതാവില്ല, പലപ്പോഴും ലീഗിനോടുള്ള വിരോധം കൊണ്ട് മാത്രം സ്വീകരിക്കുന്ന നിലപാടാണത്. അതില്‍ പണ്ഡിതന്മാരുടെ ഇടപെടലിന്റെ കുറവും ഒരു കാരണം കൂടിയാണ്.
കമ്യൂണിസവും മതവും ഒരര്‍ത്ഥത്തിലും യോജിച്ച് പോകാന്‍ പറ്റുന്ന ആശയപ്രസ്ഥാനങ്ങളല്ല. അവര്‍ ഭൗതികവാദത്തിലധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനവും നമ്മുടെത് ആത്മീയതയിലൂന്നിയതുമാണ്. അതു കൊണ്ട് തന്നെ നമ്മുടെ പണ്ഡിതര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ കമ്മ്യൂണിസത്തെ നഖശിഖാന്തം എതിര്‍ക്കുകയും നമ്മുടെ സംസ്‌കാരത്തോട് യോജിച്ചതല്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. യൂസുഫുല്‍ ഖറദാവി കമ്മ്യൂണിസ്റ്റുകാരനായ തന്റെ മകനെ കുറിച്ച് ചോദിച്ച ഉമ്മയോട്, സഹോദരീ ഞാന്‍ പറയുന്നതില്‍ വിഷമം തോന്നരുതെന്നും അവന്‍ കമ്മ്യൂണിസത്തില്‍ ചേര്‍ന്നെങ്കില്‍ മുര്‍ത്തദ്ദായി പോയിട്ടുണ്ടെന്നും വരെ ഫത്വ കൊടുത്തിരുന്നു.
ഇത് കേരളത്തിലെ പണ്ഡിതരും മുന്‍കാലങ്ങളില്‍ പറയുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. അവര്‍ ലീഗിന്റെ വേദികളില്‍ പരസ്യമായി പ്രത്യക്ഷപ്പെടുകയും കമ്മ്യൂണിസത്തെ മതം കൊണ്ട് തന്നെ എതിര്‍ക്കുകയും ചെയ്തിരുന്നു. പാങ്ങില്‍ അഹ്മദി കുട്ടി മുസ്ല്യാര്‍, ഇ.കെ മൗലവി, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കെ.സി അബൂബക്കര്‍ മൗലവി, അയിനിക്കാട് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെഎം മൗലവി എന്നിങ്ങനെ ഉന്നതരായ പല പണ്ഡിതരും മുസ്ലിം ലീഗിനോടൊപ്പം പ്രത്യക്ഷമായി തന്നെ നിന്നവരായിരുന്നു. പക്ഷെ പിന്നീട് ഈ നിലപാടില്‍ സാരമായ കോട്ടം തട്ടി. ഇന്ന് വ്യക്തമായി തങ്ങളുടെ നിലപാട് പറയാനും ഇടത് പക്ഷത്തിന്റെ സംസ്‌കാരിക മൂല്യച്യുതിയെ പറ്റി പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും പണ്ഡിതര്‍ തയ്യാറാവുന്നില്ല. മാത്രമല്ല ചില ഘട്ടങ്ങളില്‍ പരോക്ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുക വരെ ചെയ്യുന്നു.
മുസ്‌ലിം മത സംഘടനകളും മുസ്ലിം ലീഗും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന്റെ സ്വഭാവം എങ്ങനെയാണ്. മതസംഘടനകളെ രമ്യതയില്‍ കൊണ്ട് പോകാന്‍ ലീഗിന് സാധിക്കുന്നുണ്ടോ?
ഓരോ പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും ഒരോ ഭരണഘടനയുണ്ടാകും. അതിലവരുടെ പ്രവര്‍ത്തന പരിതിതന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് കൊണ്ടാവണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്. മതസംഘടനകള്‍ അവരുടെ പ്രവര്‍ത്തന മേഖലയില്‍ നിന്ന് കൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്. അവര്‍ രാഷ്ട്രീയ വിഷയങ്ങളുന്നയിക്കുന്നതോ രാഷ്ട്രീയ പ്രശ്നങ്ങളുയര്‍ത്തുന്നതോ യോജിച്ചതല്ല. ലക്ഷദ്വീപ് വിഷയത്തില്‍ തന്നെ ഇപ്പോള്‍ മിക്ക മതസംഘടനകളും ധര്‍ണകള്‍ നടത്തുന്നു. ഞാന്‍ തന്നെ അതില്‍ പലതിലും പങ്കെടുത്തിട്ടുണ്ട്. പക്ഷെ അത് യഥാര്‍ത്ഥത്തില്‍ ലീഗ് ചെയ്യേണ്ട കാര്യമല്ലെ. അവിടെ മതസംഘടനകള്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്നത് ലീഗിന്റെ ഇടം ചുരുങ്ങുന്നുവെന്നതാണ്. മറിച്ച് മതസംഘടനകള്‍ ചെയ്യേണ്ടത് അവടെ മതവിദ്യഭ്യാസം നല്‍കുകയും അവരുടെ ആത്മീയ മതകീയ വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ്. രാഷ്ട്രീയമായി മുസ്‌ലിം സമുദായത്തിന്റെ നിലപാടുകള്‍ പറയേണ്ടത് മുസ്‌ലിം ലീഗ് തന്നെയാണ്. അതിന് എല്ലാവരും ഒന്നിച്ച് പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. മതകീയ വിഷയങ്ങളിലേക്ക് മാത്രം മതസംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന പരിതിയെ നിശ്ചയിക്കണം.
മതസംഘടനകള്‍ക്കതീതമായി പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. എന്ന് മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയമായി ഒന്നിക്കാനുള്ള പൊതു പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. അതില്‍ സംഘടനാ സങ്കുചിതത്വം ഇത് വരെയായി ആരും പുലര്‍ത്തിയിട്ടില്ല. ബാഫഖി തങ്ങള്‍ ലീഗിന്റെയും സുന്നിപ്രസ്ഥാനത്തിന്റെയും വലിയ നേതാവായിരുന്നില്ലെ. അദ്ദേഹം തന്നെ കെ.എം മൗലവിയെ കൊണ്ട് പലഘട്ടങ്ങളില്‍ ദുആക്ക് നേതൃത്വ നല്‍കിപ്പിച്ച സംഭവമുണ്ട്. തിരൂരങ്ങാടി മുസ്‌ലിം യതീംഖാന പൂര്‍ണമായും മുജാഹിദുകള്‍ മാത്രം നിര്‍മിച്ചതായിരുന്നു. പക്ഷെ കാംപസിലെ പള്ളിക്ക് തറക്കല്ലിട്ടത് സുന്നി പണ്ഡിതനായ ബാഫഖി തങ്ങളാണ്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുന്ന പ്രസ്ഥാനമായി ലീഗ് മാറണം. ജിന്ന ലീഗിനെ കണ്ടത് അങ്ങനെയായിരുന്നു. സുന്നികളെയും ശിയാക്കളെയും രാഷ്ട്രീയമായി ഒന്നിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് ജിന്നയുടെ ഏറ്റവും വലിയ വിജയവും.

ജിന്നക്ക് സാധിച്ച ആ ഐക്യപ്പെടുത്തല്‍ എന്തു കൊണ്ടാണ് ഇന്ന് സാധ്യമാകാത്തത്?
ജിന്ന ഒരാസാമാന്യ വ്യക്തിത്വമായിരുന്നില്ലെ. അദ്ദേഹത്തിന് സാധിച്ചതിന്റെ പകുതി പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ. അദ്ദേഹം ഒരു ശിയാ ആശയക്കാരനായിട്ട് കൂടി സുന്നികളടക്കം അദ്ദേഹത്തിന്റെ പിന്നില്‍ അടിയുറക്കാന്‍ സാധിച്ചതല്ലെ വിജയം. ജിന്നയാണ് വിഘടിച്ചു നില്‍ക്കുന്ന മുസ്ലിം സമൂഹത്തെ ഒന്നടങ്കം സഹോദരതുല്യമാക്കി വളര്‍ത്തിയത്. പരസ്പരം രൂക്ഷമായ കലഹങ്ങളും വിമര്‍ശനങ്ങളും നടത്തിക്കഴിഞ്ഞിരുന്നവരായിരുന്നു ഉത്തരേന്ത്യയില്‍ ബറേല്‍വികളും ദയൂബന്ദുകളും. അവരെയാണ് ഒന്നിപ്പിച്ച് ഒരു പൊതു പ്ലാറ്റ്ഫോം നിര്‍മിക്കാന്‍ ജിന്നക്ക് സാധ്യമായത്. അതിന് ജിന്നയെ പോലുള്ള വ്യക്തിപ്രഭാവവും ആത്മാര്‍ത്ഥതയുമുള്ള ആളുകള്‍ തന്നെ ഉയര്‍ന്ന് വരണം. സമുദായം മനസ്സിനുളളില്‍ സൂക്ഷിക്കുന്ന നേതാക്കളെയാണിപ്പോള്‍ ആവശ്യം. അധികാരമോ സ്ഥാനങ്ങളോ ആവരുത് സമുദായ നേതാവിന്റെ താത്പര്യങ്ങള്‍. സ്ഥാനമോഹമുള്ളവരായിരുന്നില്ല മുസ്‌ലിം ലീഗിന്റെ മുന്‍കാല നേതാക്കള്‍. അവര്‍ക്ക് താത്പര്യം സമുദായത്തെ സേവിക്കുക എന്നത് മാത്രമായിരുന്നു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാത്ത കാലമുണ്ടായിരുന്നു ലീഗിന്.
നേതാക്കളില്ലാഞ്ഞിട്ടല്ല, ഏറ്റെടുക്കുന്ന ഭാരത്തെ കുറിച്ചുള്ള പേടിയായിരുന്നു. അന്ന് ബാഫഖി തങ്ങള്‍ നാട് നീളെ സഞ്ചരിച്ചു ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി. അവസാനം മൊയ്തീന്‍ കുട്ടി കുരിക്കള്‍ സ്വന്തം മകനെ ഹദ്‌യ നല്‍കുന്നത് പോലെ നല്‍കിയാണ് അസ്സന്‍ കുട്ടിക്കുരിക്കള്‍ സ്ഥാനാര്‍ഥിയായത്. ഇന്നത് മാറി. സ്ഥാനമോഹമുള്ള നേതാക്കളാണ് പലരും. ഇത് ലീഗിന്റെ മാത്രം അനുഭവവുമല്ല. പണ്ടത്തെ കോണ്‍ഗ്രസ് ഇന്നുണ്ടോ. ഗുല്‍സാരിലാല്‍ നന്ദ പലവട്ടം ഇടക്കാല പ്രധാനമന്ത്രിയായ വ്യക്തിയാണ്. അദ്ദേഹം മരിച്ചത് ഒരു പീടികയുടെ മുകളിലെ വാടകമുറിയിലാണ്. സ്വന്തമായി ഒരു വീട് പോലുമുണ്ടായിരുന്നില്ല.
ബാബരി മസ്ജിദ് മുസ്ലിംകള്‍ക്ക് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ ധീരേന്ദ്ര ബ്രഹ്മചാരി എന്ന സ്വാമി അന്ന് കോണ്‍ഗ്രസിന്റെ ഫൈസാബാദ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. അങ്ങനത്തെ കോണ്‍ഗ്രസുകാരുണ്ടോ ഇന്ന്. ഇഎംഎസിന്റെയും എകെജിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇപ്പോഴുള്ളത്. അതില്‍ നിന്നൊക്കെ എത്രയോ മാറിപ്പോയില്ലെ അവരും. ലീഗിന്റെ പരമമായ ലക്ഷ്യം നാമൊരിക്കലും മറക്കരുത്. അത് കേവലം അധികാരം ലഭിക്കുകയെന്നതല്ല. മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പാണ്. എല്ലാവര്‍ക്കും വിദ്യഭ്യാസവും പാര്‍പ്പിടവും ഭൂമിയും ആരോഗ്യവും ജോലിയും സാമൂഹ്യ സുരക്ഷയും അന്തസ്സുമുള്ള നിലനില്‍പാണ് നമ്മുടെ ലക്ഷ്യം, അതാണ് ഖൈറ ഉമ്മത് എന്നതിന്റെ അര്‍ഥവും. അതിന് വേണ്ടി അധികാരം പങ്കിടേണ്ടി വന്നാല്‍ അത് ചെയ്യേണ്ടി വരും. അധികാരമൊഴിയേണ്ടി വന്നാല്‍ അതും ചെയ്യണം.
മുസ്ലിം ലീഗിന്റെ പരമമായ ഈ ലക്ഷ്യത്തിന് വേണ്ടിയാണ് നാം ശബ്ദമുയര്‍ത്തേണ്ടതും സംസാരിക്കേണ്ടതും. അത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയും വേണം. അല്ലാതെ എങ്ങനെയെങ്കിലും അധികാരം ലഭിക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം.
പാര്‍ലമെന്റില്‍ രണ്ട് പ്രതിനിധികള്‍ മതി മുസ്ലിം ലീഗിനെന്നാണ് സീതിസാഹിബ് പറഞ്ഞത്. നമ്മുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരാള്‍, അത് പിന്താങ്ങാന്‍ മറ്റൊരാള്‍. ഷിംല ഡെപ്യൂട്ടേഷന്‍ മുതല്‍ നമ്മളെടുക്കുന്ന നിലപാടതാണ്. നിരന്തരം പറഞ്ഞു കൊണ്ടിരിക്കുക. പോക്കര്‍ സാഹിബൊക്കെ ഒരെ വിഷയം തന്നെ പാര്‍ലമെന്റില്‍ പല വട്ടം ആവര്‍ത്തിക്കുന്ന സംഭവമൊക്കെ ഉണ്ടായിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ മുന്നോക്ക സംവരണ വിഷയത്തിലൊക്കെ മുസ്ലിം ലീഗിന് കാര്യമായി പ്രതികരിക്കാന്‍ സാധിക്കാഞ്ഞത് അധികാരം നഷ്ടപ്പെടുമോ, വോട്ടുകള്‍ ലഭിക്കാതാകുമോ എന്ന ഭയമായിരുന്നു. എന്നാല്‍ വോട്ടുകള്‍ നേടലോ അധികാരം ലഭിക്കലോ അല്ല നമ്മുടെ അടിസ്ഥാന ലക്ഷ്യമെന്നും മുസ്ലിം സമുദായത്തിന്റെ നഷ്ടപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി എന്ത് വില കൊടുത്തും പ്രതികരിക്കുക എന്നതാണെന്നും മറക്കുമ്പോള്‍ സംഭവിക്കുന്നതാണത്.
മുസ്‌ലിം ലീഗിന് നിരവധി വിമര്‍ശനങ്ങള്‍ അതിന്റെ ആവിര്‍ഭാവ കാലം മുതലെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ലീഗ് വര്‍ഗീയമീണ് എന്നത് അതിലൊന്നാണ്. മൗലാനാ അബുല്‍ കലാം ആസാദ് വരെ ലീഗിനെ പരിഹസിച്ചിരുന്നു. എങ്ങനെയാണ് ലീഗ് അവയെയൊക്കെ നേരിട്ടത്?
അതിന് ജിന്ന സാഹിബ് ഉദ്ദരിച്ച ഒരു കവിത മാത്രമാണ് മറുപടി. ഒരു റോസാപൂവിനെ നിങ്ങളെന്ത് പേരിട്ട് വിളിച്ചാലും അതിന്റെ സൗരഭ്യം വമിച്ച് കൊണ്ടേയിരിക്കും. അല്ലെങ്കിലും ഭൂരിപക്ഷത്തിനിടയില്‍ ന്യൂനപക്ഷത്തിന് രാഷ്ട്രീയം പറയാന്‍ സാമുദായികാടിസ്ഥാനത്തില്‍ ഒന്നിക്കുന്നതില്‍ എന്താണ് പ്രശ്നം. അതൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കൃത്യമായ ഉത്തരങ്ങള്‍ നല്‍കപ്പെടുകയും ചെയ്തതാണ്.
പഴയ മുസ്‌ലിം ലീഗും ഇപ്പോഴത്തെ ലീഗും ഒന്ന് തന്നെയാണോ. നിങ്ങളിപ്പോള്‍ നിരന്തരം ജിന്നയെ ഉദ്ധരിച്ചല്ലോ. ആ ലീഗിനോട് ഇപ്പോഴത്തെ ലീഗിനെ ബന്ധപ്പെടുത്തുന്നതില്‍ പ്രശ്നമുണ്ടോ?
പട്ടു നൂലിനോട് വാഴനാരിനെ കൂട്ടിക്കെട്ടുന്നത് പോലെയാണ് അതെന്നാണ് ഞാന്‍ പറയുക. പഴയ സര്‍വ്വേന്ത്യ മുസ്ലിം ലീഗിന്റെ അടുത്തെത്തുമോ സ്വതന്ത്രാനന്തരം രൂപപ്പെട്ട മുസ്‌ലിം ലീഗിന്. ശരിക്കും ലീഗിന്റ ചരിത്രം പറയേണ്ടതും തുടങ്ങേണ്ടതും 1906 മുതല്‍ തന്നെയാണ്. ആ ലീഗിന്റെ പ്രവര്‍ത്തനങ്ങളുടെ വലുപ്പം നമുക്കിന്ന് ആലോചിക്കാന്‍ പോലുമാവാത്തത്രയുമായരിന്നു. അന്നത്തെ ലീഗിന് വനിതാ വിഭാഗം നാവി കേഡറ്റ് വരെ ഉണ്ടായിരുന്നു. അതിന്റെ ക്യാപ്റ്റനായ സ്ത്രീ മുസ്‌ലിം ലീഗിന്റെ കൊടി പിടിച്ച് മാര്‍ച്ച് നടത്തുന്ന ചിത്രം ഇപ്പോഴും എന്റെ കയ്യിലുണ്ട്.
മുസ്ലിം ലീഗിന്റെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നതാണത്. ഇന്നതിനെ കുറിച്ചാലോചിച്ച് നോക്കു. വെറും സൈന്യം ഉണ്ടായെന്നല്ല, ആ സൈന്യത്തിലെ നാവി വിഭാഗത്തില്‍ വനിത ക്യാപ്റ്റനായുള്ള കേഡറ്റ് തന്നെയുണ്ടായിരുന്നു. അന്ന് ലീഗ് ചെയ്ത പ്രവര്‍ത്തനങ്ങളൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷെ, വിഭജനത്തിന് ശേഷം 1948ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പിറന്നു. അത് ഇന്ത്യന്‍ പരിതസ്ഥിതിക്കനുസരിച്ച പുതിയ സംഘടനയാണ്.
സമുദായത്തിന്റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതിലും സമുദായത്തിന് പുരോഗതി നേടിക്കൊടുക്കുന്നതിലും മുസ്‌ലിം ലീഗ് നടത്തിയ നിരവധി ഇടപെടലുകളുണ്ടല്ലോ. അവ എത്രത്തോളം വിജയകരമായിരുന്നു, ഇപ്പോള്‍ ലീഗ് നടത്തുക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ മുമ്പത്തേതിലും എത്ര വ്യത്യസ്തമാണ്?
അത് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ പോകുന്നവര്‍ക്കനുസരിച്ച് കിടക്കും. ചിലര്‍ അവകാശങ്ങള്‍ ലഭിച്ചിട്ടെ തിരിച്ച് വരൂ. ചിലരതവിടെ അവതരിപ്പിച്ച് എനിക്ക് കിട്ടിയില്ലെന്ന് പറഞ്ഞ് മടങ്ങും. മൗലാനാ മുഹമ്മദലി സാഹിബ് ബ്രിട്ടനില്‍ ചെന്ന് ജോര്‍ജ് അഞ്ചാമന്റെ മുഖത്ത് നോക്കിയല്ലെ ഒന്നുകില്‍ എന്റെ രാജ്യത്തിന് സ്വാതന്ത്രം നല്‍കുക, അല്ലെങ്കില്‍ സ്വാതന്ത്രമുള്ള ബ്രിട്ടനിന്റെ ആറടി മണ്ണ് നല്‍കുക എന്ന് പ്രസംഗിച്ചത്. അങ്ങനെയൊക്കെ പ്രസംഗിക്കാന്‍ പറയാനും സാധിക്കുന്ന കാര്യകര്‍ത്താക്കള്‍ ഉയര്‍ന്ന് വരണം.
സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളായി പുതിയ പല കക്ഷികളെയും നമുക്ക് കാണാം. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിങ്ങനെ. അവരിപ്പോള്‍ സംസാരിക്കുന്നത് സാമുദായിക രാഷ്ട്രീയത്തിന്റെ തന്നെ ഭാഷയുമാണ്. ഇവര്‍ ലീഗിന് ശരിക്കും വെല്ലുവിളിയാകുമോ?
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിസ്റ്റ് ആശയങ്ങളുയര്‍ത്തിപ്പിടിച്ച ജമാഅതെ ഇസ്ലാമി പോലെയുള്ള സംഘടനകളൊക്കെ വലിയ പരാജയമല്ലെ. ഇപ്പോള്‍ പാകിസ്താനിലും ബംഗ്ലാദേശിലും അവര്‍ പൂര്‍ണമായും തകര്‍ന്നില്ലെ.
ഇവരുടെ ഒരു പ്രശ്നമെന്തെന്നാല്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പുതിയ വിദ്യാര്‍ത്ഥി സംഘടനകളുണ്ടാക്കുമെന്നതാണ്. എന്നിട്ടതിനെ പിരിച്ച് വിടും. ആദ്യം ഐഎസ്എല്‍ എന്ന വിദ്യാര്‍ഥി സംഘടന രൂപികരിച്ചു. പിന്നീടത് സിമിയായി മാറി. ശേഷം എസ്ഐഓ എന്നാക്കി, ഇപ്പോള്‍ ഫ്രാറ്റേണിറ്റി എന്നാക്കിയിരിക്കുന്നു. അത് തന്നെയല്ലെ അവരുടെ പരാജയം.
എന്തിനാണിങ്ങനെ നിരന്തരം മാറ്റേണ്ടി വരുന്നത്. അവര്‍ മുമ്പുയര്‍ത്തിയിരുന്നത് ഹുകൂമത്തെ ഇലാഹി എന്നായിരുന്നു. ജനാധിപത്യത്തെയോ തെരെഞ്ഞെടുപ്പിനെയോ വരെ അംഗീകരിച്ചിരുന്നില്ല. അല്ലാഹുവിന്റെ ഭരണമല്ലാത്തവയെ ഈ ഭൂമിയില്‍ നിങ്ങള്‍ക്കെങ്ങനെ അംഗീകരിക്കാന്‍ തോന്നുന്നു എന്നായിരുന്നു അവര്‍ നിരന്തരം ചോദിച്ചിരുന്നത്. ഖുര്‍ആന്‍ തള്ളി ഭരണഘടനക്കനുസരിച്ച് വിധി പ്രസ്താവിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥയെ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കുന്നു എന്നൊക്കെ ചോദിച്ചിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗം തന്നെ പാടില്ലെന്ന് പറഞ്ഞ അവരാണൊരിക്കല്‍ പ്രബോധനത്തില്‍ മുസ്‌ലിം ലീഗ് ഭരണതലത്തിലും ഉദ്യോഗത്തിലും എത്ര മുസ്ലിം പ്രാധിനിത്യത്തെ ഉണ്ടാക്കി എന്ന ചോദിക്കുന്നത്.
ഇപ്പോള്‍ ഇഖാമതുദ്ദീന്‍ എന്ന് പറഞ്ഞ് അവര്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുത്തും തുടങ്ങിയിരിക്കുന്നു. ഇവരൊക്കെയും വെറും പരീക്ഷണങ്ങള്‍ മാത്രമാണ്. അപ്രായോഗികവും ഉട്ടോപ്യനുമായ സങ്കല്‍പമല്ലെ ഇവര്‍ മുന്നോട്ട് വെക്കുന്നത്. പല ചെറുപ്പക്കാരും ഇപ്പോള്‍ അതിലേക്ക് ചായുന്നുമുണ്ട്. അവര്‍ക്കൊക്കെ ചിലപ്പോള്‍ ലീഗിനോടുളള വിരോധമാകും കാരണം. അതെ കുറിച്ച് മുസ്ലിം ലീഗും പുനരാലോചിക്കേണ്ടത് തന്നെയുണ്ട്. ശരിയായ രാഷ്ട്രീയ വിദ്യഭ്യാസം ലഭിക്കാത്തതാണ് ഈ വ്യതിചലനത്തിന് കാരണം.
Add comment