Thelicham
6

ഗുല്‍മോഹര്‍ പൂത്തു തുടങ്ങി

അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ…? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേള്‍ക്കാനാഗ്രഹിക്കുന്ന കഥകളാണതില്‍ നിറയെ. ജാബിര്‍ മലയില്‍ എഴുതിയ ‘വീണ്ടും പൂക്കുന്ന ഗുല്‍മോഹര്‍ ‘ വായിച്ചിരുന്നാല്‍ ഒരു വേള ആയിരത്തൊന്ന് രാവുകളിലെ ഷെഹ്‌സാദയെ ഓര്‍മ്മ വരും. ചില കഥകളൊരിളം തെന്നലായി, ചിലത് ഇടിയും മഴയുമായി, പേമാരിയായി ,ഗര്‍ജ്ജനമായി, കുളിരായി, ഉഷ്ണമായി, ആശ്വാസമായി, വേദനയായി ഹൃദയത്തിലേക്ക് കടന്നു ചെല്ലും.
അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പറിച്ചുനട്ട മര്‍വ്വയുടെ ഓര്‍മ്മകള്‍ വായനക്കാരന്റെ മനോനുകരങ്ങളില്‍ മായാതെ നില നില്‍ക്കും.വാര്‍ദ്ധക്യത്തിന്റെ ഇരിപ്പിടത്തിലിരിക്കുമ്പോഴും അതുല്യ പ്രണയത്തിന്റെ വീര്യം ചോരാത്ത രണ്ട് പ്രണയാത്മാക്കളോടുള്ള അസൂയ വായനക്കാരനെ വിട്ട് അത്ര പെട്ടെന്നൊന്നും പോകാന്‍ സാധ്യതയില്ല. അങ്ങനെയങ്ങനെ കഥ പറഞ്ഞ് വരുമ്പോള്‍ കഥാകൃത്ത് സ്പര്‍ശിക്കാത്ത പ്രമേയങ്ങളൊന്നും തന്നെയില്ല. പ്രണയം, വാര്‍ദ്ധക്യം, അപരത്വം, അന്യത, ബാല്യം, വഞ്ചന, സ്‌നേഹം തുടങ്ങി നാനാ തലങ്ങളിലും എഴുത്തുകുത്തുകള്‍ എത്തിയിട്ടുണ്ട്.
ജീവിതയാത്രക്കിടയില്‍ പലതും നാം കാണാതെ, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടെന്നു നടിക്കാതെ പോകുന്ന സത്യങ്ങളെ തന്റെ ഭാവനകള്‍ക്ക് നല്‍കി മനോഹരമായ വരികളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട് കഥാകൃത്ത്. കഥകള്‍ വെറും സമയം കൊല്ലികളോ ആസ്വാദനോപാധികളോ അല്ല. ആഴത്തില്‍ ചിന്തിക്കാനുള്ള അനേകം വിത്തുകള്‍കൂടി അതിനകത്ത് നിക്ഷേപിക്കപ്പെടുന്നുണ്ട്…!
കേവലം ഒരു വായന എന്നതിനപ്പുറം പലപ്പോഴും ശാന്തസുന്ദരമായൊരു ദൃശ്യാവിഷ്‌ക്കാരമായാണ് വായനക്കാരന് അനുഭവപ്പെടുന്നത്.
കണ്‍മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അദേഹം ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത്.
അതില്‍ ഒരിക്കലും തിരിച്ചുവരാത്ത കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളുണ്ട്, ഒരേ സമയം മനുഷ്യജീവിതത്തിലെ സന്തോഷങ്ങളുടെ ചിരിവസന്തവും വേദനകളുടെ വേലിയേറ്റവും പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ പ്രതീക്ഷകളും വേര്‍പ്പാടിന്റെ കയ്പ്പുനീരും പ്രകൃതി ഭംഗിയുടെ ഊഷ്മളതയുമുണ്ട്…
മുപ്പത്തിരണ്ടോളം കഥകള്‍ കോര്‍ത്തിണക്കിയ ‘വീണ്ടും പൂക്കുന്ന ഗുല്‍മോഹര്‍ ‘ എന്ന സമാഹാരത്തിലൂടെ ജാബിര്‍ തന്റെ ആര്‍ദ്രമായ ശൈലികൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടെന്നതിന് സാക്ഷികളായി വായനാനുഭവം പങ്കുവെക്കുന്നവര്‍ മാത്രം മതിയാകും. എല്ലാ കഥകളും മികവുറ്റതാകുമ്പോഴാണ് ഏതിനെക്കുറിച്ച് പറയും എന്ന് വായനക്കാരന്‍ ആശങ്കപ്പെടുന്നത്.
കഥകളെ തീരെ പരാമര്‍ശിക്കാതെ ഈ എഴുത്തിനെ പൂര്‍ണമാക്കാന്‍ കഴിയാതെ വരുന്നതു ഒരു കഥയിലേക്ക് മാത്രം ഒരെത്തിനോട്ടത്തിന് മുതിരുന്നു. ‘തീയെടുക്കുന്ന കനവുകള്‍ ‘എന്ന ആദ്യ കഥ സമകാലീനമായ അഫ്ഗാനിലെ ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. ഭീതിതമായ യുദ്ധക്കെടുതിയില്‍ ഇരുന്ന് പഴയ കാല കാബുളിനെ കുറിച്ചോര്‍ക്കുന്ന അഫ്ഗാന്‍ പെണ്‍ക്കുട്ടി, അഥവാ കഥയിലെ മര്‍വ്വമോള്‍. വായന കഴിഞ്ഞാലും കാതുകളില്‍ വെടിയുണ്ടകളുടേയും പട്ടാള ബൂട്ട്‌സുകളുടെയും കൂടെ മരിക്കാത്ത സ്‌നേഹത്തിന്റേയും ശബ്ദം മുഴക്കി കൊണ്ടിരിക്കുന്നു.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.