കേറ്റം
*
കുന്നുകേറി,
കൊല്ലങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയ
വീട്ടുമ്മറത്തു കേറി
ഹാജർ പറഞ്ഞു നോക്കി.
പണ്ട്,
നാലേ നാലിലകളായിരുന്ന
തേക്കും മാവും പൊട്യണ്ണിയുമെല്ലാം
എന്നെ തിരിയാത്തത്ര മൂത്ത് മൂത്ത്
പ്രായം ചെന്നിരിക്ക്ണ്.
‘ഇത് ഞാനാടോ’ന്നൊരു കൂവൽ
കല്ലെറിയും പോലെ മരത്തിന്റെ നെറ്റിക്ക്
വലിച്ചു വിട്ടു.
പൊടുന്നനെയൊരു കാറ്റ്
അനുവാദത്തിന് കാക്കാതെ
ന്റെ
പന്തലിച്ച പൊങ്ങത്താടി മാടിനോക്കി,
തിരികെ ഇലകളിലേക്കുരുണ്ട്
രഹസ്യ ഭാരമുള്ള
അതിന്റെ ചന്തിയും ചാരിയിരുന്നു.
‘ഇതയാളുതന്നെ’യെന്ന് മരങ്ങളോട്
ഞെട്ടിപ്പറയുന്ന അതിന്റെ
ഭാഷ
ഇത്രകാലമായിട്ടും
എനിക്ക് മൊഴിപ്പെടുത്താനായി.
കണ്ടോ
ഒരില മെല്ലെയത് പൊഴിച്ചു തന്നത്.
കൊഴിച്ചിലിന്റെ പറക്കത്തിലത്
“ഹായ്” എന്നെന്നോട്
കൈവീശിയിരിക്കുന്നു.
ഇത്രയൊക്കെയായിട്ടും വീടെന്നോട്
‘കമാ’ന്നൊരക്ഷരം
മിണ്ടിയിട്ടില്ല.
ഇറക്കം
*
മകരത്തിൽ
മഞ്ഞ് പെറ്റുകിടക്കുമ്പോഴാണ്
ഞാനവിടേന്നിറങ്ങിപ്പോരുന്നത്.
നയിച്ച് പണിത
ടെറസ് വീടിന്റെ
പാലു കാച്ചിന്റന്ന്.
പത്തു വർഷത്തോളമായി
എനിക്ക്
മറ്റൊരു വീടും കുടിയുമായി
ബന്ധമുണ്ടെന്നും
അതിലെനിക്ക് നാലുവയസ്സായൊരു
ജംനാപ്യാരിയുണ്ടെന്നും
മനസ്സിലാക്കിയതോടെ
പഴയ വീട്
അകത്തേക്കോടി, വാതിലടച്ച് കുറ്റിയിട്ട്
തോരാതെ കരച്ചിലായി.
കുന്നിറങ്ങിയപ്പോൾ
വീടിന്റെ ജനലിൽ ഒറ്റക്കണ്ണ് പൊറത്തേക്കിട്ട്
‘തിരിച്ച് ബാ ഇക്കാ’ന്ന്
വീട്
ഉച്ചത്തിൽ മിണ്ടാതിരിക്കുന്നു.
ഇറങ്ങിക്കേറ്റം
*
അടിവാരത്തൂന്ന് വാങ്ങിച്ച കുമ്മായോം കുപ്പിവളേം
’ഇന്നാ വാങ്ങിച്ചോടീ’ന്ന്
അയ്നോട്
മിണ്ടി നോക്കി.
ഏഹെ…ഒരു കുലുക്കോല്ല.
നെഞ്ചത്ത്
കെതപ്പെണ്ണാൻ പാകത്തിന്
ചെവി പൂഴ്ത്തി വെച്ചു,
വിരലോളമില്ല
എണ്ണങ്ങൾ…പൂജ്യത്തിലോടുന്ന നെഞ്ചുങ്കൂട്.
അതിന്റെ അകത്തെ
പുരാതനമായ ജിന്നിരുട്ടിൽ
നടന്നു പോകുന്ന വെള്ളച്ചിതലിനെ
ഞാനേതോ കണ്ണു കൊണ്ട്
അറിയാതെ കണ്ടുപോയി.
’മമ്പൊർത്തെത്തങ്ങളേ…’
ന്റെ പോക്കുകാലത്ത്
കണ്ണീ കണ്ടോരെയൊക്കെ
കേറ്റിപ്പാർപ്പിച്ചിരിക്കുന്നു
വീട്.
ഇനി വെറും
അധികപ്പറ്റാണ് ഞാൻ…
സ്നേഹിക്കപ്പെട്ടുവെന്ന
പാപമാണ്
ഇക്കാലമത്രയും
ഞാനും വീടും പേറിക്കോണ്ടിരിക്കുന്നത്.
കുത്തനെയുള്ള
ഇറക്കങ്ങളിൽ ഉരുണ്ടതിന്
ഇരിപ്പിടമില്ല.
ഉരുണ്ടുരുണ്ട് താഴോട്ട്…
കുന്നിറക്കത്തിൽ തിരിച്ചു കേറിപ്പോണ്
രണ്ട്
ചുണ്ടെലികൾ കൂടി…
അടുത്തെത്തും തോറും
കുന്നു കേറ്റുന്ന വണ്ടികളായി
ഉടലുമാറുന്നുണ്ടവർ…
Add comment