ഇന്നലെ വാങ്ങിയ
പൂക്കൾ കൊണ്ട്
ചിത്രം വരച്ച
പുതിയ മേശക്ക്
സ്ഥലമില്ലെന്ന് പറഞ്ഞാണ്
ചൂരൽ പൊട്ടിയ
ചാരു കസേര
ചായ്പ്പിലേക്ക് മാറ്റിയിട്ടത്.
ഓർമ്മകളുടെ ഭാരം
കൊണ്ട് കുഴഞ്ഞു പോയ
രണ്ട് കണ്ണുകൾ
ആ ഇറങ്ങിപ്പോവലിനെയങ്ങനെ
നോക്കി നിൽക്കുന്നു.
കണ്ണിലുഴിഞ്ഞ കടലുകളിൽ
ഒരായിരം കഥകളൊളിപ്പിച്ച
തിരച്ചാലുകൾ,
കനവിന്റെ, കിനാവിന്റെ
കണ്ണീർ മണികൾ.
കഥപ്പെട്ടി തുറന്ന്
ഷഹ്റസാദിന്റെ
കഥകളേക്കാൾ
മൊഞ്ചുള്ള ജീവിതങ്ങൾ
മൊഴിഞ്ഞ ഉമ്മുമ്മയുടെ
താക്കോലന്ന്
ഇമ്മമ്മാ … ഇച്ച് കത
പർഞ്ഞെരീന്ന് കെഞ്ചിയ
അരിപ്പല്ലുകൾക്ക് മുന്നിൽ
തുരുമ്പെടുത്തു.
നാവറ്റു,
കഥകൾ കെട്ടു .
മൂത്ത് മൂത്ത്
അങ്ങിങ്ങ് വിള്ളൽ വീണ
ചൂരൽ കൊള്ളികൾ
ഉണക്കിക്കൊണ്ടിരുന്ന
മുറിവിന്നാഴം
ഇനിയേത്
കയറി വരലുകൾക്ക്
തുന്നിക്കൂട്ടാനാവും?
Add comment