മാസം കണ്ടാല്‍
അമ്മായി കോലായിലിരുന്ന്
ഓത്തുതുടങ്ങും
തേകാത്ത ചുമരില്‍
നിന്ന് പല്ലികള്‍
തലപൊക്കി നോക്കും,
ഓരോ ജുസ്അ്
കൂടുമ്പോള്‍
ഖുര്‍ആന്‍ അടച്ചുവെച്ച്
കണക്കുപുസ്തകം
തുറന്നുവെക്കും
‘നനച്ചു കുളി വക 200 രൂപാ…
‘ഈത്തപ്പഴം അന്‍പതു രൂപ…
‘സേമിയം മുപ്പതു രൂപ…
ഒറ്റത്തടി കഴിക്കാത്തതൊന്നും
വീട്ടിലില്ലെന്ന് ഉറപ്പിച്ച്
അമ്മായി ഓത്തു തുടരും
ആദ്യപത്ത്
ഓതിയും ചൊല്ലിയും
തീരും…
രണ്ടാം പത്തില്‍
നിലാവുള്ളരാത്രികളെ അമ്മായി
ഓതി വെളുപ്പിക്കും
ബദ്രീങ്ങളുടെ പത്തിരി
കഴിക്കാന്‍ എന്നെയും വിളിക്കും
പത്തുരൂപ കൈയില്‍ തരും
‘ഇത് പെരുന്നാള്‍ പൈസയല്ലെന്ന്’
കണ്ണുചിമ്മും.
മൂന്നാം പത്തില്‍
അമ്മായിയെ തേടി
ആളുകള്‍ വരും
ഖദീജാടെ വീട് ??
പറമ്പിലെ തനിച്ചവീട്ടില്
റാണിയെപ്പോലെ
ഖുര്‍ആനും പിടിച്ചിരിക്കുന്ന
അമ്മായിടെ കൈ
പുതിയ മണമുളഅള നോട്ടുകള്‍
നിറയും…
അരിയും സാധനങ്ങളും കൂടിക്കൂടി
നടക്കാന്‍ കഴിയാതെ വന്നാല്‍
ഉമ്മയെ രഹസ്യമായി വിളിക്കും
കള്ളക്കടത്ത് നടത്തും
ഉപ്പാക്ക അതുകണ്ട് കലികേറും
പെരുന്നാള്‍ തലേന്ന്
അമ്മായി ആരോടും
മിണ്ടൂല
അടുത്ത നോമ്പുകാലവും
സ്വപ്നം കണ്ട് ഉമ്മറത്തങ്ങനിരിക്കും
അടുത്ത വീടുകളില്‍
പെരുന്നാള്‍ കലം
നിറഞ്ഞു പോകുമ്പോള്‍
അമ്മായിടെ നെഞ്ചില്‍
മാസം കാണാനുള്ള
പൂതി ഊറി വരും
കണ്ണുകള്‍ തിളച്ചുമറിയും.
ഖുര്‍ആനിലെ അവസാന
പേജുകളില്‍ കണ്ണുനീര് പൊഴിയും
Add comment