ആവി പറത്തുന്ന പുട്ടിന്റെ ചൂരില്‍
കണ്ണ്തള്ളി തീന്‍മേശയില്‍ തുണിയൂരുന്നു ചെറുപഴം ..
ആവിയാകുന്നുണ്ട് കോലാഹലങ്ങള്‍ക്കിടയില്‍
പുട്ടുകുത്തിയിടുന്നമ്മായി…
ഹിളര്‍ നബി തൊട്ട് വെള്ളിയാഴ്ച സൂറത്തിലെ
പലരും ജപമാലയില്‍ അലിഞ്ഞുചേര്‍ന്നു,
പടിഞ്ഞാറേ മുറിയില്‍ മുപ്പത്തിമൂന്ന് വക
ഏട് മൂത്തമ്മയെടുത്ത് മറിക്കുന്നു…
തലേന്ന് സ്വലാത്ത് കഴിഞ്ഞ് പാതിരാത്രി
പുര കയറിയ
ചീരുണി
എണ്ണി കണക്കാക്കുന്നു ബല്ലിമ്മ…
മഞ്ഞ ലൈറ്റ് ചുറ്റിനെ
തീ കാണിക്കുന്നുണ്ട് മാലയെയും …
അസ്‌റാഈലിനെ കാത്തു കിടന്നപ്പോള്‍ ചൊല്ലി-
ത്തീര്‍ത്ത നാരിയ സ്വലാത്ത് ഭാരം തൂങ്ങുന്നുണ്ട്
കട്ടില്‍ കൊടിയിലെ തസ്ബീയില്‍
കാലിക്കട്ടന്‍ കൊലായില്‍ പുക തുപ്പുന്നു…
ആരും ശ്രദ്ധിക്കാതിരുന്ന എളാമ അടുക്കളേന്ന് വിളിച്ചു പറഞ്ഞു
‘പൊക പറത്ത്ണത് കുപ്പിഗ്ലാസല്ല വല്ലിപ്പാന്റെ ബീഡിയാട്ടോ …’
അമ്മോനും ബാപ്പയും പിന്നെ
എളാപ്പയും കട്ടന് ചുറ്റും യോഗം നടത്തുന്നു …
അരയഴിഞ്ഞ കാല്‍സറായി ചേര്‍ത്ത്
പിടിച്ച് പുയിപ്പല്ലിറുമ്മുന്നുമ്മറത്തോ-
ടിവന്ന കുട്ടിക്കുറുമ്പന്‍ …
കിടക്കുന്നു കാവിയില്‍ ഞെരുക്കുന്നു
പാദം പത്തിയും കഴുത്തും …
‘എടീ പൂമോനപസ്മാരം’ മുക്രിയിട്ടത്
വല്ല്യുപ്പ നടുവകത്തേക്ക് …
‘പേരക്കുട്ടിക്ക് മൂച്ചിപിരാന്തും
വല്ല്യുപ്പക്ക് നട്ടപ്പിരാന്തും’ പിറുപിറുത്തു
വല്ല്യുമ്മ ചെന്നിത്തരം…
കുട്ടിക്ക് നുരവന്നു…നേരം കൊഴി-
ഞ്ഞപ്പോള്‍ പതയായി…
ചുറ്റുംകൂടി പുരക്കാര്‍ നോക്കിയത് മുഖാമുഖം അമ്മായിയും അമ്മോനും…
വല്ല്യുമ്മ മുക്കാലില്‍ പാഞ്ഞെത്തി
നോട്ടമെറിഞ്ഞത് കുടിയൊടിഞ്ഞ അരക്കെട്ടില്‍ ..
നറുക്ക് പൊട്ടിച്ചെറിഞ്ഞല്ലോ വിക്രസ്
ഏലസ് കെട്ടിക്കാന്‍ വിട്ടോളി കുട്ട്യേള് …
Add comment