ഒന്ന്
ഗസ്സയിലെ
വികൃതിച്ചെറുക്കന്മാരെ
എന്നും
എന്റെ ജനാലകള്‍ക്ക് പുറത്തെ
നിങ്ങളുടെ നിലവിളികള്‍
എന്റെ സൗര്യം കെടുത്തുന്നു,
കലഹങ്ങളും
കലാപങ്ങളും നിറഞ്ഞ
എന്റെ പകലുകള്‍
എന്റെ ബാല്‍ക്കണിയിലെ
പൂച്ചട്ടികള്‍
നിങ്ങള്‍
പൊട്ടിച്ചു കളയുന്നു.
എന്നാലും
നിങ്ങള്‍
മടങ്ങി വന്നോളൂ..
ഇനിയുമുറക്കെ
ഒച്ചവെച്ചോളൂ,
ബാക്കിയുള്ള ചെടിച്ചട്ടികള്‍
എറിഞ്ഞുടച്ചോളൂ ..
എന്റെ പൂക്കളെല്ലാം
കട്ടെടുത്തോളൂ..
മടങ്ങി വരൂ.
ഖാലിദ് ജുമാ
രണ്ട്
തൊട്ടടുത്ത നിമിഷം
നിങ്ങളുടെ നഗരത്തില്‍
ബോംബുകള്‍
വര്‍ഷിക്കാനിരിക്കുന്നു,
ഒഴിഞ്ഞുപോകാന്‍
നിങ്ങള്‍ക്ക്
ഇരുപത്തിനാല് മണിക്കൂര്‍ മാത്രം ബാക്കി.
ഗസ്സയില്‍
ജനങ്ങള്‍ പരിഭ്രാന്തരാവുന്നു,
എന്താണ്
കൂടെ കരുതേണ്ടത്,
ഏതൊക്കെയാണ്
വലിച്ചെറിയേണ്ടത്..
മകളുടെ പ്രിയപ്പെട്ട ചായപ്പാത്രം,
മകന്റെ കമ്പിളികുപ്പായം,
കല്ല്യാണ വസ്ത്രം.
മരിച്ചു പോയ ഉപ്പാപ്പയുടെ അവസാനത്തെ ചിത്രം..
ഉമ്മാ,
എന്റെ ഒലീവ് ചെടി
ക്യാമ്പിലേക്കെടുക്കാനാവുമോ ?
എന്റെ കണക്ക് പുസ്തകം കൂടെ
എടുത്തോട്ടെ ഞാന്‍ ?
ഉമ്മ
കുറച്ച് സമയം
മിണ്ടാതിരുന്നു.
പിന്നെ മെല്ലെ പറഞ്ഞു.
യുദ്ധഭൂമിയില്‍
ഒലീവുകള്‍
പൂവിടാറില്ല.
സാരമില്ല,
നമുക്ക് കൂട്ടിന്
പ്രിയപ്പെട്ട കുറെ
ഓര്‍മകളുണ്ടല്ലോ
മൗമിത ആലം
Add comment