ബത്ഹാഅ് ചുറ്റി
സ്വഫാ കുന്നിറങ്ങി
ത്വവാഫിനു പോകവേ,
കാറ്റൊരുവേള നിന്നു,
പണ്ടെങ്ങോ
പോയരാപരിമളം
വീണ്ടും തന്നെവന്നു
പൊതിയുന്നുണ്ടോ…?
ഖുറൈശിന്റെ
നെറികേടുകളില്‍
മനംനൊന്ത്
കാറ്റ് കണ്ണുപൊത്തി –
യൊളിച്ചിരിക്കാറുള്ളത്
ഹിറായിലായിരുന്നൂ.
ജബല് കേറിയൂട്ടാനെത്തുന്ന
ഖദീജുമ്മയെ കൂട്ടാന്‍
കാറ്റ് നൂറിന്റെ താഴ്വാരം വരെ
പോകാറുണ്ടായിരുന്നു.
വചസ്സുമായിറങ്ങിയ
ജിബ്രീലിനെ കണ്ട്..
കാറ്റാദ്യം ശഹാദത്ത് മൊഴിഞ്ഞു..
ത്വാഇഫിലെ
കല്ലേറുകള്‍ക്കും
അധിക്ഷേപങ്ങള്‍ക്കും
മേല്‍ കൊടുങ്കാറ്റായി
വീശട്ടെയെന്ന്
ഇറയോനോട് പലവുരു കെഞ്ചി.
ഒട്ടകക്കുടലേന്തി വന്നയുടലെ തടയാ-
നാവതു ശ്രമിച്ചു.
തുണകളോരോന്നായറ്റു വീണ
ദുഃഖത്തിലും സാക്ഷിയായി…
ശിഅബില്‍ പച്ചില ചവക്കുന്ന
ദൂതരെ കണ്ട് കാറ്റന്ന്
തേങ്ങി,
ഒറ്റക്കനിയെങ്കിലും വീഴുമെന്ന്
വൃഥാ കൊതിച്ച്
ആഞ്ഞാഞ്ഞ് വീശി.
പിന്നെയുമെത്ര വ്യഥകള്‍!
വേദനകള്‍!
ഇരുളിന്റെ മറപറ്റി
തോല്‍പാത്രമേന്തിപ്പോം
അസ്മക്കൊപ്പം
സൗറിന്റെ
ഗുഹാമുഖത്തേക്കെത്തി
നോക്കിയിരുന്നൂ.
സുഖനിദ്ര പൂണ്ട
ഹബീബെ നോക്കി
സ്വിദ്ദീക്കൊപ്പം
കാറ്റും പുഞ്ചിരിച്ചിരുന്നു..
വിദാഇല്‍
മണല്‍ത്തരികള്‍ക്കരികെ
കാറ്റുമേങ്ങിക്കരഞ്ഞു….
പിന്നെപ്പിന്നെ
യസ്രിബില്‍ നിന്നെത്തും
മണല്‍കാറ്റിനോട്
നൂറിന്റെ വിശേഷങ്ങ-
ളാരാഞ്ഞു.
ഖാഫിലക്കൂട്ടങ്ങളോട്
സലാം പറഞ്ഞേല്‍പ്പിച്ചു.
വീണ്ടുമതേ പരിമളം….
കാറ്റൊന്ന് തിരിഞ്ഞു നോക്കി…
നോവൂട്ടിയ താഴ്വാരത്തേക്ക്
വീണ്ടുമതാ നൂറിന്റെ മടക്കം…
ദ്രുതതാളമാര്‍ന്ന
കുളമ്പടിയൊച്ചകളില്‍
തിടുക്കം..
ഹുബ്ലിനും ലാത്തക്കും
പടിയിറക്കം..
ശ്യാമസൗധത്തിനു മീതെ
ബിലാലിന്റെ ബാങ്കൊലി..
വൈരത്തിന്
മൂര്‍ച്ചകൂട്ടിയവര്‍ക്കെല്ലാം
മാപ്പ്…
‘സ്വല്ലള്ളാഹു അലൈഹി വസല്ലം’
Add comment