”He will feel that he doesn’t have any definitive, exact form and he will know with resignation that he has lost his perfect twenty-five-year-old anatomy and has been changed into a handful of shapeless dust, with no geometric definition”
The Third Resignation – Gabriel Garcia Marquez
മരണത്തെ പരിഹാരമായും ഉത്തരമായും ഒടുക്കമായും കഥയില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടുതല്‍ നേടാനുളള ഉപായമായും കാണുന്നതാണ് പതിവ്. ദീര്‍ഘമായ പാതയുടെ അന്ത്യമാണ്, ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേക്ക് വരാതിരിക്കുന്നതാണ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിലച്ചുപോക്കാണ് മരണം എന്നിങ്ങനെയുള്ള കേവലമായ കാഴ്ചകള്‍ക്കപ്പുറത്തേക്ക് മരണത്തെ കൊണ്ടു പോകാന്‍ കഴിയുമോ? മരണം പുതിയൊരു ദാര്‍ശനിക സാധ്യതയായി കണ്ടു ബഹുവിധമായ അര്‍ഥോല്‍പാദനങ്ങള്‍ നടത്താന്‍ കഴിയുമോ? ‘ബസ്സു വരാനായി രവി കാത്തു കിടന്നു’ എന്ന് ഖസാക്കിന്റെ ഇതിഹാസം ഒ.വി.വിജയന്‍ അവസാനിപ്പിക്കുന്നത് മരണത്തിനുപ്പുറത്തുളള ലോകത്തെ തിരിച്ചറിഞ്ഞതിന്റെ ബലത്തിലാണോ? വിഷം തീണ്ടിയിട്ടും രവി കാത്തു നില്‍ക്കുന്ന ബസ്സ് എങ്ങോട്ടു പോകാനുള്ളതാണ്?
ജോര്‍ജ് ലൂയി ബോര്‍ഹസിന്റെ കഥയാണ് അലിഫ്. ദീര്‍ഘവും സങ്കീര്‍ണവുമായ കഥ. അപാരത, നിത്യത എന്നീ സങ്കല്‍പ്പങ്ങളെ പിന്തുടരുകയാണ് ഇവിടെ ബോര്‍ഹസ്. ബോര്‍ഹസിന്റെ പല കഥകളിലെയും പോലെ കഥാകൃത്ത് തന്നെയാണ് നായകന്‍. കഥയുടെ ആദ്യ ഭാഗത്ത് ബീട്രിസ് വിറ്റര്‍ബോ എന്ന കാമുകിയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ജന്മദിനത്തിനും വീട് സന്ദര്‍ശിക്കുന്ന നായകനാണുള്ളത്. മരണത്തോടെ അവര്‍ അപരിമിതയായിത്തീര്‍ന്നെന്നു കരുതുന്ന നായകന്‍ പലതരം ഓര്‍മകളിലൂടെ അവരെ നിര്‍മിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഭൂതകാലത്തില്‍ ചെയ്തിരുന്നതു പോലെ അവളെ കാണാന്‍ പോകുമ്പോള്‍ സമ്മാനങ്ങള്‍ കൊണ്ടു വന്നു ഇപ്പോള്‍ തന്റെ സാന്നിധ്യത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് അയാള്‍ കരുതുന്നു. അതിരുകളില്ലാതെ അവള്‍ തന്റെതായിത്തീര്‍ന്നിരിക്കുന്നു എന്നും അയാള്‍ വിചാരിക്കുന്നു. മരണത്തോടെ കൈവരുന്ന പുതിയ സാധ്യതയാണ് നായകന്‍ ഇവിടെ കണ്ടെത്തുന്നത്. ജീവിതത്തെയും കലയെയും കുറിച്ചുള്ള വിചാരങ്ങളെ അപാരതയുമായി ബന്ധപ്പെടുത്തി ഗഹനമായി ആലോചിക്കുകയാണ് അലിഫിന്റെ തുടര്‍ ഭാഗങ്ങള്‍.
മുന്നാമത്തെ വിയോഗം എന്ന ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെ കഥ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള പ്രഹേളികകള്‍ നിരത്തി വെക്കുന്ന കഥയാണ്. മാര്‍കേസിനു മാത്രം എഴുതാന്‍ കഴിയുന്ന ഒരു കഥയെന്നു അതിനെ വിശേഷിപ്പിക്കാം. കഥയിലെ നായകന്‍ ഏഴാം വയസ്സിലേ മരണത്തോടടുത്ത അനുഭവത്തിലെത്തിയിരിക്കുന്നു. പക്ഷേ, ഡോക്ടര്‍മാര്‍ പറയുന്നു അയാളെ പിടിച്ചു നിര്‍ത്താനും ആന്തരിക പ്രവര്‍ത്തനങ്ങള്‍ നടക്കാനുമുള്ള പണികള്‍ ഞങ്ങള്‍ ചെയ്തു തരാം. അ ഹശ്ശിഴ റലമവേ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അയാളുടെ പ്രജ്ഞയോ ഓര്‍മയോ നശിച്ചു പോയിട്ടില്ല. മരിച്ചു പോയെങ്കിലും ഇനിയും വളരാന്‍ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവര്‍ക്കു പാകമായ ശവപ്പെട്ടിയില്‍ കിടത്തണമെന്ന് അമ്മയോട് ഡോക്ടര്‍ നിര്‍ദേശിക്കുന്നു. സ്‌കെയിലെടുത്ത് അവര്‍ ദിവസവും അവന്റെ കൈകാലുകളുടെയും ശരീരത്തിന്റെയും വളര്‍ച്ച പരിശോധിക്കുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ പെട്ടെന്ന് അവന്റെ വളര്‍ച്ച നിലക്കുന്നു. അതോടൊപ്പം ശരീരത്തില്‍ നിന്നു മാംസം അളിഞ്ഞതിന്റെ ഗന്ധം പുറപ്പെടുകയും ചെയ്യുന്നു. അതു അഴിഞ്ഞു പോകലിന്റെയും നശിക്കലിന്റെയും മറ്റൊരു ഘട്ടമാണ്. പെട്ടെന്ന് അയാളുടെ ശരീരത്തിലേക്ക് പേടി അരിച്ചു കയറുന്നു. അമ്മയും ബന്ധുക്കളും തന്നെ സംസ്‌കരിക്കാന്‍ പോവുകയാണെന്ന പേടി. തനിക്കു പ്രതിരോധിക്കാന്‍ കഴിയുകയില്ലല്ലോ എന്ന പേടി. മണ്ണിലേക്ക് ശരീരം എടുത്തു വെക്കുമ്പോള്‍ അവന്‍ വിയര്‍പ്പില്‍ നീന്തിത്തുടിക്കുകയായിരുന്നു, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നീന്തിത്തുടിച്ചിരുന്നത് പോലെ എന്നാണ് കഥാകൃത്ത് എഴുതുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചിരിക്കുന്നതിന്റെയും ഭൂമുഖത്ത് നിന്ന് സംസ്‌കരിക്കാനെടുക്കുമ്പോള്‍ മാത്രം വെപ്രാളത്തോടെ ഒാര്‍ക്കുന്ന ജീവിതത്തെക്കുറിച്ചും മറ്റുമാകാം മാര്‍കേസിന്റെ കഥ. അത് ആത്മാവിനെക്കുറിച്ചുള്ള കഥയാണോ എന്നും ചിന്തിക്കാവുന്നതാണ്. അത് ജീവിതത്തെയും മരണത്തെയും പ്രശ്‌നവല്‍ക്കരിക്കുന്നു. ഇക്കഥയിലെ നായകന്റെ ഏഴ് വയസ്സു വരെയുള്ള ജീവിതം, തുടര്‍ന്ന് ഇരുപത്തിയഞ്ചു വരെ നീളുന്ന ഹശ്ശിഴ റലമവേ, അവസാനം കുഴിമാടത്തിലെ ജീവിതം എന്നിങ്ങനെ മൂന്നു മരണങ്ങളെക്കുറിച്ച് മാര്‍കേസ് പറയുന്നു. കൃത്യമായ രൂപമില്ലാത്ത, കൈക്കുടന്നയിലെ പൊടിക്കൂമ്പാരം, ജ്യാമിതീയ നിര്‍വചനത്തിലൊതുങ്ങാത്ത എന്നെല്ലാമുള്ള വിശേഷണങ്ങള്‍ അവന്റെ ആത്മാവിനെക്കുറിച്ചല്ലേ?
മരണം എക്കാലത്തും എഴുത്തുകാരനെ വിഭ്രമിപ്പിച്ചിട്ടുണ്ട്. ഉത്തരങ്ങളില്‍ തളക്കാന്‍ കഴിയാത്തതിനാല്‍ ആഖ്യാനം ചെയ്തു സമാധാനപ്പെടുകയാണ് പലരും ചെയ്തത്. ഒരു ജീവിതത്തെ മരണത്തിലെത്തിച്ചാല്‍ മൂരി നിവര്‍ന്നെഴുന്നേറ്റ് പോകാമെന്നു പലരും കരുതുന്നു. അതോടെ ആഖ്യാനത്തില്‍ നിന്നു രക്ഷപ്പെടാമല്ലോ. മരണത്തിനപ്പുറത്തെ നിത്യതയെയും അനന്തതയെയും ശരീരത്തിനപ്പുറത്തുള്ള മനുഷ്യനെയും വ്യക്തിയെയും പറ്റി ആലോചിക്കുമ്പോഴാണ് ബോര്‍ഹസിനെപ്പോലുള്ള എഴുത്തുകാരുണ്ടാകുന്നത്. മൂന്നാമത്തെ വിയോഗം പോലുള്ള കഥകളുണ്ടാകുന്നത്.
ശംസുദ്ദീന്‍ മുബാറക് രചിച്ച, ഡി.സി ബുക്‌സ് പുറത്തിറക്കിയ മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍ എന്ന നോവല്‍ നിലനില്‍ക്കുന്നത് വേറിട്ട അന്തരീക്ഷത്തിലും സ്ഥലത്തിലും കാലത്തിലുമാണ്. ആ സ്ഥലകാലങ്ങള്‍ പൊതുവെ നമ്മുടെ കഥാലോകത്തിന്റെ പരിചിതകവചത്തിനു പുറത്താണ്.
കഥയാരംഭിക്കുന്നത് ഒരു മരണം മുതലാണ്. തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ മരണം. മരിക്കുന്നതോടെ റൂഹ് അഥവാ ആത്മാവ് മാത്രമായിത്തീരുന്ന അയാള്‍ എഴുതുന്ന ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് ആഖ്യാനം മുന്നോട്ട് പോകുന്നത്. അയാള്‍ക്ക് ഭൗതികമായ ചില ശക്തികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലകാലങ്ങളെ അതിജയിക്കുന്ന ചില സിദ്ധികള്‍ കൈവരികയും ഓര്‍മകളുപയോഗിച്ച് കാലത്തില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മാര്‍കേസിന്റെ കഥയില്‍ മൂന്ന് ജീവിത(മൂന്ന് മരങ്ങള്‍ എന്നുമാവാം)ത്തെക്കുറിച്ചു പറയും പോലെ ഇവിടെ റൂഹ് അഞ്ച് ജന്മങ്ങളെക്കറുച്ച് പറയുന്നു. പില്‍ക്കാലത്തേക്ക് സഞ്ചരിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ റൂഹുകള്‍ മുഴുവന്‍ സമ്മേളിച്ച കാലം ഒന്നാമത്തേത്. ഉമ്മയുടെ ഗര്‍ഭത്തിലേത് രണ്ടാമത്തെയും ഭൂമിയിലേത് മൂന്നാമത്തെയും പിറ. നാലമത്തേത് ഖബറിടത്തില്‍. അഞ്ചാമത്തേത് പരലോകത്തും. ഈ അഞ്ചു കാലങ്ങളെ ആഖ്യാനത്തില്‍ സഞ്ചയിക്കാന്‍ കഴിയുന്നതാണ് ഈ നോവലിന്റെ വ്യതിരിക്തത. നമ്മുടെ ഫിക്ഷനു സ്ഥലകാലങ്ങളുടെ പുതിയൊരു തുറവിയും സാധ്യതയും നല്‍കുകയാണ് ഈ പരിചരണത്തിലൂടെ നോവലിസ്റ്റ്. മരണം ഒരു സാധ്യതയാണെന്ന കണ്ടെത്തലാണ് നോവലിന്റെ കാതല്‍. അതിലൂടെ ഖബര്‍ ജീവിതത്തിലേക്കും പരലോകത്തേക്കും സ്വര്‍ഗനരകങ്ങളിലേക്കും വിടരുന്ന കഥാപ്രപഞ്ചം നമ്മുടെ ഫിക്ഷനു പുതിയ ഭാവനാഭൂപടവും സ്ഥലരാശിയും കാണിച്ചു തരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി, വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം മുതലായ രചനകളില്‍ പ്രത്യക്ഷപ്പെടുന്ന, അലൗകികം, അതിഭൗതികം എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന തലങ്ങളെ വിസ്തൃതപ്പെടുത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്യുകയാണ് മരണപര്യന്തം.
ഇസ്‌ലാമിലെ ദര്‍ശനങ്ങളും ആശയാവലികളും മുസ്‌ലിം സാമൂഹ്യ ജീവിതവും മലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ വലിയ തോതില്‍ തിരസ്‌കൃതമാണെന്നു കാണാം. ഇസ്‌ലാമോഫോബിയ പോലുള്ള വിചാരമാതൃകകളുടെ കാലത്ത് അവ വിശകലനം ചെയ്യപ്പെടുന്നുമുണ്ട്. ബ്രാഹ്മണിക മൂല്യമണ്ഡലവും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും പുനരുല്‍പാദനവുമാണ് കുറെ കാലം നമ്മുടെ സാഹിത്യത്തില്‍ നിലനിന്നിരുന്നതും തുടരുന്നതും. ലിബറല്‍-മതേതര ചിന്താഗതിക്കാര്‍ മുന്‍കൈ എടുത്ത് വരത്തന്മാര്‍ക്കു നേരെ നടത്തിയ അയിത്താചരണത്തിന്റെ ഭാഗമായിരുന്നു അത്. എം.ടി.അന്‍സാരി ആശാന്റെ ദുരവസ്ഥയെും എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റയെയും കുറിച്ചു നടത്തിയ പഠനങ്ങളില്‍ ഇത് വിശകലനം ചെയ്തിട്ടുണ്ട്. അതേ സമയം ബൈബിളും ക്രിസ്തു-ക്രൈസ്തവ ജീവിതവും നമ്മുടെ ഫിക്ഷനിലെങ്കിലും വലിയ തോതില്‍ കടന്നു വന്നിട്ടുണ്ട്. അതിനു പാതിരി മലയാളത്തിന്റെയും കൊളോണിയലിസത്തിന്റെയും ഒരു പശ്ചാത്തലവുമുണ്ട്. പൊന്‍കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി, സക്കറിയ, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാര്‍ ക്രൈസ്തവ ജീവിതത്തെ മലയാളത്തിന്റെ ആലോചനകളിലെത്തിച്ചവരാണ്.
ഖുര്‍ആന്റെ ദര്‍ശനപരതയെ മലയാളഭാവനയിലേക്കും വായനയിലേക്കും കൊണ്ടു വരുന്നു എന്ന പ്രസക്തി കൂടിയുണ്ട് ശംസുദ്ദീന്‍ മുബാറകിന്റെ മരണപര്യന്തത്തിന്. ജീവിതം, മരണം, പരലോകം, റൂഹ്, സ്വര്‍ഗനരകങ്ങള്‍, പാപപുണ്യങ്ങള്‍, ലോകചരിത്രം എന്നിവയെക്കുറിച്ചെല്ലാമുള്ള ഇസ്‌ലാമിക പാഠങ്ങളാണ് ഈ നോവലിലുടനീളം പറയുന്നത്. അതിനെക്കുറിച്ചെല്ലാമുള്ള വിപുലമായ പഠനങ്ങളും വിവരശേഖരണവും നടത്തിയിട്ടുണ്ടെന്ന് നോവലിസ്റ്റ് ആമുഖത്തില്‍ പറയുന്നുമുണ്ട്. ഇസ്‌ലാമിനു സ്വയം പ്രകാശപ്പെടാനുള്ള വഴിയെന്ന നിലയിലും പുറത്തു നില്‍ക്കുന്നവര്‍ക്ക് ഇസ്്‌ലാമിനെ മനസ്സിലാക്കുന്നതിനും നോവല്‍ സഹായിക്കും എന്നതിനപ്പുറം ഇസ്‌ലാം എങ്ങനെ കലാപരമായ ആവിഷ്‌കാരം നേടുന്നു എന്നതിനുള്ള മുന്തിയ മാതൃകയായി അത് അത് മാറുന്നു. ക്രിറ്റിക്കല്‍ ഔട്ട്‌സൈഡര്‍മാര്‍ സൃഷ്ടിക്കുന്ന പുകമറകളുടെയും ഇസ്‌ലാംഭീതിയുടെയും കാലത്ത് ഈ നോവല്‍ മൗലികമാകുന്നത് അങ്ങനെയാണ്. മൗനത്തിലേക്കും അപകര്‍ഷതയിലേക്കും പ്രതിലോമപരതയിലേക്കും പിന്‍വലിയുന്നതിനു പകരം മുഖ്യധാരയില്‍ മുസ്‌ലിം/ഇസ്‌ലാം സ്വത്വം രൂപീകരിക്കുന്നതിലും നിര്‍ണയിക്കുന്നതിലും ഇത്തരം രചനകള്‍ വലിയ ഗുണം ചെയ്യും. മരണത്തെ ആഘോഷവും ആയുധവുമാക്കുന്ന കാലത്ത് മരണത്തെ കലാപരമായ പരിചരണത്തിന് എങ്ങനെ ഉപയുക്തമാക്കാം എന്നന്വേഷിക്കുന്നിടത്താണ് ശംസുദ്ദീന്റെ മരണപര്യന്തത്തിന്റെ മൗലികത.