ഭയാവേശനായ സൂഫി എമിര്‍ അസുര്‍കലെയ്‌നി അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ഥിച്ചു. ഒരുനാള്‍ സ്വപ്‌നത്തില്‍ ആഗമനായ ദൈവം അദ്ദേഹത്തോട് അനശ്വരതയുടെ ജലം കണ്ടെത്തി കുടിച്ചാല്‍ പരിഹാരം ലഭിക്കുമെന്ന് പറഞ്ഞു. അനശ്വരതയുടെ ജലം തേടി അസുര്‍കലെയ്‌നിയോടൊപ്പം കിദിറും ഇല്‍യാസും കൂടി. കിദിര്‍ മനസ്സില്‍, എല്ലാ ജനങ്ങള്‍ക്കും വേണ്ടി അനശ്വരതയുടെ ജലം തനിക്ക് ആദ്യം കൊണ്ടെത്തിച്ചുതരാന്‍ അല്ലാഹുവിനോട് രഹസ്യമായി പ്രാര്‍ഥിച്ചു, ഇല്‍യാസ് തനിക്കും കൂടെ ജനങ്ങള്‍ക്കും വേണ്ടി അനശ്വരതയുടെ ജലം കണ്ടെത്തി സഹായിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു.
അസുര്‍കലെയ്‌നി ഭയത്താല്‍ വിറളിപിടിച്ചവനായിരുന്നു. അനശ്വരതയുടെ ജലം ആദ്യമായി കണ്ടെത്തിയത് കിദ്‌റായിരുന്നു. അദ്ദേഹം അത് മുഴുവന്‍ കുടിച്ച് ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്നു, രണ്ടാമതായി അവിടെ എത്തിയ ഇല്‍യാസിന് ശേഷിച്ചത് ചളിവെള്ളമായിരുന്നു. അത് കുടിച്ച അദ്ദേഹം രാത്രിയിലെ അന്ധകാരമായിത്തീര്‍ന്നു, അവസാനമായി അവിടെ എത്തിയ അസുര്‍കലെയ്‌നി സങ്കടപ്പെട്ട് ദൈവത്തോട് ചോദിച്ചു. എന്റെ കാലശേഷം ഇനി എന്നെ ആരാണ് ഓര്‍ക്കുക?. അന്നേരം ദൈവം ‘കാത്ത്’ സൃഷ്ടിക്കുകയും അത് കഴിക്കുന്നവരെല്ലാം തന്നെ ഓര്‍ക്കുമെന്ന് വാഗ്ദാനവും നല്‍കി.
‘കാത്തി’നെക്കുറിച്ചുള്ള മിത്തില്‍നിന്നാണ് മെക്‌സിക്കന്‍ എത്ത്യോപ്യന്‍ സംവിധായിക ജെസിക്ക ബെശീറിന്റെ ഡോക്യു-ഡ്രാമ ഫയാ ദായി(2021)യുടെ കഥാരംഭം. എത്ത്യോപ്യന്‍ നഗരമായ ഹറാറിലെ ഉന്മത്തതയുടെ അന്വേഷണമാണ് സിനിമ. സൂഫി പാരമ്പര്യവുമായി ഉള്‍ചേര്‍ന്നുകിടക്കുന്ന ലഹരി വസ്തു ‘കാത്തി’ന്റെ ഉപയോഗവളര്‍ച്ചയെയും ഹറാറിലെ പുതുതലമുറയുടെ കുടിയേറ്റ സ്വപ്‌നങ്ങളെയും കാലാവസ്ഥാവ്യതിയാനങ്ങളെയും ചെറുത്തുനില്‍പ്പുകളെയുംക്കുറിച്ച് മതിഭ്രമത്തിന്റെ ഛായാഗ്രഹണത്തിലൂടെ സംവിധായിക അഭ്രപാളിയില്‍ എത്തിക്കുന്നു.
കാത്ത് കാപ്പിപോലെ സൂഫി വിഭവമായിരുന്നു. ആചാര അനുഷ്ഠാന വേളകളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന വിളവ്. കാപ്പിയെ അപേക്ഷിച്ച് കുറച്ചുമാത്രം മഴ ആവശ്യമായി വരുന്ന കാത്ത് വളരെ വേഗം എത്ത്യോപ്യയിലെ ഏറ്റവും നല്ല വരുമാനമാര്‍ഗമായിത്തീര്‍ന്നു (ഇന്നും ഇതേ നില തുടരുന്നു). പതിയെ സൂഫി പ്രതലങ്ങളില്‍നിന്ന് മോചനം നേടിയ കാത്ത് പ്രായഭേദമന്യേ എല്ലാവരുടെയും അഭയമായിത്തീര്‍ന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമിലൂടെ ജെസിക്ക കാണികളെ കൊണ്ടുപോവുന്നത് കാത്തിന്റെയും ഹറാറിലെ ജനങ്ങളുടെയും ഗതിവിഗതികളിലേക്കാണ്.
തിരശ്ചീനമായി ഒഴുകുന്ന കഥയിലെ ബാക്ഗ്രൗണ്ട് സ്‌കോറുകള്‍ പക്ഷികളുടെ ചിലക്കലും ചീവിടും കാറ്റിരമ്പങ്ങളും ഖുര്‍ആന്‍, ദിക്‌റ് ദൂആകളുമാണ്. ഇരുള്‍മുറ്റിയതും ധൂമം നിറഞ്ഞതുമായ സ്‌ക്രീനില്‍ നിന്ന് നമ്മിലേക്ക് പതിയെ ഹറാറിലെ ജനങ്ങളുടെ കഥ/കദന പറച്ചിലുകള്‍ എത്തിച്ചേരും. ഹറാറിലെ കര്‍ഷകജനങ്ങളായ ഒറോമ ജനവിഭാഗത്തിന്റെ ചെറുത്തുനില്‍പ്പുകളെക്കുറിച്ചും കാലാവസ്ഥവ്യതിയാനം കാരണമുള്ള വെല്ലുവിളികളെക്കുറിച്ചും കാത്ത് പുകച്ചുജീവിക്കുന്ന തലമുറയില്‍ നിന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന യുവതലമുറയെക്കുറിച്ചും കഥാഖ്യാനത്തില്‍ വിള്ളലുകളില്ലാതെ സംവിധായിക കാഴ്ച്ചക്കാരുടെ മുന്നിലെത്തിക്കുന്നു.
ഫയാ ദായി, ഹറാറിലെ ജനങ്ങള്‍ വിളവെടുപ്പ് സമയങ്ങളില്‍ ഏറ്റുചൊല്ലിയിരുന്ന സമ്പല്‍സമൃദ്ധിയുണ്ടാവട്ടെ എന്നര്‍ഥം വരുന്ന, വാചകങ്ങളിലൊന്നാണ്. വളരെ പതുക്കെ, മങ്ങിയ ഇരുട്ട് നിറഞ്ഞ ഫ്രെയിമുകളില്‍നിന്ന് നേരിയ വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും മാറിവരുന്ന ‘ഫയാ ദായി’ ജെസിക്കാ ബെശീര്‍ തന്റെ നാടായ ഹറാറിലേക്കുള്ള മടക്കയാത്രകളില്‍ പത്തുവര്‍ഷമെടുത്ത് ഷൂട്ട് ചെയ്ത മികച്ച ദൃശ്യവിരുന്നാണ്.
Add comment