Thelicham

ദി മുസ്ലിം വാനിഷസ്: മുസ്ലിം – മുക്ത ഭാരത്തിലെ വര്‍ത്തമാനങ്ങള്‍

ഏകശിലാത്മകവും മുസ്ലിമേതരവുമായ ഒരാദര്‍ശ ഭൂമികയാണ് യഥാര്‍ഥത്തില്‍ സംഘപരിവാര്‍ സ്വപ്‌നം കാണുന്ന ‘ഹിന്ദുരാഷ്ട്രം’. നിര്‍ഭാഗ്യവശാല്‍, പ്രസ്തുത രാഷ്ട്ര സങ്കല്പം അതിന്റെ സൈദ്ധാന്തികാതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് പ്രായോഗികതലത്തിലേക്ക് കടന്നതിന്റെ ദുസ്സൂചനയാണ് സമകാലിക ഇന്ത്യ പങ്കുവെക്കുന്നത്. മുസ്ലിമാനന്തര ആലോചനകള്‍ സജീവമാകുന്ന ഈയൊരു ഘട്ടത്തില്‍, അത്തരം നറേറ്റീവുകളുടെ അസാധ്യതയെയും ഭവിഷ്യത്തുകളെയും അനാവൃതമാക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സഈദ് നഖ്വി തന്റെ പുതിയ പുസ്തകമായ ‘ദി മുസ്ലിം വാനിഷസ്’ എന്ന ട്രാജികോമഡിയിലൂടെ.

രാജ്യത്തെ മുസ്ലിംകള്‍ തങ്ങളുടെ ഭാഷ, ദേശം, കല, വാസ്തുവിദ്യ, ഭക്ഷണരീതി, സംസ്‌കാരം, സ്മാരകങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക ശേഷിപ്പുകള്‍ പോലും ബാക്കി വെക്കാതെ അപ്രത്യക്ഷമാക്കുകയും തത്ഫലമായി ഇന്ത്യയില്‍ ഉടെലടുക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളുമാണ് നാടകത്തിന്റെ ഇതിവൃത്തം.ബ്രേക്കിങ് സ്റ്റോറി സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറെടുക്കുന്ന ന്യൂസ്ചാനല്‍ സ്റ്റുഡിയോയുടെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന കൃതി അപരവത്കരണവും ഗൃഹാതുരത്വവും വിലാപവും നിറഞ്ഞ അനുഭവങ്ങളിലേക്ക് വികസിക്കുന്നു.

രാഷ്ട്രീയാഖ്യാനങ്ങളുടെ നിയതസമ്പ്രദായങ്ങളില്‍ നിന്ന് വഴിമാറി നാടകരൂപത്തില്‍ വ്യത്യസ്തമാകുന്ന കൃതിയെയും അതിന്റെ കേന്ദ്ര പ്രമേയത്തെയും സംബന്ധിച്ച് ഗ്രന്ഥകാരന്‍ ഒരഭിമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ഞാന്‍ തന്നത്താന്‍ കണ്ടെടുത്ത ‘ two interlocking triangles ‘ എന്ന സിദ്ധാന്തത്തിന്റെ വിപുലീകരണമാണ് ഈ നാടകത്തിന്റെ കാതല്‍. ആദ്യത്തേത് ജാതി ത്രികോണം: ബ്രഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഈ ശ്രേണിയുടെ ഭൂരിഭാഗവും അവര്‍ണ്ണരാ താഴ്ന്ന ജാതികളോ ആണ്.

തങ്ങളുടെ താഴെ കുറഞ്ഞ പക്ഷം ഒന്നോ രണ്ടോ കീഴാളര്‍ ഉണ്ടെന്ന് മേലാളരെ സമാധാനിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. അധികാരശ്രേണി എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ലെങ്കില്‍, ജാതിഘടന പഠിച്ച് നമുക്ക് അത് കണ്ടെത്തേണ്ടി വരും. സംവത്സരങ്ങളുടെ പഴക്കമുള്ള ഹിന്ദു മുസ്ലിം സംസ്‌കാരത്തെ വേര്‍തിരിച്ചെടുക്കുന്ന ‘വര്‍ഗീയത’ യെ പ്രതിനിധീകരിക്കുന്നതാണ് രണ്ടാമത്തേത്.

ഇന്ത്യ-പാകിസ്താന്‍, ഹിന്ദു-മുസ്ലിം, ശ്രീനഗര്‍-ഡല്‍ഹി എന്നീ മൂന്ന് ദ്വന്ദങ്ങള്‍ സമര്‍ഥമായി ഉള്‍ചേര്‍ന്നിരിക്കുന്നുവെന്നതാണ് ഈ ത്രികോണത്തിന്റെ സവിശേഷത. ഞാന്‍ പറഞ്ഞു വരുന്നത്, ജാതി ത്രികോണത്തിന്റെ പ്രക്ഷുബ്ധതയെ നിയന്ത്രണ വിധേയമാക്കാനുള്ള രാഷ്ട്രീയായുധമാണ് വര്‍ഗീയത. അതിന് സ്‌പോണ്‍സര്‍ഷിപ്പുണ്ട് എന്നാല്‍ ജാതീയത ഒരു പ്രാചീന സാമൂഹിക ശീലമാണ്.

മാധ്യമപ്രവര്‍ത്തകന്റെ അനുഭവസമ്പത്തും കൈയടക്കവും ഈയൊരു സങ്കീര്‍ണ്ണമായ ഡിസ്‌ടോപ്പിയന്‍ യാഥാര്‍ഥ്യത്തെ ലളിതമായി പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരനെ സഹായിച്ചിട്ടുണ്ട്. തന്റെ നീണ്ട കരിയറില്‍ 110 ലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും നെല്‍സണ്‍ മണ്ടേല, ഫിടല്‍ കാസ്‌ട്രോ, ബെനസീര്‍ ഭുട്ടോ, ഗദ്ദാഫി തുടങ്ങി നിരവധി ലോകനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുമുണ്ട് അദ്ദേഹം. ആ അനുഭവങ്ങളുടെ ധീരതയും പക്വതയും ഈ പുസ്തകത്തിലെ ഓരോ വാക്കിലും തെളിഞ്ഞു കാണാം.

ഗംഗ- ജമുനി- തഹ്‌സീബ് എന്ന പേരില്‍ പ്രസിദ്ധമായ അവധി സംസ്‌കാരത്തിന്റെ പിന്മുറക്കാരായ ഷിയാ -നഖ്വി കൂടുംബ പശ്ചാതലത്തില്‍ വളര്‍ന്നതിനാല്‍ ആ പാരമ്പര്യത്തില്‍ നിന്ന് പ്രചോദിതമായ കാഴ്ചപ്പാടുകളാണ് സഈദ് നഖ്വിയുടേത്.

അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ ‘Being the other: The Muslim in India ‘ ല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ സിന്‍ക്രീറ്റിക് (Syncretic) പാരമ്പര്യമെന്ന സമകാലികത്വത്തില്‍ വിസ്മരിക്കപ്പെട്ട പൈതൃകത്തെ ഈ കൃതിയിലും മുന്നോട്ടു വെയ്ക്കുന്നുണ്ട്. സമ്പന്നമായ ആ പൈതൃകത്തെ നിരന്തരം ആവര്‍ത്തിക്കുകയും ഓര്‍ത്തെടുക്കലുമാണ് സംഘര്‍ഷഭരിതമായ വര്‍ത്തമാന മുഹൂര്‍തത്തെ മറികടക്കാനുള്ള ഏകമാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യന്‍ സമൂഹം എത്രമേല്‍ ധ്രുവീകരിക്കപ്പെട്ടുവെന്ന അപ്രിയസത്യം ബോധ്യപ്പെടുത്തുമ്പോഴും ആരും എവിടേക്കും അപ്രത്യക്ഷരാകേണ്ടി വരില്ലെന്ന ശുഭാപ്തിവിശ്വാസം അടിക്കടി ഊട്ടിയുറപ്പിക്കുക കൂടിയാണ് ‘മുസ്‌ലിംകള്‍ അപ്രതൃക്ഷ രാകുമ്പോള്‍’.

ബാദുഷ ടി. എ

ദാറുല്‍ ഹുദാ ഡിഗ്രി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബാദുഷ. നിലവില്‍ തെളിച്ചം മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.