തസവ്വുഫിനെ കുറിച്ചുള്ള അനവധി പഠനങ്ങള്‍ക്കിടയില്‍ പുസ്തകങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ് ഡോ. എസ് സൈഫുദ്ദീന്‍ കുഞ്ഞിന്റെ തസവ്വുഫ്: ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങള്‍. ഒരു പക്ഷെ വ്യത്യസ്ത സൂഫി ത്വരീഖത്തുകളെ അവലോകനം ചെയ്യുകയും അവയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളെ പരിചയപ്പെടുത്തുക കൂടി ചെയ്യുന്നതാണ് ഈ കൃതി. മൂന്ന് ഭാഗങ്ങളിലായി പതിനാറോളം ചാപ്റ്ററുകളിലായി സൂഫി ത്വരീഖത്തുകളുടെ ആവിഭവം മുതല്‍ സമകാലിക ചിന്തകള്‍ വരെയുള്ള പലവിധ വിഷയങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കപ്പെടുന്നുണ്ട്.
ആത്മീയത മാത്രം കേന്ദ്രീകരിക്കപ്പെടുന്ന വ്യാവഹാരിക പരിസത്തു നിന്നുമാറി രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്വത്തില്‍ ത്വരീഖത്തുകളുടെ സ്ഥാനം അടയാളപ്പെടുത്തുന്ന ദൗത്യം കൂടി ഗ്രന്ഥകാരന്‍ നിര്‍വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ മുഗള്‍ ഭരണ കാലത്തിന് മുമ്പും ശേഷവും ഭരണകൂടങ്ങളോടുള്ള ഇടപെടലുകളില്‍ സൂഫി പണ്ഡിതരുടെ സാന്നിധ്യം പ്രകടമാണ്. മുസ്ലിം ഭരണം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ച സൂഫി പണ്ഡിതര്‍ പക്ഷെ ഭരണാധികാരികളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമൂഹത്തിന്റെ ആത്മീയ നേതൃത്വം എന്ന നിലയില്‍ ഭരണ വ്യവഹാരങ്ങളോട് പലതരത്തില്‍ സൂക്ഷ്തമ പുലര്‍ത്താനും അവര്‍ ജാഗ്രത കാണിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ ഇംഗിതത്തിനനുരിച്ച് ഫത്വകള്‍ നല്‍കാനോ അവര്‍ക്ക് മുഖം നല്‍കാനോ ചില സൂഫി പണ്ഡിതര്‍ തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഫിഖ്ഹിലും ശരീഅത്തിലുമടക്കം ഇസ്ലാമിന്റെ വൈജ്ഞാനിക വികാസത്തിലും വളര്‍ച്ചയിലും സൂഫി പണ്ഡിതരുടെ സംഭാവനകളെ കുറിച്ച് പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഉസ്മാനി ഖിലാഫത്തിന്റെ പ്രത്യയശാസ്ത്രപരമായ വളര്‍ച്ചയില്‍ സൂഫി തത്വചിന്തയിലെ പ്രമുഖനായ ശൈഖ് ഇബ്‌നു അറബിയുടെ സ്വാധീനം സവിശേഷമായി തന്നെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. ശരീഅത്ത് ഇല്ലാതെ ത്വരീഖത്ത് ഇല്ല എന്നത് സൂഫിധാരകളുടെ പൊതുതത്വമാണ്. ശരീഅത്തിനോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ത്വരീഖത്തിനെ ബാ-ശറഅ്, ബേ-ശറഅ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കാം എന്ന് വിവിധ ത്വരീഖത്ത് ധാരകളെ ഉദാഹരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ശരീഅത്ത് വിരുദ്ധത പ്രകടമാക്കിയ വിഭാഗങ്ങളെ വിമര്‍ശന വിധേയമാക്കുന്ന പണ്ഡിതരെയും അവരുടെ രചനകളെയും പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടാവുന്നതാണ്.
ഭരണാധികാരികളുടെ ദുര്‍നടപടികളോടും കൊള്ളരുതായ്മകളോടുമുള്ള വിയോജിപ്പും വിമര്‍ശനവും മാത്രമല്ല സൂഫി ചിന്താ ധാരകളെയും പണ്ഡിതന്മാരെയും ചരിത്രത്തില്‍ വ്യത്യസ്തമാക്കുന്നത്. മുസ്ലിം ഭരണ സ്ഥാപനത്തിന് സംഭാവനകള്‍ അര്‍പ്പിക്കുകയും വൈദേശിക കയ്യേറ്റങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ചരിത്ര പാരമ്പര്യം കൂടി അവക്കുണ്ട്്. ഇന്ത്യയില്‍ തന്നെ മുഗള്‍ ഭരണ സ്ഥാപനത്തിന് സംഭാവനകള്‍ നല്‍കിയ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ സൂഫി നേതൃത്വങ്ങളെ കാണാവുന്നതാണ്. ഇസ്ലാമിക ഖിലാഫത്തിനെ കുറിച്ച് വൈദേശിക അധിനിവേശത്തിനെതിരെ ഇന്ത്യയിലെ ആദ്യത്തെ പോരാട്ടം നയിച്ചത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ആണ്. അദ്ദേഹം ഖാദിരി-ചിശ്തി ത്വരീഖത്തുകളുടെ പ്രതിനിധി കൂടിയായിരുന്നു. ‘അനീതികളെ തുറന്നെതിര്‍ത്ത പണ്ഡിത ശൃംഖല’ എന്ന തലക്കെട്ടിന് കീഴെ ഇമാം ഗസാലി മുതലുള്ള പണ്ഡിതരുടെ ഭരണകൂട വിമര്‍ശനങ്ങളും പോരാട്ടങ്ങളും പുസ്തകത്തില്‍ ആഴത്തില്‍ തന്നെ പ്രതിപാദിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ മുസ്ലിം വിരുദ്ധതക്കെതിരെയുള്ള സമീപനങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളോടും ശാസനകളോടും നേരിട്ട് എതിര് നില്‍ക്കുന്ന കാര്യങ്ങളെ പോലും മഹത്വവല്‍ക്കരിക്കുന്ന പ്രവണത സൂഫിസം എന്ന പദപ്രയോഗത്തില്‍ ദൃശ്യമായതുകൊണ്ടും സൂഫി ധാരകളുടെ ആശയ-ആചാര രീതികളോട് വിമര്‍ശനാത്മകമായ സമീപനം സ്വീകരിക്കുന്നത് കൊണ്ടുമാണ് തസവ്വുഫ് എന്ന ക്ലാസിക് പദം പുസ്തകത്തിന് സ്വീകരിച്ചത് എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ തന്നെ സൂചിപ്പിക്കുന്നത് മലയാള ഭാഷയില്‍ ഇത്തരത്തിലൊരു പുസ്തകത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ചിന്തകള്‍ വായനക്കാരന്റെ മനസ്സില്‍ ആദ്യം തന്നെ നിക്ഷേപിക്കുന്നു.
ഒരു ജനസമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കാനും നയിക്കാനും കഴിവുണ്ടായിരുന്ന വ്യത്യസ്ത സൂഫി സരണികള്‍ പില്‍ക്കാലത്ത് ദുര്‍ബലമായി പോവുകയും ചിലത് ശിഈ സ്വാധീനങ്ങളില്‍പെട്ട് വ്യതിചലിച്ചു പോവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സമകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തുവരുന്ന സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തില്‍ വിവിധ സൂഫി ധാരകള്‍ ചെയ്തു വന്നിരുന്നത്.
ഒരു ചരിത്രപുസ്തകമെന്നതില്‍ നിന്നുവ്യത്യസ്തമായി തസവ്വുഫ് പഠനശാഖയിലെ റഫറന്‍സ് ഗ്രന്ഥമായി കൂടി പ്രസ്തുത പുസ്തകത്തെ സമീപിക്കാവുന്നതാണ്.
Add comment