“ഊർജ തന്ത്രത്തിലെ സമ്പൂർണ സമവാക്യം നാമും പ്രപഞ്ചവും എന്തിനു നിലനിൽക്കുന്നുവെന്ന ചോദ്യത്തിന്റെ ചുരുളഴിക്കും. അതു മാനവരാശിയുടെ ആത്യന്തിക വിജയമായിരിക്കും. അതിലൂടെ നമുക്ക് ദൈവത്തിന്റെ മനസ്സ് വായിച്ചെടുക്കാം” സ്റ്റീഫൻ ഹോക്കിങിന്റെ ഈയുദ്ധരണി ഉപയോഗിച്ചാണ് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ മിച്ചിയോ കാകു തന്റെ ദ ഗോഡ് ഇക്വാഷൻ: ദ ക്വസ്റ് ഫോർ എ തിയറി ഓഫ് എവരിതിങ് എന്ന പുസ്തകം ഉപസംഹരിക്കുന്നത്.
തന്റെ പിൻഗാമികളിൽ ആരെങ്കിലും ആ സമവാക്യം കണ്ടെത്തുമെന്ന ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനൊടുവിൽ ഹോക്കിങ് പങ്കു വെച്ച ശുഭ പ്രതീക്ഷയുടെ തേരിലേറിയാണ് കാകുവിന്റെ ‘ദൈവിക സമവാക്യം’ തേടിയുള്ള യാത്ര.

കഴിഞ്ഞ ഏപ്രിലിലാണ് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ യോർക്കിലെ പ്രഫസറും സ്ട്രിങ് ഫീൽഡ് തിയറി ഉപജ്ഞാതവുമായ മിച്ചിയോ കാകു തന്റെ പുതിയ ഗ്രന്ഥം പുറത്തിറക്കിയത്. ഇന്നു കണ്ടത്തപ്പെട്ട ഗുരുത്വാകർഷണ ബലം, വൈദ്യുതകാന്തിക ബലം, വീക് ന്യൂക്ലിയർ ഫോഴ്സ്, സ്‌ട്രോങ് ന്യൂക്ലിയർ ഫോഴ്സ് എന്നീ നാലു ബാലങ്ങളെ ഒരൊറ്റ സമവാക്യത്തിലാകാനുള്ള ശ്രമത്തെയാണ് ഗോഡ് ഇക്വാഷനിലൂടെ കാകു വരച്ചു കാട്ടുന്നത്.
പ്രപഞ്ചത്തിന്റെ തുടക്കമായ സിംഗുലാരിറ്റിയിൽ ഏക ബലമായി നിലകൊണ്ടിരുന്ന ഈ നാലു ബലങ്ങളും ഒരു സെക്കണ്ടിന്റെ 10^36 നിമിഷം മുതൽ വേർതിരിയാൻ തുടങ്ങി. ഓരോ ബലങ്ങളും വിശദീകരിക്കാൻ വെവ്വേറെ സമവാക്യങ്ങൾ ഉണ്ടെങ്കിലും നാലിനെയും ഒന്നിപ്പിക്കുന്ന സമവാക്യം കണ്ടെത്തിയാൽ സിംഗുലാരിറ്റിയെ പ്രപഞ്ച തുടക്കത്തെ പൂർണമായും മനസ്സിലാക്കാം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം. ഈ സമവാക്യത്തെ മിച്ചിയോ കാകു വിളിച്ചത് ഗോഡ് ഇക്വാഷൻ (ദൈവിക സമവാക്യം) എന്നാണ്.
വർഷങ്ങളുടെ പരിശ്രമഫലമായി ഗ്രാവിറ്റിയെ കൂടാതെ മറ്റു മൂന്ന് ബലങ്ങളെയും ഒന്നിപ്പിച്ച് ഒരൊറ്റ സമവാക്യമാക്കുന്നതിൽ ശാസ്ത്രലോകം ഏറെക്കുറെ വിജയിച്ചുവെങ്കിലും ഗ്രാവിറ്റിയെ മറ്റു ബലങ്ങളോടൊപ്പം യോജിപ്പിക്കാനായിരുന്നില്ല. ഇതിനു പരിഹാരമായാണ് മിച്ചിയോ കാകു അടക്കമുള്ള പ്രഗൽഭർ സ്ട്രിംഗ് തിയറി മുന്നോട്ടു വെക്കുന്നത്. നാലു ബലങ്ങളെയും ഒരൊറ്റ സമവാക്യത്തിൽ ഒതുക്കാൻ സ്ട്രിംഗ് തിയറിക്കു സാധിക്കുമെങ്കിലും നാം ജീവിക്കുന്ന ത്രിമാന ലോകം വെച്ചു സ്ട്രിംഗ് തിയറി വിശദീകരിക്കാനാവില്ല. മിനിമം പത്തു മാനങ്ങളെങ്കിലും വേണം. 1996 ൽ പുറത്തിറങ്ങിയ ജോണ് ഹോർഗിന്റെ എൻഡ് ഓഫ് സയൻസ് എന്ന കൃതിയിൽ വിവരിച്ച പോലെ ആധുനിക ശാസ്ത്രം അതിന്റെ പാരമ്യതയിൽ എത്തിയെന്നു മനസ്സിലാക്കാം. കാരണം പത്തു മാനങ്ങളെ വിശദീകരിക്കണമെങ്കിൽ ശാസ്ത്രത്തിന് അതിഭൗതികതയെ പുണർന്നേ മതിയാവൂ.
Add comment