Thelicham

കശ്ഫുല്‍ മഹ്ജൂബ്: തസ്വവ്വുഫിന്റെ ആഴമറിഞ്ഞ അന്വേഷണം

തസ്വവ്വുഫില്‍ വിരചിതമായ ആദ്യകാല ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. ഹി. അഞ്ചാം നൂറ്റാണ്ടിലാണ് രചന നടക്കുന്നത്. അതിനു മുമ്പ് തന്നെ അറബിയിലുള്ള സ്വൂഫി രചനകള്‍ ലോകത്ത് പ്രചാരം നേടിയിരുന്നു. ഹി. 378 ല്‍ വഫാത്തായ അബൂ നസ്വ്‌റ് ത്വൂസിയുടെ ‘അല്ലുമഅ്’, ഹി. 380 ല്‍ വഫാത്തായ കലാബാദിയുടെ ‘അത്തഅര്‍റുഫ് ലി മദ്ഹബി അഹ്‌ലിത്തസ്വവ്വുഫ്’, ഹി. 386 ല്‍ വഫാത്തായ അബൂ ത്വാലിബില്‍ മക്കിയുടെ ‘ഖൂത്തുല്‍ ഖുലൂബ്’ എന്നിവ അവയില്‍ പെടുന്നു. പക്ഷേ, വ്യവസ്ഥാപിതമായ രൂപത്തില്‍ ഈ വിജ്ഞാനശാഖയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വളരെ വലിയ പങ്കു വഹിച്ച രണ്ടു ഗ്രന്ഥങ്ങളാണ് ഇമാം ഖുശൈരി (റ) അറബിയില്‍ രചിച്ച ‘അര്‍രിസാലത്തുല്‍ ഖുശൈരിയ്യ’ യും ശൈഖ് ഹുജ്‌വീരി (റ) പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ‘കശ്ഫുല്‍ മഹ്ജൂബ്’ഉം. ഒരേ കാലത്ത് രചിക്കപ്പെട്ട രണ്ടു ഗ്രന്ഥങ്ങളും തമ്മില്‍ പല വിഷയങ്ങളിലും സാമ്യത കാണുന്നുണ്ട്. അനര്‍ഹരായ ആളുകള്‍ ഈ വിജ്ഞാനശാഖ കൈകാര്യം ചെയ്തതിന്റെ പേരില്‍ പല തെറ്റിദ്ധാരണകളും കടന്നു കൂടുകയും തല്‍ഫലമായി തസ്വവ്വുഫ് ആരോപണ വിധേയമാവുകയും ചെയ്ത ഒരു കാലത്ത് യഥാര്‍ത്ഥ തസ്വവ്വുഫ് ജനങ്ങള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യമാണ് രണ്ടു ഗ്രന്ഥങ്ങളും നിര്‍വഹിച്ചത്.

ഗ്രന്ഥകാരന്‍
അബുല്‍ഹസന്‍ അലിയ്യുബ്‌നു ഉഥ്മാന്‍ ബിന്‍ അബീ അലി അല്‍ജുല്ലാബി അല്‍ഹുജ്‌വീരി എന്നാണ് പൂര്‍ണ നാമം. ദാതാ ഗഞ്ച് ബഖ്ശ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്നത്തെ അഫ്ഗാനിസ്താനിലെ ഗസ്‌നയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു പ്രദേശങ്ങളാണ് ജുല്ലാബ്, ഹുജ്‌വീര്‍ എന്നിവ. അവിടെയായിരുന്നു ശൈഖ് അലി (റ) യുടെ ജനനം. ശേഷം ലാഹോറില്‍ വന്നു താമസമാക്കുകയും അവിടെത്തന്നെ വഫാത്താവുകയും ചെയ്തു. ദാതാ ഗഞ്ച് ബഖ്ശ് ലാഹോരി എന്നറിയപ്പെടുന്നത് ഇതിനാലാണ്. ജനന വര്‍ഷം കൃത്യമായി അറിയപ്പെട്ടിട്ടില്ലെങ്കിലും ഹി. നാലാം വര്‍ഷത്തിന്റെ അവസാനത്തിലാണെന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഹി. അഞ്ചാം വര്‍ഷത്തിന്റെ ആദ്യ പകുതിയായിരുന്നു പ്രവര്‍ത്തന കാലഘട്ടം. ഹി. 465 ലാണ് വഫാത്ത് എന്നും അനുമാനിക്കപ്പെടുന്നു.

പ്രാഥമിക പഠനത്തിനു ശേഷം അറിവും ആധ്യാത്മികതയും തേടി ലോകം മുഴുവന്‍ സഞ്ചരിച്ചു. ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ശാം, ആസര്‍ബൈജാന്‍, ജുര്‍ജാന്‍, ഖുറാസാന്‍, ട്രാന്‍സോക്‌സാനിയ, തുര്‍കിസ്താന്‍, ഇന്ത്യ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം അദ്ദേഹത്തിന് നിരവധി അനുഭവങ്ങളും അറിവുകളും മശാഇഖുമാരുമായുള്ള ബന്ധങ്ങളും സമ്മാനിച്ചു. ശൈഖ് അബുല്‍ ഫദ്ല്‍ മുഹമ്മദ് ബിന്‍ അല്‍ഹസന്‍ അല്‍ഖതലി എന്നവരായിരുന്നു പ്രധാന ഗുരുനാഥന്‍. അദ്ദേഹത്തിലൂടെയാണ് ഹുജ്‌വീരി ആധ്യാത്മിക ലോകത്ത് പ്രവേശിക്കുന്നത്. ‘അദ്ദുന്‍യാ യൗമുന്‍, വ ലനാ ഫീഹാ സ്വൗമുന്‍’ (ഭൗതിക ലോകം ഒരു ദിവസമാണ്. ആ ദിവസം അവിടെ നമുക്ക് വ്രതവുമാണ്) എന്ന പ്രസിദ്ധമായ ഉപദേശം അദ്ദേഹത്തില്‍ നിന്നാണ് തനിക്കു കിട്ടിയതെന്ന് ഹുജ്‌വീരി പറയുന്നുണ്ട്. ഇദ്ദേഹത്തിനു പുറമെ ശൈഖ് അബുല്‍ഖാസിം അല്‍ജുര്‍ജാനി, ഖ്വാജാ അബൂ അഹ്മദ് അല്‍ മുളഫ്ഫര്‍ അന്നൗഖാനി തുടങ്ങിയവരില്‍ നിന്ന് ഹുജ്‌വീരി നേരിട്ട് അറിവ് നുകര്‍ന്നിട്ടുണ്ട്.

രചനാ പശ്ചാത്തലം
അബൂ സഈദ് അല്‍ഹുജ്‌വീരി എന്നവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കശ്ഫുല്‍ മഹ്ജൂബ് വിരചിതമാകുന്നത്. യഥാര്‍ത്ഥ തസ്വവ്വുഫിനെക്കുറിച്ചും സ്വൂഫികള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ചും തനിക്കു വിശദമായി പറഞ്ഞു തരണമെന്നതായിരുന്നു ചോദ്യകര്‍ത്താവിന്റെ ആവശ്യം. തസ്വവ്വുഫ് ഏറെ തെറ്റിദ്ധരിക്കപ്പെടുകയും സ്വന്തം ഇച്ഛകളെ പിന്‍പറ്റുന്നവര്‍ വര്‍ധിക്കുകയും ചെയ്ത കാലമായതിനാല്‍ ചെറിയ മറുപടിയില്‍ ഒതുക്കുന്നതിനു പകരം വലിയ ഒരു ഗ്രന്ഥം തന്നെ എഴുതാന്‍ ഹുജ്‌വീരി തീരുമാനിക്കുകയായിരുന്നു. തന്റെ കാല ഘട്ടത്തിലെ ദുരവസ്ഥ അദ്ദേഹം വിശദീകരിക്കുന്നു:

”സ്വന്തം ഇച്ഛകളെ ശരീഅത്തായി തെറ്റിദ്ധരിക്കപ്പെടുന്ന കാലത്താണ് അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. സ്ഥാന ലബ്ധിയും അഹങ്കാരവും അഭിമാനമായി കാണപ്പെടുന്ന, ലോക മാന്യം ദൈവ ഭക്തിയായി തെറ്റിദ്ധരിക്കപ്പെടുന്ന, കാപട്യം ആത്മീയതയായി പ്രചരിക്കപ്പെടുന്ന ഒരു കാലമാണിത്. ശരീഅത്ത് വിരോധമാണ് ത്വരീഖത്ത് എന്ന് മനസ്സിലാക്കപ്പെടുന്ന അത്യധികം അപകടകരമായ ഒരു കാലം. ഇവിടെ യഥാര്‍ത്ഥ സ്വൂഫികള്‍ തമസ്‌കരിക്കപ്പെടുന്നു. ഇസ്‌ലാമിക സംസ്‌കാരമോ ജാഹിലീ സ്വഭാവങ്ങളോ മാനുഷിക മൂല്യങ്ങളോ ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്” (കശ്ഫുല്‍ മഹ്ജൂബ്: 199).

തസ്വവ്വുഫ് എന്ന വിജ്ഞാന ശാഖയ്ക്ക് സംഭവിച്ച ഈ ശോചനീയാവസ്ഥ ഇമാം ഖുശൈരി രിസാലയിലും വിശദീകരിക്കുന്നുണ്ട്. രിസാലയും കശ്ഫുല്‍ മഹ്ജൂബും ഒരേ ധര്‍മമാണ് നിറവേറ്റിയതെന്നു മനസ്സിലാക്കാം.

അവലംബങ്ങള്‍
നീണ്ട യാത്രകള്‍ക്കിടയില്‍ ലഭിച്ച അനുഭവങ്ങളാണ് ഗ്രന്ഥത്തിന്റെ വലിയ ഒരവലംബം. പല ഗുരുക്കന്മാരില്‍ നിന്നും കേട്ട കാര്യങ്ങള്‍, പലരുമായും നടത്തിയ സംവാദങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം ഇടക്കിടെ കടന്നു വരുന്നുണ്ട്. അക്കാലത്ത് ഇസ്‌ലാമിക ലോകത്തുണ്ടായിരുന്ന വ്യത്യസ്ത വീക്ഷണങ്ങളും ചിന്താഗതികളും മനസ്സിലാക്കാന്‍ ഈ അനുഭവങ്ങള്‍ വലിയ സഹായകമാണ്. അനുഭവങ്ങള്‍ക്ക് പുറമെ അക്കാലത്തു നിലവിലുണ്ടായിരുന്ന പല ഗ്രന്ഥങ്ങളും ഹുജ്‌വീരി അവലംബിച്ചിട്ടുണ്ട്. ഹി. 297 ല്‍ വഫാത്തായ അംറുബ്‌നു ഉഥ്മാന്‍ അല്‍മക്കിയുടെ കിതാബുല്‍മഹബ്ബ, ഹി. 378 ല്‍ വഫാത്തായ അബൂ നസ്വ്‌റ് ത്വൂസിയുടെ കിതാബുല്ലുമഅ്, ഹി. 412 ല്‍ വഫാത്തായ അബൂ അബ്ദിര്‍റഹ്മാന്‍ അസ്സുലമിയുടെ താരീഖു അഹ്‌ലിസ്സ്വുഫ്ഫ, ത്വബഖാത്തുസ്സ്വൂഫിയ്യ, കിതാബുസ്സമാഅ്, ഹി. 285ല്‍ വഫാത്തായ മുഹമ്മദ് ബ്‌നു അലി തിര്‍മിദിയുടെ താരീഖുല്‍ മശാഇഖ്, ഹി. 465 ല്‍ വഫാത്തായ ഇമാം ഖുശൈരിയുടെ രിസാലത്തുല്‍ ഖുശൈരിയ്യ, ഒരു ഇറാഖീ പണ്ഡിതന്‍ എഴുതിയ ഹികായാത്തെ ഇറാഖിയാന്‍ എന്നിവ പ്രധാന അവലംബങ്ങളില്‍ പെടുന്നു. ഇവയ്ക്ക് പുറമെ ഹി. 309 ല്‍ വഫാത്തായ ഹുസൈനുബ്‌നു മന്‍സ്വൂര്‍ അല്‍ഹല്ലാജ്, അബൂ ജഅ്ഫര്‍ ബിന്‍ മിസ്വ്ബാഹ് അസ്സൈ്വദലാനി, ഹകീമുത്തിര്‍മിദി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും അവലംബിച്ചിട്ടുണ്ട്.

ഉള്ളടക്കം
കശ്ഫുല്‍ മഹ്ജൂബ് എന്നാണല്ലോ പേര്. മറ നീക്കുക എന്നതാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം. അടിമയുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള മറകള്‍ നീക്കി തൗഹീദിന്റെ ഉത്തുംഗതയില്‍ എത്തിക്കുകയാണ് ഹുജ്‌വീരി ചെയ്യുന്നത്. മറകള്‍ രണ്ടു വിധമുണ്ട്: ഹിജാബ് റൈനിയ്യ് (പ്രകൃത്യായുള്ള മറ), ഹിജാബ് ഗൈനിയ്യ് (പിന്നീട് വന്നുചേര്‍ന്ന മറ). ഇതില്‍ ആദ്യത്തെ മറ നീക്കം ചെയ്യല്‍ പ്രയാസമാണ്. കല്ലും കണ്ണാടിയും ഉദാഹരണമെടുക്കാം. കല്ലിന് കല്ല് എന്ന അവസ്ഥ നീക്കി കണ്ണാടി എന്ന അവസ്ഥ പ്രാപിക്കാന്‍ സാധ്യമല്ല. ഹിജാബ് റൈനിയ്യിന്റെ ഉദാഹരണമാണിത്. എന്നാല്‍ ചെളിപുരണ്ട ഒരു കണ്ണാടിയാണെങ്കില്‍ അതിന്റെ പ്രതലത്തില്‍ നിന്ന് ചെളി നീക്കം ചെയ്ത് കണ്ണാടി എന്ന അവസ്ഥയിലേക്ക് എത്താന്‍ സാധിക്കും. ഇവിടെ ചെളിപുരണ്ട കണ്ണാടിയുടെയും യഥാര്‍ത്ഥ കണ്ണാടിയുടെയും ഇടയിലുള്ളത് ഹിജാബ് ഗൈനിയ്യ് (താല്‍ക്കാലിക മറ) ആണ്. അടിമയുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള ഇത്തരം മറകളാണ് കശ്ഫുല്‍ മഹജൂബ് ചര്‍ച്ച ചെയ്യുന്നത്. ആദ്യം പറഞ്ഞ വിഭാഗത്തിന് അല്ലാഹുവിനെ പ്രാപിക്കാന്‍ സാധ്യമല്ല. സൂറത്തുല്‍ മുത്വഫ്ഫിഫീന്‍ 14, 15 സൂക്തങ്ങള്‍ ഇവരിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ”താങ്കള്‍ താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും സത്യനിഷേധികള്‍ക്കു തുല്യമാണ്; അവര്‍ വിശ്വസിക്കുകയില്ല. അവരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്കും ഒരാവരണമുണ്ട്” (അല്‍ബഖറ: 6,7) എന്ന സൂക്തവും ഇക്കൂട്ടരെയാണ് പരാമര്‍ശിക്കുന്നത്.

ആമുഖാനന്തരം അറിവിന്റെ പ്രാധാന്യം പറഞ്ഞാണ് തുടങ്ങുന്നത്. അല്ലാഹുവിന്റെ അറിവിലേക്ക് നോക്കുമ്പോള്‍ സൃഷ്ടികളുടെ അറിവ് അറിവില്ലായ്മയ്ക്ക് തുല്യമാണ്. കുറേ അറിയുമ്പോഴാണ് എനിക്കൊന്നും അറിയില്ല എന്ന് ബോധ്യപ്പെടൂ. അപ്പോഴാണ് അറിവ് പൂര്‍ണമാകുന്നത്. ശേഷം ഒരു അറബീ കവിത കൊടുക്കുന്നു:
അല്‍അജ്‌സു അന്‍ ദര്‍കില്‍ ഇദ്‌റാകി ഇദ്‌റാകു
(അറിയാന്‍ കഴിയില്ലെന്ന അറിവാണ് ഏറ്റവും വലിയ അറിവ്.)

ഫഖ്‌റ്, ഗിന (ദാരിദ്ര്യം, ഐശ്വര്യം) എന്നിവയെക്കുറിച്ചുള്ള വിശദ ചര്‍ച്ചയാണ് തുടര്‍ന്നു വരുന്നത്. രണ്ട് അവസ്ഥകളില്‍ ഏതാണ് ഉത്തമം എന്ന വിഷയത്തിലെ അഭിപ്രായഭിന്നതകള്‍ ഉദ്ധരിക്കുന്നു. പക്ഷേ, രണ്ട് അവസ്ഥകളില്‍ നിന്ന് അല്ലാഹു ഏതാണോ നല്‍കുന്നത് അതാണ് അല്ലാഹുവിന്റെ ഇഷ്ടം. അതു തന്നെയായിരിക്കണം അടിമയുടെയും ഇഷ്ടം. ധനികനാകുമ്പോള്‍ അല്ലാഹുവിനെ മറക്കാനോ ദരിദ്രനാകുമ്പോള്‍ അല്ലാഹുവിനെ കുറ്റം പറയാനോ പാടില്ല. അയ്യൂബ് നബിയെയും സുലൈമാന്‍ നബിയെയും ഉദാഹരണമായി അവതരിപ്പിക്കുന്നു. അയ്യൂബ് നബി ഫഖ്‌റിന്റെ പ്രതീകമാണ്. പരീക്ഷണങ്ങളിലായി ജീവിച്ച പ്രവാചകന്‍. പക്ഷേ, അല്ലാഹുവിന്റെ ഇഷ്ടം മഹാനായ ആ പ്രവാചകന്റെയും ഇഷ്ടമായി. അല്ലാഹു അദ്ദേഹത്തിന് കൊടുത്ത പദവി ‘നിഅ്മല്‍ അബ്ദ്’ (ഏറ്റവും നല്ല അടിമ) എന്നതായിരുന്നു. സുലൈമാന്‍ നബി ഐശ്വര്യത്തിന്റെ പ്രതീകമാണ്. രാജാധിപത്യത്തില്‍ ജീവിച്ചു. പക്ഷേ, അതിനിടയില്‍ അല്ലാഹുവിനെ മറന്നില്ല. രാജ്ഞിയുടെ കൊട്ടാരം മുന്നിലെത്തിയപ്പോള്‍ പോലും അഹങ്കരിക്കുന്നതിനു പകരം ‘ഇതെന്റെ റബ്ബിന്റെ ഔദാര്യമാണ്’ എന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹത്തിനും അല്ലാഹു കൊടുത്തത് ‘നിഅ്മല്‍ അബ്ദ്’ പദവി തന്നെയായിരുന്നു.

സ്വഹാബാക്കളിലും താബിഉകളിലും അവര്‍ക്കു ശേഷവുമുള്ള നൂറില്‍പരം സ്വൂഫിവര്യരുടെ ചരിത്രങ്ങളും അനുഭവങ്ങളുമാണ് പിന്നീട് വരുന്നത്. തസ്വവ്വുഫിന്റെ പ്രായോഗികത വ്യത്യസ്ത ജീവിതങ്ങളിലൂടെ വരച്ചു കാട്ടുകയാണ് ഹുജ്‌വീരി. സ്വൂഫീ ലോകത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പന്ത്രണ്ട് വിഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. മുഹാസബിയ്യ, ഖസ്സ്വാരിയ്യ, തൈ്വഫൂരിയ്യ, ജുനൈദിയ്യ, നൂരിയ്യ, സഹ്‌ലിയ്യ, ഹകീമിയ്യ, ഖര്‍റാസിയ്യ, ഖഫീഫിയ്യ, സയ്യാരിയ്യ, ഹുലൂലിയ്യ. ഇതില്‍ അവസാനം പറഞ്ഞ ഹുലൂലിയ്യ പിഴച്ച വിഭാഗമാണ്. അല്ലാഹു നല്ല മനുഷ്യരില്‍ സന്നിവേശിക്കും എന്ന് വിശ്വസിച്ചിരുന്ന അബൂ ഹില്‍മാന്‍ അദ്ദിമശ്ഖിയുടെ അനുയായികളാണ് ഇവര്‍. ഇവര്‍ നല്ല രൂപങ്ങള്‍ കണ്ടാല്‍ അവയില്‍ ദൈവം സന്നിവേശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവയുടെ മുന്നില്‍ സാഷ്ടാംഗം ചെയ്യുമായിരുന്നു.

ഓരോ വിഭാഗവും അവരുടെ ഇമാമുകളുടെ പേരുകളിലേക്ക് ചേര്‍ത്തിയാണ് അറിയപ്പെടുന്നത്. ഉദാഹരണം ജുനൈദിയ്യ. ജുനൈദുല്‍ ബഗ്ദാദിയുടെ അനുയായികളാണ്. മറ്റൊരു വിഭാഗമാണ് തൈ്വഫൂരിയ്യ. അബൂ യസീദല്‍ ബിസ്ത്വാമി എന്ന പേരില്‍ അറിയപ്പെട്ട തൈ്വഫൂറുബ്‌നു ഈസല്‍ ബിസ്ത്വാമിയുടെ അനുയായികളാണ് ഇവര്‍. ജുനൈദിയ്യ തെളിഞ്ഞ അവസ്ഥ (ഹാലത്തുസ്സ്വഹ്‌വ്) ഉള്ളവരാണ്. തൈ്വഫൂരിയ്യ ലയനാവസ്ഥ (ഹാലത്തുസ്സക്ര്‍) ഉള്ളവരാണ്. അല്ലാഹു എന്ന ചിന്തയില്‍ മുഴുകി മറ്റൊന്നിനെയും ദര്‍ശിക്കാന്‍ പറ്റാത്ത ഉന്മാദാവസ്ഥയാണ് ഹാലത്തുസ്സക്ര്‍. അവിടെ അല്ലാഹു എന്ന പരമസത്യത്തില്‍ ലയിച്ചുചേര്‍ന്നതിനാല്‍ ഞാന്‍ എന്ന തിരിച്ചറിവിലേക്ക് മടങ്ങാന്‍ അടിമയ്ക്ക് സാധിക്കാതെവരുന്നു. താന്‍ ചെയ്യുന്നതൊക്കെ അല്ലാഹുവിന്റെ ചെയ്തിയായി അനുഭവപ്പെടുന്നു.
ന ഈന്‍ജാ മന്‍ ന ഈന്‍ജാ മാ ന ഈന്‍ജാ ഈന്‍ ന ഈന്‍ജാ ആന്‍
ഹമൂ മാന്ദ ഹമൂ മാന്ദ ഹമൂ മാന്ദ
(ഇവിടെ ഞാനില്ല, നമ്മളില്ല, അവനില്ല, ഇവനുമില്ല; ഉള്ളത് അവന്‍ മാത്രം)

എന്നാല്‍ ഈ അവസ്ഥയും കഴിഞ്ഞ് തെളിഞ്ഞ അവസ്ഥയിലേക്ക് മടങ്ങുമ്പോഴാണ് സ്വൂഫി സമ്പൂര്‍ണനാകുന്നത്.

ശേഷമുള്ള അദ്ധ്യായങ്ങള്‍ മഅ്‌രിഫത്ത്, തൗഹീദ്, നിസ്‌ക്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങി പല വിഷയങ്ങളുടെയും ആത്മിക വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്.

നിസ്‌ക്കാരത്തെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ ഹാത്തിമുല്‍ അസ്വമ്മിനെ ഉദ്ധരിച്ച് പറയുന്നു: ഒരാള്‍ ഹാത്തിമിനോട് ചോദിച്ചു: എങ്ങനെയാണ് താങ്കള്‍ നിസ്‌ക്കരിക്കാറുള്ളത്?. ഹാത്തിം: ”സമയം പ്രവേശിച്ചാല്‍ ഞാന്‍ ബാഹ്യമായ ഒരു വുളുവും ആന്തരികമായ ഒരു വുളുവും എടുക്കും. ബാഹ്യമായത് വെള്ളം കൊണ്ടും ആന്തരികമായത് തൗബ കൊണ്ടും. ശേഷം ഖിബ്‌ലയിലേക്ക് തിരിയുമ്പോള്‍ മസ്ജിദുല്‍ ഹറാമും മഖാമു ഇബ്‌റാഹീമുമൊക്കെ മുന്നിലുണ്ടെന്ന് സങ്കല്‍പ്പിക്കും. എന്റെ വലതു ഭാഗത്തു സ്വര്‍ഗവും ഇടതു ഭാഗത്തു നരകവും കാലിനു താഴെ സ്വിറാത്തും പിന്നില്‍ മരണവും ഉണ്ടെന്ന് മനസ്സില്‍ നിരൂപിക്കും. ശേഷം ബഹുമാനാദരവോടെ തക്ബീര്‍ ചൊല്ലും”.

നിസ്‌ക്കാരം അല്ലാഹുവിനോടുള്ള അഭിമുഖ സംഭാഷണമാണ്. അതിലേര്‍പ്പെട്ടാല്‍ മനുഷ്യന്‍ സ്വന്തം അവശതകളും പ്രയാസങ്ങളും മറന്നുപോകും. പ്രായക്കൂടുതല്‍ കാരണം അവശത അനുഭവിക്കുന്നവര്‍ക്കു പോലും നിസ്‌ക്കാര സമയത്ത് പ്രത്യേക ഉന്മേഷം ലഭിക്കുന്നുവെങ്കില്‍ അവരാണ് യഥാര്‍ത്ഥ ‘സ്വാദിഖുകള്‍’ എന്ന് ഹുജ്‌വീരി പറയുന്നു. സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി (റ) പ്രായാധിക്യം കാരണം രോഗാവസ്ഥയില്‍ കിടപ്പായിരുന്നു. പക്ഷേ, നിസ്‌ക്കാരത്തിന്റെ സമയം പ്രവേശിച്ചാല്‍ അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടുമായിരുന്നുവത്രേ. നിസ്‌ക്കരിച്ചാല്‍ വീണ്ടും കിടന്നുപോകും.

ഹുസൈനുബ്‌നു മന്‍സ്വൂര്‍ ഹല്ലാജ് ഒരു ദിവസം നാനൂറ് റക്അത്ത് നിസ്‌ക്കരിക്കാറുണ്ടായിരുന്നുവത്രേ. എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നതെന്ന് അദ്ദേഹത്തോടു ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രയാസമൊക്കെ നിങ്ങള്‍ക്കാണ്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് പ്രയാസം എന്ന ഒരു സംഭവം ഇല്ല തന്നെ. ദുന്നൂനില്‍ മിസ്വ്‌രി നിസ്‌ക്കരിക്കാന്‍ വേണ്ടി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞപ്പോഴേക്കും അസ്തപ്രജ്ഞനായി വീണുപോയത്രേ.

സക്കാത്തും നോമ്പും ഹജ്ജുമൊക്കെ ഇങ്ങനെ ആത്മീയമായി വിലയിരുത്തപ്പെടുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. അബൂയസീദ് അല്‍ബിസ്താമി (റ)യുടെ ഹജ്ജനുഭവം വിവരിച്ചത് ശ്രദ്ധേയമാണ്. അദ്ദേഹം വിവരിക്കുന്നു:

”ഞാന്‍ ഹജ്ജിനു പോയി. കഅ്ബ കണ്ടു. ഞാന്‍ ചിന്തിച്ചു: ഇത്‌പോലെ എത്ര ഭവനങ്ങള്‍! ഇത് കാണാനാണോ ഞാന്‍ ഇങ്ങോട്ട് വന്നിട്ടുള്ളത്. അക്കൊല്ലം ഹജ്ജ് ചെയ്യാതെ തിരിച്ചുപോയി. അടുത്ത വര്‍ഷം വന്നപ്പോള്‍ കഅ്ബയോടൊപ്പം അതിന്റെ നാഥനെയും കണ്ടു. ഞാന്‍ ചിന്തിച്ചു. അല്ലാഹു.. കഅ്ബ… ഞാന്‍! അല്ലാഹുവിനു പുറമെ കഅ്ബയ്ക്കും എനിക്കും അസ്തിത്വമുണ്ടെന്ന വിശ്വാസം! ഇത് ശിര്‍ക്കാണ്. ഹജ്ജ് ചെയ്യാതെ അക്കൊല്ലവും മടങ്ങിപ്പോയി. അടുത്തവര്‍ഷം വന്നപ്പോള്‍ കഅ്ബയ്ക്കു പകരം കഅ്ബയുടെ നാഥനെ മാത്രം ദര്‍ശിച്ചു.! അപ്പോഴാണ് എന്റെ ഹജ്ജ് പൂര്‍ണമായത്.

സഹവാസത്തിന്റെയും കൂട്ടുകെട്ടിന്റെയും മഹത്വം വിവരിക്കുന്ന അദ്ധ്യായവും ഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. സഹവാസം നന്നാകുമ്പോഴേ മനുഷ്യന്‍ നന്നാവുകയുള്ളൂ. രണ്ടു പേര്‍ക്കുമിടയിലുള്ള സഹവാസം ഔപചാരികതകള്‍ക്കപ്പുറമായിരിക്കണം. യഹ്‌യബ്‌നു മുആദ് റാസിയെ ഉദ്ധരിക്കുന്നു: ഒരാള്‍ തന്റെ കൂട്ടുകാരനോട് ‘എനിക്ക് വേണ്ടി ദുആ ചെയ്യണേ’ എന്നു പറയേണ്ട അവസ്ഥയിലെത്തരുത്. പറയാതെ തന്നെ ദുആ ചെയ്യുന്ന അവസ്ഥയിലേക്ക് കൂട്ടുകാരന്‍ ഉയരണം. ഹികായാത്തെ ഇറാഖിയാന്‍ എന്ന ഗ്രന്ഥത്തില്‍ നിന്നുദ്ധരിക്കുന്നു: ഒരാള്‍ ത്വവാഫിനിടയില്‍ ‘എന്റെ കൂട്ടുകാരെ നീ നന്നാക്കേണമേ’ എന്ന് ദുആ ചെയ്യുകയായിരുന്നു. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘നിങ്ങളെന്തിനാണ് സ്വന്തത്തിനു വേണ്ടി ദുആ ചെയ്യാതെ കൂട്ടുകാര്‍ക്കു വേണ്ടി ദുആ ചെയ്തത്?’. അദ്ദേഹം പറഞ്ഞു: ‘കൂട്ടുകാര്‍ നന്നായാല്‍ ഞാന്‍ നന്നാവും. അവര്‍ കേടുവന്നാല്‍ ഞാനും കേടുവരും’.

അനുരാഗത്തില്‍ ലയിച്ചുചേരുമ്പോഴുള്ള ആസ്വാദനത്തെക്കുറിച്ചും സമാഇനെക്കുറിച്ചുമുള്ള നീണ്ട വിവരണത്തോടെയാണ് കശ്ഫുല്‍ മഹ്ജൂബ് അവസാനിക്കുന്നത്. സ്വൂഫിസത്തെ കൃത്യമായി നിര്‍വചിച്ച പേര്‍ഷ്യന്‍ ഭാഷയിലെ ആദ്യ ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ പ്രസക്തി സ്വൂഫി പഠന ലോകത്ത് ഇന്നും നിലനില്‍ക്കുന്നു. ഡോ. ഇസ്ആദ് അബ്ദുല്‍ ഹാദി ഖിന്‍ദീല്‍ പഠനസഹിതം ഇതിനെ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രസ്തുത വിവര്‍ത്തനം ഗ്രന്ഥത്തെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

എ.പി മുസ്തഫ ഹുദവി അരൂര്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.