Thelicham

ഇസ്ലാമിക ജ്ഞാനങ്ങളുടെ പേര്‍ഷ്യന്‍ ശേഖരങ്ങള്‍ക്ക് ഒരാമുഖം

ഭാഷാ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണമനുസരിച്ച് ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെ ഉപശാഖയായ ഇന്‍ഡോ ഇറാനിയന്‍ വര്‍ഗത്തിലാണ് പേര്‍ഷ്യന്‍ ഭാഷ ഉള്‍പ്പെടുന്നത്. അറബി കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഭാഷ കാണില്ല. 2017 ലെ കണക്കനുസരിച്ച് 295 മില്യന്‍ ജനങ്ങള്‍ അറബി ഭാഷ സംസാരിക്കുമ്പോള്‍ 110 മില്യന്‍ ജനങ്ങള്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ 50% പദങ്ങളും അറബിയില്‍ നിന്ന് കടമെടുത്തതാണെങ്കില്‍ 5000ത്തോളം പദങ്ങള്‍ പേര്‍ഷ്യനില്‍ നിന്ന് അറബിയിലേക്ക് വന്നിട്ടുണ്ട്. ബനഫ്‌സജ്, ബര്‍നാമജ്, നമൂദജ്, മിഹറജാന്‍, സാദജ്, സര്‍ദാബ് തുടങ്ങിയ പദങ്ങള്‍ ഉദാഹരണം. പേര്‍ഷ്യനും അറബിയും സമ്മിശ്രമായി ചേര്‍ത്തു വച്ച് ഗ്രന്ഥ രചന നടത്തിയ നിരവധി ഉലമാക്കളും ദാര്‍ശനികരും ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഹി. 8ാം നൂറ്റാണ്ടില്‍ ജീവിച്ച ഹാഫിസ് ശീറാസി തന്റെ ദീവാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്:
അലാ യാ അയ്യുഹസ്സാഖീ അദിര്‍ കഅ്‌സന്‍ വ നാവില്‍ഹാ
കെ ഇശ്ഖ് ആസാന്‍ നുമൂദ് അവ്വല്‍ വ ലേ ഉഫ്താദ് മുശ്കില്‍ഹാ
ഇതില്‍ ആദ്യ വരി അറബിയും രണ്ടാം വരി പേര്‍ഷ്യനുമാണ്. ഹി. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ശൈഖ് ഇസ്മാഈല്‍ ഹഖി(റ) അറബിയും പേര്‍ഷ്യനും സമ്മേളിപ്പിച്ചു കൊണ്ടാണ് തന്റെ റൂഹുല്‍ ബയാന്‍ എന്ന തഫ്‌സീര്‍ എഴുതിയത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അനന്ത പ്രപഞ്ചങ്ങളായ നിരവധി മഹദ് ഗ്രന്ഥങ്ങള്‍ ഈ ഭാഷയുടെ മാറ്റു കൂട്ടുന്നു. ഗദ്യങ്ങളും പദ്യങ്ങളുമായി അവ പരന്നു കിടക്കുന്നു. ഗദ്യങ്ങള്‍ തന്നെ മല്‍ഫൂസാത്ത്, മക്തൂബാത്ത്, സ്വതന്ത്ര ഗ്രന്ഥങ്ങള്‍ എന്നിങ്ങനെയും പദ്യങ്ങള്‍, മസ്‌നവികള്‍, റുബാഇയ്യാത്ത്, ഗസല്‍, ഖസ്വാഇദ് എന്നിങ്ങനെയും വിവിധ ശാഖകളുണ്ട്.

മല്‍ഫൂസാത്ത്
ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യ ഗണങ്ങള്‍ക്ക് വാമൊഴിയായി കൊടുക്കുന്ന ഉപദേശങ്ങള്‍ പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെടുന്നതാണ് മല്‍ഫൂസാത്ത്. വ്യത്യസ്ത ആത്മീയ സരണികളിലെ ഗുരുക്കന്മാരിലൂടെ നിരവധി മല്‍ഫൂസാത്ത് പേര്‍ഷ്യന്‍ ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. വിശിഷ്യ, ഇന്ത്യയില്‍ ചിശ്ത്തിയ്യ ത്വരീഖത്തിന്റെ മശാഇഖുമാരുടെ മല്‍ഫൂസാത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഖാജാ ഉഥ്മാന്‍ ഹാര്‍വനി (റ)യുടെ മല്‍ഫൂസാത്തായ അനീസുല്‍ അര്‍വാഹ്, ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) യുടെ മല്‍ഫൂസാത്തായ ദലീലുല്‍ ആരിഫീന്‍, ഖാജാ ഖുഥ്ബുദ്ദീന്‍ ബഖ്ത്തിയാര്‍ കാകി (റ)യുടെ ഫവാഇദുസ്സാലികീന്‍, ബാബാ ഫരീദുദ്ദീന്‍ ഗഞ്ചെ ശകര്‍ (റ)ന്റെ റാഹത്തുല്‍ ഖുലൂബ്, ഗഞ്ചെ ശകറിന്റെ തന്നെ അസ്‌റാറുല്‍ ഔലിയാ, ഹ. നിസാമുദ്ദീന്‍ ഔലിയാ (റ)യുടെ ഫവാഇദുല്‍ ഫുആദ്, മഹാനരുടെ തന്നെ റാഹത്തുല്‍ മുഹിബ്ബീന്‍, നസ്വീറുദ്ദീന്‍ ചറാഗെ ദഹ്‌ലി (റ)യുടെ മിഫ്ത്താഹുല്‍ ആശിഖീന്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ.

മക്തൂബാത്ത്
വാമൊഴി പോലെത്തന്നെ ഇസ്‌ലാമിക ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ രചനകളാണ് മക്തൂബാത്ത് അഥവാ വര മൊഴികള്‍. ഹി. 772 ല്‍ വഫാത്തായ ശൈഖ് ശറഫുദ്ദീന്‍ യഹ്‌യാ മനേരിയുടെ മക്തൂബാത്തെ സ്വദി ഈ ഇനത്തില്‍ എടുത്തു പറയേണ്ട ഗ്രന്ഥമാണ്. സ്വന്തം ശിഷ്യനായ ഖാദീ ശംസുദ്ദീന്‍ എന്നവര്‍ക്ക് അയച്ച 100 കത്തുകളാണ് ഉള്ളടക്കം. The Hundred Letters എന്ന പേരില്‍ ഇത് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ ജീവിച്ച് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന ഈ മഹാനായ സ്വൂഫി വര്യന്‍ മക്തൂബാത്തിനു പുറമെ ഫവാഇദെ റുക്‌നി, ഇര്‍ശാദുത്ത്വാലിബീന്‍, ഇര്‍ശാദുസ്സാലികീന്‍, മഅ്ദിനുല്‍ മആനി, ലഥാഇഫുല്‍ മആനി, മുഖ്ഖുല്‍ മആനി, ഖിവാനെ പുര്‍ നിഅ്മത്ത്, തുഹ്ഫയെ ഗൈബി, സാദുസ്സഫര്‍, അഖാഇദെ ശറഫി, ശര്‍ഹു ആദാബില്‍ മുരീദീന്‍ തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ചിട്ടുണ്ട്.

ഇസ്‌ലാമിക പ്രബോധന രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ച മക്തൂബാത്താണ് ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദെ അല്‍ഫെ സാനിയുടെ മക്തൂബാത്തെ ഇമാമെ റബ്ബാനി. ഇസ്‌ലാമിക വിശ്വാസ ലോകത്ത് ഒരു സഹസ്രാബ്ദത്തെ മൊത്തം ഗ്രസിക്കുമായിരുന്ന ഫിത്ത്‌നകളെ ഇല്ലായ്മ ചെയ്തു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സര്‍ഹിന്ദി (റ)യുടെ പുത്രനായ ഖാജാ മുഹമ്മദ് മഅ്‌സ്വൂം (റ)ന്റെ മക്തൂബാത്തെ മഅ്‌സ്വൂമിയ്യ, ബന്ദ നവാസ് എന്ന പേരില്‍ പ്രസിദ്ധനായ ഖാജാ മുഹമ്മദ് ഹുസൈനി ഗേസൂ ദറാസ് (റ) ന്റെ മക്തൂബാത്ത് തുടങ്ങിയവ ഈ ഇനത്തില്‍ അറിയപ്പെട്ടവയാണ്.

സ്വതന്ത്ര ഗ്രന്ഥങ്ങള്‍
ഹി. അഞ്ചാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കശ്ഫുല്‍ മഹ്ജൂബ് തസ്വവ്വുഫില്‍ വിരചിതമായ ആദ്യ കാല ഗ്രന്ഥങ്ങളില്‍ പ്രധാനമാണ്. ലാഹോറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന, ദാതാ ഗഞ്ച് ബഖ്ശ് എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയാണ് രചയിതാവ്. ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) തന്റെ യാത്രകള്‍ക്കിടയില്‍ ലാഹോറിലെത്തിയപ്പോള്‍ ദാതാ ഗഞ്ച് ബഖ്ശിന്റെ മഖ്ബറ സന്ദര്‍ശിച്ചുവെന്നും ഒരാഴ്ചയോളം അവിടെ താമസിച്ചുവെന്നും ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. ഹുജ്‌വീരിയെ കുറിച്ച് ചിശ്ത്തി (റ) ഇങ്ങനെ ഒരു കവിത പാടുകയും ചെയ്തു:

ഗഞ്ജ് ബഖ്ശ് ഫൈസെ ആലം മസ്ഹറെ നൂറെ ഹുദാ
നാഖിസാന്‍ റാ പീറെ കാമില്‍ കാമിലാന്‍ റാ റാഹ് നുമാ
ഇമാം ഗസാലി (റ)യുടെ കീമിയായെ സആദത്തും പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണ്. തസ്വവ്വുഫിനെ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ കൊണ്ടു വരാം എന്ന് ഉദാഹരണങ്ങളിലൂടെ ഇമാം സ്ഥാപിക്കുന്നു.

തസവ്വുഫിനു പുറമെ മറ്റു പല വിഷയങ്ങളിലും ഇന്ത്യക്കാരും അല്ലാത്തവരുമായ പണ്ഡിതര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹിജ്‌റ 10, 11 നൂറ്റാണ്ടുകളില്‍ ജീവിച്ച ശാഹ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവി ഇവരില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ നൂറു കണക്കിനു ഗ്രന്ഥങ്ങളില്‍ മിക്കവയും പേര്‍ഷ്യന്‍ ഭാഷയിലാണ്. മിശ്കാത്തുല്‍ മസ്വാബീഹിന് നാലു വാല്യങ്ങളിലായി രചിച്ച അശിഅ്അത്തുല്ലമആത്ത് ഹദീസ് പ്രേമികള്‍ക്ക് ഉപകാര പ്രദമായ വ്യാഖ്യാനമാണ്. പ്രവാചക ചരിത്രത്തില്‍ രണ്ട് വാല്യങ്ങളിലായി രചിച്ച ഏകദേശം 1200 പേജുകള്‍ വരുന്ന ‘മദാരിജുന്നുബുവ്വ’ പേര്‍ഷ്യന്‍ ഭാഷാ സാഹിത്യത്തില്‍ തന്നെ വേറിട്ട ശൈലി സ്വീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. പല വിഷയങ്ങളിലും വേറിട്ട അഭിപ്രായങ്ങളും വച്ച് പുലര്‍ത്തുന്നു. ഗ്രന്ഥം മൊത്തം അഞ്ച് ഭാഗങ്ങളാണ്; മഹത്വവും സ്വഭാവ സവിശേഷതകളും, കുടുംബം, ജനനം, ഹിജ്‌റ ഒന്ന് മുതല്‍ വഫാത്ത് വരെയുള്ള സംഭവ വികാസങ്ങള്‍, വഫാത്തും അനുബന്ധ കാര്യങ്ങളും, ഭാര്യമാരും സന്താനങ്ങളും എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രവാചക തിരുമേനി (സ്വ)യെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ വ്യാപിക്കുകയും പലരും ആ മഹാ വ്യക്തിത്വത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഒരു ഗ്രന്ഥ രചനയ്ക്ക് മുതിര്‍ന്നത് എന്ന് ആമുഖത്തില്‍ പറയുന്നു.

ഹി. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ)യുടെ ദശക്കണക്കിനു ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് രചിക്കപ്പെട്ടത്. ഇസ്‌ലാമിക രാഷ്ട്ര വ്യവസ്ഥ കൃത്യമായി അപഗ്രഥിക്കുകയും ഖിലാഫത്തിനെ ഖുര്‍ആനും ഹദീസും വച്ച് സ്ഥാപിക്കുകയും ചെയ്യുന്ന ഇസാലത്തുല്‍ ഖഫാ അന്‍ ഖിലാഫത്തില്‍ ഖുലഫാ ഇസ്‌ലാമിക ഗ്രന്ഥ രചനാ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഒരു സൃഷ്ടിയാണ്. സമീപ കാലത്ത് രണ്ട് അറബീ പരിഭാഷകള്‍ ഈ ഗ്രന്ഥത്തിന് ഇറങ്ങിയിട്ടുണ്ട്. വലിയുല്ലാഹി തസ്വവ്വുഫിന്റെ അടിസ്ഥാനവും ശാഹ് വലിയ്യുല്ലാഹിയുടെ ചിന്തകളുടെ യഥാര്‍ത്ഥ രീതിയും മനസ്സിലാക്കിത്തരുന്ന അന്‍ഫാസുല്‍ ആരിഫീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്. ഇവയ്ക്ക് പുറമെ വിശുദ്ധ ഖുര്‍ആനിന് ഫത്ഹുര്‍റഹ്മാന്‍ എന്ന പേരില്‍ ഒരു പേര്‍ഷ്യന്‍ വിവര്‍ത്തനവും അല്‍ഫൗസുല്‍ കബീര്‍ ഫീ ഉസ്വൂലിത്തഫ്‌സീര്‍ എന്ന തഫ്‌സീര്‍ നിദാനശാസ്ത്ര ഗ്രന്ഥവും അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. അല്‍ഫൗസുല്‍ കബീര്‍ അറബിയിലേക്ക് വിവര്‍ത്തിതമായിട്ടുണ്ട്.

കവിതകള്‍
ഗദ്യ സാഹിത്യത്തെക്കാളും പേര്‍ഷ്യന്‍ ഭാഷയെ സമ്പന്നമാക്കുന്നത് പദ്യ സാഹിത്യമാണ്. മസ്‌നവികളാണ് ഇവയില്‍ ഏറെ സ്വീകാര്യത നേടിയിട്ടുള്ളത്. കേവല ചരിത്രാഖ്യാന രൂപത്തില്‍ എഴുതപ്പെട്ട മസ്‌നവികളും സ്വൂഫി ചിന്തകളില്‍ രചിക്കപ്പെട്ട മസ്‌നവികളും ലഭ്യമാണ്. രണ്ടു വരികളായി സ്ഥിതി ചെയ്യുന്നതിനാലാണ് മസ്‌നവി എന്നു പേരു വന്നത്. ഖാജാ സനാഇയുടെ ഹദീഖത്തുല്‍ ഹഖീഖ, ഫരീദുദ്ദീന്‍ അത്ത്വാറിന്റെ മന്‍ഥിഖുത്തൈ്വര്‍, ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി, സഅ്ദീ ശീറാസിയുടെ ബൂസ്താന്‍ എന്നിവ തസ്വവ്വുഫും ഇസ്‌ലാമിക മൂല്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന മസ്‌നവികളാണ്. ഇതില്‍ സനാഇയുടെയും അത്ത്വാറിന്റെയും ഗ്രന്ഥങ്ങള്‍ പില്‍ക്കാല സൂഫീ രചനകളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായി കാണാന്‍ സാധിക്കും. നേരത്തെ പറഞ്ഞ മനേരിയുടെ മക്തൂബാത്തെ സ്വദിയിലെ പല ഭാഗങ്ങളും അത്ത്വാറിന്റെ കവിതകള്‍ ആസ്പദമാക്കി എഴുതിയതാണ്. സഅ്ദീ ശീറാസിയുടെ ബുസ്താനും അദ്ദേഹത്തിന്റെ തന്നെ ഗുലിസ്താനും തസ്വവ്വുഫിനേക്കാളും അഖ്‌ലാഖിന് പ്രാധാന്യം നല്‍കുന്നു.

ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി സവിശേഷ പരാമര്‍ശം ആവശ്യമില്ലാത്ത വിധം കിഴക്കും പടിഞ്ഞാറും ഒരു പോലെ നെഞ്ചേറ്റിയ ഗ്രന്ഥമാണ്. അല്ലാമാ ഇഖ്ബാല്‍ മസ്‌നവിയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
മസ്‌നവിയെ മഅ്‌നവിയെ മൗലവി
ഹസ്ത്ത് ഖുര്‍ആന്‍ ദര്‍ സബാനെ പഹ്‌ലവി
(മസ്‌നവി പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആനാണ്)
മറ്റൊരിടത്ത് ഇഖ്ബാല്‍ പറയുന്നു:
മന്‍ ചി ഗൂയം വസ്വ്‌ലെ ആന്‍ ആലീ ജനാബ്
നീസ്ത്ത് പൈഗംബര്‍ വ ലീ ദാറദ് കിത്താബ്
(ജലാലുദ്ദീന്‍ റൂമി ഒരു പ്രവാചകനല്ലെങ്കിലും ഒരു പ്രവാചകനു ലഭിക്കാന്‍ മാത്രം അര്‍ഹതയുള്ള ഗ്രന്ഥം അദ്ദേഹത്തിന്റെ പക്കലുണ്ട്).
അബൂ സഈദ് അബുല്‍ ഖൈര്‍, ഉമര്‍ ഖയ്യാം തുടങ്ങിയവരുടെ റുബാഇയ്യാത്തും ഖാജാ സനാഇ, ജലാലുദ്ദീന്‍ റൂമി, ഹാഫിസ് ശീറാസി, ജാമി തുടങ്ങിയവരുടെ ഗസലുകളും പേര്‍ഷ്യന്‍ പദ്യസാഹിത്യത്തെ പുഷ്‌കലമാക്കുന്നു.

അല്ലാമാ ഇഖ്ബാല്‍
ഇഖ്ബാല്‍ ഉര്‍ദുവിലെഴുതിയതിലേറെ കവിതകള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിട്ടുണ്ട്. പേര്‍ഷ്യനിലെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ ജാവീദ് നാമ ഇസ്‌ലാമിക തത്ത്വ ചിന്തയിലുള്ള അദ്ദേഹത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിത്തരുന്നു. പക്ഷേ, തന്റെ ചിന്തകള്‍ പില്‍ക്കാലത്തുള്ളവര്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്ന ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നിരിക്കണം.
ബര്‍ ജവാനാന്‍ സഹ്ല്‍ കുന്‍ ഹര്‍ഫെ മറാ
ബഹ്‌റെ ശാന്‍ പായാബ് കുന്‍ ഴര്‍ഫെ മറാ
(അല്ലാഹുവേ, എന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് നീ എളുപ്പമാക്കണേ, എന്റെ ആഴങ്ങള്‍ അവര്‍ക്കു നീ പ്രാപ്യമാക്കണേ) എന്നു ഇഖ്ബാല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

ജാവീദ് നാമക്കു പുറമെ പയാമെ മശ്‌രിഖ്, ഗുല്‍ശനെ റാസെ ജദീദ്, സബൂറെ അജം, അര്‍മുഗാനെ ഹിജാസ്, മുസാഫിര്‍, റുമൂസെ ബേഖുദി, അസ്‌റാറെ ഖുദി തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃതികളാണ്. മദീനയുടെ മണ്ണിനോടുള്ള അടങ്ങാത്ത പ്രേമമാണ് അര്‍മുഗാനെ ഹിജാസ്, റുമൂസെ ബേ ഖുദി തുടങ്ങിയ കൃതികള്‍. അതില്‍ പറയുന്നു:
ഹസ്ത്ത് ശാനെ റഹ്മത്തത് ഗീത്തി നവാസ്
ആര്‍സു ദാറം കെ മീറം ദര്‍ ഹിജാസ്
കൗകബം റാ ദീദയീ ബീദാര്‍ ബഖ്ശ്
മര്ഖദീ ദര്‍ സായയെ ദീവാര്‍ ബഖ്ശ്
ബാ ഫലക്ക് ഗൂയം കെ ആറാമം നിഗര്‍
ദീദയീ ആഗാസം അന്‍ജാമമം നിഗര്‍
(നബിയേ, അങ്ങയുടെ കാരുണ്യം ജഗമാകെ വ്യാപിച്ചിരിക്കുന്നു. ഹിജാസിന്റെ മണ്ണില്‍ മരിക്കണമെന്നതാണ് എന്റെ ആഗ്രഹം. എന്റെ അവസ്ഥ കണ്ട് അങ്ങ് ഉണര്‍ന്നാലും. അങ്ങയുടെ റൗളയില്‍ ഒരു കിടപ്പറ എനിക്കു നല്‍കിയാലും. അങ്ങനെയെങ്കില്‍ ചക്രവാളങ്ങളെ നോക്കി എനിക്കു അഭിമാനത്തോടെ പറയാം: മുത്തു നബിയുടെ ചാരത്തു കിടക്കുന്ന എന്റെ ഭാഗ്യം നിങ്ങള്‍ കാണൂ.)
ചുരുക്കത്തില്‍ പദ്യമായും ഗദ്യമായും നിരവധി ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് പേര്‍ഷ്യന്‍ ഭാഷ. അവയിലെ വിജ്ഞാനീയങ്ങള്‍ സ്വായത്തമാക്കി പ്രചരിപ്പിക്കാന്‍ നാം മുന്നോട്ടു വരണം.

എ.പി മുസ്തഫ ഹുദവി അരൂര്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.