Thelicham
azhar

അസ്ഹര്‍: തിരുമൊഴികള്‍ക്ക് കാവലിരുന്ന നൂറ്റാണ്ടുകള്‍

പാരമ്പര്യ വിജ്ഞാനീയങ്ങള്‍ക്ക് കാവലിരിക്കുന്നതില്‍ അസ്ഹര്‍ സര്‍വകലാശാല ഏറെക്കുറെ വിജയം കൈവരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, അഖീദ തുടങ്ങി അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പ്രമാണങ്ങളെ പഠിക്കുന്നതിലും പര്യവേക്ഷണം നടത്തുന്നതിലും അസ്ഹര്‍ വിസ്മയമാര്‍ന്ന പങ്ക് വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പരിചയവും ഗവേഷണ തല്‍പരരായ അധ്യാപകരും വിദ്യാര്‍ഥികളും പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുമാണ് അസ്ഹറിന്റെ പാരമ്പര്യ തനിമയെ സംരക്ഷിക്കുന്നത്. നവോത്ഥാന സംഘട്ടനങ്ങളും സാംസ്‌കാരിക സംഘര്‍ഷങ്ങളും നിറഞ്ഞ് നില്‍ക്കുന്ന കാലുഷ്യത്തിലാണ് അസ്ഹര്‍ പ്രതിരോധം തീര്‍ക്കുന്നത്. പുതിയ കാല സംഭവ വികാസങ്ങളും പഴയതില്‍ നിന്ന് വ്യതിരക്തമല്ല. ഹദീസ് നിരാസവും മത നിഷേധവും പാരമ്പര്യ പൊളിച്ചെഴുത്തും നിരന്തരം വിഷയീഭവിക്കുന്ന ഈജിപ്തില്‍ അസ്ഹറിന് ഉത്തരവാദിത്വം ഏറെയാണ്. മതേതര വാദികളും സ്വാതന്ത്ര്യവാദികളും ബഹളം തീര്‍ക്കുന്ന സാസ്‌കാരിക തലങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കാനും ഇത്തരം തൂലികകളെ അടക്കി നിര്‍ത്താനും അസ്ഹറിന് വൈജ്ഞാനികമായിട്ട് തന്നെ സാധിച്ചിട്ടുണ്ട്. ത്വാഹാ ഹുസൈന്‍, മുസ്തഫ മഹ്മൂദ്,തുടങ്ങിയ ഉന്നത അറബ് സാഹിത്യ സമ്രാട്ടുകളോട് വരെ അസ്ഹര്‍ നേര്‍ക്ക് നേര്‍ നിന്നിട്ടുണ്ട്. മുഹമ്മദലി പാഷയുടെ കാലത്ത് നടന്ന വൈജ്ഞാനപര്യടനങ്ങളുടെ പ്രതിഫലനമായിട്ടാണ് സത്യത്തില്‍ ഹദീസ് നിരാസം ഈജിപ്തില്‍ കാലുറപ്പിക്കുന്നത്. ഇസ്ലാം ഖുര്‍ആനാണെന്ന് തുടങ്ങിയ ഈ വാദഗതികള്‍ പതുക്കെയാണെങ്കിലും മതനിരാസത്തെ പുല്‍കുകയുണ്ടായി. ഇത്തരം വാദങ്ങള്‍ക്ക് ഇന്ത്യയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനായി. കഴിഞ്ഞ റബീഉല്‍ അവ്വല്‍ നബിദിനാശംസ ഭാഷണത്തില്‍ ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ് ഊന്നി പറഞ്ഞത് ഹദീസിന്റെ പ്രാമാണികതയും ഹദീസ് നിരാസം മതനിഷേധത്തിന്റെ അടിക്കല്ലാണെന്നുമായിരുന്നു. ഹദീസ് നിഷേധത്തിന്റെ ചരിത്രവും അതിന്റെ പ്രതിഫലനങ്ങളും പറഞ്ഞ അദ്ദേഹം അടിവരിയിട്ടത് ഹദീസ് സംരക്ഷണത്തിന് അസ്ഹര്‍ തീര്‍ത്ത പ്രതിരോധ ചലനങ്ങളെയായിരുന്നു. പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ഈ ദുരന്തത്തെ (ഹദീസ് നിരാസം) ഇസ്‌ലാമിക ലോകം ആദ്യമായി പരിചയപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണ്. അധിനിവേശ ശക്തികള്‍ക്കൊപ്പം നിന്ന ചില അല്‍പ ജ്ഞാനികളില്‍ നിന്നാണ് ഈ ദുരന്തം ഉത്ഭവിക്കുന്നത്. മുസ്ലിം സമൂഹത്തെ സംശയത്തിന്റെ ഉപാസകരാക്കുക വഴി ഖുര്‍ആനില്‍ നിന്ന് തന്നെ അകറ്റാനുള്ള വഴികളാണ് അവര്‍ കണ്ടെത്തിയത്. നിരാശ ജനകമെന്ന് പറയട്ടെ, അനേകം അഭ്യസ്ഥ വിദ്യരും പശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ചവരും ഈ വലയില്‍ അകപ്പെടുകയുണ്ടായി. പിന്നീട് ഈ ദുരന്തം നാശം വിതച്ചത് പാരമ്പര്യം പറഞ്ഞ അസ്ഹറിന്റെ മണ്ണിലായിരുന്നു. ഉന്നത പണ്ഡിതര്‍ അധ്യാപനം നടത്തിയ ജാമിഉല്‍ അസ്ഹറിന്റെ തകര്‍ച്ചയായിരുന്നു അവര്‍ ലക്ഷ്യം വെച്ചത.് പക്ഷെ അസ്ഹര്‍ ഉലമാക്കള്‍ പ്രകടിപ്പിച്ച ജാഗ്രത മൂലം അത്തരം ഹീന ശ്രമങ്ങള്‍ക്ക് മണ്ണടിയേണ്ടി വന്നു. എന്നിരുന്നാലും പഴയ വാദങ്ങളെ പൊടിതട്ടിയെടുത്ത് വീണ്ടും പാരമ്പര്യത്തെ മലിനപ്പെടുത്താന്‍ ഖുര്‍ആന്‍ വാദക്കാരും മതനിഷേധികളും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ശൈഖുല്‍ അസ്ഹറിന്റെ പ്രസംഗത്തിലുണ്ട് അസ്ഹര്‍ നേരിടുന്ന പ്രതിസന്ധികളുടെ ആഴവും അര്‍ഥവും. ഇത് കൊണ്ട് തന്നെ വളരെ ശക്തവും യുക്തവുമായ നീക്കങ്ങളിലൂടെയാണ് അസ്ഹര്‍ പ്രതിരോധം നീക്കുന്നത്. അസ്ഹറിന്റെ മുഖപത്രമായ സൗതുല്‍ അസ്ഹര്‍, പഠനാര്‍ഹ പ്രബന്ധങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന മജല്ലതുല്‍ അസ്ഹര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ദൗത്യം ഏറെ ശ്രദ്ധേയമാണ്. ദിവസേനെ എന്നാല്‍ വളരെ ക്രമബന്ധമായി നടന്ന് വരുന്ന ജാമിഉല്‍ അസ്ഹര്‍ റുവാഖുകളിലെ ക്ലാസുകളും തഥൈവ. പാരമ്പര്യ വിജ്ഞാനീയങ്ങളുടെ കാവലിരുപ്പിന്റെ പ്രഥമ പ്രതിഫലനങ്ങളാണ് ഇവയെല്ലാം. ഓറിയന്റലിസ്റ്റു കൃതികള്‍ മുസ്ലിം ലോകത്തെ ഗ്രസിക്കാനും അതിന്റെ അനുരണനങ്ങള്‍ പല ഇടങ്ങളിലും കാണാനും തുടങ്ങിയപ്പോളാണ് അസ്ഹര്‍ കൃത്യമായ രീതിയില്‍ രംഗത്തേക്ക് വരുന്നത്. ഹദീസിന്റെ സങ്കേതങ്ങള്‍, നിര്‍ധാരണ ശാസ്ത്രം, നിവേദക ചരിത്രം, ഹദീസ് വിമര്‍ശം, തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഈ പഠനങ്ങളുടെ പ്രതേകതയാണ്. തദ്‌വിഷയങ്ങളില്‍ കനപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കാനും ഇതിനിടയില്‍ സാധിച്ചിട്ടുണ്ട്. അതിന് മുമ്പ് മുഖ്യ ഹദീസ് കിതാബുകള്‍ക്ക് ശര്‍ഹും തഹ്ഖീഖും ടിപ്പണികളിലുമാണ് പ്രധാനമായിട്ടും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നിരുന്നാലും മുസ്ലിം ലോകത്ത് ഇത്രയേറെ പാരമ്പര്യ ജ്ഞാന സ്രോതസ്സുകളെ വിശിഷ്യാ ഹദീസുകളെ ചേര്‍ത്ത് വെച്ച സര്‍വകലാശാലകള്‍ വേറെ ഇല്ലെന്ന് തന്നെ പറയാം.
അസ്ഹര്‍ ഹദീസുകളില്‍ പ്രധാനമായും പഠനം നടത്തിയത് എട്ട് രീതികളിലായി ചുരുക്കാം. എന്നിരുന്നാലും പുതിയ പരിസരങ്ങളില്‍ നടക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും ഇതിന് പുറമെയാണ്.
ഒന്ന്.സ്വിഹാഹുസ്സിത്തയും സുനനുകളടക്കമുള്ള പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനവും വിശദീകരണവും നല്‍കല്‍
രണ്ട്. ഹദീസ് പണ്ഡിതരുടെ രചനാ രീതി ശാസ്ത്രം
മൂന്ന്. സങ്കേതങ്ങളിലെ ഗഹനമായ പഠനങ്ങള്‍
നാല്. ഹദീസ് നിര്‍ധാരണ ശാസ്ത്രം, നിവേദകരുടെ പാളിച്ചകള്‍, രീതികള്‍, അവരുടെ യോഗ്യതകള്‍, നിബന്ധനകള്‍, തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ ഗവേഷണ പ്രബന്ധങ്ങള്‍.
അഞ്ച്. ഹദീസ് പാഠങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സദസ്സുകള്‍, ഇജാസത്തിനായ് തയ്യാറാക്കപ്പെടുന്ന വിശാലമായ മജ്‌ലിസുകള്‍, ഹദീസ പരമ്പരകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഈ വേദികളാണ് സത്യത്തില്‍ അസ്ഹര്‍ പള്ളിയുടെ പ്രത്യേകത.
ആറ്. ഇല്‍മുല്‍ ജര്‍ഹ് വത്തഅ്ദീലില്‍ രചിച്ച കൃതികള്‍
ഏഴ്. ഇമാം സുയൂഥി(റ) അക്ഷരമാലാ ക്രമത്തില്‍ ക്രോഡീകരിച്ച ജാമിഉ സ്സഗീറിനെ അനുകരിച്ച് രചിക്കപ്പെട്ട ഹദീസ് വിജ്ഞാനകോശങ്ങള്‍
എട്ട്. തഹ്ഖീഖ് ചെയ്ത് പുറത്തിറക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങള്‍, അപൂര്‍വമായ കയ്യെഴുത്ത് കൃതികളെ പരിശോധിച്ച് അനുസൃതമായ വ്യാഖ്യാനങ്ങളും സംശോധന നടത്തി അനുബന്ധങ്ങളും ചേര്‍ത്ത് നല്ല രീതിയില്‍ വെളിച്ചം കാണുന്ന ഗ്രന്ഥങ്ങള്‍ മുസ്ലിം ലോകത്ത് വിശ്രുതമാണ്.
മേല്‍ പറയപ്പെട്ട രീതിയിലാണ് അസ്ഹറിന്റെ പ്രധാന സേവനം പ്രകടമായത്. സ്വഹീഹുല്‍ ബുഖാരിക്ക് വ്യാഖ്യാനമെഴുതിയവരില്‍ പ്രധാനിയാണ് അലി സ്വഈദി ഇദവി. പത്ത് വര്‍ഷത്തോളം ബുഖാരി ഓതി കൊടുക്കുകയും വിവിധ ഗ്രന്ഥങ്ങള്‍ക്ക് ഹാശിയകളും തഹ്ഖീഖുകളും തയ്യാറാക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. ഫിഖ്ഹില്‍ മാലികീ മദ്ഹബായിരുന്നു ഇദ്ദേഹം സ്വീകരിച്ചത്. ഹംസ ഹസന്‍ ഇദ്‌വിയാണ് മറ്റൊരു വ്യക്തി. ഇദ്ദേഹവും ബുഖാരിക്ക് പത്ത് വാള്യങ്ങളുള്ള ശറഹ് എഴുതിയിട്ടുണ്ട്. ഇത് കല്ലച്ചിലാണ് പ്രിന്റ് ചെയ്തിട്ടുള്ളത. മുസ്ലിമിന് ശറഹ് എഴുതി പണ്ഡിതനാണ് മൂസാ ശാഹീന്‍ ലാശീന്‍. ഇരുപത് വര്‍ഷത്തോളം അധ്യാപനം നടത്തിയതിന്ന് ശേഷമാണ് അദ്ദേഹം വിശ്വ പ്രസിദ്ധമായ ഫത്ഹുല്‍ മുന്‍ഇം ഫീ ശര്‍ഹി സ്വഹീഹില്‍ മുസ്ലിം രചിച്ചത്. ബുഖാരിയുടെ മറ്റൊരു ശര്‍ഹാണ് അബൂ ശഹ്ബയുടെ തൗഫീഖുല്‍ ബാരി ഫീ ശര്‍ഹി സ്വഹീഹീല്‍ ബുഖാരി. ഈ മേഖലിയില്‍ എടുത്തു പറയേണ്ട ശര്‍ഹാണ് ശൈഖ് അഹ്മദ് ഉമര്‍ ഹാശിമിന്റെ ഫൈളുല്‍ ബാരി ഫീ ശര്‍ഹി സ്വഹീഹീല്‍ ബുഖാരി. ഇതില്‍ പത്ത് വാള്യങ്ങളാണ് പുറത്തിറങ്ങിയത്. ഇദ്ദേഹം ഈജ്പിതില്‍ അമീറുല്‍ മുഅ്മിനീന്‍ ഫില്‍ ഹദീസ് എന്നാണറയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ബുഖാരിയുടെ ക്ലാസ് എല്ലാ ചൊവ്വാഴ്ചകളിലും അസ്‌റിന്ന് ശേഷം അസ്ഹര്‍ പള്ളിയില്‍ നടക്കുന്നുണ്ട്. അദബും തസവ്വുഫും സമ്മേളിക്കുന്ന ഇദ്ദേഹത്തിന് മിസ്രികള്‍ക്കിടയില്‍ വിശിഷ്യാ അസ്ഹര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ സ്വീകാര്യനാണ്. ഭാഷാ സൗന്ദ്യര്യത്താല്‍ പ്രസിദ്ധമാണ് ഇദ്ദേഹത്തിന്റെ ഖുതുബകള്‍.
ഇമാം ബുഖാരിയും മുസ്‌ലിമും യോജിച്ച ഹദീസുകള്‍ക്ക് ശര്‍ഹെഴുതിയ പണ്ഡിതനാണ് സകിയ്യുദ്ദീന്‍ അബുല്‍ ഖാസിം.
മുസ്‌നദ് അഹ്മദിനും ഫിഖ്ഹ് അനുസരിച്ച് അതിന്റെ ബാബുകള്‍ ക്രമീകരിച്ച ഗ്രന്ഥമായ ബുലൂഗുല്‍ അമാനിക്കും വിശദീകരണം നല്‍കിയ വ്യക്തിയാണ് അഹ്മദ് അബ്ദുറഹാമാനില്‍ ബന്നസ്സാആത്തി. ഇദ്ദേഹം തന്റെ ആയുഷ്‌കാലം മുഴുവന്‍ ചിലവഴിച്ചത് ഇമാം അഹ്മദിന്റെ മുസ്‌നദിലും ബുലൂഗുല്‍ അമാനിയിലുമാണ്. ഇതിന്റെ വിശദീകരണമാണ് ഫത്ഹു റബ്ബാനി ഫീ അസ്‌റാറി ബുലൂഗില്‍ അമാനി. ഇങ്ങനെ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനവും വിശദീകരണവും നല്‍കിയ അനേകം അസ്ഹരി പണ്ഡിതരുണ്ട്. അതിലുപരി കുല്ലിയത്ത് ഉസൂലുദ്ദീനില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇതര ഇസ്ലാമിക സര്‍വകലാശാലകളെ അപേക്ഷിച്ച് അസ്ഹര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.
അസ്ഹര്‍ രണ്ടാമത് ശ്രദ്ധ കേന്ദ്രീകരിച്ച ഹദീസ് സങ്കേതങ്ങളിലും കനപ്പെട്ട രചനകള്‍ പുറത്ത് വന്നിട്ടുണ്ട്. മനാഹിലുല്‍ ഇര്‍ഫാന്റെ കര്‍ത്താവായ അബ്ദുല്‍ അദീം അസ്സുര്‍ഖാനിയുടെ അല്‍ മന്‍ഹലുല്‍ ഹദീസ് ഫീ ഉലൂമില്‍ ഹദീസ,് ഇബ്‌നു ഹജര്‍ അസ്ഖലാനിയുടെ നുഖ്ബക്ക് അഹ്മദ് അലി അഹ്മദീന്‍ എഴുതിയ വ്യാഖ്യാനമായ ളൗഉല്‍ ഖമര്‍ അലാ നുഖ്ബതില്‍ ഫികര്‍ എന്നിവ വളെരെ സ്വീകാര്യത ലഭിച്ച കൃതികളാണ്. ഇല്‍മുര്‍ രിജാലില്‍ ഗ്രന്ഥമെഴുതിയ അബ്ദുല്‍ വഹാബ് അബ്ദുല്ലത്വീഫിന്റെ അല്‍ മുഖ്തസര്‍ ഫീ ഇല്‍മി രിജാലില്‍ അസര്‍ എടുത്തുപയറയേണ്ടതാണ്. ഇദ്ദേഹത്തിന്റെ തന്നെ രചനയാണ് അല്‍ മുഖ്തസര്‍ ഫീ ഇല്‍മില്‍ അസര്‍ എന്നാല്‍ ഈ മേഖലയില്‍ പ്രസിദ്ധമായത് മുഹമ്മദ് അസ്സമാഹിയുടെ അല്‍ മന്‍ഹജുല്‍ ഹദീസ് ഫീ ഉലൂമില്‍ ഹദീസ്, നാല് ഭാഗങ്ങളായി ഈ കിതാബ് പുറത്തിറങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനിയായ സിറിയയിലെ നൂറുദ്ദീന്‍ ഇത്ര്‍ തന്റെ ഉസ്താദിന്റെ തദ്ഗ്രന്ഥത്തെ കുറിച്ച് പ്രതിപാദിച്ചത് ഇല്‍മുല്‍ ഹദീസില്‍ അവലംബ യോഗ്യമായതില്‍ പ്രഥമസ്ഥാനമാണ് ഇതിനെന്നായിരുന്നു. ഈജിപ്തിലെ ശൈഖുല്‍ ഹദീസായ ഇന്നും അസ്ഹര്‍ റുവാഖുകളെ ധന്യമാക്കുന്ന അഹ്മദ് മഅ്ബദ് പറഞ്ഞു വെക്കുന്ന ഒരു വസ്തുതയുണ്ട്. ഇമാം സഖാവിയുടെ ഫത്ഹുല്‍ മുഊസിലെ ചില അഭിപ്രായങ്ങളില്‍ വരെ ഇസ്തിദ്‌റാക് നടത്തിയിട്ടുണ്ട് ശൈഖ് സമാവി തന്റെ മന്‍ഹജുല്‍ ഹദീസില്‍. ത്വാഹിറുല്‍ ജസാഇരിയുടെ തൗജീഹുന്നളര്‍ ഫീ ഉലൂമില്‍ അസറിനേക്കാള്‍ പരിഗണനീയം ഈ ഗ്രന്ഥമാണെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്. എന്നിരുന്നാലും പ്രമുഖ ഹദീസ് വിശാരദനായ അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ അഭിപ്രായപ്പെട്ടത് ത്വാഹിറുല്‍ ജസാഇരിയുടെ തൗജീഹുന്നളര്‍ തന്നെയാണ്. ശേഷം വന്നവരില്‍ പ്രധാനിയാണ് അബൂ ശഹ്ബ, ഇദ്ദേഹമാണ് തദ്‌രീബു റാവിയോടും ഫത്ഹുല്‍ മുഗീസിനോടും സമാനതയുള്ള ഗ്രന്ഥമായ അല്‍ ഫീ ഉലൂമി മുസ്തലഹില്‍ ഹദീസ് രചിച്ചത്. ഈ മേഖലയില്‍ കൈവെച്ച മറ്റൊരു പണ്ഡിതനാണ് മുഹമ്മദ് അഹ്മദ് മഹ്മൂദ് ബക്കാര്‍. ഇദ്ദേഹമാണ് രണ്ട് വലിയ വാള്യങ്ങളിലുള്ള ബുലൂഗുല്‍ ആമാല്‍ മിന്‍ മുസ്ത്വലഹില്‍ ഹദീസി വ ഉലൂമി രിജാല്‍, ചുരുങ്ങിയത് അറുപത് വര്‍ഷത്തിനിടയില്‍ ഹദീസ് സങ്കേതങ്ങളില്‍ മാത്രമായി അസ്ഹറില്‍ നാനൂറിലധികം പഠനങ്ങളും പ്രബന്ധങ്ങളും വന്നിട്ടുണ്ട്.
മൂന്നാമത്തെ മേഖലയാണ് ഹദീസ് പണ്ഡിതരുടെ രീതി ശാസ്ത്രത്തില്‍ രചിക്കപ്പെട്ട കൃതികള്‍. ഒരു പക്ഷേ അസ്ഹരി പണ്ഡിതര്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയാതെ പോയ മേഖലയാണിത്. കാരണം മനാഹിജുല്‍ മുഹദ്ദിസീന്‍ എന്ന പദ പ്രയോഗത്തിന് തതുല്യമായ പദമായിരുന്നു പഴയ കാലത്തെ ശുറൂത്വുല്‍ അഇമ്മ, (ഇമാമുകളുടെ നിബന്ധനകള്‍) എന്ന പ്രയോഗം, അത് മൂലം അത്തരം വിഷയങ്ങളില്‍ തൂലിക ചലിപ്പിച്ചവരൊക്കെ അങ്ങനെയാണ് അതിനെ വീക്ഷിച്ചത്. ഈ വിഷയത്തില്‍ പറയത്തക്ക രചന നടത്തിയ ആധുനിക പണ്ഡിതനാണ് മുഹമ്മദ് മുഹമ്മദ് അബൂ സഹ്‌വ്. ഇദ്ദേഹമാണ് അല്‍ ഹദീസു വല്‍ മുഹദ്ദീസുന്റെ രചയിതാവ്. മറ്റൊരു കൃതിയാണ് ശൈഖ് അഹ്മദ് മുഹര്‍റം നാജിന്റെ അള്ളൗഉല്ലാമിഉല്‍ മുബീന്‍ അന്‍ മനാഹിജില്‍ മുഹദ്ദിസീന്‍. രണ്ട് വാല്യങ്ങളിലാണ് ഈ ഗ്രന്ഥമുള്ളത്. പതിനാലാം നൂറ്റാണ്ട് വരെയുള്ള പണ്ഡിതന്മാര്‍ വരെയാണ് ഇത് ചര്‍ച്ച ചെയ്യുന്നത്.
നാലാമത്തെ മേഖല ഹദീസ് നിര്‍ധാരണ ശാസ്ത്രമാണ്. ഇതില്‍ പ്രഥമ സ്ഥാനീയമാണ് അബ്ദുല്‍ മൗജൂദിന്റെ കശ്ഫുല്ലിസാം അന്‍ അസ്‌റാരി തഖ്‌രീജീ ഖൈറില്‍ അനാം. രണ്ട് വാല്യമാണിത്. മറ്റൊരു കൃതിയാണ് അബ്ദുല്‍ മുഹ്ദി അബ്ദുല്‍ ഖാദിറിന്റെ, തുറുഖു തഖ്‌രീജീല്‍ ഹദീസ്. ഇതിന്റെ മുഖദ്ദിമയില്‍ ഇദ്ദേഹമാണ് ഈ മേഖലയില്‍ ലക്ഷണമൊത്ത പ്രഥമ ഗ്രന്ഥ കര്‍ത്താവെന്ന് പറയുന്നുണ്ട്. ഇതര പണ്ഡിതരൊക്കെ തുടങ്ങി വെച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നും പറയുന്നുണ്ട്. മറ്റൊരു ഗ്രന്ഥമാണ് ഡോ. രിളാ സകരിയ്യയുടെ തഖ്‌രീജിലെ കിതാബ്. അസ്ഹറിലെ ഹദീസ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ അവലംബമാണീ ഗ്രന്ഥം.
അഞ്ചാമത്തെ മേഖലയാണ് ഹദീസ് മജ്‌ലിസുകള്‍. ഹദീസില്‍ രചിക്കപ്പെട്ട പ്രമുഖ ഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ച് ഇജാസത്ത് നല്‍കുന്നത് ഇത്തരം വേദികളിലാണ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, തുടങ്ങിയ സ്വിഹാഹുസ്സിത്തകള്‍ ജാമിഉല്‍ അസ്ഹറിന്റെ മുറ്റത്ത് ഇജാസത്ത് നല്‍കപ്പെട്ടിട്ടുണ്ട്. ശൈഖ് യൂസ്ഫു ദിജ്വിയാണ് ഈ മേഖലയിലെ വിശ്രുതന്‍. അഞ്ഞൂറിലധികം ആളുകള്‍ ഇദ്ദേഹത്തിന്റെ ഇജാസത്തിന്റെ സദസ്സില് പങ്കെടുത്തിരുന്നു. മറ്റൊരു ശ്രദ്ധേയമായ സദസ്സാണ് അബ്ദുല്‍ വാസിഅ് അല്‍ യമാനിയുടേത്. ഇദ്ദേഹവും ദിജ്വിയുടെ സദസ്സില്‍ വായിച്ച് കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും ശൈഖുല്‍ അസ്ഹറുമായിരുന്ന ശൈഖ് ഹസൂന്‍ അന്നവാവിയുടെ ഈ മേഖലയിലെ പങ്ക് നിസ്തുലമാണ്. ഇദ്ദേഹമാണ് സ്വഹീഹുല്‍ ബുഖാരിയുടെ ത്വബഅ സ്സുല്‍ത്താനിയ്യ പുറത്തിറക്കാന്‍ മേല്‍നോട്ടം വഹിച്ചത്. ശറഫുദ്ദീന്‍ യൂനീനിയുടെ പകര്‍പ്പടക്കമുള്ള പ്രമുഖ നുസ്ഖകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഇദ്ദേഹത്തിന്റെ ഹദീസ് സദസ്സുകള്‍ക്ക് ഏറെ ജനകീയതയുണ്ടായിരുന്നു. ചുരുക്കത്തില്‍ ഈ മേഖലയില്‍ ഒരുപാട് പ്രമുഖരെ എടുത്ത് കാട്ടാനുണ്ട് അസ്ഹറിന്. ഇവയില്‍ തന്നെ സ്വഹീഹുല്‍ ബുഖാരിക്ക് പ്രത്യേകമായി സദസ്സുകള്‍ സംഘടിപ്പിച്ച പണ്ഡിതരുമുണ്ടായിരുന്നു. ഈ മേഖലയില്‍ ശൈഖ് അഹ്മദ് മഹ്ജൂബിന്റെ പങ്ക് വളരെ വലിയതാണ്. എന്നാലും ഇത്തരം മഹത്തായ സംഭാവനകളര്‍പ്പിച്ച പണ്ഡിതരെക്കുറിച്ച് ഇപ്പോഴും ഏറെ പഠനങ്ങള്‍ വന്നിട്ടില്ല.
ആറാമത്തെ മേഖലയാണ് ഹദീസുകളുടെ തസ്ഹീഹും തള്ഈഫും ചര്‍ച്ച ചെയ്യപ്പെടുന്ന രീതി. ഇതില്‍ പ്രധാനിയാണ് ഭാഷാ പണ്ഡിതനായ മുഹമ്മദ് മുര്‍തളാ മസബീദി. ഇദ്ദേഹമാണ് ഇഹ്‌യാ ഉലൂമിദ്ദീന്‍ ഹദീസുകളില്‍ പഠനം നടത്തി ഇത്ഹാഫു സ്സാദത്തില്‍ മുത്തഖീന്‍ രചിച്ചത്. ഹദീസുകളിലെ ഇല്ലത്തുകളും ത്വുറുഖുകളും മനസ്സിലാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഇമാം സുബുകി ത്വബഖാത്തു ശ്ശാഫിഇയ്യയില്‍ തനിക്ക് സനദ് കണ്ടെത്താന്‍ കഴിയാത്തതെന്ന് പറഞ്ഞ ഇഹ്‌യയിലെ സര്‍വ്വ ഹദീസുകള്‍ക്കും മുര്‍തളാ സബീദി സനദ് കൊണ്ട് വന്നിട്ടുണ്ട്. എന്ന് മാത്രമല്ല അവയെക്കുറിച്ച് കൃത്യമായ രേഖകള്‍ കണ്ടെടുക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സബീദിയുടെ ഈ മേഖലകളെക്കുറിച്ചുള്ള സംഭാവനകള്‍ ഇനിയും പഠനങ്ങള്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ തന്നെ അസ്ഹറിന്റെ സന്താനമാണ് ഡോ. മഹ്മൂദ് ശാക്കിര്‍. അനേകം ഗ്രന്ഥങ്ങള്‍ക്ക് തഹ്ഖീഖ് നടത്തിയ ഇദ്ദേഹം പിതാവായ മുഹമ്മദ് ശാകിറില്‍ നിന്നാണ് തുര്‍മുദിയും നസാഇയും പഠിച്ചത്. അദ്ദേഹത്തിന്റെ പിതാവും അസ്ഹറില്‍ പഠിക്കുകയും ഉന്നത തസ്തികയില്‍ ഇരിക്കുകയും ചെയ്ത വ്യക്തിയാണ്. മറ്റൊരു വ്യക്തിത്വമാണ് അബ്ദുല്ല സ്സിദ്ദീഖുല്‍ ഗുമാരി. മൊറോക്കയിലെ ത്വന്ജയില് ജനിച്ച ഇദ്ദേഹം നാല്‍പത് വര്‍ഷത്തോളം മിസ്‌റില്‍ കഴിച്ച് കൂട്ടി ഈജ്പിഷ്യന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അറദ്ദു അലല്‍ അല്‍ബാനി പ്രസിദ്ധമാണ്. മുന്നൂറിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴിതിയിട്ടുണ്ട്. ഇതില്‍ അധികവും ഹദീസിലാണ് വിരചിതമായത്. അതില്‍ തന്നെ ഇല്‍മു തഖ്‌രീജിലാണ് കൂടുതലും.
അസ്ഹര്‍ ശ്രദ്ധ പതിപ്പിച്ച മറ്റൊരു പ്രധാന മേഖലയാണ് ഇമാം സുയൂഥിയുടെ ജാമിഉ സ്സഗീര്‍ അനുകരിച്ച് എഴുതപ്പെട്ട ഹദീസ് ജ്ഞാനകോശങ്ങള്‍. മന്‍സൂര്‍ അലി നാസ്വിഫിന്റെ ജാമിഉല്‍ ഉസ്വൂല്‍ ഇതില്‍ പ്രധാനമാണ്. ഹുസൈന്‍ അബ്ദുല്‍ മജീദ് ഹാശിമിന്റെ പതിനാല് വാള്യങ്ങളുള്ള ഹദീസ് ജ്ഞാനകോശം പ്രസിദ്ധമാണെങ്കിലും ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. മറ്റൊരു പ്രധാന വ്യക്തിത്വമാണ് സൂഫി വര്യനായിരുന്ന ഹബീബുല്ലാഹ് ശന്ഖീത്വി. ഇദ്ദേഹത്തിന്റെ സാദുല്‍ മുസ്‌ലിം പ്രചാരം നേടിയതാണ്.
അസ്ഹര്‍ പണ്ഡിതര്‍ നടത്തിയ രചനകളുടെയും ഗ്രന്ഥങ്ങളുടെയും പ്രത്യേകത, അവര്‍ കാണിച്ച ശ്രദ്ധയും സൂക്ഷ്മതയും കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായിരുന്നു. ഇതിന് തെളിവാണ് അസ്ഹറിലെ പ്രധാന ശൈഖായിരുന്ന അബ്ദുല്‍ വഹാബ് അബ്ദുല്ലത്വീഫിയുടെ തദ്‌റീബു റാവിയുടെ തഹ്ഖീഖ് ഏറെ വിസ്മയാവഹമാണെന്ന് മാത്രമല്ല ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരു തഹ്ഖീഖില്ലായെന്ന് പറയാം. ഇതിന് ശേഷം ആറോളം തഹ്ഖീഖുകള്‍ വന്നെങ്കിലും ഇദ്ദേഹത്തിന്റെ തഹ്ഖീഖ് അതിലും മികച്ച് നില്ക്കുന്നു. മറ്റൊരു പ്രധാന മുഹഖ്ഖിക്കാണ് സയ്യിദ് അഹ്മദ് സ്വഖ്‌റ്. ഫത്ഹുല്‍ ബാരിയിലെ ആദ്യ മൂന്ന് വാള്യങ്ങള്‍ ഇദ്ദേഹം സംശോധന നടത്തിയിട്ടുണ്ട്. ഇമാം ബൈഹഖിയുടെ ദലാഇലു നുബുവ്വ, ഖാദി ഇയാളിന്റെ ഇല്‍മാഅ് എന്നിവ ഇദ്ദേഹം തഹ്ഖീഖ് നടത്തിയിട്ടുണ്ട്.
അസ്ഹര്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ വിസ്മയകരം തന്നെയാണ്. അറിവ് തേടി വന്ന് അറിവിലായി ജീവിക്കുന്ന ഒരു പാട് ജീവിതങ്ങളുടെ ഉല്ലാസ കേന്ദ്രമാണ് അസ്ഹര്‍. സചേതനമായ രാത്രികളും പകലുകളും പകരുന്ന വൈജ്ഞാനികാവേശം അനല്‍പമാണ്. ഹദീസ് മേഖലയില്‍ മലബാറിനുമുണ്ട് സാന്നിധ്യം. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത് ജനിച്ച ഡോ. ഹംസ മലൈബാരി. ഹദീസ് നിരൂപണ ശാസ്ത്രത്തില്‍ അവഗാഹം നേടിയ ഇദ്ദേഹവും അസ്ഹറിന്റെ സന്താനമാണ്.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.