Thelicham
al

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ-2

അല്ലാഹുവിനെയും പ്രവാചകരെയും കൈകാര്യ കര്‍ത്താക്കളെയും (ഭരണകര്‍ത്താക്കളടക്കമുള്ളവര്‍) നിങ്ങള്‍ അനുസരിക്കുകയെന്നതടക്കമുള്ള നിരവധി ഖുര്‍ആനിക സൂക്തങ്ങളുടെയും സംഘമായി യാത്ര ചെയ്യുകയാണെങ്കില്‍ കൂട്ടത്തിലൊരാളെ സംഘത്തലവനായി നിശ്ചയിക്കണമെന്നു വരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്ന പ്രവാചക വചനങ്ങളുടെയും അടിത്തറയിലാണ് ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത അസ്തിവാരമിടുന്നത്. നീഗ്രോ വംശജനായ ഒരു അടിമയാണ് നേതൃ സ്ഥാനത്ത് നിന്ന് നിങ്ങളെ നയിക്കുന്നതെങ്കില്‍ പോലും ആ നേതൃത്വത്തെ അംഗീകരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകര്‍(സ്വ) ജനപ്രതിനിധിയായ ഭരണകര്‍ത്താവ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും വിവിധ സന്ദര്‍ഭങ്ങളിലായി അനുചര വൃന്ദത്തിന് കൃത്യമായ ബോധനം നല്‍കുകയുണ്ടായി. പ്രായോഗിക തലത്തില്‍ വിജയകരമായി സാക്ഷാല്‍കരിച്ച മദീനയെന്ന ക്ഷേമ രാഷ്ട്രവും അതിന്റെ ആഭ്യന്തര നയങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും പില്‍ക്കാലത്തെ മുസ്‌ലിം രാഷ്ട്രീയ ചിന്തയുടെ ദിശ നിര്‍ണയിച്ചു എന്നതാണ് വാസ്തവം. അതു തന്നെയാണ് ഉത്തമ രാഷ്ട്രത്തിന്റെ ഉദാഹരണായി ഒരു പ്രവാചകന്‍ നേതൃത്വം നല്‍കുന്ന മദീനാ രാഷ്ട്രത്തെ പരിചയപ്പെടുത്താന്‍ ഫാറാബിയെപ്പോലുള്ളവരെ പ്രേരിപ്പിച്ചത്.
ഉമവികളുടെ കാലശേഷം എ.സി 750 ല്‍ അബ്ബാസി ഭരണ കൂടം അധികാരം നേടുന്നതോടെ മുസ്‌ലിം ലോകം സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സമൂല മാറ്റങ്ങള്‍ക്ക് സാക്ഷിയാവുന്ന കാലയളവിലാണ് സ്വതന്ത്രമായ രാഷ്ട്രീയ രചനകള്‍ പിറവിയെടുക്കുന്നത്. ഹാറൂന്‍ റഷീദിന്റെ ചീഫ് ജസ്റ്റിസായിരുന്ന ഇമാം അബൂ യൂസുഫി(റ)ന്റെ കിതാബുല്‍ ഖറാജ് (ദി ബുക്ക് ഓഫ് ദി ലാന്റ് ടാക്‌സ്) ഭരണ നിര്‍വഹണത്തിന്റെയും നികുതി സ്വരൂപണത്തിന്റെയും അടിസ്ഥാന തത്വങ്ങളെ വിശകലനം ചെയ്യുന്ന പ്രഥമ കൃതിയാണ്. ബൈതുല്‍ ഹിക്മയിലൂടെ രംഗപ്രവേശം ചെയ്ത പ്ലേറ്റോണിക് അരിസ്റ്റോട്ടിലിയിന്‍ രാഷ്ട്രീയ ദര്‍ശനം മുസ്‌ലിം ചിന്തയില്‍ രൂഢമൂലമായിരുന്ന മദീനയെന്ന ഉത്തമ രാഷ്ട്രത്തോട് താദാത്മ്യം പുലര്‍ത്തിയതോടെ യവന സങ്കല്‍പത്തിലെ പോളിസ്’ ഇസ്‌ലാമിക പദാവലിയിലേക്ക് ആഗിരണം ചെയ്യപ്പെടുകയുണ്ടായി. ഫാറാബിയും (870-950 എ.സി) ഇബ്‌നു സീനയും (980-1037 എ.സി) തത്വജ്ഞാനിയായ ഭരണാധികാരി എന്ന സങ്കല്‍പത്തെ മുന്‍ നിര്‍ത്തിയുള്ള രാഷട്രീയ ചിന്ത വികസിപ്പിച്ചെടുത്തു. ഫാറാബി ‘അല്‍മദീനതുല്‍ ഫാളില’യിലാണ് തന്റെ രാഷ്ട്രീയ ചിന്തയെ ക്രമപ്പെടുത്തുന്നതെങ്കില്‍ ഇബ്‌നു സീന തന്റെ രാഷ്ട്രീയ മീമാംസ വിശകലനം ചെയ്യുന്നത് ‘കിതാബുശ്ശിഫ’ യിലെ ‘സിയാസ’ (ഭരണനിര്‍വഹണം) എന്ന അധ്യായത്തിലാണ്. സുന്നി ലോകത്ത് രാഷ്ട്രീയ ചിന്തയുടെ വ്യവഹാരം നിര്‍വഹിച്ച രണ്ട് പ്രധാന കൃതികളാണ് ഇമാം മാവര്‍ദി (9741058 എ.സി) യുടെ ‘അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ’യും സല്‍ജൂഖ് ചീഫ് വസീറായിരുന്ന നിസാമുല്‍ മുല്‍കി (1018-1092 എ.സി) ന്റെ ‘സിയാസത്‌നാമയും’. 1082ല്‍ കെയ്കാവുസ് രചിച്ച ഖാബൂസ്‌നാമയും നിസാമുല്‍ മുല്‍കിന്റെ സിയാസത് നാമയും ‘നസീഹതുല്‍ മുലൂക്’ (ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശം) എന്ന സാഹിത്യ ജനുസ്സിന്റെ പരമകാഷ്ഠയെ അടയാളപ്പെടുത്തുന്നു. ഭരണ നിര്‍വഹണത്തെയും നയതന്ത്രജ്ഞതയെയും കുറിച്ച് രാഷ്ട്ര നേതാക്കള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്ന ഈ സാഹിത്യ ജനുസ്സ് ഒരു സഹസ്രാബ്ദകാലം മുസ്‌ലിം ലോകത്ത് പ്രതാപത്തോടെ നിലനിന്നു.
മധ്യകാല ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ ഉത്തമ പ്രതിനിധാനം ഇമാം ഗസാലിയുടെ(റ) ഇഹ്‌യാ ഉലൂമുദ്ദീന്‍ നിര്‍വഹിക്കുന്നു. ഇമാം ശാഫിഈ(റ)യുടെ കര്‍മശാസ്ത്ര സരണിയിലും ബാഖില്ലാനി(റ), ജുവൈനി(റ) എന്നിവരുടെ ദൈവസാസ്ത്ര പാരമ്പര്യത്തിലും വേരൂന്നിക്കൊണ്ടാണ് ‘ഇഹ്‌യ’ യിലെ രാഷ്ട്രീയ ചിന്ത വികസിക്കുന്നത്. പിന്നീട് ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) സുന്നി ദൈവശാസ്ത്രത്തിന്റെ അടിത്തറയില്‍ ഇബ്‌നു സീനയുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയുണ്ടായി. മുസ്‌ലിം സ്‌പെയിനില്‍ ഇമാം ഗസാലി(റ)യുടെ ഗ്രന്ഥങ്ങള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ നേരിട്ടപ്പോള്‍ ഇബ്‌നു റുശ്ദിന്റെ പുതിയ രാഷ്ട്രീയ വിചാരം രംഗം കൈയടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
മധ്യകാലഘട്ടത്തിന്റെ അവസാനദശയില്‍ മുസ്‌ലിം രാഷ്ട്രീയ ചിന്തയില്‍ വിപ്ലവം സൃഷ്ടിച്ച രണ്ടു അതികായന്മാരാണ് ഇബ്‌നു തൈമിയ്യ(1263-1328)യും ഇബ്‌നു ഖല്‍ദൂനും(1332-1406). ഇബ്‌നു തൈമിയയുടെ രാഷ്ട്ര മീമാംസ തന്റെ ‘അസ്സിയാസ അല്‍ ശര്‍ഇയ്യ’ എന്ന ഗ്രന്ഥത്തിലാണ്. മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തത്വചിന്തകനായ ഇബ്‌നുഖല്‍ദൂന്‍ തന്റെ വിഖ്യാതമായ ‘മുഖദ്ദിമ’യിലാണ് രാഷ്ട്ര സങ്കല്‍പത്തെയും രാഷ്ട്ര തന്ത്രജ്ഞതയെയും കുറിച്ച് തന്റെ മൗലിക ദര്‍ശനം ക്രമപ്പെടുത്തുന്നത്. ഉസ്മാനീ ഭരണ കൂട കാലത്തെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാഹരണങ്ങളാണ് കിനാലിസാദ(1510-1572)യും കാതിബ് ചലബിയെന്നറിയപ്പെടുന്ന ഹാജി ഖലീഫ (1609-1657)യും. ‘തത്വജ്ഞാനിയായ ഭരണാധികാരി’ എന്ന തത്വശാസ്ത്ര പാരമ്പര്യത്തിന് പുനരുജ്ജീവനം നല്‍കിയ കിനാലിസാദ തന്റെ മൗലിക സംഭാവനകള്‍ കൊണ്ട് കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു. സമൂഹത്തെ അഭ്യസ്തവിദ്യര്‍ (മെന്‍ ഓഫ് പെന്‍സ്), യോദ്ധാക്കള്‍ (മെന്‍ ഓഫ് സോര്‍ഡ്), കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നീ നാലു വിഭാഗങ്ങളിലായി വിഭജിക്കുന്ന തന്റെ സങ്കല്‍പം ഉത്തമ സാമൂഹിക ക്രമമായ ‘നിസാമുല്‍ ആലം’ (റൈറ്റ് വേള്‍ഡ് ഓര്‍ഡര്‍) എന്ന ദര്‍ശനത്തിന് വഴി തെളിയിച്ചു. രാഷ്ട്രത്തെ ശരീരവുമായി താരതമ്യം ചെയ്ത് വൈദ്യശാസ്ത്രപരമായ വ്യാഖ്യാനം നല്‍കുന്നതാണ് കാതിബ് ചലബിയുടെ രാഷ്ട്രീയ ചിന്ത.
പതിനൊന്നാം നൂറ്റാണ്ടില്‍ സഫവി കാലഘട്ടത്തിലെ ശീഈ രാഷ്ട്രീയ ചിന്തയുടെ സജീവ ആവിഷ്‌കാരങ്ങളായി ലബനീസ് ചിന്തകനായ കറാക്കി (1466-1534)യുടെ രചനകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കറാക്കിയുടെ രാഷ്ട്രീയ ദര്‍ശനം ഉസ്വൂലി പണ്ഡിത സമൂഹത്തിന്റെ ആശീര്‍വാദത്തോടെ വര്‍ത്തമാന കാലത്തും സ്വാധീനം ചെലുത്തുന്നു.. ഉസൂലികള്‍ തങ്ങളുടെ കാലത്തെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനെ ‘മുജ്തഹിദുസ്സമാന്‍’ (കാലത്തിന്റെ മുജ്തഹിദ്) ആയി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ പരമാധികാരത്തില്‍ വിശ്വസിക്കുകയും ചെയ്തു പോന്നു. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഉസ്വൂലികള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് മുഹമ്മദ് അമീന്‍ അല്‍ അസ്തറാബാദി(1627 ച) യുടെ രചനകള്‍ അഖ്ബാരി സരണിയെന്ന സമാന്തര വിഭാഗത്തിന്റെ നാന്ദി കുറിച്ചു. അഖ്ബാരികള്‍ ഇമാമുകളുടെ വചനങ്ങള്‍ക്കും ഖുര്‍ആനും പ്രഥമ സ്ഥാനം കല്‍പിക്കുമ്പോള്‍ നിയമത്തിന്റെ യുക്ത്യാധിഷ്ഠിത വ്യാഖ്യാനത്തിന് പ്രാമുഖ്യം നല്‍കുന്നവരാണ് ഉസ്വൂലികള്‍. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യദശയില്‍ അഖ്ബാരികളുടെ പ്രധാന വക്താവായി വന്ന മുഹ്‌സിന്‍ ഫൈസ് കാശാനി (1598-1680) തന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ സ്വൂഫി ആശയങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കി. ഉസൂലി ചിന്തയുടെ പില്‍ക്കാല ഉപജ്ഞാതാക്കളില്‍ പ്രമുഖനായ ബാഖിര്‍ മജ്‌ലിസി രണ്ടാമന്‍ (1627-1700) സൂഫികള്‍ക്കും തത്വജ്ഞാനികള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളുകയും ഇമാമീ ശീഇസത്തിന് ബീജാവാപം നല്‍കുകയും ചെയ്തു.
മുഗള്‍ കാലഘട്ടത്തിലെ സുന്നി രാഷ്ട്രീയ ചിന്തയുടെ രക്ഷാധികാരികളായി മൂന്ന് അവിസ്മരണീയ വ്യക്തിത്വങ്ങള്‍ പില്‍ക്കാല ഇസ്‌ലാമിന്റെ രാഷ്ട്രീയ ഗതി തന്നെ നിര്‍ണയിക്കുകയുണ്ടായി. അക്ബറിന്റെ ദീനെ ഇലാഹിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവെന്നറിയപ്പെടുന്ന ഇമാം സര്‍ഹിന്ദി(റ) തന്റെ ‘മക്തൂബാത്തി’ലൂടെ ഇരുപതാം നൂറ്റാണ്ടിലെ തുര്‍ക്കിയില്‍ കമാലിസ്റ്റ് മതേതര ഹിംസക്കെതിരെ രംഗത്തു വന്ന സഈദ് നൂര്‍സിയെ വരെ അഗാധമായി സ്വാധീനിച്ചു. അബ്ദുല്‍ഹഖ് ദഹ്‌ലവി(റ) സൂഫി സരണിയേക്കാള്‍ മതനിയമങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന തന്റെ രാഷ്ട്രീയ ചിന്ത അവതരിപ്പിക്കുകയും പിന്‍ഗാമിയായ ശാഹ് വലിയ്യുല്ല(റ)ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയും ചെയ്തു. ക്ലാസിക്കല്‍ ഇസ്‌ലാമിക് പൊളിറ്റിക്കല്‍ ഡിസ്‌കോഴ്‌സിന്റെ ക്ലൈമാക്‌സ് ആയി ഗണിക്കപ്പെടുന്ന തന്റെ രാഷ്ട്രീയ ദര്‍ശനം ‘ഹുജ്ജതുല്ലാഹില്‍ ബാലിഗ’ എന്ന കൃതിയില്‍ അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ചു. കൊളോണിയലിസത്തിന്റെ വ്യാപനവും ഖിലാഫത്തിന്റെ പതനവും മുസ്‌ലിം രാഷ്ട്രീയ ചിന്തയില്‍ ആപത്കരമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെങ്കിലും പുതിയ അപകോളനീകരണ (ഡികോളനൈസിംഗ്) യത്‌നങ്ങള്‍ അത്തരം പ്രതിസന്ധികളെ മറികടക്കാന്‍ മുസ്‌ലിം ധിഷണകളെ പ്രാപ്തമാക്കുന്നുണ്ടെന്നാണ് സാമൂഹിക രാഷ്ട്രീയ അക്കാദമിക തലങ്ങളിലെ നവജാഗരണങ്ങളും യൂറോ കേന്ദ്രീകൃതത്വത്തില്‍ നിന്ന് മുക്തമായ വ്യവഹാരങ്ങളും സൂചിപ്പിക്കുന്നത്. ആധുനിക മുസ്‌ലിം രാഷ്ട്രീയ ചിന്തയിലെ ശ്രദ്ധേയ നാമങ്ങളാണ് അലി അബ്ദുറാസിഖ്, മുഹമ്മദുല്‍ ഗസാലി, മുസ്ത്വഫ സിബാഇ, സയ്യിദ് ഖുതുബ്, മൗദൂദി, അലി ശരീഅത്തി, ഖുമൈനി തുടങ്ങിയവര്‍. അലി അബ്ദുറാസിഖിന്റെ അല്‍ ഇസ്‌ലാം വ ഉസൂലുല്‍ ഹുകുമ് എന്ന ഗ്രന്ഥം ഇസ്‌ലമിക ഖിലാഫത്ത് സങ്കല്‍പവും ആധുനിക രാഷ്ട്ര സങ്കല്‍പവും തമ്മിലുള്ള സന്ധി സംഭാഷണത്തിന് തുടക്കം കുറിക്കുന്നതായിരുന്നു. ആധുനിക മുസ്‌ലിം രാഷ്ട്രീയ ചിന്തയുടെ പ്രധാന സവിശേഷത സുന്നീ-ശീഈ രാഷ്ട്രീയ വീക്ഷണങ്ങള്‍ തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞുവെന്നതാണ്. മൗദൂദി, സയ്യിദ് ഖുതുബ് തുടങ്ങിയവരുടെ സുന്നി ചിന്തയും ഖുമൈനി, ശരീഅത്തി തുടങ്ങിയവരുടെ ശീഈ ചിന്തയും തമ്മിലുള്ള വ്യക്തമായ ഇഴയടുപ്പം ആര്‍ക്കും പെട്ടെന്ന് മനസിലാക്കാനാവും. ഖുത്ബിന്റെ അമിതാവേശ രാഷ്ട്രീയത്തിനു സമാന്തരമായാണ് അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബിയുടെ ‘നാഗരികത’യെ കുറിച്ച നിരീക്ഷണങ്ങള്‍. ഖുത്ബിന്റെ അതിവായനക്കുള്ള ഖണ്ഡനമാണ് ഉസാമ അസ്ഹരിയുടെ ‘അല്‍ഹഖ്ഖുല്‍ മുബീന്‍ ഫിര്‍റദ്ദി അലാ മന്‍ തലാഅബ ബിദ്ദീന്‍’ എന്ന ഗ്രന്ഥം. ഖുത്ബിയന്‍ നാഗരിക സംഘട്ടന (ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ്) ത്തിനതീതമായ സാര്‍വലൗകിക രാഷ്ട്രീയ ചിന്തയാണ് അബൂ സുഹ്‌റയുടെ അല്‍ ഇലാഖാതുദ്ദുവലിയ്യ ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം. ആധുനിക അന്താരാഷ്ട്ര നിയമങ്ങളുമായി ഇസ്‌ലാമിന്റെ അന്താരാഷ്ട്ര നിയമങ്ങളെ താരതമ്യ പഠനം നടത്തുന്ന ഉത്തമ കൃതിയാണ് വഹ്ബ സുഹൈലിയുടെ അല്‍ ഇലാഖാത്തുദ്ദുവലിയ്യ ഫില്‍ ഇസ്‌ലാം: മുഖാറന ബില്‍ ഖാനൂനിദുവലില്‍ ഹദീസ്. ക്ലാഷ് ഓഫ് സിവിലൈസേഷന്റെ ഖുത്ബിയന്‍ ഡിസ്‌കോഴ്‌സിനു വിപരീതമായ ഗ്രന്ഥങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന കൃതിയാണ് മുഹമ്മദ് അസദിന്റെ ദി പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് ആന്റ് ഗവണ്‍മെന്റ് ഇന്‍ ഇസ്‌ലാം. ‘റികണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജിയസ് തോട്ട് ഇന്‍ ഇസ്‌ലാമി’ലെ ഇഖ്ബാലിയന്‍ രാഷ്ട്രീയ ദര്‍ശനത്തിന്റെ തുടര്‍ച്ച തന്നെയാണ് ശിഷ്യന്റെ കൃതിയും നിര്‍വഹിക്കുന്നത്.
ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കൃതിയാണ് വാഇല്‍ ഹല്ലാഖിന്റെ ദി ഇംപോസിബിള്‍ സ്‌റ്റേറ്റ്. ആധുനികതയുടെയും പ്രബുദ്ധതയുടെയും അടിസ്ഥാനരഹിത അവകാശവാദങ്ങള്‍ക്കനുസരിച്ച് മുസ്‌ലിം രാഷ്ട്രീയ ചിന്തയെ മെരുക്കിയെടുക്കാനുണ്ടായ വിഫല ശ്രമങ്ങളാണ് പുതിയ കാലത്തെ മുസ്‌ലിം രാഷ്ട്രീയ യാഥാര്‍ത്ഥ്യമെന്ന് ഹല്ലാഖ് ആണയിടുന്നു. യൂറോപ്യന്‍ പ്രബുദ്ധതയുടെ പ്രാദേശിക നിര്‍മിതിയായ ദേശ രാഷ്ട്ര സങ്കല്‍പത്തെ സാര്‍വത്രിക മൂല്യ (യൂനിവേഴ്‌സല്‍ വാല്യൂസ്) ത്തിന്റെ വ്യാജ വാദങ്ങളുടെ അകമ്പടിയോടെ സാമാന്യവത്കരിച്ച് വിമര്‍ശനാത്മകമായി ചോദ്യം ചെയ്യാന്‍ മുതിരാതെ സര്‍വാത്മനാ സ്വീകരിച്ച മുസ്‌ലിം ലോകത്തിന്റെ അപോളജറ്റിക് മനഃശാസ്ത്രത്തോട് ശക്തമായി പ്രതിഷേധിക്കുന്നുണ്ട് ഹല്ലാഖ്.
ചുരുക്കത്തില്‍ അതിസമ്പന്നമായൊരു രാഷ്ട്രീയ ചിന്താ പൈതൃകം അവകാശപ്പെടാനുള്ള ഇസ്‌ലാമിക നാഗരികതയുടെ പുരോ പ്രയാണത്തിലെ സുമോഹന നിമിഷങ്ങളാണ് ഫാറാബിയുടെ അല്‍ മദീനത്തുല്‍ ഫാളില. തന്റെ ‘ഐഡിയല്‍ സിറ്റി’ ത്വരിതപ്പെടുത്തിയ രാഷ്ട്രീയാഖ്യാനത്തിന്റെ പ്രവേഗം ഇബ്‌നു സീന, ഇബ്‌നുബാജ്ജ, കിനാലിസാദ, ഹാജി ഖലീഫ, ശാഹ് വലിയുല്ല തുടങ്ങിയവരിലൂടെ ആധുനിക വര്‍ത്തമാനത്തിന്റെ തത്വശാസ്ത്ര വ്യവഹാരങ്ങളിലേക്ക് വരെ നീളുന്നുവെന്നതാണ് വസ്തുത.

അല്‍മദീനത്തുല്‍ ഫാളില

മബാദിഉ ആറാഇ അഹ്‌ലില്‍ മദീനതില്‍ ഫാളില വമുളാദ്ദാതിഹാ എന്ന് പൂര്‍ണ നാമമുള്ള ഈ കൃതിയുടെ തലവാചകം വിവക്ഷിക്കുന്നത് ഉത്തമ രാഷ്ട്ര (നഗരം) ത്തിലെയും ഹീന രാഷ്ട്രങ്ങളിലെയും പൗരവ്യൂഹത്തിന്റെ ഹിതങ്ങള്‍/ ചിന്തകള്‍ എന്നൊക്കെയാണ്. തന്റെ ഭാവനയിലുള്ള ഉത്തമ രാഷ്ട്രത്തിലെ ഭരണാധികാരിയും ഭരണീയരും എന്തെല്ലാം സദ്ഗുണ സ്വഭാവങ്ങളും ചിന്തകളും ആര്‍ജിച്ചിരിക്കണമെന്ന് വിശകലനം ചെയ്യുന്നതോടൊപ്പം നേര്‍വിരുദ്ധ ദിശയില്‍ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളെയും അവയിലെ നിവാസികളുടെ സ്വഭാവ ദൂഷ്യങ്ങള്‍, ചിന്താവൈകല്യങ്ങള്‍ എന്നിവയും അപഗ്രഥിക്കുന്നു ഫാറാബി ഈ ഗ്രന്ഥത്തില്‍.
മനുഷ്യാസ്തിത്വത്തിന്റെ ഓന്റോളജിക്കല്‍ ലക്ഷ്യമായ സന്തുഷ്ടവും സമാധാന പൂര്‍ണവുമായ ജീവിതം സമൂഹമായി ജീവിക്കുന്നതിലൂടെ മാത്രമേ സാക്ഷാത്കരിക്കാന്‍ സാധ്യമാകൂ എന്നാണ് ഫാറാബിയുടെ രാഷ്ട്ര ചിന്തയുടെ അടിസ്ഥാനശില. ഹ്യൂമന്‍ ഹാപ്പിനെസ്സ്, പെര്‍ഫക്ഷന്‍ തുടങ്ങിയവ യഥാവിധി നേടിയെടുക്കണമെങ്കില്‍ സാമൂഹിക ജീവിതത്തിന് കൃത്യമായ ഒരു ക്രമം നിശ്ചയിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു സമൂഹിക ക്രമത്തില്‍ പൗര വ്യൂഹത്തെ വിവിധ ശ്രേണികളായി വിഭജിക്കുകയും ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക ധര്‍മങ്ങള്‍ നിര്‍ണയിച്ചു കൊടുക്കുകയും വേണം. ഈ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കണമെങ്കില്‍ ഭരണാധികാരി നല്ല വിദ്യാ സമ്പന്നനായിരിക്കല്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഭരണാധികാരി തത്വജ്ഞാനിയായിരിക്കുകയാണ് കൂടുതല്‍ ഉത്തമം. കാരണം എല്ലാ വിഭാഗങ്ങളുടെയും അവസ്ഥകള്‍ക്കനുസരിച്ച് നിയമ നിര്‍മാണം നടത്തേണ്ട നിമയ ദാതാവ് കൂടി ആയിരിക്കണം ഭരണാധികാരി. ഇതാണ് ഫാറാബിയുടെ അല്‍മദീനത്തുല്‍ ഫാളിലയിലെ പ്രധാന പ്രമേയം. ഈ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച വ്യക്തതയാര്‍ന്ന ചിത്രം അരിസ്റ്റോട്ടില്‍, പ്ലേറ്റോ എന്നിവരുടെ വിചാര ചക്രവാളത്തിന്റെ പശ്ചാത്തലത്തിലായി സമര്‍പ്പിക്കുകയാണ് ഫാറാബി ചെയ്യുന്നത്.
വ്യക്തമായി പറഞ്ഞാല്‍ താഴെ പറയുന്ന കാര്യങ്ങളാണ് അല്‍മദീനത്തുല്‍ ഫാളിലയിലെ പ്രധാന തീമുകള്‍. ഒന്ന്: സമൂഹവും അതിന്റെ അസ്തിത്വപരമായ ലക്ഷ്യവും. ഇതിനു കീഴില്‍ നഗര രാഷ്ട്ര സങ്കല്‍പം, സമൂഹത്തിന്റെ അനിവാര്യത, ആത്മസാക്ഷാത്കാരം സാധിക്കാനുള്ള വഴി തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. രണ്ട്: മനുഷ്യ പ്രകൃതി. എമനേഷനല്‍ ദൈവശാസ്ത്രത്തിന്റെ (എമനേഷണല്‍ തിയോളജി) വീക്ഷണ പ്രകാരം മനുഷ്യ ധിഷണ(ഹ്യുമണ്‍ സോള്‍) കടന്നുപോവുന്ന വിവിധ ഘടകങ്ങളെ ചരിചയപ്പെടുത്തുന്നു. അതോടൊപ്പം മനുഷ്യന്റെ ആക്ട്ീവ് ഇന്റലക്ട് ആയി പരിവര്‍ത്തിക്കാനുള്ള പൊട്ടെന്‍ഷ്യാലിറ്റിയെയും ചര്‍ച്ച ചെയ്യുന്നു. മൂന്ന്: വിദ്യാഭ്യാസം, വിദ്യാഭ്യാസത്തെ കുറിച്ച തന്റെ ദര്‍ശനമാണ് കൃതിയുടെ മറ്റൊരു പ്രധാന ചര്‍ച്ച. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും രീതിശാസ്ത്രവും എന്തായിരിക്കണമെന്ന് വിശദമായി വിശകലനം ചെയ്യുന്ന ഈ ചര്‍ച്ചയില്‍ മനുഷ്യന്റെ ‘ഇമാജിനേഷന്‍’ എന്ന അനിതര ഗുണത്തെക്കുറിച്ചും വിവരിക്കുന്നു.
നാല്: ഭരണാധികാരി, ഒരു ഉത്തമ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങളും അദ്ദേഹം പാലിക്കേണ്ട നിയമ മര്യാദകളുമാണ് ഇതിന്റെ പ്രമേയം. അഞ്ച്: ഉത്തമ രാഷ്ട്രം, ഉത്തമ രാഷ്ട്രത്തിന്റെ സ്വഭാവ സവിശേഷതകളും ആചാരരീതികളും വിദ്യാഭ്യാസ നിലവാരവും ധര്‍മ വിഭജന (ഡിവിഷന്‍ ഓഫ് ലാബര്‍) വുമെല്ലാമാണ് ഇതിനു കീഴില്‍ വരുന്നത്. ആറ്: കലകളും ശേഷികളും (ആര്‍ട്ട്‌സ് & സ്‌കില്‍സ്, കലയുടെ മൂന്ന് തലങ്ങളെ (ആത്മ) സാക്ഷാല്‍കാര (ഹാപ്പിനെസ്സ്) ത്തിന്റെ മൂന്ന് തലങ്ങളോട് ബന്ധപ്പെടുത്തി വിവരിക്കുന്ന ഭാഗമാണിത്. ഏഴ്: ഹീന രാഷ്ട്രങ്ങള്‍ (ഇംപെര്‍ഫക്ട് സ്റ്റേറ്റ്‌സ്), ദുര്‍വൃത്തരായ നിവാസികളുടെ രാഷ്ട്രം(അല്‍മദീനത്തുല്‍ ഫാസിഖ), അജ്ഞരായ പൗര സമൂഹമുള്ള രാഷ്ട്രം(അല്‍മദീനത്തുല്‍ ജാഹില), മാര്‍ഗഭ്രംശം സംഭവിച്ച രാഷ്ട്രം(അല്‍മദീനത്തുള്ളാല്ല) എന്നിങ്ങനെ ലോകത്തെ മൊത്തം രാഷ്ട്രങ്ങളെ വിഭജിക്കുന്ന ഈ ഭാഗം അത്തരം രാഷ്ട്രങ്ങളുടെ ചാപല്യങ്ങളും വൈകല്യങ്ങളും എന്താണെന്ന് വിവരിക്കുന്നതോടൊപ്പം അവക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നു.

സമൂഹത്തിന്റെ ആവശ്യകത

പരസ്പരാശ്രയത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമാണ് മനുഷ്യന് തന്റെ വ്യക്തിത്വത്തിന്റെ പൂര്‍ണ സഫലത പ്രാപിക്കാനാവൂ എന്നതാണ് ഫാറാബിയുടെ പക്ഷം. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന അരിസ്റ്റോട്ടിലിയന്‍ പ്രമാണത്തിന്റെ വെളിച്ചത്തിലാണ് ഈ വീക്ഷണം. ലളിത സമൂഹങ്ങളെക്കാള്‍ സങ്കീര്‍ണസമൂഹങ്ങള്‍ക്കാണ് ഫാറാബി സ്ഥാനം നല്‍കുന്നത്. സമൂഹം വലുതാകുന്നതിനനുസരിച്ച് പൗരന്മാര്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളും മെച്ചപ്പെടുമെന്നും നിരീക്ഷിക്കുന്നു. കുറ്റമറ്റ സമ്പൂര്‍ണ സമൂഹമായും അപൂര്‍ണ സമൂഹമായും പ്രഥമ വിഭജനം നടത്തിയതിന് ശേഷം പൂര്‍ണത പ്രാപിച്ച സമൂഹത്തെ തന്നെ മൂന്ന് വര്‍ഗങ്ങളായി തരം തിരിക്കുന്നുണ്ട് അദ്ദേഹം. ബൃഹത്ത്, മധ്യമം, ചെറുത് എന്നിവയാണവ.
വിവിധ ജനവിഭാങ്ങളെ ഉള്‍ക്കൊള്ളുന്ന പരസ്പര സഹായ സഹകരണത്തില്‍ മുന്നോട്ട് പോകുന്ന കേന്ദ്രീകൃത സാകല്യമാണ് ബൃഹദ് സമൂഹം. ഭൂമിശാസ്ത്രപരമായി ചെറിയ പ്രദേശത്ത് ഒരു ജനവിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്ന സമൂഹമാണ് മധ്യമം. വെറുമൊരു നഗരത്തില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള രാഷ്ട്രമാണ് ചെറിയ സമൂഹം. അപൂര്‍ണ സമൂഹങ്ങളായി ഫാറാബി പരിചയപ്പെടുത്തുന്നത് ഗ്രാമം, ഉള്‍പ്രദേശം, തെരുവ്, വീട് എന്നിവിടങ്ങളിലെ നിവാസികളെയാണ്. ഏത് സമൂഹമായാലും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉല്‍കൃഷ്ട നന്മയും പൂര്‍ണതയും ആര്‍ജിക്കാനുള്ള ശ്രമങ്ങളുടെ ജയപരാജയങ്ങള്‍. തന്‍മ, സന്തോഷസാക്ഷാല്‍ക്കാരം എന്നിവക്കായി പരസ്പരം സഹകരിക്കുന്ന പൗരന്മാര്‍ അധിവസിക്കുന്ന രാഷ്ട്രങ്ങള്‍ ഉത്തമരാഷ്ട്രങ്ങളായി അറിയപ്പെടുന്നു.

ആത്മാനന്ദ സാക്ഷാല്‍ക്കാരം

അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്ന പോലെ എല്ലാ മനുഷ്യന്റെയും ടെലോസ് അല്ലെങ്കില്‍ ആന്ത്യന്തിക അസ്തിത്വ ലക്ഷ്യമായ ഒരു ആനന്ദത്തെ ഫാറാബിയും പരിചയപ്പെടുത്തുന്നു. അരിസ്റ്റേട്ടിലിന്റെ ഉദയ്‌മോണിയയുടെ ഭൗതിക വ്യാപ്തിയില്‍ നിന്നു ഭിന്നമായി ഫാറാബിയുടെ ആനന്ദം ഭൗതികാതീതമായ ചക്രവാളങ്ങള്‍ തേടുന്നു. മരണാനന്തര ജീവിതത്തിലാണ് ആത്മാവിന്റെ ഈ ആനന്ദം പൂര്‍ണത പ്രാപിക്കുകയെന്നാണ് ഫാറാബി പറയുന്നത്. മാനുഷിക പൂര്‍ണത (ഹ്യൂമണ്‍ പെര്‍ഫെക്ഷന്‍) യുടെ വിവിധ ഘട്ടങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര അവസാനിക്കുന്നത് ആനന്ദാതിരേകത്തിന്റെ ഈ അവസ്ഥാന്തരത്തിലാണ്.
മാനുഷിക പൂര്‍ണത കൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്രാപഞ്ചിക ഘടനയിലെ മനുഷ്യന്റെ സവിശേഷ സ്ഥാനമാണ്. മരിക്കുന്നതിനുമുമ്പ് മനുഷ്യന്‍ ആത്മാവിന്റെയും ശരീരത്തിന്റെ സങ്കരമാണ്. ഭൗതിക ശരീത്തോടൊപ്പം ആത്മാവിന്റെ ചിന്താശേഷി കൂടിയുള്ളതുകൊണ്ടാണ് രണ്ടിന്റെയും സ്വാധീനങ്ങള്‍ അവനില്‍ പ്രകടമാവുന്നത്. ചന്ദ്രിക മണ്ഡലത്തിനു താഴെയുള്ള (സബ്ലൂണറി വേള്‍ഡ്) ഭൗമ ലോകത്തുള്ള മറ്റു നിവാസികളെയെല്ലാം പോലെ മനുഷ്യനും ശാരീരിക തലത്തെ ഭരിക്കുന്ന പ്രകൃതി നിയമങ്ങള്‍ക്ക് വിധേയനാണ്. സൃഷ്ടി (ജനറേഷന്‍) യുടെയും നാശ (കറപ്ഷന്‍) ത്തിന്റെയും മണ്ഡലത്തിലെ മറ്റു വര്‍ഗങ്ങള്‍ക്കപവാദമായി മനുഷ്യവര്‍ഗം ആക്ടീവ് ഇന്റലക്ടിന്റെ പ്രത്യേക സ്വാധീനത്തിന് വിധേയരാവുന്നുണ്ടെന്ന് ഫാറാബി പറയുന്നു. ഭൗതികാതീതമായ, നാശവിധേയമല്ലാത്ത, ചാന്ദ്രിക മണ്ഡലത്തിനതീതമായൊരു സത്തയാണ് ആക്ടീവ് ഇന്റലക്ട് (അല്‍ അഖ്‌ലുല്‍ ഫഅ്ആല്‍). ആക്ടീവ് ഇന്റലക്ട് മനുഷ്യന്റെ ബുദ്ധിയെയും ഭാവനയെയുമാണ് സ്വാധീനിക്കുന്നത്. ഇന്ദ്രിയ ഗോചരമായ (സെന്‍സിബിള്‍) തലത്തിനപ്പുറം ഇന്ദ്രിയാതീതമായ ബൗദ്ധിക (ഇന്റലിജിബിള്‍) തലത്തെ കുറിച്ച വെളിപാടാണ് പ്രഥമമായി ആക്ടീവ് ഇന്റലക്ട് പ്രദാനം ചെയ്യുക. പിന്നീട് ശേഷിക്കുന്ന പൂര്‍ണതകള്‍ സാക്ഷാല്‍ക്കരിക്കാന്‍ സമയാസമയം മനുഷ്യബുദ്ധിയെ വഴി നടത്തി അവസാനം ശുദ്ധ ചിന്ത (പ്യൂര്‍ തിങ്കിങ്) മനുഷ്യാവസ്ഥ മാറുന്നത് വരെ ആക്ടീവ് ഇന്റലക്ട് അവനില്‍ ഇടപെട്ടുകൊണ്ടിരിക്കും. ആക്ടീവ് ഇന്റലക്ടിനെ പരിശുദ്ധാത്മാവ് എന്നര്‍ഥം വരുന്ന റൂഹുല്‍ അമീന്‍, റൂഹുല്‍ ഖുദ്‌സ് എന്നും വിളിക്കാവുന്നതാണ്. നിയോപ്ലാറ്റോണിക് പ്രപഞ്ച ഘടനയില്‍ വരുന്ന പത്ത് ഇന്റലക്ടുകളുടെ പ്രവാഹ (എമാനേഷന്‍) ത്തിലധിഷ്ഠിതമാണ് ഈ വീക്ഷണം. ഫാറാബിയുടെ കോസ്‌മോളജിയും പത്ത് ഇന്റലക്ടുകളെ ടോളമിക് മണ്ഡലങ്ങളു (ടോളമിക് സ്ഫിയേഴ്‌സ്) മായി ബന്ധപ്പെടുത്തുന്നവയാണ്. തന്റെ പ്രപഞ്ച ഘടന താഴെ പറയുന്ന പ്രകാരമാണ്.

1. വാനലോകങ്ങള്‍ (ഔട്ടര്‍ ഹെവന്‍സ്)
2. നിശ്ചല നക്ഷത്രങ്ങള്‍ (ഫിക്‌സ്ഡ് സ്റ്റാര്‍സ്)
3. ശനി (സാറ്റേണ്‍)
4. വ്യാഴം (ജൂപിറ്റര്‍)
5. ചൊവ്വ (മാര്‍സ്)
6. സൂര്യന്‍ (സണ്‍)
7. ശുക്രന്‍ (വീനസ്)
8. ബുധന്‍ (മെര്‍കുറി)
9. ചന്ദ്രന്‍ (മൂണ്‍)
10. ചാന്ദ്ര മണ്ഡലത്തിന് താഴെയുള്ള ലോകം. (സബ്ലൂണറി വേള്‍ഡ്). നിര്‍ജീവ വസ്തുക്കള്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, മനുഷ്യന്‍ തുടങ്ങിയ വര്‍ഗങ്ങള്‍ അധിവസിക്കുന്നയിടം.
ഈ ടോളമിക് മണ്ഡലങ്ങളില്‍ ഓരോന്നിനും സമാന്തരമായി ഓരോ ഇന്റലക്ടുകളെ പരികല്‍പന ചെയ്യുന്നതാണ് നിയോ പ്ലാറ്റോണിസ്റ്റ് കോസ്‌മോളജിയുടെ ഫാറാബിയന്‍ പതിപ്പ്. ഒരു വ്യത്യാസമുള്ളത് ചാന്ദ്രമണ്ഡലത്തിനും താഴെയുള്ള സബ്ലൂണറി മണ്ഡലത്തിനുമിടയിലാണ് പത്താമത്തെ ഇന്റലക്ട് ആയ ആക്ടീവ് ഇന്റലക്ടിനെ സ്ഥാനപ്പെടുത്തിയിട്ടുള്ളതെന്നാണ്. സബ്ലൂണറി സ്ഫിയറിലുള്ള മനുഷ്യര്‍ക്ക് ശുദ്ധ ഇന്റലക്ടുകളുടെ ലോകത്തേക്കുള്ള പ്രവേശികയാണ് ആക്ടീവ് ഇന്റലക്ട്.
(തുടരും)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.