Thelicham
theli

അല്‍ മദീനതുല്‍ ഫാളില: ഒരു മുസ്‌ലിം റിയലിസ്റ്റിക് ഉട്ടോപ്യ

”നാം ആരാണ്? നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? എന്താണ് നാം കാത്തിരിക്കുന്നത്? നമ്മെ കാത്തിരിക്കുന്നതെന്ത്?” ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകന്‍ ഏണസ്റ്റ് ബ്ലോഷ് (1885-1977) തന്റെ മാസ്റ്റര്‍ പീസ് രചനയായ പ്രതീക്ഷാതത്വം (പ്രിന്‍സിപ്പില്‍ ഓഫ് ഹോപ്) ത്തിന്റെ മുഖവുര ആരംഭിക്കുന്നത് മൗലികമായ ഈ അഞ്ച് ചോദ്യങ്ങളോടെയാണ്. കല, സാഹിത്യം, മതം തുടങ്ങിയ മനുഷ്യ രാശിയുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളില്‍ അന്തര്‍ലീനമായ ഉട്ടോപ്യന്‍ ചോദനകളെ അന്വേഷിക്കാനുള്ള ബൃഹത്തായ ഉദ്യമമാണ് ഈ ചോദ്യങ്ങളെ തുടര്‍ന്നു പ്രസ്തുത കൃതിയില്‍ ബ്ലോഷ് നടത്തുന്നത്. പ്ലേറ്റോയുടെ ഈറോസ്, അരിസ്‌റ്റോട്ടിലിന്റെ പൊട്ടന്‍ഷ്യാലിറ്റിയില്‍ നിന്ന് ആക്ച്വാലിറ്റിയിലേക്കുള്ള പരാവര്‍ത്തനം, ലെബ്‌നിസിന്റെ ടെന്‍ഡന്‍സ് (പ്രതീക്ഷ) കാന്റിന്റെ ‘ധാര്‍മിക ബോധം’ (മോറല്‍ കോണ്‍ഷ്യസ്‌നെസ്), ഹെഗലിന്റെ ഡയലക്റ്റിക് തുടങ്ങിയ തത്വശാസ്ത്ര വിചാരങ്ങളിലെല്ലാം നിയാമക ഘടകമായി വര്‍ത്തിക്കുന്ന പ്രതീക്ഷയെന്ന അടിസ്ഥാന പ്രമാണത്തെ ബ്ലോഷ് വിശ്ലേഷിച്ചെടുക്കുന്നു.
മനുഷ്യചിന്തയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് ശോഭനമായ ഭാവിയെക്കുറിച്ചും ഉത്തമമായൊരു ലോക ക്രമത്തെ കുറിച്ചുമുള്ള അവന്റെ സ്വപ്‌നങ്ങള്‍. പൊളിറ്റിക്കല്‍ ഫിലോസഫിയുടെ ഗണത്തില്‍ വരുന്ന ലോസ്(നിയമങ്ങള്‍) എന്ന തന്റെ കൃതിയില്‍ മഗ്നീഷ്യയെന്ന സാങ്കല്‍പിക രാഷട്രത്തെ കുറിച്ചു സംസാരിക്കുണ്ട് പ്ലേറ്റോ.
തന്റെ വിശ്വപ്രസിദ്ധമായ ‘റിപബ്ലിക്കിലും തത്വജ്ഞാനിയായ രജാവ് ഭരിക്കുന്ന ‘കല്ലിപോളിസ്’ (സുന്ദര നഗരം) വിഭാവനം ചെയ്യുന്നുണ്ട് അദ്ദേഹം. നീതി നിഷ്ഠമായ ഭരണത്തിനു കീഴില്‍ തങ്ങളുടെ നിര്‍ണിത ധര്‍മങ്ങള്‍ സസന്തോഷം നിര്‍വഹിക്കുന്ന ശ്രേണീബദ്ധമായൊരു സമ്മോഹന ലോകമാണ് ഇവ രണ്ടിലും പ്ലേറ്റോയുടെ സ്വപ്‌നം. ‘നിക്കോമാക്കിയന്‍ എത്തിക്‌സി’ല്‍ ഒരു നഗര രാഷ്ട്രത്തിലെ പൗരനിവാസികള്‍ എങ്ങനെ ഉത്തമ ജീവിതം നയിക്കണമെന്ന് ചര്‍ച്ച ചെയ്യവെ യൂഡിമോണിയ എന്ന സങ്കല്‍പം മുന്നോട്ടുവെക്കുന്നുണ്ട് അരിസ്‌റ്റോട്ടില്‍. സന്തുഷ്ടി, ക്ഷേമം എന്നെല്ലാം അര്‍ഥം വരുന്ന യൂഡിമോണിയയും സുന്ദരവും തികവാര്‍ന്നതുമായൊരു ലോകത്തെകുറിച്ചുള്ള പ്രതീക്ഷാഭരിതമായ ആഖ്യാനമാണെന്ന് കാണാം.
ഇരുള്‍ മൂടിയ പാശ്ചാത്യന്‍ മധ്യകാലഘട്ടത്തിനുശേഷം പതിനാറാം നൂറ്റാണ്ടിലാണ് ഉത്തമ രാഷ്ട്രത്തെക്കു കുറിച്ച വിചാരങ്ങള്‍ പടിഞ്ഞാറിന്റെ മഖ്യാധാരാഖ്യാനങ്ങളിലേക്ക് തിരിച്ചുവരുന്നത്. യുറോപ്യന്‍ നവോത്ഥാന നായകരില്‍ പ്രമുഖനായ ‘ഇറാസ്മസി’ ന്റെ സുഹൃത്തായിരുന്ന തോമസ് മൂറിന്റെ ‘യുട്ടോപ്യ’ യാണ് നീതി, സമത്വം, സഹോദര്യം തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായൊരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ് യുട്ടോപ്യയുടെ ഇതി വൃത്തം. സ്വകാര്യ സ്വത്ത് എന്ന സങ്കല്‍പത്തില്‍ നിന്നുതന്നെ മുക്തമായ ‘യുട്ടോപ്യ’ യില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ മൈത്രിയും സൗഹാര്‍ദവും നിലനില്‍ക്കുന്നുണ്ട്. തന്റെ കാലത്തെ യൂറോപ്പില്‍ പ്രത്യേകിച്ചും സ്‌പെയ്‌നില്‍ നിലവിലുണ്ടായിരുന്ന മതാന്ധതയുടെ തിക്താനുഭവങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്ന കത്തോലിക്കന്‍ പുരോഹിതന്‍ കൂടിയായ മൂര്‍.
മൂറിന്റെ യുട്ടോപ്യക്ക് ശേഷം നിരവധി ഉട്ടോപ്യന്‍ കൃതികള്‍ പാശ്ചാത്യ ലോകത്ത് പ്രത്യക്ഷപ്പെട്ടു. 1602 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ ഡൊമിനിക്കന്‍ തത്വ ചിന്തകന്‍ തമോസോ കാമ്പലെല്ലയുടെ ദി സിറ്റി ഓഫ് ദി സണ്‍ അവയില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. പ്ലാറ്റോയുടെ തന്നെ മറ്റൊരു കൃതിയായ ഠശാമലൗ െല്‍ പരാമര്‍ശിക്കുന്ന അത്‌ലാന്റിസ് എന്ന സാങ്കല്‍പിക നഗരമാണ് കാമ്പനല്ലക്ക് പ്രചോദനം. 1627 ല്‍ പുറത്ത് വന്ന ഫ്രാന്‍സിസ് ബാക്കണിന്റെ ന്യൂ അത്‌ലാന്റിസ് എന്ന നോവലും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ബന്‍സാലേം എന്ന നഗരിയും അതിലെ സോളമന്‍സ് ഹൗസ് എന്ന സര്‍വകലാശാലയും യുറോപ്യന്‍ പ്രബുദ്ധത (എന്‍ലൈറ്റ്‌മെന്റ്) യുടെ ശൈശവ ദശയില്‍ അതിന്റെ മുഖ്യമാര്‍ഗ ദര്‍ശിക്കുണ്ടായിരുന്ന സ്വപ്‌നങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. പ്രബുദ്ധതയുടെയും ശാസ്ത്ര വിപ്ലവത്തിന്റെയും ഗുണഫലങ്ങളനുഭവിച്ചു തുടങ്ങിയതോടെ യുട്ടോപ്യന്‍ സാഹിത്യത്തിന്റെ ഒരു പ്രളയം തന്നെ യൂറോപ്പില്‍ സൃഷ്ടിക്കപ്പെട്ടു. സാമുവല്‍ ജോണ്‍സന്റെ ദി ഹിസ്റ്ററി ഓഫ് റെമ്പേലാസ്, ചാര്‍ലോട്ട് പെര്‍ക്കിന്‍സിന്റെ ഹെര്‍ലാന്റ്, ആല്‍ഡസ് ഹക്‌സലിയുടെ ഐലന്റ്, മൊസാര്‍ട്ടിന്റെ ഡോണ്‍ ജിയോ വാനി, ബി എഫ് സിക്‌നറുടെ വാല്‍ഡന്‍ ടു എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
അതേ സമയം മൂറിന്റെ യുട്ടോപ്യ മൂന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉബോല്‍പനങ്ങളായ മൂലധന വ്യവസ്ഥിയും സാമ്രാജ്യത്വ കൊളോണിയല്‍ താല്‍പര്യങ്ങളും സാമൂഹിക പരിസരത്തിന്റെ വര്‍ത്തമാനത്തെ കൂടുതല്‍ ബീഭത്സമാക്കി. ആധുനികതയുടെ ശ്രേഷ്ഠ സംഭാവനയായി ഗണിക്കപ്പെട്ടരിക്കുന്ന ദേശീയത അതിന്റെ ഉഗ്രഭാവത്തില്‍ രണ്ട് ലോകയുദ്ധങ്ങള്‍ സമ്മാനിച്ചതോടുകൂടി പ്രബുദ്ധതയെയും ആധുനികതയെയും സംബന്ധിച്ച ആത്മവിശ്വാസം യൂറോപ്പിന് നഷ്ടമായി. ഉട്ടോപ്യന്‍ സാഹിത്യത്തിന് പകരം നേര്‍വിപരീതമായ ഡിസ്‌ട്ടോപ്യന്‍ കൃതികളുടെ ആധിപത്യമാണ് തുടര്‍ന്നുള്ള കാലയളവില്‍ ദൃശ്യമാകുന്നത്. ആള്‍ഡസ് ഹക്‌സലിയുടെ ബ്രേവ് ന്യൂ വേള്‍ഡ്, ജോര്‍ജ് ഓവലിന്റെ 1984, ഫ്രാന്‍സ് കാഫ്കയുടെ ദ കാസില്‍, മാര്‍ഗരറ്റ് ആറ്റ് വുഡിന്റെ ദ ഹാന്റ് മെയ്ഡ്‌സ് ടെയ്ല്‍ എന്നിവ വരാനിരിക്കുന്ന ഭീതിതമായ നവലോകക്രമത്തിന്റെ അസുരതകളെക്കുറിച്ച് മുന്നറയിപ്പ് നല്‍കുന്നതോടൊപ്പം നൈര്യാശത്തിന്റെയും അന്യാധീനത (അലിനേഷന്‍) യുടെയും പ്രകടന പത്രികകളാവുകയും ചെയ്തു. പാശ്ചാത്യന്‍ നാഗരികതയുടെ തന്നെ മരണമണഇ മുഴങ്ങിക്കഴിഞ്ഞുവെന്ന താക്കീതുകളായിരുന്നു ഓസ്വാദ് സ്‌പെഗ്ലറുടെ ഡിക്ലൈന്‍ ഓഫ് ദി വെസ്റ്റ്, ഗെയ്‌ഥെയുടെ ഫോസ്റ്റ് എന്നിവ. നൈരാശ്യം അതിന്റെ മൂര്‍ദ്ധന്യദശയിലെത്തുന്ന രംഗങ്ങളാണഅ കമ്യുവിന്റെ ദി മിത്ത് ഓഫ് സിസിഫ്‌സ്, കാഫ്കയുടെ മെറ്റമോര്‍ഫോസിസ് തുടങ്ങിയ രചനകള്‍. ഈ കാലയളവില്‍ തന്നെയാണഅ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തേണഅട അവരുടെ സംരക്ഷകരായി വര്‍ത്തിക്കേണ്ടിയിരുന്ന രാഷ്ട്രം (സ്റ്റേറ്റ്) മനുഷ്യന്റെ പുരോഗമന ചോദനകളുടെ സര്‍വസംഹാരിയായ മെറ്റഫറായി മാറുന്നതും. ആധുനികത സൃഷ്ടിച്ച് രാഷ്ട്രങ്ങളിലെ, പൗരന്മാരുടെ സമഷ്ടി സ്മൃതിയും അനുഭവങ്ങളുമാണ് സ്റ്റേറ്റ് എന്ന സാമൂഹിക സ്ഥാപനത്തോടുള്ള യൂറോപ്യന്‍ പ്രതികരണങ്ങളുടെ പൊതുസ്വഭാവം നിര്‍ണയിച്ചതെന്ന് മനസിലാക്കാനാവും. ഭരണകൂട ഭീകരതയുടെയും സാമ്രാജ്യത്വ ഹിംസയുടെയും ലിബറലിസ്റ്റ് പാഠഭേദത്തെ അപഗ്രഥിക്കുന്ന ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുടെ മാന്‍ വേഴ്‌സസ് ദ സ്റ്റേറ്റ് എന്ന കൃതി. സിവില്‍ സൊസൈറ്റിയെയും സ്റ്റേറ്റിനെയും ദ്വന്ദങ്ങളായി പ്രതിഷ്ഠിക്കുന്ന മാര്‍ക്‌സിയന്‍ വീക്ഷണങ്ങളുടെ പ്രതിഫലനങ്ങല്‍ പില്‍ക്കാലത്ത് ഫൂക്കോയുടെ ‘ബയോപൊളിറ്റിക്‌സ്’ എന്ന സങ്കല്‍പത്തിലും ദര്‍ശിക്കാനാവും. എങ്കിലും സമൂഹത്തില്‍ നിന്ന് ഉന്‍മൂലനം ചെയ്യപ്പെടേണ്ട ഒരു സ്ഥാപനമായി സ്റ്റേറ്റിനെ മാര്‍ക്‌സിസ്‌റഅറുകളും അനാര്‍ക്കിസ്റ്റുകളും വീക്ഷിക്കുന്നതിനെ ഫൂക്കോ വിമര്‍ശിക്കുന്നുണ്ട്.
ഡിസ്‌ട്ടോപ്യന്‍ സാഹിത്യാനുഭവങ്ങളുടെ തീക്ഷ്ണമായ സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ ഉട്ടോപ്യന്‍ ആഖ്യാനങ്ങളുടെ തുടര്‍ച്ചയാണ് ജോണ്‍ റോള്‍സിന്റെ എ തിയറി ഓഫ് ജസ്റ്റിസ്, റിച്ചാര്‍ഡ് റോര്‍ട്ടിയുടെ കോന്റിന്‍ജന്‍സി, ഐറണി ആന്‍ഡ് സോളിഡാരിറ്റി എന്നീ കൃതികളില്‍ കാണാനാവുന്നത്. പ്രതീക്ഷയുടെ അപാരമായ സാധ്യതകളുടെ അടരുകളില്‍ തന്നെയാണ് ഏണസ്റ്റ് ബ്ലോഷും മനുഷ്യരാശിയുടെ അതിജീവനത്തിന്റെ ഭാവി അന്വേഷിക്കുന്നത്. പൗര സമൂഹത്തെയും രാഷ്ട്രത്തെയും കുറിച്ച പ്രതീക്ഷയുടെയും ഭീതി നൈരാശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ക്രിസ്തു വര്‍ഷം പത്താം നൂറ്റാണ്ടില്‍ ജീവിച്ച തത്വചിന്തയുടെ രണ്ടാം ആചാര്യനെ (മാജിസ്റ്റര്‍ സീകന്‍ഡസ്) ന്ന് ഖ്യാതി നേടിയ അബൂനസ്ര്‍ അല്‍ ഫാറാബിയുടെ ആറാഉ അഹ്‌ലില്‍ മദീനതില്‍ ഫാളില എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി. പ്ലേറ്റോയുടെ റിപബ്ലിക്കിന് ശേഷം പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഇത്രയേറെ പ്രസിദ്ധിയുള്ള ഗ്രന്ഥങ്ങള്‍ വിരളമാണ്.

ഫാറാബി

അബൂ നസ്ര്‍ മുഹമ്മദ്ബ്‌നു മുഹമ്മദ് അല്‍ ഫാറാബി എന്ന് പൂര്‍ണ നാമം. പാശ്ചാത്യലോകത്ത് അല്‍ഫറാബിയസ് എന്നറിയപ്പെടുന്ന അദ്ദേഹം ഏകദേശം എ.സി 872 നോടടുത്ത് മധ്യേഷ്യയിലെ ഫാറാബ് എന്ന സ്ഥലത്ത് ജനിച്ചു. പിന്നീട് ബഗ്ദാദിലെത്തിയ അദ്ദേഹം തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അവിടെ കഴിച്ചുകൂട്ടി. നെസ്റ്റോറിയന്‍ പുരോഹിതനായിരുന്ന യൂഹന്ന, ബിന്‍ ഹയ്‌ലാനില്‍ നിന്ന് ന്യായ ശാസ്ത്രം, വൈദ്യശാസ്ത്രം, സമൂഹ ശാസ്ത്രം എന്നിവയഭ്യസിച്ചു. കൂടാതെ അരിസ്‌റ്റോട്ടിലിന്റെ പോസ്റ്റീരിയര്‍ അനലിറ്റിക്‌സും ഇതേ ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്ന് അദ്ദേഹം പഠിക്കുകയുണ്ടായി. പിന്നീട് മൊറോക്കോയിലെ ടെറ്റ്‌വാന്‍ എന്ന സ്ഥലത്ത് അല്പകാലം താമസിച്ചു പഠിച്ചു. പിന്നീട് അലപ്പോയിലെത്തിയ അദ്ദേഹം കുറച്ചു കാലം അവിടെ അധ്യയനം നടത്തുന്നതില്‍ ചെലവഴിച്ചു. പിന്നീട് ഈജിപ്തില്‍ അല്പകാലം താമസിച്ചതിനു ശേഷം സറിയയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ ഹമദാനി ഭരണകര്‍ത്താവ് സൈഫുദ്ദൗല രാജകീയമായി സ്വീകരിച്ചു. എ.സി 950 ല്‍ ഡമസ്‌കസില്‍ വെച്ച് അന്ത്യശ്വാസം വലിക്കുമ്പോഴേക്കും മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ തത്വചിന്തകനായി അദ്ദേഹം മാറിയിരുന്നു.
പൂര്‍ണാര്‍ഥത്തില്‍ ഒരു റിനൈസന്‍സ് മാന്‍ ആയിരുന്ന ഫാറാബി നിരവധി ഗഹനമായ അമൂല്യ ഗ്രന്ഥങ്ങള്‍ തന്റെ ജീവിതകാലയളവില്‍ സൃഷ്ടിച്ചു. പില്‍ക്കാലത്തെ തത്വചിന്തയുടെ ആചാര്യനായ അല്‍ ശൈഖ് അര്‍റഈസ് ഇബ്‌നു സീന അരിസ്റ്റോട്ടിലിന്റെ മെറ്റാഫിസിക്‌സ് നാല്‍പതു വട്ടം വായിച്ചിട്ടും ഗ്രഹിക്കാനാകാതെ വിഷമ സന്ധിയിലായപ്പോള്‍ ഫാറാബിയുടെ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ രക്ഷക്കെത്തുന്നത്. അശ്അരീ ചിന്തയുടെ അനിഷേധ്യ വക്താവ് ഇമാം ഗസാലി(റ)യുടെ തഹാഫുതുല്‍ ഫലാസിഫയുടെ പ്രധാന രണ്ട് ഉന്നങ്ങളിലൊരാള്‍ ഫാറാബിയായിരുന്നു എന്നതും അദ്ദേഹത്തിന്റെ തത്വചിന്തയിലെ അഗ്രിമസ്ഥാനത്തെ അടിവരയിടുന്നു.
തന്റെ കൃതികളില്‍ ഏറെ പ്രസിദ്ധമാണ് കിതാബുല്‍ മൂസീഖാ അല്‍ കബീര്‍ എന്ന മ്യൂസിക്കല്‍ ഫിലോസഫിയെ കുറിച്ച ബൃഹദ് ഗ്രന്ഥം. മധ്യകാലഘട്ടങ്ങളില്‍ സംഗീതത്തെകുറിച്ച പൗരസ്ത്യ പാശ്ചാത്യന്‍ പഠനങ്ങളുടെയെല്ലാം ആധികാരിക സ്രോതസ്സായി ഗണിക്കപ്പെട്ടിരുന്നത് ഈ ഗ്രന്ഥമാണ്. പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ചിന്തകള്‍ തമ്മിലുള്ള അന്തരം കുറക്കാനുള്ള ശ്രമമായ ‘അല്‍ജംഉ ബൈന റഅ്‌യയ് അല്‍ഹകീമൈനി; അഫ്‌ലാത്വൂന്‍ വഅറസ്ത്വൂ’ (ഫിലസോഫി ഓഫ് പ്ലേറ്റോ ആന്റ് അരിസ്‌റ്റോട്ടില്‍) ആണ് മറ്റൊരു സുപ്രധാന കൃതി. രാഷ്ട്ര സംവിധാനത്തിന്റെയും ഭരണ നിര്‍വഹണത്തിന്റെയും മാര്‍ഗ ദര്‍ശകങ്ങളായ അടിസ്ഥാന പ്രമാണങ്ങളെ വിവരിക്കുന്ന കിടയറ്റ ഗ്രന്ഥങ്ങള്‍ തന്നെ ഫാറാബിയുടേതായുണ്ട്. ഫുസൂല്‍ മുന്‍തസഅ (സെല്ക്ടിഡ് അഫോറിസംസ്), സ്സിയാസതുല്‍ മദനിയ്യ (പൊളിറ്റിക്കല്‍ റെജിം), തഹ്‌സീലുസ്സആദ്: (ദി അറ്റെയ്ന്‍മെന്റ് ഓഫ് ഹാപ്പിനെസ്സ്), അല്‍മദീനതുല്‍ ഫാളില (ഐഡിയല്‍ സ്റ്റേറ്റ്) എന്നിവ ഫാറാബിയെന്ന രാഷ്ട്രീയ ചിന്തകന്റെ ധിഷണാ വിലാസത്തിന്റെ അനശ്വര മുദ്രകളായി ഇന്നും അക്കാദമിക ലോകത്ത് ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമായി തുടരുന്നു. പ്ലേറ്റോയുടെ ‘റിപബ്ലിക്കി’ല്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഇസ്‌ലാമിക സാംസ്‌കാരിക ചിഹ്നങ്ങളുടെ താത്വികാടിത്തറയില്‍ പണിതുയര്‍ത്തിയ സ്വപ്‌ന നഗരിയാണ് അല്‍ മദീനതുല്‍ ഫാളില എന്ന തന്റെ ഗ്രന്ഥം. ഈ കൃതിയാണ് ഇവിടെ നമ്മുടെ ചര്‍ച്ചാ വിഷയം.
(തുടരും)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.