അല്‍പം തത്വചിന്ത മനുഷ്യമനസ്സിനെ ദൈവനിഷേധത്തിലേക്ക് നയിക്കുമ്പോള്‍ തത്വചിന്തയിലുള്ള അഗാത ജ്ഞാനം മതവിശ്വാസത്തിലേക്ക് ആനയിക്കുന്നു: ഫ്രാന്‍സിസ് ബേക്കണ്‍.
ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്താലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ഫ്രെഡറിക് നീത്‌ഷേയുടെ ‘അങ്ങനെയാണ് സൗരാഷ്ട്രര്‍ സംസാരിച്ചത്’ (ദസ് സ്‌പോക്ക് സൊരാഷ്ട്രര്‍) എന്ന കൃതിയിലെ ‘ദൈവത്തിന്റെ അന്ത്യം’.
നീത്‌ഷേയുടെ ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് ഡെത്ത് ഓഫ് ഗോഡ് മൂവ്‌മെന്‍ന്റ്’ കള്‍ വരെ ഇരുപതാം നൂറ്റാണ്ടില്‍ സജീവ സാന്നിധ്യമായി മാറുകയും മതവിശ്വാസത്തിന്റെ ശാസ്ത്രീയതയും യുക്തി ഭദ്രതയും നിരന്തരം വെല്ലുവിളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ നീത്‌ഷേ പ്രവചിച്ചതുപോലെ ദൈവം യഥാര്‍ഥത്തില്‍ ആധുനികതയുടെയും പ്രബുദ്ധതയുടെയും വിപ്ലവകരമായ പരസരങ്ങളില്‍ കുഴിച്ചു മൂടപ്പെടുകയായിരുന്നുവോ അതോ മതവിശ്വാസം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുകയാണോ ഉണ്ടായത്?
ശാസ്ത്രം മതത്തെ അപ്രസക്തവും അനാവശ്യവുമാക്കിയെന്ന വാദം ഇലക്ട്രിക് ടോസ്‌കറുള്ളത് കൊണ്ട് നമുക്ക് ‘ചെക്കോവി’നെ മറക്കാമെന്ന പരസ്പര ബന്ധമില്ലാത്ത ജല്‍പനത്തിനു തുല്യമാണെന്ന് പ്രസിദ്ധ ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചിന്തകനായ ടെറി ഈഗിള്‍ടണ്‍. തന്റെ റീസന്‍, ഫെയ്ത് ആന്റ് റെവലൂഷന്‍സ് ഓണ്‍ ദി ഗോഡ് ഡിബൈറ്റ് എന്ന കൃതിയില്‍ റിച്ചാര്‍ഡ് ഡോകിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തുടങ്ങിയ നിരീശ്വര മൗലികവാദികള്‍ തങ്ങളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും വക്താക്കളായി സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അവരെ അങ്ങനെ വിശ്വസിക്കാന്‍ തരമില്ലെന്നും ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നു.
ആധുനികോത്തരലോകത്ത് മതങ്ങളുമായി സംവദിക്കാന്‍ വിസമ്മതിക്കുകയെന്നത് സാംസ്‌കാരികവും ധൈഷണികവുമായ അബദ്ധമാണെന്ന് പറഞ്ഞത് ജര്‍മന്‍ തത്വചിന്തകനായ ജുര്‍ഗണ്‍ ഹേബര്‍മാസ്. മതനിരപേക്ഷോത്തര സമൂഹ (പോസ്റ്റ് സെക്യുലര്‍ സൊസൈറ്റീസ്) ങ്ങളെന്ന തന്റെ സങ്കല്‍പത്തിലൂടെ മതസമൂഹങ്ങളുടെ അനുഭൂതി സഞ്ചയങ്ങള്‍ക്ക് സാമൂഹ്യ ശാസ്ത്ര പഠനങ്ങളില്‍ കൃത്യമായൊരിടം നല്‍കുന്നുണ്ട് യൂറോപ്പിലെ ജീവിച്ചിരിക്കുന്ന തത്വജ്ഞാനികളില്‍ പ്രമുഖനായ ഇദ്ദേഹം.
ആധുനികവല്‍ക്കരണത്തിന്റെയും പ്രബുദ്ധവല്‍ക്ക (റാഷണലിസേഷന്‍) രണത്തിന്റെയും അന്തിമ ഫലമെന്നോണം മതം ആധുനിക-ആധുനികോത്തര സമൂഹങ്ങളില്‍ നിന്ന് ക്രമേണ അപ്രത്യക്ഷമാകുമെന്ന മതേതരവല്‍ക്കരണ (സെക്യുലറിസേഷന്‍) സിദ്ധാന്തം ഇന്ന് അക്കാദമിക ലോകത്ത് കനത്ത വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് വ്യക്തമായി മനസിലാക്കാനാവും. മാര്‍ക്‌സ്, ഫ്രോയ്ഡ്, മാക്‌സ് വെബര്‍, എമില്‍ ഡര്‍ക്കൈം തുടങ്ങിയ സമൂഹ ശാസ്ത്ര പിതാമഹന്മാരുടെ ഉട്ടോപ്യന്‍ സ്വപ്‌നമാണ് യുവ തലമുറയുടെ ഗഹനമായ ഗവേഷണങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നടിയുന്നത്.
2013-ല്‍ അന്തരിച്ച അമേരിക്കന്‍ സമൂഹ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബെല്ലയുടെ സൂക്ഷ്മ പര്യവേഷണങ്ങളും ഈ വസ്തുതയെ പൂര്‍വോപരി ശക്തിപ്പെടുത്തുന്നു. റിലീജിയന്‍ ഇന്‍ ഹ്യൂമന്‍ എവല്യൂഷന്‍ (2011), ദ ന്യൂ റിലീജിയസ് കോണ്‍ഷ്യസ്‌നെസ് (1976), റിലീജിയന്‍ ആന്റ് പ്രോഗ്രസ് ഇന്‍ മോഡേണ്‍ ഏഷ്യ (1965) തുടങ്ങിയ കൃതികളില്‍ മതസമൂഹങ്ങളുടെ ജീവിതാനുഭൂതി (ലീവിഡ് എക്‌സ്പീരിയന്‍സ്) കളെ മതേതരാന്ധതയുടെ തിമിരം ബാധിക്കാത്ത കണ്ണുകളിലൂടെ ദര്‍ശിക്കുന്നുണ്ട് ബെല്ല. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും അത്ഭുതപൂര്‍വമായ വളര്‍ച്ച മതങ്ങളുടെ തകര്‍ച്ചക്ക് നിദാനമായെന്ന നിരീക്ഷണം ഒരളവിലും ശാസ്ത്രീയമല്ല; മറിച്ച് അത്തരമൊരു നിരീക്ഷണം തീര്‍ത്തും സിദ്ധാന്ത ജടിലം മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു.
മതേതരവല്‍ക്കരണത്തിന്റെ വക്താക്കളില്‍ പ്രമുഖനായിരുന്ന അമേരിക്കന്‍ സമൂഹ ശാസ്ത്രജ്ഞന്‍ പീറ്റര്‍ ബര്‍ഗര്‍ (1929-2017) തന്റെ വാദം പിന്‍വലിക്കുകയും ആദ്യകാല കൃതിയായ ദി സാക്രിഡ് കനോപി എന്ന മതേതരവല്‍ക്കരണ മാനിഫെസ്റ്റോ’ ക്ക് മറുപടിയെന്നോണം രചിച്ച ദി ഡീസെക്കുലറിസേഷന്‍ ഓഫ് ദി വേള്‍ഡ് എന്ന കൃതിയില്‍ പാശ്ചാത്യന്‍ അക്കാദമിക ലോകത്തിന്റെ മതേതര മുന്‍വിധിയെന്ന കാപട്യത്തെ തുറന്നെതിര്‍ക്കുന്നുണ്ട്. യൂറോപ്പിലെയും പാശ്ചാത്യന്‍ അക്കാദമിക ലോകത്തെയും ഗവേഷകര്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ സമീപകാലത്തുണ്ടായ ഗവേഷണ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ഇരുപതാം നൂറ്റാണ്ടിലെ ബിംബങ്ങളായ മാര്‍ക്‌സ്, ഫ്രോയ്ഡ്, ഡര്‍ക്കൈം തുടങ്ങിയവരെ അന്ധമായി പൂജിക്കുകയുമാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മതേതരവല്‍കരണവും പ്രതിമതേതരവല്‍കരണവും തമ്മിലുള്ള സംവാദഭൂമികയിലേക്കാണ് ജര്‍മന്‍ തത്വചിന്തകന്‍ ഹേബര്‍മാസിന്റെ ഉത്തര മതേതരത്വമെന്ന പോസ്റ്റ് സെക്കുലറിസം വരവറിയിക്കുന്നത്. ഉത്തരാധുനിക ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മതവിശ്വാസത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവിനെ പുതിയ വിശകലനോപാധികളോടെയാണ് അദ്ദേഹം നോക്കികാണുന്നത്. ഹേബര്‍മാസിനെ സംബന്ധിച്ചിടത്തോളം നിരന്തരം മതേതരവത്കരണ പ്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ മത സമൂഹങ്ങള്‍ നിലനില്‍പ് തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് പോസ്റ്റ് സെക്കുലറിസം. കഴിഞ്ഞ നൂറ്റാണ്ടിലെ മതേതരവല്‍ക്കരണ സിദ്ധാന്തങ്ങളുടെ തുടര്‍ച്ചയെന്നതിലുപരി പോസ്റ്റ് സെക്കുലറിസം വിഭാവന ചെയ്യുന്നത് ഒരു പാരഡൈം ഷിഫ്റ്റ് തന്നെയാണ്. ശാസ്ത്രീയവും നോണ്‍ മെറ്റാഫിസിക്കലോ പോസ്റ്റ് മെറ്റാഫിസിക്കലോ ആയ യുക്തിപരതയിലേക്കുള്ള പരിവര്‍ത്തനമാണ് ഹേബര്‍മാസ് പരികല്‍പന ചെയ്യുന്നത്.
ഡേവിഡ് ഹ്യൂമിന്റെ സ്വാധീനവലയത്തിലകപ്പെട്ട് തന്റെ ക്രിറ്റിക്ക് ഓഫ് പ്യൂര്‍ റീസണ്‍ (ശുദ്ധയുക്തിയുടെ വിമര്‍ശം)ല്‍ മെറ്റാഫിസിക്‌സിനു നേര്‍ക്ക് കാന്റ് തുടങ്ങിവെച്ച ആക്രമണങ്ങള്‍ വോള്‍ട്ടയര്‍, റൂസ്സോ, നീത്‌ഷേ തുടങ്ങിയവരില്‍ അവസാനിക്കുന്നതാണെന്നാണ് ഹൈഡഗ്ഗറുടെയും വിറ്റ്‌ഗെന്‍സ്‌റ്റെന്‍െയും ഉദാഹരണങ്ങള്‍ നല്‍കുന്ന പാഠം.
കനേഡിയന്‍ തത്വചിന്തകനും സമൂഹശാസ്ത്രജ്ഞനുമായ ചാള്‍സ് ടൈലര്‍ തന്റെ പ്രസിദ്ധ കൃതി ‘എ സെക്യുലര്‍ എയ്ജ്’ എന്ന കൃതിയിലും ഹേബര്‍മാസിന്റേതിനു സമാനമായ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ തലാല്‍ അസദും മതേതര സാമൂഹിക മണ്ഡലത്തില്‍ സമകാലിക ലോകത്ത് മതവിശ്വാസം നിര്‍ണയിക്കുന്ന ഭാഗധേയത്തെ വിശദമായി വിവരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ ആധുനികത (മോഡേണിറ്റി) യുടെയും പ്രബുദ്ധത (എന്‍ലൈറ്റ്‌മെന്റ്) യുടെയും ഹിജമണിക് സുപ്രീമസിയെ അതിവര്‍ത്തിച്ചു കൊണ്ട് മതിചന്തയും മെറ്റാഫിസിക്‌സും ഉത്തരാധുനിക ജീവിതപരിസരങ്ങളെ മുമ്പെന്നത്തേക്കാളുമുപരി ഗ്രസിച്ചു നില്‍ക്കുന്നുണ്ട്. ലോകമെമ്പാടും മതചിന്തയുടെ വിപുലമായ നവജാഗരണങ്ങള്‍ക്കാണ് പുതുനൂറ്റാണ്ട് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ ശാസ്ത്രത്തിലും നരവംശസാത്രത്തിലും നടന്ന പുതിയ ഗവേഷണങ്ങള്‍ മതേതരത്വത്തെ കുറിച്ച പരമ്പരാഗത ബൃഹദാഖ്യാന (മെറ്റാ നരേറ്റീവ്‌സ്) ങ്ങളെ പുന:പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈയൊരു പശ്ചാത്തലത്തിലാണ് മതവും യുക്തിയും തമ്മില്‍ നിലനില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന വടം വലികളുടെ യാഥാര്‍ഥ്യം അനാവൃതമാക്കപ്പെടേണ്ടത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും വെളിപാടും (റിവലേഷന്‍) യുക്തി (റീസന്‍) യും തമ്മിലുള്ള പാരസ്പര്യത്തിന്റെ സുവര്‍ണ അധ്യായങ്ങളുടെ പുനര്‍വായന പ്രസക്തമാക്കുന്നത് ഇവിടെയാണ്.
രണ്ട് മാസം മുമ്പ് അന്തരിച്ച ബ്രിട്ടീഷ്-അമേരിക്കന്‍ ഓറിയന്റലിസ്റ്റ് ബര്‍ണാഡ് ലൂയിസിന്റെ വിഖ്യാത കൃതിയാണ് ‘വാട്ട് വെന്റ് വ്രോംങ്? വെസ്‌റ്റേണ്‍ ഇംപാക്ട് ആന്റ് മിഡില്‍ ഈസ്റ്റേണ്‍ റെസ്‌പോന്‍സ് (2002). 1683 ലെ രണ്ടാം ഒട്ടോമന്‍ വിയന്ന ഉപരോധത്തിന്റെ പരാജയത്തോടെ മുസ്‌ലിം ലോകം ആധുനികവല്‍ക്കരിക്കപ്പെടാതെ പോകുകയും പാശ്ചാത്യ ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിയാതെ പല മേഖലകളിലും പിന്നാമ്പുറത്തേക്ക് തള്ളപ്പെടുകയും ചെയ്തുവെന്നാണ് സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ ലൂയിസ് സമര്‍ഥിക്കുന്നത്. തന്റെ വിവാദ ഗ്രന്ഥം ദി റൂട്‌സ് ഓഫ് മുസ്‌ലിം റൈജില്‍ ഇസ്‌ലാമിക ലോകം ആധുനികതക്ക് മുന്നില്‍ പകച്ചു പോയതായും ക്രിസ്തുമതം കടന്നു പോയതു പോലൊരു പ്രബുദ്ധത (എന്‍ലൈറ്റ്‌മെന്റ്) യുടെ ദശയിലൂടെ കടന്നു പോയിട്ടില്ലെന്നും അദ്ദേഹം എഴുതുന്നു. തന്റെ ഇസ്‌ലാമോഫോബിക് കൃതികളിലൂടെ ഒരു തലമുറയെ ഒന്നടങ്കം ഇസ്‌ലാം വിരുദ്ധരാക്കി മാറ്റിയെടുക്കാന്‍ ലൂയിസിനു കഴിഞ്ഞു. എഡ്വേര്‍ഡ് സൈദ്, ഹമീദ് ദബാശി, സഅദ് അബൂഖലീല്‍ തുടങ്ങിയ ചിന്തകരുടെ വിമര്‍ശനങ്ങളൊന്നും പാശ്ചാത്യ ലോകത്തെ അക്കാദമിക്കുകള്‍ കാര്യമായി സ്വീകരിച്ചിട്ടില്ല. ലൂയിസിന്റെ പാതയില്‍ കടന്നുവന്ന യുവ പത്രപ്രവര്‍ത്തകനാണ് ലണ്ടനില്‍ ജനിച്ച ക്രിസ്റ്റഫര്‍ ഡി ബെല്ലായ്. 2017 ല്‍ പുറത്തിറങ്ങിയ തന്റെ ദി ഇസ്‌ലാമിക് ‘എന്‍ലൈറ്റ്‌മെന്റ്: ദി മോഡേണ്‍ സ്ട്രഗിള്‍ ബെറ്റ്‌വീന്‍ ഫെയ്ത് ആന്റ് റീസന്‍’ എന്ന കൃതിയുടെ ആരംഭത്തില്‍ തന്നെ ഇങ്ങനെ കാണാം. ദി ഇസ്‌ലാമിക് എന്‍ലൈറ്റ്‌മെന്റ്: എ കോണ്‍ട്രാഡിക്ഷന്‍ ഇന്‍ ടേംസ്? (ഇസ്‌ലാമിക പ്രബുദ്ധത: പദങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം വല്ലതും?). ഇസ്‌ലാമിനെയും പ്രബുദ്ധതയെയും വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ഓറിയന്റലിസ്റ്റ് ആഖ്യാനത്തിന്റെ തുടര്‍ച്ച ഈ കൃതിയിലും കാണാം. ഏക വ്യത്യാസം നെപ്പോളിയന്റെ ഈജിപ്ഷ്യന്‍ പര്യടനത്തോടെ മുസ്‌ലിം ലോകം ആധുനികതയുമായി നേര്‍ക്കു നേര്‍ സമാഗമം ചെയ്തുവെന്ന മറ്റൊരു വീക്ഷണമാണ്. ഈ നിരീക്ഷണവും യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവുമായിരുന്നു ആധുനികതയുടെ യഥാര്‍ഥ ശത്രുക്കളെന്നും അതുകൊണ്ട് തന്നെ ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് സ്വതന്ത്രമാവുന്നത് വരെ മുഹമ്മദലി പാഷയുടെ ഈജിപ്തിലോ കമാല്‍ പാഷയുടെ തുര്‍ക്കിയിലോ ആധുനികതയോ പ്രബുദ്ധതയോ കടന്നുവന്നില്ലെന്ന് ക്രിസ്റ്റഫര്‍ ബെല്ലായ് പറഞ്ഞുവെക്കുന്നു.
എന്നാല്‍, മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക പ്രചോദനത്തോടെ പ്രബുദ്ധത ഉയിരെടുത്തില്ലെന്ന ആഖ്യാനത്തോടുള്ള മുസ്‌ലിം പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. അബ്ദുറഹ്മാന്‍ ബദവി, മുഹമ്മദ് അര്‍ഖൂന്‍, ആബിദ് ജാബിരി തുടങ്ങിയവര്‍ ഇസ്‌ലാമിക വിശ്വാസത്തെയും അതിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഉള്ളടക്കത്തെ പാശ്ചാത്യന്‍ പ്രബുദ്ധതയുടെ ആധുനിക മൂല്യങ്ങള്‍ക്കനുസരിച്ച് അപനിര്‍മിക്കാനുള്ള ശ്രമമായിരുന്നു ഒരു വശത്ത് നടത്തിയത്. അപകര്‍ഷ ബോധത്താല്‍ പ്രചോദിതമായ ഈ പ്രതികരണം ഇസ്‌ലാമിന്റെ ചരിത്രത്തെയും പൈതൃകത്തെയും യൂറോസെന്‍ട്രിക് ലെന്‍സിലൂടെ വീക്ഷിക്കാനുള്ള ശ്രമമായിരുന്നു.
ക്രിസ്തു മതത്തില്‍ നിന്ന് ഭിന്നമായി, ഇസ്‌ലാം അടിസ്ഥാന തത്വങ്ങളിലൊന്നും ശാസ്ത്രവുമായ വൈരുദ്ധ്യം പുലര്‍ത്തുന്നില്ലെന്നതു കൊണ്ട് തന്നെ ഇസ്‌ലാമിന് പ്രബുദ്ധതയുടെ ആവശ്യം തന്നെ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് ഈജിപ്ഷ്യന്‍ പണ്ഡിതനായ അല്‍-തുജൈ്വരിയെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹം പറയുന്നു: ‘പാശ്ചാത്യന്‍ പ്രബുദ്ധത പൂര്‍ണമായും മതവിരുദ്ധമായിരുന്നു. അതിന്നും അപ്രകാരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക പ്രബുദ്ധത, നേരെ മറിച്ച് വിശ്വാസത്തെയും ശാസ്ത്രത്തെയും, യുക്തിയെയും മതത്തെയും സമജ്ഞസമായി സമ്മേളിപ്പിക്കുന്നതായിരുന്നു’.
ചുരുക്കത്തില്‍, പാശ്ചാത്യന്‍ ഓറിയന്റലിസ്റ്റുകളും മാര്‍ക്‌സിസ്റ്റ് ലിബറലുകളും അവരുടെ ആരാധകരായ മുസ്‌ലിം ലിബറലുകളും ആവശ്യപ്പെടുന്ന പാശ്ചാത്യന്‍ പ്രബുദ്ധതയുടെ ഇസ്‌ലാമിക പുനരാവിഷ്‌കാരം ശുദ്ധ അസംബന്ധമാണെന്ന് മനസിലാക്കാനാവും. ഇരു നാഗരികതകളുടെയും ധൈഷണികാനുഭവങ്ങലുടെ വ്യത്യാസം ഗ്രഹിക്കുവാനുള്ള ചരിത്രബോധം നേടുന്നതോടെ പ്രബുദ്ധതക്ക് വേണ്ടിയുള്ള ഇത്തരം അനാവശ്യമുറവിളികള്‍ അപ്രത്യക്ഷമാകും.
യവന തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും രംഗപ്രവേശമാണ് യൂറോപ്പില്‍ നവോത്ഥാനത്തിനും ശേഷം മതപരിഷ്‌കരണം (റിഫോര്‍മേഷന്‍), പ്രബുദ്ധത (എന്‍ലൈറ്റ്‌മെന്റ്) എന്നീ പ്രതിഭാസങ്ങള്‍ക്കും കളമൊരുക്കിയത്. ക്രിസ്തുവര്‍ഷം പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലേക്ക് വ്യാപിച്ചു കിടക്കുന്ന ഒരു ദീര്‍ഘകാല ചരിത്ര പ്രക്രിയയായിരുന്നു പ്രബുദ്ധതയെങ്കില്‍ മുസ്‌ലിം ലോകത്ത് ഇവയെല്ലാം എട്ടാം നൂറ്റാണ്ടോടുകൂടി ആരംഭിച്ചിരുന്നു. അബ്ബാസി ഖലീഫ ഹാറൂണ്‍ റശീദി (763-809 എ.സി) ന്റെ ഭരണകാലത്ത് സ്ഥാപിതമായ ‘ബൈതുല്‍ ഹിക്മ’യിലൂടെ മുസ്‌ലിം ലോകത്തേക്ക് കടന്നുവന്ന യവന തത്വചിന്തയും ശാസ്ത്രവും പരിവര്‍ത്തനത്തിന്റെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചു. ക്രിസ്ത്യന്‍ യൂറോപ്പിന് നേരിടേണ്ടി വന്ന സംഘര്‍ഷങ്ങള്‍ മുസ്‌ലിം ലോകത്തെയും പിടികൂടിയിരുന്നു.
പുതിയതായി തങ്ങളുടെ ധൈഷണിക പരിസരത്തേക്ക് കടന്നു വന്ന ശാസ്ത്രത്തോടും തത്വചിന്തയോടുമുള്ള മുസ്‌ലിം പ്രതികരണങ്ങള്‍ പ്രധാനമായും മൂന്ന് വിധമായിരുന്നു. വിശ്വാസപ്രമാണങ്ങളെ അക്ഷരാര്‍ഥത്തില്‍ മാത്രമൊതുക്കി വ്യാഖ്യാനിച്ച വളരെ കര്‍ക്കശക്കാരായ ഒരു വിഭാഗം ശാസ്ത്രത്തോടും തത്വചിന്തയോടും പൂര്‍ണമായും നിഷേധാത്മക നിലപാട് പുലര്‍ത്തി. യവന ചിന്തയുടെ മാസ്മരിക പ്രഭാവത്തില്‍ തങ്ങളുടെ സ്വത്വബോധവും ഓട്ടോണമിയും നഷ്ടമായ രണ്ടാമതൊരു വിഭാഗം മതപ്രമാണങ്ങളെ അപകര്‍ഷതയോടെ വീക്ഷിക്കുകയും വിശ്വാസത്തിനും വെളിപാടിനും രണ്ടാം കിട സ്ഥാനം നല്‍കിയവരായിരുന്നു. എന്നാല്‍, മൂന്നാമതൊരു വിഭാഗം തത്വചിന്തക്കും മതത്തിനുമിടയില്‍ രമ്യമായ രീതിയില്‍ പാലം പണിയുകയും മതചിന്തയുടെ വിശ്വാസ ദര്‍ശനത്തിന്റെ യുക്തി ഭദ്രത ഉറപ്പു വരുത്തുകയുമുണ്ടായി.
മൂന്നാമത്തെ അനുരജ്ഞന ധാരയാണ് മുസ്‌ലിം ലോകത്ത് മേല്‍ക്കൈ നേടുന്നതും മത വ്യവഹാരത്തിന്റെ മുഖ്യധാരാ സമീപനവുമായി മാറുന്നതും. അല്‍ കിന്ദി, ഫാറാബി, ഇബ്‌നു സീന, ഇമാം ഗസാലി (റ), ഇമാം റാസി (റ), ഇബ്‌നു തുഫൈല്‍, ഇബ്‌നു റുശ്ദ് തുടങ്ങിയ മുസ്‌ലിം ചരിത്രത്തിലെ ശോഭന അധ്യായങ്ങളെല്ലാം ഈ ധാരയിലാണ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. തത്വവിചാരവും മതചിന്തയും തമ്മില്‍ അതിശയകരമാം വിധം സാധ്യമായ സ്വരൈക്യമാണ് പടിഞ്ഞാറ് നേരിട്ട മതനിര്‍മുക്തമായ പ്രബുദ്ധതയുടെ തിക്താനുഭവങ്ങളില്‍ നിന്ന് മുസ്‌ലിം ലോകത്തെ സംരക്ഷിച്ചു പോന്നത്. കാലാകാലങ്ങളില്‍ ശാസ്ത്രലോകത്ത് നടന്നു കൊണ്ടിരുന്ന പുതിയ കണ്ടുപിടുത്തങ്ങളുമായി ആരോഗ്യകരമായ സംവാദത്തിലേര്‍പ്പെട്ടു കൊണ്ട് മതവും ശാസ്ത്രവും തമ്മില്‍ തെറ്റിദ്ധാരണകള്‍ക്കുമേല്‍ നിര്‍മിക്കപ്പെട്ട അനാവശ്യ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയുന്നതില്‍ വിജയിക്കുന്ന അനുഭവമാണ് ഇസ്‌ലാമിക പ്രബുദ്ധതക്ക് അയവിറക്കാനുള്ളത്. തത്വചിന്തയെ സ്വാംശീകരിച്ചെടുക്കുന്നതിന്റെ അളവില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും മാനവചിന്തയുടെ അപാര നേട്ടങ്ങളായി മൊത്തത്തില്‍ അതിനെ സ്വീകരിക്കാന്‍ അവര്‍ മടി കാണിച്ചില്ല.
യവന തത്വചിന്തയെ പൂര്‍ണമായും സ്വാംശീകരിച്ചെടുക്കാന്‍ യത്‌നിച്ച ചിന്തകരായിരുന്നു ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ് തുടങ്ങിയവര്‍. പൂര്‍ണമായിട്ടല്ലെങ്കിലും സിംഹഭാഗവും സ്വീകരിച്ച അതിനനുസൃതമായി മതപ്രമാണങ്ങളെ അതിരു വിട്ട് വ്യാഖ്യാനിച്ചവരായിരുന്നു ജാഹിള്, തള്ളാം തുടങ്ങിയവരടങ്ങിയ മുഅ്തസിലികള്‍. അരിസ്റ്റോട്ടീലിയന്‍ മെറ്റാഫിസിക്‌സിനെ അടിസ്ഥാനമാക്കി മതവിശ്വാസത്തെ വ്യാഖ്യാനിച്ചവരായിരുന്നു മേല്‍ പറഞ്ഞ ഇരു വിഭാഗങ്ങളും. എന്നാല്‍, അരിസ്റ്റോട്ടീലിയന്‍ മെറ്റാഫിസിക്‌സിനെ വിമര്‍ശനാത്മകമായി അപഗ്രഥിച്ചു കൊണ്ട് മത പ്രമാണങ്ങളോട് മൗലികമായി വിയോജിക്കുന്നയിടങ്ങളെ നിരാകരിക്കുകയും യുക്തിസഹമായവയെ സ്വീകരിക്കുകയും ചെയ്തവരായിരുന്നു അശ്അരികള്‍ എന്ന പേരിലറിയപ്പെട്ട മുസ്‌ലിം മുഖ്യധാര.
ഇമാം ഗസാലി (റ), ഇമാം റാസി (റ), ഈജി (റ) തുടങ്ങിയ മഹാമേതുക്കള്‍ ഈ നിരയെ സമ്പന്നമാക്കുന്നു. തത്വചിന്തയിലേക്കുള്ള പ്രവേശന കവാടമെന്ന് വിശേഷിപ്പിക്കാവുന്ന അരിസ്റ്റോട്ടീലിയന്‍ ലോജിക്കിനെ മുസ്‌ലിം മുഖ്യധാരക്ക് പരിചയപ്പെടുത്തി കൊണ്ട് ഇമാം ഗസാലി (റ) നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. ഏറ്റവുമൊടുവിലായി അമേരിക്കന്‍ നോവലിസ്റ്റ് ഡാന്‍ ബ്രൗണിന്റെ ‘ഒറിജിനി’ല്‍ പോലും മുസ്‌ലിം ശാസ്ത്ര ചിന്തയുടെ അന്തകനും യവന തത്വചിന്തയുടെ വിരോധിയുമായി ചിത്രീകരിക്കപ്പെട്ട ഇമാം ഗസാലി (റ) തന്നെ ഇത്രയും തുറന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ആര്‍ബറി, സാലിബ തുടങ്ങിയ ഗവേഷകര്‍ പറഞ്ഞു തരുന്നു. മതവും യുക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം കൃത്യമായി നിര്‍ണയിച്ചു കൊണ്ടുള്ള പ്രത്യേക രചനകള്‍ ഇസ്‌ലാമിക പ്രബുദ്ധതയുടെ സംവാദരംഗത്തെ കൂടുതല്‍ കൊടുമ്പിരി കൊള്ളിച്ചു. ഇമാം ഗസാലി (റ) യുടെ തഹാഫുതുല്‍ ഫലാസിഫ, ഇമാം റാസി (റ) യുടെ അസാസുത്തഖ്ദീസ്, ഇബ്‌നു തുഫൈലിന്റെ ഹയ്യുബ്‌നു യഖഌന്‍, ഇബ്‌നു നഫീസിന്റെ രിസാലതുല്‍ കാമിലിയ്യ, ഇബ്‌നു തൈമിയയുടെ ദര്‍ഉ തആറുളില്‍ അഖ്ല്‍ വന്നഖ്ല്‍ തുടങ്ങിയ കൃതികള്‍ അവയില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഈ ഗണത്തില്‍ നിര്‍ണായക സ്ഥാനമലങ്കിരിക്കുന്ന രചനയാണ് ഇബ്‌നു റുശ്ദിന്റെ ഫസ്വ്‌ലുല്‍ മഖാല്‍ ഫീ ബൈനശ്ശരീഅത്തി വല്‍ ഹിക്മതി മനല്‍ ഇത്തിസാല്‍ എന്ന കൃതി. തത്വചിന്തയും മതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച അന്തിമ തീരുമാനം എന്ന് അര്‍ഥം വരുന്ന ഗ്രന്ഥം യവന തത്വചിന്തക്ക് നവജീവന്‍ നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ‘വ്യാഖ്യാതാവ്’ (കമന്റേറ്റര്‍) എന്ന് നിരുപാധികം ലാറ്റിന്‍ ലോകത്ത് വിശ്രുതനായ ഇബ്‌നു റുശ്ദിന്റെ ഈ കൃതിയുടെ രചനാ പശ്ചാത്തലത്തെയും ഉള്ളടക്കത്തെയും കുറിച്ച ലഘുപരിചയമാണ് ഉദ്ദേശിക്കുന്നത്.
(തുടരും)