അധ്യായം 4 ചൊവ്വ
അടുത്തത് ചൊവ്വാ ഗ്രഹത്തിലാണ് അവരെത്തിച്ചേര്‍ന്നത്. ഇവിടെ എല്ലാ ദിവസവും എല്ലാവരും സന്തോഷവാന്മാരാണ്. കാലം കൂടും തോറും വൃദ്ധരാകുന്ന അവസ്ഥയില്ല ഇവിടെ. ദൂരെ ഒരു പുല്‍തകിട്. അതിനു മധ്യത്തില്‍ ഒരു വാന നിരീക്ഷണ കേന്ദ്രവുമുണ്ട്. ഏറ്റവും വിദൂരസ്ഥമായ നക്ഷത്രങ്ങള്‍ പോലും അതിലെ ദൂരദര്‍ശിനിയിലൂടെ ദര്‍ശിക്കാനാകും.
റൂമി കവിയോട് പ്രദേശം ചുറ്റിക്കണ്ടു വരാന്‍ പറഞ്ഞു. റൂമി തുടര്‍ന്ന് പറഞ്ഞു: ഈ ലോകം നമ്മുടെ ലോകവുമായി അനേകം സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. വര്‍ണങ്ങളുടെയും ഗന്ധങ്ങളുടെയും വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഇവിടം നഗരങ്ങളും ആവാസകേന്ദ്രങ്ങളും കൊണ്ട് നിബിഡമാണ്. ചൊവ്വയിലെ നിവാസികള്‍ യൂറോപ്യരെ പോലെ കലാശാസ്ത്ര വിദഗ്ദരാണെന്നതിനു പുറമേ ശരീരത്തെയും ആത്മാവിനെയും സംബന്ധിച്ച് കൂടുതല്‍ ജ്ഞാനമുള്ളവരായിരുന്നു. സമയത്തെയും സ്ഥലത്തെയും (ടൈം ആന്റ് സ്‌പേസ്) കുറിച്ച അവരുടെ ബോധ്യങ്ങള്‍ നമ്മുടെ ഉപരിപ്ലവ ധാരണകളെ കാതങ്ങള്‍ പിന്നോട്ടു തള്ളും. നമ്മുടെ ഹൃദയങ്ങള്‍ ശരീരങ്ങളുടെ ബന്ധനത്തിലാണെങ്കില്‍ ഇവരുടെ ശരീരങ്ങള്‍ ഹൃദയങ്ങളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഭൗമ ലോകത്തെ അസ്തിത്വം രണ്ട് ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് നിര്‍മിച്ചെടുക്കുന്നത്. ഇന്ദ്രിയ ഗോചരമായ ശരീരവും ഇന്ദ്രിയ ഗോചരമല്ലാത്ത ആത്മാവുമാണവ. അവ തമ്മില്‍ അനാവശ്യ വിഭജനങ്ങളൊന്നും ഇവിടെ നിലനില്‍ക്കുന്നില്ല. മരണം സംഭവിക്കുന്നത് ശരീരം പൂര്‍ണമായും ആത്മാവില്‍ ആഗിരണം ചെയ്‌തെടുക്കുന്നതിന് ശേഷമാണ്. മരണം പ്രത്യേകമായ ആനന്ദാവേശമാണ് ഇവര്‍ക്ക് സമ്മാനിക്കുന്നത്’.
റൂമി പറഞ്ഞു നിര്‍ത്തിയപ്പോഴേക്ക് ആ നിരീക്ഷണ നിലയത്തില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് വന്നു. ജ്ഞാനാന്വേഷണത്തിന് ആയുഷ്‌കാലം മുഴുവനും സമര്‍പ്പിച്ച അദ്ദേഹം അപാരമായ ബുദ്ധി വൈഭവത്തിനുടമയായിരുന്നു. വിജ്ഞാനത്തിന്റെ സമസ്ത ശാഖകളിലും വ്യുല്‍പത്തി നേടിയിരുന്ന അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയില്‍ തന്റെ അന്വേഷണങ്ങളുടെ പുരോഗതി അവരോട് വിവരിച്ച് കൊടുത്തു. പ്രവാചകരുടെ കാലത്തുണ്ടായിരുന്ന ഒരു ചൊവ്വാ നിവാസി ഉണ്‍മയുടെ അന്തരീക്ഷങ്ങളിലൂടെ തെന്നിനീങ്ങി ഹിജാസിലെത്തിയതും അവിടെ പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളില്‍ താന്‍ നേടിയ ജ്ഞാനാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ന്ന് തിരിച്ചുവന്നതുമായ ഒരു സംഭവം ആ വൃദ്ധന്‍ പറയുകയുണ്ടായി. അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇറാനിലും ആംഗലേയ ജനത വസിക്കുന്ന ദേശങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. നൈലിന്റെയും ഗംഗയുടെയും നാടുകളില്‍ സഞ്ചരിച്ചിട്ടുണ്ട്. അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ പ്രദേശങ്ങളില്‍ ഖനിജങ്ങളും ലോഹങ്ങളുമന്വേഷിച്ച് ഞാന്‍ ഏറെക്കാലം അലഞ്ഞിട്ടുണ്ട്. ഞങ്ങളുണ്ടോയെന്നു പോലും മനുഷ്യര്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ മനുഷ്യരുടെ ചെയ്തികളെക്കുറിച്ച് അജ്ഞരല്ല.
ബര്‍സഖ്, ആലമുല്‍ മിസാല്‍ എന്ന പേരുകളില്‍ സൂഫിസത്തില്‍ അറിയപ്പെടുന്ന ലോകത്തെയാണ് ഇഖ്ബാല്‍ ഇവിടം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ബര്‍ഖിയ എന്ന് പേരുള്ള അവരുടെ ആദ്യ പിതാവിന് പിശാചിന്റെ പ്രലോഭനങ്ങളില്‍ വശംവദനാവാത്തതിനു പ്രത്യുപകാരമെന്നോണം നല്‍കപ്പെട്ട മാര്‍ഗദീന്‍ എന്ന നഗരവും അയാള്‍ കാണിച്ചു കൊടുത്തു. വില്യം മൂറിന്റെ ഉട്ടോപ്യക്കു സമാനമായ മാതൃകാ രാജ്യമാണ് മാര്‍ഗദീന്‍. വ്യാവസായിക വിപ്ലവത്തിന്റെ പ്രകൃതി ദ്രോഹ കെടുതികളോ യന്ത്രങ്ങളുടെ നിര്‍വികാരതയോ പരിചയമില്ലാത്ത ഇവിടെ കറന്‍സിയോ പോലീസോ ഇല്ല. മാര്‍ക്‌സിന്റെ വര്‍ദ്ധിത മൂല്യ(സര്‍പ്ലസ് വാല്യൂ) സിദ്ധാന്തത്തിലേക്ക് നയിക്കുന്ന കര്‍ഷക തൊഴിലാളി ചൂഷണങ്ങളുമില്ല. അറിവിന്റെ ഏകലക്ഷ്യം സമൂഹ നന്മക്കുതകുന്ന രീതിയില്‍ സഹജീവികളുടെ ജീവിതം പരിപോഷിച്ചെടുക്കുകയെന്നതായിരുന്നു.
ചൊവ്വയില്‍ വെച്ചു തന്നെയാണ് അവര്‍ ഒരു ആഭിചാരിണിയെ കാണാനിടയാവുന്നത്. ചെറുപ്രായത്തില്‍ തന്നെ തിന്മയുടെ ആത്മാവായ ഫറാമുര്‍സ് യുറോപ്പില്‍ നിന്ന് അപഹരിച്ച് കൊണ്ടുവന്നതായിരുന്നു അവളെ. സ്ത്രീകളുടെ വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടി അവള്‍ വാചാലയായി. പുരുഷനോടൊത്തുള്ള ജീവിതം അടിമത്തമാണെന്നും ഇനിയൊരിക്കലും കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ നിങ്ങള്‍ സ്ത്രീകള്‍ തയ്യാറാവരുതെന്നും അവര്‍ ഘോഷിച്ചു കൊണ്ടേയിരിക്കുന്നു.
എല്ലാം സാകൂതം ശ്രവിച്ചു കൊണ്ടിരുന്ന ഇഖ്ബാലിനോട് റൂമി പറഞ്ഞു: അശുദ്ധവും അധാര്‍മികവുമായ നാഗരികതയുടെ ഉല്‍പന്നമാണിതെല്ലാം. സ്‌നേഹമാണ് ജീവിതത്തിന്റെ ദിവ്യഭാഷ. നാഗരികതയുടെ അസ്തിവാരം മതമായിരിക്കണം. മതത്തിന്റെ അസ്തിവാരം സ്‌നേഹവുമായിരിക്കും. ദിവ്യ സ്‌നേഹം ഹൃദയത്തെ ചുട്ടെരിക്കുന്ന അഗ്നി ജ്വാലയാണ്. അതില്‍ ദൈവീക പ്രകാശത്തിന്റെ അംശങ്ങളുണ്ടായിരിക്കും. കലയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നത് ഹൃദയത്തില്‍ അന്തര്‍ലീനമായ പ്രണയോര്‍ജമാണ്. പ്രണയമില്ലെങ്കില്‍ മതം അപൂര്‍ണമാണ്. ദിവ്യ പ്രണയത്തിന്റെ ഗുരുക്കളില്‍ നിന്നായിരിക്കട്ടെ മതത്തിന്റെ അകക്കാമ്പ് അന്വേഷിക്കുന്നത്.
അധ്യായം 5 വ്യാഴം
ചൊവ്വയില്‍ നിന്ന് റൂമി നേരെ ചെന്നുചേരുന്നത് വ്യാഴത്തിലാണ്. അവിടെ വസിച്ചിരുന്ന ആത്മാക്കള്‍ വിപ്ലവ ചിന്തകള്‍ കൊണ്ട് പുതു വഴികള്‍ രചിച്ചവരായിരുന്നു. സ്വര്‍ഗത്തില്‍ വിശ്രമജീവിതം നയിക്കുന്നതിനു പകരം അനന്തമായ യാത്ര തെരഞ്ഞെടുത്തവരായിരുന്നു അവര്‍. എന്നും ഏകാന്തത(ഖല്‍വത്)യുടെ പുതിയ മേടുകള്‍ തേടുന്ന ഹൃദയത്തെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുവെന്ന് ഇഖ്ബാല്‍ കുറിക്കുന്നു. യാത്രയവസാനിപ്പിക്കാന്‍ മനസ് തീരുമാനിക്കുമ്പോഴല്ലാം ഒരു ഉള്‍വിളി അവരുടെ കൈപിടിച്ചു പറയുന്നു: അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അനന്തമാണ്. യാത്ര അവസാനിച്ചുവെന്ന് പിന്നെയെങ്ങനെ ധരിച്ചു വശാകുന്നു നീ?
ഇവിടെ മൂന്ന് വിശുദ്ധാത്മാക്കളുമായുള്ള സമാഗമമാണ് അരങ്ങേറുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളണഞ്ഞിരുന്ന അവരുടെ വദനങ്ങളില്‍ അഗ്‌നി സ്ഫുലിംഗങ്ങള്‍ ജ്വലിച്ചു കൊണ്ടിരുന്നു. സൃഷ്ടിയുടെ ആദ്യ നാളിലെ ആനന്ദാതിരേകത്താല്‍ ആറാടി നൃത്തം ചെയ്യുകയായിരുന്നു അവര്‍ മൂവരും. ആദ്യ നാളില്‍ ആത്മാക്കളോടായി അല്ലാഹു ചോദിക്കുന്നുണ്ട്: ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? എന്ന് അതെ, തീര്‍ച്ചയായും’ എന്നവര്‍ മറുപടി പറയുന്ന ആത്മഹര്‍ഷത്തിന്റെ ഉന്മാദത്തില്‍ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുകയാണ് അവര്‍. മിര്‍സാ ഗാലിബ്, മന്‍സൂര്‍ ഹല്ലാജ്, താഹിറ എന്നിവരാണ് ആ മൂന്നു വിപ്ലവകാരികള്‍. ദിവ്യപ്രണയം കൊണ്ട് മിടിക്കാത്ത ഹൃദയത്തിന്റെ നിസ്‌തോഭ നാട്യങ്ങളോട് കലഹിച്ച് ഹൃദയ രക്തം കൊണ്ട് പ്രണയ കാവ്യങ്ങള്‍ രചിച്ച വിപ്ലവകാരിയായിരുന്നു ഹല്ലാജ്. ഈ സന്ദേശം അദ്ദേഹം ഇഖ്ബാലിനോട് കവിതയില്‍ പങ്ക് വെക്കുന്നുണ്ട്. ഗാലിബിന്റെ ജീവിതം സാമ്രാജ്യത്വത്തിന്റെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ആത്മ വീര്യത്തിന്റേതായിരുന്നു. കാരാഗൃഹങ്ങളോ തൂക്കു മരങ്ങളോ കൊണ്ട് നിയമത്തിന് ഞങ്ങളെ ഭീതിപ്പെടുത്താന്‍ കഴിയുമെന്ന് വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം പാടുന്നു. രാജാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനാണയങ്ങളില്‍ പ്രലോഭിതരാവാനും ഇന്ത്യക്കാര്‍ ഒരുക്കമല്ലെന്ന് അദ്ദേഹം പറയുന്നു.
തന്റെ വിപ്ലവ ചിന്തകള്‍ കൊണ്ട് സ്ത്രീത്വത്തിന്റെ പുതിയ സാധ്യതകള്‍ ആരായാന്‍ ശ്രമിച്ച രക്തസാക്ഷിത്വം വരിച്ച ബാബിസത്തിന്റെ ധീര ശബ്ദമായിരുന്ന ഖുര്‍റതുല്‍ ഐന്‍ താഹിറയാണ് മുന്നാമതായി അവരെ കാത്തിരിക്കുന്നത്. അവരുടെ ദിവ്യപ്രണയത്തിന്റെ ആത്മാര്‍ഥ നിശ്വാസങ്ങളാണ് ഇഖ്ബാല്‍ ഇവിടെ ചര്‍ച്ചക്കു കൊണ്ടുവരുന്നത്. വിശ്വാസത്തിന്റെ സൂക്ഷ്മ തലങ്ങളെയോ മറ്റു മതവിരുദ്ധതകളെയോ ഇവിടെ പരിഗണിക്കുന്നില്ലെന്ന് വേണം കരുതാന്‍.
ഹല്ലാജിനോട് അനല്‍ ഹഖിന്റെ വിവക്ഷയെക്കുറിച്ചും ഗാലിബിനോട് അദ്ദേഹത്തിന്റെ ദുര്‍ഗ്രാഹ്യമായ കവിതാ ശകലത്തിന്റെ വിശദീകരണവും ചോദിച്ചറിയുന്ന ഇഖ്ബാല്‍ അടുത്തതായി കാണുന്നത് സാത്താനെയാണ്. സാത്താനോടും ചില മൗലികമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് പിന്‍വാങ്ങുന്ന ഇഖ്ബാല്‍ പിശാചിന്റെ വിലാപം കേള്‍ക്കാനിടയായി.
സാത്താന്‍ വിലപിക്കുകയാണ്. ദൈവമേ, മനുഷ്യരെന്നെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. അവരെന്നെ ധിക്കരിക്കാന്‍ കൂട്ടാക്കുന്നില്ല. അവര്‍ തങ്ങളുടെ നേരെ കണ്ണടക്കുകയും തങ്ങളുടെ അകസാരങ്ങളെക്കുറിച്ച് അന്ധരുമായിരിക്കുന്നു. രക്ഷിതാവേ, എന്നെ അനുസരിച്ച് എന്റെ ചൊല്‍പടിക്ക് നില്‍ക്കുന്ന മനുഷ്യരില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. എനിക്ക് ഒരു ശക്തനായ എതിരാളിയെ നല്‍കൂ. ഈ മനുഷ്യ പാവകളുമായുള്ള കളി എനിക്ക് മടുത്തിരിക്കുന്നു. എന്നെ ധിക്കരിക്കുവാനും എന്റെ മേല്‍ ആധിപത്യവും പ്രാപ്തിയുള്ളവനുമായ ഒരാളെ എനിക്ക് എതിരാളിയായി നല്‍കൂ. ദൈവമേ, പരാജയത്തിന്റെ രൂചി അറിഞ്ഞ നാളുകള്‍ ഞാന്‍ മറന്നുപോയി. എനിക്കതിന് ഒരുവസരം നല്‍കൂ.
നമ്മുടെ വികാരങ്ങള്‍ ഉണ്ടെന്ന് നാം സമ്മതിക്കുമ്പോള്‍ തന്നെ അവ തമ്മിലുള്ള ദൂരം അളന്നുനോക്കാന്‍ നമുക്ക് കഴിയില്ല. ചിന്തയുടെ തടവുകാരാ നിങ്ങളുടെ ഇന്ദ്രിയലോകത്തു നിന്ന് പുറത്ത് വരൂ. നിങ്ങള്‍ ഇവിടെ കാണുന്ന കൊട്ടാരങ്ങള്‍ കല്ലും ഇഷ്ടികയും കൊണ്ട് നിര്‍മിച്ചവയല്ല. മറിച്ച് സല്‍കര്‍മങ്ങളാണ് ഈ മാളികകള്‍ പണി കഴിപ്പിച്ചിരിക്കുന്നത്.
വളരെ മനോഹരമായൊരു കൊട്ടാരം കണ്ടു കവിയോട് അത് ശറഫുന്നിസാ എന്ന സാത്വിക വനിതക്കുള്ളതാണെന്ന് റൂമി പറഞ്ഞു കൊടുത്തു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ കൂടെ വാള്‍ കൂടി കരുതിയിരിക്കുന്ന ഈ പഞ്ചാബീ വനിത മരണശേഷം തന്റെ ഖബ്‌റിനരികില്‍ അവ വെക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അതിനിടയില്‍ കൗസര്‍ അരുവിയുടെ തീരത്തു നിന്ന് ഒരു മധുര സ്വരം കേട്ട് അങ്ങോട്ട് നോക്കി. പ്രസിദ്ധനായ കാശ്മീരി കവി ഗനിയായിരുന്നു അവിടെ. കശ്മീരിനെ ഒരു ചെറിയ പേര്‍ഷ്യയാക്കി മാറ്റാന്‍ യത്‌നിച്ച സൂഫി മീര്‍ സയ്യിദ് അലി ഹംദാനിയുടെ കൂടെയാണ് ഗനി ഉണ്ടായിരുന്നത്. സൂഫി ഗുരുവിനോട് ചില ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ കശ്മീരിന്റെ ഭാവിയെ കുറിച്ചും കവി ആശങ്കപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാര്‍ ലാഭേച്ഛയോടെ മാത്രമാണ് ജനഹിതം മാനിക്കാതെ കാശ്മീരിനെ ഒരു ഹിന്ദു രാജാവിന് കൈമാറിയതെന്ന് സൂഫി പ്രതിഷേധിക്കുന്നുണ്ട്.
വീണ്ടും യാത്ര തുടര്‍ന്നപ്പോള്‍ സ്വര്‍ഗത്തിലെ ഹൂറികള്‍ തന്റെ ഗാനാലാപനത്തില്‍ ആകൃഷടരാവുന്നത് കാണുന്നു. പെട്ടെന്നതാ വിഖ്യാത ഹിന്ദു കവി ഭര്‍താരി ഹരി അവിടെ പ്രത്യക്ഷപ്പെടുന്നു. കവിയുടെ യഥാര്‍ഥ ഉറവിടം കവി മനസ്സാണോ അതോ ദൈവമാണോ എന്ന് കവിയോട് ചോദിച്ചു. കവിതയുടെ സ്ഥാനമെന്തെന്ന് ഒരാള്‍ക്കുമറിയില്ല എന്നായിരുന്നു മറുപടി. അടുത്തായി രാജാക്കന്മാരുള്ള കൂടിക്കാഴ്ചയുടെ മുഹൂര്‍ത്തമാണ്. വര്‍ണനാതീതമായ മനോഹാരിതയോടെ നില്‍ക്കുന്ന ഒരു കൊട്ടാരത്തിനടുത്തെത്തിയ കവി മൂന്ന് രാജാക്കന്മാരെ അവിടെ വെച്ച് കണ്ട് മുട്ടുന്നു. തന്റെ രാജ്യത്തെ സുന്നികളുടെയും ശിയാക്കളുടെയും ഇടയില്‍ അനുരജ്ഞനം സാധ്യമാക്കിയ പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ഷായാണ് ഒരാള്‍. അഫ്ഘാനികള്‍ക്ക് പുതിയൊരു അസ്തിത്വം സമ്മാനിച്ച അഹ്മദ് ശാഹ് അബ്ദാലിയാണ് മറ്റൊരാള്‍. കിഴക്കിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരണം വരെ പോരാടി വീരമൃത്യു വരിച്ച ടിപ്പു സുല്‍ത്താനാണ് മൂന്നാമത്. യൂറോപ്യന്‍ കൊളോണിയല്‍ അധീശത്വത്തെക്കുറിച്ചും യൂറോപ്യന്‍ നാഗരികതയെ കുറിച്ചുമൊക്കെ ഗഹനമായ നിരീക്ഷണങ്ങളും ചിന്തകളും പങ്കുവെക്കുന്നുണ്ട് മൂന്ന് രാഷ്ട്രതന്ത്രജ്ഞരും. അതിനിടക്ക് പേര്‍ഷ്യയിലെ മഹാ കവി നാസിര്‍ ഖുസ്രു പ്രത്യക്ഷപ്പെട്ട് തന്റെ ഗാനമാലപിക്കുന്നു. ശേഷം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അപ്രത്യക്ഷനാകുന്നുണ്ട്. പിന്നീട് ഹൂറികള്‍ ഇഖ്ബാലിനോട് അവരെ വിട്ടു പോകരുതെന്ന് നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ അത് വിസമ്മതിച്ച കവിയോട് അവര്‍ക്ക് വേണ്ടി ഗാനമാലപിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. കവി അതിന് തയാറാവുകയും മധുരമായ സംഗീതവീചികള്‍ അവര്‍ക്കായി പൊഴിക്കുകയും ചെയ്തു.
ദൈവ സന്നിധിയില്‍
സ്വര്‍ഗം ദൈവത്തിന്റെ മറ്റൊരു പ്രകാശനമാണെങ്കില്‍ അനുരാഗിയുടെ ആത്മാവ് അതില്‍ സന്തുഷ്ടമാവുകയില്ല. പ്രേമഭാജനത്തിന്റെ ദര്‍ശനമല്ലാതെ മറ്റൊന്നുകൊണ്ടും സന്തുഷ്ടനാവില്ല യഥാര്‍ഥ അനുരാഗി. അതുകൊണ്ട് തന്നെ സ്വര്‍ഗമങ്കമാരെയും കൊട്ടാരമാളികകളെയും വിട്ട് കവി വീണ്ടും മുന്നോട്ട് നീങ്ങി. ഉപരിപ്ലവ യുക്തിയുടെ പരിമിതമായ അതിരുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അറിവ് ദൈവ ദര്‍ശനത്തിന് വിഘാതമാണെന്ന് കവി പറഞ്ഞുവെക്കുന്നു. നേരെ മറിച്ച് ദിവ്യ സൗന്ദര്യത്തിന്റെ ദര്‍ശനം ലക്ഷ്യമാക്കി നീങ്ങുന്ന ജ്ഞാനം ഒരേ സമയം വഴിയും വഴികാട്ടിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് യുക്തി ഭദ്രവും സോദ്ദേശ്യപരവുമായ വ്യാഖ്യാനം വെച്ചു നീട്ടുന്നതോടൊപ്പം ഹൃദയത്തിലും കണ്ണിലും കുളിര്‍ കോരിയിടുകയും ചെയ്യുന്നതാണ് ഈ ജ്ഞാനം. ദൈവത്തിന്റെ വാതില്‍പ്പടിയില്‍ ഏകനായി മറ്റാരുടെയും ശല്യമില്ലാതെ അനുരാഗി നില്‍പ്പുറപ്പിക്കുന്നു.
പ്രകാശത്തിന്റെ മഹാബ്ധിയില്‍ തിരതല്ലുന്ന ചെറുതും വലുതുമായ ഓളങ്ങള്‍ക്കിടയിലേക്ക് കവിയാത്മാവ് മെല്ലെ ഊളിയിട്ടിറങ്ങി. ദൈവത്തെ തന്റെ അനന്തമായ സൗന്ദര്യത്തില്‍ നേരിട്ട് ദര്‍ശിച്ചു കൊണ്ട് സ്വയം മറന്നങ്ങനെ നിന്നുപോയി. സൃഷ്ടിയുടെ രഹസ്യങ്ങളില്‍ കവി ഹൃദയം യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരിക്കെ മനസ്സില്‍ ഒരു മിന്നല്‍ പിണര്‍ പ്രകാശിച്ചു. ഒരേ വാദ്യത്തില്‍ നിന്നുതിര്‍ക്കുന്ന രാഗഭേദങ്ങളായാണ് സൃഷ്ടി വൈവിധ്യം കവിക്ക് അനുഭവപ്പെടുന്നത്. പ്രകാശത്തിന്റെ ഏക കുടുംബത്തിലെ അംഗങ്ങളാണ് സര്‍വ്വ ചരാചരങ്ങളും. ഹൃദയത്തിന് മുന്നില്‍ ഒരു കണ്ണാടി വെച്ചപോല്‍ സൃഷ്ടി ജാലങ്ങളുടെ വൈവിധ്യം തീര്‍ത്ത വിസ്മയം കവി മനസ്സില്‍ വിശ്വാസത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടിരുന്നു.
ഇവിടെ വര്‍ത്തമാനത്തിനു മുന്നില്‍ കാലഭേദങ്ങളില്ലാതെ സംയോജിച്ചു നില്‍ക്കുന്ന ഭൂതഭാവികളെ ദര്‍ശിക്കുന്നുണ്ട് കവി. സര്‍വ്വ നിഗൂഢ രഹസ്യങ്ങളുടെയും ദൈവം തനിക്ക് മുന്നില്‍ പ്രത്യക്ഷനാവുകയും കവിയുടെ കണ്ണുകളിലൂടെ സ്വന്തത്തെ ദര്‍ശിക്കുകയും ചെയ്യുന്നതാണ് പിന്നീട് കാണുന്നത്.
അനുരാഗത്താല്‍ ഉന്മത്തനായിരുന്നത് കൊണ്ടാവണം ചില ചോദ്യങ്ങള്‍ ദൈവത്തോട് ചോദിക്കുവാന്‍ കവി ഉദ്യുഗ്ത്തനാവുന്നത്. വ്യാജ സിദ്ധന്മാരും, അനീതിയനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കാത്ത മൗലവിമാരും, ക്രൂരമായ സ്വേച്ഛാധിപതികളും അരങ്ങുവാഴുന്ന ഐഹിക ലോകം നീ തന്നെയാണോ തീര്‍ത്തത് എന്നായിരുന്നു ആദ്യ ചോദ്യം. ദൈവം പ്രതിവചിച്ചത് ഇങ്ങനെ ജീവിതത്തിന്റെ അര്‍ത്ഥമെന്നു പറയുന്നത് നമ്മുടെ (ദൈവദത്തമായ) ശക്തിയും അധികാരവും കൊണ്ട് ഈ ലോക ക്രമത്തെ പുനഃസൃഷ്ടിക്കുക എന്നതാണ്. ചേതനയുണ്ടെങ്കില്‍ നിന്റേതായ ലോകം പടുത്തുയര്‍ത്തൂ. സൃഷ്ടിയോന്മുഖമായ ചേതനയില്ലാത്തവരെല്ലാം നമ്മുടെ ദൃഷ്ടിയില്‍ അവിശ്വാസികളാണ്. ഇഹലോകത്ത് നിലനില്‍ക്കുന്ന തിന്മയുടെ പ്രശ്‌നത്തെ (പ്രോബഌ ഓഫ് എവില്‍) ഇഖ്ബാല്‍ പരിഹരിക്കുന്നത് മനുഷ്യന്റെ പൂരണ ദൗത്യമെന്ന ആശയത്തിലൂടെയാണ്.
ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയിലെ വെള്ളം പിന്നോട്ടൊഴുകാന്‍ വിസമ്മതിക്കുന്ന പോലെ സമൂഹങ്ങള്‍ ചരമഗതിയടങ്ങിയതിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കാത്തതെന്തുകൊണ്ടെന്നായിരുന്നു അടുത്ത ചോദ്യം. മറുപടിയായി ദൈവം പറഞ്ഞു ജീവിതം ഭൗതിക യാഥാര്‍ഥ്യത്തെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല. ഞാന്‍ നിങ്ങള്‍ക്ക് കണ്ഠനാളിയേക്കാള്‍ സമീപാസ്ഥനാണെന്നിരിക്കെ, ഈ സാമിപ്യം മൂലം നിങ്ങള്‍ക്കും അനശ്വരരാവാന്‍ കഴിയും. ഐക്യത്തിലൂടെ ഏത് ജനതക്കും അനശ്വരത പ്രാപിക്കാന്‍ സാധിക്കും. അല്ലാഹു ഒഴികെ ആരാധ്യനേതുമില്ല എന്നു പ്രഖ്യാപിക്കുന്നവരോട് ഞാന്‍ ചോദിക്കട്ടെ ഒരു ഉമ്മത്തി (ജനത) ന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ആയിരക്കണക്കായ കണ്ണുകള്‍ ഒന്നിച്ച് ഒരേ ദിശയില്‍ ദൃഷ്ടികള്‍ പായിച്ച് ഒരേ ലക്ഷ്യം കാണുന്നതിനാണ് ഉമ്മത്ത് എന്ന് പറയുന്നത്. ദര്‍ശനത്തില്‍ ഈയൊരൈക്യം നേടിയെടുക്കുന്നുവെങ്കില്‍ ലോകത്തിന്റെ അധികാര ചക്രം നിങ്ങളുടെ കരങ്ങളിലേക്കെത്തിച്ചേരും.
അതു കേട്ടയുടനെ കവി അടുത്ത ചോദ്യത്തിലേക്ക് കടന്നു പറഞ്ഞു; രക്ഷിതാവേ, ഞാനാരാണെന്ന് പറഞ്ഞ് തരൂ. നിന്റെ യാഥാര്‍ഥ്യം എന്താണെന്നും വ്യക്തമാക്കി നല്‍കൂ. എന്തുകൊണ്ടാണ് എനിക്കും നിനക്കും ഇടയില്‍ ഇത്ര അന്തരം? ഞാനെന്തുകൊണ്ടാണ് വിധിയുടെ വിധേയനാവേണ്ടി വരുന്നത്? നീ അനശ്വരനും ഞാന്‍ മൃത്യുവരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി ഒരൊറ്റ വാചകത്തിലൊരുക്കി ദൈവം മൊഴിഞ്ഞു: നശ്വരമായ ലോകത്ത് ജീവിക്കുന്നവന്‍ അതില്‍ തന്നെ മൃതിയടയുന്നു. നിന്റെ സ്വത്വത്തില്‍ ജീവിച്ചു കൊണ്ട് ആ ലോകമൊന്നടങ്കം നിന്നിലേക്ക് സ്വാംശീകരിച്ചെടുക്കുക എന്നാല്‍ നിനക്കും അനശ്വരനാവാന്‍ പറ്റും. അപ്പോള്‍ നീ ആരാണെന്നും എന്റെ യാഥാര്‍ഥ്യമെന്തെന്നും എന്തു കൊണ്ട് നീ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നുമെല്ലാം നിനക്ക് വ്യക്തമായി ബോധ്യമാകും.
ദൈവം മറുപടി പൂര്‍ത്തിയാക്കിയ നിമിഷം കവി വീണ്ടും ഒരു ചോദ്യം തൊടുത്തു : രക്ഷിതാവേ എന്നോട് ക്ഷമിക്കുമാറാവണം. ലോകത്തിന്റെ ഗതിയെന്താവുമെന്ന് എനിക്കൊന്ന് വെളിപ്പെടുത്തി നല്‍കണം. ജര്‍മനിയിലെയും റഷ്യയിലെയും വിപ്ലവങ്ങള്‍ കണ്ട ഞാന്‍ മുസ്‌ലിം ഹൃദയങ്ങളിലെ ഉണര്‍വുകളും മനസ്സിലാക്കിയിട്ടുണ്ട്. കിഴക്കിനെയും പടിഞ്ഞാറിനെയുമെല്ലാം ഞാന്‍ നന്നായി ഗ്രഹിച്ചിട്ടുണ്ട്. അവരുടെ ഗതിയും എന്താണെന്നൊന്ന് പറഞ്ഞ് തരൂ.
പെട്ടെന്ന് ഭൂമിയും അതിന്റെ ചക്രവാളങ്ങളും ശോണിമയില്‍ മുങ്ങുന്നതാണ് കവി കാണുന്നത്. ദിവ്യ ദര്‍ശനത്തിന്റെ പ്രകാശത്തില്‍ സര്‍വ്വ യാഥാര്‍ഥ്യങ്ങളും കവിയുടെ ആത്മാവില്‍ വെളിപ്പെടുകയുണ്ടായി. സംസാരശേഷി നഷ്ടപ്പെട്ട് മൂസാ പ്രവാചക (അ) രെ പോലെ ബോധരഹിതനായി നിലത്തു വീഴുകയും ചെയ്തു അദ്ദേഹം. ദൂരെ അഗാധതയില്‍ നിന്ന് തീക്ഷ്ണമായൊരു സ്വരം മധുര ഗീതം പൊഴിക്കുന്നത് കേള്‍ക്കുമാറായി.
പടിഞ്ഞാറില്‍ ഭ്രമിച്ചു പോകണ്ട നീ
കിഴക്കിന്റെ വര്‍ണലാവണ്യം നിന്നെ മയക്കുകയുമരുത്
പ്രാചീന നൂതനമായിവ രണ്ടുമൊന്നാകെയും
ഒരു ധാന്യമണിതന്‍ മൂല്യമര്‍ഹിപ്പതില്ല താന്‍
വിശ്വസ്തനാം ജിബ്‌രീലിന്‍ കരങ്ങളില്‍ പോലുമേ
നിക്ഷിപ്തമാക്കാനാകയാ രത്‌നമമൂല്യം
ശ്രദ്ധാവിഹീനനായ് വിറ്റുകളഞ്ഞുവല്ലോ നീ
അഹ്നുമന്‍ തന്‍ കരങ്ങളില്‍ ഹാ കഷ്ടം
ചിരന്തനാകാശത്തെ ദീപ്തമാക്കീടുമൊരു
സൂര്യനോ നിന്‍ ശോഭയില്‍ നിഷ്പ്രഭം
മണല്‍തരികളോരോന്നും നിന്‍ പ്രഭയാല്‍
ഒളിലെങ്കിടും വിധമായിടട്ടെ നിന്‍ ജീവിതം
ജാവീദിനും ഭാവി തലമുറകള്‍ക്കുമുള്ള ഉപദേശം
അല്ലാമാ ഇഖ്ബാല്‍ ജാവീദ്‌നാമ ഉപസംഹരിക്കുന്നത് തന്റെ പ്രിയ പുത്രന്‍ ജാവീദിനും ഭാവി തലമുറകള്‍ക്കുമുള്ള ഹൃസ്വമായൊരു നിര്‍ദ്ദേശത്തോടെയാണ്. അദ്ദേഹം പറയുന്നു: ഈ ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു എങ്കിലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ചിലത് കൂടി പറയണമെന്നുണ്ടെനിക്ക് അത് പറയാനുള്ള ശ്രമം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. കാരണം വാക്കുകളും ശബ്ദനാദങ്ങളും ആ ഉള്‍സാരത്തിന് മങ്ങലേല്‍പ്പിച്ചേക്കും. അതുകൊണ്ട് എന്റെ കണ്ണുകളില്‍ നിന്നും വികാര തീക്ഷ്ണതയില്‍ നിന്നും നീ ഗ്രഹിച്ചെടുക്കുക മോനേ. എങ്കിലും അദ്ദേഹം തുടര്‍ന്നു:
അല്ലാഹു അല്ലാതെ ആരാധ്യരാരുമില്ല എന്ന പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത്, ഈ ലോകത്ത് ഒന്നിനു മുമ്പിലും ഒരാള്‍ക്ക് മുന്നിലും ശിരസ്സ് കുനിക്കാന്‍ തയ്യാറാവരുതെന്നാണ്. സ്വത്വത്തില്‍(സെല്‍ഫ്) വിശ്വാസമര്‍പ്പിക്കാത്തവന്‍ യഥാര്‍ഥത്തില്‍ അവിശ്വാസിയാണ്; ദൈവത്തില്‍ വിശ്വാസിക്കാത്തവനെക്കാള്‍ വലിയ അവിശ്വാസി. നിനക്ക് ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുകള്‍ പായിക്കുക. അവിടെയുള്ള തിന്മകളില്‍ നിന്നും സ്വയം രക്ഷ നേടുക. നമ്മുടെ അധ്യാപകരെല്ലാം യുവ തലമുറക്ക് തീര്‍ത്തും തെറ്റായ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. യുവതയുടെ ഹൃദയാന്തരങ്ങളില്‍ പ്രകൃത്യാ ജ്വലിച്ചിരുന്ന നാളങ്ങള്‍ അധ്യാപകര്‍ കെടുത്തിക്കളയുന്നു. ജീവിതമായി ബന്ധമില്ലാത്ത കാലത്തോളം ഏത് വിജ്ഞാനവും ഉപകാരഹീനമാണ്, കാരണം വിജ്ഞാനത്തിന്റെ ലക്ഷ്യം നിന്റെ ആത്മ പ്രഭാവം നിനക്ക് മുന്നില്‍ അനാവരണം ചെയ്യുക എന്നതാണ്.
മത വിശ്വാസം ആരംഭിക്കുന്നത് വിനയത്തോടെയാണ്. അത് പൂര്‍ണത പ്രാപിക്കുന്നത് അനുരാഗത്തോടെയും. ആരെയും അധിക്ഷേപിക്കരുത്. കാരണം മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം ഒരേ ദൈവത്തിന്റെ ദാസരാണ്. മനുഷ്യരുടെ അഭിമാനം പ്രത്യേകം സൂക്ഷിക്കുക. ഇതര മനുഷ്യരോട് ആദരവ് കാണിക്കുന്നതിലാണ് മനുഷ്യത്വമെന്ന് മറക്കാതിരിക്കുകയും ചെയ്യുക. ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സര്‍വ്വരോടും ദയാദാക്ഷിണ്യം പുലര്‍ത്തണം. ദൈവം തന്നെ സര്‍വ്വമതക്കാര്‍ക്കും തന്റെ കരുണ ചൊരിഞ്ഞു വര്‍ഷിക്കുന്നത് പോലെ.ആത്മാവിനെ ബലി കഴിച്ച് ശരീരത്തെ നീ പുഷ്ടിപ്പെടുത്തരുത്. സമ്പദ്‌സമൃദ്ധിയുടെ വേളയിലും ദാരിദ്രം അഭിമാനമായി കാണാന്‍ പഠിക്കുക. നല്ലൊരു ആത്മീയാചാര്യനെ കണ്ടെത്താന്‍ ശ്രമിക്കണം. ആരെയും കിട്ടുന്നില്ലെങ്കില്‍ ഞാന്‍ ചെയ്തതു പോലെ മൗലാനാ റൂമി (റ) യെ സ്വീകരിച്ചു കൊള്‍ക. ദര്‍വേശുകളെപോലെ നൃത്തമാടാന്‍ ജനങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ പ്രപഞ്ച ഘടനയെ ചലനാത്മകമാക്കുന്ന ആത്മാവിന്റെ നൃത്തം അവര്‍ക്ക് അന്യമാണ്. അല്ലാഹു അല്ലാത്തവരോടുള്ള ഭയത്തിന്റെയും പ്രതീക്ഷയുടെയും ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നത് വരെ ആത്മാവ് നൃത്തം ചെയ്യില്ല. ദുഃഖത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടുക. ദുഃഖം വിശ്വാസ ദൗര്‍ബല്യത്തെ സൂചിപ്പിക്കുന്നത് കൂടാതെ യൗവ്വനത്തെ വാര്‍ധക്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
എന്റെ മകനേ, നിന്റെ ആത്മാവിന് നൃത്തമാടാന്‍ കഴിയുന്നെങ്കില്‍ എത്രയോ നല്ലത്. നിനക്കായ് പ്രാര്‍ത്ഥിച്ചു കൊണ്ട് ഖബറില്‍ കിടക്കവെ നിന്നോട് വെളിപ്പെടുത്താനുള്ള മുഹമ്മദീ മതത്തിന്റെ പരമ രഹസ്യം അതല്ലാതെ മറ്റൊന്നല്ല.
(അവസാനിച്ചു)