Thelicham

ജാവീദ്‌നാമ: അനശ്വരതയുടെ പുസ്തകം

ഇഖ്ബാല്‍

1873, ഫെബ്രുവരി 22 ന് പടിഞ്ഞാറന്‍ പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ ജനിച്ചു. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ഒരു കാശ്മീരി കുടംബത്തിലായിരുന്നു ജനനം. 1895 ല്‍ ലാഹോറിലേക്ക് താമസം മാറിയ അദ്ദേഹം ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം എഴുത്തിന്റെ മേഖലയിലേക്ക് കാലെടുത്തുവെച്ചു. ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായിരുന്ന തന്റെ ഗുരു സര്‍ തോമസ് ആര്‍നോള്‍ഡിന്റെ നിര്‍ദേശ പ്രകാരം 1905 ല്‍ കേംബ്രിജ് ട്രിനിറ്റി കോളേജില്‍ ചേര്‍ന്ന അദ്ദേഹം മൂന്ന് വര്‍ഷം തത്വശാസ്ത്രം പഠിക്കുന്നതിനായി ചെലവഴിച്ചു. കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് തന്നെ ധനതത്വ ശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. 1909-ല്‍ മ്യൂണിക് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയതിന് ശേഷം കുറച്ച് കാലം ലണ്ടന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലും ലണ്ടന്‍ സര്‍വകലാശാലയിലും അധ്യാപകനായി. 1910 ല്‍ ബാരിസ്റ്ററായ അദ്ദേഹം അടുത്ത വര്‍ഷം ലാഹോര്‍ ഗവ.കോളേജില്‍ ചേര്‍ന്നു. 1922-ല്‍ സര്‍ പദവി ലഭിച്ചു. 1924-ല്‍ പഞ്ചാബ് നിയമസഭാംഗമായി. ഗവ.കോളേജിലെ അധ്യാപനമുപേക്ഷിക്കുകയും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയും ചെയ്തു. 1930-ല്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വട്ടമേശ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി പങ്കെടുത്തു. പിന്നീട് അഫ്ഗാനിസ്ഥാന്റെ വിദ്യാഭ്യാസ ഉപദേശകനായും പ്രവര്‍ത്തിച്ചു. 1934 ആകുമ്പോഴേക്ക് തന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങുകയും 1938 ഏപ്രില്‍ 21 ന് ഇഹലോകവാസം വെടിയുകയും ചെയ്തു.
മുസ്‌ലിം ധൈഷണിക നവജാഗരണത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പ്രമുഖ കൃതിയാണ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് റീലീജിയസ് തോട്ട് ഇന്‍ ഇസ്‌ലാം. ബാങ്കേ ദറാ, ഇര്‍ബേ കലീം, ബാലേ ജിബ്‌രീല്‍, അസ്‌റാറെ ഖുദി, റുമൂസേ ബേഖുദി തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
തന്റെ ജന്മനാടിന്റെയും മുസ്‌ലിം ജനതയുടെയും രാഷ്ട്രീയ ഭാവി രൂപപ്പെടുത്തുന്നതിനായി കര്‍മ നിരതമായ ജീവിതമുടനീളം സാഹിത്യ സൃഷ്ടികളുടെ ഒരു മഹാപ്രവാഹം തന്നെ തീര്‍ത്തു അദ്ദേഹം. ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസേന രചന നിര്‍വഹിച്ചിരുന്ന തന്റെ സാഹിത്യം അതിന്റെ വിശാല വ്യാപ്തിയില്‍ നിയമം, തത്വശാസ്ത്രം, മതം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഇഖ്ബാലിന്റെ മരണവാര്‍ത്തയറിഞ്ഞ ടാഗോര്‍ എഴുതി: ‘ഇഖ്ബാലിന്റെ മരണം സാഹിത്യലോകത്തിനേല്‍പിച്ച മുറിവുകള്‍ അത്ര പെട്ടെന്ന് ഭേദമാവുന്നവയല്ല. ലോക ഭൂപടത്തില്‍ ചെറിയൊരിടം മാത്രം സ്വന്തമായുള്ള ഇന്ത്യക്ക് ഇഖ്ബാലിനെ പോലെ വിശ്വജനീന മൂലയത്തോടെ കവിതകളെഴുതിയ ഒരാളുടെ നഷ്ടം നികത്താനാവാത്തതാണ്. 1901 ലെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള ഒരു ഉര്‍ദു പ്രബന്ധമാണ് ഇഖ്ബാലിന്റെ ആദ്യ കൃതി. അര്‍മുഗാനെ ഹിജാസ് (ഹിജാസിന്റെ സമ്മാനം) എന്ന പേരില്‍ മരണ ശേഷം പ്രസിദ്ധീകൃതമായ ഉര്‍ദു-പേര്‍ഷ്യന്‍ കവിതകളാണ് അവസാന കൃതി. ഇസ്‌ലാമിക-പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളിലെ ആത്മീയവും ഭൗതികവുമായ നിരവധി ധാരകളുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന തന്റെ കൃതികളില്‍ ‘മാസ്റ്റര്‍ പീസാ’ യി ഗണിക്കപ്പെടുന്നത് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ‘ജാവീദ് നാമ’ (അനശ്വരതയുടെ പുസ്തകം) യാണ്. ഫിര്‍ദൗസിയുടെ ശാഹ്‌നാമ, റൂമിയുടെ മസ്‌നവി, സഅ്ദിയുടെ ഗുലിസ്താന്‍, ഹാഫിസിന്റെ ദീവാന്‍ തുടങ്ങിയ പേര്‍ഷ്യന്‍ ക്ലാസിക്കുകളുടെ നിരയില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജാവീദ്‌നാമ ഇടമുറപ്പിച്ചു.
1946-ല്‍ ഹൈദരാബാദില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതി പ്രൊഫസര്‍ അലസാന്ദ്രോ ബസൗനി ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജര്‍മന്‍ വിവര്‍ത്തനം പ്രൊഫസര്‍ ആന്‍മേരി ഷിമ്മേലും ഫ്രഞ്ച് വിര്‍ത്തനം ഇ.മെയ്‌റോവിച്ചും മുഹമ്മദ് മൊഖ്‌രിയും നിര്‍വഹിച്ചു. 1961-ല്‍ ശൈഖ് മഹ്മൂദ് അഹ്മദിന്റെ ആംഗലേയ വിര്‍ത്തനം ദ പില്‍ഗ്രിമേജ് ഓഫ് ഏറ്റേര്‍ണിറ്റി ലാഹോറില്‍ പ്രകാശിതമായി.
പാശ്ചാത്യ സാഹിത്യത്തിലെ അനശ്വര സാന്നിധ്യമായ ഡാന്റെ അലിഗിയേരിയുടെ ഡിവൈന്‍ കോമഡി അനുകരിച്ചെഴുതിയ വാനാരോഹണാഖ്യാനമാണ് ജാവീദ്‌നാമ. ഭൂമിയില്‍ നിന്നു ആരംഭിക്കുന്ന യാത്ര ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ നഭോമണ്ഡലങ്ങള്‍ പിന്നിട്ട് ദൈവത്തിന്റെ സന്നിധിയിലേക്ക് എത്തിച്ചേരുന്നു. വിവിധ മണ്ഡലങ്ങളില്‍ വെച്ച് കണ്ടുമുട്ടുന്ന മഹാവ്യക്തിത്വങ്ങളിലൂടെ ഇഖ്ബാലിയന്‍ ദര്‍ശനങ്ങളുടെയും വിചാരപ്പെടലുകളുടെയും ആത്മാര്‍ഥ പ്രകാശനം നിര്‍വഹിക്കുകയാണ് കവി. ഇഖ്ബാലിന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമായ ജാവീദ് നാമ സമയം, സ്വത്വം, ദിവ്യപ്രണയം, മാനവ ധിഷണ തുടങ്ങിയവയെ സംബന്ധിച്ച വിപ്ലവദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്നതു പോലെ കമ്യൂണിസം, നാഷണലിസം, സോഷ്യലിസം പോലുള്ള ആധുനിക പ്രത്യശാസ്ത്രങ്ങളോടുള്ള തന്റെ സമീപനങ്ങളെയും വ്യക്തതയോടെ അവതരിപ്പിക്കുന്നു. ഇസ്‌ലാമിക പ്രപഞ്ച ദര്‍ശനത്തിന്റെ ഘടനയില്‍ ക്രമപ്പെടുത്തപ്പെട്ടതാണെങ്കിലും ഈ കാവ്യം ഇതര മതങ്ങളുടെ ഗുണവശങ്ങള്‍ മുന്‍വിധിയില്ലാതെ അന്വേഷിക്കുന്നുണ്ട്. ഇന്റര്‍ഫെയ്ത് ഡയലോഗിനുള്ള അവ്യാജ ശ്രമം തന്നെയുണ്ടിതില്‍. ആധുനിക നാഗരികതയുടെ വിമര്‍ശം നിര്‍വഹിക്കുന്നതോടൊപ്പം പാശ്ചാത്യ-പൗരസ്ത്യ നാഗരികതകളുടെ സമഗ്രമായ പഠനമാണ് ഈ കലാസൗഭഗം.

ഘടന

അല്ലാഹുവോടുള്ള പ്രാര്‍ഥനയോടെ (മുനാജാത്ത്) യാണ് കാവ്യം ആരംഭിക്കുന്നത്. സായാഹ്ന വേളയില്‍ നദിക്കരയിലിരുന്നു കൊണ്ട് മൗലാന റൂമിയുടെ കവിതകളുരുവിട്ടു കൊണ്ടിരിക്കുകയായിരുന്ന കവിയുടെ സമീപം റൂമിയുടെ ആത്മാവ് സന്നിഹിതമാവുന്നതാണ് യാത്രയുടെ പശ്ചാത്തലം. റൂമിയോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്ന കവിയുടെ സംശയങ്ങളില്‍ സുപ്രധാനമായത് ‘മനുഷ്യാത്മാവ് സ്ഥല-കാലങ്ങളുടെ സീമകള്‍ ഭേദിക്കുന്നതെങ്ങനെയാണ്?’ എന്നതായിരുന്നു. ഈ ചോദ്യം കൊണ്ട് കവി ആവശ്യപ്പെടുന്നത് പ്രവാചകരു (സ്വ) ടെ ആകാശാരോഹണത്തിന്റെ തത്വശാസ്ത്രപരമായ വ്യാഖ്യാനമാണ്. അങ്ങനെ അല്‍പനേരം കഴിഞ്ഞപ്പോള്‍ സ്ഥല-കാലങ്ങളുടെ മാലാഖയായറിയപ്പെടുന്ന ‘സര്‍വാന്‍’ കടന്നു വരുന്നു. ദ്വിമുഖനായ ഒരു മാലാഖയായിട്ടാണ് കവി ‘സര്‍വാനെ’ പരിചയപ്പെടുത്തുന്നത്. ഒരു മുഖം ഇരുണ്ടതും നിര്‍വികാരവുമായി കാണപ്പെടുമ്പോള്‍ മറ്റേ മഖം പ്രകാശപൂരിതവും ഉന്മേഷ ഭരിതവുമായിരുന്നു.
ജാവീദ് നാമയിലെ ‘സമയ’ ബന്ധിയായ ഇഖ്ബാലിയന്‍ വീക്ഷണം ആധുനിക ദശയിലെ മത-തത്വജ്ഞാന സാഹിത്യ ലോകത്തിന് വലിയ സംഭാവനയാണ്. കേവലമായ പരമമായ സമയത്തെയും ഭൗതികമായ സമയത്തെയും സന്തുലിതമായി സമീപിക്കുന്ന പ്രത്യക്ഷ വൈരുദ്ധ്യം ഇവിടെ കാണാം. ഭൗതികമായ സ്ഥലകാല ബന്ധിതാസ്തിത്വ (സ്പാഷ്യോ-ടെംപറല്‍ എക്‌സിസ്റ്റന്‍സ്) ത്തിനതീതമായി കേവലമായ അസ്തിത്വത്തിന്റെ ഓണ്‍ടോളജിക്കല്‍ തലത്തെ കാണാന്‍ അനുവാചകനെ ഉദ്‌ബോധിപ്പിക്കുകയാണ് കവി. സൗരാഷ്ട്ര മതത്തിന്റെ പ്രാചീന ശാഖകളിലൊന്നായ ‘സര്‍വാനിസ’ത്തിലെ കേന്ദ്ര നായകനാണ് സര്‍വാന്‍. അനന്തമായ കേവല സമയത്തെ ബിംബവല്‍ക്കരിക്കുന്ന സര്‍വാന്‍ ജന്മം നല്‍കുന്നതോടെ അഹുറമസ്ദയും അംഗ്ര മെയ്‌ന്യുവും ഭൗതിക ലോകത്തെത്തുന്നു. സര്‍വാനെ ഇരട്ടമുഖനായി ചിത്രീകരിക്കുന്നതിന്റെ താല്‍പര്യം സമയത്തിന്റെ ഈ ദ്വിമാനങ്ങളെ പരിചയപ്പെടുത്തുകയെന്നതു തന്നെയാണ്. ശോഭയാര്‍ന്ന മുഖം അഭൗതികമായ കേവല സമയത്തിന്റെ പ്രതിനിധാനം ചെയ്യുന്നു. ഇരുണ്ട മുഖം പ്രതിനിധീകരിക്കുന്നത് ഭൗതികമായ സമയത്തെയും അതിന്റെ ബന്ധനങ്ങളുടെ തമസ്സിനെയുമാണ്. നിങ്ങള്‍ കാലത്തെ അധിക്ഷേപിക്കരുത്; കാരണം കാലം ഞാന്‍ തന്നെയാകുന്നു എന്ന ദൈവീക വചനം ഇഖ്ബാലിന്റെ ബോധമണ്ഡലത്തെ ഗാഢമായി ആശ്ലേഷിക്കുകയുണ്ടായി. ഫ്രാന്‍സില്‍ വെച്ച് തത്വചിന്തകനായ ഹെന്റി ബെര്‍ഗ്‌സണിനെ കണ്ട്മുട്ടിയ ഇഖ്ബാല്‍ തന്റെ സമയ ദര്‍ശനം അദ്ദേഹത്തോട് പങ്കുവെക്കുന്നുണ്ട്. കേവലമായ സമയമില്ലെന്ന ഐന്‍സ്റ്റീനിയന്‍ വാദം തന്നെ അലോസരപ്പെടുത്തുന്നുവെന്ന് അദ്ദേഹം ബെര്‍ഗ്‌സണോട് പറഞ്ഞു.
ഡിവൈന്‍ കോമഡിയില്‍ ഡാന്റെയുടെ വഴികാട്ടി വിഖ്യാത റോമന്‍ കവി വിര്‍ജിലായിരുന്ന പോലെ റൂമിയുടെ മാര്‍ഗദര്‍ശനത്തില്‍ ഇഖ്ബാല്‍ യാത്ര ആരംഭിക്കുന്നു. ആദ്യമായി ഇരുവരും എത്തിച്ചേരുന്നത് ചന്ദ്രനിലാണ്. ഇവിടെ വെച്ച് പ്രമുഖ ഹിന്ദു സന്യാസി വിശ്വാമിത്രനെ ഒരു ഗുഹക്കകത്ത് വെച്ച് കണ്ടുമുട്ടുന്നു. വിശ്വത്തിന്റെ മിത്രമായ വിശ്വാമിത്രനെ ‘ജഹാന്‍ ദോസ്ത്’ (ഫ്രന്റ് ഓഫ് എവരി വണ്‍) എന്നാണ് ഇഖ്ബാല്‍ വിളിക്കുന്നത്. വിശ്വാമിത്രന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് ദൈവത്തിന്റെ അസ്തിത്വം എങ്ങനെ തെളിയിക്കുമെന്നായിരുന്നു. അത് തെളിയിക്കാനാവശ്യമില്ലാത്ത വിധം വ്യക്തമാണെന്ന് ഇഖ്ബാല്‍ പ്രതിവചിച്ചു.
സ്ഥല-കാല ബന്ധനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യുക്തിയുടെ ഭൗതിക തലത്തിനപ്പുറത്തേക്കുള്ള ആത്മാവിന്റെ പ്രയാണമാണ് മിഅ്‌റാജ്. യുക്തി അവസാനിക്കുന്നിടത്ത് നിന്ന് ആത്മാവ് ആരംഭിക്കുന്നു. ഇതിനര്‍ഥം ആത്മീയതയും ദൈവവിശ്വാസവും യുക്തിക്ക് നിരക്കാത്തതാണെന്നല്ല. സോക്രട്ടീസിന്റെയും ഡെമോക്രിറ്റസിന്റെയും ദൈവനിഷേധത്തെ ശേഷം വന്ന പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍ തുടങ്ങിയ മഹാമേരുക്കള്‍ യുക്തിയുടെ പിന്‍ബലത്തില്‍ ഖണ്ഢിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ശാസ്ത്രീയ പ്രമാണം നിര്‍ദേശിച്ച ഫ്രാന്‍സിസ് ബേക്കണ്‍ പറയുന്നത് ‘അല്‍പം ശാസ്ത്രജ്ഞാനം മനുഷ്യനെ അവിശ്വാസിയാക്കുമ്പോള്‍ ഗഹനമായ ശാസ്ത്രജ്ഞാനം അവനെ വിശ്വാസിയാക്കുന്നു’ എന്നാണ്. ജ്ഞാനോദയ കാലത്തെ പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഡെനിസ് ദിദറോ വരെ ലൈബ്‌നിസ് എന്ന വിസ്മയ പ്രതിഭയുടെ വിലാസങ്ങള്‍ കണ്ട് അത്ഭുതം കൂറിയിട്ട് പറഞ്ഞു: ‘ലൈബ്‌നിസിന്റെ പ്രതിഭാധനത്വവും കഴിവുകളും കാണുമ്പോള്‍ വല്ല മൂലയിലും പോയി ജീവനൊടുക്കിയാലോ എന്ന് ഞാന്‍ ആലോചിച്ച് പോകുന്നു’.
ഫിലോസഫര്‍, ഗണിത ശാസ്ത്രജ്ഞന്‍, ദൈവശാസ്ത്രജ്ഞന്‍, ശാസ്ത്രജ്ഞന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിച്ച ലൈബ്‌നിസ് ദൈവവിശ്വാസിയായിരുന്നു. ശാസ്ത്ര ലോകത്തെ അത്ഭുതങ്ങളായ ഐസക് ന്യൂട്ടണും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഭൗതികമായ പദാര്‍ഥ പ്രപഞ്ചത്തിനു പിന്നില്‍ ഒരു അതീത ശക്തിയുണ്ടെന്ന് വിശ്വസിച്ചവരായിരുന്നു. ആധുനിക ഫിസിക്‌സിന്റെ പിതാവായറിയപ്പെടുന്ന മാക് പ്ലാങ്ക് ദൈവവിശ്വാസിയായിരുന്നു. ദെക്കാര്‍ത്, വിറ്റ്‌ഗെന്‍സ്റ്റൈന്‍, ഗെയ്‌ഥേ തുടങ്ങിയവരും ഒരു നിഗുഢ ശക്തിയില്‍ വിശ്വസിക്കുന്നവരായിരുന്നു. പരിണാമ സിദ്ധാന്തത്തിനു ശേഷം ദൈവ നിഷേധത്തിന്റെ മൗലിക വാദം ശക്തിപ്പെട്ട് തുടങ്ങുകയും മെറ്റീരിയലിസ്റ്റിക്കായ ആധുനിക ശാസ്ത്രം മനുഷ്യന്റെ ആത്മീയ മണ്ഡലത്തെ അവഗണിച്ച് പോരുകയും ചെയ്തു. പുതിയ കാലത്ത് ന്യൂറോ സയന്‍സിന്റെയും സൈക്കോളജിയുടെയും തിയററ്റിക്കല്‍ ഫിസിക്‌സിന്റെയുമെല്ലാം പിന്‍ബലത്തില്‍ ദൈവവിശ്വാസത്തിന്റെ യുക്തിഭദ്രത തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെല്യൂഷന്‍ എന്ന കൃതിക്ക് മറുപടിയെന്നോണമുള്ള ബയോളജിസ്റ്റും പാരാസൈക്കോളിജിസ്റ്റുമായ റൂപര്‍ട്ട് ഷെല്‍ഡ്രേക്കിന്റെ സയന്‍സ് ഡെലൂഷ്യന്‍ ശാസ്ത്ര ലോകത്തെ മൗലികമായ അടിസ്ഥാന രഹിത സിദ്ധാന്തങ്ങളെ ഓരോന്നായി ഖണ്ഡിക്കുന്നുണ്ട്.
എന്നാല്‍ ദൈവത്തെ കുറിച്ച യുക്തിയുടെ വ്യാപാരങ്ങള്‍ക്കപ്പുറത്ത് ഹൃദയത്തിന്റെ മൗന ഭാഷ വാചലമായി തുടങ്ങുന്നു. എല്ലാം യുക്തികൊണ്ട് അളന്നു തീര്‍ക്കാമെന്ന അതിമോഹവുമായി നടന്നിരുന്ന ദെക്കാര്‍തിനോട് പാസ്‌കലിനുണ്ടായിരുന്ന വിയോജിപ്പും മറ്റൊന്നുമായിരുന്നില്ല. ദൈവത്തെ ആത്മാവു കൊണ്ട് അനുഭവിക്കുകയാണ് വേണ്ടതെന്നാണ് പാസ്‌കല്‍ അഭിപ്രായപ്പെടുന്നത്. ഇഖ്ബാലിന്റെ ഭാഷയില്‍ ‘അഖ്‌ലി’ന് പകരം ‘ഇശ്ഖ്’ കൊണ്ടാണ് ദൈവത്തെ കണ്ടെത്തേണ്ടത്.
വിശ്വാമിത്രനോട് യാത്ര പറഞ്ഞ് നീങ്ങിയ കവിയും റൂമിയും അടുത്തതായി കണ്ടുമുട്ടുന്നത് കവിതയുടെയും കലയുടെയും പ്രതിരൂപമായ സരോഷ് എന്ന സുന്ദരിയെയാണ്. കാര്‍ട്ടീഷ്യന്‍ സയന്‍സിന്റെ ന്യൂനീകരണങ്ങ(റിഡക്ഷനിസം)ള്‍ക്കെതിരെ സജീവമായി രംഗത്തു വന്നവര്‍ കോളറിഡ്ജ്, ഗെയ്‌ഥേ തുടങ്ങിയ കവി പ്രമുഖരാണെന്നത് യുക്തിക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ചിറകുള്ള കവി മനസ്സിന്റെ ചൈതന്യത്തെ അടിവരയിടുന്നു.
അടുത്തതായി അവര്‍ എത്തിച്ചേര്‍ന്നത് യര്‍ഗമീദ് എന്ന താഴ്‌വരയിലാണ്. പ്രവാചകന്മാരുടെ രഹസ്യ ചിഹ്നങ്ങളടങ്ങിയ ഫലകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്ഥലമായതുകൊണ്ട് രഹസ്യ ചിഹ്നങ്ങളുടെ താഴ്‌വര എന്നും ഇത് വിളിക്കപ്പെടുന്നു. ബുദ്ധന്‍, സൗരാഷ്ട്രര്‍, യേശു ക്രിസ്തു(അ), പ്രവാചകര്‍ മുഹമ്മദ്(സ്വ) എന്നിവരുടെ നാല് രഹസ്യങ്ങളാണ് അവിടെയുണ്ടായിരുന്നത്. യേശു ക്രിസ്തുവിന്റെ ഫലകത്തിലുണ്ടായിരുന്നത് ടോള്‍സ്‌റ്റോയിയുടെ സ്വപ്‌നമായിരുന്നു. ക്രിസ്തു മതത്തിന്റെ പേരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യയില്‍ നടന്ന പല കാര്യങ്ങളിലും അതൃപ്തിയും ഉത്കണ്ഠയും പ്രകടിപ്പിച്ച ടോള്‍സ്‌റ്റോയിയുടെ ആശങ്കകള്‍ക്ക് പുനരാവിഷ്‌കാരം നല്‍കുകയാണ് കവി ഉദ്ദേശിച്ചത്. ബുദ്ധന്‍, സൗരാഷ്ട്രര്‍, പ്രവാചകര്‍(സ്വ) എന്നിവരില്‍ നിന്നും അവരുടെ മഹദ്വചനങ്ങള്‍ ശ്രവിച്ച ശേഷം കവി റൂമിയോടൊത്ത് വീണ്ടും യാത്ര തുടര്‍ന്നു.

അധ്യായം-2-ബുധന്‍

അടുത്ത ലക്ഷ്യസ്ഥാനം ബുധനായിരുന്നു. ബുധനില്‍ മരുഭൂമികളുണ്ട്, മലകളും കാടുകളുമുണ്ട്. മനുഷ്യസ്പര്‍ശമേല്‍ക്കാതെ അവയങ്ങനെ നിരന്നു കിടക്കുന്നു വിദുരതയിലേക്ക്. പെട്ടന്ന് അവിടെ ബാങ്കിന്റെ ധ്വനി മുഴങ്ങി. റൂമിയോട് ചോദിച്ചപ്പോള്‍ ഇത് അനുഗ്രഹീതരായ ആത്മാക്കളുടെ വാസകേന്ദ്രമാണെന്ന് പറഞ്ഞു. ഫുളൈലുബ്‌നു ഇയാള്, അബൂ സഈദ് അല്‍ ഖൈര്‍, ജുനൈദുല്‍ ബഗ്ദാദി, ബായസീദ് ബിസ്ത്വാമി(റ) തുടങ്ങിയ ഗതകാല സൂഫികളെല്ലാവരും അവിടെയുണ്ടായിരുന്നു. അവരുടെ കൂടെ ജമാഅത്തായി നിസ്‌കരിക്കാന്‍ വേണ്ടി ധൃതിപ്പെട്ടു പോയപ്പോള്‍ ഇഖ്ബാലും റൂമിയും എത്തിച്ചേര്‍ന്നയിടത്ത് വെറും രണ്ട് പേര്‍ മാത്രമായിരുന്നു നിസ്‌കരിക്കാനുണ്ടായിരുന്നത്. ജമാലുദ്ദീന്‍ അഫ്ഗാനിക്ക് പിന്നില്‍ നിസ്‌കരിച്ചിരുന്ന സഈദ് ഹലീം പാഷയെയാണ് അവരവിടെ കണ്ടത്. ഉസ്മാനിയ ഖിലാഫത്തിന്റെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനും അഹോരാത്രം യത്‌നിച്ചവരായിരുന്നു ഇരുവരും. അവരെ കാണാനടുത്തു ചെന്നപ്പോള്‍ റൂമി ഇഖ്ബാലിനെ പരിചയപ്പെടുത്തുന്നത് സിന്ദറൂദ്( ചൈതന്യമുള്ള അരുവി) എന്ന പേരിലാണ്. ചൈതന്യമുളള ഒരു പ്രവാഹം അതിന്റെ വഴിയിലെ തടസ്സങ്ങള്‍ വകവെക്കാതെ മുന്നോട്ട് ഗമിക്കുന്ന പോലെ ജീവിത രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ നിരന്തരം അന്വേഷണങ്ങള്‍ നടത്തുന്നതിനാലാണ് അങ്ങനെയൊരു പേര് വിളിക്കാന്‍ കാരണം. മുസ്‌ലിം ലോകത്തിന്റെ അവസ്ഥകളന്വേഷിച്ച അഫ്ഗാനിയോട് മുസ്‌ലിം സമൂഹത്തിന്റെ ദുരവസ്ഥ കവി വിവരിച്ചുകൊടുക്കുന്നു. കമ്യൂണിസത്തേയും നാഷണലിസത്തേയും വിമര്‍ശിക്കാന്‍ കവി ഈ രംഗം ഉപയോഗപ്പെടുത്തുന്നു.

അധ്യായം 3- ശുക്രന്‍

ശാന്ത സുന്ദരമായ അന്തരീക്ഷം. കണ്‍കുളിര്‍മയേകുന്ന പ്രകൃതിയുടെ മനോഹാരിത ആരിലും അന്തരാത്മാവിന്റെ തുടിപ്പ് അനുഭവപ്പെടുത്തും. അങ്ങനെ ഒരു വലിയ പാറക്കല്ലിന്റെ അറ്റത്ത് നിന്ന് കവി പ്രദേശമൊന്നാകെ വിഹഗ വീക്ഷണം നടത്തി. വെള്ളത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ദ്രവമായിരുന്നു അവിടുത്തെ മണ്ണ്. ഈജിപ്ത്, യമന്‍, ഇറാഖ്, അറബ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്ന പ്രാചീന ദൈവങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇബ്രാഹീം നബി(അ)യുടെ പ്രഹരമേറ്റിരുന്നത് കാരണം ദൈവനാമം ഭയമായിരുന്നു. എങ്കിലും അവര്‍ ഇപ്പോള്‍ ആഘോഷത്തിമിര്‍പ്പിലാണ്. മര്‍ഡൂക്ക്, ബാല്‍ തുടങ്ങിയ ദൈവങ്ങള്‍ ആനന്ദ നൃത്തം ചവിട്ടി രസിക്കുകയാണ്. കാരണം ഓറിയന്റലിസ്റ്റുകളുടെ ശ്രമഫലമായി അവര്‍ക്കെല്ലാം പഴയ പ്രദേശങ്ങളില്‍ പുതിയൊരവസരം കൂടി കൈവന്നിരിക്കുന്നു.
അടുത്തതായി കടും പച്ച നിറമുള്ള ഒരു സമുദ്രത്തിനടുത്തേക്ക് അവര്‍ നീങ്ങി. വെള്ളത്തില്‍ തിരകളോ അനക്കമോ ഒന്നുമുണ്ടായിരുന്നില്ല. റൂമി പറഞ്ഞു: അദൃശ്യ ലോകത്തെ അവിശ്വസിച്ച് സ്വന്തം അഭീഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിച്ചവരുടെ ആത്മാക്കളാണിവിടെ വസിക്കുന്നത്. അവരില്‍ ഇവിടെയിപ്പോള്‍ രണ്ട് പേരുണ്ട്. ഒരാള്‍ കിഴക്കു നിന്നും മറ്റൊരാള്‍ പടിഞ്ഞാറ് നിന്നും. ഒന്നാമത്തെയാളെ മൂസാ നബി(അ)തകര്‍ത്തു കളഞ്ഞു. രണ്ടാമത്തവനെ വീഴ്ത്തിയത് ഒരു സാത്വികനായ ദര്‍വേശിന്റെ പ്രതികാരമാണ്. ഫറോവ റംസീസ് രണ്ടാമനും ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ലോര്‍ഡ് കിച്ച്‌നറുമായിരുന്നു അവര്‍. പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന് കീഴൊതുങ്ങാന്‍ കൂട്ടാക്കാതിരുന്ന സുഡാനി വിപ്ലവകാരി മഹ്ദിയെ അദ്ദേഹത്തിന്റെ മരണ ശേഷം കല്ലറയില്‍ നിന്ന് അയാള്‍ പുറത്തെടുക്കുകയും എല്ലുകള്‍ വെള്ളത്തിലൊഴിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കിച്ച്‌നറുടെ കപ്പല്‍ ശത്രുക്കളുടെ മുങ്ങിക്കപ്പലുകളുടെ ആക്രമണങ്ങത്തില്‍ തകരുകയും കിച്ച്‌നര്‍ കടലില്‍ മരിക്കുകയും ചെയ്തു.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.