16. സുലൈമാന്‍ നബി (അ) പ്രതീകവല്‍കരിക്കുന്ന കാരുണ്യത്തിന്റെ പൊരുള്‍
ഖുര്‍ആനിലെ ഒന്നൊഴികെയുള്ള അധ്യായങ്ങളെല്ലാം ആരംഭിക്കുന്നത് ‘കരുണാമയനും കാരുണ്യനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന സൂക്തം കൊണ്ടാണ്. റഹ്മാന്‍, റഹീം എന്നീ രണ്ടു പദങ്ങളും നിഷ്പന്നമായിരിക്കുന്നത് കാരുണ്യമെന്നര്‍ഥമുള്ള റഹ്മ: എന്ന മൂലധാതുവില്‍ നിന്നാണ്. അക്‌ബേരിയന്‍ സരണിയില്‍ ഉണ്‍മയുടെ പര്യായമാണ് റഹ്മ: . അല്ലാഹു പറയുന്നു: ‘എന്റെ കാരുണ്യം സര്‍വതിനെയും ചൂഴ്ന്നു നില്‍ക്കുന്നു’. (7:156). കാരുണ്യത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് റഹ്മാന്‍, റഹീം എന്ന നാമങ്ങള്‍ പ്രകാശിപ്പിക്കുന്നത്. ഇവ രണ്ടും ഒന്നിച്ച് പ്രതിപാദിക്കപ്പെടുന്ന അഞ്ച് ഇടങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയിലൊന്ന് സുലൈമാന്‍ നബി(അ) യുമായി ബന്ധപ്പെട്ടാണ് വരുന്നത് എന്നതാണ് റഹ്മയുടെ പൊരുള്‍ സുലൈമാന്‍ നബി (അ) യോട് ചേര്‍ന്നുവരാനുള്ള കാരണം. ബല്‍ക്കീസ് രാജ്ഞിക്കയച്ച കത്തില്‍ ‘ഇത് സുലൈമാന്‍(അ) ല്‍ നിന്നുള്ള (കത്താണ്). കരുണാമയനും (റഹ്മാന്‍) കാരുണ്യനിധിയുമായ (റഹീം) അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പ്രവാചകര്‍ (അ) പറയുന്നിടത്താണ് രണ്ടു നാമങ്ങളും ഒരുമിച്ചു വരുന്നത്. ഉണ്‍മയുടെ സര്‍വതലങ്ങളെയും ഗ്രസിച്ചു നില്‍ക്കുന്ന റഹ്മ: യെ പോലെ സുലൈമാന്‍ നബി (അ) യുടെ അധീശാധികാരത്തിന്റെ വ്യാപ്തി മനുഷ്യ ജിന്നു വര്‍ഗങ്ങളെയും ഭൗതിക ലോകത്തെ സര്‍വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്നതു കാണാം.
17- ദാവൂദീ വചനത്തിലെ ‘ഉണ്‍മ’യുടെ പൊരുള്‍
അല്ലാഹുവിന്റെ പ്രാതിനിധ്യം ഭൂമിലോകത്ത് പൂര്‍ണമാകുന്നത് മനുഷ്യന്റെ നിയോഗത്തോടെയായതു കൊണ്ടു തന്നെ ആ പ്രാതിനിധ്യം പരിപൂര്‍ണത പ്രാപിക്കുന്നത് ദാവൂദ് നബി (അ) യിലൂടെയാണ്. കാരണം പര്‍വതങ്ങളും പക്ഷികളുമടക്കം സര്‍വതും അദ്ദേഹത്തിന്റെ അധീനതയില്‍ വന്നിരുന്നു. ‘ഖലീഫ’ (ദൈവ പ്രതിനിധി) യെന്ന് വ്യക്തമായി സംബോധനം ചെയ്യപ്പെടുന്ന ആദ്യ വ്യക്തി ദാവൂദ് നബി (അ) യാണെന്നതു കൊണ്ടാണ് ഉണ്‍മയുടെ (അധികാരത്തിന്റെ ) പൊരുള്‍ അദ്ദേഹത്തോട് ബന്ധപ്പെട്ടിരിക്കുന്നത്. തന്റെ സാമ്രാജ്യത്തെ പൂര്‍ണമായി ഭരിക്കുകയെന്ന ദുഷ്‌കര ദൗത്യം ദാവൂദി (അ) ന് സ്വന്തമായി മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. സ്വപുത്രന്‍ സുലൈമാന്‍ നബി(അ) സഹായിയായി നിയുക്തനാകുന്നത് അങ്ങനെയാണ്. ദാവൂദ് നബി (അ) യുടെ ദൈവ പ്രാതിനിധ്യത്തിന്റെ സമ്പൂര്‍ണതക്ക് പൂരകമായാണ് സുലൈമാന്‍ നബി (അ) കടന്നു വരുന്നത്. സുലൈമാന്‍ നബി (അ) യിലൂടെ ഉണ്‍മ അതിന്റെ ബാഹ്യ പ്രകടനത്തിന്റെ പൂര്‍ണത പ്രാപിക്കുന്നു എന്നതു കൊണ്ടാണ് ‘ഉണ്‍മ’യുടെ പൊരുള്‍ ദാവൂദീ വചനം സുലൈമാനീ വചനത്തിന്റെ പൊരുളിനു തൊട്ടു ശേഷം വിവരിക്കപ്പെടുന്നത്. ഉണ്‍മയുടെ പൊരുള്‍ കൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത് മനുഷ്യലോകവുമായി ബന്ധപ്പെടുന്ന ഉണ്‍മയാണ്. കാരണം നിരുപാധിക ഉണ്‍മ അതിന്റെ സാകല്യത്തില്‍ ഏതെങ്കിലുമൊരു പ്രവാചകരോട് മാത്രം ബന്ധപ്പെടുന്നില്ല.
18- യൂനുസീ വചനത്തിലെ നിശ്വാസ/ആത്മ പൊരുള്‍
നിശ്വാസ (നഫസ്) പൊരുളിന്റെ യൂനുസ് നബി (അ) യുമായുള്ള ബന്ധം, അല്ലാഹു തന്റെ സര്‍വ കാരുണ്യത്തിന്റെ നിശ്വാസം കൊണ്ട് അദ്ദേഹത്തെ തന്റെ പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുന്നു എന്നതാണ്. തന്റെ ജനത, കുടുംബം, സന്താനങ്ങല്‍ തുടങ്ങി എല്ലാവരും തന്നെ തിരസ്‌കരിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്ത സമയം മനം മടുത്ത യൂനുസ് നബി (അ) നാട് വിടുകയും കടലില്‍ വെച്ച് മത്സ്യത്തിന്റെ വയറ്റിലകപ്പെടുകയും ചെയ്യുന്നു. കടലിന്റെ അഗാധതകളില്‍ പ്രവാചകര്‍ (അ) അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തുകയും അവനോട് മാപ്പപേക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിക്കുകയും കുടുംബ സന്താനങ്ങളെയും സ്വജനതയെയും അദ്ദേഹത്തിനു തിരിച്ചു നല്‍കുകയും ചെയ്തു.
മത്സ്യത്തിന്റെ ബന്ധനത്തിലകപ്പെടുന്ന യൂനുസ് നബി (അ) യെ പോലെയാണ് ശരീരത്തിന്റെ ബന്ധനത്തിലകപ്പെടുന്ന ആത്മാവ്. അന്ധകാരത്തിന്റെ അഗാധതകളില്‍ അല്ലാഹുവിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് അവനോട് കേണപേക്ഷിച്ചതു കാരണമാണ് അദ്ദേഹത്തിന് ആശ്വാസവും മോചനവും ലഭിച്ചത്
നഫസ് (നിശ്വാസം) എന്നതിനു പകരം നഫ്‌സ് (ആത്മാവ്) എന്ന് മറ്റൊരു വായന കൂടി വ്യാഖ്യാതാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. യൂനുസീ വചനത്തിലെ ആത്മാവിന്റെ പൊരുള്‍ എന്നായിരിക്കും അങ്ങനെ വായിക്കുമ്പോള്‍ തലവാചകം അര്‍ഥമാക്കുന്നത്.
മനുഷ്യാത്മാവ് അല്ലാഹുവിന്റെ സര്‍വാശ്ലേഷിയായ ‘അല്ലാഹു’ എന്ന നാമത്തിന്റെ പ്രത്യക്ഷതയുടെ പുണ്യസ്ഥലിയാണ്. ഈയര്‍ഥത്തില്‍ ആത്മാവ് ദൈവത്തിന്റെയും അവന്റെ വിശേഷണങ്ങളുടെ പ്രകടഭാവമായ ലോകത്തിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു കരയിടുക്കാ (ഇസ്തുമസ്) യി വര്‍ത്തിക്കുന്നു. ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്നത് എന്ന അടിസ്ഥാന സ്വഭാവം മൂലം ആത്മാവ് ശരീരവുമായി ഇണചേര്‍ന്നു കിടക്കുന്നു. ഭൗതികമായ സമയസ്ഥലികളെ അതിവര്‍ത്തിച്ചു കൊണ്ട് മാറ്റത്തിനും (ചെയ്ഞ്ച്) കാലികത്വ (ടെംപറാലിറ്റി) ത്തിനുമതീതമായി ശുദ്ധമായ അലൗകികതയെയും സമയസ്ഥലികളുടെയും മാറ്റത്തിന്റെയും കാലികത്വത്തിന്റെയും ന്യൂനഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക ലൗകികതയെയും കൂട്ടിയിണക്കുന്നുണ്ട് മനുഷ്യാത്മാവെന്ന അത്ഭുതം. ആത്മീയ മണ്ഡലത്തെയും ശാരീരിക മണ്ഡലത്തെയും വിളക്കി ചേര്‍ത്തു കൊണ്ട് പൂര്‍ണതയിലെത്തിക്കുന്ന ദൈവത്തിന്റെ പ്രതിനിധിയായി ആത്മാവ് വര്‍ത്തിക്കുന്നു എന്നതു കൊണ്ടാണ് ദൈവ പ്രാതിനിധ്യത്തിന്റെ പൊരുളുകളായ സുലൈമാനീ, ദാവൂദീ വചനങ്ങള്‍ക്കു ശേഷം യൂനുസീ വചനത്തിലെ ആത്മാവിന്റെ പൊരുള്‍ പരാമര്‍ശിക്കപ്പെടുന്നത്.
മത്സ്യത്തിന്റെ ബന്ധനത്തിലകപ്പെടുന്ന യൂനുസ് നബി (അ) യെ പോലെയാണ് ശരീരത്തിന്റെ ബന്ധനത്തിലകപ്പെടുന്ന ആത്മാവ്. അന്ധകാരത്തിന്റെ അഗാധതകളില്‍ അല്ലാഹുവിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് അവനോട് കേണപേക്ഷിച്ചതു കാരണമാണ് അദ്ദേഹത്തിന് ആശ്വാസവും മോചനവും ലഭിച്ചത്. അപ്രകാരം ഭൗതിക ലോകത്തിന്റെയും ശരീരത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന അന്ധകാരത്തിന്റെ മധ്യത്തില്‍ പൂര്‍ണമായും അല്ലാഹുവിലേക്ക് ശ്രദ്ധ തിരിക്കുന്നതിലൂടെ ആത്മാവും ബന്ധനങ്ങളില്‍ നിന്ന് വിമോചിതമാവുന്നു.
19- അയ്യൂബീ വചനത്തിലെ അദൃശ്യ പൊരുള്‍
അദൃശ്യ ലോകവു (ഗൈബ്) മായുള്ള അയ്യൂബ് നബി (അ) യുടെ ബന്ധം അദ്ദേഹത്തിന്റെ രോഗവും മുമ്പുണ്ടായിരുന്ന സുഖ സുഭിക്ഷതയും രോഗ ശേഷമുള്ള അവസ്ഥയും എല്ലാം അദൃശ്യ ലോകത്തിന്റെ ഇടപെടലായിരുന്നുവെന്നതാണ്. തനിക്ക് ലഭിച്ച സമ്പത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം നടത്തി അല്ലാഹുവിന്റെ സംപ്രീതിക്ക് പ്രത്യേകം പാത്രമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിശാചിനെയും ശിങ്കിടികളെയും അരിശം കൊള്ളിച്ചു. അവര്‍ പറഞ്ഞു: ‘ സമ്പദ്‌സമൃദ്ധിയില്‍ ദൈവ സ്മരണയും ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ദാരിദ്രത്തിലും രോഗപീഢയിലുമായിരിക്കെ ക്ഷമാശീലനായി സര്‍വം സഹനാവുകയും ദൈവസ്മരണ നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ അത് അത്ഭുതം തന്നെ. സമ്പത്ത് മുഴുവനും നശിക്കുകയും കൂട്ടുകുടുംബാദികള്‍ മിക്കവരും തന്നെ കൈയൊഴിയുകയും ചെയ്ത ശേഷം രോഗ പീഢയുടെ ദുസ്സഹമായ ദശയില്‍ അദൃശ്യമായ ഇടങ്ങളില്‍ പുഴുക്കള്‍ വന്ന് നിറയുകയും ചെയ്തുവെങ്കിലും ക്ഷമ വിടാതെ നന്ദിയോടെ ദൈവ സ്മരണക്ക് ഭംഗം വരുത്താതെ സൂക്ഷിച്ചു അദ്ദേഹം. അല്ലാഹുവോടല്ലാതെ മറ്റാരോടും അദ്ദേഹം പരിഭവം പറഞ്ഞില്ല; പറഞ്ഞതു തന്നെ അവസാനം ദിക്‌റിന് തടസ്സം നേരിട്ടപ്പോള്‍ മാത്രം. അദ്ദേഹത്തിന് കാര്യങ്ങളുടെ രഹസ്യം പിടികിട്ടിയിരുന്നതു കൊണ്ട് പരീക്ഷണം വിജയകരമായി തരണം ചെയ്യുകയും പിശാചിന്റെ വാദമുഖങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.
ഇഹ്‌സാന്‍ മൂന്ന് തലങ്ങളിലായി കടന്നുവരുന്നു. ഒന്നാമത്തേത് സര്‍വചരാചരങ്ങളോടും നന്മ ചെയ്യുക എന്ന തലമാണ്. രണ്ടാമത്തേത് അല്ലാഹുവിനെ ദര്‍ശിക്കുന്ന പോലെ പൂര്‍ണ ശ്രദ്ധയോടെ അല്ലാഹുവിനെ ആരാധിക്കുന്ന തലമാണ്. എല്ലാ വസ്തുക്കളിലും അല്ലാഹുവിനെ ധ്യാനിക്കുന്ന തലമാണ് മൂന്നാമത് വരുന്നത്
അധ്യായത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് സദ്‌റുദ്ദീന്‍ ഖൂനവി (റ) കുറിക്കുന്നു: ‘അദൃശ്യപൊരുളെന്ന് ഈ അധ്യായത്തെ വിളിക്കുന്നതില്‍ രണ്ട് രഹസ്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഒന്ന്, രോഗങ്ങളും പീഢകളും പ്രത്യക്ഷത്തില്‍ വേദനാജനകമെന്ന പോലെ മനുഷ്യ പ്രകൃതത്തിന് വിയോജിപ്പുള്ള കാര്യങ്ങളുമാണ്. അദൃശ്യ ലോകവുമായി ഗാഢ ബന്ധം പുലര്‍ത്തുന്ന വരാനിരിക്കുന്ന ശുഭ ഫലങ്ങളില്‍ പൂര്‍ണ വിശ്വാസമുള്ളവര്‍ക്കേ അത്തരം പരീക്ഷണങ്ങള്‍ താങ്ങാനാവുകയുള്ളൂ. വിദ്യ വെളിപാടിന്റെ യാഥാര്‍ഥ്യം തിരിച്ചറിയുന്ന ഇവര്‍ ഇന്ദ്രിയ സംവേദനത്തിനതീതമായ ലോകങ്ങളെ മനസിലാക്കിയവരാണ്. പരീക്ഷണങ്ങള്‍ ക്ഷമയോടെ സഹിക്കുവാന്‍ ഈ തിരിച്ചറിവ് അവരെ സജ്ജരാക്കുന്നു. പരീക്ഷണങ്ങള്‍ പ്രത്യക്ഷവും പ്രതിഫലം അദൃശ്യവുമായിരിക്കുമെന്നതാണ് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത്. രണ്ടാമത്തെ രഹസ്യ പരീക്ഷണങ്ങളുടെ പ്രതിഫലത്തില്‍ എത്ര തന്നെ ദൃഢ വിശ്വാസമുണ്ടായിരുന്നാലും നഷ്ടപ്പെട്ടതു മുഴുവന്‍ ഈ ലോകത്തു തന്നെ പൂര്‍ണമായി തിരിച്ചു കിട്ടണമെന്നില്ല എന്നതാണ്. ഈ രണ്ടു പൊരുളുകളും അയ്യൂബ് നബി (അ) യുടെ ജീവിതത്തില്‍ ദര്‍ശിക്കാവുന്നതാണ്’.
20- യഹ്‌യ (അ) പ്രതിനിധാനം ചെയ്യുന്ന മഹിമയുടെ പൊരുള്‍
അല്ലാഹുവിന്റെ ഗൗരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും നാമങ്ങള്‍ ‘മഹിമ’ (ജലാല്‍) യെന്ന പേരിലും മൃദുഭാവത്തിന്റെ നാമങ്ങള്‍ സൗന്ദര്യം (ജമാല്‍) എന്നും അറിയപ്പെടുന്നു. ജലാലിന്റെ വിശേഷണങ്ങള്‍ ദൈവ ഭയത്തിന്റെയും ആത്മ സങ്കോചത്തിന്റെയും വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. യഹ്‌യ നബി (അ) അങ്ങനെയുള്ള ഒരാളായിരുന്നു. കരഞ്ഞു കരഞ്ഞ് തന്റെ കവിളുകളില്‍ ചാലുകള്‍ വരെ രൂപപ്പെടുകയുണ്ടായി.
21- സക്കരിയ്യ നബി (അ) പ്രതീകവല്‍കരിക്കുന്ന ആധിപത്യത്തിന്റെ പൊരുള്‍
അല്ലാഹുവിന്റെ അല്‍മലിക്ക് (അധിപതി) എന്ന നാമത്താല്‍ നിര്‍ണിതമായിരുന്നു സക്കരിയ്യ നബി (അ) യുടെ അവസ്ഥാ തലങ്ങള്‍. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ശക്തി പ്രഭാവം തന്റെ ആത്മീയമായ സ്ഥൈര്യത്തിന് ഊര്‍ജം പകര്‍ന്നു ആന്തരികവും അദൃശ്യവുമായ തലത്തോട് ബന്ധിക്കുന്നതുമാണ് ആത്മീയമായ സ്ഥൈര്യം. തന്മൂലം അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുകയും ആവശ്യം നിറവേറ്റപ്പെടുകയും ചെയ്തു.
22- ഇല്‍യാസീ വചനത്തിലെ ആത്മബന്ധത്തിന്റെ പൊരുള്‍
ആത്മീയതയും സ്വര്‍ഗീയ ശക്തികളും ആധിപത്യം പുലര്‍ത്തിയിരുന്ന ഇല്‍യാസ് നബി (അ) യുടെ വ്യക്തിത്വം മാലാഖമാരുമായി അടുത്ത ബന്ധം സൃഷ്ടിക്കുവാന്‍ വരെ കാരണമായി തീര്‍ന്നു. തന്റെ ശാരീരികത കാരണം മനുഷ്യ ലോകവുമായി അദ്ദേഹം വളരെ അടുത്തു നില്‍ക്കുന്നു. മനുഷ്യ-മാലാഖമാരുടെ ഇരു വിഭാഗങ്ങളിലും അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഖിള്‌റ് (അ), ഈസാ നബി (അ) എന്നിവരെ പോലെ മരണത്തിന്റെ ബന്ധനങ്ങള്‍ക്കതീതമായൊരു സ്ഥാനം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.
23- ലുഖ്മാനീ വചനത്തിലെ ‘നന്മ’യുടെ പൊരുള്‍
ജ്ഞാനത്തിന്റെയും സദ്പ്രവര്‍ത്തനത്തിന്റെയും പരസ്പര ബന്ധത്തെ കുറിച്ച് എല്ലാ വ്യാഖ്യാതാക്കളും ഏകസ്വരമാണ്. ജ്ഞാനം (ഹിക്മ:) ലുഖ്മാനു (അ) യുമായി ബന്ധപ്പെടുന്നു.
അക്ഷരാര്‍ഥത്തില്‍ ഇഹ്‌സാന്‍ കൊണ്ടുള്ള വിവക്ഷ കഴിയുന്ന വിധത്തിലെല്ലാം നന്മ ചെയ്യുകയെന്നാണ്. ശരീഅ: യുടെ ബാഹ്യധാരണയനുസരിച്ച് ഇഹ്‌സാന്‍ എന്നു പറയുന്നത് അല്ലാഹുവിനെ കാണുന്ന പോലെ ആരാധിക്കുന്നതിനാണ്. ശരീഅ: യുടെ ആന്തരികാര്‍ഥ പ്രകാരം സര്‍വ സത്താ തലങ്ങളിലും അല്ലാഹുവിനെ ധ്യാനിക്കുകയെന്നാണ് വിവക്ഷ.
ഇഹ്‌സാന്‍ മൂന്ന് തലങ്ങളിലായി കടന്നുവരുന്നു. ഒന്നാമത്തേത് സര്‍വചരാചരങ്ങളോടും നന്മ ചെയ്യുക എന്ന തലമാണ്. രണ്ടാമത്തേത് അല്ലാഹുവിനെ ദര്‍ശിക്കുന്ന പോലെ പൂര്‍ണ ശ്രദ്ധയോടെ അല്ലാഹുവിനെ ആരാധിക്കുന്ന തലമാണ്. എല്ലാ വസ്തുക്കളിലും അല്ലാഹുവിനെ ധ്യാനിക്കുന്ന തലമാണ് മൂന്നാമത് വരുന്നത.് ഇഹ്‌സാന്റെ ഇരട്ട സഹോദരനായി ജ്ഞാനം എപ്പോഴും കൂടെയുണ്ടാവുമെന്നുള്ളതു കൊണ്ടാണ് ലുഖ്മാനി (അ) ലേക്ക് ഇഹ്‌സാന്‍ ചേര്‍ത്തു പറയുന്നത.് കാരണം ലുഖ്മാന്‍ (അ) ജ്ഞാനിയായിരുന്നു എന്നത് തന്നെ.
24- ഹാറൂനീ വചനത്തിലെ ‘ഇമാമത്തി’ന്റെ പൊരുള്‍
ഇവിടെ പരാമര്‍ശിക്കുന്ന ‘ഇമാമ’ അര്‍ഥമാക്കുന്നത് പ്രാതിനിധ്യത്തിന്റെ നാമങ്ങളിലൊന്നായ നേതൃത്വമെന്നാണ്. ഇമാമ: രണ്ട് ഇനങ്ങളായി തിരിക്കപ്പെടുന്നു: ഒന്ന് നിരുപാധികവും മറ്റേത് സോപാധികവുമാണ്. ഒന്നാമത്തേതില്‍ മുഴുവന്‍ അസ്തിത്വത്തെയും ആശ്ലേഷിക്കുന്ന ‘ഇമാമ’ രണ്ടാം തലത്തില്‍ പരിമിതികളെ വരിക്കുന്നു. ഒന്നാമത്തേത് ഇബ്രാഹീം നബി (അ) യും രണ്ടാമത്തേത് ഹാറൂന്‍ നബി (അ)യും പ്രതിനിധാനം ചെയ്യുന്നു.
25- മൂസവീ വചനത്തിലെ ‘ഔന്നിത്യ’ത്തിന്റെ പൊരുള്‍
അല്ലാഹുവിന്റെ ദിവ്യ വചനത്തിലെ ‘നിങ്ങള്‍ ഭയപ്പെടരുത്, കാരണം നിങ്ങള്‍ മഹോന്നതരാണ്’ എന്ന സൂക്തം മൂസാ നബി (അ) യോടുള്ള സംബോധനയാണെന്നതുകൊണ്ടാണ് ഈ പൊരുളിന്റെ ഭാഗമായി മൂസാ നബി (അ) കടന്നു വരുന്നത്. തന്റെ മഹോന്നതമായ സ്ഥാനം കാരണം നിരവധി കാര്യങ്ങള്‍ക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) ക്ക് മാത്രം നല്‍കപ്പെട്ടിട്ടുള്ള ‘സര്‍വാശ്ലേഷിത്വ’ത്തിന്റെ തലവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് മൂസാ നബി (അ).
26- ഖാലിദീ വചനത്തിലെ ‘ശരണ’ത്തിന്റെ പൊരുള്‍
സമദ് എന്ന് പദത്തിന് രണ്ട് അര്‍ഥങ്ങളുണ്ട്. ഉള്ള് പൊള്ളയായതാവുകയെന്ന അര്‍ഥവും മറ്റൊന്ന് അവലംബം തേടി മടങ്ങി പോവുക എന്നുമാണ്. ഇവിടെ രണ്ടാമത്തെ അര്‍ഥമാണ് ഉദ്ദേശിക്കപ്പെടുന്നത്. ജനതയുടെ എതിര്‍പ്പ് കാരണം ഖാലിദ് തന്റെ പ്രവാചകത്വം ഭൗതിക ലോകത്ത് പ്രകടിപ്പിച്ചില്ലായിരുന്നു. മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം തന്റെ ഖബ്‌റിടത്തേക്ക് ജനങ്ങളെ മാര്‍ഗ ദര്‍ശനം ചെയ്യാനാരംഭിച്ചു അദ്ദേഹം.
27- മുഹമ്മദീ വചനത്തിലെ ‘അദ്വിതീയത’ / ‘സാര്‍വത്രികത’യുടെ പൊരുള്‍
അല്ലാഹുവിന്റെ സത്ത(എസ്സന്‍സ്) പ്രവാചകര്‍ മുഹമ്മദിലൂടെയാണ് വിശേഷഗുണങ്ങളായി പ്രകാശിതമാവുന്നത് എന്നതുകൊണ്ടാണ് ഈ പൊരുള്‍ പ്രതിനിധീകരിച്ചുകൊണ്ട് മുഹമ്മദ് (സ്വ) കടന്നുവരുന്നത്. ഉണ്‍മയുടെ ലോകത്തെയാസകലം ആശ്ലേഷിക്കുന്നുണ്ട് പ്രവാചകരുടെ സത്ത. എല്ലാ നാമങ്ങളെയും വിശേഷണങ്ങളെയും ഉള്‍വഹിക്കുന്ന അല്ലാഹു എന്ന നാമത്തിന്റെ ബാഹ്യ പ്രകടനമാണ് തിരു ദൂതര്‍(സ്വ). ഖൂനവി(റ) അധ്യായം വ്യാഖ്യാനിച്ചു കൊണ്ട് പറയുന്നു: ‘ നമ്മുടെ ഗുരു ഈ പൊരുളിനെ ‘സാര്‍വത്രികത’ യുടെയും ‘അദ്വീതീയത’യുടെയും പൊരുളെന്ന് വിളിക്കുന്നു. താഴെ വിവരിക്കുന്ന അടിസ്ഥാന അധ്യാപനത്തിന്റെ വെളിച്ചത്തില്‍ ഈ നാമങ്ങള്‍ പ്രകാശിപ്പിക്കുന്ന രഹസ്യങ്ങള്‍ നിനക്ക് മനസ്സിലാക്കാം’. മുഹമ്മദ്ന്‍ പൂര്‍ണത അതിന്റെ പ്രഭവകേന്ദ്രം, അതിന്റെ സര്‍വാശ്ലേഷിത്വം, അതിന്റെ ‘മുദ്ര’ (ഖാതം) സ്ഥാനം, മറ്റു പ്രവാചകരുടെ ദൃഷ്ടാന്തങ്ങള്‍ക്ക് തിരുദൂതരു (സ്വ) ടെ ദൃഷ്ടാന്തവുമായുള്ള ബന്ധം തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ വിവരണമാണ് അധ്യായത്തിലുടനീളം അനാവൃതമാകുന്നത്.
‘ലോകത്തുള്ള സര്‍വ വസ്തുക്കളും ദിവ്യ സത്യത്തിന്റെ പ്രകടന സ്ഥലികളാണ്. പ്രത്യേക രീതിയില്‍ ദൈവികാസ്തിത്വം അവകളില്‍ പ്രത്യക്ഷീഭവിക്കുന്നു എന്നതിനാല്‍ നിശ്ചിത ദൈവനാമത്തിന്റെ പ്രതിനിധാനങ്ങളാണവയെല്ലാം. പ്രവാചകര്‍, ഇഷ്ടദാസര്‍ തുടങ്ങിയവരും മറ്റിതര വസ്തുക്കളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പ്രവാചകരും ഔലിയാക്കളും പൊതുവായ സാര്‍വത്രിക നാമങ്ങളുടെ പ്രകടനസ്ഥലികളാണെന്നതാണ്. ഓരോ പ്രവാചകന്മാരും പ്രകാശിപ്പിക്കുന്ന നാമത്തിനനുസരിച്ചേ പ്രവാചകന്മാരുടെ സ്ഥാനങ്ങളിലെ ഏറ്റ വ്യത്യാസങ്ങള്‍ മനസിലാക്കാനാവൂ’.
ഓരോ പ്രവാചകരുമായും പ്രത്യേകമായി ബന്ധമുള്ള ചതുര്‍ ഭൂത (ഫോര്‍ എലമെന്റ്‌സ്) ങ്ങളെ കുറിച്ചും പ്രവാചകര്‍ മുഹമ്മദി (സ്വ) ന്റെ പ്രത്യേക ദൃഷ്ടാന്തമായ ദൈവ വചനം (ഖുര്‍ആന്‍) നല്‍കിയ അദ്വിതീയ സ്ഥാനത്തിന്റെ വിശേഷങ്ങളെ കുറിച്ചും ഗഹനമായ ചര്‍ച്ചകളാണ് പിന്നീട് സജീവമാവുന്നത്. ഇരുപത്തിയേഴ് അധ്യായങ്ങളിലായി സമാഹരിച്ചിരിക്കുന്ന ജ്ഞാനപ്പൊരുളുകള്‍ അതോട് കൂടി അവസാനിക്കുന്നു. ജ്ഞാനപ്പൊരുളുകളായ മോതിരക്കല്ലുകളുടെ മുദ്രയായി വരുന്ന മോതിരക്കല്ല് മുഹമ്മദീയന്‍ പൂര്‍ണതയുടെയും അദ്വിതീയതയുടെയും പൊരുളാണെന്നതില്‍ നിന്ന് തിരുദൂതരു (സ്വ) ടെ സത്താപരമായ തലത്തിന്റെ ഔന്നിത്യവും മഹിമയും എത്രമാത്രമാണെന്ന ലഘു ചിത്രം ലഭിക്കുന്നു.
(അവസാനിച്ചു)