നാം (അല്ലാഹു) മനുഷ്യനോട് അവന്റെ കണ്ഠ നാഡിയേക്കാള്‍ സമീപസ്ഥനാണ്- ഖുര്‍ആന്‍ ഞാന്‍ ബദാം മരത്തോട് ചോദിച്ചു: ‘നീ എനിക്ക് ദൈവത്തെ കുറിച്ച് പറഞ്ഞു തരുമോ?’ ഉടന്‍ തന്നെ അതില്‍ പുഷ്പങ്ങള്‍ വിടര്‍ന്നു’. -കസന്‍ദ്‌സാക്കീസ്[/box]
ആധുനിക പ്രോമിത്യൂസ് എന്ന ഖ്യാതി നേടിയ ഫ്രാങ്കന്‍സ്‌റ്റെന്‍ എന്ന മേരി ഷെല്ലിയുടെ നോവലില്‍ കേന്ദ്ര കഥാപാത്രമായ ഫ്രാങ്കന്‍സ്റ്റെന്‍ വികാര നിര്‍ഭരനായി പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. അവന്‍ പറയുന്നതിങ്ങനെ: ‘ആകാശ ഭൂമികളുടെ രഹസ്യങ്ങള്‍ അറിയുവാന്‍ ഞാനേറെ ആശിച്ചിരുന്നു. ഭൗതിക ലോകത്തെ വസ്തുക്കളുടെ ബാഹ്യ പദാര്‍ഥങ്ങള്‍ പ്രകൃതിയുടെ ആന്തരിക രഹസ്യങ്ങള്‍, മനുഷ്യാത്മാവിന്റെ നിഗൂഢപൊരുളുകള്‍ എല്ലാം എന്റെ മനസിനെ മഥിച്ചിരുന്നപ്പോഴെല്ലാം ആ അന്വേഷണങ്ങള്‍ ഭൗതികാതീതമായ അതീന്ദ്രീയ തലത്തിലേക്കാണ് നീങ്ങിയിരുന്നത്. പ്രപഞ്ചത്തിന്റെ ഭൗതിക രഹസ്യങ്ങളിലേക്ക് എന്ന് ഉല്‍കൃഷ്ടാര്‍ഥത്തില്‍ പറയാം’.
യവനേതിഹാസത്തില്‍ മനുഷ്യരും ദൈവങ്ങളും തമ്മിലുള്ള സംഘട്ടനത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ വിമോചകനാണ് പ്രോമിത്യൂസ്. ദേവന്മാര്‍ സ്വകാര്യ സ്വത്താക്കി വെച്ചിരുന്ന ‘അഗ്‌നി’ കൈക്കലാക്കി തന്റെ സഹജീവികള്‍ക്ക് നല്‍കിയതിന്റെ പേരില്‍ സിയൂസിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയാകുന്ന വീരനായകനായാണ് പ്രൊമിത്യൂസ് രംഗത്തെത്തുന്നത്. വാനലോകവും ഭൗമലോകവും തമ്മിലുള്ള സംഘര്‍ഷഭരിതമായ ബന്ധത്തിന്റെ ആഖ്യാനമാണ് ഗ്രീക്ക് മിത്തോളജി മുന്നോട്ടു വെക്കുന്നത്. അറിവിന്റെയും അന്വേഷണത്തിന്റെയും പ്രതീകമായാണ് ഇവിടെ അഗ്‌നി കടന്നു വരുന്നത്.
ഈ ദര്‍ശനത്തിന്റെ പുനരാഖ്യാനമെന്നോണം അറിവിന്റെ ‘വിലക്കപ്പെട്ട കനി’ രുചിച്ചതിന്റെ പേരില്‍ ആദിപാപഗ്രസ്തനായി പറുദീസാ നഷ്ടമനുഭവിക്കുന്ന ആദിമനുഷ്യനെ ബൈബിളിന്റെ ലോക വീക്ഷണത്തിലും കാണാവുന്നതാണ്. തന്റെ ‘പാരഡൈസ് ലോസ്റ്റ്’ എന്ന പ്രസിദ്ധ കൃതിയില്‍ ജോണ്‍ മില്‍ട്ടണ്‍ ഈ സങ്കല്‍പത്തെ അപനിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ചോദിക്കുന്നു: ‘അറിവ് നിഷിദ്ധമാക്കുകയോ? തീര്‍ത്തും സന്ദേഹജനകവും യുക്തി രഹിതവുമാണത്. തങ്ങളുടെ രക്ഷിതാവിന് അവരോടെന്തിന് അസൂയ തോന്നണം? അറിയുക എന്നത് ഒരു പാപമാണോ? അറിവ് മരണമോ?
ദൈവവുമായുള്ള ഈ പ്രൊമീതിയന്‍ സംഘട്ടനത്തിന്റെ പുനരാഖ്യാനം തന്നെയാണ് മേരി ഷെല്ലിയുടെ ‘ഫാങ്കന്‍സ്റ്റൈനും’ നിര്‍വഹിക്കുന്നത്. സ്വര്‍ഗത്തിന്റെ നടുത്തളങ്ങളില്‍ വെച്ചു പോലും ദൈവത്തോട് മല്ലടിക്കുവാന്‍ മടിക്കില്ലെന്ന പ്രഖ്യാപിക്കുന്ന ‘മാര്‍ക്‌സും’ പടിഞ്ഞാറിന്റെ സമഷ്ടി സ്മൃതി (കളക്ടീവ് മെമ്മറി) യില്‍ അനിഷേധ്യ സാന്നിധ്യമായി തുടര്‍ന്നിരുന്ന പ്രൊമിത്യൂസിനെ തന്നെയാണ് പ്രതിധ്വനിപ്പിക്കുന്നത്. ഡാര്‍വിന്‍, സ്‌പെന്‍സര്‍, ഫ്രോയിഡ്, സാര്‍ത്ര്, നീഷെ, കമ്യൂ തുടങ്ങിയ മതനിരാസത്തിന്റെ അപ്പോസ്തലന്‍മാരുടെ ദൈവ വിരുദ്ധ കലാപങ്ങളും ഈ പ്രൊമീതിയന്‍ ആഖ്യാനത്തിന്റെ തുടര്‍ച്ചകള്‍ തന്നെയാണെന്ന് നിസ്സംശയം കാണാന്‍ കഴിയും.
മനുഷ്യ-ദൈവ ബന്ധത്തെ പാരസ്പര്യത്തിന്റെയും അനുരാഗത്തിന്റെയും അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കുന്നതാണ് ഇസ്‌ലാമിന്റെ ദര്‍ശനം. സര്‍വജ്ഞാനങ്ങളും പകര്‍ന്നു നല്‍കി തന്റെ പ്രതിനിധിയായാണ് മനുഷ്യനെ അല്ലാഹു ഭൂമിലോകത്തേക്ക് നിയോഗിക്കുന്നത്. സ്വര്‍ഗത്തില്‍ വെച്ച് കഴിക്കരുതെന്ന് വിലക്കിയിരുന്ന പഴം ഒരിക്കലും അറിവിന്റെയോ ജ്ഞാനത്തിന്റെയോ ഫലമായിരുന്നില്ല. ഇസ്‌ലാമിക ദര്‍ശനത്തില്‍ ദൈവവുമായുള്ള സംഘട്ടനങ്ങള്‍ക്ക് അറുതിയാവുകയും ദൈവ പ്രോക്തമായ ജ്ഞാനത്തിന്റെ സഹായത്താല്‍ നവലോകത്തിന്റെ നിര്‍മാണത്തില്‍ ദൈവത്തിന്റെ പ്രതിനിധികളായി മനുഷ്യര്‍ സജീവമായി രംഗത്തെത്തുകയും ചെയ്തു. കാലം വീണ്ടുമേറെ മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ ദൈവത്തോടുള്ള സംഘട്ടനം ദൈവത്തിനു വേണ്ടിയുള്ള പരസ്പര സംഘട്ടനത്തിലേക്ക് ഗതിമാറിയൊഴുകുന്നതാണ് കണ്ടത്. ഒരേ മതത്തിന്റെ അനുയായികള്‍ തന്നെ തങ്ങളുടെ വിശ്വാസധാരയുടെ അപ്രമാദിത്വം തെളിയിക്കുന്നതിനായി ഭിന്ന സ്വരങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിപ്പോരുകയും കാലക്രമേണ അക്രമങ്ങളിലേക്കും യുദ്ധങ്ങളിലേക്കും വഴുതി നീങ്ങുന്ന നവതലമുറകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ദൈവശാസ്ത്ര ഭിന്നതകളും കര്‍മശാസ്ത്ര അഭിപ്രയാന്തരരങ്ങളും മുസ്‌ലിം ജീവിതത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സര്‍വമേഖലകളെയും പിടിച്ചു കുലുക്കി. മതതീവ്രത മതാന്ധതയിലേക്കു നയിക്കുകയും മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സംഘട്ടനങ്ങള്‍ പൂര്‍വോപരി ശക്തി പ്രാപിക്കുകയും ചെയ്തു.
വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും പാഠങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്ന സാമൂഹിക ക്രമത്തിലേക്കാണ് മഹാഗുരു ഇബ്‌നു അറബി(റ) ജനിച്ചു വീഴുന്നത്. ദൈവശാസ്ത്ര സമസ്യങ്ങളുടെ ഊരാക്കുടുക്കുകളില്‍ അകപ്പെട്ട് ശ്വാസം മുട്ടി മരിച്ചുകൊണ്ടിരുന്ന മനുഷ്യനെന്ന പ്രപഞ്ച പുസ്തകത്തിലെ മുഖ്യകഥാപാത്രത്തെ കേന്ദ്ര സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുക എന്ന ക്ലേശകരമായ ദൗത്യമാണ് അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. മനുഷ്യനേക്കാള്‍ ദൈവ വചനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കപ്പെട്ടതിനാലായിരുന്നു ദൈവ വചനത്തിന്റെ വ്യാഖ്യാനങ്ങളെ ചൊല്ലി നിസ്സങ്കോചം അനേകം മനുഷ്യ ജീവനുകള്‍ അപഹരിക്കപ്പെട്ടതും വിദ്വേഷവും അക്രമവും വിശ്വാസ സംരക്ഷണത്തിന്റെ മറവില്‍ സാമൂഹിക ക്രമത്തെ ഭരിച്ചതും.
മനുഷ്യനെ പ്രപഞ്ച വീക്ഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് പുന:പ്രതിഷ്ഠിക്കുന്നതില്‍ ‘കോപ്പര്‍നിക്കസ് റിവൊല്യൂഷന്‍’ എന്ന് വിളിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യമായ രചനയാണ് ‘ശൈഖി’ന്റെ ഫുസൂസുല്‍ ഹികം. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി മനുഷ്യനെത്തുന്നതോടെ മനുഷ്യ-ദൈവ ബന്ധത്തിന്റെയും മനുഷ്യന്റെ പരസ്പര ബന്ധത്തിന്റെയും മനുഷ്യ-ദൈവ വചന ബന്ധത്തിന്റെയും നിലവിലുണ്ടായിരുന്ന വാര്‍പ്പുമാതൃകകളെല്ലാം ഉടച്ചു വാര്‍ക്കപ്പെട്ടു. ഖുര്‍ആന്‍, ഹദീസ്, വചനശാസ്ത്രം, അരിസ്റ്റോട്ടിലിയന്‍, നിയോപ്ലാറ്റോണിക് തത്വ ചിന്തകള്‍, യഹൂദനായ ‘ഫിലോ’യുടെ ചിന്തകള്‍, മുന്‍കാല സൂഫീ ഗുരുക്കളുടെ ചിന്തകള്‍ തുടങ്ങി നിലവിലുണ്ടായിരുന്ന സര്‍വ ചിന്താപാരമ്പര്യങ്ങളെയും ആഴത്തില്‍ പഠന വിധേയമാക്കുകയും അവയെയെല്ലാം തന്റെ ആശയലോകത്തോട് രമ്യമായി സഹജീവനം നടത്താന്‍ പ്രാപ്തമാവുന്ന രീതിയില്‍ അപനിര്‍മിക്കുകയുമായിരുന്നു അദ്ദേഹം. മനുഷ്യ-ദൈവ സംഘട്ടനത്തിന്റെ പ്രൊമീതിയന്‍ ആഖ്യാനത്തില്‍ നിന്നും ദൈവത്തെ ബൗദ്ധിക വ്യാപാരത്തിന്റെ ദുര്‍ഗ്രഹ സങ്കേതങ്ങളില്‍ സ്വകാര്യവല്‍ക്കരിച്ചിരുന്ന ദൈവശാസ്ത്ര ബൃഹദാഖ്യാനങ്ങളില്‍ നിന്നും ഭിന്നമായി അനുരാഗത്തിന്റെയും ആത്മബന്ധത്തിന്റെയും പുതിയൊരു ദൈവശാസ്ത്ര വ്യവഹാരം അവതരിപ്പിക്കുകയാണ് ശൈഖി(റ)ന്റെ ഈ കൃതിയും.
‘മനുഷ്യനാണ് സര്‍വ പ്രതിഭാസങ്ങളുടെയും മാനദണ്ഡമെന്ന’ മാനവികതാവാദത്തിന്റെ പ്രോട്ടഗോറിയന്‍ പ്രമാണത്തെയും ‘മാക്‌സിം ഗോര്‍ക്കി’യുടെ മനുഷ്യന്‍ ഹാ എത്ര സുന്ദരമായ പദം എന്ന വാക്കുകളെയും സമന്വയിപ്പിക്കുന്നതായിരുന്നു ശൈഖി (റ) ന്റെ മനുഷ്യ സങ്കല്‍പം. പ്രപഞ്ചത്തിന്റെ കേന്ദ്രവും മാനദണ്ഡവും മനുഷ്യനാണെങ്കിലും അവന്റെ സൗന്ദര്യം പൂര്‍ണത പ്രാപിക്കുന്നത് ദൈവിക ഗുണങ്ങള്‍ ആര്‍ജ്ജിക്കുന്നതിലൂടെയാണ്.
മനുഷ്യന്‍! ദൈവത്തിന്റെ കണ്ണാടി. ദൈവനാമങ്ങളുടെ മൂര്‍ത്ത രൂപം. ദൈവത്തിന്റെ ആത്മ ജ്ഞാനത്തിന്റെ പരിശുദ്ധ ഭൂമിക. അണ്ഢകടാഹങ്ങളഖിലവും തീര്‍ത്തത് അവനോടുള്ള അദമ്യമായ അനുരാഗത്തിന്‍പുറത്ത്. അവന്‍ മറ്റൊരാള്‍ക്കും വിധേയപ്പെടുന്നത് സഹിക്കാനാവാത്ത അനുരാഗിയായ നാഥന്‍. തന്റെ സാന്നിധ്യം കൊണ്ട് പ്രണയ ഭാജനത്തിന്റെ കണ്ഠ നാഡിയേക്കാള്‍ സമീപസ്ഥന്‍. കാണുന്നതിലും കേള്‍ക്കുന്നതിലും രുചിക്കുന്നതിലുമെല്ലാം തന്റെ ദര്‍ശനം നിര്‍ലോഭം നല്‍കുന്നവന്‍.
അനുരാഗത്തിന്റെ ഈ പാഠമായിരുന്നു ശൈഖി (റ) ന് പുതുതായി കാഴ്ച വെക്കാനുണ്ടായിരുന്നത്. വചനശാസ്ത്ര പണ്ഡിതര്‍ തീര്‍ത്തിരുന്ന കൂറ്റന്‍ മതിലുകള്‍ ദൈവത്തെ പ്രാപിക്കാനുള്ള സാധാരണക്കാരുടെ ലളിത യത്‌നങ്ങളെയെല്ലാം വിഫലമാക്കിയിരുന്നു. ദൈവത്തിന്റെ അപ്രാപ്യത (ട്രാന്‍സെന്‍ഡന്‍സ്) യെയും പ്രാപ്യത (ഇമാനെന്‍സ്) യെയും കൂട്ടിയിണക്കുന്ന മനോഹരമായ ആഖ്യാനമാണ് അക്‌ബേരിയന്‍ ചിന്തയുടെ പ്രധാന സവിശേഷത. തുടര്‍ന്നുള്ള കാലങ്ങളില്‍ പേര്‍ഷ്യന്‍ തുര്‍ക്കീ സൂഫീ കവികളിലൂടെയും മറ്റു സൂഫീ ചിന്തകരിലൂടെയും അനുരാഗത്തിന്റെ ദൈവശാസ്ത്രം മുസ്‌ലിം ജീവിതങ്ങള്‍ക്ക് കൂടുതല്‍ ശുഭാപ്തി പകര്‍ന്നു. നിത്യ ജീവിതത്തിന്റെ സാധാരണത്വത്തില്‍ ദൈവ സാന്നിധ്യം ദര്‍ശിച്ചു തുടങ്ങിയ അനുരാഗികള്‍ മനുഷ്യ-ദൈവ ബന്ധത്തിന്റെ പ്രൊമീതിയന്‍ -ഫ്രാങ്കന്‍സ്റ്റീനിയന്‍ സങ്കല്‍പങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ സംരക്ഷിച്ചുപോന്നു. മതനിരാസത്തിന്റെയും ദൈവ വിരുദ്ധതയുടെയും ഉപോല്‍പന്നങ്ങളായി നിഹിലിസം, അബ്‌സേര്‍ഡിസം തുടങ്ങിയ ഉന്മാദങ്ങള്‍ പടിഞ്ഞാറിനെ ഗ്രസിച്ചപ്പോഴും അക്‌ബേരിയന്‍ അനുരാഗത്തിന്റെ ആനന്ദലഹരികളായിരുന്നു റൂമിയിലൂടെയും ജാമിയിലൂടെയും ഇഖ്ബാലിലൂടെയും മുസ്‌ലിം ലോകത്തെ ജീവിതത്തിന്റെ ഉന്നതമായ അര്‍ഥവിതാനങ്ങളിലേക്ക് നയിച്ചത്.
ഭൗതികവാദത്തിന്റെ കെടുതികള്‍ ഏല്‍പിച്ച വന്‍ നഷ്ടങ്ങള്‍ പടിഞ്ഞാറിനെ ഗതി മാറിയൊഴുകാന്‍ നിര്‍ബന്ധിച്ചിരിക്കുന്നു. ദീര്‍ഘകാലം പദാര്‍ഥവാദം തങ്ങള്‍ക്ക് നിഷേധിച്ച ആത്മീയാനന്ദം ഓറിയന്റലിസ്റ്റുകളുടെ ഭഗീരഥ യത്‌നങ്ങള്‍ മുഖേന അവരെ തേടിയെത്തിയതിലുള്ള ഹര്‍ഷാരവങ്ങളാണ് പടിഞ്ഞാറില്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്ന ആത്മീയതയുടെ വ്യത്യസ്ത ധാരകള്‍. കൊളോണിയലിസത്തിന്റെ മറവില്‍ മുസ്‌ലിം, പൗരസ്ത്യ നാടുകളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ആധുനിക ശാസ്ത്രത്തിന്റെ പദാര്‍ഥ വാദ പക്ഷപാതിത്വം സൃഷ്ടിച്ച ഭൗതികാന്ധതയില്‍ നിന്നും മത വിരുദ്ധതയില്‍ നിന്നും നവ തലമുറയെ തിരിച്ചു നടത്താന്‍ അക്‌ബേരിയന്‍ ആശയങ്ങളോളം കെല്‍പ്പുള്ള മറ്റൊന്നുമില്ല. ‘പ്രബുദ്ധത’ (എന്‍ലൈറ്റ്‌മെന്റ്) യുടെ കൊടിയടയാളമായി മതനൈരാശ്യത്തെ കൊണ്ടു നടന്ന ശാസ്ത്രജ്ഞരും ബുദ്ധിജീവികളും പ്രബുദ്ധതയുടെ അഗാധ തലത്തില്‍ മതത്തെയെന്നല്ല മതത്തിന്റെ അന്ത:സ്സത്തയായ ആത്മീയതയെ പുല്‍കുന്നത് അക്‌ബേരിയന്‍ ദര്‍ശനങ്ങളുടെ കൂടി സഹായത്താലാണ്.അക്കാദമിക ബൗദ്ധിക മണ്ഡലങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇബ്‌നു അറബി പഠനങ്ങള്‍ അടിവരയിടുന്നത് ഈ വസ്തുതയെ തന്നെ.
ഘടന
ഇരുപത്തിയേഴ് അധ്യായങ്ങളായാണ് ഫുസൂസ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ഓരോ അധ്യായത്തിനും നല്‍കിയിരിക്കുന്ന തലവാചകങ്ങള്‍ നിശ്ചിത രീതിയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി ഒന്നാമധ്യായത്തിന് നല്‍കിയിരിക്കുന്ന പേര് ‘ഫസ്സു ഹിക്മത്തില്‍ ഇലാഹിയ്യ ഫീ കലിമതിന്‍ ആദമിയ്യ’ എന്നാണെങ്കില്‍ രണ്ടാമത്തെ അധ്യായത്തിന്റെ പേര് ‘ഫസ്സുഹിക്മത്തിന്‍ നഫസിയ്യ ഫീകലിമത്തിന്‍ ശീസിയ്യ’ എന്നാണ്. ഓരോ തല വാചകത്തിലും ആവര്‍ത്തിച്ചു വരുന്ന മൂന്ന് പദങ്ങളാണ് ഫസ്സ്വ്, ഹിക്മത്, കലിമത് എന്നിവ. ഹിക്മ (ജ്ഞാനം) കൊണ്ട് വിവക്ഷിക്കുന്നത് വസ്തുക്കളുടെ യാഥാര്‍ഥ്യങ്ങളെ കുറിച്ച ജ്ഞാനവും അതനുസരിച്ചുള്ള കര്‍മവുമാണ്. ഹിക്മയുടെ പരമ്പരാഗത നിര്‍വചനങ്ങള്‍ ഇല്‍മിനെയും അമലിനെയും ഉള്‍ക്കൊള്ളുന്നവയാണ്. കലിമ (വചനം) യുടെ വിവക്ഷ ഒരു പ്രവാചകനാണ്. ഈസാ നബി(അ)യെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് വചനമെന്നാണ്. പ്രപഞ്ചത്തില്‍ നിലവിലുള്ള സര്‍വതിനെയും ദൈവ വചനമെന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത്. ‘അല്‍കലിമാതുത്താമ്മ’ (പൂര്‍ണ വചനങ്ങള്‍) യാണ് ഇവിടെയുള്ള വിവക്ഷയെന്ന് ‘കാശാനി’ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ പൂര്‍ണ വചനങ്ങളായ പ്രവാചകന്മാരെയാണ് ‘കലിമ’ കള്‍ കുറിക്കുന്നത്.
ഫസ്സ്വ് എന്നാല്‍ മോതിരക്കല്ല് എന്നര്‍ഥം. ഫുസൂസ് എന്ന കൃതിയില്‍ ശൈഖ് പറയുന്നുണ്ട്: ‘ജ്ഞാനിയുടെ (അല്ലെങ്കില്‍ പൂര്‍ണ മനുഷ്യന്റെ) ഹൃദയത്തിന്റെ ഉപമ മോതിരത്തില്‍ അതിന്റെ കല്ല് വെക്കുന്ന സ്ഥലമാണ്. കല്ല് വെക്കുന്ന സ്ഥലവും കല്ലും തമ്മില്‍ വ്യത്യാസമില്ലെന്ന് മാത്രമല്ല വലിപ്പത്തിലും ആകൃതിയിലും തുല്യവുമായിരിക്കും. മോതിരം സമചതുരമോ, ഷഡ്ഭുജാകൃതിയിലോ മറ്റോ ആകുന്നതിനനുസരിച്ച് അത് സ്ഥാപിക്കാനുള്ള സ്ഥലവും സമചതുരവും ഷഡ്ഭുജാകാരത്തിലും മറ്റുമൊക്കെയാകും. മോതിരത്തിന്റെ കല്ല് വെക്കുന്ന സ്ഥലം കല്ലിനു സമാനമായിരിക്കണമെന്നും വ്യത്യാസമുള്ളതാവാന്‍ പാടില്ലെന്നുമുള്ള നിര്‍ബന്ധമാണ് ഇതിന് കാരണം’.
ഖൈസരി ‘ഫസ്സ്വി’ നെ നിര്‍വചിക്കുന്നിതിപ്രകാരമാണ്: മോതിരത്തെ അലങ്കരിക്കാനുപയോഗിക്കുന്നതാണ് ഫസ്സ്വ്. തന്റെ വസ്തുവകകള്‍ മുദ്രവെക്കാന്‍ വേണ്ടി മോതിരത്തിന്റെ ഉടമയുടെ പേര് കല്ലില്‍ എഴുതിയിട്ടുണ്ടാവും, . ജാമിയും മുദ്ര വെക്കാനുപയോഗിക്കുന്ന മോതിരക്കല്ല് എന്ന വിശദീകരണമാണ് നല്‍കുന്നത്. അധ്യായത്തിന്റെ തലവാചകത്തില്‍ വരുന്ന ഓരോ ജ്ഞാന (ഹിക്മത്) ത്തിന്റെയും മോതിരക്കല്ല് ആ ജ്ഞാനം ചേര്‍ക്കപ്പെട്ടിരിക്കുന്ന വചനം (കലിമത്) തന്നെയാണ്. ഉദാഹരണത്തിന് ‘ഫസ്സു ഹിക്മതിന്‍ ഇലാഹിയ്യ ഫീ കലിമതിന്‍ ആദമിയ്യ’ ( ആദമീ വചനത്തിലെ ദൈവിക ജ്ഞാനത്തിന്റെ കല്ല്) എന്നതിലെ കല്ല് ആദമെന്ന വചനമാണ് (പ്രവാചകന്‍). ഒന്നു കൂടെ വിശദീകരിച്ചു കൊണ്ട് ജാമി വ്യക്തമാക്കുന്നു: ‘ ഓരോ ജ്ഞാനവും കൊത്തിവെച്ചിരിക്കുന്നത് ആ ജ്ഞാനത്തോടൊപ്പം ചേര്‍ത്തു പറയുന്ന വചനത്തി (പ്രവാചകന്‍) ന്റെ ഹൃദയത്തിലാണ്. അതുകൊണ്ടു തന്നെ ഓരോ ജ്ഞാനത്തിന്റെയും മോതിരക്കല്ല വചനമല്ല മറിച്ച് വചനത്തിന്റെ ഹൃദയമാണ്. ഫുസൂസിന്റെ ആരംഭത്തില്‍ ഇബ്‌നു അറബി(റ) തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ വചനങ്ങളുടെ ഹൃദയങ്ങളില്‍ ജ്ഞാനം അവതരിപ്പിച്ചു നല്‍കുന്ന അല്ലാഹുവിന് സ്തുതി’.
ഫസ്സ്വിന് സാരാംശം എന്നും അര്‍ഥമുണ്ട്. ഫസ്സ്വിന് ഇബ്‌നു അറബി(റ) നല്‍കുന്ന നിര്‍വചനത്തില്‍ ഈ അര്‍ഥമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ചുരുക്കത്തില്‍ ഓരോ തലവാചകവും താഴെ വിവരിക്കുന്ന വിധം മൊഴിമാറ്റം ചെയ്യാവുന്നതാണ്. ‘ഓരോ ജ്ഞാനത്തിന്റെയും സാരാംശത്തെ പ്രതിനിധീകരിക്കുന്നത് ആ ജ്ഞാനം ചേര്‍ക്കപ്പെട്ടിരിക്കുന്ന പ്രവാചകരാണ്’.
ഓരോ ജ്ഞാനത്തിനും അനുബന്ധമായി അതിനനുസരിച്ചുള്ള ഒരു ദൈവിക ഗുണം (സ്വിഫത്) കൂടി പ്രതിപാദിക്കുന്നുണ്ട്. ഈ ദൈവിക ഗുണങ്ങള്‍ ദൈവ നാമങ്ങളില്‍ നിന്ന് പിറവിയെടുക്കുന്നവയാണ്. ഇബ്‌നു അറബി(റ) യുടെ വീക്ഷണത്തില്‍ എല്ലാം ദൈവത്തിന്റെ നാമങ്ങളാണ് എന്നതു കൊണ്ടു തന്നെ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെടാത്ത ദൈവനാമങ്ങളും ഗുണങ്ങളും ജ്ഞാനങ്ങള്‍ക്കനുബന്ധമായി വരുന്നതില്‍ അത്ഭുതമില്ല.
ശൈലി
‘ഫുസ്വൂസ്വി’ ലെ ഇബ്‌നു അറബി(റ) യുടെ ശൈലി വിവരിച്ചു കൊണ്ട് നിക്കിള്‍സന്‍ പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇബ്‌നു അറബി(റ)) ഈ ഗ്രന്ഥത്തിലെ സിദ്ധാന്തങ്ങള്‍ വളരെയേറെ ദുര്‍ഗ്രഹമാണ്. അതിലേറെ ദുഷ്‌കരം അവയെ വിശദീകരിക്കുക എന്നതാണ്. കാരണം വളരെ സങ്കീര്‍ണവും ഭാവാര്‍ഥപൂര്‍ണവുമായിട്ടുള്ള പ്രത്യേക സാങ്കേതിക ഭാഷയാണ് ഇതില്‍ ഉപയോഗിച്ചത്എന്നതു തന്നെ’.
ഇരുപത്തിയേഴ് ഫസ്സ്വുകളില്‍ ഓരോ ഫസ്സ്വും അതിനോട് ചേര്‍ന്നുവരുന്ന പ്രവാചകരുമായി ബന്ധിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും വെളിച്ചത്തില്‍ വിശദീകരിക്കപ്പെടുന്നു. ഓരോ പ്രവാചകരുടെയും ചരിത്രം ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടതു പോലെ ആദ്യം വിവരിക്കുന്നു. ശേഷം ഓരോ പ്രവാചകര്‍ക്കും പ്രത്യേകമായി നിര്‍വഹിക്കുവാനുണ്ടായിരുന്ന ദൗത്യത്തെ അവരുടെ ചരിത്രത്തില്‍ നിന്ന് ചികഞ്ഞെടുക്കുന്നു. പ്രവാചകന്മാര്‍ ‘ഫുസൂസി’ന്റെ ഭാഷയില്‍ അല്ലാഹുവിനെ യഥാവിധി അറിഞ്ഞ മഹാജ്ഞാനികളായ സമ്പൂര്‍ണ മനുഷ്യരുടെ (ഇന്‍സാനുല്‍ കാമില്‍) ഉത്തമോദാഹരണങ്ങളാണ്. ഓരോ ജ്ഞാനിക്കും ദൈവിക ജ്ഞാന സാഗരത്തില്‍ നിന്നും പ്രത്യേക തരം ജ്ഞാനം ലഭിച്ചിട്ടുണ്ട്. ഓരോരുത്തരും ആ പ്രത്യേക ജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. ഉദാഹരണമായി ആദം നബി(അ) മനുഷ്യന്റെ ദൈവിക പ്രാതിനിധ്യത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. പ്രപഞ്ചത്തോടും സ്രഷ്ടാവിനോടുമുള്ള മനുഷ്യന്റെ ബന്ധങ്ങളെയും വിവരിക്കുകയാണ് ആദമീ വചനം. അയ്യൂബ് നബി (അ) പ്രതിനിധാനം ചെയ്യുന്നത് ദൈവജ്ഞാനത്തെ തടയുന്ന മറ (ഹിജാബ്)യെന്ന് പീഡയേല്‍ക്കാന്‍ വിധിക്കപ്പെടുന്ന മനുഷ്യാസ്തിത്വത്തെയാണ്. യഥാര്‍ഥ ജ്ഞാന ജലത്തിന്റെ തണുപ്പും സുഖവും നേടുന്നതു വരെയുള്ള മറ (ഹിജാബ്) സൃഷ്ടിക്കുന്ന വേദനയില്‍ നിന്ന് മോചനം നേടാന്‍ നിതാന്ത പരിശ്രമം നടത്തുന്ന മാനുഷിക മുഖമാണ് അയ്യൂബ് നബി (അ) യുടെ ‘ഫസ്സി’ ലൂടെ തെളിയുന്നത്. ദാവൂദ് അനുബന്ധമായ ബാഹ്യ ജ്ഞാനത്തെയുമാണെങ്കില്‍ സുലൈമാന്‍ നബി (അ) ആന്തരിക ജ്ഞാനത്തെയും ഭൗതികാതീതമായ ഭരണ പ്രാതിനിധ്യത്തെയും മൂര്‍ത്തമായവതരിപ്പിക്കുന്നു.
ശൈലിയുടെ സങ്കീര്‍ണത
സൂഫികള്‍ പൊതുവില്‍ സാധാരണക്കാരുടെ ഭാഷയില്‍ സംവദിക്കാറില്ലെന്നതും ബാഹ്യജ്ഞാനത്തിന്റെ പ്രശ്‌നോത്തരികള്‍ അവരെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ലെന്നുള്ളത് സുവിദിതമായ സംഗതിയാണ്. ഭാവാര്‍ഥങ്ങളുടെയും പ്രതീകങ്ങളുടെയും ഭാഷയിലാണ് അവരുടെ വ്യവഹാരങ്ങളഖിലവും. ആത്മാവിന്റെ ബോധ മണ്ഡലങ്ങളില്‍ തങ്ങളനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെ സംവേദനം ചെയ്യാന്‍ പൊതുജനത്തിന്റെ ഭാഷ അപര്യാപ്തമാണെന്ന തിരിച്ചറിവാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. പ്രതീകങ്ങളിലൂടെ അവര്‍ കൈമാറുന്ന സൂചനകള്‍ പ്രവാചകരി (സ്വ) ല്‍ നിന്ന് അനന്തരമായി ലഭിക്കുന്ന ആന്തരിക ജ്ഞാനത്തിന്റെ യാഥാര്‍ഥ്യങ്ങളാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ ബുദ്ധിയുടെ ഗ്രഹണ വൃത്തത്തിലൊതുങ്ങുന്നവയല്ല. ഖയാല്‍ (ഇമാജിനേഷന്‍) എന്ന ആത്മാവിന്റെ അത്ഭുത ശേഷിയാണ് ആ യാഥാര്‍ഥ്യങ്ങളിലേക്കുള്ള കവാടങ്ങള്‍ തുറക്കുന്നത്. ബുദ്ധിയുടെ പരിമിത വൃത്തത്തിലൊതുങ്ങാത്ത ചര്‍ച്ചകളാല്‍ സമ്പന്നമായ സൂഫീ കൃതികള്‍ വായിക്കുന്ന ഏതൊരു അനുവാചകനും നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് സൂഫീ സംജ്ഞകളും അവയുടെ യഥാര്‍ഥ വിവക്ഷകളും മനസിലാക്കുവാനുള്ള സാധാരണ ബുദ്ധിയുടെ ക്ലേശങ്ങള്‍. ജ്ഞാനികളുടെ ഭാഷാ ശൈലിയുടെ ഉള്‍സാരങ്ങള്‍ പിടികിട്ടാത്ത നിരവധി പണ്ഡിതര്‍ തന്നെ അവരെ തെറ്റിദ്ധരിക്കുകയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യാനിട വന്നിട്ടുണ്ട്. സാധാരണക്കാര്‍ ഇത്തരം കൃതികള്‍ വായിക്കാന്‍ ഒരുമ്പെട്ടാലുള്ള ദുരന്തം പണ്ഡിതന്മാര്‍ക്ക് സംഭവിച്ച വന്‍വീഴ്ചയോട് ചേര്‍ത്ത് വെച്ച് മനസിലാക്കാവുന്നതേ ഉള്ളൂ. സൂഫീ കൃതികളെ കുറിച്ച് ഇത്തരം സദുപദിഷ്ടിത മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ആത്മാര്‍ഥമായ പണ്ഡിതര്‍ ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതിനാല്‍, ഇബ്‌നു അറബി(റ) യുടെ ഗ്രന്ഥങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പ്രത്യേകമായി തന്നെ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. കാരണം മറ്റൊന്നുമല്ല മുകളില്‍ പറഞ്ഞതു പോലെ അതീവ ദുര്‍ഗ്രഹമായ ശൈലി ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയും തങ്ങളുടെ സങ്കല്‍പങ്ങളിലേക്ക് മതവിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് വ്യക്തം.
‘നഫ്ഹുത്ത്വീബി’ ന്റെ കര്‍ത്താവ് അല്‍ മഖര്‍റി, ഇബ്‌നു അറബി (റ) യുടെ ചരിത്രം വിവരിക്കുന്നതിനിടെ പറയുന്നു: ‘ശൈഖ് അബ്ദുല്ലാഹിബ്‌നു സഅദ് അല്‍ യാഫിഈ അല്‍ യമനി പറഞ്ഞു: ‘സൂഫീ ജ്ഞാനികളിലൊരാള്‍ ഇബ്‌നു അറബി (റ) യുടെ ഗ്രന്ഥങ്ങള്‍ തന്റെ ശിഷ്യര്‍ക്ക് വിശദീകരിച്ചു നല്‍കാറുണ്ടായിരുന്നു. അദ്ദേഹം മരണാസന്നനായപ്പോള്‍ ശിഷ്യരെ ഇബ്‌നു അറബി (റ) യുടെ കൃതികള്‍ വായിക്കുന്നത് വിലക്കുകയും ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു: ‘മഹാനവറുകളുടെ ഭാഷയും ഉദ്ദേശ്യവും നിങ്ങള്‍ക്ക് ഗ്രഹിക്കാനാവില്ല’. ‘അല്‍ യവാഖീത്ത് വല്‍ ജവാഹിര്‍’ എന്ന തന്റെ പ്രസിദ്ധ കൃതിയില്‍ ഇമാം ശഅ്‌റാനി (റ) പറയുന്നു: ‘പണ്ഡിതരില്‍ ചിലര്‍ ഇബ്‌നു അറബി (റ) യെ വിമര്‍ശിച്ചത് ജ്ഞാനികളായ സൂഫികളുടെ സ്ഥാനാവസ്ഥകളെ കുറിച്ച് അജ്ഞരായ സാധാരണ പണ്ഡിതരോടുള്ള വാത്സല്യം മൂല്യമാണ്; അവര്‍ അദ്ദേഹത്തിന്റെ ബാഷയില്‍ നിന്ന് ശരീഅ: ക്ക് വിരുദ്ധമായ വല്ലതും തെറ്റിദ്ധരിക്കുമോ എന്ന ഭയത്താല്‍ മാത്രം. ജ്ഞാനികളോട് സഹവസിക്കുകയും അവരുടെ സാങ്കേതിക സംജ്ഞകളെ കുറിച്ച് ധാരണ വരുത്തുകയും ചെയ്തിരുന്നെങ്കില്‍ മതവിരുദ്ധതയുടെ സാധ്യതകളില്‍ നിന്ന് അവര്‍ രക്ഷപ്പെടുമായിരുന്നു. തന്റെ കൃതികളിലെ ദുര്‍ഗ്രഹമായ ഭാഷ ശൈഖ് (റ) മന:പൂര്‍വം സ്വീകരിച്ച ഒരു രീതിശാസ്ത്രമാണെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അനുഭവജ്ഞാനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഭാഷയുടെ സങ്കേതങ്ങള്‍ക്കു വഴങ്ങാന്‍ സാധ്യമല്ലാത്തവയാണെന്നു കൂടി അതുവഴി അദ്ദേഹം പറഞ്ഞുവെക്കുന്നു. ഭാഷയുടെ സങ്കീര്‍ണതയുടെ മറ്റൊരു കാരണം ധൈഷണിക/ അക്കാദമിക വ്യവഹാരത്തിന്റെ സാധ്യമായ ധാരകളെയെല്ലാം ഉപയോഗപ്പെടുത്തിയെങ്കിലും തന്റെ സൂക്ഷമാനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഉദ്യമിക്കുകയാണദ്ദേഹം. ഉദാഹരണമായി ‘പ്ലേറ്റോ’ യുടെ തന്മ (ഗുഡ്), ‘പ്ലോറ്റിനസി’ ന്റെ ‘വണ്‍’ ‘അശ്അരി’കളുടെ ‘ജൗഹര്‍’ (സബ്‌സ്റ്റന്‍സ്), മുസ്‌ലിംകള്‍ക്ക് സുപരിചിതമായ ‘ഹഖ്’, ‘അല്ലാഹു’ എന്നിവയെല്ലാം ഒരേ അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നത് കാണാം. അപ്രകാരം ഖുര്‍ആനിലെ ‘ഖലം’, ‘ഒറിഗണി’ ന്റെ റിയാലിറ്റി ഓഫ് റിയാലിറ്റീസ്, സൂഫികളുടെ ‘ഹഖീഖതുല്‍ മുഹമ്മദിയ്യ’ എന്നീ പദങ്ങളെല്ലാം അദ്ദേഹത്തിന്റെ ഭാഷയില്‍ ഒന്നാണ്. തത്വശാസ്ത്ര ധാരകളുടെ വൈവിധ്യം വസന്തമായി വന്നെത്തുന്ന അനുഭവം പ്രദാനം ചെയ്യുന്നതാണ് ഭാഷയെ ഇത്രമേല്‍ പ്രബുദ്ധവും സങ്കീര്‍ണവുമാക്കിയതെന്നര്‍ഥം.