Thelicham
rabiya

റാബിഅതുല്‍ അദവിയ്യ : അനുരാഗ സാഹിത്യത്തിന്റെ പ്രഥമ പ്രവാചക

സ്ത്രീ ദൈവത്തിന്റെ ഒരു കാരണമാണ്. അവള്‍ ഇഹലോകത്തെ കാമിനിയല്ല. ആരുടെയും സൃഷ്ടിയുമല്ല. സ്രഷ്ടാവാണ് സ്ത്രീ ദൈവത്തിന്റെ ഒരു കാരണമാണ്. അവള്‍ ഇഹലോകത്തെ കാമിനിയല്ല. ആരുടെയും സൃഷ്ടിയുമല്ല. സ്രഷ്ടാവാണ്- ജലാലുദ്ദീന്‍ റൂമി പ്രവാചകരേ, അവര്‍ പറയുന്നു, ഞങ്ങള്‍ ഹീനകളെന്ന്. പുരുഷന്മാര്‍ക്ക് എവിടെന്ന് കിട്ടി ഈയബദ്ധം?  അവര്‍ അങ്ങയുടെ കുടംബത്തെയാണ് നിന്ദിക്കുന്നത്, ഇത്തരം അവാസ്തവങ്ങളുടെ പ്രഘോഷണം വഴി.  ഹവ്വായും ഖദീജയും സ്ത്രീകളല്ലായിരുന്നോ? അവിടെത്തെ തിരുപുത്രി ഫാത്വിമയും സ്ത്രീയല്ലയോ?- എദീബ് ഹറാബി സ്ത്രീത്വത്തിന്റെ ആത്മനിഷ്ഠതയും സ്വത്വവും അടയാളപ്പെടുത്തുന്നതില്‍ സൂഫീ സാഹിത്യം നിര്‍വഹിച്ച ദൗത്യത്തിന് മത-മതേതര സാമൂഹിക ക്രമങ്ങളുടെ വര്‍ത്തമാനത്തിലോ ചരിത്രത്തിലോ സമാനതകള്‍ കണ്ടെടുക്കുക പ്രയാസകരമാണ്. ആധ്യാത്മിക പ്രപഞ്ചത്തിലെ എക്കാലത്തെയും ചക്രവര്‍ത്തിയായറിയപ്പെടുന്ന ഇബ്‌നു അറബി സ്ത്രീത്വത്തെ സത്താപരമായ വ്യാഖ്യാനത്തിലടെ പുരുഷത്വവുമായി സമീകരിക്കുകയും മാനവികതയെന്ന പ്രാപഞ്ചികാസ്തിത്വത്തില്‍ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. ആത്മീയോല്‍കര്‍ഷത്തിന്റെ അഗ്രിമസ്ഥാനമായ ‘ഖുത്വ്ബി’ ന്റെ പദം വരെയലങ്കരിക്കാന്‍ സ്ത്രീത്വത്തിന് തടസമൊന്നുമില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിം ആധ്യാത്മിക ചരിത്രത്തില്‍ ദിവ്യാനുരാഗത്തിന്റെ പ്രസ്ഥാനത്തിന് ബീജാവാപം നല്‍കുന്നത് തന്നെ ഇറാഖിലെ ബസ്‌റയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ രത്‌നമാണ്. ദിവ്യാനുരാഗത്തിന്റെ രക്ത സാക്ഷിയെന്ന് ചരിത്രത്തില്‍ വിശ്രുതയായ ‘റാബിഅത്തുല്‍ അദവിയ (റ) യാണ് ഹല്ലാജ് (റ), ഇബ്‌നു അറബി(റ), ഇമാം ഗസാലി(റ) തുടങ്ങിയ സൂഫീ സാഹിത്യനഭസ്സിലെ സൂര്യതേജസുകള്‍ക്ക് ‘സ്‌നേഹ’ത്തിന്റെ ഭാഷ പഠിപ്പിച്ചത്. വ്യവഹാരിക മണ്ഡലത്തില്‍ തങ്ങളുടേതായ ഇടം തീര്‍ത്തു കൊണ്ട് സൂഫീ സാഹിത്യ പാരമ്പര്യത്തെ യഥേഷ്ടം സമ്പന്നമാക്കിയ അനേകം സൂഫീ വനിതകളെ മുസ്‌ലിം ചരിത്രത്തിന് അവകാശപ്പെടാനുണ്ട്. മുആദ അല്‍ അദവിയ്യ, മാജിദ അല്‍-ഖുറശിയ്യ, ആഇശ ബിന്‍ത് ജഅ്ഫറു സ്സ്വാദിഖ്, ഫാത്വിമ നൈസാപൂരിയ, റാബിഅ ശാമിയ്യ, ഉമ്മു ഹാറൂന്‍, അമതുല്‍ ജലീല്‍, റൈഹാന, ഹയൂന തുടങ്ങിയ നാമങ്ങള്‍ അവയില്‍ ചിലതു മാത്രം. സൂഫി സാഹിത്യ മണ്ഡലത്തില്‍ ധീരമായ മുന്നേറ്റങ്ങള്‍ കൊണ്ട് സ്വന്തമായ മേല്‍വിലാസം സൃഷ്ടിച്ചെടുക്കുന്നതിലുപരിയായി ഒരു പ്രസ്ഥാനത്തിന് തന്നെ നേതൃത്വം നല്‍കുകയും ശൈഖ് ജീലാനിയുടെയും അബൂയസീദ് ബിസ്ത്വാമി(റ) യുടെയും സമശീര്‍ഷയായി ഗണിക്കപ്പെടുന്ന തലത്തില്‍ ആത്മീയോന്നതി കൈവരിക്കുകയും ചെയ്തു റാബിഅ(റ). റാബിഅ(റ) യെന്ന സൂര്യന്‍ ഹുജ്‌വീരിയുടെ വാക്കുകളില്‍ പ്രത്യക്ഷപ്പെടുന്നതിങ്ങനെയാണ്: ‘ആധ്യാത്മികതയുടെ ആരംഭവും അവസാനവും റാബിഅ(റ) യാണ്. തന്റെ അനുഭൂതിയാവിഷ്‌കാരങ്ങള്‍ തന്നെയാണ് തസവ്വുഫിലെ വിഭിന്ന ഘട്ടങ്ങളെയും അവസ്ഥകളെയും എക്കാലത്തും നിര്‍വചിച്ചു കൊണ്ടിരിക്കുന്നത്’. പൗരസ്ത്യ പാശ്ചാത്യ ഭേദമന്യേ റാബിഅ(റ) ആത്മീയാന്വേഷികളുടെ പ്രിയങ്കരിയായി മാറി. പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ലോകത്ത് മഹതിയെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു. ‘റാബിഅ ദി മിസ്റ്റിക് ആന്റ് ഹെര്‍ ഫെല്ലോ-സൈന്റ്‌സ് ഇന്‍ ഇസ്‌ലാം’ എന്ന മാര്‍ഗരറ്റ് സ്മിത്തിന്റെ ഗ്രന്ഥം അവയില്‍ പ്രമുഖമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ കവിയും വിഖ്യാത രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന റിച്ചാര്‍ഡ് മോന്‍ക്റ്റണ്‍ (1809-1885) റാബിഅ(റ) യുടെ കവിതകളില്‍ ചിലത് സ്വതന്ത്രമായി ആശയാനുവാദം നിര്‍വഹിക്കുകയുണ്ടായി. ‘ദി സെയിംങ്‌സ് ഓഫ് റാബിഅ എന്നാണ് അദ്ദേഹം അവക്ക് നല്‍കിയ പേര്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ റാബിഅ(റ)യെന്ന നാമധേയത്തിന്റെ ചരിത്രം വിവരിച്ച പ്രമുഖര്‍ തന്നെ അനേകം വരും. മുഅ്തസിലി ചിന്തകനായിരുന്ന ജാഹിള്, അബൂത്വാലിബ് അല്‍ മക്കി(റ), അബൂ തുഐം(റ), അത്താര്‍(റ), അല്‍ഖുശൈരി(റ), ഇബ്‌നുല്‍ ജൗസി, ഇമാം ഗസാലി(റ), ഇബ്‌നു അറബി(റ), ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം, നൂറുദ്ദീന്‍ ജാമി(റ), യാഫിഈ(റ) എന്നു തുടങ്ങി ഈ നിര തുടരുന്നു. ശൈഖ് മുസ്ത്വഫ അബ്ദുറസാക്ക് പറയുന്നു: ‘തസവ്വുഫിന്റെ ഘടനയില്‍ അനുരാഗത്തിന്റെയും വിരഹത്തിന്റെയും അടിസ്ഥാന ശിലകള്‍ പാകിയത് റാബിഅ(റ)യാണ്.

ഈജിപ്ഷ്യന്‍ സിനിമ അവരുടെ ജീവിതത്തെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുകയും ഫിലിം വന്‍വിജയമാവുകയും ചെയ്തു. ലൂയി പതിനാലാമന്റെ ഉപദേഷ്ടാവായിരുന്ന ജുവാന്‍ ഫേലിന്റെ ശ്രമഫലമായി റാബിഅ(റ)യൂറോപ്പില്‍ പരിചിത വ്യക്തിത്വമായി തുടങ്ങിയിരുന്നു

സ്‌നേഹ വായ്പിന്റെയും വിരഹ വേദനയുടെയും ആത്മാര്‍ത്ഥമായ അടയാളപ്പെടുത്തലുകള്‍ കൊണ്ട് അനശ്വര സാന്നിധ്യമായി അവര്‍ മാറുകയുണ്ടായി. സൂഫീ സാഹിത്യത്തില്‍ പില്‍ക്കാലത്ത് ഉദയം ചെയ്ത ഗദ്യ-പദ്യങ്ങളൊക്കെയും ഈ സ്ത്രീ രത്‌നത്തിന്റെ അനുഭൂതി നിശ്വാസങ്ങളില്‍ നിന്ന് ഉയിരെടുത്തവയായിരുന്നു’. ഗദ്യ-പദ്യങ്ങളിലൂടെ അനുരാഗത്തിന്റെ അനുഭവ യാഥാര്‍ഥ്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ റാബിഅ(റ) പൂര്‍ണ വിജയമായിരുന്നുവെന്ന് ഹുജ്‌വീരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യ പറയുന്നു: ‘ദുന്നൂനില്‍ മിസ്വ്‌രി(റ)യുടെ കവിതകളിലും ഗദ്യങ്ങളിലും അനുരാഗമെന്ന പദം ദൈവത്തോടുള്ള സ്‌നേഹ ബന്ധത്തെ കുറിക്കാന്‍ ധീരമായി പ്രയോഗിച്ചിരിക്കുന്നത് കാണാം.

എന്നാല്‍ ഇത്തരം പ്രയോഗത്തിന് ആരംഭം കുറിച്ച റാബിഅ(റ) യുടെ കവിതകളോട് താദാത്മ്യം പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ശൈലി എന്നതില്‍ നിന്ന് മുസ്‌ലിം ആധ്യാത്മിക പ്രപഞ്ചത്തിലെ ദിവ്യാനുരാഗത്തിന്റെ പ്രഥമ പ്രവാചക റാബിഅ(റ)യാണെന്ന് സ്പഷ്ടമായി ഗ്രഹിക്കാവുന്നതാണ്’. ‘മാര്‍ഗരറ്റ് സ്മിത്തി’ന്റെ ‘റാബിഅ ദി മിസ്റ്റിക് ആന്റ് ഹെര്‍ ഫെല്ലോ-സൈന്റ്‌സ് ഇന്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ആന്‍മേരി ഷിമ്മേല്‍ എഴുതുന്നു: ‘ദിവ്യാനുരാഗമെന്ന സങ്കല്‍പം ആദ്യമായി സൂഫീ വ്യവഹാരങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് റാബിഅ(റ)യാണ്. അനുരാഗമെന്ന ഏക ലക്ഷ്യം മാത്രമുള്ള അനുരാഗം. നരക ഭയമോ സ്വര്‍ഗ മോഹമോ അല്ല ഇത്തരം പ്രണയത്തിന്റെ ഹേതുകം. റാബിഅ(റ) യുടെ ചരിത്രപരമായ പങ്ക് തന്നെയായിരുന്നു അത്. അല്ലാഹുവല്ലാത്തയെല്ലാം ചുട്ടുചാമ്പലാക്കിയ റാബിഅ(റ)യുടെ സ്‌നേഹാഗ്നിയാണ് ഇസ്‌ലാമിക ആധ്യാത്മികതയുടെ അടിക്കല്ലായി മാറിയതും ആ നാമധേയത്തെ അനശ്വര വിതാനത്തിലേക്കുയര്‍ത്തിയതും. അത്താര്‍ അവരുടെ ജീവിതയാത്ര കാല്‍പനികതയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ജീവചരിത്രകാരന്മാര്‍ അനുരാഗത്തിന്റെ പര്യായമായി അവരെ പരിചയപ്പെടുത്തുന്ന സംഭവങ്ങള്‍ ഉദ്ധരിക്കുന്നു. റാബിഅ(റ)യുടെ ജീവിതത്തെ ചുറ്റി ഐതിഹ്യങ്ങള്‍ പിറന്നു. ഈജിപ്ഷ്യന്‍ ദാര്‍ശനിക പ്രഭു ഡോ.അബ്ദുറഹ്മാന്‍ ബദവി റാബിഅ(റ)യുടെ ജീവചരിത്രമെഴുതുകയും അവരെ ‘ദിവ്യാനുരഗാത്തിന്റെ രക്തസാക്ഷി’ എന്ന് വിളിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ സിനിമ അവരുടെ ജീവിതത്തെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുകയും ഫിലിം വന്‍വിജയമാവുകയും ചെയ്തു. ലൂയി പതിനാലാമന്റെ ഉപദേഷ്ടാവായിരുന്ന ജുവാന്‍ ഫേലിന്റെ ശ്രമഫലമായി റാബിഅ(റ)യൂറോപ്പില്‍ പരിചിത വ്യക്തിത്വമായി തുടങ്ങിയിരുന്നു. 1644-ല്‍ കാമി എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ റാബിഅ(റ)യുടെ പേര് പരാമര്‍ശിക്കുമ്പോള്‍ ഓസ്ട്രിയന്‍ ചിന്തകനായ മാക്‌സിമില്‍ റാബിഅ(റ)യെ മുക്തകണ്ഠം പ്രശംസിക്കുന്നത് കാണാം. റിച്ചാര്‍ഡ് മോന്‍ക്റ്റണ്‍ തന്റെ കവിതകള്‍ക്ക് റാബിഅ(റ)യുടെ വചനങ്ങള്‍ എന്ന തലവാചകം നല്‍കുന്നതില്‍ അവര്‍ ബ്രിട്ടനില്‍ പരിചിത സാന്നിദ്ധ്യമായിമാറിയരുന്നുവെന്ന് അനുമാനിക്കാം. മോന്‍ക്റ്റണ്‍ അവര്‍ക്ക് നല്‍കുന്ന പേര് ‘സ്വര്‍ഗപുത്രി’ എന്നാണ്. ദൈവഭയത്തിന്റെയും ദിവ്യാനുരാഗത്തിന്റെയും ദീപ്ത ബോധ്യങ്ങളാല്‍ സമ്പുഷ്ടമായ റാബിഅ(റ) യുടെ ഗദ്യ-പദ്യ സാഹിത്യ പൈതൃകമാണ് നാം ചര്‍ച്ചക്കെടുക്കുന്നത്.

റാബിഅ(റ)യുടെ സ്‌നേഹം ഉപാധികളില്ലാത്തതായിരുന്നു. മഹതി ഒരിക്കല്‍ പറയുന്നു: ‘എന്റെ നാഥാ, നിന്റെ സ്വര്‍ഗം കാംക്ഷിച്ച് ഞാന്‍ നിന്നെ സേവിക്കുന്നെങ്കില്‍ ആ സ്വര്‍ഗം എനിക്ക് നിഷിദ്ധമാക്കണേ. നരകാഗ്നി ഭയന്ന് കൊണ്ട് ഞാന്‍ നിന്നെ സേവിക്കുന്നു എങ്കില്‍ എന്നെ നീ നരകാഗ്നിയില്‍ ദഹിപ്പിക്കണേ’

റാബിഅ(റ) ഹി. 95/98 ക്രി. വര്‍ഷം 714/718 ല്‍ ഇറാഖിലെ ബസ്വ്‌റയില്‍ ഖൈസ് ഗോത്രത്തില്‍ ജനനം. സാത്വികനായിരുന്ന പിതാവിന്റെ സന്താനങ്ങളില്‍ നാലാമത്തവളായി ജനിച്ചതു കാരണം റാബിഅ എന്ന് പേര് ലഭിച്ചു. സിറിയക്കാരിയും മഹതിയേക്കാള്‍ മുമ്പ് കഴിഞ്ഞു പോവുകയും ചെയ്ത റാബിഅ ബിന്‍ത് ഇസ്മാഈല്‍ മറ്റൊരു സൂഫീ വനിതയാണ്. ചെറു പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട റാബിഅ(റ) യെ ദുഷ്ടനായൊരു വ്യാപാരി അടിമയാക്കുകയും ആറ് ദിര്‍ഹമിന് വില്‍ക്കുകയും ചെയ്തു. പുതുതായി എത്തിച്ചേര്‍ന്നയിടം കഷ്ടപ്പാടിന്റേത് മാത്രമായിരുന്നു. നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. അതിന് ശേഷം മാത്രമായിരുന്നു ആരാധനക്ക് സമയം ലഭിച്ചിരുന്നത്. ഒരു രാത്രി സുജൂദില്‍ കിടന്നു കൊണ്ട് അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചു കൊണ്ടിരിക്കുന്ന റാബിഅ(റ) യെ കണ്ട് യജമാനന്‍ സ്തബ്ധനായിപ്പോയി. അടുത്ത ദിവസം യജമാനന്റെ കൂടെ നില്‍ക്കുന്നതോ സ്വാതന്ത്ര്യമോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയും റാബിഅ(റ) സ്വാതന്ത്ര്യം തെരഞ്ഞെടുക്കുകയും ചെയ്തു. അല്‍പകാലം മരുഭൂനിവാസികളോടൊത്ത് താമസിക്കുകയും പഠിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ബസ്വ്‌റയിലേക്ക് തിരിച്ചു വരികയും ശിഷ്ടകാലം ആരാധനയും നിര്‍ദേശങ്ങളുമായി കഴിച്ചുകൂട്ടി. ആദ്യകാലത്ത് സംഗീതത്തിന്റെയും അനാശാസ്യത്തിന്റെയും ജീവിതം നയിച്ചരുന്നു എന്ന വ്യാപക ധാരണക്ക് ചരിത്രപരമായ പിന്‍ബലമില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സുഫ്‌യാനു സ്സൗരി, ഹസനുല്‍ ബസ്വ്‌രി, ജഅഫറുബ്‌നു സുലൈമാന്‍ ളബുഇ, ഹമ്മാദുബ്‌നു സൈദ് തുടങ്ങിയ സൂഫി ഗുരുക്കള്‍ക്ക് ആത്മജ്ഞാനത്തിന്റെ വാതായനങ്ങള്‍ അവര്‍ തുറന്നു കൊടുത്തു. ദിവ്യാനുരാഗത്തിന്റെ അനുഭൂതികളെ ഉദാത്തമായ സാഹിത്യ സൃഷ്ടികളിലൂടെ സംവേദനം ചെയ്യുകയായിരുന്നു അവര്‍. അനുരാഗിയുടെ വികാര വായ്പുകള്‍ സാമാന്യ യുക്തിയെയും അതിവര്‍ത്തിച്ചു കൊണ്ട് പറന്നു നീങ്ങുന്നത് ഇവകളിലുടനീളം കാണാനാവും. അനുരാഗത്തിന്റെ രണ്ട് ഇനങ്ങളെ വിവേചിച്ച് കൊണ്ടുള്ള വിഖ്യാത കവിതയാണ് റാബിഅ(റ)യുടെ സാഹിത്യ പൈതൃകത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളത്.

സാഹിത്യ പൈതൃകം റാബിഅ(റ) പറയുന്നു: ‘എനിക്ക് നിന്നോട് രണ്ടു തരം സ്‌നേഹമുണ്ട്/അനുരാഗത്തിന്റെ സ്‌നേഹവും നീയര്‍ഹിക്കുന്ന സ്‌നേഹവും/ അനുരാഗം നീയല്ലാത്തതില്‍ നിന്നെന്നെയകറ്റുമ്പോള്‍/ അര്‍ഹമായ സ്‌നേഹം നിന്റെ സൗന്ദര്യത്തിന്റെ/ ആവരണങ്ങള്‍ നീ നീക്കി നല്‍കിയതു കാരണമായിരുന്നു/ അങ്ങനെ നിന്റെ ദര്‍ശനം ഞാന്‍ അനുഭവിച്ചറിഞ്ഞു/ രണ്ടിലും എനിക്കൊന്നുമില്ല, നിനക്കാണ് സര്‍വ്വ സ്തുതിയും. ‘ഖൂതുല്‍ ഖുലൂബി’ന്റെ കര്‍ത്താവ് അബൂത്വാലിബ് അല്‍മക്കി ഈ കവിതയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു ‘രണ്ട് സ്‌നേഹങ്ങള്‍ തമ്മില്‍ നടത്തിയ വിവേചനം കൂടുതല്‍ വിശദീകരണമാവശ്യപ്പെടുന്നുണ്ട്. ഹുബ്ബുല്‍ ഹവാ (അനുരാഗത്തിന്റെ ഇഷ്ടം) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കുകയും സംശയലേശമന്യേ ഗ്രഹിക്കുകയും അവനില്‍ അനുരക്തനാവുകയും ചെയ്യലാണ്. അവ സന്ദര്‍ഭാനുസാരം മാറിക്കൊണ്ടിരിക്കും. രണ്ടാമത്തെ സ്‌നേഹം ബഹുമാനാദരങ്ങള്‍ മൂലം സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളും സര്‍ഗവിലാസങ്ങളും ദര്‍ശിച്ചു കൊണ്ട് അവനിലേക്ക് ആകൃഷ്ടനാവുമ്പോഴാണ് സംഭവിക്കുന്നത്’. ഇമാം ഗസ്സാലി(റ) ഈ വര്‍ഗീകരണത്തെ നിരീക്ഷിക്കുന്നതിപ്രാകരമാണ്. ഹുബ്ബുല്‍ ഹവാ എന്നതുകൊണ്ട് വിവക്ഷിച്ചത് അനുഗ്രഹങ്ങള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായുണ്ടാവുന്ന സ്‌നേഹമായിരിക്കാം.അല്ലാഹുവിന് അര്‍ഹമായ സ്‌നേഹം കൊണ്ടര്‍ഥമാക്കുന്നത് ദൈവിക പ്രതാപത്തിന്റെയും സൗന്ദര്യത്തിന്റെയും ദര്‍ശനം സാധിപ്പിച്ചു നല്‍കുന്ന അനുഭൂതിയില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. ‘ഇസ്‌ലാമിലെ ആധ്യാത്മിക ജീവിതപരിസരം’ എന്ന ഗ്രന്ഥത്തില്‍ ത്വാഹാ അബ്ദുല്‍ ബാഖി സുറൂര്‍ പറയുന്നതനുരിച്ച് തൗഹീദ് എന്ന സംജ്ഞക്കു ശേഷം ഹുബ്ബ് എന്ന പദം സൃഷ്ടിച്ച ആന്ദോളനങ്ങള്‍ മറ്റൊരു പദവും സൃഷ്ടിച്ചിട്ടില്ല. ആത്മജ്ഞാനത്തിന്റെ വിസ്‌ഫോടനാത്മക ചക്രവാളങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു റാബിഅ(റ). സ്വദ്‌റുദ്ദീന്‍ ഖൂനവിയുടെ അഭിപ്രായത്തില്‍ (672. ഹി മ) അനുരാഗത്തിന്റെ ഈ രണ്ടു ചിറകുകളും ആവിര്‍ഭവിക്കുന്നത് ദിവ്യകാരുണ്യത്തില്‍ നിന്നാണ്. ഇതിന്റെ ബഹിര്‍ സ്ഫുരണമാണ് പ്രിയരെ കാണാനുള്ള തന്റെ അടക്കാനാവാത്ത ആഗ്രഹമായി അല്ലാഹു വിവരിക്കുന്നത്. ഈ അനുരാഗത്തിന് കാരണങ്ങളോ ഉപാധികളോ ഉണ്ടാവില്ല. വിശിഷ്ട ഗുണങ്ങളുടെയോ പിന്‍ബലത്തിലല്ലാതെ സംഭവിക്കുന്ന സ്‌നേഹമാണിത്. സത്തക്കു വേണ്ടി മാത്രമെന്നതിലുപരി മറ്റൊന്നു കൊണ്ടും വ്യാഖ്യാനിക്കാന്‍ പറ്റാത്ത അനുരാഗമാണ് ഈയവസ്ഥ. അല്ലാഹുവിന് അവകാശമുള്ള സ്‌നേഹം അവന്റെ ദൈവികതയെക്കുറിച്ച ബോധം നമ്മില്‍ സൃഷ്ടിക്കുന്ന ആശ്ചര്യവും വിധേയത്വവുമാണ്’.

ഒന്ന്: മരണ ശേഷം തന്റെ വിശ്വാസം അല്ലാഹു സ്വീകരിക്കമെന്ന ഉറപ്പു നല്‍കുമോ? രണ്ട്: എന്റെ കര്‍മപുസ്തകം വലതു കൈയ്യിലാണോ ഇടതു കൈയ്യിലാണോ ലഭിക്കുക? മൂന്ന്: അവസാനനാളില്‍ സ്വര്‍ഗവാസികളിലാണോ നരകവാസികളിലാണോ? എന്നീ മൂന്ന് പ്രശ്‌നങ്ങള്‍ എന്നെ അലട്ടുന്നതുകൊണ്ട് എനിക്ക് വേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി

റാബിഅ(റ)യുടെ സ്‌നേഹം ഉപാധികളില്ലാത്തതായിരുന്നു. മഹതി ഒരിക്കല്‍ പറയുന്നു: ‘എന്റെ നാഥാ, നിന്റെ സ്വര്‍ഗം കാംക്ഷിച്ച് ഞാന്‍ നിന്നെ സേവിക്കുന്നെങ്കില്‍ ആ സ്വര്‍ഗം എനിക്ക് നിഷിദ്ധമാക്കണേ. നരകാഗ്നി ഭയന്ന് കൊണ്ട് ഞാന്‍ നിന്നെ സേവിക്കുന്നു എങ്കില്‍ എന്നെ നീ നരകാഗ്നിയില്‍ ദഹിപ്പിക്കണേ’. പ്രേമാഗ്നിയില്‍ ദഹിക്കാന്‍ സര്‍വാത്മനാ സമര്‍പ്പിതയായ സത്യസന്ധയായ ‘അനുരാഗി’ യാണ് റാബിഅ(റ). തന്റെ സ്വഭാവഗുണങ്ങളിലും സഹജീവനത്തിലും ഉല്‍കൃഷ്ട സൗന്ദര്യത്തിനുടമായിരുന്നു അവര്‍. അപാരവും കേവലവുമായ സൗന്ദര്യമായ അല്ലാഹുമായി ഐക്യപ്പെടലിന്റെ ആനന്ദലഹരിയാണ് മറ്റു കവിതകളിലും മഹതി പകര്‍ന്നു നല്‍കുന്നത്. ‘എന്റെ ആത്മാവിന്റെ പഥത്തില്‍ നീ കൂട് കെട്ടി/ ആത്മ സുഹൃത്ത് ആത്മാമാകുന്നതങ്ങനെയാണ്/ എന്റെ സംസാരമഖിലവും നീയായി മാറിയിരിക്കുന്നു/ എന്റെ മൗനങ്ങള്‍ പ്രണയ വേദനകളുംമറ്റൊരിക്കല്‍ പറയുന്നു: ‘മദ്യവും ചഷകവും സ്‌നേഹിതനും കൂടി മൂന്ന്/ പ്രണയത്താല്‍ ഉന്മത്തയാം ഞാന്‍ നാലാമത്തവള്‍/ ആനന്ദഹര്‍ഷത്തിന്റെ ചഷകം നിത്യം പകരുന്നു/ നിരന്തരം നിതാന്തമാ സേവകന്‍ അവിശ്രമം/ ദൂഷണക്കാരേ, ആ സൗന്ദര്യത്തെ ധ്യാനിക്കുന്നേന്‍/ നിങ്ങള്‍ പുലമ്പുന്നതൊന്നും എന്‍ ചെവി കേള്‍ക്കുന്നില്ല താന്‍/ പ്രണയ വേദനയില്‍ ഞാന്‍ കഴിച്ചു കൂടിയ രാത്രികളെത്ര/ കണ്ണീര്‍ ചാലുകള്‍ തീര്‍ത്ത പ്രവാഹത്തിന്‍ കൂട്ടുമായ്/ എന്നശ്രു നിലക്കുന്നില്ല കൂട്ടുകാരന്‍ വരുന്നുമില്ലാ/ വ്രണിത നയനങ്ങള്‍ നിദ്രയെ വരിക്കുന്നുമില്ലാ’ മഹതി(റ) യുടെ സ്ഥിതിവിശേഷത്തെ ഇമാം ഗസാലി(റ) വിവരിക്കുന്നത് ‘ഫനാ’ യുടെ ഉത്തുംഗ പദമായിട്ടാണ്. അദ്ദേഹം പറയുന്നു: ‘അവരുടെ സ്‌നേഹം ഭൗതിക ലോകത്തിന്റെ രക്ഷിതാവിനോടാണ്. ഐഹിക ലോകത്തിന്റെ ആഡംബരങ്ങളൊന്നും അവരെ സ്പര്‍ശിക്കുന്നില്ല. എന്നല്ല അല്ലാഹുവല്ലാത്ത മറ്റൊന്നിന്റെയും-സ്വന്തം അസ്തിത്വം പോലും-സാന്നിധ്യം അവരറിയുന്നില്ല. പ്രേമ ഭാജനത്തിന്റെ സുന്ദരവദനത്തില്‍ സ്വയം വിനഷ്ടനായ അനുരാഗിയെ പോലെയാണ് അവര്‍. സ്വശരീരത്തെ മറന്നു പ്രേമ ഭാജനത്തില്‍ പൂര്‍ണ വിലയം പ്രാപിക്കുന്ന അവസ്ഥയെയാണ് ‘ഫനാ’ എന്ന് വിളിക്കുന്നത്’. ‘നിന്റെ പ്രണയം രുചിച്ചവരൊക്കെയും ഉന്മത്തര്‍/ ഉന്മത്തചിത്തത്തിനാനന്ദം കൊടും വ്യസനം/ നിന്റെ സ്‌നേഹം ഭുജിച്ചവരൊരുനാളും ചിരിക്കില്ല തന്നെ/ സന്തപ്ത ഹൃദയവനിയില്‍ ആളുന്നൂ ജ്വലനം’ സ്രഷ്ടാവുമായുള്ള മനുഷ്യാത്മാവിന്റെ ഉദാത്തവും പവിത്രവുമായ ബന്ധത്തെ വ്യവഹരിക്കുവാന്‍ റാബിഅ(റ) തെരഞ്ഞെടുത്തത് പ്രതീകാത്മക ഭാഷയെയാണ്. സാമാന്യ മനസ്സിന് പ്രാപ്യമായ ഏറ്റവും ഉല്‍കൃഷ്ടമായ വിതാനമാണ് അനുരാഗത്തിന്റെ ഭാഷയും ബിംബങ്ങളും. ആത്മീയാന്വേഷണത്തിന്റെ യാത്രയില്‍ വേദ്യമാകുന്ന അനുഭൂതികളെ വര്‍ണിക്കാതിരിക്കാന്‍ അന്വേഷിക്ക് സാധ്യമല്ല. റാബിഅ(റ) തന്നെ പറയുന്നു: ‘രുചിച്ചു നോക്കിയാല്‍ തിരിച്ചറിയും-തിരിച്ചറിഞ്ഞാല്‍ വര്‍ണിക്കും, വര്‍ണിക്കുന്നവന്‍ വര്‍ണനകളെ വരിക്കുകയും ചെയ്യും’. ജ്ഞാനികളുടെ ബോധ പ്രകാശത്തിലുള്ളവര്‍ പ്രതീകാത്മക ഭാഷയുടെ സാരം യാഥോചിതം ഉള്‍ക്കൊള്ളും. എന്നാല്‍ ഭാഷയുടെ അനന്ത സാധ്യതകളെ മുഖവിലക്കെടുക്കാത്ത അല്‍പ ബുദ്ധികള്‍ ഇത്തരം പ്രസ്താവങ്ങളെ സങ്കുചിത വലയങ്ങളിലൊതുക്കി വിശ്ലേഷിച്ച് തള്ളുകയും ചെയ്യും. റാബിഅ(റ) തുടങ്ങിവെച്ച ഈ വ്യാവഹാരിക പാരമ്പര്യമാണ് സൂഫി സാഹിത്യത്തെ ഇത്രമേല്‍ സമ്പന്നമാക്കിയതെന്ന് സൂഫിസത്തെ ഗഹനമായി പഠിച്ച പണ്ഡിത ഗവേഷകര്‍ വലിയരുത്തുന്നു.

തസവ്വുഫിന്റെ വിവിധ ഘട്ടങ്ങളെ പുരസ്‌കരിച്ച് മഹതി നടത്തിയ നിരീക്ഷണങ്ങള്‍ സ്ത്രീത്വത്തിന്റെ അപാരമായ ധിഷണാശക്തിയെ വെളിച്ചത്തു കൊണ്ടുവരുന്നു. ആദ്യകാല സൂഫീ വനിതകളെ കുറിച്ച് ആധികാരിക പഠനം നടത്തിയ അബൂ അബദുറഹ്മാന്‍ സുലമി ക്രി. വ (937-1021) നിരീക്ഷിക്കുന്നതനുസരിച്ച് തന്റെ സമകാലികരായ പുരുഷ പ്രതിഭകളെ വെല്ലുന്നതായിരുന്നു മഹതിയുടെ മേധാശക്തി. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് യുക്തമായ ഇടപെടലുകള്‍ നടത്തുന്ന വാമൊഴി സാഹിത്യമായിരുന്നു റാബിഅ(റ)യുടേത്. വിവാഹം ചെയ്യാന്‍ തയാറാവാത്തതെന്താണെന്ന് ചിലര്‍ ചോദിച്ചതിന് അവരുടെ മറുപടി മൂന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചാല്‍ തയാറാണെന്നായിരുന്നു. ഒന്ന്: മരണ ശേഷം തന്റെ വിശ്വാസം അല്ലാഹു സ്വീകരിക്കമെന്ന ഉറപ്പു നല്‍കുമോ? രണ്ട്: എന്റെ കര്‍മപുസ്തകം വലതു കൈയ്യിലാണോ ഇടതു കൈയ്യിലാണോ ലഭിക്കുക? മൂന്ന്: അവസാനനാളില്‍ സ്വര്‍ഗവാസികളിലാണോ നരകവാസികളിലാണോ? എന്നീ മൂന്ന് പ്രശ്‌നങ്ങള്‍ എന്നെ അലട്ടുന്നതുകൊണ്ട് എനിക്ക് വേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി.  ദൈവത്തിന്റെ വാതിലില്‍ നിരന്തരം മുട്ടിയാല്‍ തുറക്കപ്പെടുമെന്ന് ഒരു സൂഫി പറഞ്ഞത് കേട്ട മഹതി(റ) ചോദിച്ചു: മുട്ടി തുറക്കാന്‍ മാത്രം എപ്പോഴാണ് ആ വാതില്‍ അടഞ്ഞത്?  ജ്ഞാനത്തിന്റെ ആശയ സമുദ്രങ്ങള്‍ ഉല്‍വഹിക്കുന്ന വിശിഷ്ട സാഹിത്യമായിരുന്നു അവരുടെ മൊഴിമുത്തുകള്‍. മഹിത പറയുന്നു: ‘നീ മെഴുകുതിരയെ പോലെ ഉരുകി ജനങ്ങള്‍ക്ക് പ്രകാശം നല്‍കുക. അല്ലാഹുവല്ലാത്തവയില്‍ നിന്നെല്ലാം അകന്നു നില്‍ക്കാന്‍ നീ ശ്രമിക്കണം. അതിന് ശേഷം കര്‍മങ്ങളില്‍ നിരതമാവുക. അങ്ങനെയെങ്കില്‍ മുടിനാരു പോലെ നീ ശോഷിച്ച് വരും. നിന്റെ ശ്രമങ്ങള്‍ വിഫലമാവാതിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ (നിന്റെ കര്‍മ പദ്ധതി ഇതായിരിക്കട്ടെ)’.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.

Solverwp- WordPress Theme and Plugin